Thursday, August 31, 2017

ലീലാ എം. ചന്ദ്രന് ആദരാഞ്‌ജലികൾ!

ലീലാ എം. ചന്ദ്രന് ആദരാഞ്‌ജലികൾ! 

എന്റെ ബ്ലോഗ്- ഫെയ്സ് ബൂക്ക് സൗഹൃദങ്ങളിലെ ഒരു ഇല കൂടി അകാലത്തിൽ കൊഴിഞ്ഞുവീണു. എത്രയോ ബ്ലോഗ് മീറ്റുകളിൽ പ്രിയതമനോടൊപ്പം വന്ന് നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമായി സ്നേഹം പങ്കു വച്ച ലീലാ എം ചന്ദ്രൻ (സി.എൽ.എസ് ബുക്സ്, കണ്ണൂർ) അന്തരിച്ചു. മീറ്റുകളിൽ അവരുടെയും ഭർത്താവ് ചന്ദ്രേട്ടന്റെയും സാന്നിദ്ധ്യം ഒരു നല്ല പോസിറ്റീവ് എനർജി നൽകിയിരുന്നു. ഞങ്ങൾ അവസാനം കണ്ടത് എറണാകുളത്തു വച്ചാണോ തിരുവനന്തപുരത്തു വച്ചാണോ എന്ന് നല്ല നിശ്ചയമില്ല. കുറച്ചു നാളായി നേരിൽ കാണാൻ അവസരങ്ങൾ ഉണ്ടായതുമില്ല. എന്നാൽ രോഗശയ്യയിൽ കിടക്കുമ്പോഴും അവർ ഫെയ്സ്ബൂക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. ഞങ്ങളുടെ ബ്ലോഗ്-ഫെയ്സ് ബുക്ക് കൂട്ടയ്മയിലെ പ്രിയ സഹോദരിയ്ക്ക് ആദരാഞ്ജലികൾ!

Wednesday, August 23, 2017

ലാവ്‌ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി


ലാവ്‌ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി

We are proud of you comrade! ഞങ്ങൾ അന്നേ പറഞ്ഞത് കോടതി ഇന്ന് പറഞ്ഞു.ലാവ്‌ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ല..അതെ, അന്നും ഇന്നും, സ. പിണറാ വിജയൻ ഞങ്ങളുടെ ചങ്കിലെ ചങ്കാണ്!.ബ്ലോഗെഴുത്തിന്റെ സുവർണ്ണ കാലത്ത് ഞങ്ങൾ ലാവ്‌ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് പറഞ്ഞ് സഖാവിന് പിന്തുണയുമായി തുടർച്ചയായി പോസ്റ്റുകൾ എഴുതുമ്പോൾ ഞങ്ങളെ പരിഹസിക്കുന്ന ബ്ലോഗെർഴുത്തുകാരുടെ ഒരു വൻപട തന്നെ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ഞങ്ങളുടെ ചങ്കിനു ചങ്ക് നൽകി ഉറച്ചു നിന്നു. സ. പിണറായിക്ക് എതിരെ നിന്നാൽ ചുളുവിൽ ആദർശ കമ്മ്യൂണിസ്റ്റാകാൻ കാഴിയുന്ന കാലമായിരുന്നു അത്. പക്ഷെ ആ ആദർശ പരിവേഷം ഞങ്ങൾ കുറെ പേർ വേണ്ടെന്നു വച്ചു. അതെ, ഞങ്ങൾ അന്നും ഇന്നും ഉറച്ചു തന്നെ. സ്ഫുടം ചെയ്തെടുത്ത ആ രാഷ്ട്രീയ വ്യക്തിത്വത്തിന് എത്ര കാർക്കശ്യമുണ്ടെങ്കിലും, എത്ര വിട്ടുവീഴ്ചകളുണ്ടെങ്കിലും അത് നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് വേണ്ടിയാണ്. അത് തിരിച്ചറിയുന്ന ഞങ്ങൾ ഇനിയും ഉറക്കെ പറയും.കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിനുടമ. ഞങ്ങളുടെ നായകൻ. നാടിന്റെ നായകൻ. സ. പിണറായിക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ. But we know dear chank, miles to go before we sleep. We, pinarayi supporters are always with you.

Friday, August 4, 2017

എന്റെ മരണാനന്തര ആഗ്രഹങ്ങൾ

എന്റെ മരണാനന്തര ആഗ്രഹങ്ങൾ സംബന്ധിച്ച് ദീർഘമായ ഒരു കുറിപ്പ് ഞാൻ എഴുതി വരുന്നുണ്ട്. അത് എഴുതി തീരും മുമ്പ് മരിച്ചാലോ എന്ന ഭയം കൊണ്ട് അതിന്റെ ചുരുക്കം ഇവിടെ എഴുതുകയാണ്. ഞാൻ മരിച്ചു കഴിഞ്ഞാൽ ഉടൻ എന്റെ കണ്ണുകൾ ദാനം ചെയ്യണം. കണ്ണുകൾ മാത്രമല്ല,ഉപയോഗിക്കാൻ കഴിയുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യണം. എന്റെ ബന്ധുക്കൾ ബഹുഭൂരിപക്ഷവും വിശ്വാസികൾ ആയതിനാൽ മൃതുദേഹത്തിനരികിൽ മതാചാരങ്ങൾ അനുഷ്ഠിക്കരുതെന്ന് പറയുന്നില്ല (അതവരുടെ സമാധാനത്തിന്). പക്ഷെ എല്ലാ ചടങ്ങുകളും കഴിഞ്ഞ് മൃതുദേഹം മെഡിക്കൽ കോളേജിൽ എത്തിക്കണം.

വേണമെങ്കിൽ മൃതുദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ആംബുലൻസിൽ ഇരുന്ന് ല-ഇലാഹ ഇല്ലള്ള ചൊല്ലിക്കോളൂ ( അത് എനിക്ക് വേണ്ടപ്പെട്ട വിശ്വാസികളുടെ സമാധാനത്തിന്). പക്ഷെ ഖബറടക്കം പാടില്ല. അത് മെഡിക്കൽ വിദ്യാർത്ഥികൾ അറുത്ത് കീറി പഠിക്കട്ടെ (ഇവിടെ ഞാൻ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ അത് അതിലങ്ങ് തീരുകയും ചെയ്യും!). എന്റെ മൃതു ദേഹം കൂടുതൽ സമയം വച്ചു താമസിപ്പിക്കേണ്ട കാര്യമൊന്നുമില്ല. അഥവാ കുറച്ചു നേരം കിടത്തേണ്ടി വരുന്നെങ്കിൽ തന്നെ മൃതു ദേഹത്തിനരികിൽ കൂലിക്ക് ആളെ വിളിച്ചിരുത്തി ഓതിക്കരുത്. പ്രത്യേകിച്ച് കുട്ടികളെ. എന്നോട് സ്നേഹമുള്ളവർ ആരെങ്കിലും വേണമെങ്കിൽ അല്പം ഒഴിഞ്ഞോ തിരിഞ്ഞോ നിന്ന് ഓതുന്നെങ്കിൽ ഓതിക്കോട്ടെ. (അത് അവരുടെ സമാധാനത്തിന്).

മറ്റൊന്ന് കൂടി കൂട്ടി ചേർക്കുന്നു. എന്റെ മൃതു ദേഹത്തിൽ ആരും റീത്ത് വയ്ക്കരുത്. കാരണം, റീത്ത് പണച്ചെലവുള്ളതാണ്. മൃതുദേഹത്തെ പണം ചെലവാക്കി ബഹുമാനിക്കേണ്ടതില്ല. പലരു കടം വാങ്ങിയാണ് റീത്ത് വയ്ക്കുന്നത്. ജീവിച്ചിരിക്കുന്നവർക്ക് ആഹാരം കഴിക്കാനുള്ള പണം എന്തിന് റീത്ത് വാങ്ങി പാഴാക്കുന്നു? അതിലൊന്നും ഒരർത്ഥവുമില്ല. നിങ്ങൾ എനിക്ക് റീത്ത് വച്ചോ ഇല്ലയോ എന്നൊന്നും മൃതുദേഹമായ ഞാൻ അറിയുകയുമില്ല. മാത്രവുമല്ല, റീത്ത് ചെരിപ്പാണ്. കാരണം മിക്കവാറും റീത്തുകൾ സൈക്കീൽ ടയർ കൊണ്ടാണ് ഉണ്ടാക്കുന്നത്. ടയർ എന്നാൽ വാഹനത്തിന്റെ ചെരിപ്പാണ്. ചെരിപ്പ് വയ്ക്കൽ അനാദരവാണ്. ഒരാൾ മരിച്ചെന്ന് കേൾക്കുമ്പോൾ വേണ്ടപ്പെട്ടവർ റീത്ത് കടയിൽ ചെന്ന് കാവൽ നിൽക്കുകയല്ല വേണ്ടത്. ഉടൻ മരണ വീട്ടിൽ എത്തുകയാണ് വേണ്ടത്. (റീത്ത് വില്പനക്കാർ ക്ഷമിക്കുക). എന്റെ മാർണത്തിന് തിരക്കുകൾ മാറ്റി വച്ച് ആരും വരണം എന്നൊന്നും ഇല്ല. എനിക്ക് റീത്ത് വയ്ക്കുന്നതിന് പകരം ചെയ്യാവുന്നത് എന്തെന്നാൽ വീട്ടിൽ ഒരു നോട്ട് ബുക്ക് വയ്ക്കാം. മരണത്തിന് വരുന്നവർക്ക് അതിൽ അനുശോചനക്കുറിപ്പ് എഴുതി വയ്ക്കാം. ചെലവില്ലാതെ അടുത്തെങ്ങാനും കിട്ടുന്ന പൂക്കൾ വല്ലതും മൃതു ദേഹത്തിൽ ഇടുന്നെങ്കിൽ ഇടാം.

ഇനി അനുശോചനം സംഘടിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ( സംഘടിപ്പിക്കുന്നെങ്കിൽ); മരിക്കുന്ന അന്നു തന്നെ ധൃതി പിടിച്ച് ജംഗ്ഷനിൽ പിടിച്ചിടുന്ന ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കുന്നതിൽ കാര്യമൊന്നുമില്ല. അല്പം സമയവും സാവകാശവുമെടുത്ത് കൂലി കൊടുത്തിട്ടാണെങ്കിലും കുറച്ചാളൂകളെ കൊണ്ടിരുത്തി വേണം അനുശോചന യോഗം നടത്താൻ. അനുസോചനത്തോടനുബന്ധിച്ച് വല്ല കലാ പരിപാടികളോ നടത്തുന്നുണ്ടെങ്കിലേ പണം ചെലവാക്കി മൈക്ക് എടുക്കേണ്ടതുള്ളൂ. മാത്രവുമല്ല ഞാൻ മരിച്ചതിന്റെ അനുശോചന യോഗം കേൾക്കാൻ ഇഷ്ടപ്പെടാത്തവരുടെ കാതുകൾക്ക് വലിയ അലോസരമുണ്ടാക്കേണ്ട കാര്യവുമില്ല. എന്നെ ഇഷ്ടപ്പെട്ടിരുന്നവർ അടുത്തു വന്നു നിന്നു കേൾക്കും. അതിന് ഭയങ്കര മൈക്ക് സെറ്റൊന്നും വേണ്ട. അഥവാ വേണ്ടി വന്നാൽ രണ്ട് ചെറിയ ബോക്സ് വയ്ക്കുക.

ഞാൻ മരിച്ച് ഏതാനും ദക്വസങ്ങൾക്കുള്ളിൽ തന്നെ തട്ടത്തുമല ജംഗ്ഷനിൽ വല്ല നാടകമോ മിമിക്രിയോ ഗാനമേളയോ നടത്തി എന്റെ മരണം ഒരു ആഘോഷമാക്കി മാറ്റണം എന്നാണ് എന്റെ ആഗ്രഹം. (അനുശോചനത്തോടനുബന്ധിച്ച് തന്നെ വേണമെങ്കിൽ ആകാം) അതിനു പണം പിരിക്കേണ്ട. അതിനുള്ള ചെലവ് എന്റെ അക്കൗണ്ടിൽ കാശ് വല്ലതുമുണ്ടെങ്കിൽ വീട്ടകാർ എടുത്തു തരും.അല്ലെങ്കിൽ വീട്ടുകാരോ അടുത്ത ബന്ധുക്കളോ എത്രയും വേണ്ടപ്പെട്ട സുഹൃത്തുക്കളോ സ്പോൺസർ ചെയ്യണം. ഈ കുറിപ്പ് ഒരു തമാശയല്ല. മരണമാഘോഷിക്കാൻ കലാ പരിപാടി വയ്ക്കണം എന്നതുകൊണ്ട് ഈ കുറിപ്പ് ഒരു തമാശയായി ആരും എടുക്കരുത്. ഇത് വളരെ ഗൗരവത്തിൽ എഴുതുന്നതാണ്.മരണാനന്തരം എന്റെ അവയവങ്ങളും മൃത ശരീരവും ദാനം ചെയ്യാതിരിക്കുന്നത് എനിക്ക് വേണ്ടപ്പെട്ടവർ എന്നോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും. എന്റെ ആ ആഗ്രഹങ്ങൾ സാധിക്കാതെ വന്നാലുണ്ടല്ലോ, ഇനി അഥവാ മഹിഷറയെങ്ങാനുമുണ്ടെങ്കിൽ അവിടെ വച്ച് ഞാൻ പിടിക്കും. പിടിച്ചാൽ അറിയാമല്ലോ എന്റെ സ്വഭാവം.........

അനുബന്ധക്കുറിപ്പ്: മരിച്ചാലെങ്കിലും എന്റെ ഈ ശരീരം കൊണ്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ?

Wednesday, August 2, 2017

വിശ്വാസികളേ ഇതിലേ........

വിശ്വാസികളേ ഇതിലേ........

എന്തു കൊണ്ട് ഇസ്ലാം മത്വിശ്വാസികൾ നേത്രദാനം ചെയ്യുന്നില്ല? ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ഒരു വിഭാഗത്തിനെങ്കിലും അതിനു മത വിശ്വാസം തടസ് സമാകുന്നില്ല. (എങ്കിലും ഏറ്റവും കൂടുതൽ അവയവ ദാനവും മൃതശരീര ദാനവും നടത്തുന്നത് നിർമതരും നിരീശ്വര വാദികളുമാണ് . കാരണം അവർ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നില്ല എന്നതുതന്നെ!) പര ലോകത്ത് എത്തുമ്പോൾ കാഴ്ചയില്ലാതെ ബുദ്ധിമുട്ടൂം എന്ന് വിചാരിച്ചിട്ടാണോ മുസ്ലിങ്ങൾ നേറത്രദാനത്തെ ഭയപ്പെടുന്നത്? മൗഷ്യർക്ക് ജീവൻ തരാനും കണ്ണും കാഴ്ചയും തരാനും കഴിവുള്ള അള്ളാഹുവിന് മരണാനന്തരം പരലോകമുണ്ടെങ്കിൽ ഇഹലോകത്ത് നിന്ന് മരിച്ച് അഥവാ അള്ളാഹു മരിപ്പിച്ച് അവിടെ എത്തുന്നവർക്ക് അതൊക്കെ തിരിച്ചു നൽകാനും കഴിയും. മരണാനന്തരം ഇസ്ലാം മത വിശ്വാസികൾക്ക് എന്തുകൊണ്ട് നേത്രദാനം ചെയ്തുകൂട? എന്തുകൊ ണ്ട് അവയ വദാനം ചെയ്തുകൂട? എന്തുകൊണ്ട് മൃത ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്തുകൂട? 

അവയവദാനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതെല്ലാം നിർവ്വഹിച്ച ശേഷം ആ മയ്യത്ത് വീട്ടിൽ കൊണ്ടു വന്ന് എല്ലാ വിധ മാതാനുഷ്ഠാനങ്ങളും നടത്തിയശേഷം ഒന്നുകിൽ പള്ളിയിൽ കൊണ്ടു പോയി അടക്കുകയോ മെഡിക്കൽ പഠനത്തിനു വിട്ടുകൊടുക്കുകയോ ചെയ്താൽ എന്താണ് അതിൽ തെറ്റ്? നിലവിൽ എല്ലാ മത വിശ്വാസികളിലും പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കിട്ടുന്നത് അനാഥ മൃതശരീരങ്ങളും ഒരു മതത്തിലും ദൈവത്തിലു വിശ്വസിക്കാത്തവർ നൽകുന്ന മൃതശരീരങ്ങളും മാത്രമാണ്. മുസ്ലിങ്ങൾ അവരുടെ കണ്ണുകളോ മറ്റ് അവയവങ്ങളോ മരണാനന്തരം ദാനം ചെയ്താൽ നരകത്തിൽ പോകുമോ? അങ്ങനെയെങ്കിൽ ഒരു ഇസ്ലാമത വിശ്വാസിയും മറ്റുള്ളവർ നൽകുന്ന കണ്ണുകളോ മറ്റ് അവയവങ്ങളോ സ്വീകരിച്ച് ജീവൻ നില നിർത്തുകയും അരുത്. ഇങ്ങോട്ട് വാങ്ങാം. അത് ഏത് മതക്കാരുടേതായാലും; അങ്ങോട്ട് ആർക്കും കൊടുക്കില്ല എന്ന നിലപാട് ശരിയല്ല.

മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ഇസ്ലാം മറതവിശ്വാസികളായ കുട്ടികളും അന്യമതസ്ഥരുടെയും മതമില്ലാത്തവരുടെയും മൃതശരീരങ്ങളെ മാത്രം പഠനത്തിന് ആശ്രയിക്കുന സാഹചര്യം ഉണ്ടാകുന്നത് ശരിയാണോ? ഇനിയിപ്പോൾ മൃത ശരീരമൊന്നും വിട്ടു നൽകിയില്ലെങ്കിലും മുസ്ലിങ്ങളും അവയവദാനം ചെയ്യണമെന്ന് ഇസ്ലാമതപണ്ഠിതൻമാർ ആഹ്വാനം ചെയ്യേണ്ടതല്ലേ? എന്തുകൊണ്ട് ചെയ്യുന്നില്ല?  ഇസ്ലാമതത്തിനുള്ളിൽ മാറാത്ത പലതും കാല ക്രമേണ വിശ്വാസികൾ സ്വയമേവ മാറ്റി എടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ഫോട്ടോ എടുപ്പും വീഡിയോ എടുപ്പും മറ്റും. മുമ്പ് അത് മൗലവിമാർ വിലക്കിയിരുന്നു. പ്രത്യേകിച്ചും കല്യാണ വീടുകളിൽ. പിന്നീട് നിക്കാഹ് വിവാഹ ഹാളിന് തൊട്ടടുത്ത പള്ളിയിൽ വച്ച് നടത്തി വിശ്വാസികൾ അതിനെ മറികടന്നു. 

മൗലവിമാരാകട്ടെ ഇപ്പോൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. വീഡിയോയിൽ അഭിനയിക്കുന്നു. അവരുടെ പ്രസംഗങ്ങളുടെ ആഡിയോയും വീഡിയോയും ഒക്കെ ഇറക്കുന്നു. അവ വിറ്റ് കാശ് വാങ്ങുന്നു. അതാണ് പറയുന്നത്. മതപണ്ഠിതന്മാർ മാറിയില്ലെങ്കിൽ വിശ്വാസികൾ സ്വയം മാറുക മാത്രമല്ല, മതപണ്ഠിതന്മാരെത്തന്നെ മാറ്റിത്തീർക്കും. ശാസ്ത്രത്തിന്റ നേട്ടങ്ങൾ പോലും അള്ളാഹുവിന്റെ കൃപയാണെന്നാണല്ലോ വിശ്വസീക്കുന്നത് അപ്പോൾ അവയവങ്ങൾ മാറ്റി വയ്ക്കാൻ കഴിയുന്ന വൈദ്യ ശാസ്ത്ര നേട്ടങ്ങളിൽ പോലും അള്ളാഹുവിന്റെ കൈയ്യൊപ്പ് കാണും. അങ്ങനെയെങ്കിലും മുസ്ലിങ്ങളും നേത്ര ദാനം, അവയവ ദാനം മുതലായവ നടത്തിയാൽ അവ അള്ളാഹു ഇഷ്ടപെടുന്ന പുണ്യ‌കർമ്മങ്ങൾ തന്നെ ആയിരിക്കും എന്നു മാത്രമല്ല അത് സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കുകയും ചെയ്യും.