Sunday, April 20, 2014

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

ഇന്ത്യൻ ജനാധിപത്യത്തിന്റെ പാഠഭേദങ്ങൾ

(തരംഗിണി ഓൺലെയിൻ മാസികയിൽ എഴുതിയത്)

നമ്മുടെ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കേരളത്തിലെ  ലോകസഭാ മണ്ഡലങ്ങളിൽ നിന്നുള്ള  തെരഞ്ഞെടുപ്പ്  നടന്നു കഴിഞ്ഞു. ഇവിടെ എൽ. ഡി. എഫും യു. ഡി. എഫും വിജയപ്രതീക്ഷയിലാണ്. രാജ്യത്ത് ബി. ജെ. പി യും കോൺഗ്രസ്സും  മൂന്നാം മുന്നണിയും  അധികാരത്തിൽ വരാനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആര് ജയിക്കും ആര് തോൽക്കും ആര് അധികാരത്തിൽ വരും എന്നുള്ളതൊക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. ഒരു പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മുടെ ജനാധിപത്യം എവിടെയെത്തി നിൽക്കുന്നുവെന്നുള്ളതും ചിന്താവിഷയമാണ്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപരീക്ഷണശാല എന്നൊക്കെ ഇന്ത്യയെപ്പറ്റി പറയുന്നുണ്ട്. വിപുലമായ ജനസംഖ്യയും ബഹുകക്ഷി സമ്പ്രദായവും മുടങ്ങാതെയുള്ള തെരഞ്ഞെടുപ്പുകളും മറ്റും വച്ച് നോക്കുമ്പോൾ അങ്ങനെയൊരു വിശേഷണത്തിന് ഇന്ത്യ അർഹമല്ല എന്ന് പറയാനാവില്ല. എന്നാൽ പരിപക്വമായ ഒരു ജനാധിപത്യസമൂഹം നമ്മുടെ രാജ്യത്ത് രൂപപ്പെട്ടുകഴിഞ്ഞുവെന്ന് നമുക്ക് കരുതാനാകുമോ? ശരിയായ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അറിവും വിവേകവും ആർജ്ജിച്ചവരാണോ നമ്മുടെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ?

ഈ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകൾ നിരക്ഷരതയിലും അന്ധവിശ്വാസങ്ങളിലുമാണ്ട് കഴിയുന്നവരാണ്. പട്ടിണിയുടെയും ദാരിദ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും കാര്യത്തിലും ജനങ്ങൾ ഭൂരിപക്ഷമാണ്. അത്തരമൊരു ജനതയിൽ പരീക്ഷിക്കപ്പെടുന്ന  ജനാധിപത്യം എത്രകണ്ട് ഫലപ്രദമാകും? നമ്മുടെ രാജ്യത്ത് പല മേഖലകളിലും വമ്പിച്ച  വികസനം നടന്നുവെന്ന് നാം അഭിമാനിക്കുമ്പോഴും പട്ടിണി, ദാരിദ്രം, നിരക്ഷരത, തൊഴിലില്ലായ്മ മുതലായ പ്രശ്നങ്ങൾ വളരെ ഗുരുതരമായ രീതിയിൽ തന്നെ ഇന്നും തുടരുന്നു എന്ന യാഥാർത്ഥ്യം നാം മറന്നുപോകരുത്. അതുകൊണ്ടുതന്നെ നാളിതുവരെ നടന്ന ജനവിധികൾ വിവേകപൂർവ്വമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും.

ജനങ്ങൾക്ക് വോട്ടവകാശം നൽകി എന്നതുകൊണ്ട് മാത്രം ജനാധിപത്യം വിജയിക്കില്ല. തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുവാനുള്ള ജനങ്ങളുടെ കഴിവ് കൂടി വർധിച്ചാലേ യഥാ‌ർത്ഥ ജനവിധി നടക്കൂ. അത് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിവേകത്തിലൂടെ മാത്രമേ സാധ്യമാവൂ. ഒപ്പം നീതിപൂർവ്വകവും സമധാനപരവുമായ തെരഞ്ഞെടുപ്പുകളും നടക്കണം. നിർഭാഗ്യവശാൽ ഇന്ത്യയിൽ മിക്കയിടങ്ങളിലും അതൊന്നുമല്ല നടക്കുന്നത്. ഐവരിൽ മൂന്നുപേർ കൈപൊക്കി കാണിച്ചിട്ട് ഇത് കാലാണെന്നു പറഞ്ഞാൽ അംഗീകരിക്കേണ്ട ചില ദൌർബല്യങ്ങളും ജനാധിപത്യത്തിന്റെ കൂടെപ്പിറപ്പായുണ്ട്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയമറിയില്ല. ജനാധിപത്യമെന്തെന്നറിയില്ല. ആര് തെരഞ്ഞെടുക്കപ്പെടണമെന്നറിയില്ല. കാരണം അവർ നിരക്ഷരരാണ്. അവിടെ ജനാധിപത്യം പരാജയപ്പെടുന്നു. കേരളത്തിലെ പോലെയുള്ള രാഷ്ട്രീയ പ്രവർത്തനരീതികളൊന്നുമല്ല മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളത്. അവിടങ്ങളിൽ പണാധിപത്യമാണ് നടക്കുന്നത്. മറിച്ച് ജനാധിപത്യമല്ല. അവിടങ്ങളിൽ സമ്പന്നവർഗ്ഗങ്ങളും വൻ ഭൂപ്രഭുക്കളും പഴയ രാജപരമ്പരയുടെ പിന്മുറക്കാരും അധോലോക ഗുണ്ടാമാഫിയകളുമാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഏറ്റവും കൂടുതൽ പണമൊഴുക്കുന്നവർ വിജയിക്കും. ഏറ്റവും കൂടുതൽ ഗുണ്ടായിസം കാണിക്കുന്നവർ വിജയിക്കും. ചിലയിടങ്ങളിൽ വോട്ട് വിലയ്ക്ക് വാങ്ങും.

കൊടിയ ക്രിമിനലുകളും രാജ്യദ്രോഹികളും വർഗ്ഗീയവാദികളും അഴിമതിക്കാരും ജനവിരുദ്ധഭരണം നടത്തുന്നവരും വീ‍ണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യൻജനാധിപത്യത്തിൽ നിന്നും എന്ത് പാഠമാണ് നാം പഠിക്കേണ്ടത്? ഇന്ത്യൻ ജനാധിപത്യം ഒരുപാട് വെല്ലുവിളികളെ നേരിടുന്നുണ്ട്  എന്നതു തന്നെ. നീതിപൂർവ്വകമല്ലാത്ത തെരഞ്ഞെടുപ്പുകളിലൂടെ ജയിച്ചു വരുന്നവരാണ് നല്ല്ലൊരു പങ്ക് ജനപ്രതിനിധികൾ. അവരെ ജനപ്രതിനിധികളെന്നു വിളിക്കാമോ? സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങൾ പോലും പലപ്പോഴും നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പല തെരഞ്ഞെടുപ്പുഫലങ്ങളും തെളിയിച്ചിട്ടുണ്ട്.

തികച്ചും അർഹരല്ലാത്തവരെ തെരഞ്ഞെടുക്കുകയും അരഹരായവരെ അവഗണിക്കുകയും ചെയ്യുന്ന ജനവിധികൾ കേരളത്തിൽ പോലുമുണ്ടാകുന്നു. അപ്പോൾ വിദ്യാഭ്യാസം കൊണ്ടുമാത്രം പ്രബുദ്ധതയും വിവേകവും കൈവരില്ലെന്ന പാഠവും നമുക്ക് ലഭിക്കുന്നു. ജനങ്ങളെന്തായാലും തിരസ്ക്കരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ വിജയിക്കുകയും ജനങ്ങളെന്തായാലും സ്വീകരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നവർ  പരാജയപ്പെടുന്നതുമായ അനുഭവങ്ങൾ കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിൽ  എത്രയെങ്കിലും ഉണ്ട്.  അപ്പോൾ നമ്മുടെ ജനാധിപത്യം ഇനിയും പരിപക്വമാകേണ്ടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം ഇനിയും ശക്തിപ്പെടേണ്ടിയിരിക്കുന്നു.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നു പറഞ്ഞാൽ ജനങ്ങളുടെ തെരഞ്ഞെടുക്കാനുള്ള കഴിവ് വർധിപ്പിക്കുക, നിർഭയമായി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം സൃഷ്ടിക്കുക നീതിപൂർവ്വകമായ തെരഞ്ഞടുപ്പുകൾ എല്ലായിടത്തും ഉറപ്പു വരുത്തുക, ശരിയായ ജനാധിപത്യ വിദ്യാഭ്യാസം പൌരന്മാർക്കു നൽകുക എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. ഇക്കാര്യത്തിൽ നമുക്ക് ബഹുദൂരം ഇനിയും സഞ്ചരിക്കുവാനുണ്ട് എന്നു മാത്രം പറഞ്ഞ് തൽക്കാലം ഈ കുറിപ്പിന് വിരാമമിടുന്നു.