വിശ്വമാനവികം

ആദ്യം മനുഷ്യനാവുക; എന്നിട്ടാകാം ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, യുക്തിവാദിയും, കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും

Friday, April 21, 2017

EGBELS CLASS- FORMS OF BE


ന്യൂസ്റ്റാർ-ഇയാൻഡാ ഗ്രാമർ ബെയ്സ്ഡ് ഇംഗ്ലീഷ് ലേണിംഗ് ആൻഡ് സ്പോക്കൺ ഇംഗ്ലീഷ് (എഗ്ബെൽസ്)


Monday, March 13, 2017

ബി.ജെ.പി എന്ന യാഥാർത്ഥ്യം

 ബി.ജെ.പി എന്ന യാഥാർത്ഥ്യം

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ട് ചുമ്മാ ഞഞ്ഞാ മിഞ്ഞാ പറയുന്നതിൽ അർത്ഥമൊന്നുമില്ല. ആദ്യം ജയിക്കുന്നവരെ അഭിനന്ദിക്കുക. എന്നിട്ട് സ്വന്തം പരാജയത്തിന്റെയും എതിരാളിയുടെ വിജയത്തിന്റെയും കാരണങ്ങൾ പരിശോധിക്കുക. പ്രതിപക്ഷ ധർമ്മം യഥോചിതം നിർവ്വഹിച്ച് അടുത്ത ഇലക്ഷൻ വരെ കാത്തിരിക്കുക. ഒരു തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്ക് ലളിതവും സങ്കീർണ്ണവുമായ ഓട്ടേറെ കാരണങ്ങൾ ഉണ്ടാകും. കൂട്ടത്തിൽ അഴിമതിയും ഉണ്ടാകാം. യു.പിയിൽ ബി.ജെപി ജയിച്ചതിൽ അദ്ഭുതം ഒന്നുമില്ല. ഇവിടെ ചിലർ യു.പിയിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയുന്നത് കേട്ടാൽ തോന്നും അവിടെ ബി.ജെ.പി ആദ്യമായി അധികാരത്തിൽ വരികയാണെന്ന്. ബി.ജെ.പി മുമ്പും യു.പിയിൽ അധികാരത്തിൽ ഇരുന്നിട്ടുണ്ട്. ജന സംഘം കാലം മുതൽക്കുള്ള അടിത്തറ അവിടെ ബി.ജെപിയ്ക്ക് ഉണ്ട്. 

ഇപ്പോഴത്തെ വിജയത്തിന്റെ പ്രധാന കാരണം ഭരണ വിരുദ്ധ വികാരമാണ്. കൂടാതെ മറ്റ് പല കാരണങ്ങളും ഉണ്ട്. നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചപ്പോഴെ ഈയുള്ളവൻ ചിലരോടെങ്കിലും പറഞ്ഞിരുന്നു യു.പി ഇലക്ഷനിൽ ബി.ജെ.പി ജയിക്കുമെന്ന്. കാരണം കേരളത്തിനു പുറത്ത് പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ രാഷ്ട്രീയം ഇലക്ഷൻ ഇതെല്ലാം തികച്ചും വ്യത്യസ്തമാണ്. പണത്തിനാണ് അവിടങ്ങളിൽ തെരഞ്ഞെടുപ്പിൽ പണത്തിനാണ് പ്രധാന സ്ഥാനം. പെട്ടെന്ന് നോട്ട് നിരോധനം വന്നപ്പോൾ അവിടുത്തെ പ്രബല കക്ഷികൾക്ക് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ വച്ചിരുന്ന പണമൊന്നും മാറിയെടുക്കാനോ പുറത്തു കാണിക്കാനോ വയ്യാതായി. കാരണം നോട്ട് പിൻവലിക്കൽ അവർക്ക് മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ലല്ലോ. ബി.ജെ.പിക്കാകട്ടെ മുൻകരുതൽ എടുക്കാൻ കഴിഞ്ഞു. 

ഇന്ത്യ ഹിന്ദുക്കൾ മഹാ ഭൂരിപക്ഷമുള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ ഹിന്തുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും വക്താക്കളായി നിൽക്കുന്ന പാർട്ടികൾക്ക് വളരാനും തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനും കഴിയുന്നത് സ്വാഭാവികമാണ്. ബി.ജെ.പിയുടെ കാര്യത്തിൽ അതാണ് സംഭവിക്കുന്നത്. വർഗ്ഗീയത അവർക്ക് ഒരു തുറുപ്പ് ചീട്ടാണ്. പിന്നെ അവരുടെ രാഷ്ട്രീയ തന്ത്രങ്ങളും കരുനീക്കങ്ങളും വളരെ ബുദ്ധിപരമാണ്. ആരെയും അസൂയപ്പെടുത്തുന്നതാണ്. അതിനെ അതിജീവിക്കാൻ ഇന്ത്യയില് ഇന്നുള്ള മറ്റ് രാഷ്ട്രീയപാർട്ടികൾക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും സാധിക്കുകയില്ല. കാരണം ബി.ജെ.പി അത്രയ്ക്കും ശക്തിയാർജ്ജിച്ചിരിക്കുന്നു. കേന്ദ്രത്തിൽ അവർ ഭരണകക്ഷിയായിരിക്കുന്നു. വാക്ക് ചാതുരിയുള്ള ഒരു പ്രധാനമന്ത്രി ആണ് ഇപ്പോൾ ആ മന്ത്രിസഭയെ നയിക്കുന്നത്. 

പാർളമെന്റിലും മറ്റ് നിയമ സഭകളിലും ഒക്കെ ശക്തമായ ഒറ്റക്കക്ഷിയായി മാറിയിരിക്കുന്ന ബി.ജെ.പിയെ ഇനിയും ചെറുതായി കാണുന്നത് മൗഢ്യമാണ്. അവർക്ക് അഹങ്കരിക്കാവുന്ന ശക്തിശ്രോതസ്സുകൾ ആയിക്കഴിഞ്ഞു. അവർ തനി സ്വേഛാധിപത്യത്തിലേയ്ക്കും ജനാധിപത്യ വിരുദ്ധതയിലേക്കും പോകാതെ രാജ്യത്തെ കാക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് ബാദ്ധ്യതയുണ്ട്. അതിന് പ്രതിപക്ഷകക്ഷികൾ-പ്രത്യേകിച്ച് മതേതര കക്ഷികൾ ഒന്നിക്കണം. ഇടതുപക്ഷവും ഇതിന്റെ ഭാഗമാകണം. രാഷ്ട്രീയ കക്ഷികളുടെ സ്വാഭാവിക അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾ പോലും ഉപേക്ഷിച്ച് ഇന്ത്യൻ മതേതരത്ത്വത്തിനും ജനാധിപത്യ സംരക്ഷണത്തിനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കുമായി ഒന്നിക്കണം. അല്ലാതെ ബി.ജെ.പി ചപ്പാണ് ചവറാണെന്ന് പറഞ്ഞ് സമയം കളയുന്നതിൽ യാതൊരർത്ഥവുമില്ല. ബി.ജെ.പി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു യാഥാർത്ഥ്യമാണ്.

Tuesday, December 13, 2016

ദേശീയ ഗാനം ആലപിച്ചാലെന്താ?

മുൻകുറിപ്പ്:

സിനിമാ ശാലയും ഒരു ചന്തയാണ്. സിനിമ കാണൽ വാങ്ങാൻ കിട്ടുന്ന ഒരു ചന്ത. അവിടെ എന്തൊക്കെ ആകാം ആയിക്കൂട എന്നൊന്നും പറയാൻ ഞാൻ  ഇപ്പോഴത്തെ ഭരണകൂടവുമല്ല, ഇപ്പോഴത്തെ നീതിപീഠവുമല്ല. എങ്കിലും ചില വ്യത്യസ്ത വാദമുഖങ്ങൾ ചർച്ചയ്ക്ക് വയ്ക്കുന്നു.
 
ദേശീയ ഗാനം ആലപിച്ചാലെന്താ?

ചലച്ചിത്ര ശാലകളിൽ ദേശീയ ഗാനം ആലപിക്കണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നു. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കുക എന്നത് വികാരപരമായ ഒരു ആദരവ് ആണ്. ആരെങ്കിലും എഴുന്നേൽക്കാതിരുന്നാൽ കുറ്റമുണ്ടോ, കുറ്റമുണ്ടെങ്കിൽ അതിനുള്ള ശിക്ഷയെന്ത് എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ആളുകൂടുന്ന ധാരാളം സ്ഥലങ്ങളും സന്ദർഭങ്ങളും വേറെയുമുണ്ട് എന്നിരിക്കെ ചലചിത്ര ശാലകളിൽ മാത്രം ദേശീയഗാനാലാപം നടത്തണമെന്ന് കോടതി നിർദ്ദേശിക്കാനുള്ള കാരണമെന്ത് എന്ന ചോദ്യം പ്രസക്തമാണെങ്കിലും അത് തൽക്കാലം അവിടെ നിൽക്കട്ടെ. ഈ ചലച്ചിത്ര ശാലകളിൽ ദേശീയ ഗാനം ആലപിക്കുന്നതുകൊണ്ട് എന്തെങ്കിലും മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടാകുമോ? അങ്ങനെ ഉണ്ടാകേണ്ട കാര്യമുണ്ടോ? അംഗവൈകല്യമോ മറ്റ് ശാരീരിക വൈകല്യങ്ങളോ ഉള്ളവർ എഴുന്നേറ്റ് നിൽക്കേണ്ട. അല്ലാത്തവർക്ക് എഴുന്നേൽക്കാമല്ലോ. അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ നിർദ്ദോഷമായ ഈ ദേശീയ ഗാനാലാപനത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യേണ്ട കാര്യങ്ങൾ ഒന്നുമില്ല. കാരണം ദേശീയ ഗാനം ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഉള്ള ഒന്നാണ്. അതിൽ ജാതിമതവർണ്ണവർഗ്ഗ വ്യത്യാസങ്ങൾ ഇല്ല. ഇത് ഒരു പക്ഷം.

ഈശ്വരപ്രാർത്ഥനയേക്കാൾ നല്ലത് ദേശഭക്തി ഗാനമാണ്

മറ്റൊന്ന് വർഷങ്ങളായി ഇവിടെ സ്കൂളുകളിൽ രാവിലെ ഈശ്വര പ്രാർത്ഥന നടത്തുകയും കുട്ടികൾ എഴുന്നേറ്റ് നിൽക്കുകയും ചെയ്തു പോരുന്നുണ്ട്. ഭൂരിപക്ഷം സ്കൂളുകളിലും ഹൈന്ദവമായ പ്രാർത്ഥനാ ഗാനങ്ങളാണ് ആലപിക്കുക. എന്നാൽ ചില സ്കൂളുകളിൽ ക്രിസ്ത്യൻ-മുസ്ലിം പ്രാർത്ഥനാ ഗാനങ്ങളും ആലപിച്ചു പോരുന്നുണ്ട്. ഈ ഈശ്വര പ്രാർത്ഥനാ സമയത്ത് ഈശ്വര വിശ്വാസമില്ലാത്തരുടെ കുട്ടികളും എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ തികച്ചും മതേതരമായ ഒരു രാജ്യത്ത് ഇത്തരം പ്രാർത്ഥനകൾ അടിച്ചേല്പിക്കുന്നത് ശരിയല്ല. .മാത്രവുമല്ല ദൈവമുണ്ടെന്നതിന് ഇതുവരെ ശാസ്ത്രീയമായ തെളിവുകൾ ഇല്ല. ആ നിലയിൽ അതൊരു അന്ധ വിശ്വാസമാണ്. സ്കൂളുകളിൽ മാത്രമല്ല, പൊതു പരിപാടികളിലും പണ്ടുമുതലേ ഔദ്യോഗികമായിത്തന്നെ ഈശ്വരപ്രാർത്ഥന നടത്തുക വഴി ഈ അന്ധവിശ്വാസം കുട്ടികളിലും മുതിർന്നവരിലും അടിച്ചേല്പിച്ചു വരികയാണ്. അങ്ങനെ ഇല്ലാത്ത ഒരു ശക്തിയിലുള്ള വിശ്വാസം ആളുകളെ അടിച്ചേല്പിക്കുന്നതുപോലെ അക്ഷന്തവ്യമായ തെറ്റൊന്നുമല്ല സിനിമാ കൊട്ടകകളിൽ ദേശീയ ഗാനം ആലപിക്കുന്നത്. ഈശ്വര പ്രാർത്ഥനകൾ നടത്തുന്നതിലും ഭേദം അതിനു പകരം ദേശീയ ഗാനം ആലപിക്കുന്നതാണ് ശരിക്കും ഒരു മതേതര രാഷ്ട്രത്തിനു ഭൂഷണം. ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോൾ മുതിർന്നവരിൽ എഴുന്നേറ്റ് നിൽക്കാത്തവർ ഉണ്ട്. എന്നാൽ സ്കൂൾ കുട്ടികൾക്ക് എഴുന്നേറ്റ് നിൽകാതിരിക്കാൻ കഴിയില്ല. മാത്രവുമല്ല പല സർക്കാർ ഉദ്യോഗസ്ഥർക്കും പൊതു പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഈശ്വരവിശ്വാസമില്ലെങ്കിൽ കൂടി ഈശ്വര പ്രാർത്ഥന അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതായും അവർക്കു കൂടി എഴുന്നേറ്റ് നിൽക്കേണ്ടതായും വരുന്നുണ്ട്. അതായത് ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോൾ എഴുന്നേറ്റ് നിൽക്കാനുള്ള സ്വാതന്ത്ര്യം പലർക്കും പ്രയോജനപ്പെടുത്താൻ കഴിയാത്ത നിസ്സഹായാവസ്ഥയുണ്ട് എന്നർത്ഥം. മതേതരത്വത്തിനും മതരാഹിത്യത്തിനും വിരുദ്ധമായ ഈശ്വര പ്രാർത്ഥന ഒരു രാജ്യത്ത് അടിച്ചേല്പിക്കാമെങ്കിൽ ദേശീയ ഗാനം ആലപിക്കണമെന്നു പറയുന്നത് അതിനേക്കാൾ വലിയ തെറ്റല്ല. ഇതും ഒരു പക്ഷം.

രാജ്യദ്രോഹം ചെയ്യാതിരിക്കലാണ് ഏറ്റവും വലിയ ദേശസ്നേഹം

എന്നാൽ ദേശീയത, ദേശ സ്നേഹം ഇതൊന്നും എഴുതി കഴുത്തിൽ തൂക്കി നടക്കേണ്ട സംഗതികൾ അല്ല. അത് ഉള്ളിൽ തട്ടി ഉണ്ടാകേണ്ടതാണ്. നമ്മുടെ രാജ്യത്ത് ജനിച്ചു വളരുന്ന എല്ലാവർക്കും ആ സ്നേഹം ഉണ്ടായിരിക്കുകയും ചെയ്യും. ദേശസ്നേഹം തീരെയില്ലാത്തവർ ഒരു ചെറു ന്യൂനപക്ഷം ഉണ്ടായേക്കാം. എന്നാൽ പോലും ദേശ സ്നേഹം അടിച്ചേല്പിച്ചാൽ ഉണ്ടാകില്ല. കാരണം അതൊരു വൈകാരികതയാണ്. ദേശീയ ഗാനം ആലപിക്കുന്നതുകൊണ്ടോ ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നതുകൊണ്ടോ ഒരാളുടെ ഉള്ളിൽ ദേശസ്നേഹം ഉണ്ടായിക്കൊള്ളണം എന്നില്ല. ദേശീയ ഗാനം ആലപിക്കാത്തതുകൊണ്ടോ ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതുകൊണ്ടോ ഒരാൾക്ക് ഇല്ലാതെ വരണമെന്നും ഇല്ല. രാജ്യ സ്നേഹത്തിന്റെ അളവ് എത്ര എന്നതിനേക്കാൾ ദേശദ്രോഹം ചെയ്യതിരിക്കുക എന്നതാണ് ഒരു രാജ്യത്തെ പൗരനു ചെയ്യാവുന്ന ഏറ്റവും വലിയ ദേശസ്നേഹം. ഇത് മറ്റൊരു പക്ഷം.

ദേശസ്നേഹം അടിച്ചേല്പിക്കേണ്ട ഒന്നല്ല

ഒരു രാഷ്ട്രത്തിൽ നിന്ന് ഒരാൾക്ക് മറ്റുള്ളവർക്ക് ലഭിക്കുന്നതുപോലെ തുല്യ നിലയിൽ പരിഗണനയും ശ്രദ്ധയും കിട്ടുന്നില്ല എന്ന തോന്നലുണ്ടായാൽ പൗരന്മാരിൽ ദേശസ്നേഹത്തിന്റെ അളവ് കുറഞ്ഞെന്നും വരാം. അങ്ങനെ ഉണ്ടാകാതെ നോക്കേണ്ടത് ഒരു രാഷ്ട്രത്തിന്റെ കടമയാണ്. അല്ലാതെ കൃത്രിമമായി ആരിലും രാജ്യ സ്നേഹം എന്നല്ല ഒരു സ്നേഹവും അടിച്ചേല്പിക്കാനാകില്ല.  ഹിറ്റ്ലറുടെ കാലത്തെ അതിതീവ്രദേശീയത പോലൊന്ന് ആധുനിക കാലത്ത് ഒരു രാജ്യത്തിലെ പൗരനും ഉണ്ടാകുകയില്ല. കാരണം ഇന്ന് ഒരു രാജ്യം എന്നതിലുപരി ലോകം ഒന്നാണ്. ലോകമാകെ നയിക്കാൻ ഒരു ഭർണകൂടമില്ലെങ്കിലും ലോകം മുഴുവൻ ഉൾപ്പെടുന്ന ഒരു ആഗോള സമ്പദ് ഘടനയാണ് ഇന്നുള്ളത്. ലോകത്തെ എല്ലാ രാജ്യങ്ങളും വിഭവങ്ങൾ പങ്ക് വയ്ക്കുന്നു. പരസ്പരം ആശ്രയിക്കുന്നു. ജനങ്ങൾ എല്ലാ രാജ്യങ്ങളിലും പണിയെടുക്കുകയും സ്ഥിരതാമസം നടത്തുകയുമൊക്കെ ചെയ്യുന്നു. ഏതെങ്കിലും ഒരു രാഷ്ട്രത്തിനു മാത്രമായി ലോകത്ത് ഇനി ഒരു നില നില്പ് ഇല്ല. ലോകം ഉണ്ടെങ്കിലേ നമ്മളുമുള്ളൂ. നമ്മുടെ രാജ്യം നമുക്ക് മാതൃഭൂമി എന്നതുപോലെ ലോകം തന്നെ നമ്മുടെ തറവാടാണ്. ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾ പോലെ ചെറുതാകുകയാണ്. അതുകൊണ്ടാണല്ലോ നാം ലോകം വിരൽത്തുമ്പിലാണെന്ന് പറയുന്നത്.

ദേശ സ്നേഹം ആരുടെയും കുത്തകയല്ല

ദേശീയ ഗാനം ആലപിക്കുന്നത് ഒരു കുറവായോ ആലപിക്കാതിരിക്കുന്നത് ഒരു മികവായോ കാണേണ്ട കാര്യം ഇല്ല. പക്ഷെ എപ്പോഴും എവിടെയും ആലപിക്കാനുള്ള ഒന്നാണോ നമ്മുടെ ദേശീയ ഗാനം എന്നതും സംവദിക്കാനുള്ള വിഷയമാകാതെ പോകുന്നില്ല. നമ്മുടെ ജനഗണമന എന്ന ദേശീയ ഗാനത്തിന്റെ മാഹാത്മ്യം കണക്കിലെടുത്തോ അതിനെ സ്നേഹിക്കുന്നതുകൊണ്ടോ ഒന്നുമല്ല ദേശീയ ഗാനാലാപാനത്തിന്റെ കുത്തക വക്താക്കളായി ഇവിടെ ഇപ്പോൾ ചിലർ മാറുന്നത്. അവരുടെ ഉള്ളിലെ ദേശീയതതന്നെ വേറെ എന്തൊക്കെയോ ആണ്. കപട ദേശീയതയുമായി അവർ ദേശീയഗാനത്തിന്റെ വക്താക്കളാകുന്നു എന്നതുകൊണ്ട് നമുക്ക് നമ്മുടെ ദേശീയ ഗാനത്തെ അവർക്ക്മാത്രമായി വിട്ടുകൊടുക്കാനോ അനാദരിക്കാനോ കഴിയില്ല.

ദേശീയ പതാകയും ദേശീയ ഗാനവും തോന്നുമ്പോലെ ഉപയോഗിക്കാവുന്നതവയല്ല

ദേശീയ പതാക ഉയർത്തുന്നതിന് ചില നിബന്ധനകൾ ഉള്ളതുപോലെ ദേശീയ ഗാനത്തിനും അതിന്റേതായ നിബന്ധനകൾ പുലർത്തുന്നത് നല്ലതാണന്ന് അഭിപ്രായപ്പെടുന്നവരെയും ദേശ വിരുദ്ധരായി കാണേണ്ടതില്ല. പക്ഷെ ഒരു കാര്യം ഉറപ്പാക്കണം. ദേശീയ ഗാനം ആലപിച്ചാൽ എല്ലാവരും എഴുന്നേൽക്കേണ്ടതാണ്. അങ്ങനെ എഴുന്നേൽക്കാൻ സാദ്ധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ അത് ആലപിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ അവരെയും കുറ്റപ്പെടുത്താനാകില്ല.

(ഈ ലേഖനം ഒരു നിലപാടല്ല. നിലപാടെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിന്തിക്കാനുള്ള ചില വ്യത്യസ്ത വാദമുഖങ്ങൾ മാത്രമാണ്.)

ലേഖകന്റെ നിലപാട്: ദേശീയ പതാക തോന്നുമ്പോൾ തോന്നുന്നിടത്തൊക്കെ തോന്നിയതുപോലെ  ഉയർത്താനുള്ള ഒന്നല്ല. അതുപോലെ  ദേശീയ ഗാനവും തോന്നുമ്പോൾ തോന്നുന്നിടത്തൊക്കെ തോന്നുന്നതുപോലെ ആലപിക്കാനുള്ള ഒന്നല്ല. ദേശീയതയുടെ അളവുകോൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല. ദേശസ്നേഹം ആരിലും അടിച്ചേൽപ്പിക്കാവുന്നതല്ല. അത് ഉള്ളിൽ നിന്നുണ്ടാകേണ്ട ഒരു വികാരമാണ്. ദേശസ്നേഹം പരീക്ഷിക്കാനുള്ള ഒരു പരീക്ഷണ വസ്തു എന്ന നിലയിൽ ആലപിക്കാനുള്ളതല്ല മഹത്തായ  ദേശീയ ഗാനം.  അത്  ദേശീയ ഗാനത്തെ അവമതിക്കലാണ്. എന്നാൽ വിദ്യാലയങ്ങളിലെയും പൊതു പരിപാടികളിലെയും ഈശ്വര പ്രാർത്ഥന അന്ധവിശ്വാസം അടിച്ചേല്പിക്കലാണ്. അത്തരം സ്ഥലങ്ങളിൽ അതിനു പകരം ദേശഭക്തി ഗാനം ആലപിക്കണം.

Tuesday, November 8, 2016

നോട്ടുകൾ മരവിപ്പിക്കൽ

നോട്ടുകൾ മരവിപ്പിക്കൽ

8-11-2016, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പൊടുന്നനവെ പിൻ‌വലിച്ചു. ഇന്ന് രാത്രി 12 മണിമുതൽ നടപ്പിലാകുന്നു. പ്രഖ്യാപിച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണം പിടിക്കാനും വ്യാജ നോട്ടുകൾ തടയാനുമാണ് നടപടി. ഒപ്പം തീവ്രവാദം തടയുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നതായി വ്യക്തമാക്കപ്പെടുന്നു. ഇത്തരം ഒരു കടുത്ത തീരുമാനം എടുക്കാനുള്ള ഒരു സർക്കാരിന്റെ ആർജ്ജവം ആദ്യം തന്നെ അംഗീകരിക്കുന്നു. പക്ഷെ ഇത് സാധാരണ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തുഗ്ലക്ക് മോഡൽ പ്രഖ്യാപനം പോലെ ആയിപ്പോയി എന്ന വിമർശനം ഒഴിവാക്കാനാകില്ല. സാധാരണ ജനങ്ങൾക്കു മേൽ തികച്ചും അപ്രതീക്ഷിതമായി ഇത്രയും കടുത്ത പീഡനം നൽകുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. രാജ്യത്ത് കള്ളപ്പണവും വ്യാജ നോട്ടുകളും പെരുകുന്നതിന് സാധാരണ ജനങ്ങൾ എന്ത് പിഴച്ചു? ഏതാനും പേരെ പിടികൂടാൻ ഒരുപാടുപേരെ  വലിയതോതിൽ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിത്. 

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ രൂപത്തിൽ മാത്രമല്ല കള്ളപ്പണമത്രയുമിരിക്കുന്നത്. വിദേശബാങ്കുകളിൽ വമ്പന്മാർ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന് ഇതു മൂലം ഒരു പോറലുമേൽക്കുകയുമില്ല.പണരൂപത്തിലല്ലാതെയുള്ള കള്ളപ്പണ നിക്ഷേപത്തെയും ഈ നടപടി മൂലം ഒന്നും ചെയ്യനാകില്ല. കള്ളനോട്ടുകൾ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും രൂപത്തിൽ മാത്രമല്ല ഇറങ്ങുന്നത്. കള്ളനോട്ടും വ്യാജ നോട്ടും തടയുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും ഉചിതമായ ഒരു നടപടിയാണിതെന്നതിൽ തർക്കമില്ല. പക്ഷെ ഭരണപരമായ ഒരു നടപടി ഭുരിപക്ഷ ജനത്തെ എങ്ങനെ ബാധിക്കും എന്നത് കണക്കിലെടുക്കേണ്ടതുണ്ട്. തീവ്രവാദികളെ ഒതുക്കാൻ കൂടിയാണ് ഈ നടപടിയെന്നും വ്യക്തമാക്കുന്നുണ്ട്. ഒരു പരിധിവരെ അതിനും ഉപകരിച്ചേക്കാം. എന്നാൽ ഈ കള്ളപ്പണം കൈവശം വയ്ക്കുന്നവരും വ്യാജ നോട്ടുകൾ അടിച്ചിറക്കുന്നവരും തീവ്രവാദികളുമല്ല ഭൂരിപക്ഷ ജനത. അവർ ആപേക്ഷികമായി ന്യൂന പക്ഷമാണ്. ആ ന്യൂനപക്ഷം ചെയ്യുന്ന തെറ്റുകൾക്ക് ജനങ്ങളെ ശിക്ഷിക്കുന്നതുപോലെ ആകേണ്ടിയിരുന്നില്ല ഈ തീരുമാനം നടപ്പിലാക്കേണ്ടിയിരുന്നത്.

കള്ളപ്പണത്തിന്റെ കാര്യത്തെക്കുറിച്ച് പറയുമ്പോൾ കളളപ്പണം മുഴുവനും അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഉൾപ്പെടെയുള്ള നോട്ടുകളുടെ രൂപത്തിലല്ല കള്ളപ്പണക്കാർ സൂക്ഷിക്കുന്നത്. അതുപോലെ കള്ള നോട്ടുകൾ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും മാത്രമേ ഇറങ്ങാറുള്ളോ? ഏതെങ്കിലും ഒന്നോ രണ്ടോ നോട്ടുകൾ മരവിപ്പിച്ചതുകൊണ്ടു മാത്രം തീവ്രവാദ പ്രവർത്തനങ്ങൾ കാര്യമായി ദുർബ്ബലപ്പെടുമെന്നും വിശ്വസിക്കാനാകില്ല. മാത്രവുമല്ല നോട്ടുകൾ മാറിയെടുക്കുന്നതിനും മറ്റും ജനങ്ങൾക്ക് കുറച്ചു കൂടി സമയ ദൈർഘ്യം അനുവദിക്കുന്നതുകൊണ്ട് ഈ ഒരു നടപടിയുടെ ലക്ഷ്യം പാളും എന്നും കരുതാനാകില്ല. നോട്ടുകൾ മരവിപ്പിക്കുന്നതോടെ തന്നെ കള്ള നോട്ടുകളും വ്യാജ നോട്ടുകളും കൈയ്യിലുള്ളവർക്ക് അത് ഒന്നും ചെയ്യാനാകാതെ വരും. അതുകൊണ്ട് നല്ല നോട്ടുകളെ കൂടി പെട്ടെന്ന് അശുദ്ധമാക്കേണ്ട കാര്യമില്ല. അതായത് കൈയിലുള്ള നല്ല നോട്ടുകൾ മാറുന്നതിന് കൂടുതൽ സമയവും ബോധവൽക്കരണവും നൽകുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. രാജ്യത്തെ റിമോട്ട് ഏരിയകളിൽ ഉള്ളവർ ഈ കാര്യങ്ങൾ യഥാ സമയം അറിഞ്ഞെന്നും വരില്ല.

പാതിവഴിയിൽ യാത്ര ചെയ്തു വരുന്നവർ, അടുത്ത ദിവസങ്ങളിൽ യാത്ര നടത്തേണ്ടവർ, ഇവന്റുകൾ നടത്തേണ്ടവർ തുടങ്ങി ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ബുദ്ധിമുട്ടിലാക്കും. ഇവിടെ ചോദ്യം ചെയ്യുന്നത് സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ അല്ല. കള്ളപ്പണവും വ്യാജ നോട്ടുകളും തീവ്രവാദവും തടയാൻ നോട്ടുകൾ മരവിപ്പിക്കുന്നത് തെറ്റായതോ തികച്ചും പ്രയോജന രഹിതമോ ആയ ഒരു നടപടിയുമല്ല. എന്നാൽ കുറച്ചുകുടി ശാസ്ത്രീയമായും ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെയുമാണ് ഇങ്ങനെയൊരു നടപടി പ്രയോഗത്തിൽ വരുത്തേണ്ടത്.

Friday, November 4, 2016

കടം


കടം

കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
ഉറക്കമേയില്ലെന്നാ‍ലും ഞാൻ കിടന്നെഴുന്നേൽക്കും
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

ഇരട്ട നീതികൾ ഇരുത്തിവാഴും വിശാല ഭവനത്തിൽ
ഇരുണ്ട  കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറും തറയതു പകുത്ത് കിട്ടീടാം!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുഭൂവിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവയ്ക്കുമ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചു വയ്ക്കും തിമിര മേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലം കൊതിച്ചു, നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

വിരുന്നു വന്നൊരു രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
പതിവു തെറ്റിയെൻ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ ഇടവേളകൾ ഞാൻ  ഇരന്നു വാങ്ങുന്നു!

ഇനിയുമെത്ര തുടിപ്പുകൾ കനിയുമെന്നുടെ  ഹൃത്തിടം
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞു പോയീടാം!
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇനി വെറും ഭ്രമം
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞിട്ടല്ല
കിനാക്കൾ കാണാൻ പോലുമിന്നെൻ  മനോബലം പോര;
വരണ്ട നാവിൻ തുമ്പിലമ്പി വെമ്പലുണ്ടിപ്പോഴും
പറയുവാനുണ്ടിനിയും പലതും പറഞ്ഞു തീരാതെ

കുലം പറഞ്ഞും കൂരി പറഞ്ഞും കുബേരകൂറ്റൻമാർ
അധികാരത്തിൻ അകം-പുറങ്ങൾ അടക്കി വാഴുമ്പോൾ
കടം കിടന്നും  ഇടം മുടിഞ്ഞും  ഇരന്നിരുന്നീ  ഞാൻ
ആധിപറഞ്ഞും വ്യാഥി പറഞ്ഞും വൃഥാവിലാകുന്നു!

Wednesday, October 12, 2016

പൊതുവിദ്യാലയ സംരക്ഷണവും പാഠ്യപദ്ധതിയും

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള ഒറ്റമൂലി ഇപ്പോഴത്തെ പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, ഇപ്പോഴത്തെ "മൊണഞ്ഞ" (വേറെ വാക്ക് കിട്ടുന്നില്ല) ചോദ്യപ്പേപ്പർ ഉപയോഗിച്ചുള്ള പരീക്ഷ എന്നിവ എടുത്ത് കളയുകയാണ്. ഈ ഉഡായിപ്പുകളെ എതിർത്താൽ പുരോഗമന വാദി അല്ലാതായിപ്പോകും എന്ന് കരുതി മിണ്ടാതിരിക്കുന്നത് തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. കുട്ടികളെ പഠിപ്പിക്കുന്നതോ കുട്ടികൾ പഠിക്കുന്നതോ ഒന്നുമല്ല പരീക്ഷയ്ക്ക് ചോദിക്കുന്നത്. പരീക്ഷാ ചോദ്യങ്ങൾക്ക് മിക്കതിനും പാഠപുസ്തകങ്ങളുമായി ഒരു ബന്ധവുമില്ല. പാഠപുസ്തകങ്ങൾ തന്നെ ഒരു തരം പാഴ് വസ്തുക്കൾ പോലെയാണ്. അവയുടെ ഭാരമാകട്ടെ കിലോക്കണക്കിനും! പക്ഷെ ഒരു ഗുണവുമില്ല. ഗൈഡുകൾ ഇറങ്ങുന്നതുകൊണ്ട് അദ്ധ്യാപകരും അത് വാങ്ങാൻ ശേഷിയുള്ള കുട്ടികളും ആശ്വാസം കൊള്ളുന്നു.

ഡി.പി.ഇ.പി വന്നതിനുശേഷമുള്ള കുട്ടികളിൽ നല്ലൊരു പങ്കും സർഗ്ഗ ചേതനകൾ കൈമോശം വന്നവരും സാമൂഹ്യ ബോധമില്ലാത്തവരും ആയി. നല്ലൊരു പങ്ക് കുട്ടികൾ വർഗ്ഗീയ പക്ഷപാതികൾ കൂടിയായി. ഏത് പണക്കാരന്റെ കുട്ടിയും മൊബൈൽ ചാർജ് ചെയ്യാൻ വേണ്ടി (അതിനു വേണ്ടി മാത്രം) എന്ത് തൊഴിലും ചെയ്യാൻ നാണക്കേട് വിചാരിക്കുന്നില്ല എന്നത് മാത്രമാണ് ഇന്നത്തെ പിള്ളേർക്ക് ആകെയുള്ള ഒരു മെച്ചം. അവരെ ഞങ്ങളൊക്കെ പഠിച്ച കൈയ്യിലൊതുങ്ങുന്ന പുസ്തകങ്ങളും അന്നത്തെ പരീക്ഷാ രീതിയും കുറെ പേരെ തോല്പിച്ചിരുന്നു എങ്കിലും അതിന് ഒരു നിലവാരമുണ്ടായിരുന്നു. അന്ന് തോൽക്കുന്നവർക്കു പോലും അക്ഷരത്തെറ്റില്ലാതെ മലയാളമെങ്കിലും എഴുതാൻ കഴിഞ്ഞിരുന്നു. ഇന്നോ? അക്ഷര ശുദ്ധി കൈവരുത്താനുള്ള പകർത്തെഴുത്തില്ല. കേട്ടെഴുത്തില്ല. അക്ഷരം പഠിപ്പിക്കാനേ പാടില്ലത്രേ! വീട്ടുകാരോ അംഗൻ വാടിക്കാരോ വല്ല അക്ഷരവും പഠിപ്പിച്ചു വിടുന്ന കുട്ടികൾ തെറ്റില്ലാതെ എഴുതുകയും വായിക്കുകയും ചെയ്യും. എന്നാൽ സ്കൂളിൽ ചേർത്തു കഴിഞ്ഞാൻ പിന്നെ പഠിച്ച അക്ഷര വിദ്യയും കൂടി കൈമോശം വരുത്തുന്ന "സാങ്കേതിക വിദ്യ" കുട്ടികളിൽ പരീക്ഷിക്കുകയായി!

എല്ലാവരെയും ജയിപ്പിച്ചു വിടുന്നത് നല്ലതു തന്നെ. ഗ്രേഡിംഗും നല്ലതു തന്നെ. പുതിയ പരിഷ്കാരങ്ങൾ, കാലത്തിനൊത്ത കൂട്ടിച്ചേർക്കലുകൾ ഒക്കെ വേണം. പക്ഷെ ശാസ്ത്ര സാഹിത്യ പരിഷത്തുകാരെ പോലുള്ളവർക്ക് തമാശ കളിക്കാനുള്ളതല്ല കുട്ടികളുടെ ഭാവി. (പരിഷത്ത് മറ്റ് പല മേഖലകളിലും നടത്തുന്ന-നടത്തിയിട്ടുള്ള മറ്റ് സേവനങ്ങൾ കുറച്ചു കാണുന്നില്ല). പാഠ പുസ്തകങ്ങളെ ആസ്പദമാക്കി വേണം പരീക്ഷയ്ക്ക് ചോദ്യം ചോദിക്കാൻ. അല്ലാതെ പദ പ്രശ്നം പൂരിപ്പികലാകരുത് പരീക്ഷ. അതൊക്കെ ബാലമ്യും, ബാലമംഗളവും തത്തമ്മയുമൊക്കെ നിർവ്വഹിച്ചു കൊള്ളും. നല്ല ഒരു കവിത എഴുതാനോ ഒരു ഉപന്യാസ മെഴുതാനോ ഇന്നത്തെ കുട്ടികൾക്ക് കഴിയില്ല.

അദ്ധ്യാപകർക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങൾ പ്രോജക്ടും അസൈൻമെന്റുമായി കൊടുക്കും. കുട്ടികൾ അതുമായി ട്യൂട്ടോറിയൽ കാരെ സമീപിക്കും. അവരെക്കൊണ്ട് പറ്റുന്നത് അവർ ചെയ്തു കൊടുക്കും. അല്ലെങ്കിൽ കുട്ടികൾ നെറ്റിൽ കയറി കോപ്പി പേസ്റ്റ് ചെയ്യും. ഇതിൽ കുട്ടിയുടെ കഴിവും മികവും എങ്ങനെയാണ് വികസിക്കുക. ഒന്നും കാണാപ്പാഠം പഠിച്ചു കൂടെന്നാണ് പുതിയ പഠ്യ പദ്ധതിയുടെ വക്താക്കൾ പറയുന്നത്. കാണാതെ പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ കുറച്ചൊക്കെ കാണാതെ പഠിച്ചു വയ്ക്കുക തന്നെ വേണം. പി.എസ്.സി പരീക്ഷയ്ക്ക് മത്സരാർത്ഥികൾ ജി.കെ അത്രയും കാണാതെ പഠിക്കുകയല്ലേ ചെയ്യുന്നത്? ( സ്റ്റേറ്റ് സിലബസിൽ ജി.കെ ഇതുവരെയും ഉൾപ്പെട്ടു കണ്ടിട്ടില്ല. സി.ബി.എസ്.സി പിള്ളേർക്ക് അതിനും പുസ്തകവും പരീക്ഷയുമുണ്ട്. (സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് ജോലിയെങ്ങാനും കിട്ടിപ്പോയാലോ!).

ഓരോ വിഷയമായിട്ടെടുത്താൽ സ്റ്റേറ്റ് സിലബസുകാരുടെ പുസ്തകത്തിലുള്ള ഇംഗ്ലീഷ് പഠിച്ച് ഒരു കുട്ടിയും ഒരു ഇംഗ്ലീഷ് വാചകം തെറ്റില്ലാതെ എഴുതുകയോ പറയുകയോ ചെയ്യില്ല. മലയാളത്തിന്റെ കാര്യമെടുത്താൽ കുട്ടികൾ മലയാള ഭാഷ തന്നെ വെറുക്കുന്ന രീതിയിലുള്ള പാഠ ക്രമീകരണങ്ങളാണ്. മറ്റ് വിഷയങ്ങളുടെ കാര്യം പറയാനുമില്ല. വിദ്യാഭ്യാസത്തിന്റെ ഒരു ഗൗരവവും ഉൾക്കൊള്ളാത്ത പാഠപുസ്തകങ്ങളും അദ്ധ്യാപന രീതിയുമാണിന്നുള്ളത്. ഏറ്റവും വലിയ കുഴപ്പം ഈ പാഠ്യ പദ്ധതികൾ അനുസരിച്ച് പഠിപ്പിക്കാനുള്ള നിലവാരം ഇവിടുത്തെ അദ്ധ്യാപകർക്കില്ലെന്നുള്ളതാണ്. ഇത് ഇനിയും നീട്ടേണ്ട ലേഖനമാണ്.ഒരു കാര്യം കൂടി സൂചിപ്പിച്ച് തൽക്കാലം നിർത്തുന്നു. നമ്മുടെ കെ.എസ്.ടി.എക്കാർ പരസ്യമായി ഈ സിലബസിനെ പുകഴ്ത്തുകയും രഹസ്യമായി ഇതിനെതിരെ സംസാരിക്കുകയും ചെയ്യും.

Sunday, July 31, 2016

വീടുകളിൽ പഠന മുറി


പട്ടികജാതി-പട്ടികവർഗ്ഗ വീടുകളിൽ പഠന മുറി

പുതിയ എൽ.ഡി.എഫ് ഗവർണ്മെന്റ്  ശ്രദ്ധാർഹവും ഏറെ അഭിനന്ദനാർഹവുമായ ഒരു പല തീരുമാനങ്ങളും ഇതിനോടകം എടുക്കുകയും അതിൽ പലതും ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് എന്നത് എൽ.ഡി.എഫിന്റെ രാഷ്ട്രീയ എതിരാളികൾ പോലും പരക്കെ സമ്മതിക്കുന്ന കാര്യമാണ്. അക്കൂട്ടത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന ഏറ്റവും വിപ്ലവകരമായ ഒരു തീരുമാനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം. ഇതിൽ രാഷ്ട്രീയമില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവർണ്മെന്റിന്റെ നല്ല പ്രവർത്തനങ്ങളൊടുള്ള ഒരു ക്രിയാത്മക പ്രതികരണം മാത്രമാണ്. 

പട്ടിക ജാതി ക്ഷേമ വകുപ്പ് മുഖാന്തരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി-പട്ടിക വർഗ്ഗ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ വീടിനോട് ചേർന്ന് പഠന മുറികൾ നിർമ്മിച്ചു നൽകാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഒരു പക്ഷെ അടുത്ത കാലത്തൊന്നും മാറി മാറിവന്ന ഒരു സർക്കാരും ഇത്രയധികം ശ്രദ്ധാർഹമായ ഒരു ജനക്ഷേമ പ്രവർത്തനം നടത്തിയിട്ടുണ്ടാകില്ല.

പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും  അക്കാഡമിക നിലവാരം ഉയർത്തുന്നതിനും ഏറെ ഫണ്ടുകൾ വിനിയോഗിച്ചു വരുന്നുണ്ട്.  പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾ ഉൾപ്പെടെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണവും  അവരുടെ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ അടക്കമുള്ള പല സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും മുമ്പേ തന്നെ നൽകിപ്പോരുന്നുണ്ട്. എന്നാൽ ഈ കുട്ടികൾ നല്ലൊരു പങ്കും  പഠനത്തിൽ പിന്നോക്കം  പാതി വഴിയിൽ പഠനം ഉപേക്ഷിക്കാനും ഉള്ള കുടുംബപരമായും സാമൂഹ്യമായുമുള്ള കാരണങ്ങൾ വേണ്ടവിധം മനസ്സിലാക്കാനോ അതിന് പരിഹാരം കാണാനോ ശ്രമിച്ചിരുന്നില്ല.

സ്കൂളിൽ വന്നാൽ പഠിക്കാം. വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ സംവരണമുണ്ട്. ഉദ്യോഗങ്ങൾക്കുമുണ്ട് സംവരണം. എന്നാൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു നല്ല വീടുണ്ടോ, വീട്ടിൽ വെളിച്ചമുണ്ടോ, കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ നല്ലൊരു കസേരയുണ്ടോ, വച്ചെഴുതാൻ പറ്റിയ ഒരു മേശയുണ്ടോ, വീട്ടിലെ മറ്റ് ഒച്ചയും ബഹളവും അധികം കേൾക്കാതെ ഇരുന്ന് പഠിക്കാൻ പറ്റുന്ന ഒരു പഠനമുറിയോ ഹാളോ വീട്ടിലുണ്ടൊ എന്നൊന്നും ആരും ഇതുവരെ വേണ്ടവിധം അന്വേഷിക്കുകയോ പരിഹാരം കാണാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. 

എന്നാൽ ഇപ്പോഴിതാ കേരളത്തിലെ പിണറായി സർക്കാർ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യങ്ങൾ കൂടി മനസ്സിലാക്കാനും കുട്ടികളുടെ പഠനത്തിന് തടസമാകുന്ന പ്രശ്നങ്ങളും പരാധീനതകളും കണ്ടറിഞ്ഞ്  പരിഹാരം കാണാനുമുള്ള ധീരമായ നടപടികൾ  എടുത്ത് തുടങ്ങിയിരിക്കുന്നു.  പാവപ്പെട്ട ധാരാളം കുട്ടികൾ അവരുടെ വീടുകളിലെ കുടുസ്സു മുറികളിൽ ശ്വാസം മുട്ടിയാണ് കഴിയുന്നത് പ്രത്യേകിച്ചും കോളനി പ്രദേശങ്ങളിലെ ജനങ്ങൾ. 

ഈ കുട്ടികളുടെ വീടുകളിൽ കൂടി സ്വസ്ഥമായിരുന്ന്  പഠിക്കാൻ  ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും, പൊതു സമൂഹത്തിനും കഴിഞ്ഞാൽ അത് വലിയൊരു അനുഗ്രഹം തന്നെ ആയിരിക്കും. ഇപ്പോഴിതാ എൽ.ഡി.എഫ് സർക്കാർ അതിനൊരു മാതൃകയായിരിക്കുന്നു. കക്ഷി രാഷ്ട്രീയം മറന്ന് ഇതിൽ നാം സന്തോഷിക്കുകതന്നെ വേണം. പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്  ഇനി അവരുടെ വീടുകളിലെ  സ്വന്തം പഠന മുറികളിലിരുന്ന് സസന്തോഷം പഠിക്കാം. ഈ പദ്ധതി അതിവേഗം നടപ്പിലാകട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു.  അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും മതിയായ സൗകര്യമുള്ള വീടും പഠന മുറിയുമൊന്നുമില്ലാത്തതുമായ എല്ലാ സമുദായത്തിലും പെട്ട കുട്ടികളുടെയും  വീടുകളിലേയ്ക്കും കൂടി ഈ പദ്ധതി വ്യാപിപ്പിക്കാൻ ശ്രമിക്കണമെന്നു കൂടി അഭ്യർത്ഥിക്കുന്നു. ഇത് ഒരു നല്ല തുടക്കമാകട്ടെ!

Tuesday, March 15, 2016

ഓർമ്മയിലെൻ പ്രിയ വീട്


 

ഓർമ്മയിലെൻ പ്രിയ വീട്

(വായിക്കുന്നവർ ദയവായി മുഴുവൻ വായിക്കുക)

ചിത്രത്തിലെ വീട് കണ്ടല്ലൊ? ഇതായിരുന്നു എന്റെ ബാല-കൗമാര-യൗവ്വന കാലത്തൊക്കെയും ഞങ്ങളുടെ വീട്. അതിന്റെ മുന്നിൽ ഒടിഞ്ഞു കുത്തി നിൽക്കുന്നത് ഈ ഞാൻ തന്നെ! ഒരാണ്ടിൽ ഓല കിട്ടാത്തതിനാൽ സമയത്ത് മേയാൻ കഴിഞ്ഞില്ല. തുടർന്നു വന്ന ഒരു മഴയിൽ ഈ വീട് നനഞ്ഞ് കുതിർന്ന് നിലം പൊത്തി. ജീവിതത്തിലുടനീളം പല വീടുകളിൽ മാറിമറി താമസിച്ചിട്ടുണ്ടെങ്കിലും എന്നും സ്വന്തമായുണ്ടായിരുന്നത് ഈ വീട് മാത്രം! പൊതുജന സേവനം തലയ്ക്കു പിടിച്ച ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ "ചെറിയ കുടുംബം സന്തുഷ്ട കുടുംബം" അലോസരമില്ലാതെ കഴിഞ്ഞ ഒരു മൺകുടിൽ! ഉമ്മയുടെ കുടുംബ ഓഹരിയിലാണ് ഈ വീട് വച്ചത്. 

ചെറുതെങ്കിലും സ്നേഹത്തിന്റെയും സൗഹൃദങ്ങളുടെയും വസന്തങ്ങൾ വിരിയിച്ച ഒരു വീടായിരുന്നു ഇത്. ചരിത്രമുറങ്ങുന്ന ഒരു മൺപുര. ജാതിമത-കക്ഷി രാഷ്ട്രീയ ഭേദമനമന്യേ എല്ലാവരുടെയും സ്നേഹക്കൂടായിരുന്നു ഈ ഭവനം. ഒരേ സമയം വീടായും തർക്ക പരിഹാര സ്ഥലമായും പാർട്ടി ഓഫീസായും കലാസാഹിത്യ വേദിയായും ഒക്കെ മാറിയിരുന്നു ഈ കുടിൽ. നാട്ടുകാരുടെ സ്നേഹാലയമായിരുന്ന എന്റെ പിതാശ്രീ രണ്ടോ മൂന്നോ ദിവസം തട്ടത്തുമലയിൽ ഇറങ്ങിയില്ലെങ്കിൽ "തട്ടത്തുമല" മൊത്തമായും ചില്ലറയായും ഈ വീട്ടിലേയ്ക്ക് വന്നിരുന്നു. എത്രയോ കാലം ഞാൻ ഒറ്റയ്ക്കും ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്.

എന്റെ ഒറ്റവാസ സമയങ്ങളിൽ സൗഹൃദങ്ങളുടെ കേന്ദ്രമായും ചില അല്ലറ ചില്ലറ രാഷ്ട്രീയ കേസുകളിൽ പല സഖാക്കളുടെയും ഒളിത്താവളമായും മാറിയിരുന്നു ഈ വീട്. തട്ടത്തുമലയിലെയും വട്ടപ്പാറയിലെയും നിലമേലിലെയും പാർട്ടി പ്രവർത്തകർക്ക് ഇത് വീടായിരുന്നില്ല, പാർട്ടി ഓഫീസായിരുന്നു. വീട് മാത്രമല്ല പറമ്പും അവർക്ക് സമ്മേളന സ്ഥലങ്ങളായിരുന്നു. തിരുവനന്തപുരം- കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമാണ് തട്ടത്തുമല. ഈ വീട് തട്ടത്തുമലയിൽ നിന്ന് രണ്ട് കിലോ മീറ്റർ മാറി വട്ടപ്പാറയിലായിരുന്നു. തട്ടത്തുമല തിരുവനന്തപുരം ജില്ലയിലും ഈ വീടിരിക്കുന്ന വട്ടപ്പാറ കൊല്ലം ജില്ലയിലുമാണ്. ചുറ്റും പാറക്കൂട്ടങ്ങൾ നിറഞ്ഞ മനോഹരമായ ഒരു സ്ഥലം. എത്രയോ ഓർമ്മകൾ മേയുന്ന സ്നേഹദേശം.

എന്റെ സ്കൂൾ ജീവിതകാലത്തും നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്തും തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്തും ഇത് തന്നെയായിരുന്നു വീട്. ഡിഗ്രിക്കാലത്തെന്നോ ആണ് ഈ വീട്ടിൽ വൈദ്യുതി കിട്ടിയത്. ഇപ്പോൾ ഈ വീടിനെക്കുറിച്ച് എഴുതാൻ പ്രത്യേകിച്ച് ഒരു കാരണം കൂടിയുണ്ട്. ചില അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ നമുക്ക് ഇങ്ങനെ പലതും എഴുതാൻ തോന്നുന്നത്. പുറംമോടികൾ കാണുമ്പോൾ ഒരാളുടെ ജീവിത പശ്ചാത്തലം നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. പലരും അതൊട്ട് പറയുകയുമില്ല

ജീവിത വഴിയിൽ പരിചയപ്പെടുന്ന പല സുഹൃത്തുക്കളും സൗഹൃദം എത്രമേൽ വളർന്നാലും സ്വന്തം വീട്ടിൽ നമ്മളെ കൊണ്ടു പോകാൻ മടി കാണിയ്ക്കാറുണ്ട്. അവരുടെ വീട് അത്രമേൽ വലുതല്ലാത്തതാണു കാരണം. ഒരു തരം അപകർഷതാബോധം. അവർക്കായി ഞങ്ങൾക്കുണ്ടായിരുന്ന ഈ കൊച്ചു വീടിന്റെ ചിത്രവും ഈ കുറിപ്പും ഞാൻ സമർപ്പിക്കുന്നു. ഇപ്പോൾ ഞാൻ ഏകാന്തവാസം നടത്തുന്ന അഭയവീടും സ്വന്തമല്ലെങ്കിലും ചെറുതും പഴയതും തന്നെ. അതിൽ ഒരു നിരാശയുമില്ല. അപകർഷതയുമില്ല. എത്രയോ സുഹൃത്തുക്കൾ ഇവിടെ വരുന്നു; എത്രയോ സുഹൃത്തുക്കൾ ചവറു കൂന പോലെ കിടക്കുന്ന എന്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നു!

സുഹൃത്തേ, ചെറുതെങ്കിലും താങ്കളുടെ ആ വീട്ടിലേയ്ക്ക് ഇനിയെങ്കിലും ഞാൻ ഒന്നു വന്നുകൊള്ളട്ടെ!