തട്ടത്തുമല ഭഗവതി ക്ഷേത്രം
തട്ടത്തുമല ജംഗ്ഷനിൽ നിന്ന് വടക്ക് കിഴക്ക് മുകളിലേയ്ക്ക് നോക്കുമ്പോൾ ഉയരത്തിൽ കാണുന്ന പാറയും ഭഗവതി ക്ഷേത്രവും. പണ്ടിത് ആയിരവില്ലി പാറയെന്നാണറിയപ്പെട്ടിരുന്നത്. കല്ലുകൾ കൂട്ടി വച്ച് സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചിരുന്ന ഒരു ചെറിയ ആരധനാ സ്ഥലമായിരുന്നു. ഹിന്ദുക്കൾ മാത്രമല്ല പരിസരത്തുള്ള മുസ്ലിങ്ങളും ഇവിടെ വിളക്ക് കത്തിച്ചിരുന്നു. പരിസരവസികളായ മുസ്ലിങ്ങളും അക്കാലത്ത് ഇതിൻ്റെ ദൈനംദിന നടത്തിപ്പിൽ സജീവമായി പങ്കെടുത്തിരുന്നു. അവിടുത്തെ ഉച്ചഭാഷിണിയിലൂടെ അതിനടുത്തു താമസിച്ചിരുന്ന മുസ്ലിം യുവാക്കളും അറിയിപ്പുകൾ പറഞ്ഞിരുന്നു. അവരുടെ ശബ്ദം തട്ടത്തുമല പരിസരവാസികളെല്ലാം കേൾക്കുന്നതിലെ ഉൾപുളകം അവർ അനുഭവിച്ചിരുന്നു.
ഈ പാറയ്ക്ക് താഴെയുള്ള ഞങ്ങളുടെ കുടുംബ വീട്ടിൽ ( വാപ്പയുടെ ) താമസിക്കുമ്പോൾ എൻ്റെ ഉമ്മയും അവിടെ പോയി വിളക്ക് കത്തിച്ചിട്ടുണ്ട്. അങ്ങനെയൊരു ദിവസമാണ് ഈ പാറയിൽ ഞാനാദ്യമായി പോകുന്നത്. കുട്ടിക്കാലത്ത് നമ്മുടെ ഒരു വിഹാര കേന്ദ്രമായിരുന്നു ഈ പാറ. ഇതിൻ്റെ താഴെ നിന്നും മുകളിലേയ്ക്ക് കയറിയും ഇറങ്ങിയും ടെൻസിംഗ്-ഹിലാരി കളിക്കൽ നമ്മൾ കുട്ടികളുടെ അക്കാലത്തെ സാഹസിക വിനോദമായിരുന്നു. നമ്മൾ ആരും കെണഞ്ഞടിച്ച് വീണ് തലപൊട്ടി ചാകാതിരുന്നത് അക്കാലത്തെ മഹാദ്ഭുതങ്ങളിൽ ഒന്നായി ചരിത്ര രേഖകളിൽ പറയുന്നുണ്ട്. പാറക്കല്ലുകൾ അടുക്കിക്കെട്ടി വച്ചിരുന്ന വെറും ഒരു വിളക്ക് വയ്ക്കൽ സ്ഥലമായിരുന്നെങ്കിലും വല്ലപ്പോഴും ചില വർഷങ്ങളിൽ അവിടെ ഉത്സവം നടത്തിയിരുന്നു. തട്ടത്തുമലയിലെ പുരോഗമനവാദികളായ ചെറുപ്പക്കാർക്ക് സാംബശിൻ്റെയോ മറ്റോ കഥാപ്രസംഗമോ അവർ ഇഷ്ടപ്പെടുന്ന നാടകങ്ങളോ ഒക്കെ വയ്ക്കണമെന്ന് തോന്നുമ്പോഴായിരുന്നു അവിടെ ഉത്സവം നടത്തിയിരുന്നത്. മാർക്സിസ്റ്റുകാരുടെ ഉത്സവസ്ഥലമെന്നാണ് അക്കാലത്ത് പലരും ഈ തട്ടത്തുമല ആയിരവില്ലിപ്പാറയെ വിശേഷിപ്പിച്ചിരുന്നത്.
ഈ പാറയുടെ ഒരു വശത്തിന് അഭിമുഖമായി താഴെ എം.സി.റോഡിന് അരികിലുള്ള ദളിദ് കോളനിയിലെ തലമുതിർന്ന ഏതെങ്കിലും ഒരാളിൽ നിന്ന് ഒരു രൂപ സംഭാവന വാങ്ങി ഉത്സവപ്പിരിവ് ഉദ്ഘാടനം ചെയ്യുന്ന ആചാരം നിലവിലിരുന്നു. ഒരു തവണത്തെ കാര്യം എനിക്ക് ഓർമ്മയുണ്ട്. പിന്നീട് ആ പതിവുണ്ടോന്ന് അറിവില്ല. പറണ്ടക്കുഴിയും പാറക്കടയുമൊന്നും അക്കാലത്ത് ഇന്നത്തെപ്പോലെ തട്ടത്തുമലയിൽ നിന്ന് വേറിട്ട സ്വതന്ത്ര നഗരങ്ങൾ ആയിരുന്നില്ല. തട്ടത്തുമല നഗരസഭയുടെ ഭാഗമായിരുന്നു ചുറ്റുമുള്ള പ്രദേശങ്ങൾ ഒക്കെ. പിൽക്കാലത്ത് പറണ്ടക്കുഴി- ശാസ്താംപൊയ്ക രാജാക്കന്മാർ സംയുകത സൈന്യത്തിൻ്റെ സഹായത്തോടെ രക്തരഹിതമായ വിപ്ലവങ്ങളിലൂടെ ആയിരവില്ലി പാറപിടിച്ചടക്കി പ്രശ്നം വച്ച് ക്ഷേത്രം പുനരുദ്ധരിച്ച് ഭഗവതിയെ കുടിയിരുത്തി ഇന്നത്തെപ്പോലെ മനോഹരമായ ക്ഷേത്ര നിർമ്മിതിയാക്കി മാറ്റുകയായിരുന്നു.
തട്ടത്തുമലയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ രാത്രി പുലർച്ചെ ഈ പാറയുടെ മുകളിലിരുത്ത് തട്ടത്തുമല നഗരവും പരിസരവും നോക്കിക്കാണണം. മൂന്നാറും പൊന്മുടിയുമൊന്നും തട്ടത്തുമലയുടെ ഏഴയലത്ത് വരില്ല. പക്ഷെ ഈ തട്ടത്തുമല ഭഗവതിപ്പാറയിലിരുന്ന് നോക്കണം.
ഇത്രയും പെരുപ്പിച്ചെഴുതി ഒപ്പു ചാർത്തി പുളകിതനായിക്കൊണ്ട് ഈ പ്രദേശത്തെന്നല്ല മറ്റെവിടെയും കരംതീരുവയില്ലാത്ത ഒരു കാഴ്ചക്കാരൻ-ഇ.എ.സജിം, (വിശ്വ പൗരാനന്ദൻ!) - ഒപ്പ്.
No comments:
Post a Comment