Thursday, April 26, 2012

അപ്പോൾ റിസൾട്ട് വേഗത്തിലും പ്രസിദ്ധീകരിക്കാം

വേണോങ്കിൽ ചക്ക വേരിലും കായ്ക്കും

എസ്.എസ്.എൽ.സി പരീക്ഷാഫലം പതിവിലും നേരത്തേ പ്രസിദ്ധീകരിച്ചു

സാധാരണ മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞാൽ  ഏതാണ്ട് മേയ് അവസാനം വരെ കാത്തിരിക്കണമായിരുന്നു മുമ്പ് റിസൾട്ടറിയാൻ. പിന്നെപിന്നെ മേയ് പകുതിയോടെ അറിയാമെന്നായി. എന്നാൽ ഇത്തവണ റിസൾട്ട് ഏപ്രിൽ 26- നു പ്രസിദ്ധീകരിച്ചു. മുൻ‌കാലത്തെ അപേക്ഷിച്ച് ഏതാണ്ട് ഒരു മാസം മുമ്പേ! അപ്പോൾ വേണമെങ്കിൽ  ഇത്ര വേഗത്തിലും റിസൾട്ട് പ്രസിദ്ധീകരിക്കാം എന്നു തെളിഞ്ഞിരിക്കുന്നു. സത്യത്തിൽ ഇതിലും അല്പം കൂടി നേരത്തെ വേണമെങ്കിലും പരീക്ഷാ പേപ്പർ നോക്കി റിസൾട്ടിടാം. അതാണു പറയുന്നത് വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുംന്ന്! ഇനി പ്ലസ് ടൂവിന്റെയും ഇതുപോലെ ആകണം. നമ്മുടെ യൂണിവേഴ്സിറ്റുകളൊക്കെ ഇതു മാതൃകയാക്കണം.

നമ്മുടെ തെരഞ്ഞെടുപ്പ് ഫലങ്ങളും ഇതുപോലെ അറിയാൻ കഴിഞ്ഞെങ്കിൽ. ഇപ്പോൾത്തന്നെ നെയ്യാറ്റിൻ‌കര ഉപതെരഞ്ഞെടുപ്പ് ജൂൺ 2-ന്; ഫലം അറിയുന്നതോ ജൂൺ 15-നും! സത്യത്തിൽ ഇലക്ഷൻ കഴിഞ്ഞ് അന്നു വൈകുനേരം തന്നെ  അതത് ബൂത്തുകളുടെ ഫലം അതതു ബൂത്തുകളിൽ വച്ചു തന്നെ  എണ്ണി പ്രഖ്യാപിക്കാവുന്നതേയുള്ളൂ. മണ്ഡലം മൊത്തത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം പിറ്റേന്ന് എല്ലാം ഒത്തു നോക്കി ഔദ്യോഗികമായി പറഞ്ഞാൽ മതി. എങ്കിലും എല്ലാവർക്കും ഇലക്ഷന്റെയന്നു തന്നെ ബൂത്തുകളുടെ ഫലം നോക്കി  ഫലം അറിയാമല്ലോ. ചുമ്മാ മനുഷ്യനെ ടെൻഷനടുപ്പിക്കാതെ. പ്രത്യേകിച്ചും വോട്ടിംഗ് യന്ത്രമായതുകൊണ്ട് ഇത് വളരെ ഈസിയായി ചെയ്യാൻ കഴിയും.

പിന്നീട് കൂടുതൽ ആലോചനകൾക്കു ശേഷം എഴുതുന്നത് താഴെ :

തെരഞ്ഞെടുപ്പ് നടക്കുന്ന അന്നുതന്നെ അതതു ബൂത്തുകളിൽ വച്ച് വോട്ടെണ്ണി ഫലം പറയുന്നതിൽ പക്ഷെ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്.  ചിലപ്പോൾ തെരഞ്ഞെടുപ്പും വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമധാന പ്രശ്നങ്ങൾ ഉണ്ടാകാം. അതു മുൻ‌നിർത്തി എല്ലാ ബൂത്തുകളിലും വേണ്ടത്ര പോലീസ് സംഘത്തെ അയക്കുക പ്രയാസമാണ്. പ്രത്യേകിച്ചും പൊതു തെരഞ്ഞെടുപ്പാണെങ്കിൽ. ഉപതെരഞ്ഞെടുപ്പിൽ കുറച്ചൊക്കെ എല്ലാ ബൂത്തിലും പോലീസിനെ വിന്യസിക്കാം എന്നു വിചാരിക്കാം. പക്ഷെ അതു മാത്രമലല്ല്ലോ പ്രശ്നം. മത്സരിക്കുന്ന ചെറുപാർട്ടികളുടെ സ്ഥാനാർത്ഥികൾക്കും സ്വതന്ത്രസ്ഥാനാർത്ഥികൾക്കും എല്ലാ ബൂത്തുകളിലും തങ്ങളുടെ പ്രതിനിധികളെ ( ബൂത്ത് ഏജന്റിനെയും  കൌണ്ടിംഗ് ഏജന്റിനെയും  മറ്റും) നിയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോൾ അവർക്കും അത് ബുദ്ധിമുട്ടാകും. അതുപോലെ പോളിംഗ് കഴിയുമ്പോൾ തന്നെ നേരം സന്ധ്യയോടടുക്കും. എണ്ണൽ പിന്നെ രാത്രിയാകും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർക്ക് അടക്കം എല്ലാവർക്കും ഇത് പ്രയാസങ്ങൾ ഉണ്ടാക്കും. അങ്ങനെയൊക്കെ നോക്കുമ്പോൾ അന്നന്ന് ബൂത്തിൽ വച്ചെണ്ണുക പ്രയാസം തന്നെ. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പിറ്റേന്നെങ്കിലും ഒരു എണ്ണൽ കേന്ദ്രത്തിൽ വച്ച് ഇത് എണ്ണാമല്ലോ. ഒരുപാട് ദിവസത്തെ കാത്തിരിപ്പ് ഒഴിവാക്കേണ്ടതാണ്.

എന്നാൽ ഇവിടെ മറ്റൊരു കാര്യമുള്ളത് ഘട്ടം ഘട്ടമായി ഇലക്ഷൻ നടക്കുമ്പോൾ  ഒരു തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മറ്റ് ഏതെങ്കിലും ദിവസങ്ങളിലായിരിക്കും ഇലക്ഷൻ നടക്കുക. അപ്പോൾ ആദ്യം നടന്നവയുടെ ഫലം മുന്നേ പ്രഖ്യാപിച്ചാൽ തുടർന്നുവരുന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യം നടന്നവയുടെ ഫലം സ്വാധീനിക്കും എന്നൊരു ന്യായം ഉണ്ട്. അതിനാലാണ്  വിവിധ ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ എല്ലാം കഴിഞ്ഞതിനുശേഷം മാത്രം  എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനങ്ങളും നടത്തുന്നത്. അതൊക്കെ ശരിതന്നെ. എങ്കിലും ഒരു കാര്യത്തിലും അധികം കാലതാമസം വരുത്തുന്നത് നന്നല്ല.പ്രത്യേകിച്ചും തെരഞ്ഞെടുപ്പ്, മത്സരം, പരീക്ഷകൾ മുതലായവയുടെ  ഫലം പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ.  അതുകൊണ്ട് തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും  കഴിയുന്നത്ര വേഗത്തിൽ തെരഞ്ഞെടുപ്പുഫലം ജനങ്ങളിലെത്തിക്കാൻ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയുമെന്ന് ഗൌരവപൂർവ്വം ആലോചിച്ച് തീരുമാനിക്കേണ്ടതുതന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

Tuesday, April 24, 2012

ദയവായി കൂറുമാറ്റൂ‍!

ദയവായി കൂറുമാറ്റൂ‍!

ഇടതുപക്ഷത്തു നിന്ന് ഇനിയും ചില എം.എൽ.എമാർ യു.ഡി.എഫിലേയ്ക്ക് വരാൻ  തയ്യാറായി നിൽക്കുന്നുവെന്ന് പി.സി.ജോർജ്ജ്! ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അനുമതി നൽകിയാൽ ഉടൻ അവരെ കൂട്ടിക്കൊണ്ടു ചെല്ലാമെന്ന് അദ്ദേഹം പറയുന്നു.

പ്രിയ ഉമ്മൻ ചാണ്ടിസാർ, പ്രിയ രമേശ് ജി, ദയവായി അനുമതി കൊടുത്താലും!  വരാൻ മുട്ടിനിൽക്കുന്നവരെ പെട്ടെന്ന് അങ്ങോട്ട് കെട്ടിയെടുത്താലും. ഒട്ടും വൈകരുത്,  പ്ലീസ്........

മംഗളം ഭവ!