Friday, August 31, 2012

ആർ.എസ്.എസ് അക്രമം ഗാനമേള ട്രൂപ്പിനുനേരെ

ഗാനമേള ട്രൂപ്പിനുനേരെ ആർ.എസ്.എസ് അക്രമം

ഹരിപ്പാട്ട് ഗാനമേള ട്രൂപ്പിനു നേരെ ആർ.എസ്.എസ് അക്രമം. ആർ.എസ്.എസിന്റെ ശാഖാ ഗാനം ആലപിക്കാത്തതിനാലാണത്രേ അക്രമം. പരിക്കേറ്റ ട്രൂപ്പംഗങ്ങൾ ആശുപത്രിയിൽ. ഗാനമേള സംഘത്തിന് ലക്ഷങ്ങളുടെ നഷ്ടം. എസ്.എൻ.ഡി.പി സംഘടിപ്പിച്ച ഒരു പരിപടിയിലാണ് ഈ  അക്രമം നടന്നിരിക്കുന്നത്. അവിടെയുള്ള ഒരു  ഗുരു മന്ദിരവും അക്രമികൾ  അടിച്ചു തകർത്തുവത്രേ! ഒരു ഹിന്ദു സംഘടന നടത്തിയ പരിപാടിയ്ക്കു  നേരേ തന്നെയാണ് ഹിന്ദുത്വത്തിന്റെ വക്താക്കളായ  ആർ.എസ്.എസിന്റെ  അക്രമം.

വിപ്ലവ ഗാനം ആലപിക്കാത്തതിന്റെ പേരിൽ സി.പി.ഐ.എമ്മുകാർ ഏതെങ്കിലും ഗാനമേള ട്രൂപ്പിനു നേരേ ആക്രമണം നടത്തിയതായി കേട്ടിട്ടില്ല. മാർക്സ്സ്റ്റ് അക്രമത്തിനെതിരെ സദാ വാ പൊളക്കുന്നവർ ഹരിപ്പാട്ടെ ഈ അക്രമത്തിനെതിരെ പ്രതികരിക്കുമോ? ആർ.എസ്.എസ് നേതാക്കളുടെ അറിവോടെയാണ് ഈ അക്രമമെന്ന് കരുതുന്നില്ല. മദ്യപാനികളോ മറ്റോ ആയിരുന്നിരിക്കണം. എനിക്കറിയാവുന്ന തരത്തിൽപെട്ട ആർ.എസ്.എസ് നേതാക്കളാരും ഇത്തരം ഒരു അക്രമത്തിന് സംഘം പ്രവർത്തകരെ പറഞ്ഞുവിടില്ല എന്നാണ് വിശ്വാസം. ഹരിപ്പാട്ടെ ഈ അക്രമത്തെ ആർ.എസ്.എസും, ബി.ജെ.പിയുമൊക്കെ അപലപിക്കുമോ? ഈ  അക്രമികളെ സംഘത്തിൽ നിന്നു പുറത്താക്കുമോ?   അറിയാൻ താല്പര്യമുണ്ട്.

ഹരിപ്പാട്ട് നടന്ന  ഈ  ആർ.എസ്.എസ് അക്രമത്തെ അപലപിച്ച്  വാർത്താ ചാനലുകൾ  ഈ വിഷയം ഇന്ന് ചർച്ചയ്ക്കെടുക്കുമോ? അതിനുള്ള ധൈര്യം അവർക്കുണ്ടോ? അതോ ഈ അക്രമത്തിനു പിന്നിൽ  മാർക്സിസുകാരല്ലാത്തതുകൊണ്ട് തീരെ ഒറ്റപ്പെട്ടതും അപ്രധാനവുമായി കരുതി അവഗണിക്കുമോ? അറിയാൻ ആഗ്രഹമുണ്ട്. അതുകൊണ്ട്  ഇവിടുത്തെ  ഓരോ വാർത്താ ചാനലുകാരോടും ചോദിക്കുവാനുള്ളത്  താങ്കളുടെ ചാനൽ ഈ വിഷയം ഗൌരവത്തിലെടുത്ത് ചർച്ചയ്ക്കു വയ്ക്കാൻ തയ്യാറുണ്ടോ എന്നാണ്.

Friday, August 24, 2012

എന്തിനീ കുന്തം?

വേർഡ് വെരിഫിക്കേഷൻ എന്ന സമയംകൊല്ലി

സംഗതി ബ്ലോഗിൽ കമന്റിടുമ്പോൾ  വരുന്ന വേർഡ് വെരിഫിക്കേഷനെക്കുറിച്ചാണ്  പറയുന്നത്. ചില ബ്ലോഗുകളിൽ കമന്റെഴുതിയാൽ അത് പബ്ലിഷ് ആകണമെങ്കിൽ വേർഡ് വെരിഫിക്കേഷൻ ശരിയാക്കണം. അതാകട്ടെ വല്ലാത്ത സമയം കൊല്ലിയും. കമന്റ് ബോക്സിൽ  വേർഡ് വെരിഫിക്കേഷനുണ്ടെങ്കിൽ അത് വേണ്ടെന്നു സെറ്റ് ചെയ്യണമെന്നു ഞാൻ പല ബ്ലോഗ്ഗർമാരോടും  പറയാറുണ്ട്. പാടുപെട്ട് ഒരു കമന്റ് ടൈപ്പ് ചെയ്ത് പബ്ലിഷ് ആക്കാൻ നോക്കുമ്പോൾ ആയിരിക്കും ഈ വേർഡ് വെരിഫിക്കേഷൻ എന്ന കുന്തം പ്രശ്നം സൃഷ്ടിക്കുന്നത്. അവരവരുടെ ബ്ലോഗ് എങ്ങനെ സ്റ്റ് ചെയ്യണമെന്നത് അവരവരുടെ സ്വാതന്ത്ര്യമാണ്. എങ്കിലും ബ്ലോഗ്പോസ്റ്റിനു താഴെയോ ആദ്യ കമന്റായോ ആ ബ്ലോഗുടമതന്നെ ഇതിൽ വേർഡ് വെരിഫിക്കേഷൻ ഉണ്ടെന്ന് എഴുതി വച്ചാൽ അത് ഉപകാരമായിരിക്കും. നമുക്ക് അവിടെ കമന്റിടാതെ പോകാമല്ലോ. ചില ബ്ലോഗുകൾ വായിക്കുമ്പോൾ നമുക്ക് കമന്റിടാൻ താല്പര്യമുണ്ടാകും. കമന്റെഴുതി അത് പ്രസിദ്ധീകരിക്കാൻ നോക്കുമ്പോൾ  വേഗം തിരിച്ചറിയാൻ പറ്റാത്ത ചില അക്ഷരങ്ങളും   അക്കങ്ങളും മറ്റും ചേർന്ന കുരുക്കുവലയോ വലകളോ   വന്ന് ടൈപ്പു ചെയ്ത കമന്റിനെ പിക്കറ്റ്  ചെയ്യുന്നു. പലവട്ടം വേർഡ് വെരിഫിക്കേഷൻ ശരിയാക്കാൻ നോക്കിയിട്ടും നടക്കാതെ വരുമ്പോൾ  എഴുതിയ കമന്റ് ഉപേക്ഷിക്കേണ്ടിവരും. അപ്പോൾ ദ്വേഷ്യവും  സങ്കടവും എല്ലാം കൂടി ഒരുമിച്ചു വരും. ചിലർക്ക് ഇത് ഇല്ലാതെ സെറ്റ്  ചെയ്യാൻ അറിയാത്തതുകൊണ്ടാണ് വേർഡ് വെരിഫിഫിക്കേഷൻ വരുന്നത്. അത് അറിയാത്തവർക്ക് ചോദിച്ചാൽ ആരെങ്കിലും പറഞ്ഞു കൊടുക്കില്ലേ?  

ഞാൻ ഇന്നത്തെ ഒരനുഭവം കൊണ്ടാണ് ഇത് പോസ്റ്റായിത്തന്നെ എഴുതുന്നത്. ഷാജി നായരമ്പലം എന്നൊരു ബ്ലോഗറുടെ കവനകൌതുകം എന്ന ബ്ലോഗിൽ എത്തി ഒരു കവിത വായിച്ചു. അതിൽ കമന്റിടണമെന്നാഗ്രഹിച്ചു. അതിലെ ചില അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനും ആഗ്രഹിച്ചു. അതിൻപ്രകാരം കമന്റ് ടൈപ്പു ചെയ്യുകയും ചെയ്തു. എന്നിട്ട് പബ്ലിഷ് ആക്കാൻ നോക്കുമ്പോൾ ദാ വരുന്നു, വില്ലൻ വേർഡ് വെരിഫിക്കേഷൻ! സാധാരണ ഒരു വട്ടം തെറ്റിയാലും പിന്നെ  രണ്ടോ മൂന്നോ  വട്ടം കൊണ്ട് ശരിയാകുന്നതാണ്. ഇത് എത്രവട്ടം ആ കുരുക്കക്ഷരങ്ങൾ ഊഹിച്ച് ടൈപ്പ് ചെയ്തിട്ടും യാതൊരു രക്ഷയുമില്ല. ഓരോ തവണയും ഒന്നിനൊന്ന് കുരുക്കക്ഷരങ്ങളും അക്കങ്ങളുമൊക്കെയാണ് പ്രത്യക്ഷപ്പെടുന്നത്. എന്തിനു പറയുന്നു ഏതാണ്ട് അര മണിക്കൂർ ഒരു ചെറിയ കമന്റിടാൻ വേണ്ടി വേർഡ് വെരിഫിക്കേഷൻ എന്ന കടമ്പ കടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ ആ ശ്രമം ഉപേക്ഷിച്ചു. ചുമ്മാ സമയം പാഴായി. ആ സമയം കൊണ്ട് ഒന്നോരണ്ടോ പോസ്റ്റ് എഴുതാമായിരുന്നു എന്നു തോന്നി. എന്നാൽ പിന്നെ അതേ പറ്റിത്തന്നെ ഒരു പോസ്റ്റ് എഴുതാമെന്നു കരുതി. 

ദയവായി കമന്റിടുമ്പോഴത്തെ  വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കി  ബ്ലോഗ് സെറ്റ് ചെയ്യണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.  അറിഞ്ഞു കൂടാത്തവർക്കു പറഞ്ഞുതരാം. നിങ്ങളുടെ ബ്ലോഗിന്റെ ഡാഷ് ബോർഡിൽ പോകുക. അവിടെ ഒരു റൂളി പെൻസിലിന്റെ പടം കാണാം. അതിന്റെ തൊട്ടു  വലതുവശത്ത് പോസ്റ്റ് ലിസ്റ്റിലേയ്ക്കു പോകാനുള്ള ലിങ്ക് നൽകുന്ന ഒരു ഐക്കൺ കാണാം. ആ റൂളി പെൻസിലിലോ ബൂക്കിന്റെ പടം പോലെ തോന്നുന്ന പോസ്റ്റ് ലിസ്റ്റ് ലിങ്ക്  ഐക്കണിലോ  ക്ലിക്ക് ചെയ്യണ്ട.  അതിന്റെ തൊട്ടു വലത്തായി താഴോട്ടു ചൂണ്ടുന്ന ഒരു ചെറിയ ആരോ ഉണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ താഴോട്ട് നീണ്ട ഒരു ലിങ്ക് ലിസ്റ്റ് കാണാം. അതിൽ സെറ്റിംഗ് എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജിൽ എത്തും. അതിൽ വലതുവശത്ത് ഒരു ലിങ്ക് ലിസ്റ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിൽ പോസ്റ്റ് ആൻഡ് കമന്റ്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ എത്തുന്ന പേജിൽ കമന്റിൽ  വേർഡ് വെരിഫിക്കേഷൻ വേണോ എന്നൊരു ചോദ്യം ഉണ്ട്. അതിന്റെ വലത്ത് യെസ് എന്നാണു കാണുന്നതെങ്കിൽ അതങ്ങ് നോ ആക്കി സേവ് ചെയ്യുക. പിന്നെ നിങ്ങളുടെ കമന്റു ബോക്സിൽ കമന്റിടുന്നവരുടെ സമയം കൊല്ലുന്ന വേർഡ് വെരിഫിക്കേഷൻ എന്ന അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ആ  ഊരാക്കുടുക്ക് പ്രത്യക്ഷപ്പെടില്ല.

ചുരുക്കത്തിൽ സെറ്റിംഗ്സിൽ ചെന്ന് പോസ്റ്റ് ആൻഡ് കമന്റിൽ ഞെക്കി എത്തുന്ന പേജിൽ വേർഡ് വെരിഫിക്കേഷൻ വേണോ വേണ്ടയോ എന്ന ചോദ്യത്തിൽ  നോ  എന്ന് സെറ്റ്   ചെയ്യുക. കൂടുതൽ കമന്റ് കിട്ടാനും ഇത് സഹായിക്കും. 

Friday, August 17, 2012

വെറും പട്ടിത്തരം

വെറും പട്ടിത്തരം 

(ഈ പോസ്റ്റിനു താഴെ ഞാൻ സാധാരണ പോസ്റ്റുകൾക്കുതാഴെ നൽകുന്ന  ലേബലുകൾ ഒഴിവാക്കി  രണ്ട്  പുതിയ  ലേബലുകൾ   ആദ്യമായി ചേർക്കുന്നു. ഭാവിയിൽ ഈ പോസ്റ്റ് തിരിച്ചറിയാൻ വേണ്ടിയാണ് അത്. ആ രണ്ട് ലേബലുകൾ “പട്ടിത്തരം”, “വിവരക്കേട്” എന്നിങ്ങനെയാണ്)

ആ ചാനൽ ചർച്ച ഞാൻ യഥാസമയം  കണ്ടിരുന്നില്ല. ഇന്ന് ഈ ബ്ലോഗ്  വഴിയാണ് അത് കണ്ടതും  കേട്ടതും. അഡ്വ. ജയശങ്കറെന്ന ആ മാന്യന്റെ സംസ്കാര ശൂന്യമായ പദപ്രയോഗങ്ങൾ കേൾക്കാനുള്ള  ക്ഷമയില്ലാത്തതിനാൽ പലപ്പോഴും  ഈയുള്ളവൻ ചാനൽ മാറ്റിപ്പിടിച്ചിട്ടുണ്ട്. കൂടുതൽ ഈ പോസ്റ്റ് ദീർഘിപ്പിക്കുന്നില്ല.

ഇത്തരം   പേപ്പട്ടികളെ വിളിച്ചു കുരപ്പിച്ചാൽ താങ്കളുടെ ചാനൽ കാണാൻ ഒരു കൊടിച്ചിപ്പട്ടിപോലുമൂണ്ടാകാത്ത സ്ഥിതി വരും നികേഷ് കുമാർ! ആ പട്ടിമോന്ത കണാൻ വയ്യാഞ്ഞ് ചാനൽ മാറ്റുന്ന ഞങ്ങൾ സി.പി.ഐ.എമ്മുകാർ കൂടി ചേർന്നതാണ് താങ്കളുടെ പ്രേക്ഷകർ എന്നതും മറക്കേണ്ട  നികേഷ്!

മറ്റേതെങ്കിലും പാർട്ടിയുടെ  നേതാവിനെപ്പറ്റിയാണ് ഇത്തരത്തിൽ ഒരുത്തൻ ചെറ്റത്തരം  പറയുന്നതെങ്കിൽ തെരുവിലിറങ്ങി നടക്കുമായിരുന്നോ ഈ പന്ന....... ഇയാളെ വല്ലതും പറയണമെങ്കിൽ നമ്മുടെ നാക്കു കൂടി നാറുന്ന പദപ്രയോഗങ്ങൾ നടത്തേണ്ടി വരും. നമ്മൾ അത്ര അധ:പ്പതിച്ചിട്ടില്ലാത്തതുകൊണ്ട് കൂടുതൽ പറയുന്നില്ല. ഭൂ!

അവതാരകൻ  വേണു  ഇത്തരത്തിൽ ഒരു അധമത്തരത്തിനു താളം പിടിച്ചിരുന്നതിൽ സഹതാപം മാത്രം. നിങ്ങളോട് കൂടുതൽ പറയാനില്ല. എങ്കിലും..... ഭൂമി ഉരുണ്ടതാണെന്നു മറക്കേണ്ട;  ഇനിയും വിഷു വരും വർഷം വരും. നാളെയെന്തെന്നുമേതെന്നുമാർക്കറിയാം എന്നുമാത്രം നിങ്ങളുടെ  ചാനലിനെ ഓർമ്മിപ്പിക്കുന്നു.

വെറും വാനാറികൾ പങ്കെടുക്കുന്ന ഇത്തരം  ചാനൽ ചർച്ചകൾ അന്തസുള്ളവർ  ബഹിഷ്കരിക്കുകയാണു വേണ്ടത്. ഇങ്ങനെ അല്പം നികൃഷ്ടമായ രീതിയിൽ ഒരു  പോസ്റ്റ് എഴുതേണ്ടി വന്നതിൽ അല്പം അന്തസ്സുണ്ടെന്നു സ്വയം അഹങ്കരിക്കുന്ന ഞാൻ ലജ്ജിക്കുന്നു.

Sunday, August 12, 2012

ബ്ലോഗ്‌മാന്ദ്യം


ബ്ലോഗ്‌മാന്ദ്യം

അതെ ഇത് ഒരു ബ്ലോഗ് മാന്ദ്യത്തിന്റെ കാലമാണെന്നു തോന്നുന്നു. നമ്മുടെ  ബൂലോഗത്തിന്  ഇപ്പോൾ മുമ്പത്തെ പോലെ അത്ര ഉഷാറില്ലെന്ന് തോന്നുന്നു. മലയാളം ബ്ലോഗുകളും ബ്ലോഗ്ഗർമാരും ഇപ്പോൾ മുമ്പത്തെ പോലെ സജീവമല്ലെന്നു തോന്നുന്നു. ഇതെല്ലാം എന്റെ തോന്നലുകൾ മാത്രമാണോ എന്നെനിക്കറിയില്ല. പക്ഷെ മറ്റു പലരും ഇതേ അഭിപ്രയം എന്നോട് പങ്കിട്ടിട്ടുണ്ട്.  എന്തായാലും പല പ്രമുഖ ബ്ലോഗർമാരുടെയും ബ്ലോഗുകളിൽ അടുത്ത കാലത്തൊന്നും പുതിയ പോസ്റ്റുകൾ ഇട്ടതായി കാണുന്നില്ല. പലരും മറ്റു ബ്ലോഗുകളിൽ കമന്റുകൾ പോലും ഇടുന്നില്ല. ബ്ലോഗെഴുത്തും വായനയും കുറഞ്ഞുവരികയാണോ ? പല പഴയ ബ്ലോഗ്ഗർമാരും ബസിലും ഗൂഗിൾ പ്ലസിലും പിന്നെ നല്ലൊരു പങ്ക്  ആളുകൾ ഫെയ്സ് ബൂക്കിലും ചേക്കേറിയിട്ട് ബൂലോഗത്തെ മറന്നതുപോലുണ്ട്.

നമ്മുടെ ബ്ലോഗ്ഗർമാർക്ക് ഇതെന്തു പറ്റി? ബ്ലോഗുകളിൽ കിശുകിശാന്നു പോസ്റ്റുകളും കമന്റുകളും എഴുതുന്ന  ആ ഒരു  സുഖം ഒന്നു വേറെ തന്നെയാണ്. മറ്റ് സോഷ്യൽ നെറ്റ്‌വർറ്റ്ക്കുകളിൽ ബ്ലോഗിംഗിന്റെ ആ എന്തരോ ഒരു സുഖം ലഭിക്കുമോ? പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും വളരുന്ന ആ ഒരു സൌഹൃദത്തിന്റെയും വല്ലപ്പോഴും നേരിട്ടുള്ള കൂടിച്ചേരലുകളൂടെയുമൊക്കെ ആ ഒരു സുഖം ബ്ലോഗ്ഗർമാർ മറന്നോ? പുതിയ പുതിയ ആളുകളെ ബ്ലോഗിലേയ്ക്ക് ആകർഷിക്കുവാനുള്ള പരിശ്രമങ്ങൾ എല്ലാവരും  നിർത്തിയോ? പുതിയ ബ്ലോഗുകളും ബ്ലോഗ്ഗർമാരും ഉണ്ടാകുന്നില്ലാ എന്നല്ല; ധാരാളം ഉണ്ടാകുന്നുണ്ട്. എന്നാൽ അവരെയൊക്കെ പ്രോത്സാഹിപ്പിക്കാൻ പരിചയസമ്പന്നരായ ബ്ലോഗ്ഗന്മാർ ഇല്ലെന്നു വന്നാലോ? പ്രിയ ബ്ലോഗ്ഗർമാരെ, ആ പഴയ ബ്ലോഗാവേശമൊക്കെ  നിങ്ങൾ എവിടെ കൊണ്ട് പണയം വച്ചു? ചിലരൊക്കെ ജോലിത്തിരക്കോ മറ്റ് അസൌകര്യങ്ങളോ കൊണ്ട് ബ്ലോഗിൽ സജീവമായിരിക്കാൻ കഴിയാത്തവരായുണ്ടാകാം. എന്നാൽ എല്ലാരും അങ്ങനെ ആയിരിക്കില്ലല്ലോ. നല്ലൊരു പങ്ക് ബ്ലോഗ്ഗർമാർക്ക് എന്തോ ഒരു മടുപ്പുപോലെ ! ബൂലോഗത്തോടു താല്പര്യം കൂടാനല്ലാതെ കുറഞ്ഞു വരേണ്ട കാര്യങ്ങളൊന്നും കാണുന്നുമില്ല.

ഈയുള്ളവൻ ഒരുപാട് സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോകുന്നുണ്ട്. പക്ഷെ ബ്ലോഗിനെ മറന്നുള്ള കളീയില്ല. ബ്ലോഗ് ചെയ്യുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിലും കിട്ടില്ല.  എന്തായാലും ഇനിയിപ്പോൾ ദാ തെന്മലയിൽ ഒരു ഇ-എഴുത്തു കൂട്ടം വരാൻ പോകുന്നു. ബ്ലോഗ് മീറ്റുകൾ ബ്ലോഗിംഗിനെ സജിവമാക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. നമുക്ക് ആ തെന്മല ബ്ലോഗ് മീറ്റിനു മുമ്പ് തന്നെ പഴയതുപോലെ ഒന്നു സജീവമാകരുതോ? ബൂലോഗത്തു നിന്ന് ഇപ്പോൾ അകന്നു നിൽക്കുന്നവർക്കെല്ലാം ഒന്നു തിരിച്ചു വരരുതോ? മലയാള ബൂലോഗത്തെ നമുക്ക് ആ പഴയ പ്രതാപകാലത്തേക്ക് മടക്കിക്കൊണ്ടു പോകണം. എന്ത് പറയുന്നു? ഇപ്പോഴത്തെ ഈ ബ്ലോഗ്‌മാന്ദ്യത്തെ നമുക്ക് കൂട്ടായി അതിജ്ജിവിക്കണം. എന്തേ? അതിനുള്ള ചർച്ചകൾക്കായി ഈ കുറിപ്പ് ഇതാ അടിച്ചിടുന്നു.  ബാക്കി നിങ്ങൾ പറയൂ. ബ്ലോഗ് വേണോ, വേണ്ടേ? 

Friday, August 10, 2012

അരുണിന് ആദരാഞ്‌ജലികൾ


അരുണിന് ആദരാഞ്‌ജലികൾ

 തട്ടത്തുമല, 2012 ആഗസ്റ്റ് 10: ജമ്മുവിൽ ജോലിസ്ഥലത്തു വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആർമി  ജവാൻ  അരുണിന്റെ മൃതുദേഹം ഇന്ന് രാവിലെ 10 30-ന് സംസ്കരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയ മൃതുദേഹം രാവിലെ  9.30-ന് സ്വദേശമായ തട്ടത്തുമലയിൽ എത്തിച്ചു. അരുൺ പഠിച്ച  തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ ആദ്യം പൊതുദർശനത്തിനു വച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും അരുണിന് അന്ത്യോപചാരം അർപ്പിച്ചു. അതിനു ശേഷം മൃതുദേഹം അരുണിന്റെ വീട്ടിലെത്തിച്ചപ്പോഴും മൃതുദേഹം കാണാനും അന്ത്യോപചാരമർപ്പിയ്ക്കാനും അഭുതപൂർവ്വമായ ജനത്തിരക്കായിരുന്നു. നിലവിളികളോടെയാണ് വീട്ടുകാരും ബന്ധുക്കളും പരിസരവാസികളുമായ സ്ത്രീകൾ മൃതുദേഹത്തെ വരവേറ്റത്. പത്തര മണിയോടെ  വീട്ടുവളപ്പിൽ അരുണിന്റെ  മൃതുദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു. ഔദ്യോഗിക ബഹുമതികൾ ഒന്നും അരുണിന്റെ സംസ്കാര ചടങ്ങിൽ ലഭ്യമാക്കിയിരുന്നില്ല. ഇതിൽ ബന്ധുക്കളും  നാട്ടുകാരും ജന പ്രതിനിധികളും വൻപ്രതിഷേധം രേഖപ്പെടുത്തി.  ആത്മഹത്യ ചെയ്തതുകൊണ്ടാണ് ഔദ്യോഗിക ബഹുമതികൾ നൽകാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. മൃതുദേഹത്തെ അനുഗമിച്ചു വരാൻ കർണ്ണാടക സ്വദേശിയായ  ഒരു ജൂനിയർ ഓഫീസറെ മാത്രമാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം മാത്രമാണ് മൃതുദേഹത്തോടൊപ്പം വന്നത്. മിനിയാന്നു വെളുപ്പിനാണ് ജമ്മുവിൽ ജോലി സ്ഥലത്തു വച്ച് അരുൺ സ്വയം വെടിയുതിർത്ത്  മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്.  ഡ്യൂട്ടി കഴിഞ്ഞ് താമസമുറിയിലെത്തിയ അരുൺ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മരണകാരണം വ്യക്തമല്ല. കശ്മീരിലെ സാമ്പയില്‍ 16 കാവല്‍റി യൂണിറ്റില്‍ നിറയൊഴിച്ചു മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കാണപ്പെട്ടത്.

മിനിയാന്നു ( 2012 ആഗസ്റ്റ് 8)  രാവിലെയാണ് അരുൺ മരണപ്പെടുന്നത്. അന്നു രാവിലെയും അരുൺ നാട്ടിലുള്ള അനുജനെ ഫോണിൽ വിളിച്ചിരുന്നു. അരുൺ ലീവിൽ വന്നു പോയിട്ട് ഒരു മാസം ആയിട്ടുണ്ടായിരുന്നില്ല.  അരുണിന്റെ  മരണത്തിനുപിന്നിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. അരുൺ ആത്മഹത്യ ചെയ്തതാണെങ്കിൽ അത്  സൈനിക മേലുദ്യോഗസ്ഥന്മാരുടെ ക്രൂരമായ പീഡനം കാരണമായിരിക്കും എന്നാണ്  പറയപ്പെടുന്നത്.  അരുണിന്റെ ദുരൂഹമരണം  സംബന്ധിച്ച് ഇന്നലെത്തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയ്ക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമേറിയ അന്വേഷണം നടത്തണമെന്ന് അരുണിന്റെ വീട് സന്ദർശിച്ച  എ.സമ്പത്ത് എം.പി. ആവശ്യപ്പെട്ടു. മരണം ആത്മഹത്യയാണോ മറ്റു വല്ല വിധേനയും കൊല്ലപ്പെട്ടതാണോ എന്നും മറ്റുമുള്ള കാര്യങ്ങൾ ബന്ധുക്കൾക്ക് ബോദ്ധ്യപ്പെടും മുമ്പ് മരിച്ച  അരുണിന് സൈനിക ബഹുമതികൾ നിഷേധിച്ചതിൽ നാട്ടുകാർക്ക് വമ്പിച്ച പ്രതിഷേധമുണ്ട്. അഥവാ ആത്മഹത്യയാണെങ്കിൽ തന്നെ മൃതുദേഹത്തോട് അർഹമായ ആദരവ് പുലർത്തുന്നതിലും ഔദ്യോഗിക ബഹുമതികൾ നൽകുന്നതിലും എന്ത് അപാകതയാണുള്ളതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇത്രയേറെ വാർത്താ പ്രാധാന്യം നേടിയ ഒരു വാർത്തയായിട്ടു കൂടി അരുണിന്റെ മൃതുദേഹം ഏറ്റുവാങ്ങുന്നതിനോ യഥാസമയം മരണപ്പെട്ട ഈ സൈനികന്റെ വീട്ടിലെത്തുന്നതിനോ റവന്യൂ വകുപ്പ് അധികാരികളും  തയ്യാറായില്ല. ഇതും  നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അരുണിന്റെ മൃതുദേഹം അടക്കം ചെയ്തതിനു ശേഷമാണ് തഹസീൽദാരും സംഘവും മരണവീട്ടിൽ എത്തിയത്.

മരണവീട്ടിൽ സന്നിഹിതരായിരുന്ന കൺസ്യൂമർ ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ എൻ.സുദർശനനും സി.പി.ഐ.എം കിളിമാനൂർ ഏരിയാ സെക്രട്ടറി മടവൂർ അനിലും എ.സമ്പത്ത് എം.പിയുടെ സാന്നിദ്ധ്യത്തിൽ തന്നെ ഈ കാര്യത്തിൽ  റവന്യൂ വകുപ്പിന്റെ ഉദാസീനത സംബന്ധിച്ച്  തഹസീൽദാരെ ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാൽ രാവിലെ എട്ടര മണിയ്ക്ക് മാത്രമാണ് കളക്ടറുടെ നിർദേശം ലഭിച്ചതെന്നും ആത്മഹത്യയായതുകൊണ്ടാണ് ഇതു സംബന്ധിച്ച് യഥാവിധി റവന്യൂ അധികൃതർക്ക് വേണ്ട നിർദ്ദേശം ലഭിക്കാതെ പോയതെന്നുമായിരുന്നു തഹസീൽദാരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ നേതാക്കൾ തൃപ്തരായില്ല. എട്ടര മണിയ്ക്ക് അറിഞ്ഞാൽ പന്ത്രണ്ടു മണിയ്ക്കാണോ എത്തുന്നതെന്നായി കോൺഗ്രസ്സ് നേതാവ് സുദർശനനും സി.പി.ഐ.എം നേതാവ് മടവൂർ അനിലും. പത്രവാർത്തകളും  ചാനൽ വാർത്തകളുമൊന്നും  ഒരു തഹസീൽദാരുടെ ശ്രദ്ധയിൽ പെടാറില്ലേ എന്നും ജനപ്രതിനിധികൾ തഹസീൽദാരോട്  ആരാഞ്ഞു.  എന്നാൽ   തഹസീൽദാർ സ്വന്തം  കുറ്റം കൊണ്ടല്ലെങ്കിലും തന്റെയും ഡിപാർട്ട്മെന്റിന്റെയും  വീഴ്ച ഉൾക്കൊള്ളുന്നതായി  നേതാക്കളെ  അറിയിച്ചതിനാൽ അതു സംബന്ധിച്ച സംസാരം പിന്നെ നീട്ടിക്കൊണ്ടു പോയില്ല. മരണം എങ്ങനെ സംഭവിച്ചാലും അത് മരണമാണ്. അത് ദു:ഖവുമാണ്. രാജ്യസേവനത്തിനു സ്വയമേവയും രക്ഷകർത്താക്കളാലും  സമർപ്പിക്കവരാണ് ഓരോ സൈനികരും. ഒരു പക്ഷെ ഒരു ചെറുപ്പക്കാരന് ഏറ്റവും ചെറുപ്പത്തിലേ ലഭിക്കാവുന്ന ഒരു നല്ല ജോലിയാണ് പട്ടാളക്കരൻ എന്നത്. അതിൽ നിന്നു ലഭിക്കാവുന്ന വരുമാനം തന്നെയാകും പട്ടാളത്തിൽ ചേരാനുള്ള പ്രധാനപ്പെട്ട ഒരു  പ്രചോദനം. പക്ഷെ എന്നിരുന്നാലും രാജ്യത്തിനു വേണ്ടി ജീവൻ കളയാനുമുള്ള സന്നദ്ധതകൂടിയുള്ളതുകൊണ്ടു ഒരാൾ പട്ടാളക്കാരനാകുന്നത്. അഥവാ രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളെ പട്ടാളത്തിൽ ചേർക്കുവാൻ തയ്യാറാകുന്നു എന്നു പറഞ്ഞാൽ നൊന്തുപെറ്റ് വളർത്തി ഒരു പ്രായമെത്തിച്ച  അവരെ രാജ്യത്തിനു സമർപ്പിക്കുവാൻ അവർ സന്നദ്ധരാകുന്നു എന്നാണർത്ഥം. ഒരു ജവാനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും രാഷ്ട്രത്തിനും ബന്ധപ്പെട്ട വകുപ്പിനും ബാദ്ധ്യതയുണ്ട്. ഒരു സൈനികന്റെ  മൃതുദേഹത്തോട് അനാദരവു പുലർത്തുന്നത് എന്തിന്റെ പേരിലായാലും അതിനു ന്യായീകരണമില്ല.

ആത്മഹത്യ എന്നത് ചിലപ്പോൾ ദൌർബല്യവും ചിലപ്പോൾ ധീരതയുമാകാറുണ്ട്. അരുണിന്റെ കാര്യത്തിൽ ഇതേതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തനിക്കുണ്ടായതുപോലുള്ള പീഡനങ്ങൾ ഇനി മറ്റാർക്കുമുണ്ടാകാതിരിക്കാനാണോ അരുൺ ഈ കടും കൈ ചെയ്തതെന്നും സംശയിക്കാവുന്നതാണ്. അരുണിന്റെ യൂണിറ്റിലുള്ള സൈനികർക്ക് മറ്റെങ്ങുമില്ലാത്ത പീഡനം അനുഭവികേണ്ടി വന്നതായും മേൽ ഉദ്യോഗസ്ഥന്മാരെ തടഞ്ഞുവയ്ക്കുന്നതുവരെയുള്ള സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. കൊളോണിയൽകാലത്തെ പട്ടാളമാതൃകകളാണ് നമ്മുടെ പട്ടാളത്തിൽ ഇപ്പോഴും പിന്തുടരുന്നതെന്നും സാധാരണ സൈനികരുടെ ആത്മവീര്യവും രാജ്യസ്നേഹവും തകർക്കുന്ന വിധമുള്ള പീഡനങ്ങളാണ്  പലയിടത്തും  അരങ്ങേറുന്നതെന്നും വ്യാപകമായ പരാതി നിലവിലുണ്ട്. കൂടാതെ ചില രാഷ്ട്രീയ കാരണങ്ങളാൽ ദക്ഷിണേന്ത്യൻ പട്ടാളക്കാരെ പലവിധത്തിലും ബുദ്ധിമുട്ടിയ്ക്കുന്നതായും ആക്ഷേപമുണ്ട്. സൈനിക തലത്തിലെ പ്രാകൃതമായ പീഡനമുറകളും കോളോണിയൽ പാരമ്പര്യവും ഉപേക്ഷിക്കണമെന്ന് എ.സമ്പത്ത് എം.പി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഈ വിഷയം പാർളമെന്റിൽ കെ.എൻ. ബാലഗോപാൽ എം.പിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയും ഉന്നയിച്ചിരുന്നെങ്കിലും ഈ വിഷയം രാജ്യതാല്പര്യം മുൻ‌നിർത്തി ഊതി വീർപ്പിക്കരുതെന്നും പ്രധാന മന്ത്രി മൻ‌മോഹൻ സിംഗും ആവശ്യപ്പെട്ടിരുന്നു. അരുണിന്റെ മരണം സംബന്ധിച്ച് ഗൌരവമായി അന്വേഷണം നടത്തുമെന്ന് പ്രധാന മന്ത്രിയും എ.കെ.ആന്റണിയും ഉറപ്പു നൽകിയിട്ടുണ്ടെന്ന്  എ.സമ്പത്ത് എം.പി അറിയിച്ചു. സൈനിക തലത്തിലുള്ള അന്വേഷണത്തിലുപരി മറ്റേതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനുള്ള സാധ്യതകൾ ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക തലത്തിലുള്ള അന്വേഷണം കൊണ്ട് ഇത്തരം കേസുകളിൽ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തു വരുമോ എന്ന സന്ദേഹം നില നിൽക്കുന്നുണ്ട്. എന്തായാലും ഈ വിഷയം പ്രദേശത്തെ ജനങ്ങളും  ജനപ്രതിനിധികളും ഭരണപ്രതിപക്ഷ ഭേദമില്ലാതെ  രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗൌരവത്തിലെടുത്തിട്ടുണ്ട്. ഈ ഗൌരവം ഉൾക്കൊണ്ട് അധികൃതരും ഈ വിഷയത്തിൽ  വേണ്ട നടപടികൾ കൈക്കൊളും എന്നാണ് പ്രതിക്ഷിക്കുന്നത്.  ഇത്തരം ദുരനുഭവം ഇനി ഒരു സൈനികനും ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാർ ഒന്നടങ്കം. മരണപ്പെട്ട അരുണിന്  അമ്മയും അച്ഛനും ഒരു അനുജനുമുണ്ട്. 

അരുണിന് അന്ത്യാഞ്‌ജലി അർപ്പിക്കാനും അരുണിന്റെ  കുടുംബത്തെ ആശ്വസിപ്പിക്കുവാനും വിവിധ രഷ്ട്രീയ കക്ഷി നേതക്കാൾ മരണ ദിവസം മുതൽ അരുണിന്റെ വീട്ടിൽ എത്തിക്കൊണ്ടിരുന്നു. അഡ്വ.. ബി.സമ്പത്ത് എം.പി, അഡ്വ. ബി.സത്യൻ എം.എൽ.എ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ എൻ. സുദർശനൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, തിരുവനന്തപുരം  ജില്ലാ പഞ്ചയാത്ത് അംഗം കെ.രാജേന്ദ്രൻ, സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം  ബി.പി.മുരളി,  സി.പി.ഐ തിരുബനന്തപുരം  ജില്ലാ സെക്രട്ടറി  വെഞ്ഞാറമൂട് ശശി, സി.പി.ഐ.എം കിളീമാനൂർ ഏരിയാ സെക്രട്ടറി  അഡ്വ മടവൂർ .അനിൽ , കിളീമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്   അഡ്വ. എസ്. ജയച്ചന്ദ്രൻ, കിളീമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. താജുദീൻ അഹമ്മദ്, കിളീമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിൻസ്, ഹിന്ദു ഐക്യ വേദി നേതാവ്  കിളീമാനൂർ സുരേഷ്, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ തുടങ്ങിയ നിരവധി നേതാക്കൾ അരുണിന്റെ വീട്ടിലെത്തി. 

അരുണിന്റെ മരണത്തിൽ അനുശോചിക്കുവാൻ  ഇന്ന് വൈകുന്നേരം തട്ടത്തുമല മറവക്കുഴി റെസിഡന്റ്സ് അസോസിയേഷന്റെ (എം.ആർ.എ)  ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. എം.ആർ.എ അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ അഡ്വ. എസ് ജയച്ചന്ദ്രൻ, വാർഡ് മെംബർ അംബിക കുമാരി, പള്ളം ബാബു, പി. റോയി, ഇ.എ.സജിം, അബ്ദുൽ അസീസ്, എസ്.എ ഖലാം, എസ്. ലാബറിദീൻ, ഭാർഗ്ഗവൻസാർ, ഷാഫി, ജോഷ്വാ, സരസ്വതി ടീച്ചർ എന്നിവർ സംസാരിച്ചു. സി.ബി.അപ്പു അദ്ധ്യക്ഷത വഹിച്ചു. 

അരുണിന്റെ മരണം സംബന്ധിച്ച് സത്യ സന്ധമായി അന്വേഷണം നടത്തി ഈ മരണത്തിന്റെ  ദുരൂഹതകളുടെ ചുരുളഴിച്ച് മരണകാരണം കണ്ടെത്തുവാനും, അത്  വെളിച്ചത്തുകൊണ്ടുവരുവാനും,     ആരെങ്കിലും ഈ മരണത്തിനുത്തരവാദികളായിട്ടുണ്ടെങ്കിൽ അവർക്കെതിരെ മാതൃകാപരമായ ശക്തമായ നടപടികൾ കൈക്കൊള്ളുവാനും  സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണം.  അരുണിന്റെ മൃതുദേഹത്തോട് ബന്ധപ്പെട്ട അധികൃതർ കാട്ടിയ അനാദരവിനു അവർ  മാപ്പ് പറയണം. സൈനിക തലത്തിൽ നടക്കുന്നുവെന്ന് പറയുന്ന  ആശാസ്യമല്ലാത്ത പ്രവണതകൾ അവസാനിപ്പിക്കുവാനും ശക്തമായ ഇടപെടലുകളും  നടപടികളും  ഉണ്ടാകണം. സൈന്യത്തിന്റെ വിശ്വാസ്യതയും റാങ്ക്പരമായി താഴേ തട്ടിലുള്ള സാധാരണ സൈനികരടക്കമുള്ള നമ്മുടെ സൈന്യത്തിന്റെ  മനോ വീര്യവും നഷ്ടപ്പെടുത്തുന്ന യാതൊരു പ്രവണതകളും വച്ചുപൊറുപ്പിച്ചു കൂടത്തതാണ്. സൈന്യത്തിന് അച്ചടക്കം വേണം. പക്ഷെ  പാവപ്പെട്ട സാധാരണ പട്ടാളക്കാരെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടല്ല സൈന്യത്തിന്റെ അച്ചടക്കവും കരുത്തും അരക്കിട്ടുറപ്പിക്കേണ്ടത്. സൈനിക മേധാവികളുടെ പീഡനം മൂലം ശാരീരികവും  മാനസികവുമായ    കടുത്ത വേദനകൾക്കും സമ്മർദ്ദങ്ങൾക്കും അടിമപ്പെട്ട സൈനികരെ യുദ്ധഭൂമിയിലേയ്ക്കയച്ചാൽ ഉണ്ടാകുന്ന ദുരന്തം എല്ല്ലാവരും ചിന്തിക്കെണ്ട വിഷയമാണ്. ആ നിലയിൽ നോക്കുമ്പോൾ ഉയർന്ന റാങ്കിലുള്ള  സൈനിക മേധാവികൾ  സാധാരണ പട്ടാളക്കാരെ ക്രൂരമായി പീഡിപ്പിക്കുന്ന നടപടികൾ   ( അങ്ങനെ അവർ  ചെയ്യുന്നുണ്ടെങ്കിൽ) രാജ്യദ്രോഹ കുറ്റമായി കണക്കാക്കേണ്ടി വരും.  

അകാലത്തിൽ മരണപ്പെട്ടുപോയ എന്റെ നാട്ടുകാരൻകൂടിയായ  യുവസൈനികൻ അരുണിന് എന്റെയും ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു. 

Thursday, August 9, 2012

ഇന്റെർനെറ്റും സോഷ്യൽ നെറ്റ്വ‌ർക്കുകളും മറ്റും


ഇന്റെർനെറ്റും സോഷ്യൽ നെറ്റ്‌വർക്കുകളും മറ്റും

ഇന്ന്‌ സോഷ്യൽ നെറ്റ് വർക്കുകൾ  ഒരു നേരമ്പോക്കോ വെറും സൌഹൃദ സല്ലാപങ്ങൾക്കുള്ള ഒരു ഉപാധിയോ മാത്രമല്ല. വളരെ ഗൌരവമേറിയ പ്രവർത്തനങ്ങളുടെ കൂടി വേദിയാണ്.  കല, സാഹിത്യം,  ശാസ്ത്രം, ആത്മീയം, മതപരം,  സാമൂഹ്യം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇന്റെർനെറ്റിന്റെയും അതുവഴിയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളുടെയും സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു കാലഘട്ടമാണിത്. അവനവൻ പ്രസാധനത്തിലൂടെ സ്വന്തം സാഹിത്യ സൃഷ്ടികൾ ജനസമക്ഷം പ്രസിദ്ധീകരിക്കുവാൻ ബ്ലോഗുകളും ഫെയ്സ് ബൂക്ക് പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളും ഇന്ന് ലക്ഷക്കണക്കിനാളുകൾ പ്രയോജനപ്പെടുത്തുന്നു. ഒപ്പം വായന ആഗ്രഹിക്കുന്നവർക്ക് വായനയുടെ വിശാലമായ ഒരു പുത്തൻ ലോകം ഇന്റെർനെറ്റ് തുറന്നിടുന്നു.

ഇന്ന് ആ‍ശയപ്രചരണത്തിനും ചർച്ചകൾക്കും സംവാദങ്ങൾക്കും സാധാരണക്കാർ മുതൽ പ്രശസ്തരായ വ്യക്തികൾ വരെ ഇന്റെർനെറ്റ്  വ്യാപകമായി ഉപയോഗിക്കുകയാണ്. പണ്ഡിത പാമര ഭേദമില്ലാതെ എല്ലാവർക്കും ഒരുമിച്ച് ഇന്റെർനെറ്റിന്റെ വിശാലമായ വിളനിലങ്ങൾ ഉഴുതുമറിച്ച് ആശയങ്ങളെ നട്ടുനനയ്ച്ച് വളർത്തുവാൻ  ഇന്ന് സാധിക്കുന്നു. ആർക്കും ആരുമായും സംവദിക്കുവാനുള്ള വേദികൾ ഇന്റെർനിറ്റിന്റെ ലോകത്ത് തുറന്നുകിടക്കുകയാണ്. സർഗ്ഗസംവാദങ്ങളുടെ വിളനിലമാണ് ഇന്ന് ഇന്റെർനെറ്റ് സോഷ്യൽ നെറ്റ്‌വർക്കുകൾ. കൂടാതെ വിവിധ രൂപത്തിലുള്ള  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇന്ന് സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാർ മുതൽ ഉയരങ്ങൾ കീഴടക്കിയവർ വരെ സ്വന്തം കൈവിരലുകൾ കൊണ്ട് പരസ്പരം സംവദിച്ച് സൌഹൃദപ്പെടുന്നു.അത്  ആശയലോകത്തെ വിശാലമാക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാനുള്ള ശക്തമായ ഒരുപാധിയായി ഇന്ന് സോഷ്യൽ നെറ്റ്‌വർക്കുകൾ മാറിയിട്ടുണ്ട്.  

സൌഹൃദവും സഹിഷ്ണുതയും ജനാധിപത്യ ബോധവും എല്ലാ  സോഷ്യൽനെറ്റ്‌വർ‌ക്കുകളുടെയും അംഗീകൃത മാതൃകകൾ എന്നുതന്നെ പറയാം. ഇന്റെർനെറ്റ് വഴി ഉണ്ടാകുന്ന ഇത്തരം കൂട്ടായ്മകളുടെ എണ്ണം കൂടി വരികയാണ്.  അതിരുകൾ ഭേദിച്ചുള്ള മനുഷ്യ ബന്ധങ്ങളുടെ എല്ലാ സാധ്യതകളെയും ഇന്ന് വിവിധ ഓൺലെയിൻ ആക്ടിവിസ്റ്റുകളും വിവിധ  സോഷ്യൽ നെറ്റ്‌വർക്കുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾ പോലെ ചുരുങ്ങുകയാണ്. നിമിഷനേരം കൊണ്ട് വിദൂര ഭൂഖണ്ഡങ്ങളിലെ രണ്ട് പോയിന്റുകൾ തമ്മിലുള്ള അകലം കീഴടക്കി മനുഷ്യബന്ധം സ്ഥാപിക്കുവാൻ ശാസ്ത്രം മനുഷ്യനെ പ്രാപ്തനാക്കി. ശാസ്ത്ര നേട്ടമായ ഇന്റെർനെറ്റും മനുഷ്യന്റെ  സങ്കൽ‌പ്പങ്ങൾക്കുമപ്പുറത്തുള്ള വിശാലമായ സാദ്ധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.

കേരളത്തിലിന്ന് സോഷ്യൽ നെറ്റ് വർക്കുകളുടെ വിശാലമായ ഒരു ശൃംഖല തന്നെ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ കുട്ടായ്മകൾ തങ്ങളുടേതായ രീതിയിൽ ഇന്റെർനെറ്റിനകത്തും പുറത്തും വിവിധങ്ങളായ ഇടപെടലുകൾ ഇന്ന് നടത്തുന്നു.  ഇന്റെർ നെറ്റ് എന്നത് മനുഷ്യ ജീവിതത്തിൽ നിന്ന് ഒഴിച്ചുനിർത്താനാകാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ വിവിധ പ്രവർത്തനങ്ങൾക്കും  ഓഫീസ് ആവശ്യങ്ങൾക്കും മറ്റും ഇന്റെർനെറ്റിന്റെ ഉപയോഗം സാർവ്വത്രികവും കുറച്ചേറെ നിർബന്ധിതവുമാക്കിയിട്ടുണ്ട് എന്നതും ഇത്തരുണത്തിൽ എടുത്തു പറയുന്നു. സാമൂഹ്യ രാഷ്ട്രീയ സാഹിത്യ  സാംസ്കാരിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഓരോന്നിനെയും അല്ലെങ്കിൽ എല്ലാറ്റിനെയും മുൻ‌നിർത്തി പ്രവർത്തിക്കുന്ന നിരവധി കൂട്ടായ്മകൾ ഇന്ന് ഇന്റെർ‌നെറ്റിന്റെ ലോകത്ത് സജീവമാണ്.

സോഷ്യൽ നെറ്റ് വർക്കുകളുടെ സ്വാധീനം സാമൂഹ്യ ജീവിതത്തിൽ വർദ്ധിച്ചു വരികയാണ്.  മനുഷ്യ ബന്ധങ്ങൾ ഊട്ടി വളർത്താനും അതുവഴി ഉരുത്തുരിയുന്ന സംഘ ശക്തിയെ  കർമ്മ രംഗത്ത് ഉപയോഗിക്കുവാനും ഈ കൂട്ടായ്മകൾക്ക് കഴിയും. വീട്ടിന്റെ ചുറ്റുവട്ടം, പഠന സ്ഥാപനങ്ങൾ, കുറച്ചു വളരുമ്പോൾ നാട്ടുക്കവല എന്നിവിടങ്ങളിൽ നിന്നാണ് മുൻകാലങ്ങളിൽ ഒരു സാധാരണ മനുഷ്യന് സൌഹൃദങ്ങൾ ഉണ്ടാകുമായിരുന്നത്. എന്നാൽ ഇന്ന് ഇന്റെർ നെറ്റിന്റെ ഉപയോഗം വ്യാപകമായതോടെ വിദൂര സ്ഥലങ്ങളിൽ ഉള്ളവരുമായി പോലും ദൃഢമായ സൌഹൃദബന്ധങ്ങൾ ഉണ്ടാകുന്നു. അല്പം ചില സർഗ്ഗാത്മകതകളുടെ പിൻ ബലം കൂടിയുണ്ടെങ്കിൽ വളരെ അർത്ഥ പൂർണ്ണമായ സൌഹൃദങ്ങളാണ് ഇന്റെർനെറ്റ് മുഖാന്തരം രൂപം കൊള്ളുന്നത്. കേവലം മൌസ് ബാലൻസും കീബോർഡ് പരിചയവും ഉള്ള ഏതൊരാൾക്കും ഇന്ന് ഒരിടത്തും ആരോരുമില്ലാത്ത് നിലയിൽ ഒറ്റപ്പെട്ട് അന്തർമുഖരായി കഴിയേണ്ടതില്ല. ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിക്കാൻ ഇന്റെർനെറ്റ് ബ്രൌസ് ചെയ്ത് ഏതെങ്കിലും സോഷ്യൽ നെറ്റ്‌വർക്കുകളിലോ ബ്ലോഗുകളിലോ എത്തിപ്പെടുകയേ വേണ്ടൂ.

ഇതൊക്കെയാണെങ്കിലും ചില ദോഷവശങ്ങളും ഈ മേഖലയ്ക്കില്ലാതില്ല. പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ നടത്തുന്നതിനും എന്തിന്  രാജ്യ ദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നതിനു വരെ ഇന്റെർ നെറ്റിനെ ഇന്ന് ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം സൈബർ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുള്ള നിയമങ്ങളും രൂപപ്പെട്ടും കാലോചിതമായി പരിഷ്കരിക്കപ്പെട്ടും വരുന്നുണ്ട്.  പല കുറ്റകൃത്യങ്ങളും  തെളിയിക്കുന്നതിനും ഇന്ന് ഇന്റെർ പ്രയോജനപ്പെടുന്നുണ്ട് എന്നതും ഓർക്കണം. എന്തായാലും ബ്ലോഗുകൾ, വിവിധ സോഷ്യൽ നെറ്റ്‌വർക്കുകൾ മറ്റ് ഓൺലെയിൽ സംഘടനകൾ എന്നിവ ഭാവിയിൽ മനുഷ്യന്റെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഗണ്യമായ സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ സംശയമില്ല. 

(കുട്ടികൾക്ക്  ഒരു സെമിനാർ ആവശ്യത്തിന്    എഴുതിയ  ശിഥിലമായ  കുറിപ്പ് വലിയ മാറ്റമൊന്നും വരുത്താതെ ഇവിടെ പോസ്റ്റു ചെയ്യുന്നുവെന്നു മാത്രം)

Thursday, August 2, 2012

കേരളത്തെ അശാന്തമാക്കുന്ന യു.ഡി.എഫ് ഭരണം

കേരളത്തെ അശാന്തമാക്കുന്ന യു.ഡി.എഫ് ഭരണം

കേരളത്തിൽ സി.പി.ഐ.എം ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടത്തിനു നിർബന്ധിതമായിരിക്കുകയാണ്. ഇവിടെ ഇപ്പോൾ ഭരണം കൈയ്യാളുന്ന യു.ഡി.എഫും സഹജമായ ഇടതുപക്ഷവിരുദ്ധത അലങ്കാരമായി കൊണ്ടുനടന്ന് ആഘോഷിക്കുന്ന  ഒരു കൂട്ടം മാധ്യമങ്ങളും ചേർന്ന് സി.പി.ഐഎമ്മിനെതിരെ നടത്തുന്ന ഗൂഢനീക്കങ്ങളും ദുഷ്‌പ്രചരണങ്ങളുമാണ് സി.പി.ഐ എമ്മിന് ശക്തമായി പ്രതിരോധിക്കേണ്ടി വന്നിരിക്കുന്നത്. സി.പി.ഐ.എം എന്നാൽ അക്രമത്തിന്റെയും  സകല തിന്മകളുടെയും പ്രതിരൂപമാണ് എന്നു വരുത്തിത്തീർക്കുവാൻ മാധ്യമസഹായത്തോടെ ഇവിടെ കോൺഗ്രസ്സും കോൺഗ്രസ്സിനെ  ഭരിക്കുന്ന മുസ്ലിം ലീഗും ഉൾപ്പെടുന്ന യു.ഡി.എ.എഫുകാർ  ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെക്കാലമായി ഏറെക്കുറെ  സമാധാനപരമായ ഒരു രാഷ്ട്രീയാന്തരീക്ഷം കേരളത്തിൽ നില നിൽക്കുകയായിരുന്നു. പൊതുവെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ദുഷ്പേരുണ്ടായിരുന്ന കണ്ണൂർ പോലും മുൻകാലങ്ങളെ അപേക്ഷിച്ച് സമാധാനപരമായ ഒരു അന്തരീക്ഷത്തിലേയ്ക്ക് മാറിവരികയായിരുന്നു. അവിടെ അക്രമങ്ങൾ പലതും  പരമ്പരാഗത സ്വഭാവം പോലെയും പരസ്പരബന്ധിതമായ തുടർക്കഥകൾ പോലെയുമായതിനാൽ വളരെ വേഗം സമാധാനത്തിലേയ്ക്കു പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നിട്ടുകൂടിയും അവിടെ ഒരുവിധം സമധാനപരമായ രാഷ്ട്രീയാന്തരീക്ഷം  കൈവരികയായിരുന്നു. 

വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിൽ അക്രമോത്സുകമായ രാഷ്ട്രീയം ഏറെക്കുറെ അപ്രത്യക്ഷമായതാണ്. കൂടുതൽ ജനാധിപത്യബോധമുൾക്കൊണ്ട ഒരു രാഷ്ട്രീയ പ്രവർത്തന ശൈലിയിലേയ്ക്ക് കേരളം പുരോഗമിക്കുകയായിരുന്നു. എന്നാൽ ഇതിനെ ബോധപൂർവ്വം അട്ടിമറിക്കാനും കേരളത്തെ വീണ്ടും രാഷ്ട്രീയ സംഘർഷാവസ്ഥ നിറഞ്ഞ അശാന്തമായ സ്ഥിതി വിശേഷങ്ങളിലേയ്ക്ക് തള്ളി വിടാനും യു.ഡി.എഫ് സർക്കാർ ബോധപൂർവ്വം പരിശ്രമിക്കുകയാണ്. മന:പൂർവ്വം പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണ്.  വീണുകിട്ടിയ ഒന്നു രണ്ട് കൊലക്കേസുകളെ സി.പി.ഐ.എമ്മിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് യു.ഡി.എഫ്. ഇപ്പോൾ ചെയ്യുന്നത്. ഇന്നലെ സി.പി.ഐ.എം കണ്ണൂർ  ജില്ലാ സെക്രട്ടറി പി.ജയരാജനെ  ഷുക്കൂർ വധക്കേസിൽ പ്രതിപ്പട്ടികയിൽപെടുത്തി അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയത് ഉണ്ടാക്കിയ പ്രകോപനം കേരളത്തെ ശക്തമായ പ്രതിഷേധത്തിലേയ്ക്കാണു തള്ളിവിട്ടിരിക്കുന്നത്. ഇന്ന് സി.പി.ഐ.എം അഹ്വാനം ചെയ്ത ഹർത്താലായിരുന്നു. ഇപ്പോൾ സി.പി.ഐ.എം പ്രവർത്തകർക്കും നേതാക്കൾക്കും എതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളും കളളക്കേസുകളും  രാഷ്ട്രീയ പ്രേരിതമാണ്. കേസുകൾ തെളിയിക്കനോ യഥാർത്ഥ പ്രതികളെ കണ്ടു പിടിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ അല്ല ഈ സർക്കാർ ശ്രമിക്കുന്നത്. രാഷ്ട്രീയമായി സി.പി.ഐ.എമ്മിനെ വേട്ടയാടാനാണ്. ഭരണപക്ഷത്തിന് ഒരു നീതിയും  പ്രതിപക്ഷത്തിനു മറ്റൊരു നീതിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ട യു.ഡി.എഫ് നേതാക്കൾക്കെതിരെ ഒരു പെറ്റിക്കേസുപോലും ഇല്ല. 

ഇത്തരം പ്രകോപനങ്ങളിലൂടെ  നാട്ടിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ ബാദ്ധ്യസ്ഥമായ ഭരണകൂടംതന്നെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി സംഘർഷങ്ങൾക്ക് വഴിമരുന്നിടുകയാണ്. ഇതിന്റെ പിന്നിൽ സി.പി.ഐ.എമ്മിനെ തകർക്കുക എന്ന ഒരു ലക്ഷ്യം മാത്രമല്ല ഉള്ളത്. സി.പി.ഐ.എമ്മിനെയും അതിന്റെ അണികളെയും പ്രവർത്തകരെയും ബുദ്ധിമുട്ടിലാക്കുകവഴി  അവർക്ക് വേറെയും ചിലതൊക്കെ  നേടാനുണ്ട്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കണം. സി.പി.ഐ.എം അക്രമ സംഘടയാണെന്ന് തെറ്റിദ്ധാരണ വളർത്തി വീണ്ടും തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വരണം. ബംഗാളിൽ സി.പി.ഐ.എമ്മിനുണ്ടായ തിരിച്ചടിയിൽ ആവേശമുൾക്കൊണ്ടാകണം ഇവിടെയും സി.പി.ഐ.എമ്മിനെ തകർത്തുകളയാം എന്ന മോഹം അവർക്കുണ്ടായത്. സി.പി.ഐ.എമ്മിനെതിരെ അക്രമരാഷ്ട്രീയം ആരോപിച്ച് കോൺഗ്രസ്സും ലീഗും മറ്റ് ചില ഹിന്ദു മുസ്ലിം ഫാസിസ്റ്റുകളും മറ്റും നടത്തുന്ന അക്രമങ്ങളെ മൂടിവയ്ക്കുവാനുള്ള ഗുഢശ്രമവും ഇതിനു പിന്നിലുണ്ട്. എല്ലാ അക്രമങ്ങളും നടത്തുന്നത് സി.പി.ഐ.എം ആണെന്നു സ്ഥാപിക്കുക വഴി മറ്റുള്ളവരെയെല്ലാം അക്രമരഹിത മാർഗ്ഗം സ്വീകരിക്കുന്നവരെന്നു വരുത്തിത്തീർക്കാനാണ് മാധ്യമസഹയാത്തോടെ വിശാല സി.പി.ഐ.എം  വിരുദ്ധ ഐക്യവേദി ശ്രമിക്കുന്നത്.

വീണു കിട്ടിയ രണ്ടു കൊലക്കേസുകൾ വച്ചാണ് സി.പി.ഐ.എമ്മിനെതിരെ യു.ഡി.എഫും, സി.പി.ഐ.എം വിരുദ്ധ മാധ്യമങ്ങളും മറ്റ് പാർട്ടിവിരുദ്ധരും കളിക്കുന്നത്. ശാസ്തീയമായ അന്വേഷണം എന്ന പേരു പറഞ്ഞ് കേരളത്തിലെ ഭരണകൂടം നൽകുന്ന ലിസ്റ്റ് അനുസരിച്ച് സി.പി.ഐ.എം നേതാക്കളെ കേസിൽ കുടുക്കുകയാണ്. വ്യക്തമായ യാതൊരു തെളിവുകളുമില്ലാതെ നേതാക്കളുടെ പേരിൽ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ജാമ്യം കിട്ടാത്ത വകുപ്പുകളിട്ട്  കേസെടുക്കുന്നു. മിണ്ടി, മിണ്ടിയില്ല, ഫോൺ ചെയ്തു, ഫോൺ അറ്റൻഡ് ചെയ്തു, അറിഞ്ഞു, പറഞ്ഞില്ല, അറിയാൻ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണത്രേ ശാസ്ത്രീയാന്വേഷണങ്ങളിലൂടെ പുറത്തുവന്ന ഗുരുതരമായ കുറ്റങ്ങൾ! ഏതു കേസുലും ആർക്കും ആരെ പറ്റിയും വഴി പോക്കർക്കു പറഞ്ഞു പരത്താവുന്ന ബാലിശമായ വാദങ്ങളുയർത്തി സി.പി.ഐ.എം നേതാക്കളെ കുറ്റവാളികളാക്കി ജയിലിലടയ്ക്കുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധമുയരുമ്പോൾ അത് പടില്ല, നിയമപരമായി നേരിടണമെന്നത്രേ യു.ഡി.എഫ് ഭരണകൂടവും ചില  മാധ്യമ പുംഗവന്മാരും പറയുന്നത്. ചുമ്മാ പോകുന്നവരെ പിടിച്ച് യാതൊരു തെളിവുകളുമില്ലാതെ ഏതെങ്കിലും കുറ്റം ചാർത്തിയിട്ട് പോയി നിയമപരമായി നേരിടൂ എന്നുപറയുന്നത് എവിടുത്തെ ന്യായമാണാവോ! ഭരണമുള്ളപ്പോൾ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ്സ് എക്കാലത്തും അനുവർത്തിച്ചുപോരുന്ന ഒന്നായിരുന്നു. എന്നാൽ ഇത് പിന്നെ തിരിച്ചും പണികിട്ടും എന്നു ബോധ്യപ്പെട്ടപ്പോൾ ആന്റണിയുടെ രണ്ടാം ഭരണകാലം മുതൽ ഈ ഒരു രീതി  ഇരു മുന്നനികളും ഏറെക്കുറെ ഉപേക്ഷിച്ചതാണ്. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടി ഗവർണ്മെന്റ്  ഭരണപക്ഷ അഹങ്കാരം എന്ന പഴയ രീതി പുന:സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

ഇന്ന് കേരളത്തിലുണ്ടായ ഹർത്താലും മറ്റ് അനിഷ്ട സംഭവങ്ങൾ വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ അതിനൊക്കെയും ഉത്തരവാദി യു.ഡി.എഫ് സർക്കാർ മാത്രമാണ്. കേരളത്തിൽ ശക്തമായ ജനകീയാടിത്തറയുള്ള സി.പി.ഐ.എമ്മിനെ പോലെ ഒരു പാർട്ടിക്കെതിരെ വിവേകപൂർവ്വമല്ലാത്ത ഭരണകൂട അക്രമങ്ങൾ ഉണ്ടായാൽ നിയമസമാധാനത്തിന്റെ പേരു പറഞ്ഞ് കൈയ്യും കെട്ടിനോക്കി നിൽക്കുവാൻ പാർട്ടി അണികൾ തയ്യാറായെന്നു വരില്ല. അവരെ നിയന്ത്രിക്കാൻ  നേതാക്കളുടെ കൈയ്യെത്താവുന്ന അകലത്തിലായിരിക്കില്ല എപ്പോഴും പാർട്ടി അണികൾ.  അതിന്റെ ഫലം അനുഭവിക്കുന്നത് കേരളീയ സമൂഹം മൊത്തത്തിലായിരിക്കും. അല്ലാതെ സി.പി.ഐ.എമ്മുകാർ മാത്രമായിരിക്കില്ല. രാഷ്ട്രീയ മായി ഒരു പ്രസ്ഥാനത്തിനെതിരെ പ്രകോപനമുണ്ടാക്കുന്നത് ഒരു വിവേകമുള്ള ഭരണകൂടത്തിന്റെ ലക്ഷണമല്ല. എല്ലായ്പോഴും ഭരണം കൂടെയുണ്ടാകില്ലന്ന് ഇക്കാലമത്രയും ചരിത്രപാഠം പഠിച്ചിട്ടും യു.ഡി.എഫുകാർക്ക് മനസിലായിട്ടില്ലെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. അതും തട്ടിമുട്ടി അധികാരത്തിൽ വന്ന ഈ ഭരണ കാലത്ത്! സി.പി.ഐ.എമ്മിനെതിരെ നടക്കുന്ന ദുഷ്‌പ്രചരണങ്ങളും  കള്ളക്കേസുകളും കണ്ട്  സന്തോഷം കൊള്ളുന്നവർക്കും ഹർത്താലും മറ്റ് പ്രതിഷേധ മാർഗ്ഗങ്ങളും കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമ്പോൾ അവർതന്നെ ഭരണകൂട നടപടികൾക്കെതിരെ പ്രതികരിച്ചു തുടങ്ങും. അതുകൊണ്ടാണ് ഭരണകൂടത്തിനു വിവേകം വേണമെന്നു പറയുന്നത്. ഒരു നിരോധനാജ്ഞകൊണ്ടൊന്നും അടിയന്തിരാവസ്ഥയിൽ ഒലിച്ചുപോകാത്ത പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് സാമാന്യയുക്തികൊണ്ട് ആർക്കും തിരിച്ചറിയാവുന്നതേയുള്ളൂ. രാഷ്ട്രീയത്തെ പറ്റി ഒന്നുമറിഞ്ഞു കൂടാത്ത എറാൻ മൂളികളായ ഐ.പി.എസുകാരെ വച്ച്  രാഷ്ട്രീയം കളിച്ചാൽ അതിന്റെ ഫലം ബ്യൂമറാങു പോലെ തിരിച്ചുവന്ന് തങ്ങളുടെ മുഖത്തുതന്നെ തറയ്ക്കുമെന്ന് ഉമ്മൻ ചാണ്ടിയും കൂട്ടരും മനസിലാക്കിയാൽ നന്ന്. ഭരിക്കുന്നതിപ്പോൾ ലീഗാണെങ്കിലും ഉത്തരവാദിത്വങ്ങൾ എല്ലാം ഉമ്മൻ ചാണ്ടിയും  കോൺഗ്രസ്സുമായിരിക്കും ഏറ്റെടുക്കേണ്ടി വരിക എന്നതും ഓർത്താൽ നന്ന്. സി.പി.ഐ.എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസുകൾ എടുത്ത് പ്രകോപനങ്ങളുണ്ടാക്കി കേരളം സംഘർഷഭരിതമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള യു.ഡി.എഫിന്റെ  ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ഈ പ്രതിഷേധക്കുറിപ്പ് തൽക്കാലം ചുരുക്കുന്നു.