Saturday, January 26, 2013

വിശ്വരൂപം സിനിമയും പ്രതിഷേധങ്ങളും

"വിശ്വരൂപം" സിനിമയും പ്രതിഷേധങ്ങളും  

കമലഹാസന്റെ പുതിയ ചലച്ചിത്രം  "വിശ്വരൂപം"  പ്രശ്‌നത്തിലായിരിക്കുന്നു. മതപരിഹാസം ഉണ്ടെന്ന് ആരോപിച്ച് സിനിമയ്ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്ത് വന്നിരിക്കുന്നു. ഈ സിനിമ നിരോധിക്കണമെന്ന് ചിലരിൽനിന്ന് ആവശ്യമുയർന്നിരിക്കുന്നു. സിനിമ റിലീസ് ചെയ്ത തിയേറ്ററുകൾക്കുനേരെ ആക്രമണമുണ്ടായി. ഭീഷണിയെത്തുടർന്ന് ചില തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുവാനായില്ല. സിനിമയ്ക്കെതിരെയുള്ള നീക്കങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നു കയറ്റമാണെന്നുകണ്ട് സി.പി.ഐ.എമ്മും മറ്റ്  പുരോഗമനപ്രസ്ഥാനങ്ങളും സിനിമ പ്രദർശിപ്പിക്കുന്നതിന് അനുകൂലമായി രംഗത്തുവന്നിട്ടുണ്ട്. ചുരുക്കത്തിൽ  സിനിമ പ്രദർശിപ്പിക്കാനും പ്രദർശിപ്പിക്കാതിരിക്കാനും പിന്തുണയുമായി സംഘടിത പ്രസ്ഥാനങ്ങൾ പലതും മുന്നോട്ട് വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് വീണ്ടും സജീവ ചർച്ചാവിഷയമാവുകയാണ്.

മതങ്ങളുടെ വിശ്വരൂപം വെളിപ്പെടുത്തപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ശരിക്കും മതങ്ങളല്ല മതതീവ്രവാദികൾ ആണ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. എങ്കിലും അത് പിന്നെ മതത്തിന്റെ മൊത്തം പേരിലാകുന്നു. ഇപ്പോൾ ഈ  ചിത്രത്തിനെതിരെ തിരിഞ്ഞിട്ടുള്ളത് ഒരു വിഭാഗം മതതീവ്രവാദികളാണ്. കേരളത്തിൽ പ്രധാനമായും  പോപ്പുലർ ഫ്രണ്ടുകാരും എസ്.ഡി.പി.ഐക്കാരും ആണ് പ്രധാനമായും വിശ്വരൂപത്തിനെതിരെ തിരിഞ്ഞിട്ടുള്ളത്. ഇസ്ലാമതത്തിന്റെ സംരക്ഷണപ്പട്ടം അവർ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. ആർ.എസ്.എസും,  ബി.ജെപിയും,   ശിവസേനയും മറ്റും   ഹിന്ദുത്വത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുക്കുന്നവരാണ്. അവരെ ആരെയും  വിശ്വാസികൾ അതിനൊട്ട്  ചുമതലപ്പെടുത്തിയിട്ടുമില്ല.

സെൻസർ ബോർഡിന്റെ അനുമതിയ്ക്കുശേഷമാണ് ഈ പറയുന്ന സിനിമ "വിശ്വരൂപം" പ്രദർശിപ്പിക്കപ്പെടുന്നത്. ഈ സിനിമ മുമ്പേ തന്നെ വിവാദത്തിൽപ്പെട്ടതിനാൽ മതനേതാക്കളിൽ ചിലരെ കൂടി ഇത് കാണിച്ച ശേഷമാണ് തിയേറ്ററുകളിൽ എത്തിച്ചത് എന്നാണറിയുന്നത്. അത് കണ്ട മതനേതാക്കൾക്ക് അതിൽ വലിയ പ്രകോപനങ്ങളൊന്നും ഉള്ളതായി  കാണാനായില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്നിട്ടും പല സംസ്ഥാനത്തും സിനിമ പ്രദർശിപ്പിക്കുന്നതിനു തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. മതങ്ങൾ വിമർശനങ്ങൾക്കതീതമാണെന്ന ദു:ശാഠ്യം എല്ലാ മതപക്ഷക്കാരും വച്ചു പുലർത്തുന്നിടത്തോളം കാലം  ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ അദ്ഭുതപ്പെടാനില്ല. അത്രയ്ക്ക്  തൊട്ടാൽ പൊള്ളുന്നതത്രേ മതങ്ങൾ!
  
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ തീവ്രവാദികൾ ഇതിനു മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു ചിത്രത്തിന്റെ പേരിൽ ഹിന്ദുത്വതീവ്രവാദികൾ ഒരു വിഖ്യാത ചിത്രകാരനെ നാടുകടത്തിയ സംഭവം പോലും ഇവിടെ സംഭവിച്ചതാണ്. കേരളത്തിൽ ഒരു  പാഠപുസ്തകത്തിലെ ചരിത്രസംബന്ധിയായ വസ്തുതകൾക്കെതിരെ കത്തോലിക്കക്കാർ തിളച്ചു മറിഞ്ഞത് അടുത്തകാലത്താണ്. ഒരു ചോദ്യപ്പേപ്പറിന്റെ പേരിൽ മുസ്ലിം തീവ്രവാദികൾ  അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവവും കേരളം കണ്ടതാണ്. എന്തിന് മതമില്ലാത്ത ജീവൻ എന്ന ഒരു പാഠഭാഗത്തിനെതിരെ സകല മതവാദികളും ഒത്തുനിന്ന് പ്രശ്നമുണ്ടാക്കി ആ പാഠഭാഗം പിൻവലിപ്പിച്ചതും സാക്ഷരകേരളത്തിൽത്തന്നെ. അതെല്ലാം വച്ചു നോക്കുമ്പോൾ ഇപ്പോൾ ഈ സിനിമയ്ക്കെതിരെ ഉണ്ടായതുപോലുള്ള പലതും ഇനിയും സംഭവിക്കാവുന്നതും അതിലൊന്നും അദുഭുതപ്പെടേണ്ടതില്ലാത്തതുമാണ്. 

ഒരു സിനിമയോ നാടകമോ  സാഹിത്യ സൃഷ്ടിയോ മറ്റെന്തെങ്കിലുമോ  വിമർശിക്കപ്പെട്ടുകൂടെന്നില്ല. അവ കാണുകയോ വായിക്കുകയോ ചെയ്യുന്നവർക്ക് അതിൽ എന്തിനോടെങ്കിലും എതിർപ്പുണ്ടെങ്കിൽ വിമർശിക്കാം. സമാധാനപരമായി പ്രതിഷേധിക്കുകയുമാകാം. പക്ഷെ അക്രമത്തിലൂടെ ഒരു കലാ രൂപമോ സാഹിത്യരൂപമോ ആവിഷ്ക്കരിക്കപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്നതും  നിരോധനം ആവശ്യപ്പെടുന്നതും ഫാസിസമാണ്. വിശ്വരൂപം എന്ന സിനിമ കാണരുതെന്ന് വേണമെങ്കിൽ തല്പരകക്ഷികൾക്ക് മുസ്ലിങ്ങളെ ആഹ്വാനം ചെയ്യാം. ആ ആഹ്വാനം  മുസ്ലിൾക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. 

സിനിമ  കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഭാഗങ്ങൾ അതിൽ ഉണ്ടെങ്കിൽ അതിനെതിരെ പ്രചരണം നടത്താം. പ്രതിഷേധിക്കാം. വേണമെങ്കിൽ തിയേറ്ററുകൾക്കു മുമ്പിൽത്തന്നെ ചെന്ന്  സമാധാനപരമായി ധർണ്ണ നടത്താം. സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസമിരിക്കാം. സിനിമയുടെ നിർമ്മതാവിനെയും സംവിധായകനെയും രേഖാമൂലം പ്രതിഷേധം അറിയിക്കാം. വേണമെങ്കിൽ സിനിമയ്ക്ക് മറുപടി നൽകിക്കൊണ്ട് മറ്റൊരു സിനിമ പിടിച്ച് റിലീസ് ചെയ്യാം. അതിന് മതങ്ങൾക്കും മത തീവ്രവാദികൾക്കും പണത്തിനു പഞ്ഞമൊന്നുമില്ലല്ലോ. അല്ലാതെ നിരോധനം ആവശ്യപ്പെടുക, അക്രമം കാണിച്ച് പ്രദർശനം തടയുക തുടങ്ങിയ ദുർമാർഗ്ഗങ്ങൾ ജനാധിപത്യവിരുദ്ധമാണ്. അതൊക്കെ കൈയ്യൂക്കിന്റെ അഹങ്കാരങ്ങൾ മാത്രമാണ്. ആൾ ശേഷിയും കൈയൂക്കും ധനശേഷിയും ഇല്ലാത്തതുകൊണ്ടാണല്ലോ മതത്തെയും ദൈവത്തെയുമൊക്കെ നിരാകരിക്കുന്ന യുക്തിവാദികൾക്കും മറ്റും കാര്യമായി മതങ്ങളുടെ സംഘടിത നീക്കങ്ങളെ പലതിനെയും  പ്രതിരോധിക്കാനാകാത്തത്. അതുകൊണ്ട് അവർക്ക് അഹങ്കാരവുമില്ല.
 
അക്രമശേഷി ഉപയോഗിച്ച്  തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നതു തടയുന്നതുകൊണ്ട് സിനിമ നിർമ്മിച്ചവർക്ക് സാമ്പത്തിക നഷ്ടം വരുത്താം. എന്നാൽ സിനിമ പ്രദർശിപ്പിക്കാനും  കാണണമെന്നുള്ളവർക്ക്  കാണാനും ഇന്ന് തിയേറ്ററുകളെ മാത്രം  ആശ്രയിക്കേണ്ടതില്ല. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഉള്ളപ്പോൾ ഒരു നിരോധനം കൊണ്ടൊന്നും സിനിമ ആരും കാണാതിരിക്കാൻ പോകുന്നില്ല. സിനിമ മറ്റേതെങ്കിലും വിധത്തിൽ പ്രദർശിപ്പിക്കപ്പെടും. അക്രമങ്ങൾ നടത്തുന്നവർക്ക്  ക്രിമിനൽ കേസുകൾ നേരിടേണ്ടി വരും എന്നതിൽ കവിഞ്ഞ് ഒന്നുമില്ല. നിരോധിക്കപ്പെട്ട പുസ്തകങ്ങളും സിനിമകളുമൊക്കെ കൂടുതൽ കൗതുകത്തോടെ ആളുകൾ കാണുന്നുവെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് ആളുകൾ കാണാതിരിക്കുവാനാണ് സിനിമ നിരോധിക്കണമെന്നു പറയുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. 

എത്രയോ അശ്ലീല ചിത്രങ്ങളും അക്രമചിത്രങ്ങളുമൊക്കെ ഇവിടെ തിയേറ്ററുകളിൽ ഓടിക്കുന്നു. അവയിൽ എത്രയോ എണ്ണം മതവിരുദ്ധങ്ങളാണ്. അതൊന്നും നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ. ഇന്റെർനെറ്റിൽ തന്നെ നമുക്ക് നല്ലതും ചീത്തയുമായി എന്തൊക്കെ കാണാൻ കഴിയുന്നു! അതൊക്കെ തുടച്ചുമാറ്റാൻ ആർക്കാണ് കഴിയുക? തങ്ങൾക്ക് ഹിതകരമല്ലാത്തവയെ സമാധാനപരമായി  എതിർക്കാനും വിമർശിക്കാനും അതിനു മറുപടി നൽകാനും എത്രയോ മാധ്യമങ്ങൾ ഉപയോഗിക്കാം. അല്ലാതെ തെരുവിലിറങ്ങി മറ്റൊരാളുടെ  ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തേണ്ട കാര്യമില്ല. ഇത് പോപ്പുലർ ഫ്രണ്ടിനോ മറ്റ് ഹിന്ദുത്വ-ക്രിസ്തുത്വ സംഘടനകൾക്കോ മാത്രം ബാധകമായ കാര്യമല്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് സംഘടിത ശക്തികൾക്കും ബാധകമാണ്. ആരും ആരുടേയും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കരുത്. എന്നുവച്ച് ആർക്കും ആരെപ്പറ്റിയും എന്തും പറയാം എന്ന് ഈ ലേഖനം അർത്ഥമാക്കുന്നുമില്ല. 

ഇപ്പോൾ ഈ സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വർഗീയസംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. അതിൽ കൗതുകമുണ്ട്. ഡി.വൈ.എഫ്.ഐയുടെ വേദിയിൽ നിന്ന്  നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലെ അക്രമങ്ങളെ അപലപിച്ചതിന് സിനിമാതാരം മമ്മൂട്ടിക്കെതിരെ തിരിഞ്ഞവരാണ് വിശ്വരൂപം പ്രദർശിപ്പിക്കണമെന്നാവശ്യപ്പെടുന്നത്. സിനിമയെ എതിർക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരും മറ്റും ആണ് എന്നതുകൊണ്ടും  സിനിമയിൽ മുസ്ലിം വിരുദ്ധതയുണ്ടെങ്കിൽ അത് ആളുകൾ കാണട്ടെ  എന്ന വിചാരം ഉള്ളതുകൊണ്ടും മാത്രമാണ്  ബി.ജെ.പിയും മറ്റും  സിനിമയ്ക്കനുകൂലമായ നിലപാടുമാരി രംഗത്തു വന്നിട്ടുള്ളത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ അക്രമശേഷി പ്രയോഗിക്കുന്നതിൽ അവരും ഒട്ടും പിന്നിലല്ല എന്ന് അവർ എത്രയോ തവണ തെളിയിച്ചതാണ്. 

ന്യൂനപക്ഷ വർഗ്ഗീയ സംഘടനകൾ ഉടലെടുക്കുന്നതുതന്നെ ഭൂരിപക്ഷവർഗ്ഗീയതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ ഭുരിപക്ഷമതതീവ്രവാദികളായ  സംഘപരിവാർ ശക്തികൾ ഉള്ളപ്പോൾ എൻ.ഡി.എഫും  പോപ്പുലർഫ്രണ്ടും മറ്റും പോലുള്ള ന്യുനപക്ഷ തീവ്രവാദ സംഘടനകൾ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിട്ടും കാര്യമില്ല. എല്ലാം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. എല്ലാവർക്കും പരസ്പരം ഭയമാണ്. നമ്മുടെ സംസ്കാരത്തെ മറുകൂട്ടർ തകർത്തുകളയുമോ എന്ന്. ഇവിടെ ആർക്കും ആരുടെയും സംസ്കാരത്തെ തകർക്കാൻ കഴിയില്ലെന്നത് വേറെ കാര്യം. കാലം ചിലതൊക്കെ മാറ്റും. അതിൽ ചിലപ്പോൾ ചില സംസ്കാരങ്ങളും പെടും. അത് ഇവിടെ സംഭവിച്ചു പോരുന്നുമുണ്ട്. അതിന് ആർക്ക് ആരെയാണ് കുറ്റപ്പെടുത്തുവാനാകുക?

ഒരു മതത്തിൽ വിശ്വസിക്കുന്ന ആൾ മറ്റൊരു മതത്തെ ബോധപൂർവ്വം അവഹേളിക്കുകയാണെങ്കിൽ അതിൽ വിഷമം തോന്നാം. പക്ഷെ കമലഹാസൻ നിർമ്മതനും നിരീശ്വരവാദിയുമാണ്. അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു മതത്തോടും പ്രതിബദ്ധതയോ വിരോധമോ ഇല്ല. കമലഹാസന് മതങ്ങളെ ഒന്നിനെയും പ്രകീർത്തിക്കാൻ ബാദ്ധ്യതയില്ല. അഥവാ ഏതൊരു മതത്തെയും വിമർശിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടുതാനും. വിശ്വരൂപത്തിൽ എന്തെങ്കിലും മതവിമർശനമോ പരിഹാസമോ ഉണ്ടോ  എന്ന് അറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. നമ്മൾ സഹിഷ്ണിതയെപ്പറ്റി പറയുമ്പോൾ അത് ഒരു മതം മറ്റൊരു മതത്തെ സഹിഷ്ണുതയോടെ നോക്കണം എന്നു മാത്രമല്ല അർത്ഥമാക്കുന്നത്. നിർമ്മതരോടും നിരീശ്വരവാദികളോടും തിരിച്ചും ഈ സഹിഷ്ണുത പുലരണം.

ഇനി അഥവാ കമലഹാസന്റെ സിനിമയിൽ മതവിമർശനം ഉണ്ടെങ്കിൽത്തന്നെ മറ്റേത് നിർമ്മതരെയും നിരീശ്വരവാദികളെയും യുക്തിവാദികളെയും പോലെ കമലഹാസനും മതങ്ങളെ വിമർശിക്കാം. ഒരാളുടെ വിമർശനം കൊണ്ടോ പരിഹാസം കൊണ്ടോ തകർന്നു പോകാൻ മാത്രം ദുർബ്ബലമാണോ സംഘടിത മതങ്ങൾ? ഇത്തരത്തിലുള്ള മതതീവ്രവാദപ്രേരിതമായ ഫാസിസ്റ്റ് പ്രവർത്തനങ്ങൾ വിശ്വാസികളെ മതത്തിൽ നിന്ന് അകറ്റാനാകും സഹായിക്കുക. ഇപ്പോൾ തന്നെ ആളുകൾക്ക് കുട്ടികളെ പള്ളിയിലും അമ്പലത്തിലുമൊക്കെ അയക്കാൻ പേടിയായിത്തുടങ്ങിയിട്ടുണ്ട്. മക്കൾ തീവ്രവാദികളായി തീരുമോ എന്ന ഭയം തന്നെ കാരണം. 

കേരളത്തിൽ മുസ്ലിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ  മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി അതല്ല. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. അവിടങ്ങളിൽ തീരെ അധ:സ്ഥിതരും അവഗണിക്കപ്പെടുന്നവരുമായി ദയനീയമായ ജീവിത സാഹചര്യങ്ങളിലാണ് മുസ്ലിങ്ങൾ കഴിഞ്ഞുകൂടുന്നത്. അക്രമം വെടിഞ്ഞ് പോപ്പുലർ ഫ്രണ്ടുപോലെയുള്ള പ്രസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി മുസ്ലിങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയാണു വേണ്ടത്. ആൾശക്തിയും പണശക്തിയുമെല്ലാം അവിടങ്ങളിലെ മുസ്ലിങ്ങളുടെ  നന്മയ്ക്കുവേണ്ടി വിനിയോഗിക്കാൻ കഴിയും. മുസ്ലിങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാത്ത പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. നിരക്ഷരത കൊണ്ട് ഹിന്ദുക്കളും മുസ്ലിങ്ങളും  അങ്ങോട്ടുമിങ്ങോട്ടും മനുഷ്യരായി പരസ്പരം  അംഗീകരിക്കാത്ത പ്രദേശങ്ങളും ഇന്ത്യയിലുണ്ട്. അവിടങ്ങളിലാണ് ശരിക്കും   ജനസേവനവും മതസേവനവുംമറ്റും  നടത്തേണ്ടത്.  

വിശ്വരൂപം എന്ന  സിനിമ ഈ ലേഖകൻ കണ്ടിട്ടില്ല. അതുകൊണ്ട് മുസ്ലിങ്ങളെ അത്രമാത്രം പ്രകോപിക്കുവാൻ അതിലെന്തിരിക്കുന്നുവെന്ന് അറിയില്ല. അതിൽ എന്തിരുന്നാലും ആരും പ്രകോപിതരാകേണ്ട കാര്യമില്ല. സിനിമ കാണുക, വിലയിരുത്തുക, അഭിപ്രായം പറയുക. വിമർശനമുണ്ടേങ്കിൽ അത് ചൂണ്ടിക്കാണിക്കുക. സിനിമയിൽ ആർക്കെങ്കിലും ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെതിരെ   ഒരു കാമ്പെയിനും പ്രതിഷേധവും ഒക്കെ ആകാം. അതിനപ്പുറം തങ്ങളുടെ അക്രമശേഷി ഉപയോഗിച്ച് ഓരോരുത്തർ ആജ്ഞാപിക്കാൻ തുനിഞ്ഞിറങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിനു പൊരുത്തപ്പെടാൻ കഴിയുന്ന കാര്യമല്ല. അങ്ങനെ വന്നാൽ  ഒടുവിൽ കൂടുതൽ ആൾ ശേഷിയും അക്രമശേഷിയും കൈമുതലുള്ളവർക്കാകും ഏകപക്ഷീയമായ വിജയം. അതായത് കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന അവസ്ഥ. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ സമൂഹം ജാഗരൂകരായിരിക്കേണ്ടതുണ്ട്. 

ഇന്ത്യൻ സിനിമയിൽ വലിയ പല പരീക്ഷണങ്ങളും നടത്തിയ വ്യക്തിയാണ് കമൽഹാസൻ. അതുല്യനായ നടനും സംവിധായകനും നിർമ്മാതാവും ഒക്കെയാണ്  അദ്ദേഹം. സാധാരണ സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവർ തികഞ്ഞ അന്ധവിശ്വാസികളായാണ് കാണപ്പെടുക. മിക്കവരും വലിയ മതഭക്തരും ദൈവഭക്തരുമൊക്കെയാണ്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് കമൽ ഹാസൻ. മതേതര മാനവികതയെ ഉയർത്തിപ്പിടിക്കുന്ന ഒരു വ്യക്തിയാണ് ഏതെങ്കിലും മതത്തിലോ ദൈവത്തിലോ താൻ  വിശ്വസിക്കുന്നില്ലെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഒരു മനുഷ്യനോടും ഒരു മതത്തോടും ഒരു ദൈവത്തോടും   അദ്ദേഹത്തിന് വിദ്വേഷങ്ങൾ ഒന്നുമില്ല. വിദ്വേഷങ്ങളുമായി നടക്കാൻ സമയവുമില്ല.അതുകൊണ്ടുതന്നെ ആരെയെങ്കിലും വേദനിപ്പിക്കാൻമാത്രം ഒരു സിനിമ അദ്ദേഹം എടുക്കുമെന്നു കരുതാൻ കഴിയുകയില്ല. ബോധപൂർവ്വം ആരെയും വേദനിപ്പിക്കാനാകാത്ത മനുഷ്യസ്നേഹിയായ മഹാനടൻ കമലഹാസന് ജനാധിപത്യവാദികളുടെ മുഴുവൻ പിന്തുണയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.                                                                    

Wednesday, January 23, 2013

കെ.എസ്.ആർ.റ്റി.സി ഒരുവഴിക്കാകും

കെ.എസ്.ആർ.റ്റി.സി ഒരുവഴിക്കാകും

അങ്ങനെ മിക്കവാറും കെ.എസ്.ആർ.റ്റി.സിയുടെ കാര്യത്തിൽ ഉടൻ തന്നെ ഒരു തീരുമാനമാകുന്ന മട്ടുണ്ട്. അത് ഒരു വഴിക്കാകും. അത് പെരുവഴിയും തന്നെ! ഡീസൽ വില വർദ്ധനവിൽ പിടിച്ചു‌നിൽക്കാനാകാതെ ഇതിനകം മൂവായിരത്തി അഞ്ഞൂറ് സർവീസുകൾ നിർത്തലാക്കിയതായാണ് വിവരം. ലാഭ‌നഷ്ടം കണക്കാക്കി നടത്തേണ്ട ഒരു സ്ഥാപനമാണോ കെ.എസ്.ആർ.ടി.സി എന്ന ചർച്ച ഇത്തരുണത്തിലും ഉയർന്നു‌വരേണ്ടതാണ്. 

ജനങ്ങൾക്ക് സർക്കാർ നൽകുന്ന നിരവധി സേവനങ്ങളിൽ ഒന്നാണ് കെ.എസ്.ആർ.ടിസിയും. ജനങ്ങൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുക എന്നതാണ് അതിന്റെ പ്രധാന ധർമ്മം. മറ്റ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിനു കുറച്ച ചെലവ് കൂടുതലായുണ്ട്. അത് പ്രധാനമായും ഇന്ധനച്ചെലവാണ്. ഡീസൽ വില കൂടുന്നുവെന്നു പറഞ്ഞ് ഈ സേവനം ഇല്ലാതാക്കുകയല്ല വേണ്ടത്. നഷ്ടം മറ്റേതെങ്കിലും തരത്തിൽ നികത്തി ഈ സേവനമേഖലയെ നിലനിർത്തുകയാണ് വേണ്ടത്. അതിനുള്ള മാർഗ്ഗങ്ങൾ ആരായേണ്ടത് സർക്കാരിന്റെയും കോർപ്പറേഷന്റെയും ബാദ്ധ്യതയാണ്. 

ഇപ്പോൾത്തന്നെ ബസ്‌‌സ്റ്റാൻഡുകളിൽ ഉള്ള ഷോപ്പിംഗ് കോമ്പ്ലക്സുളിൽ നിന്നും മറ്റും ചെറുതല്ലാത്ത വരുമാനം കോർപ്പറേഷന് ലഭിക്കുന്നുണ്ട്. അതുപോലുള്ള സമാന്തര വരുമാനമാർഗ്ഗങ്ങൾ കൂടി ആരായാവുനതാണ്. അതിന് ഇച്ഛാശക്തിവേണം. ഇതു നില‌നിൽക്കണമെന്ന ആഗ്രഹം കോർപ്പറേഷനും സർക്കാരിനും ഉണ്ടാകണം. ഇനി അഥവാ ഇതൊന്നുമൊത്തിലെങ്കിലും ഒരു സേവനമെന്ന  നിലയിൽ നഷ്ടം സഹിച്ചും സർവ്വീസ് നടത്താൻ കോർപ്പറേഷനും സർക്കാരിനും ബാദ്ധ്യതയുണ്ട്. 

ലാഭനഷ്ടം നോക്കാതെ ധാരാളം ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.അതുപോലൊന്നാണ്  ജനങ്ങൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുക എന്നത്. ഇത് റോഡ്-റെയിൽ-ജല-വ്യോമ ഗതാഗതങ്ങൾക്ക് ഒരുപോലെ ബാധകമാണ്. സർക്കാർ എന്നാൽ വിവിധ  സംരഭങ്ങൾ നടത്തി ലാഭമുണ്ടാക്കാനുള്ള ഒരു “മുതലാളി”യാണെന്ന കാഴ്ചപ്പാട് ആദ്യം മാറണം.

സർക്കാർ ഖജനാവിൽ പണമുണ്ടാകുവാൻ നികുതികൾ, ഫീസുകൾ, പിഴകൾ തുടങ്ങിയ പല ഉപാധികളും പരമ്പരാഗതമായി അനുവർത്തിച്ചു പോരുന്നുണ്ട്. കൂടാതെ പൊതുമേഖലയിൽ പല സംരഭങ്ങളും നടത്തി വരുന്നുമുണ്ട്. അതിൽ ചിലതൊക്കെ ലാഭത്തിലും ചിലതൊക്കെ നഷ്ടത്തിലും പ്രവർത്തിക്കും. നഷ്ടമാണെന്നു കരുതി ചില സംരംഭങ്ങളിൽ നിന്ന് പിൻമാറുകയോ അത് സ്വകാര്യവൽക്കരിക്കുകയോ ചെയുന്നത് സർക്കാരിന്റെ പിടിപ്പുകേടാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന മാതിരിയല്ല ഒരു സർക്കാർ പ്രവർത്തിക്കേണ്ടത്. 

സർക്കാർ  വിവിധ ജനക്ഷേമ പ്രവർത്തനങ്ങളും സേവനങ്ങളും  നടത്തുമ്പോൾ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ സംതുലനം  ചെയ്യുവാൻ കാലാകാലങ്ങളിൽ അവസരോചിതമായ പുതിയ പുതിയ മാർഗങ്ങൾ ആരായണം. നിലവിൽ നൽകുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല ഓരോ മേഖലയുടെയും സാമ്പത്തിക ബാദ്ധ്യതകൾ പരിഹരിക്കേണ്ടത്. പെട്രോളിനും ഡീസലിനും വിലവർധിക്കുന്നതിനനുസരിച്ച് നിരക്ക് വർദ്ധിപ്പിക്കുന്നതിനും ചില പരിധികളുണ്ടെന്ന് മുൻകൂട്ടി കാണേണ്ടതുണ്ട്. 

ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടില്ലാത്ത വിധം പുതിയ പുതിയ ധനാഗമ മാർഗ്ഗങ്ങൾ കണ്ടെത്തി കൂടുതൽ ജനക്ഷേമപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഇവിടെ സർക്കാരുകളുടെ ഭാഗത്തുനിന്നോ ധനശാസ്ത്ര വിദഗ്‌ദ്ധരിൽ നിന്നോ ഉണ്ടാകുന്നില്ല. മാറി വരുന്ന ലോക പരിതസ്ഥിതികൾക്ക് കീഴ്പെട്ട് പോകുന്നതല്ലാതെ പരിതസ്ഥിതികളെ കീഴ്പെടുത്തി പ്രതിസന്ധികളെ അതിജിവിക്കുവാനുള്ള നൂതന  മാർഗ്ഗങ്ങൾ ഒന്നും കണ്ടെത്തുന്നില്ല.   

ലോകത്തെവിടെയെങ്കിലുമിരുന്ന് ലാഭക്കണ്ണൻമാരും മണ്ടൻമാരുമായ ഏതെങ്കിലും “മുതലാളിത്തത്തലകളിൽ” ഉദിക്കുന്ന സിദ്ധാന്തങ്ങൾക്കനുസൃതമായി സമ്പദ്‌വ്യവസ്ഥകളെ നയിക്കുന്ന ഏതൊരു രാഷ്ട്രത്തിനും സംഭവിക്കാവുന്ന ദുരന്തങ്ങളാണ് നമ്മൾ ഇവിടെയും അനുഭവിക്കുന്നത്.

കെ.എസ്.ആർ.ടി.സിയുടെ ഇപ്പോഴത്തെ  സർവ്വീസ്  റദ്ദാക്കലുകൾ കെ.എസ്.ആർ.റ്റി.സിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ  എന്നുകൂടി സംശയിക്കേണ്ടിയുമിരിക്കുന്നു. ഇനിയിപ്പോൾ ആദ്യം കെ.എസ്.ആർ.ടി.സി നിർത്തും. പിന്നെ നഷ്ടത്തിന്റെ കണക്കു പറഞ്ഞ് സ്വകാര്യ ബസുകളൂം നിർത്തും. പിന്നെ സ്വന്തമായി വാഹനമുള്ളവർ യാത്രചെയ്താൽ മതി. എല്ലാം കൊണ്ടും പൊതുജനം പെരുവഴിയിൽ എന്നു പറഞ്ഞാൽ മതിയല്ല്ലോ.

Friday, January 11, 2013

ബ്ലോഗ്ഗർ ഞാൻ പുണ്യവാളൻ അന്തരിച്ചു

ബ്ലോഗ്ഗർ ഞാൻ പുണ്യവാളൻ അന്തരിച്ചു
 
ഞാൻ ഈ മരണവാർത്ത അല്പം മുമ്പാണ് ഹാഷിമിന്റെ മെയിൽ വഴി അറിയുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ല. 9-1-2013 ബുധനാഴ്ച രാത്രിയാണ് ഹൃദയസംബന്ധമായ അസുഖം അദ്ദേഹം മരണമടഞ്ഞത്. "ഞാൻ പുണ്യവാളൻ" എന്ന ബ്ലോഗ്ഗർനാമം സ്വീകരിച്ചിരുന്ന ഷിനും (മധു) തിരുവനന്തപുരം സ്വദേശിയാണ് . മികച്ച രചനാ ശൈലിയുടെ ഉടമയായിരുന്ന ഷിനു സജീവ ബ്ലോഗ്ഗറായിരുന്നു. ആനുകാലിക സംഭവങ്ങളോട് മികച്ച പ്രതികരണങ്ങൾ എഴുതിയിരുന്നു. ഞാൻ പുണ്യവാളൻ എന്ന ബ്ലോഗ്ഗർനാമത്തിൽ നാല് ബ്ലോഗുകൾ സ്വന്തമായി ചെയ്തിരുന്നു. എന്റെ ബ്ലോഗുകളിലെ  നിത്യസന്ദർശകനായിരുന്നു. ചാറ്റിലൂടെ നമ്മൾ മിക്കപ്പോഴും സൗഹൃദപ്പെട്ടിരുന്നു. എന്തെങ്കിലും രോഗവിവരം ഉള്ളതായി എന്നോട് പറഞ്ഞിരുന്നില്ല. സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നുവെന്നാണ് മനസിലാക്കിയിട്ടുള്ളത്. പാതിവഴിയിലായ പഠനം തുടരണമെന്ന് കഴിഞ്ഞവർഷം എന്നോട് പറയുകയും അതിനുള്ള മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. പിന്നെ അതെന്തായി എന്നറിയില്ല.  കുറച്ചുനാളായി എന്റെ ചാറ്റിൽ കാണാറില്ലായിരുന്നു. ഏതായാലും നല്ല ഭാവിയുള്ള ഒരു എഴുത്തുകാരനായിരുന്നു. ഷിനുവിന്റെ  മരണം ബൂലോകത്തിന് ഒരു തീരാനഷ്ടമാണ്. ഇത്ര ചെറുപ്പത്തിലേ ആ ജീവൻ മരണം എടുത്തുകളഞ്ഞല്ലോ.  അനിയാ, നമുക്കുതമ്മിൽ നേരിൽ ഒന്നു കാണാൻ ഒരിക്കലും കഴിയാതെ പോയല്ലോ. ഇനി ഈ  യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടണമല്ലോ എന്നോർക്കുമ്പോൾ മനസ്സ് വല്ലാതെ  പിടയുന്നു. ആദരാഞ്‌ജലികൾ  അർപ്പിക്കുകയല്ലാതെ എന്താണ് മാർഗ്ഗമുള്ളത്! എന്റെ പ്രിയ മധുവിന്  ആദരാഞ്ജലികൾ
ബ്ലോഗ്‌ലിങ്ക്:  
 ഞാൻ പുണ്യവാളൻ

Wednesday, January 9, 2013

സർക്കാർ ജീവനക്കാരുടെ സമരം

സർക്കാർ ജീവനക്കാരുടെ സമരം 

സംസ്ഥാനജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന അനിശ്ചിതകാലപണിമുടക്ക് ഇന്ന് രണ്ടാം ദിവസമാണ്. ഇടതുപക്ഷ അനുകൂലസംഘടനകളാണ് പ്രധാനമായും സമരത്തിലുള്ളത്. ബി.ജെ.പി അനുകൂല സംഘടനയും മറ്റ് ചില സ്വതന്ത്രസംഘടനകളുംകൂടി സമരത്തിലുണ്ട്. ഇപ്പോൾ സമരത്തിന് ആധാരമായി അവർ ഉന്നയിക്കുന്ന കാരണങ്ങൾ ന്യായയുക്തമാണ്. തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചില ഉൽക്കണ്ഠകൾ പൊതുവെ അവരെ ബാധിച്ചിരിക്കുന്നു. ആ ഉൽക്കണ്ഠകളിൽ കാര്യമില്ലാതെയില്ല. ഭാവിയിൽ അവർക്ക് പെൻഷൻ കിട്ടുമോ ഇല്ലയോ എന്ന ഭയമാണ് ഇതിൽ വളരെ പ്രധാനപ്പെട്ടത്. നിലവിൽ സർവ്വീസിൽ ഇരിക്കുന്നവരെ ഇത് ബാധിക്കില്ലെന്നും ഇനിയും സർവ്വീസിൽ വരാനിരിക്കുന്നവരെ മാത്രമേ ബാധിക്കൂ എന്നും സർക്കാർ പറയുന്നുണ്ട്. എന്നാൽ ഇനി സർവ്വീസിൽ വരാനിരിക്കുന്നവരുടെ മാത്രമല്ല നിലവിൽ സർവ്വീസിലിരിക്കുനവരെയും പുതിയ സർക്കാർ നയം ബാധിക്കുമെന്നു കരുതുന്നതിൽ കുറ്റം പറയാനാകില്ല. 

പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്താൻ പോകുന്നുവെന്നതുമാത്രമല്ല, പെൻഷനുവേണ്ടി പിടിക്കുന്ന പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുമെന്നുമാണ് പറയുന്നത്. ഷെയർ ഇടിഞ്ഞാൽ അടച്ച പൈസയും പോയി; പുതുതായി ഒന്നും കിട്ടുകയുമില്ല എന്ന സ്ഥിതി വരാം. സത്യത്തിൽ ആഗോളവൽക്കരണ-സ്വകാര്യവൽക്കരണ നയങ്ങളുടെ പ്രത്യഘാതം എന്ന നിലയിൽ സംഭവിക്കുന്ന കാര്യങ്ങളാണിവ. പെൻഷൻ നിർത്തലാക്കലും മറ്റും. കോർപ്പറേറ്റുകളെ സഹായിക്കുകവഴിയും മറ്റും ആഗോള മുതലാളിത്തം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാൻ അവരെ സഹായിക്കുക എന്ന ശാസനം ഇന്ത്യാ ഗവർണ്മെന്റ് നടപ്പിലാക്കുകയാണ്. സർക്കാർ ഉദ്യോഗങ്ങളെ പൊതുവെ അനാകർഷകമാക്കുക എന്ന മുതലാളിത്തതന്ത്രങ്ങളും ഇതിനു പിന്നിലുണ്ട്. പെൻഷൻ സമ്പ്രദായത്തിൽ എന്തെങ്കിലും പരിഷ്കാരങ്ങൾ വരുത്തുന്നതിലല്ല എതിർപ്പ്. ഭാവിയിൽ പെൻഷൻപദ്ധതികൾ ആകെ അട്ടിമറിക്കപ്പെടുവാനിടയുള്ള നിലയിൽ അതിനെ സ്വകാര്യവൽക്കരിക്കുന്നതാണ് ശക്തമായ പ്രതിഷേധത്തിനു കാരണം. 

സർക്കാർ ഉദ്യോഗങ്ങളിൽ ഇരിക്കുന്നവർക്കു മാത്രമല്ല, ഏത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കും തൊഴിലിൽ നിന്ന് വിരമിച്ചശേഷവും അവരുടെ ജിവിതം സുരക്ഷിതമായിരിക്കാൻ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടതുണ്ട്. ഒരു തൊഴിലും ചെയ്യാൻ കഴിവില്ലാത്തവർക്കും പലതരം  ക്ഷേമപദ്ധതികൾ ഏർപ്പെടുത്തേണ്ടതാണ്. ഇതെല്ലാം ആധുനികകാലത്തെ ഏതൊരു സർക്കാരിന്റെയും കടമയാണ്. ഖജനാവിന്റെ കഷ്ടനഷ്ടങ്ങൾ നോക്കിയല്ല പൗരജീവിതത്തിനാവശ്യമായ സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊടുക്കേണ്ടത്. ഖജനാവ് ഭദ്രമായിരിക്കുവാൻ സ്വീകരിക്കേണ്ടത് പൗരന്മാർക്ക് ദോഷകരമായ രീതിയിലുള്ള കുറുക്കുവഴികൾ അല്ല. അതിന് ബുദ്ധിപൂർവ്വമുള്ള  മറ്റ് പരിഷ്കരണ നടപടികൾ കാലകാലങ്ങളിൽ അനുവർത്തിക്കണം. സമ്പൂർണ്ണമുതലാളിത്തത്തിലേയ്ക്ക് സമ്പദ്‌ വ്യവസ്ഥയെ ആകെ കൂപ്പുകുത്തിച്ചുകൊണ്ടല്ല ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കേണ്ടത്.

സർക്കാർ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടുതന്നെയും പങ്കാളിത്തപെൻഷനും മറ്റും നടപ്പിലാക്കാം. ഈ പങ്കാളിത്ത പെൻഷൻ എന്ന് പറയുന്നതുതന്നെ സർക്കാർ ഉദ്യോഗസ്ഥന്മാർ നാളിതുവരെ അനുഭവിച്ചുവന്ന ഒരു ആനുകൂല്യത്തിന്റെ അട്ടിമറിക്കലാണ്. അതുകൊണ്ടുതന്നെ അവർക്ക് അത് അസ്വീകാര്യമാകുന്നത് സ്വാഭാവികമാണ്. ഇവിടെ ഭരണകൂടം ചെയ്യേണ്ടത് മാറുന്ന പരിതസ്ഥിതിയിൽ ഇക്കാര്യങ്ങളിലെല്ലാം പരിഷ്കരണങ്ങൾ ആവശ്യമെങ്കിൽ ഇപ്പോൾ ചെയ്യാൻ പോകുന്നവയിൽ നിന്ന് വ്യത്യസ്തമായതും ബന്ധപെട്ട ആർക്കും   ഉൽക്കണ്ഠകളോ പരാതികളോ ഇല്ലാത്ത വിധം ഉള്ളതുമായ  ബദൽ മാർഗ്ഗങ്ങൾ ആരായുക എന്നതാണ്. ഒരു വിഭാഗത്തെ സമരത്തിലേയ്ക്ക് തള്ളിവിട്ടും  മറു വിഭാഗത്തെ രാഷ്ട്രീയ കാരണങ്ങളാൽ തങ്ങൾക്ക് അനുകൂലമായി നിൽക്കാൻ നിർബന്ധിതരാക്കിയും എന്നാൽ എല്ലാവർക്കും അസ്വീകാര്യമായതുമായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത്  ഒരുതരത്തിൽ ഭരണകൂടഭീകരയാണ്.   ജനാധിപത്യവിരുദ്ധമാണ്. എല്ലാവർക്കും സ്വീകാര്യമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുക എന്നതാണ് ഉത്തരവാദിത്വമുള്ള ഭരണകൂടം ചെയ്യേണ്ടത്. പക്ഷെ ഭരണകൂടം മുതലാളിത്തനയങ്ങളുടെ ഉപാസകരാകുമ്പോൾ അത് സാദ്ധ്യവുമല്ല. അപ്പോൾപ്പിന്നെ സമ്മർദ്ദവും  സമരവും ചെറുത്തുനില്പുകളുമല്ലാതെ മറ്റ് മാർഗ്ഗമില്ലല്ലോ.

ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ സമരത്തിന് ചില പ്രത്യേകതകൾ ഉണ്ട്. നിലവിലുള്ള ജിവനക്കാരെ നേരിട്ട് ബാധിക്കാത്ത ചില പ്രശ്നങ്ങളാണ് സമരത്തിന്റെ മുഖ്യ ആധാരം. ഇനി സർവ്വീസിൽ കയറുന്നവരെ മാത്രമേ പെൻഷൻ അട്ടിമറി ബാധിക്കൂ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇപ്പോൾ സമരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരിൽത്തന്നെ ചിലരെങ്കിലും തങ്ങൾ ഇപ്പോൾ ഈ സമരത്തിലേയ്ക്ക് പോകണമായിരുന്നോ എന്ന സംശയത്തിലാണ്. പൊതുവേ തങ്ങളുടേതല്ലാത്ത കാര്യങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് താല്പര്യം കാണില്ലല്ലോ. ഭാവിയിൽ  സർവ്വീസിൽ കയറാനിരിക്കുന്നവർക്ക് വേണ്ടി നമ്മളെന്തിനു സമരം ചെയ്യുന്നുവെന്നാണ് അവർ ചോദിക്കുന്നത്. യഥാർത്ഥത്തിൽ ഈ പെൻഷൻ അട്ടിമറി ഇനി സർവ്വീസിൽ കയറാനിരിക്കുന്നവരെ മാത്രമല്ല നിലവിലുള്ളവരെയും പ്രതികൂലമായി  ബാധിക്കും എന്നത് വേറെ കാര്യം. ഇപ്പോൾ ഭരണപക്ഷയൂണിയനിൽപ്പെട്ടവർ ഈ  സമരത്തിൽ പങ്കെടുക്കുന്നില്ലെന്നു മാത്രമല്ല സമരം പൊളിക്കാൻ വലിയ ആവേശം കാണിക്കുന്നുണ്ട്. മുമ്പും  വലതുപക്ഷ സംഘടനകളിൽപ്പെട്ട ജീവനക്കാർ ഇങ്ങനെ തന്നെയായിരുന്നു. 

ഇടതുപക്ഷയൂണിയനുകൾ സമരം ചെയ്തും സത്യാഗ്രഹം കിടന്നും ജയിലിൽ പോയും ശമ്പളം നഷ്ടപ്പെടുത്തിയും ത്യാഗം സഹിച്ച് വല്ലതും നേടിക്കൊണ്ടുവന്നാൽ അത് വലതുപക്ഷയൂണിയൻകാരും   സ്വീകരിക്കും. അതിൽ ഇനിയും ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
ഇനി കാര്യം ഇതൊക്കെയാണെങ്കിലും പൊതുവേ സർക്കാർ ഉദ്യോഗസ്ഥൻ‌മാരുടെ ജനവിരുദ്ധസമീപനങ്ങൾ സംബന്ധിച്ച് ഞാൻ സ്ഥിരം ഉന്നയിക്കുന്ന ആരോപണം ഇവിടെയും ആവർത്തിക്കുന്നു. സമരം വിജയിപ്പിക്കാൻ  നാട്ടുകാരുടെ സമരസഹായസമിതി വേണം. പാവങ്ങളെങ്ങാനും വല്ല കാര്യത്തിനും ഓഫീസിൽ വന്നാൽ അവരെ വെറുപ്പിക്കുന്ന പെരുമാറ്റമായിരിക്കും.  അതിൽ വലതുപക്ഷ യൂണിയനെന്നോ ഇടതുപക്ഷ യൂണിയനെന്നോ വ്യത്യാസമില്ല. രണ്ട് സർക്കാർ ഉദ്യോഗസ്ഥൻ‌മാർ ഒരുമിച്ചുകൂടിയാൽ സദാ അവർക്ക് പറയാനുള്ളത് ദാരിദ്ര്യവാസമാണ്. ലളീത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ  ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജിവിതം ഏറെക്കുറെ  സുരക്ഷിതവുമായിരിക്കും. ഒന്നുമിലെങ്കിലും അഞ്ചോ പത്തോ കടം ചോദിച്ചാലെങ്കിലും ആരെങ്കിലും തരുമല്ലോ.

സമരം ഒരു പോരാട്ടം മാത്രമല്ല. അത് ഒരു സമ്മർദവും ശ്രദ്ധക്ഷണിക്കലും സന്ദേശവും പ്രചരണവും ഒക്കെയാണ്. അതുകൊണ്ട് ഇപ്പോഴത്തെ സമരം പരാജയപ്പെട്ടാലും സമരം നൽകുന്ന സന്ദേശവും മുന്നറിയിപ്പും വളരെ പ്രധാനപ്പെട്ടതാണ്. സർക്കാർ ഓഫീസുകളിൽ അവരവരുടെ കസേരകളിലിരിക്കുമ്പോൾ ഉള്ള ശരീരഭാഷയോടും ജനങ്ങളോടുള്ള സമീപനങ്ങളോടുമൊക്കെ അല്പം അഭിപ്രായവ്യത്യാസങ്ങൾ നിലനിൽ‌ക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ സമരത്തിന് മറ്റെല്ലാം മറന്ന് ഭാവുകങ്ങൾ!

Tuesday, January 8, 2013

സ്ത്രീകൾ മതരാഷ്ട്രത്തിൽ

സ്ത്രീകൾ മതരാഷ്ട്രത്തിൽ
  
സ്ത്രീകൾ വീട്ടുജോലിയും നോക്കി ഭർത്താവിനെയും കുട്ടികളെയും പരിചരിച്ച് വീട്ടിൽ കഴിയേണ്ടവളാണെന്നും വീട്ടുജോലികൾ ചെയ്യാത്ത ഭാര്യയെ ഭർത്താവിന് ഉപേക്ഷിക്കാമെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പറഞ്ഞിരിക്കുന്നതായി വാർത്ത വന്നിരിക്കുന്നു.എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞത്  വാർത്തയാക്കാനുണ്ടോ?  നേരേ മറിച്ച് സ്ത്രീകൾ വീട്ടുജോലിയും ചെയ്ത് ഒതുങ്ങിക്കഴിയേണ്ടവരല്ലെന്നും സ്വന്തമായി തൊഴിൽ ചെയ്യാനും വരുമാനം ആർജ്ജിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഇറങ്ങാൻ അവർക്കും അവകാശമുണ്ടെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞാൽ മാത്രമേ അതിൽ വാർത്തയുള്ളൂ എന്നതാണ് സത്യം. 

ഏതായാലും അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ വാർത്താധ്യമങ്ങളും മഹിളാസംഘടനകളും രാഷ്ട്രീയ നേതാക്കളും അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ബി.ജെ.പി അടക്കം ആർ.എസ്.എസ് അനുകൂലസംഘടനകളും നേതാക്കളുമാകട്ടെ മോഹൻ ഭാഗവത്ത് പറഞ്ഞത് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പറയുന്നു. എന്നു വച്ചാൽ അഥവാ ആർ.എസ്.എസ് മേധാവി പറഞ്ഞത് അപ്രകാരം തന്നെയെങ്കിൽ അത് തെറ്റുതന്നെ. പക്ഷെ സ്ത്രീവിരുദ്ധത അദ്ദേഹം  പറഞ്ഞിട്ടില്ല,  പറഞ്ഞത് വളച്ചൊടിച്ചതാണ് എന്നാണ്. അപ്പോൾ സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവൾ മാത്രമാണെന്ന വാദം അവർക്കും പരസ്യമായി അംഗീകരിക്കാൻ കഴിയില്ലെന്നു സാരം. 

 പറഞ്ഞത് ആർ.എസ്.എസ് തലവനായതുകൊണ്ട് പറഞ്ഞത് മൊത്തമായും സ്ത്രീവിരുദ്ധമെന്നു പറയുന്നില്ല. സ്ത്രീക്കൾ അടുക്കളജോലി ചെയ്യണം എന്നു പറയുന്നതിലല്ല സ്ത്രീവിരുദ്ധത. അത് സ്ത്രീകൾ മാത്രമേ ചെയ്യാവൂ എന്നു പറയുന്നതിലാണ് സ്ത്രീവിരുദ്ധത. പുരുഷൻമാർ അടുക്കളജോലി ചെയ്താൽ ആണത്വം ഇല്ലാതാകും എന്നു പറയുന്നതിലാണ് സ്ത്രീവിരുദ്ധത. വീട്ടുജോലികൾ സ്ത്രീയും പുരുഷനും പങ്കിട്ടെടുക്കുന്നതിൽ തെറ്റൊന്നുമില്ല. എനിക്കറിയാവുന്ന പല ആർ.എസ്.എസ് പ്രവർത്തകരും ഇതിനു മാതൃകയായുണ്ട്. സ്ത്രീയും പുരുഷനും  ജോലിയ്ക്ക് പോയി വരുമാനം ആർജ്ജിച്ചാൽ  അതും നല്ലത്. അതിനും എത്രയോ ആർ.എസ്.എസ് കുടുംബങ്ങൾ മാതൃകയായുണ്ട്. അതുകൊണ്ട് മോഹൻ ഭാഗവത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ അനുയായികൾ പോലും കാര്യമായെടുക്കുമെന്നു കരുതുന്നില്ല.   

എന്തായാലും സ്ത്രീസ്വാതന്ത്ര്യവിഷയം എഴുതുമ്പോഴൊക്കെ ഞാൻ ഓർമ്മിപ്പിക്കന്ന ചിലത് ഇവിടെയും സൂചിപ്പിക്കുന്നു. സ്ത്രീകൾ അടുക്കളജോലി ചെയ്യാതിരിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അത്  തെറ്റാണ്. സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണെന്നത് മറന്നുകൊണ്ടുള്ള  സ്ത്രീസ്വാതന്ത്ര്യവാദങ്ങളും അംഗീകരിക്കാനാകില്ല. എതിർലിംഗബഹുമാനം എന്നത് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ബാധകമാണ്. അതില്ലാതാകുമ്പോഴാണ് സ്ത്രീവിരുദ്ധതയും പുരുഷവിദ്വേഷവും  ഒക്കെയുണ്ടാകുന്നത്. എന്നാൽ സ്ത്രീകളുടെ പരിമിതികൾ അംഗീകരിക്കണം. അത് ജൈവികമാണ്. പുരുഷനുമുണ്ട് ജൈവികമായ പരിമിതികൾ. അതും അംഗീകരിക്കണം.

ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നത് ഹിന്ദുവർഗ്ഗീയവാദികളുടെ ലക്ഷ്യമാണ്. അതുപോലെ ലോകം മുഴുവൻ ഉൾക്കൊള്ളുന്ന ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുവാൻ ലക്ഷ്യമിടുന്ന മുസ്ലിം വർഗ്ഗീയവാദികളും ഉണ്ട്. ക്രിസ്തീയസഭാധിപത്യം സൃഷ്ടികാൻ ക്രിസ്ത്യൻ വർഗ്ഗീയവാദികളും ഉണ്ട്.  എന്നാൽ മതരാഷ്ട്രവാദികൾക്കെല്ലാം എല്ലാം  സർവ്വം മറന്ന് യോജിക്കാവുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീവിരുദ്ധസമീപനങ്ങൾ. കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുമ്പോഴും അവർ സംസാരിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണത്തിലെ പ്രകോപനങ്ങളെപ്പറ്റിയും സ്ത്രീകൾ പാലിക്കേണ്ട ചില മര്യാദകളെപ്പറ്റിയുമായിരിക്കും. സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ അതിന് ഇരയുടേതായി എന്തെങ്കിലും ഒരു കാരണം അവർ കണ്ടുപിടിക്കും. മുസ്ലിങ്ങൾ പർദ്ദയെപ്പറ്റിയും ഹിന്ദുക്കൾ ഭാരതസ്ത്രീകൾതൻ ഭാവശുസ്ദ്ധിയെപ്പറ്റിയും ഒക്കെ പറയും. 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെടുത്തി  ജമാ-അത്തെ ഇസ്ലാമിക്കാർ പറഞ്ഞവാക്കുകൾ കൂടി ഇവിടെ ഉദ്ധരിക്കാം: 

 "സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ "മിശ്രവിദ്യഭ്യാസ സമ്പ്രദായം" നിരോധിക്കണം, എല്ലാ ക്ലാസ്സുകളിലും ഉള്ള പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി തന്നെ വിദ്യാഭ്യാസ സംവിധാനം ക്രമീകരിക്കണം, എളുപ്പത്തില്‍ വിവാഹിതരാകുന്ന സംവിധാനം ഒരുക്കിക്കൊടുക്കണം(ജമാ-അത്തെ ഇസ്ലാമി)

മുസ്ലിങ്ങളിലെ പുരോഗമനപക്ഷക്കാർ എന്ന് പറയപ്പെടുന്ന ജമാ-അത്തെ ഇസ്ലാമിക്കാരുടെ അഭിപ്രായം ഇതാണെങ്കിൽ മറ്റ് മുസ്ലിം വിഭാഗങ്ങളുടേത്  പറയേണ്ടതില്ലല്ലോ!. അപ്പോൾ ഏതായാലും  ഒരു കാര്യം ഉറപ്പ്. ഹിന്ദുരാഷ്ട്രം വന്നാലും ഇസ്ലാമികരാഷ്ട്രം വന്നാലും ക്രിസ്തുരാഷ്ട്രം വന്നാലും  "ന സ്ത്രീ സ്വാതന്ത്ര്യം അർഹതേ!."

Thursday, January 3, 2013

മദനിയ്ക്ക് നീതി നൽകണമെന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴില്ല

മദനിയ്ക്ക് നീതിനൽകണമെന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞുവീഴില്ല

അബ്ദുൽ നാസർ മദനിയോട് കേരളത്തിലെ പ്രമുഖരാഷ്ട്രീയ കക്ഷികൾക്കുള്ള അയിത്തം അനല്പമായെങ്കിലും മാറി വരുന്നതിന്റെ സൂചനകൾ കാണുന്നുണ്ട്. സി.പി..എം, മുസ്ലിം ലീഗ് എന്നിവയുടെ നേതാക്കാളും കാന്തപുരത്തെ പോലെ ചില സാമുദായിക നേതാക്കളും ഇതിനകം മദനിയെ സന്ദർശിക്കാൻ തയ്യാറായിട്ടുണ്ട്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കോയമ്പത്തൂർ ജയിലിലെത്തി മദനിയെ കണ്ടിരുന്നു.നല്ല കാര്യം. ഏതൊരു സാധാരണ പൌരനും അർഹമായ സാമാന്യനീതി ഒരു മുസ്ലിം നാമധാരിയായിപ്പോയതിന്റെ പേരിൽമാത്രം അബ്ദുൽ നാസർ മദനിയ്ക്ക് നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നു മാത്രമാണ് നിയമ-നീതി സംവിധാനങ്ങളിൽ വിശ്വസിക്കുന്നവർ ആവശ്യപ്പെടുന്നത്. കുറ്റം ചെയ്തിട്ടുള്ളവർ ആരായാലും അവർക്ക് തങ്ങൾ  ചെയ്തിട്ടുള്ള കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് അർഹമായ ശിക്ഷ കിട്ടണം.  

ആരോപിക്കപെട്ടിട്ടുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ മദനിയുടെ കാര്യത്തിലും മാതൃകാപരമായ ശിക്ഷ നൽകാം. എന്നാൽ മദനിയുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പലതും കെട്ടിച്ചമയ്ക്കപ്പെട്ടവയും അദ്ദേഹത്തിനു നേരിട്ടോ പരോക്ഷമായോ യാതൊരു ബന്ധവുമില്ലാത്തവയാണെന്നും ചിലർക്കെങ്കിലും ധരിക്കാൻ ന്യായങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വെറും സംശയത്തിന്റെ പേരിൽ സാമാന്യനീതി നിഷേധിക്കപ്പെട്ട് ദീർഘകാലം ഒരാളെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് ക്രൂരവും നിയമ-നീതി സംവിധാനങ്ങളോട് ജനങ്ങൾക്ക് അവിശ്വാസം ജനിപ്പിക്കുന്നതുമായ പ്രവൃത്തിയാണ്.  ഭരണകൂടവും നിയമ-നിതി വിഭാഗങ്ങളും ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വമായ സമീപനം സ്വീകരിക്കേണ്ടതാണ്.

കേരളത്തിൽ വ്യത്യസ്ത  സാഹചര്യങ്ങളിൽ ഇടതു- വലതു മുന്നണികൾക്ക് മദനിയുടെ പിന്തുണ ലഭിച്ചിട്ടുള്ളതും അത് ഇരുപക്ഷവും വേണ്ടെന്നു വച്ചിട്ടില്ലാത്തതുമാണ്. നാളെ വീണ്ടുംജയിൽമോചിതനായി  വന്നാൽ മദനിയുടെ രാഷ്ട്രീയ നിലപാടുകൾ ആർക്ക് ഗുണകരവും ആർക്ക് ദോഷകരവുമാകും എന്ന് പറയാനാകില്ല. പക്ഷെ മുമ്പ് എപ്പോഴെങ്കിലും  സഹായിച്ചിട്ടുള്ളവർക്ക് ഒരു വലിയ അപകടസന്ധി വരുമ്പോൾ ഒരു പ്രത്യുപകാരമായെങ്കിലും കഴിയുന്നത്ര സഹായവും ആശ്വാസവും തിരിച്ചു നൽകുക എന്നത് തികച്ചും മാനുഷികമായ ഒരു മര്യാദയെങ്കിലുമാണ്.   അവിടെ മറ്റ് വിരോധങ്ങളോ ഭാവിയിൽ തങ്ങളോട് തിരിച്ച് അവർ   എന്ത് സമീപനം  സ്വീകരിക്കുമെന്നോ നോക്കാൻ  പാടുള്ളതല്ല. ഇനി അങ്ങനെയൊന്നുമല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ കാര്യത്തിൽ ആയാലും ഒരാൾക്ക്  നീതി നിഷേധിപ്പപ്പെടുന്നിടത്ത് സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടൽ അനിവാര്യമാണ്.  

എന്തായാലും  ഇപ്പോഴെങ്കിലും പരസ്യമായി മദനിയ്ക്കു വേണ്ടി വാദിക്കുവാനും അദ്ദേഹത്തെ ജയിലിൽ പോയി സന്ദർശിക്കുവാനും ചില പാർട്ടികളും നേതാക്കളുമെങ്കിലും മുന്നോട്ട് വന്നിട്ടുള്ളത് ആശ്വാസകരം തന്നെ. മദനിയ്ക്ക് നീതി കിട്ടുക എന്നതിൽ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടോ? കേരളത്തിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കൾക്ക് എന്തുകൊണ്ട് ഒരുമിച്ചു പോയി മദനിയെ കണ്ടുകൂട? എന്തുകൊണ്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.എൽ.എമാർക്ക് കർണ്ണാടകയിലേയ്ക്കോ അവിടുത്തെ നിയമനിർമ്മാണ സഭയിലെയ്ക്കോ  കോയമ്പത്തൂർ ജയിൽ പരിസരത്തേയ്ക്കോ ഒരു മാർച്ച് നടത്തിക്കൂട? മദനിയുടെ കാര്യത്തിൽ കേരള നിയമസഭയ്ക്ക് ഏകകണ്ഠമായി കർണ്ണാടക ഭരണകൂടത്തിനുമേൽ ശക്തമായ ഭാഷയിൽ എന്തുകൊണ്ട് ആവശ്യങ്ങൾ ഉന്നയിച്ചുകൂട? അതോ പുറത്തുവന്നാൽ ആർക്ക് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുവേണോ മദനിയെ സഹയിക്കാൻ?

യഥാർത്ഥത്തിൽ മദനിയുടെ പാർട്ടിയായ പി.ഡി.പി ഇന്ന് ഏതെങ്കിലും കക്ഷികളുടെ വിജയപരാജയങ്ങളെ സ്വാധീനിക്കാൻ പോന്ന ഒരു പാർട്ടിയൊന്നുമല്ല ഇപ്പോൾ. അത് ഏറെക്കുറെ ദുർബ്ബലമായികഴിഞ്ഞു. അതുകൊണ്ട് മദനിയുടെ പാർട്ടിയുടെ ഭാവിയിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചുള്ള ഉൽക്കണ്ഠകൾക്ക് വലിയ പ്രസക്തിയില്ല. പിന്നെയുള്ളത് ഒരു വാഗ്മിയും മതപണ്ഠിതനും സമുദായാചാര്യനും എന്ന നിലയിൽ മദനിയ്ക്കുള്ള വ്യക്തിപ്രഭാവമാണ്. ആ വ്യക്തിപ്രഭാവത്തിൽ മാത്രമാണ് ഭാവിയിലും മദനിയുടെ പാർട്ടി നിലനിൽക്കാൻ പോകുന്നത്. മദനിയുടെ കാലശേഷം അതിന്റെ ഗതിയെന്താകും എന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ മദനിയുടെ വ്യക്തിപ്രഭാവം പി.ഡി.പിയ്ക്ക് മാത്രം ഗുണപ്പെടുന്ന ഒന്നല്ല. മദനിയെ കേരളത്തിലെ പ്രത്യേകിച്ച് മുസ്ലിം സമുദായാംഗങ്ങൾ കാണുന്നത് ഒരു പി.ഡി.പി നേതാവെന്ന നിലയിലല്ല. പല പാർട്ടികളിൽപ്പെട്ടവരിലും ഒരു പാർട്ടിയിലും പെടാത്തവരിലും മദനിയെ സ്നേഹിക്കുന്നവരുണ്ട്. മുസ്ലിങ്ങൾ അല്ലാത്തവർക്കിടയിലും  പലകാരണങ്ങളാൽ മദനിയെ സ്നേഹിക്കുന്നവരുണ്ട്. എല്ലാത്തിലുമുപരി ജയിലിൽ സാമാന്യനീതിപോലും നിഷേധിപ്പപ്പെട്ട്  കടുത്ത പീഡനം അനുഭവിച്ചു കഴിയുന്ന മദനിയുടെ കാര്യം ഒരു മനുഷ്യാവകാശപ്രശ്നമാണ്. അതിനെ അതിന്റെ ഒരു പ്രാധാന്യത്തോടും ഗൌരവത്തോടുമാണ് ഏവരും സമീപിക്കേണ്ടത്.

മദനി ഒരു വ്യക്തിയല്ല.ഒരു പ്രസ്ഥാനമാണ്. അന്നും ഇന്നും. അതിനു ചില കാരണങ്ങൾ ഉണ്ട്. പ്രകോപനപരമായതെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള മതപ്രഭാഷണങ്ങളിലൂടെയാണ് മദനി കേരളത്തിൽ ഒരു മുസ്ലിം നേതാവായി  ഉയർത്തപ്പെട്ടത്.  ആദ്യം ഒരു പ്രസ്ഥാനത്തിന്റെയും പിൻ‌ബലം മദനിയ്ക്കുണ്ടായില്ല. സ്വന്തംനിലയിൽ ഒരു നേതാവായി ഉയർന്നുവന്നതാണ്.പ്രത്യേകിച്ചും പ്രകമ്പനം കൊള്ളിക്കുന്ന പ്രഭാഷണചതുരതയുടെയും ആത്മീയവിജ്ഞാനത്തിന്റെയും   കരുത്തിൽ. ഒരു മതപണ്ഡിതൻ എന്ന നിലയിൽനിന്ന് ഒരു മതനേതാവിലേയ്ക്കുള്ള മദനിയുടെ വളർച്ച പെട്ടെന്നായിരുന്നു. .എസ്.എസ് എന്നപേരിൽ ഒരു അക്രമോത്സുക തീവ്രവാദപ്രസ്ഥാവനുമായി വന്ന മദനി ആർ.എസ്.എസ് എന്ന ഹിന്ദുവർഗ്ഗീയസംഘടനയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്താൻ അധികനാളൊന്നും എടുത്തില്ല.  

ആ ഒരു കാലഘട്ടംവരെ തങ്ങൾ മത്രമാണ് ഏറ്റവും വലിയ അക്രമികൾ എന്ന് അഹങ്കരിച്ചു നടന്നിരുന്ന ആർ.എസ്.എസിന് കേരളത്തിൽ ശക്തമായ ഒരു ബദലായി ഐ.എസ്.എസ് വളർന്നു വന്നു. എങ്കിലും രണ്ടുപേരുടെയും മുഖ്യ ശത്രുവും അവരുടെ അക്രമത്തിന് കൂടുതൽ ഇരയാവുകയും ചെയ്തിട്ടുള്ളത് സി.പി..എം ആണ്. തങ്ങൾ വലിയ അക്രമികൾ ആണെന്നു കാണിക്കാൻ ആർ.എസ്.എസുകാരും അന്നത്തെ ഐ.എസ്.എസുകാരും പിന്നീടത്തെ എൻ.ഡി.എഫുകാരും, അതിന്റെ പുതിയ രൂപമായ പോപ്പുലർ ഫ്രണ്ടുകാരും ഒക്കെ സി.പി..എമ്മിനെയാണല്ലോ ഇരകളാക്കുന്നത്. സി.പി..എമ്മിനു നേരേ ആക്രമണം നടത്തിയാണല്ലോ ഇവരൊക്കെയും തങ്ങളുടെ അക്രമശേഷി വിളിച്ചറിയിക്കുന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ. അതുകൊണ്ട് കൂട്ടത്തിൽ അതുംകൂടി പറഞ്ഞെന്നേയുള്ളൂ.

ഇപ്പോഴത്തെ   മദനിയെ പോലൊരാൾക്ക് ഒറ്റയ്ക്കുതന്നെ ഒരു പ്രസ്ഥാനമായി വളർന്നുവരാവുന്ന ഒരു സാഹചര്യത്തിന്റെ കൂടി സൃഷ്ടിയാണ് നാം മുമ്പ് കണ്ടുപരിചയിച്ച  മദനി. ബാബറി മസ്ജിദ് തർക്കവും അതിന്റെ പൊളിക്കലും അത് മുസ്ലിം സമുദായത്തിനുള്ളിലും  എല്ലാ മതത്തിലുംപെട്ട മതേതരവാദികൾക്കുള്ളിലും   ഉണ്ടാക്കിയ വൈകാരികക്ഷോഭവും മദനിക്ക് വളരാനുള്ള വളക്കൂറായിരുന്നു. ബാ‍ബറി മസ്ജിദ് തകർത്ത ഭീകരതയേക്കാൾ വലുതായി   മദനിയുടെ പ്രകോപനപരമായ പ്രസംഗങ്ങളെയോ ഐ.എസ്.എസിന്റെ രൂപീകരണത്തെയോ കാണേണ്ടകാര്യമില്ല. ബാബറി മസ്ജിദ്  തകർത്തത് സമാനതകളില്ലാത്ത ഭീകരപ്രവർത്തനമാണ്. മദനിയുടെ പേരിലുള്ള സകല കേസുകളും തെളിയിക്കപ്പെട്ടാലും ബാബറി മസ്ജിദ് മദനിയുടെ മുൻ‌കാല ചെയ്തികളേക്കാൾ വലിയൊരു കുറ്റകൃത്യമായിത്തന്നെ കരുതേണ്ടി വരും. ഒരു ദീർഘകാല പക ഒരു ജനസമൂഹത്തിന്റെ മനസിൽ സൃഷ്ടിക്കുംവിധം ഒരു കുറ്റകൃത്യം ചെയ്യുന്നത് ഭാവിയിൽ ചെയ്യാവുന്ന നിരവധി കുറ്റകൃത്യങ്ങൾക്കും അഥവാ അതിനുള്ള പ്രേരണകൾക്കും ഗൂഢാലോചനകൾക്കും തുല്യമാണ്

മദനി അഥവാ എന്തെങ്കിലും കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ജീവിതകാലത്തിനിടയിൽത്തന്നെ അനുഭവിക്കാൻ  ആവശ്യമായ ശിക്ഷനൽകി  പരിഹരിക്കാം. പക്ഷെ ബാബറി മസ്ജിദ് തകർത്തതിനോ? അത് പുന:സ്ഥാപിക്കാൻ കഴിയാത്തതിനോ? ഒരു മതസ്ഥാപനമല്ല, ഒരു ചരിത്രസ്ഥാപനമാണ് തകർത്തത് എന്ന നിലയ്ക്ക് കണ്ടാൽ തന്നെ അത് അതിഭീകരമായിപ്പോയി. ഒരു സാധാരണ ഹിന്ദുവിശ്വാസിയ്ക്ക് ഹിന്ദുക്കളുടെയെന്നല്ല,   മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ ആരാധനാലയങ്ങൾ ആയാലും അവ പൊളിച്ചടുക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ കൂടി കഴിയില്ല. അതുപോലെ മുസ്ലിങ്ങൾക്ക് മുസ്ലിങ്ങളുടേതെന്നല്ല, ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ ദേവാലയങ്ങൾ തകർക്കാൻ കഴിയില്ല. അതിനവരുടെ മനസ്സനുവദിക്കില്ല. എല്ലാ ആരാധനാലയങ്ങളും ഏതു മത വിശ്വാസിക്കും പുണ്യസ്ഥലങ്ങളാണ്. യുക്തിവാദികൾ ആരാധനനാലയങ്ങളുടെയും ആരാധനയുടെയും നിരർത്ഥകതയെപ്പറ്റി സംസാരിക്കും. പക്ഷെ അവർപോലും ഒരു ആരാധനാലയം തകർത്തെറിയാൻ നിൽക്കില്ല. അതിന്റെ ചരിത്രമൂല്യത്തെയും നിർമ്മാണമൂല്യത്തെയുമെങ്കിലും  അവരും പരിഗണിക്കും.

ബാബറി  മസ്ജിദ് തകർന്നപ്പോൾ ഇന്ത്യലിയിലെ മുസ്ലിങ്ങളുടെ ചങ്ക് മാത്രമല്ല  തകർന്നത്. അവർ ന്യൂനപക്ഷം എന്ന നിലയിൽ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിച്ചു.  മറിച്ച് യഥാർത്ഥ ഹിന്ദുക്കളുടെ ചങ്ക് കൂടിയാണ് ബാബറി മസ്ജിദിനൊപ്പം തകർന്നത്. ഹിന്ദുക്കളുടെ സഹിഷ്ണുതയിലും ആതിഥ്യ മര്യാദയിലും അന്യമതബഹുമാനത്തിലും ഊറ്റം കൊണ്ടിരുന്ന നിഷ്കളങ്കരായ സാധാരണ ഹിന്ദുവിശ്വാസികളുടെ അഭിമാനത്തിനു കൂടിയാണ് പള്ളിപൊളിക്കൽ ക്ഷതമേല്പിച്ചത്. മുസ്ലിങ്ങളുമായി നൂറ്റാണ്ടുകളായി സൗഹൃദപ്പെട്ട് കഴിയുന്ന മുസ്ലിങ്ങൾ ഇനി തങ്ങളെപ്പറ്റി എന്തു വിചാരിക്കും എന്ന ഉൽക്കണ്ഠ മതാന്ധത ബാധിക്കാത്ത ഓരോ ഹിന്ദുവിനുമുണ്ടായി. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും അവരൊക്കെത്തന്നെ  ഏതെങ്കിലും ഒരു ആരാധനാലയത്തിനുള്ളിൽ അറിയാതെയെങ്ങാനും  ചെരിപ്പിട്ട് കയറിയാൽ പോലും  വല്ലാത്ത പാപഭാരം തോന്നുന്നവരാണ്.  അത് അവരവരുടെ ആരാധനാലയങ്ങളുടെ മാത്രം കാര്യത്തിലല്ല. ഏത് മതത്തിന്റെ ആരാധനാലയമായാലും എല്ലാ മത വിശ്വാസികളും അവ പുണ്യസ്ഥലമായിത്തന്നെ കാണും. അപ്പോൾ അന്യമത ആരാധനാലയങ്ങൾ പൊളിക്കാനും അന്യമതക്കാരെ ഹിംസിക്കാനും നടക്കുന്നവരുടെ  വിശ്വാസമേത് മതമേത് എന്ന ചോദ്യം ഉയർന്നുവരുന്നു.  

ഒരു ഹിന്ദു തീവ്രവാദിയെ ഒരു ഹിന്ദുവായോ ഒരു മുസ്ലിം തീവ്രവാദിയെ ഒരു മുസ്ലീമായോ ഒരു ക്രിസ്ത്യൻ തീവ്രവാദിയെ ഒരു ക്രിസ്ത്യാനിയായോ കാണാൻ കഴിയില്ല. തങ്ങൾ അവകാശപ്പെടുന്ന മതവുമായി അവർക്ക് യാതൊരു കർമ്മബന്ധവുമില്ല. മനുഷ്യവിരുദ്ധത എന്നൊരു മതമുണ്ടെങ്കിൽ ആ മതത്തിലാണ് അവരെ ഉൾപ്പെടുത്താവുന്നത്. ലോകത്താകെ ഇൽസ്ലാമിക തീവ്രവാദവും ലോകമാകെ ക്രിസ്തീയസഭാധിപത്യലക്ഷ്യവുമായി നടക്കുന്നവർക്കൊന്നും ഇന്ത്യയിലെ ഹിന്ദുരാഷ്ട്രവാദത്തെ വിമർശിക്കാനും ധാർമ്മികമായി അവകാശമില്ല എന്നും കൂടി എടുത്തുതന്നെ പറയുന്നു. ലോകത്തെവിടെയും നടക്കുന്ന കൊടിയ അക്രമങ്ങളും ഭീകരപ്രവർത്തനങ്ങളും അധികവും   മതത്തിന്റെ പേരിലാണ്. ചരിത്രത്തിൽ ഉടനീളം മതത്തിന്റെ പേരിൽ നടന്ന രക്തച്ചൊരിച്ചിലുകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ചരിത്രപാഠങ്ങൾ ഉൾക്കൊള്ളുവാൻ മതവിശ്വാസികൾക്കു കഴിഞ്ഞേക്കും പക്ഷെ മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത് നടക്കുന്ന മതാന്ധർക്ക് ഒരു ചരിത്രപാഠവും ഉൾക്കൊള്ളാനാകില്ല.

മദനിയുടെ കാര്യം എഴുതുമ്പോൾ ബാബറി വിഷയം കടന്നുവരുന്നത് യാദൃശ്ചികമല്ല. മദനിയും ഐ.എസ്.എസും പിന്നീട് വന്ന മുസ്ലിം തീവ്രവാദവുമൊക്കെ ബാബറി സംഭവവുമായി കെട്ട് പിണയുന്നുണ്ട്. എന്തിന് തെക്കൻ കേരളത്തിൽ ഹിന്ദുക്കളുടെ ബാഹ്യസംസ്കാരവുമായി ഏറെ പൊരുത്തപ്പെട്ടു ജീവിച്ചിരുന്ന മുസ്ലിം സ്ത്രീകൾ മലപ്പുറത്തെ സ്ത്രീകളെ പോലെ പർദ്ദ ധരിച്ചു നടക്കാൻ തുടങ്ങിയതുതന്നെ ബാബറി സംഭവത്തിനുശേഷമാണ്. മതം തിരിച്ചറിയാനുള്ള അടയാളങ്ങൾ നിർബന്ധബുദ്ധ്യാ ധരിച്ചു തുടങ്ങിയത് ഇന്ത്യയിൽ ബാബറി സംഭവത്തിനുശേഷമാണ്.  അങ്ങനെ എന്തെല്ലാം പ്രത്യാഘാതങ്ങൾ അതുണ്ടാക്കി!  

ആർ.എസ്.എസും ഐ.എസ്.എസും സമാന സ്വഭാവത്തിൽ ഇന്നും പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ഒക്കെത്തന്നെ അപകടകാരികളാണ് എന്നതിൽ സംശയമില്ല. മദനി പിന്നീട് തീവ്രവാദം ഉപേക്ഷിച്ച് നനാജാതി മതസ്ഥർക്കും പ്രവേശനമുള്ള പുതിയ പാർട്ടിയുണ്ടാക്കി മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി. മദനിയുടെ ആവേശത്തിൽ ഉണ്ടായ ഐ.എസ്.എസ് പിന്നീട് നിരോധിക്കപ്പെട്ടു. അതോടെ മത തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച് തികഞ്ഞ മതനിരപേക്ഷതാവാദിയായി മദനി പരിണമിച്ചു. എവിടെ പ്രസംഗിച്ചാലും അക്രമത്തെയും  മതതിവ്രവാദത്തെയും ശക്തമായി അപലപിച്ചു. ആദ്യം ഒരിക്കൽ നീണ്ട ജയിൽ വാസത്തിനുശേഷം പുറത്തുവന്ന മദനിയിൽ ഒരു ഇടതുപക്ഷ അഭിനിവേശംപോലും  പ്രകടമാകുന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ  മാറ്റത്തിന് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്ത നിശ്ചയദാർഢ്യം ഉണ്ടായിരുന്നു

മാനസികപരിവർത്തനം വന്ന മദനി തീവ്രവാദത്തെ ഇനി ഒരിക്കലും ന്യായീകരിക്കില്ലെന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ഉള്ള നിശ്ചയദാർഢ്യം. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ സമയവും വർഗ്ഗീയയെയും തീവ്രവാദത്തെയും എതിർക്കാനും ജനാധിപത്യത്തോടും മതേതരത്വത്തോടും അചഞ്ചലമായ കൂറ് പ്രഖ്യാപിക്കുവാനും അദ്ദേഹം തയ്യാറായി. നിരീശ്വരവാദികളുടെയും  യുക്തിവാദികളുടെയും  വിശ്വാസങ്ങളെപ്പോലും പരസ്യമായി മാനിക്കുവാനും  അവരോട് സഹിഷ്ണുത പുലർത്തുവാനും കഴിയും വിധം മാനസിക പരിവർത്തനം മദനി എന്ന മതപണ്ഡിതനിൽ ഉണ്ടായിഇനി സകല കള്ളക്കേസുകളും മദനിയുടെ തലയിൽ കെട്ടിവച്ച് വ്യാജ തെളിവുകളുമുണ്ടാക്കി ആയിരം വട്ടം വധശിക്ഷ നടപ്പിലാക്കിയാലും മദനി മതതീവ്രവാദത്തെയോ ഹിംസാത്മകമായ മറ്റേതെങ്കിലും പ്രവർത്തനങ്ങളെയോ ന്യായീകരിക്കാൻ പോകുന്നില്ല. കാരണം അത്ര കണ്ട് ക്ഷമിക്കാനും പൊറുക്കാനും പാകപ്പെട്ട ഒരു മാനസിക പരിവർത്തനം അദ്ദേഹത്തിൽ വന്നു കഴിഞ്ഞു.  

ഇനി മദനി പല തെറ്റുകളും ചെയ്തിരുന്നു എന്നിരിക്കട്ടെ. അതിന് തെളിവുകളും കിട്ടി എന്നിരിക്കട്ടെ. ശിക്ഷ കുറ്റം ചെയ്തവർക്കും പിന്നീട് കുറ്റം ചെയ്യാൻ സാധ്യതയുള്ളവർക്കും ഉള്ള ഒരു താക്കീതാണെന്നിരിക്കട്ടെ.   ശിക്ഷ ഒരു കുറ്റത്തിൽ നിന്ന് ബന്ധപ്പെട്ട കുറ്റവാളിയെയോ പിന്നീട് കുറ്റം ചെയ്യാൻ സാധ്യതയുള്ള മറ്റുവരെയോ അതിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ഒരു മുൻകരുതൽ ആണെന്നിരിക്കട്ടെ.  അതല്ല,  കുറ്റം ചെയ്ത ഒരാളിൽ മാനസിക പരിവർത്തനം വരുത്തി കുറ്റവാസനയിൽ നിന്നും മോചിപ്പിക്കാനാണെന്നും ഇരിക്കട്ടെ.  അങ്ങനെ ശിക്ഷകൾക്കുള്ളിൽ  പല സിദ്ധാന്തങ്ങളും ഉദ്ദേശങ്ങളും അന്തർലീനമായിരിക്കുന്നുണ്ട്. ഇനി അതൊന്നുല്ല്ല ശിക്ഷ ശിക്ഷിക്കാൻ വേണ്ടി മാത്രമുള്ളത് എന്ന് മാത്രം കരുതിയാലും മദനി ചെയ്തെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾക്ക് അനുഭവിക്കാവുന്നതിലധികം ശിക്ഷ അദ്ദേഹം ഇതിനകം ഏറ്റുവാങ്ങിക്കഴിഞ്ഞു

ഗർഭിണിയുടെ  കുടൽമാല കുത്തിപ്പുറത്തെടുത്തവരും കന്യാമഠങ്ങളെ തീകൊണ്ട് കളിച്ചു   രസിച്ചവരും    ഇന്നും അധികാരത്തിന്റെ സ്വാദും നുണഞ്ഞ് വിരാജിക്കുമ്പോൾ മദനിക്ക് സാമാന്യനീതിയെങ്കിലും ലഭിക്കാൻ അർഹതയുണ്ട്.  മാത്രവുമല്ല കുറ്റങ്ങളൊന്നും ചെയ്തിരുന്നില്ലെങ്കിൽ ത്തന്നെ താൻ കുറച്ചുകാലം വിശ്വസിച്ചും പ്രചരിപ്പിച്ചും നടന്നിരുന്ന അക്രമോത്സുകവും മനുഷ്യത്വ വിരുദ്ധവുമായ സിദ്ധാന്തങ്ങളെ ഓർത്ത് പശ്ചാത്തപിക്കാനും അവയൊക്കെ അപ്പാടെ തള്ളിക്കളയാനും സ്നേഹത്തിലും സമാധാനത്തിലും സഹിഷ്ണുതയിലും ഊന്നിയ മാനവികതയുടെ ആശയങ്ങളെ മുറുകെ പിടിക്കാനും  തന്റെ അനുയായികളെ മാത്രമല്ല,  സമൂഹത്തെ മുഴുവൻ ആഹ്വാനം ചെയ്യുന്ന നിലയിൽ പരിവർത്തനം ചെയ്യപ്പെട്ട ഒരു പച്ചമനുഷ്യനെ, ഒരു പൗരനെ ഇത്രമാത്രം പീഡിപ്പിക്കുമ്പോൾ ആ മനുഷ്യന് നീതി നൽകാൻ ഒത്തൊരുമിച്ച് നിന്ന്  ഒന്നു പറഞ്ഞുപോയാൽ ഇടിഞ്ഞു വീഴാൻ മാത്രം ഒരു ആകാശം തന്നെ ഇവിടെ ഇല്ലല്ലോ.

മദനിയ്ക്ക് നീതി നൽകുക എന്ന വിഷയത്തിൽ ഊന്നി ഇവ്വിധമൊക്കെ എഴുതി എന്നു കരുതി  എനിക്ക് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേകമായ പ്രതിബദ്ധതയോ  വിദ്വേഷമോ ഒന്നുമില്ലെന്ന കാര്യം ആദ്യമായി എന്നെ വായിക്കുവരെ കൂട്ടത്തിൽ  അറിയിച്ചുകൊള്ളട്ടെ. മുമ്പേ വായിച്ചിട്ടുള്ളവർക്ക് എന്റെ നിലപാടുകൾ അറിയാം  അറിഞ്ഞുകൊണ്ട്  വ്യക്തി ജീവിതത്തിൽ ഒരു വിധ മതാചാരങ്ങളെയും പിൻപറ്റുന്നതുമില്ല. അഥവാ ഇനി  പിൻപറ്റുന്നെങ്കിൽ തന്നെ അതുകൊണ്ട് ഭൗതികമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകണം. യാഥാർത്ഥ്യബോധത്തിൽ ഊന്നിയാണ് ജീവിതം ക്രമീകരിച്ചുപോരുന്നത്. അർഹമായ നീതി മദനിക്കായാലും ആർക്കായാലും ലഭിക്കണം. എന്നെ സംബന്ധിച്ച്  പരിവർത്തിതമദനിയോട്   ഇത്രയധികം താല്പര്യം തോന്നാൻ കാരണം  അദ്ദേഹം മതതീവ്രവാദവും  ഭീകരവാദവും  ഉപേക്ഷിച്ചു എന്നതുകൊണ്ടുകൂടിയാണ്.  ഇനി നാളെ ഏതെങ്കിലും ഹിന്ദുവർഗ്ഗീയവാദിയ്ക്കോ ക്രിസ്ത്യൻ വർഗ്ഗീയവാദിയ്ക്കോ  മാനസാന്തരമുണ്ടായാൽ അവരെക്കുറിച്ചും നല്ലതു പറയും. ആശയങ്ങളും ലക്ഷ്യങ്ങളും എത്ര അപകടകരമായാലും  ഒരു പ്രസ്ഥാനവും അക്രമത്തെ മുഖമുദ്രയാക്കി പ്രവർത്തിക്കരുതെന്നത് എന്റെ അചഞ്ചലമായ നിലപാടാണ്. അത് രാഷ്ട്രീയ കക്ഷികൾ ആയാലും.

രണ്ടാം ജന്മത്തിലെ (പരിവർത്തിത മദനി) മദനിയുടെ പ്രസംഗം കേട്ടനാൾമുതൽ ഞാൻ മദനിയെ പറ്റി നല്ല വാക്കുകൾ  പറഞ്ഞുപോരുന്നുണ്ട്. എനിക്കത്  അക്രമത്തിനും മതതീവ്രവാദത്തിനും എതിരെയുള്ള പ്രചരണത്തിന്റെ ഭാഗം കൂടിയാണ്. ഇനിയും വല്ല ഹിന്ദു-മുസ്ലിം-കൃസ്ത്യൻ വർഗ്ഗീയവാദികൾ അത് ആർ.എസ്.എസ് കാരായാലും ശിവസേനക്കാരായാലും പോപ്പുലർ ഫ്രണ്ടുകാരായാലും മറ്റാരെങ്കിലുമായാലും  അക്രമം വെടിഞ്ഞ് വർഗ്ഗീയത വെടിഞ്ഞ്, അന്ധമായ മാർക്സിസ്റ്റ് വിരോധം വെടിഞ്ഞ് സി.പി..എമ്മുകാരെ ആക്രമിക്കലും കൊല്ലലുമൊക്കെ നിർത്തി മാനസാന്തരപ്പെട്ടുവന്നാൽ അവരെപ്പറ്റിയും ഞാൻ നല്ലതു പറയും. നിങ്ങൾ ആരും ദൈവത്തെയും മതത്തെയും ഒക്കെ ഉപേക്ഷിച്ച് എല്ലാവരും  നിരീശ്വരവാദികളോ യുക്തിവാദികളോ കമ്മ്യൂണിസ്റ്റുകാരോ ഒന്നും ആകണമെന്ന് നമ്മൾ ആരും  നിർബന്ധിക്കുന്നില്ലല്ലോ. ഭീകരപ്രവർത്തനങ്ങളും  അക്രമവും മതതീവ്രവദവും  വെടിഞ്ഞ് നല്ല മനുഷ്യരായാൽ മതി.  

ജീവിതം ഒരിക്കലേ ഉള്ളൂ. അത് പരമാവധി സ്നേഹിച്ചും സഹകരിച്ചും സഹവർത്തിച്ചും  സഹായിച്ചും ആശ്വസിപ്പിച്ചും തീർക്കേണ്ടതാണ്. മനുഷ്യൻ നന്നാവാൻ മനസ്സു നന്നായാൽ മതി. അത് മത- ദൈവ വിശ്വാസികൾ ആയാലും നിരീശ്വരവാദികളും യുക്തിവാദികളും ആയാലും കമ്മ്യൂണിസ്റ്റുകാർ ആയാലും കോൺഗ്രസ്സുകാർ ആയാലും. ഇനി ഇതൊന്നു ചുരുക്കണമല്ലോ. പ്പോൾ തന്നെ പറയാൻ ഉദ്ദേശിച്ചതിലും അധികമായി. ഇനി തൽക്കാലം ചുരുക്കുന്നു. എല്ലാവർക്കും നല്ലതും വരട്ടെ. മദനിയ്ക്ക് നീതിയും ലഭിക്കട്ടെ. മദനിയ്ക്ക് നീതി നൽകണമെന്ന് ആവശ്യപെട്ടതിന് ശൂന്യമായ  ആകാശം ഇടിഞ്ഞു വീഴുമോ എന്നു ഭയന്ന് ആകാശം നോക്കിയിരിക്കണമല്ലോ എന്നതാണ്  ഇനിയുള്ള പ്രശ്നം. ഓ! ആകാശം ഇടിഞ്ഞു വീണാൽ ഞാൻ മാത്രമല്ലല്ലോ ഒടുങ്ങുന്നത്, സാരമില്ല!