Thursday, August 9, 2012

ഇന്റെർനെറ്റും സോഷ്യൽ നെറ്റ്വ‌ർക്കുകളും മറ്റും


ഇന്റെർനെറ്റും സോഷ്യൽ നെറ്റ്‌വർക്കുകളും മറ്റും

ഇന്ന്‌ സോഷ്യൽ നെറ്റ് വർക്കുകൾ  ഒരു നേരമ്പോക്കോ വെറും സൌഹൃദ സല്ലാപങ്ങൾക്കുള്ള ഒരു ഉപാധിയോ മാത്രമല്ല. വളരെ ഗൌരവമേറിയ പ്രവർത്തനങ്ങളുടെ കൂടി വേദിയാണ്.  കല, സാഹിത്യം,  ശാസ്ത്രം, ആത്മീയം, മതപരം,  സാമൂഹ്യം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇന്റെർനെറ്റിന്റെയും അതുവഴിയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളുടെയും സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു കാലഘട്ടമാണിത്. അവനവൻ പ്രസാധനത്തിലൂടെ സ്വന്തം സാഹിത്യ സൃഷ്ടികൾ ജനസമക്ഷം പ്രസിദ്ധീകരിക്കുവാൻ ബ്ലോഗുകളും ഫെയ്സ് ബൂക്ക് പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളും ഇന്ന് ലക്ഷക്കണക്കിനാളുകൾ പ്രയോജനപ്പെടുത്തുന്നു. ഒപ്പം വായന ആഗ്രഹിക്കുന്നവർക്ക് വായനയുടെ വിശാലമായ ഒരു പുത്തൻ ലോകം ഇന്റെർനെറ്റ് തുറന്നിടുന്നു.

ഇന്ന് ആ‍ശയപ്രചരണത്തിനും ചർച്ചകൾക്കും സംവാദങ്ങൾക്കും സാധാരണക്കാർ മുതൽ പ്രശസ്തരായ വ്യക്തികൾ വരെ ഇന്റെർനെറ്റ്  വ്യാപകമായി ഉപയോഗിക്കുകയാണ്. പണ്ഡിത പാമര ഭേദമില്ലാതെ എല്ലാവർക്കും ഒരുമിച്ച് ഇന്റെർനെറ്റിന്റെ വിശാലമായ വിളനിലങ്ങൾ ഉഴുതുമറിച്ച് ആശയങ്ങളെ നട്ടുനനയ്ച്ച് വളർത്തുവാൻ  ഇന്ന് സാധിക്കുന്നു. ആർക്കും ആരുമായും സംവദിക്കുവാനുള്ള വേദികൾ ഇന്റെർനിറ്റിന്റെ ലോകത്ത് തുറന്നുകിടക്കുകയാണ്. സർഗ്ഗസംവാദങ്ങളുടെ വിളനിലമാണ് ഇന്ന് ഇന്റെർനെറ്റ് സോഷ്യൽ നെറ്റ്‌വർക്കുകൾ. കൂടാതെ വിവിധ രൂപത്തിലുള്ള  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇന്ന് സോഷ്യൽ നെറ്റ് വർക്കുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാർ മുതൽ ഉയരങ്ങൾ കീഴടക്കിയവർ വരെ സ്വന്തം കൈവിരലുകൾ കൊണ്ട് പരസ്പരം സംവദിച്ച് സൌഹൃദപ്പെടുന്നു.അത്  ആശയലോകത്തെ വിശാലമാക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാനുള്ള ശക്തമായ ഒരുപാധിയായി ഇന്ന് സോഷ്യൽ നെറ്റ്‌വർക്കുകൾ മാറിയിട്ടുണ്ട്.  

സൌഹൃദവും സഹിഷ്ണുതയും ജനാധിപത്യ ബോധവും എല്ലാ  സോഷ്യൽനെറ്റ്‌വർ‌ക്കുകളുടെയും അംഗീകൃത മാതൃകകൾ എന്നുതന്നെ പറയാം. ഇന്റെർനെറ്റ് വഴി ഉണ്ടാകുന്ന ഇത്തരം കൂട്ടായ്മകളുടെ എണ്ണം കൂടി വരികയാണ്.  അതിരുകൾ ഭേദിച്ചുള്ള മനുഷ്യ ബന്ധങ്ങളുടെ എല്ലാ സാധ്യതകളെയും ഇന്ന് വിവിധ ഓൺലെയിൻ ആക്ടിവിസ്റ്റുകളും വിവിധ  സോഷ്യൽ നെറ്റ്‌വർക്കുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അതിർത്തിരേഖകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾ പോലെ ചുരുങ്ങുകയാണ്. നിമിഷനേരം കൊണ്ട് വിദൂര ഭൂഖണ്ഡങ്ങളിലെ രണ്ട് പോയിന്റുകൾ തമ്മിലുള്ള അകലം കീഴടക്കി മനുഷ്യബന്ധം സ്ഥാപിക്കുവാൻ ശാസ്ത്രം മനുഷ്യനെ പ്രാപ്തനാക്കി. ശാസ്ത്ര നേട്ടമായ ഇന്റെർനെറ്റും മനുഷ്യന്റെ  സങ്കൽ‌പ്പങ്ങൾക്കുമപ്പുറത്തുള്ള വിശാലമായ സാദ്ധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്.

കേരളത്തിലിന്ന് സോഷ്യൽ നെറ്റ് വർക്കുകളുടെ വിശാലമായ ഒരു ശൃംഖല തന്നെ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ കുട്ടായ്മകൾ തങ്ങളുടേതായ രീതിയിൽ ഇന്റെർനെറ്റിനകത്തും പുറത്തും വിവിധങ്ങളായ ഇടപെടലുകൾ ഇന്ന് നടത്തുന്നു.  ഇന്റെർ നെറ്റ് എന്നത് മനുഷ്യ ജീവിതത്തിൽ നിന്ന് ഒഴിച്ചുനിർത്താനാകാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ വിവിധ പ്രവർത്തനങ്ങൾക്കും  ഓഫീസ് ആവശ്യങ്ങൾക്കും മറ്റും ഇന്റെർനെറ്റിന്റെ ഉപയോഗം സാർവ്വത്രികവും കുറച്ചേറെ നിർബന്ധിതവുമാക്കിയിട്ടുണ്ട് എന്നതും ഇത്തരുണത്തിൽ എടുത്തു പറയുന്നു. സാമൂഹ്യ രാഷ്ട്രീയ സാഹിത്യ  സാംസ്കാരിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഓരോന്നിനെയും അല്ലെങ്കിൽ എല്ലാറ്റിനെയും മുൻ‌നിർത്തി പ്രവർത്തിക്കുന്ന നിരവധി കൂട്ടായ്മകൾ ഇന്ന് ഇന്റെർ‌നെറ്റിന്റെ ലോകത്ത് സജീവമാണ്.

സോഷ്യൽ നെറ്റ് വർക്കുകളുടെ സ്വാധീനം സാമൂഹ്യ ജീവിതത്തിൽ വർദ്ധിച്ചു വരികയാണ്.  മനുഷ്യ ബന്ധങ്ങൾ ഊട്ടി വളർത്താനും അതുവഴി ഉരുത്തുരിയുന്ന സംഘ ശക്തിയെ  കർമ്മ രംഗത്ത് ഉപയോഗിക്കുവാനും ഈ കൂട്ടായ്മകൾക്ക് കഴിയും. വീട്ടിന്റെ ചുറ്റുവട്ടം, പഠന സ്ഥാപനങ്ങൾ, കുറച്ചു വളരുമ്പോൾ നാട്ടുക്കവല എന്നിവിടങ്ങളിൽ നിന്നാണ് മുൻകാലങ്ങളിൽ ഒരു സാധാരണ മനുഷ്യന് സൌഹൃദങ്ങൾ ഉണ്ടാകുമായിരുന്നത്. എന്നാൽ ഇന്ന് ഇന്റെർ നെറ്റിന്റെ ഉപയോഗം വ്യാപകമായതോടെ വിദൂര സ്ഥലങ്ങളിൽ ഉള്ളവരുമായി പോലും ദൃഢമായ സൌഹൃദബന്ധങ്ങൾ ഉണ്ടാകുന്നു. അല്പം ചില സർഗ്ഗാത്മകതകളുടെ പിൻ ബലം കൂടിയുണ്ടെങ്കിൽ വളരെ അർത്ഥ പൂർണ്ണമായ സൌഹൃദങ്ങളാണ് ഇന്റെർനെറ്റ് മുഖാന്തരം രൂപം കൊള്ളുന്നത്. കേവലം മൌസ് ബാലൻസും കീബോർഡ് പരിചയവും ഉള്ള ഏതൊരാൾക്കും ഇന്ന് ഒരിടത്തും ആരോരുമില്ലാത്ത് നിലയിൽ ഒറ്റപ്പെട്ട് അന്തർമുഖരായി കഴിയേണ്ടതില്ല. ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിക്കാൻ ഇന്റെർനെറ്റ് ബ്രൌസ് ചെയ്ത് ഏതെങ്കിലും സോഷ്യൽ നെറ്റ്‌വർക്കുകളിലോ ബ്ലോഗുകളിലോ എത്തിപ്പെടുകയേ വേണ്ടൂ.

ഇതൊക്കെയാണെങ്കിലും ചില ദോഷവശങ്ങളും ഈ മേഖലയ്ക്കില്ലാതില്ല. പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ നടത്തുന്നതിനും എന്തിന്  രാജ്യ ദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നതിനു വരെ ഇന്റെർ നെറ്റിനെ ഇന്ന് ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം സൈബർ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുള്ള നിയമങ്ങളും രൂപപ്പെട്ടും കാലോചിതമായി പരിഷ്കരിക്കപ്പെട്ടും വരുന്നുണ്ട്.  പല കുറ്റകൃത്യങ്ങളും  തെളിയിക്കുന്നതിനും ഇന്ന് ഇന്റെർ പ്രയോജനപ്പെടുന്നുണ്ട് എന്നതും ഓർക്കണം. എന്തായാലും ബ്ലോഗുകൾ, വിവിധ സോഷ്യൽ നെറ്റ്‌വർക്കുകൾ മറ്റ് ഓൺലെയിൽ സംഘടനകൾ എന്നിവ ഭാവിയിൽ മനുഷ്യന്റെ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഗണ്യമായ സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ സംശയമില്ല. 

(കുട്ടികൾക്ക്  ഒരു സെമിനാർ ആവശ്യത്തിന്    എഴുതിയ  ശിഥിലമായ  കുറിപ്പ് വലിയ മാറ്റമൊന്നും വരുത്താതെ ഇവിടെ പോസ്റ്റു ചെയ്യുന്നുവെന്നു മാത്രം)