വിശ്വമാനവികം

ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും

Wednesday, February 2, 2011

മുത്തശ്ശി


മുത്തശ്ശി

കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയാത്തൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെ നടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ഥക്കെട്ടും കെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു ഘടികാരം
എരിയണ വെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മേലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചം വച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !

3 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു മുത്തശ്ശി നമ്മെക്കാണുന്നു..നമ്മള്‍ ഒരുപാട് മുത്തശ്ശികളെ കാണുന്നു.മുത്തശ്ശി നമ്മുടെ ലോകം കാണുന്നു.നമ്മള്‍ മുത്തശ്ശിമാരുടെ ലോകം കാണുന്നു...എല്ലാമീയോറ്റക്കവിതയില്‍...
വളരെയിഷ്ടപ്പെട്ടു..

JITHU said...

മുത്തശ്ശി കവിത .....................വളരെ മനോഹരമായിരിക്കുന്നു

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ലോരു കവിതയിലൂടെ താളവും,ലയവും ചേർന്ന് ഏവർക്കും പാടിരസിക്കാവുന്ന വരികളിലൂടെ ആ മുത്തശ്ശിയുടെ ജീവിതം മുഴുവൻ കാണിച്ചു തന്നിരിക്കുന്നു കേട്ടൊ മാഷെ...