Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, April 10, 2020

സായന്തനം


 സായന്തനം

കാലങ്ങളൊക്കെ കടന്നുപോയി
കാതങ്ങൾ താണ്ടി നടന്നുപോയി
കാണാത്തതൊരുപാട് ബാക്കിയായി
കാണാക്കിനാക്കളും ബാക്കിയായി

കാറും കോളും നിറഞ്ഞ മേഘങ്ങൾ
കാറ്റായി മഴയായി പെയ്തൊഴിഞ്ഞു
കാളുന്ന വെയിലിൽ തപിച്ചും വിയർത്തും
കാലേണ കുളിരിൽ തണുത്തും വിറച്ചും

കാലഭേദങ്ങളെ ഭേദിച്ചു ഭേദിച്ച്
കാലത്തിനൊക്കുമേ ജീവിച്ചു ജീവിച്ച്
കാലടിച്ചുവടുകൾ വച്ചു വച്ചങ്ങനെ
കാലിടറുമ്പോഴും വേച്ചുവേച്ചങ്ങനെ

കാല്പാദങ്ങൾ നൊന്തും നടന്നു
കാടും കടന്നു മേടും കടന്നു
കണ്ടറിഞ്ഞങ്ങനെ കേട്ടറിഞ്ഞങ്ങനെ
എത്രയോ പാഠഭേദങ്ങൾ!

കാഴ്ചകൾ മങ്ങുന്ന കാലമായി
കാലന്റെ കണ്ണുകൾ നോട്ടമായി
കാലസങ്കല്പത്തെ ധ്യാനിച്ചു ധ്യാനിച്ച്
കാത്തിരിക്കുന്നിരുൾ കൂട്ടൂമായി

Thursday, April 2, 2020

വൈറസ്

സമർപ്പണം ഈ കൊറോണക്കാലത്തും വിഷലിബ്ധമായ മതതീവ്രചിന്തകൾ മാറാത്ത മനസ്സുകൾക്ക്!

 കൊറോണ

ഭീതിതമായൊരു ഭീകര വൈറസിൻ
വ്യാപനത്താലീ ലോകം വിറയ്ക്കുന്നു
ജീവഭയം പേറി മാനവരൊക്കെയും
വീടുകൾ താഴിട്ടകത്തിരിക്കുന്നു.


വെട്ടിപ്പിടിക്കുവാൻ വെമ്പി നടന്നവർ
വെട്ടിപ്പിടിച്ചെന്നു വീമ്പു പറഞ്ഞവർ
വച്ചു കഴിക്കുവാൻ നാഴിയരിക്കായി
നിത്യവും കഷ്ടപ്പെടുന്ന പാവങ്ങളും

തന്ത്രത്തിലധികാര പീഠങ്ങൾ നേടിയോർ
പട്ടും വളയും ലഭിച്ച ദേഹങ്ങളും
എല്ലാരുമൊരുപോലെ ജീവഭയത്തിനാൽ
തെല്ലകലങ്ങളിൽ സ്നേഹം പിശുക്കുന്നു.

അത്രമേൽ ഭീകരമായ കൊറോണയിൽ
ഊറ്റങ്ങളൊക്കെയും ചീറ്റി നിൽക്കുമ്പൊൾ
നേട്ടങ്ങളൊക്കെ നിസാരങ്ങളാകുന്നു
ജീവിതം തന്നെയും ചോദ്യമായ് നിൽക്കുന്നു!

ഇത്രയുമായിട്ടുമൊട്ടും പഠിക്കാതെ
ഇത്തിരിച്ചിന്തതൻ പിൻബലമില്ലാതെ
ഇന്നും മതം പറഞ്ഞല്ലയോ തർക്കങ്ങൾ;
ഇങ്ങനെയും ചില മർത്യജന്മങ്ങൾ!

വിശ്വം മുഴുവനും വ്യാപിച്ച വ്യാഥിയെ
തൂത്തെറിയാനൊത്തു നിൽക്കേണ്ട നേരത്തും
ജാതി മതാന്ധത തീവ്രമായ് ബാധിച്ച
മറ്റൊരു വ്യാഥിയായ് മാറുന്ന കൂട്ടർ !

എത്രമേൽ വിദ്യകൾ നേടിയിട്ടും
എത്ര മഹാരഥർ ചൊല്ലിയിട്ടും
ഇത്രമേലൊട്ടുമേ മാറാതിരിക്കുവാൻ
അത്രമേൽ ചിത്തഭ്രമത്തിലോ നിങ്ങൾ?

ഇപ്പോഴും ശത്രുവായ് അന്യമതസ്തന
കണ്ടു നിന്ദിക്കവാൻ തോന്നും മനസ്സുകൾ
എത്ര വിഷമയം എത്ര ഭയാനകം ;
കൊറോണയും കോവിഡുമെത്രഭേദം!

ഏറ്റവും ശ്രേഷ്ഠമിതെന്മതമെൻമത-
മെന്നുറഞ്ഞാടി പറയുന്ന കൂട്ടരേ
മതമന്ത്രവും തന്ത്രവും കൊണ്ടു കൊറോണയെ
പാടെ തുരത്താൻ മാർഗ്ഗങ്ങളുണ്ടോ?

മാറാല കെട്ടിയ ചിന്തകൾ കൊണ്ടു നിൻ
ചിത്തം നിറയ്ക്കുമ്പോളോർത്തുകൊൾക;
നിൻ പഴമ്പാട്ടുകൾ കേട്ടു ഭയക്കുവാൻ
തെല്ലല്ല വൈറസിൻ മാരകശേഷികൾ !

ശാസ്ത്രസത്യങ്ങളെ തൃണവൽഗണിച്ചു നീ
കാലത്തിനൊപ്പമേ മാറാതെ നിൽക്കുകിൽ
സ്വയം മാറ്റുവാൻ കാലം കാത്തുവയ്ക്കും ചില
കാര്യങ്ങളിങ്ങനെയോർത്തുവച്ചീടുവാൻ!

കണ്ണില്പെടാത്തൊരു സൂക്ഷ്മ വൈറസിനെ-
പ്പോലും തളയ്ക്കുവാൻ ശക്തിയില്ലെങ്കിൽ
ആമതപ്പേരും പറഞ്ഞു മനുഷ്യാ നീ
തമ്മിൽ തലകീറിയെന്തിന്നൊടുങ്ങുന്നു?

മാരകവ്യാഥികൾ മാറാതെ നിൽക്കുകിൽ
ജീവിച്ചിരിക്കുകയില്ലല്ലോ നമ്മൾ;
ആരുമില്ലാത്തൊരു ലോകത്ത് പിന്നെന്ത്
എന്മതം നിന്മതമെന്ന ഭേദം!

ജീവിതം നശ്വരമെന്നതോർത്തെങ്കിലും
ഭൂമിയിഉൽ കിട്ടുന്ന ശുഷ്കമാം ജീവിതം
ഹോമിച്ചിടാതങ്ങ് സ്നേഹിച്ചു സ്നേഹിച്ച്
കിട്ടുന്ന കാലങ്ങൾ ജീവിച്ചു തീർക്കുക.

നിന്നുടെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ-
യപരന്റെ വിശ്വാസമവനെ രക്ഷിക്കട്ടെ
തെരുവിലേയ്ക്കവയെ കൊണ്ടുവന്നീടല്ലെ
സ്വൈരം കെടുത്തല്ലെ മാനവ ജിവിതം.

അമ്പലം-പള്ളികൾ ചർച്ചുകളിത്യാദി-
യൊന്നുമില്ലതെയുമെത്രദിനങ്ങളായ്;
വീട്ടിലെ പ്രാർത്ഥനകൊണ്ടു സായൂജ്യരായ്
എന്നിട്ടുമീ ഭൂമി കീഴ്മേൽ മറിഞ്ഞില്ല!

എത്രയും മൈത്രിയിൽ ജീവിച്ചുപോകുകിൽ
എത്രമേൽ സുന്ദരം മാനവ ജീവിതം!
സഞ്ചരിച്ചീടുന്ന ബോംബുകളായിനീ
പൊട്ടിത്തെറിക്കുവാൻ നിൽക്കരുതേ!

മാരകവ്യാഥിയെ നേരിടാൻ മാത്രമായ്
തുല്ലിട്ട് നിന്നിട്ട് പിന്നെയും ഭ്രാന്തരെ
മാരകവൈറസായ് മാറ്റിയെടുത്തൊരു
തീവ്രമതത്തെയും പേറി വന്നീടല്ലേ!

(ഇ.എ.സജിം തട്ടത്തുമല)

(കൊറോണക്കാലത്ത് വീട്ടിലിരുന്നിട്ട് ഞാനായിട്ട് കവിതപോലൊന്നും എഴുതിയില്ലെന്നു വേണ്ട. ഭാവിയിൽ ഇതിൽ തിരുത്തലുകളും ചേർക്കലുകളും ഉണ്ടാകും. ഗദ്യരൂപത്തിൽ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ പദ്യരൂപത്തിലേയ്ക്ക് മാറ്റുന്നുവെന്നു മാത്രം. വിഷയം കൊറോണതന്നെ. പക്ഷെ സമർപ്പണം ഈ കൊറോണക്കാലത്തും വിഷലിബ്ധമായ മതതീവ്രചിന്തകൾ മാറാത്ത മനസ്സുകൾക്ക്!)

Friday, November 4, 2016

കടം


കടം

കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
ഉറക്കമേയില്ലെന്നാ‍ലും ഞാൻ കിടന്നെഴുന്നേൽക്കും
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

ഇരട്ട നീതികൾ ഇരുത്തിവാഴും വിശാല ഭവനത്തിൽ
ഇരുണ്ട  കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറും തറയതു പകുത്ത് കിട്ടീടാം!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുഭൂവിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവയ്ക്കുമ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചു വയ്ക്കും തിമിര മേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലം കൊതിച്ചു, നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

വിരുന്നു വന്നൊരു രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
പതിവു തെറ്റിയെൻ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ ഇടവേളകൾ ഞാൻ  ഇരന്നു വാങ്ങുന്നു!

ഇനിയുമെത്ര തുടിപ്പുകൾ കനിയുമെന്നുടെ  ഹൃത്തിടം
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞു പോയീടാം!
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇനി വെറും ഭ്രമം
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞിട്ടല്ല
കിനാക്കൾ കാണാൻ പോലുമിന്നെൻ  മനോബലം പോര;
വരണ്ട നാവിൻ തുമ്പിലമ്പി വെമ്പലുണ്ടിപ്പോഴും
പറയുവാനുണ്ടിനിയും പലതും പറഞ്ഞു തീരാതെ

കുലം പറഞ്ഞും കൂരി പറഞ്ഞും കുബേരകൂറ്റൻമാർ
അധികാരത്തിൻ അകം-പുറങ്ങൾ അടക്കി വാഴുമ്പോൾ
കടം കിടന്നും  ഇടം മുടിഞ്ഞും  ഇരന്നിരുന്നീ  ഞാൻ
ആധിപറഞ്ഞും വ്യാഥി പറഞ്ഞും വൃഥാവിലാകുന്നു!

Monday, December 31, 2012

സ്ത്രീകളോട്

സ്ത്രീകളോട്

ഇനി നിങ്ങളിൽ ഒരാളിന്റെ യാത്രയ്ക്ക്
വാളും പരിചയുമായ്
ആയിരം ആർച്ചമാർ മുന്നിലും
കുതിരപ്പുറമേറി
ആയിരം ത്സാൻസിമാർ പിന്നിലും
കൂട്ടിനുണ്ടാകണം
അറിയുക നിങ്ങൾ തന്നുള്ളിൽ
ഉറങ്ങിക്കിടപ്പുണ്ട്
ആയിരം ഉണ്ണിയാർച്ചമാരും
ആയിരം ത്സാൻസീ റാണിമാരും
അവശ്യം അവരെ പുറത്തെടുക്കുക
മുന്നിലും പിന്നിലും
അണി നിരത്തുക
സ്വയമൊരു സുരക്ഷാവലയം തീർത്ത്
സധൈര്യം യാത്ര ചെയ്യുക!

Wednesday, October 31, 2012

ചില ശരിതെറ്റുകൾ


ചില ശരിതെറ്റുകൾ

ശശി തരൂരിന്റെ പഴയ കാറ്റിൽക്ലാസ്സ് പ്രയോഗം തെറ്റ്
ശശി തരൂരിന്റേത്  ലക്ഷങ്ങളുടെ വിലയുള്ള  ഭാര്യയെന്ന്
നരേന്ദ്ര മോഡി പറഞ്ഞത് തെറ്റ്
ശശി തരൂരിന്റെ ഭാര്യയെ യൂത്ത്  കോൺഗ്ഗ്രസ്സ് അനുയായികൾ
തൊട്ടപമാനിച്ചത്   തെറ്റ്
ശശി തരൂർ പ്രണയഗുരുവെന്ന് ബി.ജെ.പി വക്താവ്
മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞത് തെറ്റ്
ശശി തരൂർ പ്രണയിച്ചതും
പ്രണയിച്ച സ്ത്രീയെ വിവാഹം കഴിച്ചതും
അദ്ദേഹത്തിന്റെ വ്യക്തിപരമായ ശരികൾ
അതൊക്കെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം
തരൂരിന്റെ ഭാര്യയെ  അപമാനിച്ച യൂത്ത് കോൺഗ്രസ്സുകാരുടെ
കരണക്കുറ്റിയ്ക്കിട്ട് അവർ കൊടുത്തത് വളരെ ശരി
സ്ത്രീകളായാൽ അങ്ങനെയും വേണം ചങ്കൂറ്റം
തരൂർ വീണ്ടും മന്ത്രിയായതുകൊണ്ട് പാവപ്പെട്ട ജനങ്ങൾക്ക്
എന്ത്  പ്രയോജനമെന്നത് പക്ഷെ, കണ്ടുതന്നെ അറിയുക!

Monday, October 29, 2012

മദ്യദോഷം

മദ്യദോഷം

മദ്യം
വിഷമാണ്
വിഷമമാണ്
വിനയാണ്
വിറയലാണ്
വിവിധമാണ്
വിഷയമാണ്

(ഓരോ ദിവസവും മദ്യം വരുത്തിവയ്ക്കുന്ന ചില കുഴപ്പങ്ങൾ കണ്ടും കേട്ടും ചുമ്മാ കോറിയിട്ട വരികൾ എന്നേയുള്ളൂ) 

Saturday, October 27, 2012

നിങ്ങൾ ക്യൂവിലാണ്

നിങ്ങൾ ക്യൂവിലാണ്

നിങ്ങൾ ക്യൂവിലാണ്
ബിവറേജസിന്റെ മുന്നിലെ നീണ്ട ക്യൂവിൽ
തെല്ലും പരുങ്ങേണ്ടതില്ല
നിങ്ങൾ ബഹുമാനിക്കുന്നവരും
ഭയക്കുന്നവരും
കണ്ടാൽ പരസ്പരം ലജ്ജ തോന്നുന്നവരും
ക്യൂവിൽതന്നെയുണ്ട്
എങ്കിലും കണ്ണുകൾ പരസ്പരം ഉടക്കാതെ
അതിജീവിക്കുക
ലക്ഷ്യം ഒന്ന്
മാർഗ്ഗം ഒന്ന്
വിജയം അകലെയല്ല
തൊട്ടരികിൽ തന്നെയുണ്ട്
ഉയിരെരിയുന്നുവെങ്കിലും
കരയാതെ കരളേ
പൊറുക്കുക നീ
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു

Friday, October 5, 2012

ഹൃദയഭൂമി

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!


കൂടുതൽ കവിതകൾ വായിക്കുവാൻ

Saturday, September 22, 2012

ആഗോള സ്വപ്നങ്ങൾ

ആഗോള സ്വപ്നങ്ങൾ

ആഗോള ക്രിസ്തുരാഷ്ട്രം
ക്രിസ്ത്യാനികളിൽ ചിലരുടെ
സ്വപ്നമാണ്;
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!

ആഗോള മുസ്ലിംരാഷ്ട്രം
മുസ്ലിങ്ങളിൽ ചിലരുടെ
സ്വപ്നമാണ്
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ആഗോള ഹിന്ദുരാഷ്ട്രം
ഹിന്ദുക്കളിൽ ചിലരുടെ
സ്വപ്നമാണ്;
സ്വപ്നങ്ങളെ പ്രതിരോധിക്കുവാനാകില്ലല്ലോ!
ഇഹലോകത്ത് സ്വപ്നരാജ്യം
പരലോകത്ത് സ്വർഗ്ഗ രാജ്യം
എത്ര മനോഹരം!
എല്ലാവരും സ്വപ്നജീവികൾ തന്നെ!
ചിലചില സ്വപ്നങ്ങൾക്കർത്ഥങ്ങളുണ്ടായാൽ
നരകങ്ങളെല്ലാം നമുക്ക് സ്വന്തം!
എന്തായാലും.....
ആഗോള മനുഷ്യരാഷ്ട്രസ്ഥാപനം ദുഷ്കരംതന്നെ;
മാനവികവാദികൾക്ക്
തൊട്ടാൽ പൊള്ളുന്ന
ഒരു പുണ്യഗ്രന്ഥത്തിന്റെയും
പിൻബലമില്ലല്ലോ!

Saturday, September 15, 2012

അന്വേഷണം

അന്വേഷണം

ആകാശത്തിന്റെ അനന്തതയിലൂടെയാണ്
എന്റെ പ്രയാണം
ക്ഷീണമകറ്റാൻ തെല്ലിട ഉറങ്ങിയുണരുമ്പോൾ
എപ്പോഴാണു താഴോട്ട് നിപതിച്ചതെന്നറിയാതെ
കുടിച്ചിറക്കാൻ അല്പം ഉമിനീരെങ്കിലും
ബാക്കിയുണ്ടോ എന്നു മാത്രമാണ്
സ്വപ്നം കൊണ്ട് പശിയകറ്റുന്ന
എന്റെ  അന്വേഷണം!

Thursday, October 27, 2011

പ്രിയേ പ്രണയിനീ

പ്രിയേ പ്രണയിനീ

നിനക്കു ഞാൻ നൽകിയത് മിഴി രണ്ടും
നീ തിരിച്ചു നൽകിയത് തിമിരം
മിഴികളില്ലാത്ത എനിക്ക്
നീ കടമെടുത്തൊരു തിമിരം
കനിഞ്ഞു നൽകിയിട്ട് എന്തു കാര്യം?
തിമിരത്തിനും മീതെയല്ലേ
അന്ധതയുടെ കറുത്ത വെട്ടം?
കടലാഴം കനിവുള്ളൊരു കരൾ കടഞ്ഞാണ്
ഞാൻ നിനക്ക് കാഴ്ചയുടെ
വെള്ളി വെളിച്ചവും കാവൽ‌പ്പുരയുടെ താക്കോലും
കാവലാളിന്റെ കായ്ബലവും നൽകിയത്!
പക്ഷെ അപ്പോഴും എന്നിൽ
കാഴ്ചയുടെ നേരിയ വെളിച്ചമെങ്കിലും
ശേഷിക്കുന്നുണ്ടോ എന്നായിരുന്നു
സംശയാലുവായ നിന്റെ ചൂഴ്ന്നു നോട്ടം!
നീയെന്നും സംശയ രോഗത്തിന്
അടിമപ്പെട്ടിരുന്നല്ലോ!
കണ്ണുണ്ടെങ്കിലും കാണാതെ പോയ
കാഴ്ചകൾക്കു വേണ്ടിയാണ്
ഞാൻ എന്റെ ഹൃദയയരക്തം കൊണ്ട്
കൈയ്യൊപ്പിട്ട എന്റെ കാഴ്ചയുടെ
അനുഭവങ്ങൾ നിന്റെ നിഷ്പ്രഭമായ
കണ്ണുകൾക്കും കറുത്തു കരുവാളിച്ച
കാഴ്ചകൾക്കും പകരം നൽകിയത്.
കാഴ്ചകളെ പറ്റി ആധികാരികമായി
പറയാൻ കാഴ്ച ഉപേക്ഷിച്ചവന് എന്തു കാര്യം
എന്നായിരിക്കും ഇപ്പോൾ നിന്റെ ചിന്ത!
കണ്ണേ മടങ്ങുക എന്നിനി
എനിക്കു പറയാനാകില്ല
കാരണം മടങ്ങിവന്നിട്ടും കാര്യമില്ല
കാഴ്ചഫലം നൽകുന്ന കൺപടലം
ഞാൻ ചൂഴ്ന്നെടുത്തു പോയി
കൈയ്യൊപ്പിടാൻ ഇറ്റിച്ച്
ഹൃദയ രക്തം വറ്റിച്ചും പോയി!
ഇനി ഉണർന്നിരിക്കുമ്പോഴും
കറുത്ത വാവ് പെയ്തിറങ്ങുന്ന
മനോരാജ്യങ്ങളിലൂടെ അതിർത്തികൾ ഭേദിച്ച്
അനായാസേന എനിക്ക് യാത്ര ചെയ്യാം!
സ്വപ്നങ്ങൾക്ക് നിറഭേദമില്ലെങ്കിൽ
തിരിച്ചറിവുകൾക്ക് കാത്തുനിൽക്കേണ്ടതില്ലല്ലോ!
ഇരുട്ടുകൊണ്ട് ഇരുട്ടിനെ കീറിമുറിച്ച്
വെളുത്ത് പ്രകാശമാനമായ ഏതോ
ഉയരങ്ങളിലേക്കു പടർന്നു കയറാൻ
ഏതോ ഇരുണ്ട ഒരു താഴ്‌വ‌രതേടി
നിലം തൊടാതൊരു യാത്ര!
ശരീരം ഉപേക്ഷിച്ചതിന്റെ വേവലാതികളുമായി
ഉന്മത്തതയുടെ കറുത്ത രാപ്പകലുകളിലൂടെ
നിയാര് ഞാനാരെന്നറിയാതെ അങ്ങനെയങ്ങനെ ......
പ്രിയേ പ്രണയിനീ, നേരു പറയട്ടെ;
നിനക്ക് എന്നെ കൈവിട്ടു പോയിരിക്കുന്നു;
എനിക്കു നിന്നെയും!

Wednesday, February 2, 2011

മുത്തശ്ശി


മുത്തശ്ശി

കുഞ്ഞിക്കുടിലിനു കൂട്ടിനിരിപ്പൂ
കൂനിക്കൂടിയ മുത്തശ്ശി
മുറുക്കിയവായും പൂട്ടിയിരിപ്പൂ
മൂത്തുനരച്ചൊരു മുത്തശ്ശി

ഉള്ളുതുറന്നൊരു ചിരിയറിയാത്തൊരു
കഥയറിയാത്തൊരു മുത്തശ്ശി
കഥപറയുന്നൊരു കഥയല്ലാത്തൊരു
കഥയില്ലാത്തൊരു മുത്തശ്ശി

കണ്ണുകുഴിഞ്ഞും പല്ലുകൊഴിഞ്ഞും
ചെള്ളചുഴിഞ്ഞും എല്ലുമുഴച്ചും
ചുക്കിചുളിഞ്ഞും കൊണ്ടൊരുകോലം
ചെറ്റക്കുടിലിലെ മുത്തശ്ശി

ഞാറുകള്‍ നട്ടൊരു കൈമരവിച്ചു
ഞാറ്റൊലിപാടിയ നാവുമടങ്ങി
പാടമിളക്കിയ പാദംരണ്ടും
കോച്ചിവലിഞ്ഞു ചുളുങ്ങി

കന്നിക്കൊയ്ത്തുകളേറെ നടത്തിയ
പൊന്നരിവാളു കൊതിയ്ക്കുന്നു
കുത്തിമറച്ചൊരു ചെറ്റക്കീറില്‍
കുത്തിയിറുങ്ങിയിരിക്കുന്നു

നെല്‍മണിമുത്തുകളെത്ര തിളങ്ങിയ
പാടംപലതും മട്ടുപ്പാവുകള്‍
നിന്നുവിളങ്ങണ ചേലും കണ്ട്‌
കണ്ണുമിഴിപ്പൂ മുത്തശ്ശി

അന്നിനു കുടിലിനു വകയും തേടി
മക്കളിറങ്ങീ പുലരണനേരം
കീറിയ ഗ്രന്ഥക്കെട്ടും കെട്ടി പേരക്കുട്ടികള്‍
ഉച്ചക്കഞ്ഞി കൊതിച്ചുമിറങ്ങി

ഒറ്റതിരിഞ്ഞൊരു കീറപ്പായില്‍
പറ്റിയിരിപ്പൂ മുത്തശ്ശി
മക്കള്‍ വിയര്‍ത്തു വരുന്നൊരു നേരം
നോക്കിയിരിപ്പൂ മുത്തശ്ശി

അക്കരെയന്തിയില്‍ മാളികവെട്ടം
മുത്തശ്ശിയ്ക്കതു ഘടികാരം
എരിയണ വെയിലും മായണവെയിലും
നോക്കിയിരിപ്പൂ മുത്തശ്ശി

മുന്നില്‍ വെറ്റത്തട്ടമൊഴിഞ്ഞു
മുന്തിയിലുന്തിയ കെട്ടുമയഞ്ഞു
വായില്‍ കൂട്ടിയ വെറ്റമുറുക്കാന്‍
നീട്ടിത്തുപ്പണതിത്തിരി നീട്ടി

കത്തണ വയറിനൊരിത്തിരി വെള്ളം
മോന്തിനനയ്ക്കാന്‍ വയ്യ ;
കുടത്തില്‍ കരുതിയ ചുമട്ടുവെള്ളം
എടുത്തുതീര്‍ക്കാന്‍ വയ്യ !

ഉഷ്ണം വന്നു പതിച്ചു തപിച്ചൊരു
ദേഹമുണങ്ങി വരണ്ടു
വീശണ പാളപ്പങ്കയുമരികില്‍
പങ്കപ്പാടിലിരിയ്ക്കുന്നു

നെഞ്ചില്‍ പൊട്ടുകള്‍ രണ്ടും കാട്ടി
ഒട്ടിവലിഞ്ഞൊരു മുത്തശ്ശി
മുട്ടിനു മേലെയൊരിത്തിരി തുണ്ടം
തുണിയും ചുറ്റിയിരിയ്ക്കുന്നു

കാലുകള്‍ രണ്ടും നീട്ടിയിരിപ്പൂ
കാലം പോയൊരു മുത്തശ്ശി
കാലം കെടുതി കൊടുത്തതു വാങ്ങി
കാലം പോക്കിയ മുത്തശ്ശി

മിച്ചം വച്ചൊരു കിഴിയുമഴിച്ചു
സ്വപ്നം കണ്ടതുമൊക്കെ മറന്നു
സ്വര്‍ഗ്ഗകവാടം ഒന്നു തുറക്കാന്‍
മുട്ടിവിളിപ്പൂ മുത്തശ്ശി !

Friday, November 19, 2010

പിടസ്വാതന്ത്ര്യം

പിടസ്വാതന്ത്ര്യം

ആ നല്ല ചെമ്പൂവും ആടകളും
ആ വര്‍ണ്ണത്തൂവലും അങ്കവാലും
ആകെയഴകുള്ള പൂവനെപ്പോല്‍
ആകണമെന്നു പിടയ്ക്കു മോഹം.

കൊക്കലും കൂകലും ചുറ്റിച്ചിറയലും
കൊത്തു കൂടുമ്പോഴൊക്കെ ജയിക്കലും
തത്തിത്തത്തിക്കൊണ്ടൊത്ത നടത്തയും
ഒക്കെ മോഹിച്ചു പിടക്കോഴി.

പൂവാല വേലകള്‍ ഒന്നും നടത്താതെ
എന്തിനീ ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്നു
ഒട്ടും ഉറങ്ങാന്‍ കഴിയുന്നതേയില്ല
ചിന്തിച്ചു രവില്‍ ഇരുന്നു പിടക്കോഴി.

ആണിന്‍ മേധാവിത്വം മേലിലീ നാട്ടില്‍
വച്ചു പൊറുപ്പിയ്ക്കയില്ലില്ലുറയ്ക്കുന്നു
പെണ്‍ ദുരിതങ്ങളില്‍ നിന്നൊരു മോചനം
കിട്ടാതടങ്ങിയിരിയ്ക്കില്ല തെല്ലും.

മുട്ടയിട്ടീടുവാന്‍ കിട്ടില്ല കട്ടായം
ഇട്ടാലും മുട്ടകള്‍ കൊത്തിപ്പൊട്ടിയ്ക്കും
മുട്ടയിട്ടീടുവാന്‍ തന്‍റേടമുണ്ടെങ്കില്‍
ഇട്ടോട്ടെ പൂവന്‍ കണ്ടിട്ടു കാര്യം !

വട്ടിയ്ക്കകത്തട വച്ചാലിരിയ്ക്കില്ല
കുറ്റിരുട്ടില്‍ ദിനമെണ്ണിയിരിയ്ക്കില്ല
കെട്ടി വച്ചിട്ടതില്‍ മുട്ടിയും വച്ചാലും
തട്ടി മറിച്ചിടാനൊട്ടും മടിയ്ക്കില്ല.

ചിക്കിച്ചികഞ്ഞിനി കുഞ്ഞുങ്ങളെത്തീറ്റാന്‍
പറ്റില്ല ചുറ്റി നടക്കില്ല നിശ്ചയം
തള്ളിയിരിക്കുവാന്‍ കുഞ്ഞുങ്ങളെത്തുമ്പോള്‍
പള്ളച്ചൂടേകാനു,മില്ല മനസ്സില്ല.

ചിന്നിച്ചിതറാതെ കുഞ്ഞുങ്ങളെക്കൂട്ടി
നോക്കി സൂക്ഷിക്കുവാന്‍ നേരമില്ല
കാക്കയെടുക്കാതെ പൂച്ച പിടിയ്ക്കാതെ
കാത്തു രക്ഷിക്കുവാനാളെത്തിരക്കണം.

റാഞ്ചിയെടുക്കുവാന്‍ ചെമ്പരുന്തെത്തുമ്പോള്‍
കിള്ളിയെടുക്കുവാന്‍ കിള്ളിറാനെത്തുമ്പോള്‍
ചീറ്റി വിളിച്ചങ്ങു ചാടിപ്പറക്കാനും
കൊത്തിയോടിയ്ക്കാനും വയ്യ തന്നെ.

തള്ളയായ് പള്ളയും തള്ളി നടന്നാലും
തൊള്ള തുറന്നങ്ങു തള്ളിപ്പറയുവാന്‍
തുള്ളിത്തുള്ളി നടന്നുള്ളില്‍ ചിരിയ്ക്കുന്ന
കള്ളപ്പൂവാലാ കൊള്ളില്ല പിള്ളേ !

ചുറ്റിക്കളിച്ചിനി പറ്റി നടക്കാനും
പറ്റിച്ചു തിന്നാനും പറ്റില്ല പൂവാ
കൊത്തിച്ചവിട്ടുവാന്‍ പമ്മിയിരിയ്ക്കില്ല
കൊക്കിവിളിയ്ക്കുമ്പോളെത്തില്ല കുട്ടാ !

നേരമിരുട്ടിയാല്‍ കൂട്ടിലും കയറില്ല
ഒറ്റയ്ക്കും തെറ്റയ്ക്കും ചുറ്റി നടക്കും
പേടിച്ചിരിക്കുന്ന കാലം കഴിഞ്ഞു
നേരമേതായാലും ചെത്തി നടക്കും.

കൂകലില്‍ പൂവന്‍റെ കുത്തക വേണ്ടിനി
തൊണ്ട കീറി കൂകി നാടുണര്‍ത്തും
അര്‍ദ്ധരാത്രിയ്ക്കു നിലാവു കണ്ടപ്പോള്‍
‘കൊക്കരക്കോ’യെന്നു കൂകി പിടക്കോഴി.

നേരം പുലര്‍ന്നതാണെന്നും കരുതി
വീട്ടുകാരോക്കെയും ഞെട്ടിയുണര്‍ന്നപ്പോള്‍
‘ദോഷകാലം’ വന്നു മാടി വിളിയ്ക്കുന്നു
‘കൊക്കരക്കോ! കൊക്കരക്കോ!’

അല്ല, 'പിടപ്പൂവ'നെന്തു ഭാവിച്ചിത്,
ദോഷങ്ങളേകാനൊരുമ്പെട്ടിറങ്ങിയോ?
നാളത്തെ ഊണിനു കോഴിക്കറി തന്നെ;
വീട്ടിലെ കാർണോത്തി ചിന്തിച്ചുറപ്പിച്ചു!

(ശേഷം ചിന്ത്യം!)

Monday, November 15, 2010

ചിയേഴ്സ്

ചിയേഴ്സ്

മദ്യം വിഷമാണ്;
ചുംബിച്ച് ദുരന്തങ്ങളെ വരവേൽക്കുന്നവരെ
ആൾക്കഹോളിനെ എന്ന പോലെ
വെറുപ്പാണെനിക്ക്!

പുകയില വിഷമാണ്;
രോഗപീഡകളെ വലിച്ചെടുക്കുന്നവരെ
നിക്കോട്ടിനെ എന്ന പോലെ
വെറുപ്പാണെനിക്ക്!

വെറ്റമുറുക്കാനും വിഷക്കൂട്ടാണ്;
കാൻസറിനെ ചവച്ചരച്ചു രസിക്കുന്നവരെ
ചെരുക്കിനെയെന്ന പോലെ
വെറുപ്പാണെനിക്ക്!

ഒക്കെയും ദുശ്ശീലങ്ങളല്ല, ദുശ്ശാഠ്യങ്ങളാണ് ;
സ്വയംകൃതാനർത്ഥങ്ങൾ !
ഈ പമ്പര വിഡ്ഡികളെ
ലഹരിയെ എന്ന പോലെ
വെറുപ്പാണെനിക്ക്!

എനിക്ക് മനസിലാകാത്തത് അതൊന്നുമല്ല;
ഇതൊന്നും ഒഴിവാക്കാനാകാതെ
അനിഷ്ടങ്ങളെ ഇഷ്ടങ്ങളാക്കി
ഞാനെങ്ങനെ വിഡ്ഢിയായി എന്നാണ്!

അലോസരപ്പെടുത്തുന്ന ഇത്തരം ചോദ്യങ്ങൾ
ആരോഗ്യത്തിനു ഹാനികരമാകുമ്പോൾ
ഞാനെന്റെ ഉൽക്കണ്ഠകളെ
അപരന്റെ ഉൾക്കണ്ഠകളുമയി
ഇങ്ങനെ പങ്കുവയ്ക്കുന്നു:
“ചിയേഴ്സ് ”!

Saturday, November 6, 2010

കഴുകന്‍

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്. ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ പ്രതീകം തന്നെ ഒബാമയും!

കവിത

കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചമർത്താനറിയുന്നോൻ

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.

Tuesday, December 29, 2009

ഇടവേള

ഇടവേള

നീ ജനി, അൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാ‍തെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!

Thursday, December 24, 2009

ബാധ

ബാധ

ജടയൊഴിച്ചു
മുടി കളഞ്ഞു
വായ കഴുകി
നഖം മുറിച്ചു
കുളിച്ചു കയറി;
പുതു വസ്ത്രം
അത്തർ മണം
മൃദു സ്വരം
ശാന്തിമന്ത്രം
അഹിംസ
അലർച്ചയില്ല
അക്രമമില്ല!
പശ്ചാത്താപം
പ്രായശ്ചിത്തം
സുഗന്ധപൂരിതം!
പക്ഷെ,
ദുർഗന്ധം മാത്രം
പരിചയിച്ചവർ
ഉച്ചത്തിൽ
വിളിച്ചുകൂകുന്നത്:
‘മഹാദുർഗന്ധം!’
അവരുടെ ആജ്ഞ:
‘നീയെന്നും ദുഷ്ടനായിരിയ്ക്കുക!’
പിത്തം
തിമിരം
ബാധ!

Thursday, August 13, 2009

കടം

കടം




കടം

കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
ഉറക്കമേയില്ലെന്നാ‍ലും ഞാൻ കിടന്നെഴുന്നേൽക്കും
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?

കറുത്തനീതികൾ തിമിർത്തുവാഴും വിശാല ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പകുത്ത് കിട്ടീടും!

കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുഭൂവി
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!

മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽ‌പ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!

ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാ‍ഞ്ഞിട്ടല്ല
കിനാക്കൾ കാണാൻ പോലുമിന്നെൻ  മനോബലം പോര;
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങുന്നു!

വിരുന്നു വന്നൊരു രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ

ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?

തരുക്കളൊന്നും തളിർത്തിടാത്തൊരു തരിശിടത്തിങ്കൽ
നിലമൊരുക്കി നട്ടുനനയ്ക്കാൻ ജലം തിരക്കി ഞാൻ
കരഞ്ഞുവറ്റിയ കണ്ണീർചാലിൻ കരയ്ക്കിരിയ്ക്കുമ്പോൾ
തഴുകുവാനായ് പരതി വരുന്നതു ചുട്ടമരുക്കാറ്റും!

Saturday, August 1, 2009

ഒരുമയുടെ ഓർക്കുട്ട്

ഓർക്കൂട്ടിനെക്കുറിച്ച് കോറിയിട്ട ഏതാനും വരികൾ കവിതയെന്ന് അവകാശപ്പെട്ടുകൊണ്ട് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു.


ഒരുമയുടെ ഓർക്കുട്ട്


ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിയ്ക്കാം
ഓർക്കൂട്ടുകാരാണു നമ്മളെങ്കിൽ
ഒട്ടു മനസ്താപമോടെയിരുന്നാലും
ഓർക്കൂട്ടിലെത്തുമ്പോളതുതാനേ മാറും

ഒരുവിരൽത്തുമ്പിൻ മൃദുസ്പർശനത്തിൽ
ഓരോരോ സൌഹൃദം പൂവിടുന്നു
ഒന്നാണു നമ്മളെന്നോർത്തുകൊണ്ടെല്ലാരും
ഓമനിച്ചല്ലോ വളർത്തുന്നു സ്നേഹം!

ഒരുമതൻ പെരുമയിൽ മേഘം വിതാനിച്ച്
ഓരോരോ കൈക്കുമ്പിൾ മലർ വാരി വിതറുന്നു;
ഒരുതുള്ളിപ്പലതുള്ളി സ്നേഹത്തിൻ പെരുമഴയിൽ
ഓർക്കൂട്ടുകാർ നമ്മൾ ഒരുമിച്ചു നനയുന്നു!

ഓർക്കാതെയെങ്കിലും ഓർക്കുട്ടിലെത്തിയാൽ
ഒരുപാടുനേരം അവിടിരിയ്ക്കും
ഒരുകൂട്ടമെപ്പോഴും അവിടെയുള്ളപ്പോൾ
ഓടിത്തിരക്കിട്ടു പോകുവതെങ്ങനെ?

ഒരുനേരമെങ്കിലും ഓർക്കൂട്ടിലെത്തുവാൻ
ഓരോ ദിവസവും ആശിച്ചുപോകുന്നു
ഒരുപക്ഷെ ആരാനും വന്നെങ്കിലോ
ഒരു ചങ്ങാതിയാകാൻ ക്ഷണിച്ചെങ്കിലോ

ഒരു സന്ദേശമെങ്കിലും കാണാതിരിയ്കില്ല
ഒരുവേളയെങ്ങനെ നോക്കാതിരിയ്ക്കുവാൻ?
ഒന്നിനും മറുപടി നൽകാതിരിയ്ക്കാനും
ഒക്കുമോ നമ്മളങ്ങൊത്തുപോയില്ലെ?

ഒരുമിച്ചു ചേരുവാൻ ഈയൊരു വിസ്മയം
ഒരുക്കി നാമേവർക്കും ദാനമായ് നൽകിയ
ഒരുനല്ല ചങ്ങാതി ഗൂഗിളിനേകുന്നു
ഓരായിരം നന്ദിവാക്കുകൾ നമ്മൾ!

Tuesday, December 30, 2008

കവിത- ഹൃദയഭൂമി

കവിത

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!