Sunday, August 31, 2014

മതേതര കക്ഷികളും ബി.ജെ.പിയും

മതേതര കക്ഷികളും ബി.ജെ.പിയും

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ. കേരളത്തിൽ അദ്ദേഹം വരുന്നു പോകുന്നു എന്നതിനപ്പുറം കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അദ്ദേഹത്തിന്റേതു മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ബി.ജെ.പി പ്രവർത്തകർക്ക് ഒരു ആത്മ വിശ്വാസവും ആവേശവുമൊക്കെ പകർന്നു നൽകാനാകും എന്നു മാത്രം. എന്നാൽ വരുന്നത് കേവലം ഒരു അമിത് ഷാ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുട പിൻഗാമിയാണ്. അതായത് ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി. ഇപ്പോഴേ ആ യാഥാർത്ഥ്യവുമായി പൊരുത്തപെടുന്നത് നല്ലതാണ്. ബി.ജെ.പിയോ നരേന്ദ്ര മോഡി‌യോ ഇതുപോലെ അധികാരത്തിൽ വരുമെന്ന് മതേതരവാദികൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മതേതര വാദികൾക്ക് കഴിയാതെ പോയത്. കടുത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ മനസ്സിനെ മുമ്പേ പാകപ്പെടുത്തുന്നത് നല്ലതാണ്. 

അമിത് ഷായെക്കുറിച്ച് ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ എന്തുതന്നെ ആയാലും അതിനേക്കാൾ വലിയ ആക്ഷേപങ്ങൾ നരേന്ദ്ര മോഡിയ്ക്കെതിരെ ഉയർന്നിരുന്നുവെങ്കിലും അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത പദവിയായ പ്രധാന മന്ത്രി സ്ഥാനം വരെ ലഭിച്ചു. അമിത് ഷായും നരേന്ദ്ര മോഡിയുമൊക്കെ ഹിന്ദുത്വ വാദികൾ ആയിപ്പോയത് അവരുടെ കുറ്റമല്ല. ഉത്തരേന്ത്യൻ സാഹചര്യങ്ങളിൽ വളർന്നു വരുന്നവർ അങ്ങനെ ആകുന്നതിൽ അദ്ഭുതപ്പെടാനില്ല. കേരളത്തിൽ പോലും നരേന്ദ്ര മോഡിയെ പേലെയും അമിത് ഷായെ പോലെയും ചിന്തിക്കുന്നവർ ഉള്ളപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് ഉയർന്നു വരുന്ന നേതാക്കൾ പ്രത്യേകിച്ചും ബി.ജെ.പി നേതാക്കൾ ഹിന്ദു രാഷ്ട്ര വാദികളും ന്യുനപക്ഷ വിരുദ്ധരുമൊക്കെ ആയാൽ അതിൽ ഒരു അദ്ഭുതവുമില്ല. 

ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ നരേന്ദ്ര മോഡി, അമിത് ഷാ, ബി.ജെ.പി, സംഘ പരിവാർ എന്നൊക്കെ പറഞ്ഞ് സ്വയം സംഭീതരാകുകയും ജനങ്ങളെ സംഭീതരാക്കുകയും ചെയ്യുന്നതിൽ യാതൊരു അർത്ഥവു‌മില്ല. ഇന്ത്യൻ ജനതയിൽ സാമൂഹ്യവും സാംസ്കാരികവുമായ ഒരു നവോത്ഥാനം സൃഷ്ടിച്ചെടുക്കാതെ അവരെ രാഷ്ട്രീയമായി ഉദ്ധരിക്കുവാൻ കഴിയില്ല. അത് കഴിയാത്തിടത്തോളം വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും നിരക്ഷരരായ ജനങ്ങൾ വർഗ്ഗീയമായി ചിന്തിക്കുന്നത് അവരുടെ കുഴപ്പമല്ല. ഉത്തരേന്ത്യയിലെ നിരക്ഷരരായ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം മനുഷ്യരാണെന്ന് പോലും കരുതുന്നില്ല. അത്ര മേൽ അറിവില്ലാത്തവരാണ് ആ പാവപെട്ട ജനങ്ങൾ. 

ഇന്ത്യൻ ജനതയെ സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതിയിലേയ്ക്ക് നയിക്കാൻ ലഭ്യമായ അവസരങ്ങളെ മുഴുവൻ നഷ്ടപ്പെടുത്തിയ ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾ ഇപ്പോൾ സംജാതമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾക്ക് നേരേ കൊഞ്ഞനം കുത്തിയിട്ട് ഒരു കാര്യവുമില്ല. ഇത് ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സുകാർക്ക് മാത്രം ബാധകമായ കാര്യമല്ല. ഇടതുപക്ഷമടക്കമുള്ള ഇന്ത്യയിലെ മുഴുവൻ മതേതര പ്രസ്ഥാനങ്ങൾക്കും ബാധകമായ ആരോപണമാണ്. വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതിൽ മതേതര പ്രസ്ഥാനങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടു. ഭരണം തുടർച്ചയായി കിട്ടിയ കോൺഗ്രസ്സും സഖ്യ കക്ഷികളുമാകട്ടെ ഭരണത്തിന്റെ തിമിർപ്പിലും ഉന്മാദത്തിലും മതിമറന്നു പോയി. ജനങ്ങൾക്ക് പകരം വയ്ക്കാൻ ബി.ജെ.പിയും സംഘപരിവാർ ശക്തികളു‌മല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതെ പോയി. 

ഭൂരിപക്ഷ വർഗ്ഗീയതയെ പ്രതിനിധീകരിക്കുന്നവരെ അധികാരത്തിലേറ്റാൻ ഭൂരിപക്ഷ മത വിശ്വാസികൾക്ക് അത്ര വലിയ പ്രയാസം ഉണ്ടാകാതെ പോകുന്നതിൽ അദ്ഭുതമൊന്നുമില്ല. കാരണം ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളാണ്. ജാതി മതം മറ്റ് അന്ധ വിശ്വാസങ്ങൾ അനാചാരങ്ങൾ എന്നിവയാൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു ജന സമൂഹത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ മതേതര പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഉത്തരവാദിത്തങ്ങൾ വളരെ വലുതാണ്. ഭൂരിപക്ഷ വർഗ്ഗീയതയെ രാഷ്ട്രീയായുധമാക്കുന്നവർക്ക് അനായാസേന അധികാരത്തിലേയ്ക്കുള്ള ദൂരം എളുപ്പമാക്കാൻ കഴിയുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് സംഘപരിവാരങ്ങളെയും നരേന്ദ്ര മോഡിയെയും അമിത് ഷായെയുമൊക്കെ കുറ്റപ്പെടുത്തി അവരെ ശരിയാക്കികളയാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. 

സംഘ പരിവാർ ശക്തികളെ സംബന്ധിച്ച് ഹിന്ദുത്വം എന്ന മാർഗ്ഗവും ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യവും ഒരു പാപമേ അല്ല. അതുകൊണ്ടുതന്നെ അവരിതാ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നേ ഹിന്ദു രാഷ്ട്രം സ്ഥാപികുന്നേ എന്ന് നില വിളിക്കുന്നതിൽ യാതൊരർത്ഥവുമില്ല. അവരുടെ ലക്ഷ്യം അവരുടെ മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നതായിരിക്കാം അവരെ നയിക്കുന്ന ചിന്ത. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻസംഘപരിവാർ ശക്തികളെ പ്രതിരോധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഇന്ത്യൻ ജനസമൂഹത്തെ മതേതരവൽക്കരിക്കണം. അധികാര ലബ്ധിയെ മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മാത്രം അത് സാധിക്കില്ല. വിശാലമായ മതേതര കൂട്ടായ്മയിലൂടെ മാത്രമേ അത് സാധിക്കൂ. 

നാളെ ഒരു പക്ഷെ ഇന്ത്യയുടെ ഭരണ ചരിത്രത്തിന്റെ ഭാഗമകാൻ പോകുന്ന ഒരു വ്യക്തി കേരളം സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായോ ആശയങ്ങളുമായോ വിയോജിപ്പുള്ള ഒരു പൗരൻ എന്ന നിലയിൽ ഇങ്ങനെ കുറിച്ചു എന്നു മാത്രം. ജനാധിപത്യം ഉപയോഗിച്ച് ഭാവി പ്രധാന മന്ത്രി ആയി അമിത് ഷാ വന്നാലും അത് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അതിനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. അതുകൊണ്ടു തന്നെ ഇന്ന് കേരളത്തിലെത്തുന്നത് ഒരു പാർട്ടിയുടെ അദ്ധ്യക്ഷൻ മാത്രമല്ല, ഒരു പക്ഷെ ഭാവിപ്രധാനമന്ത്രിയായേക്കാവുന്ന വ്യക്തി എന്ന നിലയ്ക്കുള്ള പ്രാധാന്യം അമിത് ഷായുടെ കേരള സന്ദർശനത്തിനുണ്ട്. ഇത് ആരെയും നടുക്കാനല്ല, യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിക്കണമെന്ന് ഓർമ്മപ്പെടുത്താൻ കുറിക്കുന്ന കുറിപ്പാണ്.

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

അദ്ധ്യാപക ദിനവും പ്രധാനമന്ത്രിയുടെ സ്കൂൾ പ്രസംഗവും

നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയ്ക്കും പ്രസിഡന്റിനും ആവശ്യമെന്നു തോന്നുന്ന ഏത് സന്ദർഭത്തിലും ജനങ്ങളെ അഭിസംബോധന ചെയ്യാം. കുട്ടികളെ അഭിസംബോധന ചെയ്യാം. അതിന് ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കാം. സ്വകാര്യ മാധ്യമങ്ങളോട് തങ്ങളുടെ അഭിസംബോധന ജനങ്ങളിലെത്തിക്കാൻ അഭ്യർത്ഥിക്കാം. ആ നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അദ്ധ്യാപക ദിനത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാം. പ്രധാന മന്ത്രിയുടെ പ്രസംഗം കേൾക്കണമെന്ന് അഭ്യർത്ഥിക്കാം. 

എന്നാൽ ഭരണാധികാരികളുടെ പ്രസംഗം എല്ലാവരും കേട്ടുകൊള്ളണമെന്ന് നിർബന്ധിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. പ്രസംഗം ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താൽ അത് അല്പത്തരമെന്നും ജനാധിപത്യ വിരുദ്ധമെന്നുമൊക്കെ ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാകില്ല. അദ്ധ്യാപക ദിന പ്രസംഗം കുട്ടികളെ സ്കൂളുകളിലൂടെ തന്നെ കേൾപ്പിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ വീട്ടിലിരിക്കുന്ന സമയത്ത് പ്രസംഗം കേൾപിച്ചാൽ പോരേ? താല്പര്യമുള്ളവർ കേൾക്കും. ഇല്ലാത്തവർ കേൾക്കില്ല. 

രാജ്യ സ്നേഹം പോലും ആരുടെ മേലും അടിച്ചേല്പിക്കാനാകില്ല. അത് ഒരാളുടെ ഉള്ളിൽത്തട്ടി ഉണ്ടാകേണ്ടതാണ്. അഭിനയിക്കേണ്ടതല്ല. എന്നാൽ രാജ്യത്തെ പ്രധാന മന്ത്രിയും രാഷ്ട്രപതിയുമൊക്കെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴൊക്കെ സംസ്ഥാനങ്ങളൊട് അനുവാദം ചോദിക്കണമെന്ന വാദം ശരിയല്ല. പ്രത്യേകിച്ചും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെ ഉത്തരവാദിത്തമുള്ള കൺ കറണ്ട് വിഷയങ്ങളിൽ. 

പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹം ബി.ജെ.പിയും ആയതുകൊണ്ട് ആരെയും അഭി അംബോധന ചെയ്യരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രിയാണ് അദ്ദേഹം. അല്ലാതെ അധികാരം ജനാധിപത്യ വിരുദ്ധ മാർഗ്ഗത്തിലൂടെ പിടിച്ചെടുത്തതല്ല. എന്നാൽ ജനങ്ങൾക്കുമേൽ നിർബന്ധമായും പാലികേണ്ട നിയമങ്ങൾ അല്ലാതെ മറ്റൊന്നും അടിച്ചേല്പിക്കരുത്.

Friday, August 22, 2014

സി.പി.ഐ.എമ്മും വർഗ്ഗീയഫാസിസവും

സി.പി.ഐ.എമ്മും  വർഗ്ഗീയഫാസിസവും

ഭൂരിപക്ഷ വർഗ്ഗീയതയ്ക്കും അതുയർത്തുന്ന ഭീഷണികൾക്കും എതിരെ ഇപ്പോൾ വിലപിക്കുന്ന ചിലരോട് വിനീതമായി പറയാനുള്ളത്: കേരളത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ ചെറുത്ത് നിൽക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനം സി.പി.ഐ.എം ആയിരുന്നു. ആശയപരമായും സ്വന്തം ജീവൻ നൽകിയുമൊക്കെ അവർ അത് ചെയ്തിട്ടുമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളുടെ കായിക ശേഷിക്കു മുന്നിൽ ഇവിടെ നിയമ സംവിധാനങ്ങൾ പോലും ഒന്നുമല്ലല്ലോ. അതിനെത്രയെത്ര അനുഭവങ്ങൾ! സി.പി.ഐ.എമ്മും ഇടതുപക്ഷവും രണ്ട് വർഗ്ഗീയതകളെയും എതിർക്കുമ്പോൾ, വരാനിരിക്കുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുമ്പോൾ, അതൊന്നുമായിരുന്നില്ലല്ലോ നിങ്ങൾക്ക് വലിയ കാര്യം. എന്നാൽ ഓരോ കാലത്തും പലകാരണങ്ങളാൽ സി.പി.ഐ.എമ്മിന് ഏൽക്കുന്ന ഓരോ തിരിച്ചടികളിലും സന്തോഷിച്ച് തുള്ളിച്ചാടു‌കയായിരുന്നില്ലേ നിങ്ങൾ?  

ഈ നിങ്ങൾ ആരാണെ‌ന്ന് നിങ്ങൾക്ക് മനസിലാകുന്നുണ്ടല്ലോ, അല്ലേ? സി.പി.ഐ.എമ്മുകാർക്ക് ഒരുപക്ഷെ, ഇനി ഒന്നേ നിങ്ങളോട് പറയാനുണ്ടാകൂ. നിങ്ങൾ ഇനി വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് കീഴ്പെട്ട് ജീവിച്ചു കൊള്ളുക. ഇപ്പോൾ രാജ്യത്തിന്റെ ഭരണസാരഥ്യം ഭൂരിപക്ഷമതരാഷ്ട്രവാദികളുടെ കൈകളിലാണെന്ന യാഥാർഥ്യബോധം ഉൾക്കൊള്ളാതിരിക്കാൻ ആകില്ലല്ലോ. സാങ്കേതികമായി അവരുടെ രഹ‌സ്യവും പരസ്യവുമായ അജണ്ടകൾ നടപ്പിലാക്കാനുള്ള അംഗീകാരമാണ് അവർക്ക് ലഭിച്ച ജനവിധി. ജനവിധി അംഗീകരിക്കേണ്ടത് ജനധിപത്യ മര്യാദയുമാണ്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.ഐ.എം ഒന്നുമല്ലെന്നും, മൂന്നു സംസ്ഥാനങ്ങളിൽ (ഇപ്പോൾ രണ്ട്) മാത്രമുള്ള ഇത്തിരിപ്പോന്ന പാർട്ടിയല്ലേ നിങ്ങൾ എന്നും ഒ‌ക്കെ പറഞ്ഞ് പരിഹസിച്ചിരുന്നവരല്ലേ, നിങ്ങൾ? പശ്ചിമബംഗാളിൽ തൃണമൂൽ ഫാസിസ്റ്റുകളും മാവോയിസ്റ്റുകളൂം കൂടി സി.പി.ഐ.എമ്മുകാരെ കൊന്നൊടുക്കുമ്പോൾ, ഏറെ സന്തോഷിച്ചവരല്ലേ നിങ്ങൾ? ഇപ്പോഴും അവിടെ തൃണമൂലുകാർ സി.പി.ഐ.എം‌ കാരെ കൊന്ന് വംശനാശം വരുത്തിക്കൊണ്ടിരിക്കുന്നത് തുടരുമ്പോഴും നിങ്ങളുടെ സന്തോഷത്തിന് കുറവൊന്നുമുണ്ടാകില്ലല്ലോ, അല്ലേ? 

സി.പി.ഐ.എമ്മുകാർ ഒരു കാര്യം സമ്മതിക്കുന്നു. ദേശീയതലത്തിൽ ഭൂരിപക്ഷ‌വർഗ്ഗീയത ഉയർത്തുന്ന ഭീഷണികളി‌ൽ നിന്നോ അക്രമങ്ങളിൽ നിന്നോാ ആരെയും ഒറ്റയ്ക്ക് രക്ഷിക്കാൻ പറ്റുന്ന വിധത്തിൽ പാർട്ടിയ്ക്ക് വളരാനായിട്ടില്ല. അതിന് പലകാരണങ്ങളു‌ണ്ട് താനും. അതുകൊണ്ട് സി.പി.ഐ.എമ്മിനെ എതിർത്തും പരിഹസിച്ചും അതിനെ തകർക്കാൻ നടക്കുമ്പോൾ നിങ്ങൾ ആരിലൊക്കെയാണോ രക്ഷകരെ കണ്ടിരുന്നത്, അവരിൽത്തന്നെ നിങ്ങൾ അഭയം പ്രാപിച്ചുകൊള്ളുക. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾ എല്ലാം ഏറ്റവും പ്രധാനമയി ടാർജറ്റ് ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. അതുകൊണ്ട് അവർക്കിപ്പോൾ അവരെത്തന്നെ സംരക്ഷിക്കലും നില നിർത്തലുമാണ് പ്രധാനം. ആത്മരക്ഷയേക്കാൾ പ്രധാനമല്ലല്ലോ ആർക്കും ഒന്നും! 

എന്നിരുന്നാലും നിങ്ങൾക്ക് പശ്ചാത്താന്മോ കുറ്റബോധമോ സൽബുദ്ധിയോ തോന്നി (തോന്നാനിടയില്ല) പുനർ വിചിന്തനത്തിന് വല്ല ഉൾപ്രേരണയും സംഭവിക്കുന്നുവെങ്കിൽ സദയം അറിയിക്കാൻ മടിയ്ക്കേണ്ട. ചർച്ചയ്ക്കെടുക്കാൻ ശ്രമിക്കാം. ഉറപ്പൊന്നുമില്ല. അല്ലെങ്കിൽ നിങ്ങളുടെ എക്കാലത്തെയും രക്ഷകരിൽത്തന്നെ വിശ്വാസമർപ്പിച്ച് നിങ്ങൾ ജീവിച്ചുകൊള്ളൂ. അതിനുള്ള അവകാശം നിങ്ങൾക്കുണ്ട്. കമ്മ്യൂണിസ്റ്റുകാർ അവരുടെ കാര്യം നോക്കട്ടെ!

Thursday, August 21, 2014

എങ്ങോട്ടാണീ ലോകം?

എങ്ങോട്ടാണീ ലോകം?

പേരുകൊണ്ട് മതമേതെന്ന് തിരിച്ചറിയപ്പെട്ടാൽ ഭാവിയിൽ  ലോകത്ത് ആരും സുരക്ഷിതരായിരിക്കില്ല. മതമേതെന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ പേരിടാതിരിക്കാനേ നിർവ്വഹമുള്ളൂ. കാരണം പേരിടാൻ കൊള്ളാവുന്ന വാക്കുകൾ പോലും ഭാവിയിൽ ഓരോരോ മതങ്ങൾ സ്വന്തമാക്കും.  ഇന്ത്യയിൽ കേരളത്തിനു പുറത്ത് മുസ്ലിം-ക്രൈസ്തവ നാമധാരികൾ അരക്ഷിതരാണെങ്കിൽ ലോകത്ത് പലയിടത്തും മുസ്ലിം  നാമധാരികൾ മാത്രവും ചിലയിടങ്ങളിൽ ക്രൈസ്തവ നാമധാരികൾ മാത്രവും ചിലയിടങ്ങളിൽ  ഹിന്ദു നാമധാരികൾ മാത്രവും  അരക്ഷിതരാകുന്നു. സ്വന്തം മതം നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം എല്ലാ മതങ്ങളെയും ഭരിക്കുന്നു. കാരണം സ്വന്തം നില‌നില്പിൽ ഒരു മതങ്ങൾക്കും ആത്മ വിശ്വാസമില്ല.

ലോകത്ത് മതങ്ങൾക്കുള്ളിലെ ചേരിപ്പോരുകളാകട്ടെ അതിരൂക്ഷമാണ്. സ്വന്തം മതങ്ങൾക്കുള്ളിൽ തന്നെ  സൗഹാർദ്ദമില്ലെങ്കിൽ പിന്നെ എങ്ങനെ ഒരു രാജ്യത്തോ ലോകത്താകെയോ മത സൗഹാർദ്ദമുണ്ടാകും? ഏറ്റവും വലിയ തമാശ മതത്തിന്റെ പേരിൽ നടക്കുന്ന ഒരു അക്രമവും ഒരു കൊള്ളരുതായ്മയും മതത്തിന്റെ കുഴപ്പമല്ല എന്നതാണ്. ശരിയായ ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ട് അന്ധമായി മതത്തിന്റെ പേരിൽ എന്തും ചെയ്യാൻ അനുയായികളെ കിട്ടുന്നു എന്നതാണ് സത്യം. മാറി വരുന്ന തലമുറകളെ പഠിപ്പിക്കുന്ന ധാർമ്മിക മൂല്യങ്ങളെ സദാ മതങ്ങളുമായി വിളക്കി ചേർക്കുന്നു എന്നതാണ് അന്ധമായ മതബോധത്തിന്  മറ്റൊരു കാരണം. ഈ ആധുനിക കാലത്തും  മതങ്ങളില്ലെങ്കിൽ ധാർമ്മികമൂല്യങ്ങളോ സദാചാര മൂല്യങ്ങളോ ഉണ്ടാകില്ലെന്ന മിഥ്യാ ധാരണകളാണ് ഇതിനു പിന്നിൽ.

ഈ ഭൂലോക അതിക്രമങ്ങളൊന്നുമില്ലെങ്കിൽ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ എത്ര ഊഷ്മളമാണ്. ആസ്വാദ്യകരമാണ്. ആശ്വാസകരമാണ്. പക്ഷെ ഇക്കണക്കിനു പോയാൽ സമാധാനത്തോടും സൗഹൃദത്തോടും ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും മതം, വിശ്വാസം, രാഷ്ട്രീയമെന്നൊക്കെ  കേൾക്കുമ്പോഴേ പേടിച്ച് വിറച്ച് നില വിളിക്കും. ലോകമാകെ രാഷ്ട്രീയവും മതവുമിപ്പോൾ വേർതിരിച്ചറിയാനാകാത്ത വിധം കൂടിക്കലർന്ന് കിടക്കുകയുമാ‌ണല്ലോ! ലോകത്ത് എല്ലവരും മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ചിന്തിച്ചാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മതമാകും ലോകം ഭരിക്കുക. മതങ്ങൾക്കുള്ളിൽ തന്നെ  തമ്മിലടിയുള്ളതിനാൽ ഏത് മതത്തിനാകും ഭാവിയിൽ ഭൂരിപക്ഷജനസംഖ്യ ഉണ്ടാകുക എന്ന് ഇപ്പോൾ പറയാനാകില്ല.

ഇപ്പോഴത്തെ ലോക നിലവാരം വച്ച് നോക്കുമ്പോൾ മതങ്ങൾ നന്നായാൽ, അഥവാ മതങ്ങൾ ഇല്ലാതായാൽ മാത്രമേ മനുഷ്യൻ നന്നാകൂ എന്ന് കരുതേണ്ടിയിരിക്കുന്നു. സത്യം പറയട്ടെ പള്ളികൾ, ചർച്ചുകൾ,  അമ്പലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ  വേണം വേണ്ടാത്തതുപോലെ ഉയരുന്ന  സംഗീതത്തിനു പോലും പഴയൊരു മാധുര്യമില്ല. വിശ്വാസങ്ങളും പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഒരു വാശി പോലെയോ ആരെയോ പേടിപ്പിക്കാനെന്ന പോലെയോ ഒന്നുമല്ലെങ്കിൽ ആരെയോ എന്തോ ബോദ്ധ്യപ്പെടുത്താൻ എന്നതുപോലെയോ ഒക്കെ ആയിരിക്കുന്നു.

ഈ പോസ്റ്റ് ഒരു നിഷേധമോ നിന്ദയോ അല്ല. നിരാശകളിൽ നിന്നുമുയരുന്ന  ജല്പനങ്ങളാണ്. അല്ലെങ്കിൽ എന്തെങ്കിലുമാകട്ടെ. രാഷ്ട്രീയ നിരാശകളിൽ നിന്നുള്ള  ജല്പനങ്ങളടങ്ങുന്ന ഒരു പോസ്റ്റ് പിന്നാ‌‌ലെ വരുന്നുണ്ട്. അതും  ഏതാണ്ട് ഇതുപോലിരിക്കും.

Saturday, August 16, 2014

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം

കമ്മ്യൂണിസ്റ്റ് പാർട്ടികൾ എല്ലാം  ഒന്നിക്കണമെന്ന അഭിപ്രായം ഈയുള്ളവൻ മുമ്പേ തന്നെ പലരോടും പറഞ്ഞിട്ടുള്ളതാണ്.  സോഷ്യൽ മീഡിയകളിലും ഈ വിനീതനവർകൾ ഈ അഭിപ്രായം  മുമ്പേ തന്നെ  പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ സ. എം.എ.ബേബിയും  ഈയുള്ളവന്റെ നിലപാടിലേയ്ക്ക് വന്നിരിക്കുന്നു. :) അല്ലപിന്നെ! 

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ ശത്രുക്കളാകുന്നത് നന്നല്ല. പക്ഷെ ചരിത്രത്തിൽ അങ്ങനെയെല്ലാം സംഭവിച്ചു പോയി. ചരിത്രത്തിലെ തെറ്റുകൾ തിരുത്താൻ സമയമാകുമ്പോൾ അത് തിരുത്തണം. പക്ഷെ ഇവിടെ   തെറ്റു തിരുത്താൻ വളരെ  താമസിച്ചു പോയി. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ലയിക്കണമെന്നോ പുനരേകീകരിക്കപ്പെടണമെന്നോ പറയുമ്പോൾ ചരിത്രമാകെ മാറിമറിഞ്ഞു വന്ന ഇക്കാലത്തും ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലിലെ കാര്യവും പറഞ്ഞിരിക്കുന്നതിൽ അർത്ഥമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സി.പി.ഐ യും സി.പി.ഐ.എമ്മും ആയി മാറിയ ആ കാലത്തെ സാഹചര്യങ്ങളല്ല ഇന്ത്യയിലെയോ ലോകത്തിലെയോ  ഇന്നത്തെ സാഹചര്യങ്ങൾ.

ഇരു പാർട്ടികളുടെയും ഒന്നാകൽ സംബന്ധിച്ച് എം.എ. ബേബി ഇപ്പോൾ തുടങ്ങി വച്ചിരിക്കുന്ന ചർച്ച തികച്ചും സ്വാഗതാർഹമാണ്. ഇന്ത്യാ ചരിത്രം ഭയാനകമായ ഒരു മാറ്റത്തിലേയ്ക്ക് കൂപ്പുകുത്തി നിൽക്കുന്ന ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന ഏതൊരു കമ്മ്യൂണിസ്റ്റ് വിശ്വാസിയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുമിച്ചു ചേരണം കൂടുതൽ ശക്തിയാർജ്ജിക്കണം എന്നൊക്കെ ആഗ്രഹിച്ചു പോകും.  എം.എ. ബേബി പോളിറ്റ് ബ്യൂറോ മെമ്പറായി പോയി എന്നത് ആ ആഗ്രഹത്തിന് തടസ്സമാകാതിരുന്നതിൽ അദ്ഭുതമില്ല. സി.പി.ഐയും സി.പി.ഐ.എമ്മും മാത്രമല്ല ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് ഒരു പാർട്ടിയാകണം. എന്നിട്ട് മാറിയ കാലത്തിനനുസരിച്ച് പുതിയ പാർട്ടി ഭരണഘടനയും പരിപാടിയും ലക്ഷ്യങ്ങളും എഴുതിയുണ്ടാക്കണം. ബുദ്ധിജീവികൾക്ക് പഞ്ഞമില്ലാത്ത കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഇത് എളുപ്പത്തിൽ സാധിക്കും.

പാർട്ടികൾ ഒന്നാകുമ്പോൾ ചുമതലകൾ പങ്ക് വയ്ക്കുന്നതിൽ മാത്രമാകും അല്പം പ്രയാസങ്ങളുണ്ടാകുക. അതൊക്കെ ചർച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. രണ്ട് സമ്മേളന കാലയളവുകളിൽ മാത്രമേ ഇതൊക്കെ ഒരു പ്രശ്നമാകൂ. അതു കഴിയുമ്പോൾ മുൻ സി.പി.ഐ, മുൻ സി.പി.ഐ.എം എന്നിങ്ങനെയുള്ള വേർതിരിവുകൾ താനേ ഇല്ലാതായിക്കൊള്ളും. തലമുറകൾ കഴിയുമ്പോൾ ഇത് രണ്ടും രണ്ടായിരുന്നെന്ന ഒരു തോന്നൽ തന്നെയുണ്ടാകില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒന്നാകൽ ചർച്ചകളിൽ നിന്ന് അറുപത്തിനാലിനും മുമ്പേ "പ്രായ"മായ പഴമൂട് സഖാക്കളെ ചിലരെയെങ്കിലും ഒഴിച്ചു നിർത്തുന്നതാണ്  നല്ലത്. അല്ലെങ്കിൽ അവർ കാലഹരണപ്പെട്ട താത്വിക വിശദീകരണങ്ങളും കൊണ്ട് നിൽക്കും. പാർട്ടി സോഷ്യൽ ഡെമോക്രാറ്റിക്കാകണോ കടുത്ത വിപ്ലവപ്പാർട്ടിയാകണോ എന്നൊക്കെ ലയിച്ചിട്ട് തീരുമാനിക്കാം. പാർട്ടി സോഷ്യൽ ഡേമോക്രാറ്റിക്കായില്ലെങ്കിലും മാർക്സിസ്റ്റ് അഥവാ കമ്മ്യൂണിസ്റ്റ്  ഡെമോക്രാറ്റുകളെങ്കിലും ആകുന്നതിൽ കുഴപ്പമില്ല. എപ്പോഴും പാർട്ടി അച്ചടക്കത്തിന്റെ പേരിൽ സ്വതന്ത്രമായ അഭിപ്രായങ്ങൾ ആരാലും പ്രകടിപ്പിക്കപ്പെടാതെ പോകുന്നത് ശരില്ല്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ അംഗങ്ങളും  പ്രവർത്തകരും  അനുഭാവികളും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരാഗ്രഹം സഖാവ് ബേബി പറഞ്ഞതിൽ ഒരു കുഴപ്പവുമില്ല.

നമ്മൾ മുമ്പ് കാണാണാത്ത, നമ്മെ ഭയപ്പെടുത്തുന്ന  രഷ്ട്രീയവും ഭരണപരവുമായ ഒരു ഇന്ത്യൻ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റുകൾ ഒന്നിക്കണമെന്നല്ലാതെ പിന്നെ എങ്ങനെയാണ് ഓരോ കമ്മ്യുണിസ്റ്റുകാരും ചിന്തിക്കേണ്ടത്? നമുക്ക് പോസിറ്റീവാകാം. നെഗറ്റീവായ ചിന്തകളിൽ നിന്ന് വിമുക്തരാകാം. എം.എ. ബേബിയെ പോലെ.  സ. എം.എ. ബേബിയ്ക്ക് അഭിവാദനങ്ങൾ!