Tuesday, December 12, 2023

കിളിമാനൂർ ജില്ലയും തട്ടത്തുമല ഗ്രാമപഞ്ചായത്തും വേണം

 

കിളിമാനൂർ ജില്ലയും തട്ടത്തുമല ഗ്രാമപഞ്ചായത്തും വേണം

നവകേരള സദസ്സ് തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ എത്തുന്നതിനു മുമ്പ് എന്നെ പലരും കളിയാക്കിയ ആ പഴയ ആവശ്യം ഞാൻ വീണ്ടും മുന്നോട്ട് വയ്ക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, വർക്കല, കൊല്ലം ജില്ലയിലെ നിർദ്ദിഷ്ട ചടയമംഗലം താലൂക്കുകൾ ഉൾപ്പെടുത്തി കിളിമാനൂർ ജില്ല രൂപീകരിക്കണം. ജില്ലയുടെ പേര്, ആസ്ഥാനം ഇവ ആറ്റിങ്ങലോ വർക്കലയോ ആകണമെന്ന് ചില തല്പര കക്ഷികൾ പറയും. പറ്റില്ല. കിളിമാനൂർ തന്നെ വേണം. അതുപോലെ പഴയകുന്നുമ്മേൽ, കിളിമാനൂർ പഞ്ചായത്തുകളുടെ വടക്ക്, വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ തട്ടത്തുമല ഗ്രാമപഞ്ചായത്ത് രൂപീകരിക്കണം. (പക്ഷ ആദ്യ പഞ്ചായത്ത് പ്രസിഡന്റാകാൻ മ്മളെ ആരും നിർബന്ധിക്കരുത്. ലോല മനസ്സാണ്. അതിൽ ചിലപ്പോൾ വീണു പോകും! പക്ഷെ വേഗം നടക്കണം. പ്രായമായി വരികയാണ്. ഇപ്പത്തന്നെ നടക്കാനൊക്കെ പ്രയാസമാണ്. 🙂 ) ഈ രണ്ട് ആവശ്യങ്ങൾ തമാശയായി കരുതുന്നവർക്ക് ചരിത്രം മാപ്പുതരില്ല എന്ന് മുന്നറിയിപ്പ് തരുന്നു. എന്ന് വച്ച് നേരിട്ട് നിവേദനം നൽകാന്നൊന്നും ഞാൻ വരുന്നില്ല. ശക്തമായ ജനകീയ സമ്മർദ്ദം വരുംകാലങ്ങളിൽ ഉയർന്നു വരാനിടയുള്ളതുകൊണ് ഇതൊരു നിവേദനമായി കണക്കാക്കി പഠനം നടത്താൻ കമ്മീഷനെ വച്ച് വേഗം തീരുമാനങ്ങൾ കൈക്കൊള്ളണം. സമാധാനം ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ ഇപ്പോൾ മ്മള് ജനങ്ങളെ പിടിച്ചു നിർത്തിയിരിക്കയാണ്. എന്റെ കാലശേഷം ചിലപ്പോൾ അങ്ങനെ ആയിരിക്കണമെന്നില്ല. ജനങ്ങൾ ഇളകിവശാകും. പിന്നെ ആരുടെയും കൈയ്യിൽ നിൽക്കില്ല. ഭരണകൂടം ജാഗ്രതൈ!
(എനിക്ക് തടുത്തുമലയും കിളിമാനൂരും നിലമേലും ഒന്നും വിട്ട് എങ്ങോട്ടും യാത്ര ചെയ്യാൻ സമയവും താല്പര്യവുമില്ലാത്തതും കണക്കിലെടുക്കണം.)

No comments: