Wednesday, September 18, 2013

ആഘോഷങ്ങളും മതങ്ങളും

ആഘോഷങ്ങളും മതങ്ങളും 

മതങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു ആഘോഷവും ഇതുവരെ കണ്ടു പിടിക്കാൻ ആർക്കും കഴിഞ്ഞില്ലല്ലോ എന്നത് ദു:ഖകരം തന്നെ. പല കാര്യങ്ങളിലും പഴയ തലമുറ തുടങ്ങിവച്ചവയിൽ നിന്നും വേറിട്ടൊന്നും പിന്നീടുള്ള തലമുറകൾക്ക് കണ്ടെത്താനായില്ല. സാംസ്കാരികമായി നാം ചില കാര്യങ്ങളിലെങ്കിലും നിന്നേടങ്ങളിൽ തന്നെ നിൽക്കുകയാണ്. പകരം വയ്ക്കാൻ ഒന്നുമില്ലെങ്കിൽ ആവർത്തനങ്ങൾ തുടരുകയേ നിവൃത്ത്യുള്ളൂ. 

പക്ഷെ ശാസ്ത്രത്തിന്റെ കാര്യം അതല്ല. കാളവണ്ടിയ്ക്ക് പകരം യന്ത്രവണ്ടികൾ വന്നു. വിമാനം വന്നു. അമ്മിയ്ക്ക് പകരം മിക്സി വന്നു. ഉരലിനു പകരം മില്ല് വന്നു. വിറകടുപ്പിനു പകരം ഗ്യാസ് സ്റ്റൌ വന്നു. റേഡിയോയ്ക്ക് പകരം ടി.വി വന്നു. താളിയോലകൾക്ക് പകരം കടലാസ്സ്. അച്ചടി മാധ്യമങ്ങൾക്ക് പകരമിതാ നവ മാധ്യമങ്ങൾ വന്നു. ശാസ്ത്രം മുന്നോട്ടുതന്നെ. സംസ്കാരമോ? ഒരർത്ഥത്തിൽ അതിപ്പോഴും മതബന്ധിതമായി കിടക്കുന്നു. 

കാ‍ലത്തിന്റെ മാറ്റം മതങ്ങൾക്ക് അത്രവേഗം ഉൾക്കൊള്ളാനുമാകില്ല. അത് നിലനില്പിന്റെ പ്രശ്നമാണ്. ആചാരങ്ങളുടെയും ധനശേഷിയുടെയും കായികശേഷിയുടെയും ബലത്തിലാണ് മതങ്ങൾ നില‌നിൽക്കുന്നത്. അത്തരം ശേഷികൾ ഏറ്റവും കൂടുതലുള്ളത് ഇന്നും മതങ്ങൾക്കാണ്. കാരണം മതം അത്രമാത്രം അടിവേരുകൾ ഉള്ളതാണ്. അവയുടെ നല്ലവശങ്ങൾ സ്വാംശീകരിച്ച് കാലനുസൃതമാക്കിയാൽ തന്നെ സംസ്കാരം പുരോഗമിമിക്കും. മതങ്ങളും മനുഷ്യരും ഗുണപരമായും കാലാനുസൃതമായും പുരോഗമിക്കും. 

മതവും രാഷ്ട്രീയവും നന്നായാൽ മനുഷ്യനു പിന്നെ നന്നാകാതിരിക്കാനാകില്ല. മറ്റൊന്ന് ആത്യന്തികമായി ശാസ്ത്രത്തിന് മാനവരാശിയുടെ സമ്പൂർണ്ണവിജയം നേടാതിരിക്കാനുമാകില്ല. കാരണം ഇന്ന് ശാസ്ത്രത്തെ അംഗീകരിക്കാത്തവരും ശാസ്ത്രത്തിന്റെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളും അനുഭവിക്കുന്നുണ്ട്. ചരിത്രത്തെ പുറകോട്ട് വലിക്കാൻ ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗം ചെയ്യുന്നുപോലുമുണ്ട്. നല്ല ചിന്തകളും നല്ല സ്വപ്നങ്ങളും കാണാനെങ്കിലും ഓണം പോലെ നിലവിലുള്ള ആഘോഷങ്ങൾ പ്രയോജനപ്പെട്ടാൽ മതിയായിരുന്നു.

Monday, September 16, 2013

ബ്ലോഗാത്മകം

തരംഗിണി ഓൺലെയിൻ മാസികയുടെ ഓണപ്പതിപ്പിൽ (2013 സെപ്റ്റംബർ ലക്കം) ഞാനുമായി ജെസ്‌ലി ജെയിംസ് നടത്തിയ അഭിമുഖം.
http://tharamginionline.com/articles/viewarticle/392.html


ആ അഭിമുഖം ഇപ്പോൾ ഇവിടെയും  വായിക്കാം.  പിന്നിട്  2013 നവംബർ 25-ന്  അപ്ഡേറ്റ് ചെയ്തത്

ബ്ലോഗാത്മകം 

(തരംഗിണി ഓണ്‍ലൈൻ മാസികയിൽ   ശ്രിമതി ജെസിലി ജെയിംസ്‌   ഞാനുമായി  നടത്തിയ ഓൺലെയിൻ അഭിമുഖം)

Q:താങ്കൾ ഒരു ബ്ലോഗറും ബൂലോഗത്തിന്റെ  നല്ല പ്രചാരകനുമാണ്.  എന്നാ‍ൽ അച്ചടി മാധ്യമങ്ങളിലും എഴുതാറുണ്ട്. പക്ഷെ ബ്ലോഗിനോട് മത്രം എന്താണിത്ര വൈകാരികത? ബ്ലോഗിന്റെ ആവേശം ഇനിയും കെട്ടടങ്ങിയില്ലേ?

A:എന്തുകൊണ്ട് കെട്ടടങ്ങണം? ബ്ലോഗ് എനിക്ക് ഇന്നും ആവേശമാണ്. അതിന് കാരണങ്ങളുമുണ്ട്. ഞാൻ ബ്ലോഗിംഗ് ഇന്നും തുടരുന്നു. ഇപ്പോൾ ബ്ലോഗിംഗിന്റെ മേഖലകൾ കൂടുതൽ വിശാലമായിരിക്കുന്നു. സ്വന്തം നിലയിൽ വിവിധ ഓൺലെയിൻ മാഗസിനുകളിലും  ഫെയ്സ്ബൂക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്വർക്കുകളിലും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതും ബ്ലോഗിംഗ് ആണ്. ശരിക്കും അവനവൻ പ്രസാധനത്തെയാണ് ബ്ലോഗിംഗ് എന്നു വിളിക്കുക. അത് ഒറ്റയ്ക്കോ കൂട്ടമായോ ചെയ്യാം. സർവ്വതന്ത്രസ്വതന്ത്രമായ എഴുത്തും വായനയുമാണ് ബ്ലോഗിംഗ്. അവിടെ എഴുത്തുകാരനും തിരുത്തുകാരനും പ്രസാധകനും ഒന്നുതന്നെ. ഓൺലെയിൻ എഴുത്തിനെ നമുക്ക്  മൊത്തത്തിൽ  ഇ-എഴുത്ത് എന്ന് വിശേഷിപ്പിക്കാം. അച്ചടി മേഖലയിലെ എഴുത്തിനെ അ-എഴുത്ത് എന്നും വിശേഷിപ്പിക്കാം. രണ്ടും തമ്മിലുള്ള വ്യത്യാസം പക്ഷെ സാങ്കേതികാർത്ഥത്തിലുള്ളതു മാത്രമാണ്.

Q: ബ്ലോഗെഴുത്തിന് നിലവാരമില്ലെന്ന വിമർശനങ്ങളെപറ്റി?

A: നല്ല ബ്ലോഗുകൾ വായിച്ച് അസൂയ മൂത്തവർ പറയുന്നതാകും. അ, ഇ എന്നീ  എഴുത്തുകളിൽ ഒന്ന് മെച്ചവും മറ്റൊന്ന് മോശവും അല്ല. രണ്ടിനും അതിന്റേതായ മെച്ചവും പരിമിതികളും ഉണ്ട്. നിലവാരമുള്ളതും ഇല്ലാത്തതും അ-എഴുത്തിലും ഇ-എഴുത്തിലും ഉണ്ട്. ഇ-എഴുത്തുകാർ ഇന്റെർ നെറ്റ് ഉപയോഗിക്കാൻ അറിയാത്ത തങ്ങളെ കവച്ചു വയ്ക്കുമോ എന്ന പേടി കൊണ്ട് ചില അ-എഴുത്തുകാർ ബ്ലോഗുകൾക്കെതിരെ പിച്ചും പേയും പറഞ്ഞു നടക്കുന്നുണ്ട്. കാലം മാറുന്നത് അവർ അറിയുന്നില്ല.

Q: എന്തുകൊണ്ടാണ് താങ്കൾക്ക് ബ്ലോഗ് ഇത്ര പ്രിയങ്കരമായ ഒരു മാധ്യമമായത്?

A: എനിക്ക് മാത്രമല്ല, ലോകത്തുതന്നെ എത്രയോ പേർക്ക് ബ്ലോഗ് പ്രിയങ്കരമാണ്! സ്വന്തമായൊരു ബ്ലോഗും  സർവ്വതന്ത്രസ്വതന്ത്രമായ എഴുത്തും എനിക്കും പ്രിയങ്കരംതന്നെ. അവരവർക്ക് ഇഷ്ടപ്പെടുന്നത്, ഇഷ്ടപ്പെടുന്നതുപോലെ, ഇഷ്ടപ്പെടുന്ന  സമയങ്ങളിൽ ആരുടെയും ഇടപെടലുകളില്ലാതെ പ്രസിദ്ധീകരിക്കാൻ കഴിയുന്ന മാധ്യമമാണ് ബ്ലോഗ്. എഴുതാൻ കഴിവുള്ളവർക്ക് മാത്രമുള്ളതല്ല, എഴുതാൻ ആഗ്രഹിക്കുന്നവർക്കു കൂടിയുള്ളതാണ് ബ്ലോഗ്. അത് പുതിയ എഴുത്തുകാരെ സൃഷ്ടിക്കും. ബ്ലോഗുകൾ ജനാധിപത്യത്തെ സാക്രികമാക്കും. ശക്തിപ്പെടുത്തും. ബ്ലോഗെഴുത്തിന്റെയും വായനയുടെയും സുഖവും സംതൃപ്തിയും ഒന്ന് വേറെതന്നെയാണ്. ബ്ലോഗിന്റെ വസന്തകാലം കഴിഞ്ഞു എന്നെല്ലാമുള്ള പ്രചരണം നടക്കുന്നുണ്ട്. അത് ശരിയല്ല. മലയാളത്തിലെ പ്രശസ്തരായ ബ്ലോഗർമാരിൽ ചിലർ സജീവമല്ലാതായി  എന്നു കരുതി ബ്ലോഗിന്റെ കാലം കഴിയുകയില്ല. ബ്ലോഗ് വിവിധ ഭാഷകളിൽ ലോക വ്യാപകമായി പ്രചാരമുള്ള ഒരു മാധ്യമമാണ്. സ്വന്തം വെബ് സൈറ്റുകൾ വഴി എഴുതുന്നതും ബ്ലോഗിംഗ് ആണ്. മുമ്പത്തെ പോലെ ഗൂഗിളിന്റെ ബ്ലോഗ്ഗർ സൈറ്റിലോ വേർഡ് പ്രസ്സിലോ എഴുതുന്നത് മാത്രമല്ല ബ്ലോഗ്. ആദ്യമായി ബ്ലോഗെഴുത്തിന് വേണ്ടത്ര സൌകര്യമൊരുക്കിയത് ബ്ലോഗ്ഗെർ സൈറ്റ് സേവനത്തിലൂടെ   ഗൂഗിൾ ആണെന്നു പറയാം. ബ്ലോഗ് എന്ന വാക്കുതന്നെ അവരിൽ നിന്ന് പ്രചാരം നേടിയതാണ്. അതുകൊണ്ടുതന്നെ ഇന്റെർനെറ്റിലൂടെയുള്ള  സർഗ്ഗസൃഷ്ടിപ്രസാധനത്തെ മൊത്തത്തിൽ   ബ്ലോഗിംഗ് എന്നു പറയുന്നതിൽ അപാകതയൊന്നുമില്ല.

Q: എങ്ങനെയാണ് ബൂലോകത്തേയ്ക്ക് വന്നത്?

A: സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലത്തൊന്നും കമ്പ്യൂട്ടർ പഠിക്കാൻ അവസരമുണ്ടായില്ല. ശരിക്കും കമ്പെട്ടി നേരെ കണ്ടിട്ടുകൂടിയില്ലായിരുന്നു അക്കാലത്ത്. പിന്നീട് ഞാൻ പാരലൽ കോളേജ് അദ്ധ്യാപനത്തിലേയ്ക്ക് കടന്നു. സ്വന്തമായി ഒരു പാരലൽ കോളേജ്  തുടങ്ങിയപ്പോൾ കമ്പ്യൂട്ടർ വാങ്ങി. ഐ.ടി ഒക്കെ അതിനോടകം പാഠ്യപദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. അപ്പോൾ അതൊരാവശ്യമായി. എനിക്കത് പഠിക്കണമെന്നും  തോന്നി. പഠിച്ചാൽ അത്യാവശ്യം കുട്ടികളെ പഠിപ്പിക്കുകയുമാകാമല്ലോ. കമ്പെട്ടി നമ്മളെക്കൊണ്ട് പഠിക്കാൻ കഴിയില്ല, നമുക്കതു വഴങ്ങില്ലാ എന്നൊക്കെയായിരുന്നു അതുവരെ മറ്റ് പലരെയും പോലെ ഞാനും  തെറ്റിദ്ധരിച്ചിരുന്നത്. എന്റെ സ്ഥാപനത്തിലെ ചില സഹാദ്ധ്യാപകരുടെ സഹായത്തോടെയാണ് ഞാൻ കമ്പെട്ടി പഠിച്ചത്. അവരിൽ ചിലർ എന്റെ പൂർവ്വ വിദ്യാർത്ഥികൾതന്നെ ആയിരുന്നു. അവരിൽ  കമ്പ്യൂട്ടർ ഹാർഡ് വെയറും സോഫ്റ്റ് വെയറുമൊക്കെ പഠിച്ചവരുണ്ടായിരുന്നു. അവരിൽ കപിലായിരുന്നു എന്നെ ആദ്യം മൌസ് പിടിപ്പിച്ചത്. കാര്യങ്ങൾ നന്നായി പറഞ്ഞുതരാൻ കപിലിനു  കഴിഞ്ഞു. (കഴിയാതിരിക്കില്ലല്ലോ. അവൻ എന്റെ വിദ്യാർത്ഥിയല്ലേ? :) ) തുടക്കം നന്നായി. മൌസിന്റെ പ്രവർത്തനമൊക്കെ എനിക്ക് ആദ്യം മഹാത്ഭുതമായിരുന്നു. “ശിഷ്യഗുരുക്കളിൽ“ നിന്നും ബാലപാഠങ്ങൾക്കു ശേഷം ദിവസങ്ങളോളം  മിനക്കെട്ടിരുന്ന് സ്വന്തം നിലയിൽ  പഠനം തുടർന്നു.  ഒരുവിധം ഭംഗിയായി കമ്പെട്ടി ഉപയോഗിക്കാൻ പഠിച്ചുവെന്നർത്ഥം. പിന്നീട് തട്ടത്തുമലയിൽ  ബ്രോഡ് ബാൻഡ് വന്നപ്പോൾ ഞാനും ഒരു കണക്ഷൻ എടുത്തു. പിന്നെ നെറ്റിലായി കളി. ഇന്റെർനെറ്റ് ബ്രൌസിംഗ് തുടങ്ങിയതോടെതന്നെ ഇ-മെയിൽ ഐ.ഡി ഉണ്ടാക്കി. താമസിയാതെതന്നെ  ഓർക്കുട്ടിൽ അക്കൌണ്ട് തുടങ്ങി. കുറെനാൾ അതിലായിരുന്നു കളി. കൂടെത്തന്നെ  ഓർക്കുട്ടിൽ നിന്നും ലഭിച്ച ചില ലിങ്കുകൾ വഴി ഏതൊക്കെയോ ബ്ലോഗുകളിലെത്തി. ബ്ലോഗിനെക്കുറിച്ച് അല്പം ചിലതു മനസ്സിലാക്കിയിരുന്ന എന്റെ പൂർവ്വവിദ്യാർത്ഥിയും സഹാദ്ധ്യാപകനുമായിരുന്ന സുഹാസിന് ബ്ലോഗിനെക്കുറിച്ച് അല്പമാത്രമായി  അറിയാമായിരുന്നു. അത് വച്ച് അദ്ദേഹത്തിന്റെ സഹായത്തോടെ ബ്ലോഗ് തുടങ്ങി.

Q: ആദ്യപോസ്റ്റുകൾ എന്തൊക്കെയായിരുന്നു?

A: ബ്ലോഗ് തുടങ്ങി ആദ്യംതന്നെ മുമ്പ് പ്രസിദ്ധീകരിച്ചതും എഴുതി വച്ചിരുന്നതുമായ കുറെ കവിതകളും കഥകളും  ലേഖനങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ  ആദ്യാക്ഷരി എന്ന   പാഠശാലാ ബ്ലോഗിൽ എത്തിയതോടെ  ബ്ലോഗിംഗിന്റെ സാങ്കേതിക വശങ്ങൾ അത്യാവശ്യം വേണ്ടതെല്ലാം മനസ്സിലാക്കി. ആ ആവേശത്തിൽ ഒരുപാട് ബ്ലോഗുകൾ ഞാൻ ക്രിയേറ്റ് ചെയ്തു.   അങ്ങനെ  ഞാനും ഒരു സജീവ ബ്ലോഗ്ഗർ ആയി. പിന്നെ ബ്ലോഗില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല. ഒരു ഇന്ത്യൻ പൌരൻ കമ്പ്യൂട്ടർ സാക്ഷരനായിരിക്കണം. ഓരോ പൌരനും സ്വന്തമായി മിനിമം ഒരു ഇ-മെയിൽ ഐഡിയും ഒരു ബ്ലോഗും ഉണ്ടായിരിക്കണം എന്നാണെന്റെ പക്ഷം. ഒരു ഓൺലെയിൻ മേൽ വിലാസം.

Q: പ്രിന്റഡ് മീഡിയയിലും ഓൺലെയിൻ മീഡിയകളിലും എഴുതുന്നുണ്ടല്ലോ. ഏതിനോടാണ് കൂടുതൽ താല്പര്യം?

A: താല്പര്യം രണ്ടിനോടും ഉണ്ട്. ഒന്ന് നല്ലതും ഒന്നു മോശവും എന്നു പറയാനാകില്ല. രണ്ടിനും മെച്ചവും പരിമിതിയുമുണ്ട്. പക്ഷെ ബ്ലോഗ് തുടങ്ങിയപ്പോൾ  എനിക്ക് പറ്റിയ മേഖലയിൽ ഞാൻ എത്തിയെന്നൊരു തോന്നൽ. പ്രിന്റഡ് മീഡിയയിൽ എഴുതിയാൽ സാമ്പത്തികനേട്ടം കൂടി ലഭിക്കുമെന്ന പ്രചോദനമുണ്ട്. അത് ഭാവിയിൽ ഓൺലെയിൻ മീഡിയകളിലും ഉണ്ടായ്‌വരും. ഇപ്പോഴും ഓൺലെയിൻ പ്രസിദ്ധീകരണങ്ങളിൽ ചിലത് എഴുത്തുകാർക്ക് റോയൽറ്റി നൽകുന്നുണ്ട്. പക്ഷെ നിലവിൽ ബ്ലോഗെഴുത്ത് ആത്മസംതൃപ്തിയ്ക്കേ ഉപകരിക്കൂ. പണം കിട്ടാനുള്ള സാദ്ധ്യത വളരെ വിരളമാണ്. പക്ഷെ അവനവൻ പ്രസാധനത്തിൽ പ്രതിഫലമല്ലല്ലോ പ്രചോദനം. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിനും മറ്റ് ഓൺലെയിൻ പ്രസിദ്ധീകരണങ്ങൾക്കുമാണ് ഇന്ന് വായനക്കാർ കൂടുതൽ. മാത്രവുമല്ല എഴുത്തുകാരനും വായനക്കാരനും തമ്മിൽ സംവദിക്കാൻ ബ്ലോഗിൽ കഴിയും. അവിടെ എഴുത്തുകാരനും വായനക്കരനും തമ്മിൽ നല്ലൊരു ബന്ധം ഉടലെടുക്കാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് ലോകത്തെങ്ങും ഇന്ന് ബ്ലോഗ് മീറ്റുകളും മറ്റും നടക്കുന്നത്. മലയാള ബ്ലോഗ്ഗർമാർ നാട്ടിലും പുറത്തും കൂടെക്കൂടെ ഒത്തു ചേരുന്നുണ്ടല്ലോ. അത് ബ്ലോഗ്‌ലോകത്തിന്റെ ഒരു സവിശേഷതയാണ്.  എന്നാൽ പ്രിന്റഡ് മീഡിയയിൽ എഴുത്തുകാരനും വായനക്കാരനും തമ്മിൽ വലിയ അകലമുണ്ട്. സാധാരണ ബ്ലോഗെഴുത്തുകാർക്ക് പ്രിന്റെഴുത്തുകാരുടെ ജാഡകളും  ഞാനെന്ന ഭാവങ്ങളും മസിലു പിടിത്തവുമൊന്നുമില്ല. അതുകൊണ്ട് ഞാൻ ബ്ലോഗ് കൂടുതൽ ഇഷ്ടപ്പെടുന്നു. എം.ടിയ്ക്കില്ലാത്ത ജാഡകളാണ് ചില തുക്കടാ അച്ചടി എഴുത്തുകാർക്ക്!

Q: അത്തരം ചിലരുടെ ജാഡകളായിരിക്കും മുഖ്യധാരാ എഴുത്തുകാർക്കെതിരെ പലപ്പോഴും താങ്കൾ വിമർശനങ്ങൾ ഉന്നയിക്കുന്നത്?

A: ഹേയ്, അല്ലല്ല. മറ്റുള്ളവർ ജാഡ കാണിക്കുന്നതുകൊണ്ട് എനിക്ക് ഒരു നഷ്ടവുമില്ല. മറിച്ച് അ-എഴുത്ത് കേമവും ഇ-എഴുത്ത് തരംതാണതും എന്നമട്ടിൽ അഭിപ്രായം പറയുന്നവരെ വിമർശിച്ച് ഞാൻ ബ്ലോഗെഴുതാറുണ്ട്. ബ്ലോഗ്ഗർമാരെ തൊട്ടുള്ള കളി വേണ്ട. പിന്നെ ഈ മുഖ്യധാര,  അല്ലാത്ത ധാര എന്ന് ഇനി വെറുതെ പറഞ്ഞുപരത്തരുത്. അങ്ങനെയൊരു വേർതിരിവില്ല. എഴുത്തുകാർക്ക് ഒരു ധാരയേ ഉള്ളൂ. ഓൺലെയിനിലും അച്ചടിയിലും നല്ലതും ചള്ളുമുണ്ട്. എഡിറ്ററുടെ കത്തികയറാത്ത സാഹിത്യസൃഷ്ടിയൊന്നും മെച്ചമല്ലെന്ന് പറയാൻ ആർക്കാണധികാരം? “മഹാനായ” എഡിറ്ററവർകളുടെ ഇടപെടലുകൾ കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന അച്ചടി സാഹിത്യം മുഴുവൻ എല്ലാം തികഞ്ഞവയാണോ? ഈ എഡിറ്റർ എന്നു പറയുന്നത് എല്ലാം തികഞ്ഞ ആളല്ല.

Q: താങ്കളും  ഒരു എഡിറ്ററല്ലേ?

A: അതെ,  ഞാൻ എല്ലാം തികഞ്ഞ ആളല്ല. ഒരു പക്ഷെ ഒന്നുമല്ല. ഓൺലെയിൻ മാധ്യമങ്ങൾ ആയാലും അച്ചടിമാധ്യമങ്ങൾ ആയാലും അതിൽ വരുന്ന എല്ലാ സൃഷ്ടികളും ചീഫ് എഡിറ്റർ കണ്ടിട്ടാ‍ണ് പ്രസിദ്ധീകരിക്കപ്പെടുന്നത് എന്നതുതന്നെ തെറ്റായ ധാരണയണ്. ചീഫ് എഡിറ്ററുടെ  മൊത്തത്തിലുള്ള  ഒരു കണ്ണോട്ടവും ചില ഇടപെടലുകളും ഉണ്ടാകും. എല്ലാം അങ്ങനെയെന്നല്ല. കൂടുതലും അങ്ങനെ തന്നെ. ഞാൻ ഒന്ന് സാമാന്യവൽക്കരിച്ചു പറഞ്ഞതാണ്. എന്തായാലും മിക്ക പ്രസിദ്ധീകരണങ്ങളിലും  എഡിറുടെയോ ഉടമസ്ഥന്റെയോ അല്ലെങ്കിൽ അതിനുള്ളിൽ പ്രവർത്തിക്കുന്നവരുടെയോ വേണ്ടപ്പെട്ടവരുടെ സൃഷ്ടികൾ അവരുടെ സ്വാധീനത്താൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എഡിറ്റർമഹാൻ അടുത്ത ലക്കം തുറന്നു നോക്കുമ്പോൾ തന്റെ മുന്നിൽ വരാത്ത സൃഷ്ടികളും  കണ്ടെന്നിരിക്കും. അല്ലെങ്കിൽ ഒരുപാട് പേർ എഴുതുന്നു, കുറച്ചുപേരുടേത് മാത്രം വെളിച്ചം കാണുന്നു, കുറച്ചുപേർ മാത്രം അറിയപ്പെടുന്നു എന്നൊരു നില വരില്ലല്ലോ.  അങ്ങനെ “സ്വന്തംകൊണ്ടാടി“ വളർന്ന എത്രയോ “മഹാ” സാഹിത്യകാരൻ‌മാർ ഇവിടെയുണ്ട്. ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. അതൊക്കെ സ്വാഭാവികം. അല്ലാതെ അച്ചടി മാധ്യമങ്ങൾക്കു മാത്രമായി വലിയ കേമത്തമൊന്നും ആരും  അവകശപ്പേടേണ്ടതില്ല. 

Q: തരംഗിണിയിൽ വരുന്ന സൃഷ്ടികളിൽ താങ്കളുടെ കത്രിക എത്രത്തോളം പ്രവർത്തിക്കാറുണ്ട്?

A: ആ ചോദ്യം താങ്കൾ ഈ അഭിമുഖത്തിൽ ചോദിച്ചുകൂടാത്തതാണ്. എങ്കിലും പറയാം. തരംഗിണി ഒരു  വ്യക്തിഗത ബ്ലോഗോ ഗ്രൂപ്പ് ബ്ലോഗോ അല്ല. മാഗസിനാണ്. അതിന്റെ നടത്തിപ്പുകാരന് അഥവാ നടത്തിപ്പുകാർക്ക്  അത് പരമാവധി സൂക്ഷ്മതയോടും മെച്ചപ്പെട്ടരീതിയിലും ചെയ്യണമെന്നുണ്ടാകും. അതുകൊണ്ട് എഡിറ്റോറിയൽ ബോർഡിനെ വയ്ക്കും.  അതിൽ ഒരാൾ മാത്രമാണ് ഞാൻ. അതിൽ ഒരു നേതൃത്വം  എഡിറ്റർക്കുണ്ടെന്നു മാത്രം. തരംഗിണിയിൽ വരുന്ന എല്ലാ സൃഷ്ടികളിലും ഞാൻ ഇടപെടാറില്ല. എനിക്ക് നിലവാരം നിർണ്ണയിക്കാനാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട സൃഷ്ടികൾ നോക്കി തീർപ്പു കല്പിക്കുവാൻ  എഡിറ്റോറിയൽ ബോർഡിൽ വേറെയും  ആളുകളുണ്ട്. തരംഗിണിയുടെ സാരഥി ഡോ. ബിജു ഏബ്രഹാമാണ്. അദ്ദേഹത്തിനിഷ്ടപ്പെടുന്ന ചിലത് അദ്ദേഹം തന്നെ എഡിറ്റ് ചെയ്തിടും. അതിനു കഴിയുമെന്നതുകൊണ്ടാണല്ലോ  അദ്ദേഹമീ മാസിക തുടങ്ങിയത്. ഇത് കൂട്ടായ പ്രവർത്തനമാണ്. ഇതിൽ ആർക്കും അപ്രമാദിത്വമില്ല. എന്റെ പരിമിതമായ അറിവ് വച്ച് ഞാൻ എന്നെ ഏല്പിക്കുന്ന ജോലികൾ ചെയ്യുന്നു. അതുമാത്രമല്ല, ഒരാൾക്ക് മൊശമെന്ന് തോന്നുന്നത് മറ്റുള്ളവർക്കും അങ്ങനെ തന്നെ തോന്നണമെന്നില്ല. പല എഡിറ്റർമാരും ചവറ്റുകുട്ടകളിലേയ്ക്ക് വലിച്ചെറിഞ്ഞ പല സൃഷ്ടികളും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട് പ്രശസ്തരായ എത്രയോ എഴുത്തുകാരുണ്ട്. അവർ എത്രയോ വലിയ പുരസ്കാരങ്ങൾ നേടിയിരിക്കുന്നു. ഇതെല്ലാം എല്ലാവർക്കും അറിയാം. പിന്നെ എന്തിന് നമ്മൾ കണ്ണടച്ചിരുട്ടാക്കണം?

Q: ബ്ലോഗുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കൂടുതൽ താല്പര്യമെന്നുപറഞ്ഞപ്പോൾതന്നെ മനസ്സിലായിരുന്നു അതുമായി ബന്ധപ്പെട്ട് താങ്കൾ കുറെ കാര്യങ്ങളിൽ വാചാലമാകുമെന്ന്. ഇനി നമുക്ക് അല്പം വ്യക്തിപരമായ കാര്യങ്ങൾ ആയാലോ? ഒരു ജീവിതരേഖ?
 
A: എന്നുവച്ചാൽ  ആത്മപ്രശംസയാണ്. സാരമില്ല. നമ്മെപ്പറ്റി നമ്മൾ ആല്ലാതെ ആരു പറയാൻ! 

Q: താങ്കൾ ശരിക്കും ഒരു രാഷ്ട്രീയ ജീവിയായിരുന്നില്ലേ? എങ്ങനെയാണ് എഴുത്തിന്റെ വഴിയിലേയ്ക്ക് വന്നത്?

A: ഹഹഹ! രാഷ്ട്രീയ ജിവിയോ? അങ്ങനെ ഒരു ജീവി ഉണ്ടോ? ഞാൻ ജനിച്ചുവളർന്ന ജീവിതപരിസരങ്ങൾ എന്നെ പലവിധത്തിലും സ്വാധീനിച്ചിട്ടുണ്ട്. വലിയ കേമനും പ്രശസ്തനുമൊന്നുമായില്ലെങ്കിലും എനിക്ക് രാഷ്ട്രീയം  വായന എഴുത്ത് അദ്ധ്യാപനം പ്രസംഗം  അഭിനയം വായനശാലാ പ്രവർത്തനം   ഇതൊക്കെ പണ്ടേ ഇഷ്ടവിഷയങ്ങളാണ്. ഇതിൽ ഏതിനോടാണ് കൂടുതൽ ആഭിമുഖ്യം എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വിഷമിക്കും. ഒത്താലും ഒത്തില്ലെങ്കിലും ഞാൻ ഇതിലെല്ലാം കൈവച്ചിട്ടുണ്ട്. കഴിവുണ്ടായിട്ടൊന്നുമല്ല, താല്പര്യം കൊണ്ടുമാത്രം!  എന്റെ പിതാവ് പലകാര്യങ്ങളിലും  എനിക്ക് പ്രചോദനമായിട്ടുണ്ട്.  വാപ്പ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക   പ്രവർത്തകനായിരുന്നു. ഞാനും ചെറിയതോതിൽ  അങ്ങനെയൊക്കെയായി. വാപ്പ വായനശാലാ പ്രവർത്തകനായിരുന്നു. ഞാനും വായനശാലാ പ്രവർത്തകനായി. അദ്ദേഹം നാടകപ്രവർത്തകനായിരുന്നു. നാടകമെഴുത്തും അഭിനയവും എനിക്കും ഹരം തന്നെ. വാപ്പ അദ്ധ്യാപകനായിരുന്നു. ഞാൻ പാരലൽ കോളേജ് അദ്ധ്യാപകനെങ്കിലും ആയി. വാപ്പ വ്യാപരിച്ച മേഖലകളിലെല്ലാം ഞാനും കൈവയ്ക്കാൻ നോക്കി. പഴയ വായനക്കാലത്തിന്റെ ആവേശത്തിൽ വല്ലപ്പോഴും  വല്ലതുമൊക്കെ എഴുതാനും ശ്രമിക്കുന്നു.  എല്ലാം എന്റെ ഇട്ടാവട്ടങ്ങളിൽ നിന്ന്, പരിമിതികൾക്കുള്ളിൽ നിന്ന് അണ്ണാൻ കുഞ്ഞും തന്നാലായത് എന്നതുപോലെ!

Q: വായനാ ശീലം കൊച്ചിലേ ഉണ്ടോ? ഒരുപാട് വായിക്കുമ്പോഴാണ് കുറച്ച് എഴുതാൻ കഴിയുക എന്ന് താങ്കൾ ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ പറയുന്നത് കേട്ടിട്ടുണ്ട്. ?

A: തട്ടത്തുമലയിലെ  കെ.എം. ലൈബ്രറി സ്ഥാപിക്കുന്നതിൽ മുൻ‌നിന്ന്, അതിനുവേണ്ടി ജീവിതം  ഉഴിഞ്ഞുവച്ച ആളാണ് എന്റെ പിതാവ്.  ആ  ലൈബ്രറിയിലുള്ള ഒരുമാതിരി പുസ്തകങ്ങൾ എല്ലാം ഞാൻ ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ തന്നെ വായിച്ചു തീർത്തിരുന്നു. അന്നത്തെ അറിവുകൾ മാത്രമാണ് സത്യത്തിൽ എന്റെ കൈമുതൽ. അല്ലാതെ പിന്നീട് അത്ര  വയനയൊന്നുമുണ്ടായിട്ടില്ല. ബ്ലോഗിൽ വന്നശേഷം കുറച്ച് വായനയും എഴുത്തുമൊക്കെ വീണ്ടും ഉണ്ടായി വന്നിട്ടുണ്ട്.
 
Q: ജിവിതരേഖ പൂർണ്ണമായില്ലല്ലോ, സാർ......ജനനം, വിദ്യാഭ്യാസം, കുടുംബം.......?

ഒരു സാധാരണ മനുഷ്യൻ. തട്ടത്തുമല ഗവ.എച്ച്.എസ്.എസ്, നിലമേൽ എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം ഗവ. ആർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്കൂൾ കോളേജ് കാലം മുതൽക്കേ രാഷ്ട്രീയ പ്രവർത്തനമുണ്ട്. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ  എളിയ പ്രവർത്തനങ്ങൾ ഇപ്പോഴുമുണ്ട്. ഉപജീവനാർത്ഥം ചെറിയൊരു പാരലൽ കോളേജ് നടത്തിവരുന്നു. പിതാവ് പ്രൈമറി സ്കൂൾ അദ്ധ്യാപകനും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനുമായിരുന്നു. നാട്ടിലെ സ്കൂൾ, വായനശാല തുടങ്ങിയ പല പൊതു സ്ഥാപനങ്ങളും  സ്ഥാപിക്കുന്നതിൽ മുൻനിന്നു പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം.  അവർ സ്ഥാപിച്ച സർക്കാർ സ്കൂളിൽ തന്നെ ജിവിതത്തിന്റെ നല്ലൊരു പങ്കും അദ്ധ്യാപകനായിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്റെ പിതാവ് മുൻനിന്ന്  സ്ഥാപിച്ച വായനശാലയിൽ  അദ്ദേഹത്തോടൊപ്പം ചെലവഴിച്ച കുട്ടിക്കാലം എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഉമ്മ വിദ്യാഭ്യാസമുണ്ടെങ്കിലും വീട്ടമയാണ്. ഒരു സഹോദരി. അവൾക്ക് ഭർത്താവും രണ്ടു കുട്ടികളും. ഞാൻ വിവാഹിതനല്ല. ഇപ്പോൾ തന്നെ ഇത്രയൊക്കെ സ്വയം വാഴ്ത്താൻ ഇവൻ ആരെടാ എന്ന് വായിക്കുന്നവർ ചോദിക്കാൻ മാത്രമായി. ഇനി നമുക്ക് നിർത്തിയാലോ?

Q: അല്ലാതെ ഇതിലപ്പുറം ഒന്നുമില്ലെന്നു സമ്മതിക്കില്ല?

A: സമ്മതിച്ചു സമ്മതിച്ചു. ഇതുതന്നെ കൂടുതലാണ്.

Q: ഇത്രയും കാര്യങ്ങൾ തരംഗിണിയ്ക്കു വേണ്ടി പങ്കിട്ടതിനു നന്ദി.

A: താങ്കൾ ഈ വർത്തമാനം സഹിച്ചതിനും നന്ദി! ഇത് വായിച്ച് സഹിക്കാൻ പോകുന്ന ഹതഭാഗ്യർക്കും നന്ദി!

മാവേലിക്കഥ: ഭൂതകാലക്രിയയിലെ ഭാവിവർത്തമാനം

മാവേലിക്കഥ: ഭൂതകാലക്രിയയിലെ ഭാവിവർത്തമാനം

(തരംഗിണി ഓൺലെയിൻ മാഗസിനിലെ ഓണപ്പതിപ്പിൽ (2013 സെപ്റ്റംബർ ലക്കം ) എഴുതിയ എഡിറ്റോറിയൽ)


വീണ്ടുമൊരു ഓണക്കാലം വന്നു. മലയാളികളുടെ ഏറ്റവും വലിയ ഉത്സവകാലം. മഹാബലിക്കഥ ഒരു ഐതിഹ്യം മാത്രമല്ല. അത് മലയാളികളുടെ സമത്വദർശനമാണ്. ഭൂതകാലക്രിയയിൽ അവതരിപ്പിക്കുന്ന ആ ഐതിഹ്യം ഭവിയിയിലേയ്ക്കുള്ള വർത്തമാനമാണ്. പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള ഉപാധികൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. സൽഭരണവും ശാന്തിയും സമാധാനവും സാഹോദര്യവും സമത്വവും എല്ലം   അതിലുണ്ട്. മാനുഷരെല്ലാരുമൊന്നുപോലെ, ആമോദത്തോടെ, ആപത്തെങ്ങാനുമതാർക്കുമില്ലാതെ, കള്ളവും ചതിയുമില്ലാതെ  എള്ളോളം പൊളിവചനം പോലുമില്ലാതെ, കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാതെ ജീവിക്കുന്ന   സമ്പൽ സമൃദ്ധമായ ഒരു ലോകം സമ്പൂർണ്ണ സോഷ്യലിസമല്ലാതെ മറ്റൊന്നുമല്ല. ആ  ലക്ഷ്യത്തിലേയ്ക്ക് മുന്നേറാൻ നമുക്ക് ഈ ഓണവും പ്രചോദനമാകട്ടെ.

സമൃദ്ധിയുടെ ഉത്സവമാണ് ഓണം. എന്നാൽ സമൃദ്ധിയുടെ കര്യത്തിൽ ഇത്തവണത്തെ ഓണം എല്ലാവർക്കും ഒരു പോലെ അത്  അനുഭവഭേദ്യമാകുമോ എന്നറിയില്ല. കാരണം കാണം വിറ്റാലും ഓണംകൊള്ളാനാകുമോ എന്ന സന്ദേഹമാണ് പരക്കെ.  അത്രയ്ക്കുണ്ട് ഭരണകൂടനിയന്ത്രണങ്ങൾ ഭേദിച്ചു പൊയ്ക്കൊണ്ടിരിക്കുന്ന വിലവർദ്ധനവ്. തീപിടിച്ച വിലവർദ്ധനവിൽ അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണ് പൊതുജനം. അതുകൊണ്ടുതന്നെ,  സൽഭരണം കൊണ്ട് ജനങ്ങളുടെ സം‌പ്രീതിയ്ക്ക് പാത്രീഭവിച്ച  മഹാബലിയുടെ  വരവ് നമ്മളിൽ നല്ലൊരുപങ്ക് ആളുകളും ഇപ്പോൾ ആഘോഷിക്കുന്നത് സമകാലിക ഭരണകൂടസംവിധാനങ്ങളെ  തലയിൽ കൈവച്ച് പിരാകിക്കൊണ്ടായിരിക്കും. ജാതിമതഭേദമന്യേ എല്ലാ മലയാളികൾക്കും ഓണം ഏറിയും കുറഞ്ഞും ആഘോഷിക്കാതിരിക്കാനാകില്ല. കാരണം അതൊരു ആഘോഷം മാത്രമല്ല, ഒരു പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ്. 

രോഗങ്ങളോ മറ്റ് തരത്തിലുള്ള  ജീവിതപ്രയാസങ്ങളോ  അനുഭവിക്കുന്നവർക്ക് ഓണം ഒരു ആഘോഷമായിരിക്കുകയില്ല. ഓണം ആഘോഷിക്കാനാകാത്തതിന്റെ മനോവേദനയോടെയായിരിക്കും അവർക്ക് ഓണനാളുകൾ കടന്നു പോകുന്നത്. അത്തരം ആളുകളുടെ  ദു:ഖങ്ങളെ ആഘോഷത്തിമിർക്കുകൾക്കിടയിൽ നാം ഓർക്കാതെ പോകരുത്. സഹജീവികളോടുള്ള സ്നേഹവും ദയാവായ്പുകളും   ഒരു ആഘോഷവേളയിലും നമുക്ക് കൈവിട്ടുപോകരുത്. ആവശ്യത്തിനും അനാവശ്യത്തിനും  പണം ധൂർത്തടിക്കുമ്പോഴും നല്ലൊരു ആഘോഷത്തെ മദ്യമഹോത്സവമാക്കുമ്പോഴും ഭക്ഷണത്തിനും ഉടുതുണിയ്ക്കും പാർപ്പിടത്തിനും ചികിത്സയ്ക്കും മരുന്നിനും ഗതിയില്ലാതെ ഉഴലുന്നവർ നമുക്കിടയിൽ ധാരാളമുണ്ടെന്ന കാര്യം നമ്മൾ മറന്നുപോകരുത്.

മാനുഷരെല്ലാരുമൊന്നുപോലെ  സാഹോദ്യത്തോടും സൌഹൃദത്തോടും സമാധാനത്തോടും കഴിഞ്ഞുപോരുന്ന സമൂഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ വെറുപ്പും വിദ്വേഷങ്ങളും സംഘർഷങ്ങളും ഉണ്ടാകാതിരിക്കാൻ നമ്മൾ സദാ ജാഗ്രതപുലർത്തേണ്ടതുമുണ്ട്. അത് ഓണത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാണ്. ഓണം നമ്മിൽ ഒരുത്സാഹമായി കടന്നുപോകുമ്പോഴും ചില അപ്രിയ സത്യങ്ങളെ നമ്മൾ വിസ്മരിച്ചുകൂട. ആഘോഷങ്ങൾ നമുക്ക് ഉത്സാഹമാണ്. സന്തോഷമാണ്. കരുത്താണ്. പ്രതീക്ഷയാണ്. പ്രത്യേകിച്ചും ഓണം. അത് നമ്മൾ ആഘോഷിക്കുക. പക്ഷെ നമ്മൾ സ്വയം മതിമറക്കരുത്. കടമകൾ മറക്കരുത്.  അത്തരം ചില ഓർമ്മപ്പെടുത്തൽ കൂടിയാകട്ടെ ഈ  ഓണസന്ദേശം. തരംഗിണിയുടെ എല്ലാ വായനക്കാർക്കും ഓണാശംസകൾ! 

അ- എഴുത്തും ഇ-എഴുത്തും

 അ- എഴുത്തും ഇ-എഴുത്തും

ഓൺലെയിൻ സാഹിത്യം തഴച്ചുവളരുന്ന ഈ കാലത്ത് വായന മരിക്കുന്നു എന്ന വിലാപം അർത്ഥശൂന്യമാണ്. ഒരു കാലത്തും എല്ലാവരും എഴുത്തുകാരും എല്ലാവരും വായനക്കാരുമായിരുന്നിട്ടില്ല. ഇപ്പോഴും അതെ! സമൂഹത്തിൽ ഒരു ചെറുന്യൂനപക്ഷം മാത്രമാണ് ഏതു കാലത്തും എഴുത്തിന്റെയും വായനയുടെയും ലോകത്തേയ്ക്ക് കടന്നുവന്നിട്ടുള്ളത്. കാലങ്ങളെ താരമ്യം ചെയ്യുമ്പോൾ ഇക്കാലത്ത്   മുൻ കാലങ്ങളെ അപേക്ഷിച്ച് എഴുത്തുകാരുടെയും വായനക്കരുടെയും ലോകം വിപുലീകരിക്കപ്പെടുകയാണ്. വായനശാലയിൽനിന്നോ പുസ്തകക്കമ്പോളത്തിൽനിന്ന് വിലകൊടുത്തോ   പുസ്തകം വാങ്ങി വായിക്കുന്നതു മാത്രമാണ് വായനയെന്ന് കണക്കു കൂട്ടുന്നത് പുതിയ കാലത്ത് ഭൂഷണമല്ല. എഴുത്തെന്നാൽ അച്ചടിക്കുന്ന സൃഷ്ടികൾ മാത്രമാണ് എന്ന ധാരണയും ശരിയല്ല.   ഇ-വായനയും വായനയുടെ ഭാഗമാണ്. ഇ- എഴുത്തും എഴുത്തിന്റെ ഭാഗമാണ്. അ-എഴുത്തും ഇ-എഴുത്തും ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ മുതൽക്കൂട്ടാണ്. ഭാഷയെ കൊല്ലാൻ ചിലരുണ്ടെങ്കിലും ഇനി മലയാള ഭാഷയും സാഹിത്യവും മരിക്കുമെന്നൊരു ഭയാശങ്ക നമുക്ക് മാറ്റിവയ്ക്കാം.   എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്താൽ ഒരു ഭാഷയ്ക്ക് മരണമില്ല.  ഇ-എഴുത്തിന്റെയും ഇ-വായനയുടെയും  സജീവത നമ്മുടെ ഭാഷയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അതിർ വരമ്പുകൾ ഓൺലെയിൻ സാഹിത്യം വഴി ഇല്ലാതാകുകയാണ്. വായനക്കാർ ബഹുഭൂരിപക്ഷവും എഴുത്തുകാർ കൂടിയാകുന്ന വിസ്മയങ്ങൾക്ക് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുകയാണ്. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സർഗ്ഗസംവാദം ഒരു പുതിയ സാഹിതീയസംസ്കാരത്തിന് വിധേയമാകുകയാണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്.

ആർ എന്തൊക്കെ  പറഞ്ഞാലും വന്നുകൊണ്ടിരിക്കുന്നത് ഒരു ഓൺലെയിൻ യുഗമാണ്. എഴുത്തും വായനയും ഇനി ഓൺലെയിനിൽ ആയിരിക്കും. ചിത്രങ്ങളും ചലച്ചിത്രങ്ങളും ഇനി ഏറ്റവും കൂടുതൽ വീക്ഷിക്കപ്പെടുവാൻ പോകുന്നത് ഓൺലെയിനിൽ ആയിരിക്കും. ഓൺലെയിനിൽ ലഭ്യമാകുന്നത് ഡൌൺലോഡ്  ചെയ്ത് തങ്ങളുടെ കമ്പ്യൂട്ടർ ഡ്രൈവുകളിലാക്കി സമയവും സൌകര്യവും പോലെ ഉപയോഗിക്കുവാനുള്ള ഓപ്ഷൻ കൂടിയുള്ളതിനാൽ ഓൺലെയിൻ മാധ്യമങ്ങളുടെ പ്രസക്തി പിന്നെയും വർദ്ധിക്കുന്നു. പുസ്തകം, പത്രം, മാസിക ഇതെല്ലാം ഇനി വായിക്കപ്പെടാൻ പോകുന്നത് ഓൺലെയിനിൽ നിന്നായിരിക്കും. ലോകത്തെ പ്രശസ്തമായ പല പത്രങ്ങളും മാസികകളും അവയുടെ അച്ചടി മതിയാക്കി ഓൺലെയിൻ വെർഷനുകൾ മാത്രമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് വാർത്തകൾ. ഇന്നോ നളെയോ അച്ചടി മാധ്യമങ്ങളെ മൊത്തമായും ഓൺലെയിൻ മാധ്യമങ്ങൾ വിഴുങ്ങിക്കളയും എന്നല്ല; പക്ഷെ അച്ചടി മാധ്യമങ്ങളെക്കൾ ശക്തിയും പ്രാധാന്യവും ഓൺലെയിൻ മാധ്യമങ്ങൾക്ക് കൈവരും എന്ന കാര്യത്തിൽ സംശയിക്കാനില്ല. പുതുതലമുറയുടെ എഴുത്തും വായനയും മറ്റ് ബൌദ്ധികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങളുമെല്ലാം കമ്പെട്ടിബന്ധിതമയിരിക്കും. കമ്പെട്ടിയും ഇന്റർനെറ്റുമില്ലാത്ത ഒരു ലോക്കം ഇനിയുള്ള കാലത്ത് ചിന്തിക്കാൻ കൂടി കഴിയില്ല.

മൊബെയിൽ ഫോണുകൾ വഴി അനായാസം ഇന്റെർനെറ്റ് സൌകര്യം ലഭ്യമാകുന്നതിനാൽ പുതുതലമുറ സദാസമയവും ഓൺലെയിനിൽ ആയിരിക്കും. എഴുത്തിന്റെയും വായനയുടെയും ചിത്രം വരയുടെയും ലോകം ഇനിയാർക്കും കുത്തകയാക്കി വയ്ക്കാനാകില്ല.  ചലച്ചിത്രാവിഷ്കാരവും  ഒരു “വരേണ്യവർഗ്ഗത്തിനും” തങ്ങളുടെ അഹങ്കാരമായി കൊണ്ടു നടക്കാനാകില്ല. പത്രപ്രവർത്തനത്തിന്റെ കാര്യം  പറയാനുമില്ല. ഇന്ന് എല്ലാവരും ജേർണലിസ്റ്റുകൾ ആണ്. ഓൺലെയിൻ മാധ്യമങ്ങളിലൂടെ സിറ്റിസൺ ജേർണ്ണലിസം അരങ്ങുവാഴുന്ന കാലം സംജാതമായിക്കഴിഞ്ഞു. പരമ്പരാഗത അച്ചടി-ദൃശ്യമാധ്യമങ്ങളിൽ വരുന്നതിനേക്കാൾ വേഗത്തിൽ ഇന്ന് വാർത്തകൾ ഓൺലെയിൻ മാധ്യമങ്ങളിലൂടെ ലോകമറിയുന്നു. ഒരേസമയം ഫോണും കമ്പ്യൂട്ടറും ക്യാമറയും  കൊണ്ടു നടക്കുന്നവരാണ് ഇന്ന് ഓരോ പൌരൻ‌മാരും. എല്ലാവരും സദാജേർണ്ണലിസ്റ്റുകൾ എന്നർത്ഥം. എല്ലാവർക്കും സ്വയം എഴുത്തുകാരും പ്രശസ്തരും ആകാം.  ജനാധിപത്യത്തെയും പൌരാവകാശങ്ങളെയും അരക്കിട്ടുറപ്പിക്കുവാൻ ഓൺലെയിൻ മീഡിയകൾക്ക് കഴിയും. ജനാഭിപ്രായ രൂപീകരണത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് ഇനി ഓൺലെയിൻ മീഡിയകൾ ആയിരിക്കും. സാക്ഷരതയെന്നാൽ  കമ്പ്യൂട്ടർസാക്ഷരത എന്നായിരിക്കും ഭാവിയിൽ അർത്ഥമാക്കുക. ഇനിയുള്ള കാലം നിരക്ഷരർ എന്നു പറഞ്ഞാൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചിട്ടില്ലാത്തവർ എന്നാകും അർത്ഥമാക്കുക. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണല്ലോ. അത് നേടാൻ നമ്മൾ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനം നടത്തിയതു പോലെ ഇനി കമ്പ്യൂട്ടർസാക്ഷരതാ പ്രവർത്തനം നടത്തേണ്ടിയിരിക്കുന്നു.

കമ്പ്യൂട്ടർ യുഗം ഇവ്വിധം പുരോഗമിക്കുമ്പോഴും നമ്മുടെ ചില പരമ്പരാഗത “അച്ചടിപ്രതിഭകൾക്ക്” ഓൺലെയിൻ സഹിത്യത്തെ ഉൾക്കൊള്ളാനാകുന്നില്ല. ഓലെയിൻ സാഹിത്യം “സർവ്വവിജ്ഞാനകോശമായ” ഒരു  എഡിറ്ററുടെ കത്രികയ്ക്ക് വിധേയമാകാത്തതിനാൽ അവയ്ക്ക് നിലവാരം പോരെന്നത്രേ  വാദം. സത്യത്തിൽ അച്ചടി മാധ്യമമായാലും അവിടെയെത്തുന്ന രചനകൾ എല്ലാം എഡിറ്റ് ചെയ്യപ്പെടുന്നു എന്നതുതന്നെ തെറ്റിദ്ധാരണയാണ്. എഡിറ്റിംഗ് ആവശ്യമുള്ളവ മാത്രമാണ് എഡിറ്റ് ചെയ്യപ്പെടുക. കുറ്റങ്ങളും കുറവുകളും ഒട്ടുമില്ലാത്ത സൃഷ്ടികൾ എഡിറ്റ് ചെയ്യപ്പെടുന്നില്ല. അതിന്റെ കാര്യമില്ല. എന്നാൽ അച്ചടി മുതലാളിമാരുടെയും അവരുടെ കൂലിക്കാരായ “എഡിറ്റർമഹാരഥന്മാരുടെയും” വേണ്ടപ്പെട്ടവരുടെ സൃഷ്ടികൾ എത്ര നിലവാരമില്ലാത്തവയാണെങ്കിലും അവ വെളിച്ചപ്പെട്ട് അതിന്റെ സൃഷ്ടാക്കൾ മഹാസാഹിത്യകാരൻ‌മാരായി വാഴ്ത്തപ്പെടുന്നുമുണ്ട്. അത്തരം ആളുകളുടെ സൃഷ്ടികൾ പലതും  എഡിറ്ററാൽ പാടേ മാറ്റിയെഴുതപ്പെട്ട് എഴുത്തുകാരനെത്തന്നെ ഞെട്ടിച്ചാകും പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടുക.  പല മഹാസാഹിത്യകാരൻ‌മാരുടെയും സൃഷ്ടികൾ അവരുടെ പേരുകളിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും  ജ്ഞാതരും അജ്ഞാതരുമായ എഡിറ്റർപുംഗവൻ‌മാരുടെ  സ്വന്തം രചനകളായി അടിമുടി  രൂപാന്തരീകരണം സംഭവിച്ചവയാണെന്നത് എഴുത്തുകാരനും എഡിറ്റർക്കും മാത്രം അറിയാവുന്ന രഹസ്യമാണ്.  ഈ സത്യങ്ങൾ നില നിൽക്കുമ്പോഴാണ് ഓൺലെയിൻ സാഹിത്യത്തിന്റെ നിലവാരമില്ലായ്മയെ പറ്റി ചിലർ വാചാലരാകുന്നത്.

യഥാർത്ഥത്തിൽ നിലവാരമുള്ളതും ഇല്ലാത്തതും അച്ചടി മാധ്യമങ്ങളിലും വരും. അതുപോലെ ഓൺലെയിൻ സാഹിത്യത്തിലും നിലവാരമുള്ളവയും ഇല്ലാത്തവയും വരും. ഒരു എഡിറ്റർക്കും കത്രിക്കുവാൻ തോന്നാത്ത, അഥവാ അതിന്റെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള രചനകൾ ബ്ലോഗുകളിലൂടെയും ഫെയിസ് ബൂക്കിലൂടെയും ഓൺലെയിൻ മാഗസിനുകളിലൂടെയും മറ്റും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എഴുതിയ പ്രതലം ഓൺലെയിനിൽ ആയതുകൊണ്ട് അവയ്ക്കൊന്നിനും നിലവാരമില്ലെന്ന ആക്ഷേപം ഒരിക്കലും മൌസ് വഴങ്ങാത്തവരുടെ അഥവാ കമ്പ്യുട്ടറും കീബോർഡും മൌസുമൊക്കെ കണ്ടാൽ തലകറങ്ങുന്ന മന്ദബുദ്ധിസാഹിത്യപ്രഭൃതികളുടെ അസൂയയിൽ നിന്നും ഉണ്ടാകുന്നതാണ്. എഡിറ്റ് ചെയ്യപ്പെട്ടും പ്രതിഫലം ലഭിച്ചും പ്രസിദ്ധീകരിക്കപ്പെടുന്നവ മാത്രമാണ് ഉദാത്തം എന്ന ധാരണ തിരുത്തപ്പെടണമെങ്കിൽ അനുനിമിഷം ബ്ലോഗുകളിലൂടെയും ഓൺലെയിൻ മാസികകളിലൂടെയും വെളിച്ചപ്പെടുന്ന സൃഷ്ടികൾ മുൻ‌വിധിയില്ലാതെ വായിക്കുകതന്നെ വേണം. സർക്കാർ അവർഡുകൾക്കും മറ്റും മേലിൽ ഓൺലെയിൻ സാഹിത്യത്തെ അവഗണിച്ച്  അച്ചടിസാഹിത്യത്തെ മാത്രം പരിഗണിയ്ക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്.

എല്ലാവീട്ടിലും ടി.വി എന്നപോലെ എല്ലാ വീട്ടിലും കമ്പെട്ടിയും ഇന്റെർനെറ്റ് കണക്ഷനും ലഭിക്കുന്ന കാലം വരെയെങ്കിലും അച്ചടി മാധ്യമങ്ങൾ ഇന്നത്തെപ്പോലെ പ്രചാരത്തിലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇത് ഒന്ന് മറ്റൊന്നിനാൽ നിരാകരിക്കപ്പെടുന്ന അഭിപ്രായമല്ല. കാലത്തിന്റെ മാറ്റങ്ങൾ വീക്ഷിക്കുന്ന ഏതൊരാൾക്കും തോന്നാവുന്ന കാര്യമാണ്.  ഒരു പത്രം മാത്രം വീട്ടിൽ വരുത്തുന്നവർക്ക് ഇന്ന് എല്ലാ പത്രങ്ങളും ഓൺലെയിനിൽ വായിക്കാം എന്നിരിക്കെ അച്ചടിപ്പത്രങ്ങളുടെ ഭാവി ഏതുവരെ എന്നതും ചിന്തനീയമാണ്. എന്തായാലും ഓൺലെയിൻ സാഹിത്യത്തെ അടച്ചാപേക്ഷിക്കുന്നവർക്കുള്ള മറുപടി അനുനിമിഷം പുരോഗമിക്കുന്ന ഓൺലെയിൻ സാഹിത്യം തന്നെയാണ്. അതെ, ഇനിയുള്ള കാലം എല്ലാവരും സദാ ഓൺലെയിനിലായിരിക്കും. അഥവാ ആകേണ്ടിവരും. ഇന്ന് ഓൺലെയിൻ സാഹിത്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നവർകൂടി  ഓൺലെയിനിൽ ആകാൻ നിർബന്ധിതമാകുന്ന കാലം വിദൂരമല്ല. പരസ്പരം  കൊടുത്തും വാങ്ങിയും കൈകോർത്തും അച്ചടി മാധ്യമങ്ങളും ഓൺലെയിൻ മാധ്യമങ്ങളും ഒരുപോലെ നിലനിന്നുപോകുന്നത്  നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും ഏറെ ഗുണപ്പെടും. അതിനായി ഇനിയും ഓഫ്‌ലെയിനിൽ കിടക്കുന്നവർ കൂടി വേഗം ഓൺലെയിനിൽ ആകുക എന്നുംകൂടി പറഞ്ഞ് ഈ കുറിപ്പിനു തൽക്കാലം വിരാമം.

(തരംഗിണി ഓൺലെയിൻ മാസികയുടെ 2013 ആഗസ്റ്റ് ലക്കത്തിൽ എഴുതിയത്)