Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, September 18, 2021

അണ്ടിജിഹാദ്!

ഇത് നാട്ടിലെ മതസൗഹാർദ്ദം നിലനിർത്താൻ ആഹ്വാനം ചെയ്യുന്ന ഒരു സോദ്ദേശ സാങ്കല്പിക കഥയാണ്

മുന്നറിയിപ്പുകൾ:

1. ഈ കഥയണ്ടി  അല്പം നീണ്ടതാണ്. മുഴുവൻ വായിക്കാൻ ക്ഷമയില്ലാത്തവർ ഈ വരി വായിച്ചു തീരും മുമ്പ് വലിഞ്ഞോളണം.

2. കഥ കഥയായി കാണാനും ഇതിലെ നിർദ്ദോഷ നർമ്മോക്തികൾ ആസ്വദിക്കാനും കഴിയാത്ത മുരട്ടൻമാരും മുരട്ടികളും ഈ വരിയിൽ വായന നിർത്തി പണ്ടാരമടങ്ങിക്കോണം.

3. ഈ കഥയിൽ അശ്ലീലമുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങളുണ്ട്. നീണ്ടു കലങ്ങിമറിഞ്ഞൊഴുകുന്ന കഥയുടെ വിരസതയൊഴിവാക്കാനും കഥാകാരൻ്റെ മനോമുകുളാഞ്ചിയിൽ ഉരുണ്ടു കൂടിയ ചില പ്രതിഷേധങ്ങൾ കഴുതക്കാമം പോലെ കരഞ്ഞു തീർക്കാനുമാണ് ആ കൈവിട്ട കളി! അതിനാൽ പകൽമാന്യന്മാരും പകൽ മാന്യകളും പകൽ ട്രാൻസ്ജെൻഡറുകളും വായിക്കണ്ട.

4. ഈ കഥയിൽ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ എന്ന നിലയിൽ മതങ്ങളെയും ജാതികളെയും സംബന്ധിച്ച അനിവാര്യമായ പരാമർശങ്ങളുണ്ട്. എന്നാൽ കഥാകാരൻ നിർമതനും നിരീശ്വരവാദിയും യുക്തിവാദിയും കമ്മ്യൂണിസ്റ്റും എന്ന ലേബൽ സ്വയം ചാർത്തിജീവിക്കാൻ ശ്രമിച്ച് വിജയിച്ചും പരാജയപ്പെട്ടും കഴിയുന്നവനാണ്. ശ്രമപൂജാരി! ഒരു മത ജാതി വിഭാഗങ്ങളോടും പ്രത്യക മമതയോ സ്പർദ്ധയോ ഇല്ലാതെ സഹിഷ്ണുതയോടെ സമരസപ്പെട്ടു പോകുന്നവനാണ്.

5. ഈ കഥയിലെ സംഭവളെല്ലാം ഏതെങ്കിലും ഒരു ദേശത്ത് മാത്രമായി സംഭവിച്ചതല്ല. പലദേശങ്ങളിൽ നിന്നും പല കാലങ്ങളിൽ നിന്നും ലഭിച്ച സംഭവ സംബന്ധങ്ങളായ അറിവുകളുടെ ഉറവകളെ ബന്ധിപ്പിച്ച് ഒരു കഥാനദിയാക്കി ശിഥിലമാക്കി കലക്കി മറിച്ച് പരത്തിയൊഴുക്കുകയാണ്.....

മുൻകുറിപ്പ്: ഈ കഥയിൽ ചില സത്യങ്ങളുണ്ട്. കുറെ അസത്യങ്ങളും. പക്ഷെ ഈ സത്യങ്ങളും അസത്യങ്ങളും അധികവും ഒരുപോലെ ഭാവനയിൽ വിരിയിച്ചെടുത്തതാണ്. ഒരു ആക്ഷേപഹാസ്യം എന്നതിലുപരി യഥാതഥമായ ഏതെങ്കിലും ചരിത്രാംശങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് കഥാകാരൻ അവ്വിധമുള്ള ചരിത്രഗതികൾക്കൊപ്പം സഞ്ചരിച്ചതു കൊണ്ടാണ്. അനുഭവങ്ങളിൽ നിന്നും അറിവുകളിൽ നിന്നുമല്ലാതെ ഭാവനകളുടെ ചിറകുകളും മുളയ്ക്കില്ലല്ലോ!

ഇനി കഥയിലേക്ക്..... അതാ നോക്കൂ....

അണ്ടി ജിഹാദ്! (അടിയെടാ സിംബെൽ! )

ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ആർക്കും പേരുകളില്ല. അവർക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല. വെറും ഫെയ്ക്ക് ഐഡൻ്റിറ്റികളാണ്. എന്നാൽ കഥ നടത്താനുദ്ദേശിക്കുന്ന പ്രദേശത്തിന് ഒരു പേരു വേണം. അതാകട്ടെ കഥാകാരൻ്റെ പരിസരത്തൊന്നുമില്ലാത്ത സാങ്കല്പികമായ ഒരു പേരായിരിക്കുകയും വേണം. കഥാകാരൻ അതിന് പാറമപ്പറമ്പ് എന്ന് പേരിടുന്നു. ഇനി അഥവാ കേരളത്തിനകത്താ പുറത്തോ അങ്ങനെയൊരു സ്ഥലമുണ്ടെങ്കിൽ ആ സ്ഥലത്തിന് ഈ രക്തത്തിൽ പങ്കില്ല താനും!

എവിടെ തുടങ്ങണം എവിടെ നിർത്തണം എന്നതാണ് കഥാകാരൻ നേരിട്ട ആദ്യത്തെ സാംസ്കാരിക പ്രതിസന്ധി. പിന്നെ ഇങ്ങനെ തീരുമാനിച്ചു; ഞങ്ങൾ പളളിക്കൂടത്തിൽ പഠിക്കുന്ന കാലത്തു നിന്ന് തുടങ്ങാംന്ന്. നടന്നാണ് കുട്ടികളെല്ലാം സ്കൂളിൽ പോകുന്നത്. നാട്ടിലാകെ പറങ്കിമാവുകൾ ഉണ്ട്. പറിങ്ങണ്ടിക്കാലത്ത് വഴിയിൽ വീണു കിടക്കുന്ന അണ്ടികളെല്ലാം കുട്ടികളും മുതിർന്നവരുമായ  വഴിപോക്കർക്ക് സ്വന്തം! ഉടമസ്ഥനെങ്ങാനും കണ്ട് മുരണ്ടാൽ ഉദാരമനസ്കതയോടെ ഇട്ടിട്ടു പോകും. കുട്ടികൾ പറക്കുന്ന അണ്ടി വഴിയിൽ ഉള്ള ഏതെങ്കിലും അണ്ടിക്കുറപ്പുള്ള (വിലയേ!) കടയിൽ കൊടുത്തു മിഠായി വാങ്ങും. അല്പം മുതിർന്ന കുട്ടികളാണെങ്കിൽ അണ്ടി കളിയിൽ നിക്ഷേപിച്ച് കൂടുതൽ അണ്ടികൾ നേടുകയോ ഉള്ള അണ്ടികൾ തന്നെ നഷ്ടപ്പെടുത്തുകയോ ചെയ്യും. 

പറിങ്ങണ്ടിക്കാലത്ത് പല നിറത്തിലും വലിപ്പത്തിലും ആകൃതിവിശേഷങ്ങളിലുമുള്ള അണ്ടികൾ തന്നെ താരങ്ങൾ! അണ്ടിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമൂഹ്യ അസമത്വം ആ കാലഘട്ടത്തിൻ്റെ ഒരു പ്രത്യേകത തന്നെയായിരുന്നു! വൻകിട അണ്ടി മുതലാളിമാരുമായി തട്ടിച്ചു നോക്കുമ്പോൾ ഒന്നും ഒരു മുറിയും അണ്ടിയുള്ള ചെറുകിട അണ്ടി മോലാളിമാരും ഉണ്ടായിരുന്നു. 

കുട്ടികൾക്ക് ഉന്നം പരിശീലിക്കാനുള്ള അവസരം കൂടിയായിരുന്നു അണ്ടിക്കാലം. മൂട്ടിൽ കിടക്കുന്നത് പറക്കുകയോ മൂട്ടിൽ നിൽക്കുന്നതു പറിക്കുകയോ മാത്രം ചെയ്താൽ വെറും പറക്കികളും പറിപ്പന്മാരും മാത്രമായിപ്പോകില്ലേ? അതു കൊണ്ട് ഉയരത്തിൽ പഴുത്ത് ക്ലിഞ്ചി നിൽക്കുന്ന പറങ്കിമാങ്ങയോടുകൂടിയുള്ള അണ്ടികൾ എറിഞ്ഞിടും. നല്ല ഉന്നം സ്വായത്തമാക്കിയവർ ഒറ്റയെറിക്ക് താഴെ വീഴ്ത്തും. പറങ്കിമാങ്ങ നല്ലതാണെങ്കിൽ അതും തിന്നും. 

അല്പം തുണ്ട്

ഉന്നത്തിൻ്റെ കാര്യം പറഞ്ഞല്ലോ. അണ്ടീം മാങ്ങയും എറിഞ്ഞിട്ട് ഉന്നം ശീലിച്ച ചില മുൻഗാമികൾ മുതിർന്നപ്പോൾ ഉന്നമുള്ള നല്ല വെടിവയ്പുകാരായി. ജന്മിമാരിൽ ചിലരുടെ കൈയ്യിൽ ലൈസൻസുള്ള തോക്കുകളുണ്ട്. ജന്മിമാരുടെ സമപ്രായത്തിലുള്ള യുവാക്കളും ചേർന്ന് രാത്രി തോക്കുമായി വേട്ടയ്ക്ക് പോകുന്നത് അക്കാലത്ത് പതിവായിരുന്നു. വനമേഖലയല്ലെങ്കിലും പാറക്കൂട്ടങ്ങൾക്കിടയിൽ ഊളന്മാർ, പാക്കാന്തകൾ, മുയലുകൾ, മുള്ളൻപന്നികൾ മുതലായവയുണ്ട്. അവയെയാണ് വെടിവച്ചു കളിക്കുന്നതും ചിലതിനെയൊക്കെ വച്ചു കഴിക്കുന്നതും. തോക്കുള്ള വീടുകളിലെ ചില യുവാക്കളും മദ്ധ്യവയസ്കരും ചില വയോധികരും ചില രാത്രികളിൽ ഒറ്റയ്ക്ക് തോക്കുമായി പോകുന്നതും കാണാമായിരുന്നു. പക്ഷെ ആ രാത്രികളിൽ വെടിയൊച്ചകളൊന്നും കേൾക്കാറില്ലായിരുന്നു. ഒച്ചയില്ലാത്ത വെടികളും അക്കാലത്ത് വയ്ക്കപ്പെടുക  സർവ്വസാധാരണമായിരുന്നുവെന്ന് ചില വൻതോക്കുകൾ പിൽക്കാലത്ത് വെളിപ്പെടുത്തുകയുണ്ടായി!

ഭളളണ്ടി:

അണ്ടി പളളായിട്ടു കൂടി ഉപയോഗിക്കുന്ന ഒരു പദമായിരുന്നെങ്കിലും അണ്ടിക്കാലത്ത് അണ്ടിപറി, അണ്ടി പറക്ക്, അണ്ടികളി തുടങ്ങിയ അണ്ടിയോടു കൂടിയ പദങ്ങൾ ഉപയോഗിക്കാൻ കുട്ടികൾക്കു പോലും ലൈസൻസ് ഉണ്ടായിരുന്നു. 

പറങ്കിമാങ്ങ വാറ്റ്:

പറങ്കിമാങ്ങയിൽ ചാരായം വാറ്റുന്ന സീസണബിൾ കുടിൽ വ്യവസായങ്ങൾ അക്കാലത്ത് സർവ്വസാധാരണമായിരുന്നു. കാടുകൾ  പൂക്കുന്ന ആളൊഴിഞ്ഞ ഉദ്യാനങ്ങളിലും പാറക്കൂട്ടങ്ങൾക്കിടയിലുമായിരുന്നു സർവ്വമത സാഹോദര്യത്തോടെ വാറ്റു കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. കുടിച്ചാൽ തലവേദനയെടുക്കുന്ന ഇനമായതിനാലാണോ ഔഷധ ഗുണമുള്ളതാകയാൽ വേണമെന്നുള്ളവർ വാറ്റി  കുടിച്ചോട്ടെ എന്നു കരുതിയാണോ എന്നറിയില്ല എക്സൈസോ പോലീസോ പറങ്കിമാങ്ങ വാറ്റ് പൊക്കിയതായി ചരിത്ര രേഖകളിൽ കുറച്ചു മാത്രമെ രേഖപ്പെടുത്തി കാണുന്നുള്ളു. 

ജാതി-മത ഘടന:

ജാതിയും മതവുമൊക്കെ ആ അണ്ടിക്കാലത്തും ഈ അണ്ടിയില്ലാക്കാലത്തും യഥാർത്ഥ്യമായതിനാലും കഥയുമായി അവ കെട്ടുപിണഞ്ഞു കിടക്കുന്നതിനാലും  അതു പരാമർശിക്കാതെ വയ്യ! നാട്ടിലെ സാമുദായിക ഘടന പറഞ്ഞാൽ ഹിന്ദുക്കളും മുസ്ലിങ്ങളും നാമമാത്രമായ ക്രിസ്ത്യാനികളുമായിരുന്നു ഇപ്പടി ദേശത്ത് ഉണ്ടായിരുന്നത്. അവയ്ക്കുള്ളിലെ ജാത്യാദി  അവാന്തരവിഭാഗങ്ങളും. മേമ്പൊടിയായി മൂന്നു മതക്കാരുടെയും കണ്ണിലെ കരടുകളായി പ്രത്യക്ഷമായും പരോക്ഷമായും നിർമതരും നിരീശ്വരവാദിളും യുക്തിവാദികളുമായ ചിലരുമുണ്ടായിരുന്നു. ഒന്നും ഒരു മുറിയുമേ ഉള്ളുവെന്നതു കൊണ്ടു തന്നെ യുക്തിവാദികൾ നാട്ടിൽ എടുക്കാത്ത പൈസ പോലത്തെ താരങ്ങൾ തന്നെയായിരുന്നു. ഇതിൽ ചില വരട്ടു യുക്തിവാദികളാകട്ടെ എന്തിലും ഏതിലും കുത്തിത്തിരിപ്പുകളുണ്ടാക്കി പേരെടുക്കുകയും ചിലപ്പോൾ തല്ലു വേടിയച്ച് കൃതാർത്ഥരാകുകയും ചെയ്തു.  പള്ളിയിലെ വാങ്ക് വിളി, അമ്പലത്തിലെ പാട്ടിടൽ തുടങ്ങിയവയെയൊക്കെ കാത് പൊട്ടിക്കുന്ന അന്താരാഷ്ട്ര ശബ്ദമലിനീകരണ പ്രശ്നങ്ങളായി കണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്നറിഞ്ഞു കൊണ്ടു തന്നെ എസ്.പി റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർമാർക്കും സുപ്രീം കോടതിയിൽ കുറയാത്ത കോടതികളിലും രഹസ്യപരാതികൾ നൽകി എല്ലാ മത വിശ്വാസികളെയും വെറുപ്പിക്കുന്നത് പോലുള്ള വിവിധ കലാപരിപാടികൾ ഇത്തിരി ക്കുഞ്ഞന്മാരായ യുക്തിവാദികളെ ഹരം കൊള്ളിക്കുന്ന വിനോദങ്ങൾ തന്നെയായിരുന്നു. അർദ്ധ നിരീശ്വരവാദികളായ ചില കമ്മ്യൂണിസ്റ്റുകളുമായി ഇവർക്ക് അന്തർധാരകളുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

മഠത്തിലെ അണ്ടിത്തോട്ടം:

ഒരുപാട് ജന്മിമാർക്ക് അണ്ടിത്തോട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു ക്രിസ്തീയ മഠം വക അണ്ടിത്തോട്ടമായിരുന്നു പ്രസിദ്ധം. ഒന്നാമത് അത് ഒരു പത്തിരുപത്തഞ്ച് ഏക്കറിലധികം ഉണ്ടായിരുന്നു. ആ സ്ഥലം അറിയപ്പെട്ടിരുന്നതു തന്നെ മഠത്തിൽ പറമ്പ് എന്നായിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എത്തിയ ഒരു ക്രിസ്തീയ സഭ വാങ്ങിച്ചതായിരുന്നു ആ സ്ഥലം. 

മഠവും ജീവകാരുണ്യ പ്രവർത്തനങ്ങളും:

ഇന്നത്തെപ്പോലെ സർക്കാർ തലത്തിൽ അംഗൻവാടികളും പോഷകാഹാരവിതരണവുമൊന്നും ശക്തമല്ലാതിരുന്ന കാലത്ത് ആഴ്ചതോറും മഠത്തിൻ്റെ  പ്രതിനിധികൾ എത്തി നാനാജാതി മതസ്ഥർക്കും ഗോതമ്പും ചോളവും പാലും മുട്ടയുമൊക്കെ വിതരണം ചെയ്തിരുന്നു.  ആരോഗ്യ പ്രവർത്തകരെ കൊണ്ടുവന്ന് ഇടയ്ക്കിടെ മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തിയിരുന്നു. ഇടയ്ക്കിടെ ചില പ്രതിരോധ  കുത്തിവയ്പുകളും അവർ സംഘടിപ്പിച്ചിരുന്നതിനാൽ വല്ലടത്തും പോവാൻ ആളുകൾ കുഞ്ഞുങ്ങളുമായി നടന്ന്  മഠത്തിനടുത്തെത്തുമ്പോൾ കന്യാസ്ത്രീകൾ പിടിച്ചു കുത്തിവയ്ക്കുമെന്ന് ഭയന്ന് പിഞ്ചു കുഞ്ഞുങ്ങൾ നിലവിളിക്കുമായിരുന്നു. കാരണം കുഞ്ഞുങ്ങൾക്കുള്ള കുത്തിവച്ചുകൾക്ക് സഹായികളായി നിൽക്കുന്നത് മഠത്തിലെ കന്യാസ്ത്രീകളായിരുന്നു. കുരുത്തക്കേടുകാണിക്കുന്ന പൈതങ്ങളെ കന്യാസ്ത്രീകളെ വരുത്തി കുത്തിവയ്ക്കുമെന്ന് പറഞ്ഞ് രക്ഷിതാക്കൾ ഭയപ്പെടുത്തിയിരുന്നു.

മഠത്തിലെ കാര്യക്കാർ:

പിൽക്കാലത്ത് മഠത്തിലെ  അത്തരം സാമൂഹ്യപ്രവർത്തനങ്ങൾ ഒക്കെ നിന്നു.  സഭയുടെ പ്രതിനിധികൾ വരുമ്പോൾ വിശ്രമിക്കാൻ ഒരു ചെറിയ ഷെഡും ചെറിയൊരു ക്വാർട്ടേഴ്സും മറ്റ് സൗകര്യങ്ങളുമൊക്കെ മഠത്തിൽ ഉണ്ടായിരുന്നു.

വല്ലപ്പോഴും ഒരു പള്ളീലച്ഛനും രണ്ട് കന്യാസ്ത്രീകളും ഒന്നോ രണ്ടോ ജോലിക്കാരുമൊക്കെയായി വന്ന് ആദായമെടുത്തും ഷെഡും പരിസരവും ശുചിയാത്തിയുമൊക്കെ പോയിരുന്നു. അണ്ടിക്കാലത്ത് വല്ലപ്പോഴും കന്യാസ്ത്രീകൾ മാത്രം ഒരു ജീപ്പുമായി വന്ന് ജീപ്പ് ഡ്രൈവറുടെ സഹായത്തോടെ തോട്ടയുമായി തോട്ടത്തിലിറങ്ങി അണ്ടിപറിച്ചോണ്ട് പോകുമായിരുന്നു. അവരാരും വരാത്തപ്പോഴെല്ലാം ഈ മഠത്തിൽപറമ്പ് നാട്ടുകാരുടെ പൊതു വകയായിരുന്നു. 

മാറി മാറി വരുന്ന അച്ഛന്മാരും കന്യാസ്ത്രീകളും അവരുടെ സിൽബന്ധികളുമൊക്കെ ജാതിമത ഭേദമന്യേ പാറമപ്പറമ്പ് നിവാസികളുടെ സ്വന്തക്കാരെയും ബന്ധക്കാരെയും പോലെയായിരുന്നു. കല്യാണം, മരണം, ഉത്സവങ്ങൾ തുടങ്ങി വിശേഷങ്ങളിൽ മഠത്തിൽക്കാരും പങ്കെടുത്തുപോന്നു. പെൻഗ്വിൻ പക്ഷികളെ ഓർമ്മിപ്പിക്കുന്ന കന്യാസ്ത്രീകൾ നാട്ടിലെ കുട്ടികൾക്ക് കൗതുകക്കാഴ്ചകൾ കൂടിയായിരുന്നു.  കന്യാസ്ത്രീകളോട് സംസാരിക്കുന്നതും അവരുടെ കൈപിടിച്ച് നടക്കുന്നതും കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പറമ്പിൽ കുന്നിലെ മിക്ക കുട്ടികളെയും പേരെടുത്ത വിളിക്കുന്ന ബന്ധമായിരുന്നു സ്നേഹസ്വരൂപിണികളായ കന്യാസ്ത്രീകൾക്ക്.

ആദ്യകാല ക്രിസ്ത്യാനികൾ

സഭക്കാരുടെ പരികർമ്മികളായി പലപ്പോഴായിവന്ന ചില ക്രിസ്തീയ കുടുംബങ്ങൾ സഭതന്നെ വാങ്ങിക്കൊടുത്ത തുണ്ടുഭൂമികളിൽ സ്ഥിരതാമസമാക്കി. ചിലർക്ക് വീടുവച്ചു കൊടുത്തു. സഭക്കാരുടെ സ്വാധീനത്തിൽ പെട്ട് നാട്ടിലെ മറ്റ് മതസ്ഥർ ചിലർ പ്രത്യേകിച്ചും ദളിത് വിഭാഗങ്ങളിൽപ്പെട്ടവർ ക്രിസ്ത്യാനികളായി. അങ്ങനെ സഭക്കാരുടെ പരികർമ്മികളായി വന്നവരും നാട്ടിലെ പരിവർത്തനം നടത്തിയ വിഭാഗങ്ങളുമാണ് ഇവിടുത്തെ ന്യൂനപക്ഷ ക്രിസ്ത്യാനികളുടെ പൂർവ്വികർ. സ്വയം പ്രലോഭിതരായി ചിലർ ക്രിസ്തുമത വിശ്വാസങ്ങളിലേക്ക് പോയി എന്നല്ലാതെ സഭക്കാർ ആരെയും മതം മാറാൻ നിർബന്ധിച്ചിരുന്നതായി നാട്ടിലാരും പറഞ്ഞു കേട്ടിട്ടില്ല.

ഹിന്ദു-മുസ്ലിം ഉത്കണ്ഠകളും ആശുപത്രിയോടുള്ള എതിർപ്പുകളും:

മതപരിവർത്തന ജിഹാദികളെന്നൊന്നും അക്കാലത്ത് സഭക്കാരെ ആരും വിളിച്ചിരുന്നില്ലെങ്കിലും പക്ഷെ, മതപരിവർത്തനം സംബന്ധിച്ച് ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ചില ഉത്ക്കണ്ഠകൾ ഉണ്ടാക്കിയിരുന്നു. ചൂണ്ടയിട്ട് സഭക്കാർ മീൻപിടിക്കുകയല്ലേന്ന് സംശയിച്ചിരുന്നു. അതിൻ്റെ പ്രതിഫലനമെന്നോണമാണ് സഭക്കാർ മഠത്തിൽപറമ്പിൽ സ്ഥാപിക്കാൻ ശ്രമിച്ച ആശുപത്രിയെ മനസ്സിൽ  ഹിന്ദുക്കൾ ജയ്ഹിന്ദ് വിളിച്ചും  മുസ്ലിങ്ങൾ ജയ് ഇസ്ലാം വിളിച്ചും എതിർത്തത്. 

സത്യത്തിൽ സഭക്കാർ ആ പറങ്കിമാങ്കാട് വാങ്ങിയതു തന്നെ വലിയൊരാശുപത്രി തുടങ്ങാനായിരുന്നു. ചെറിയ നിലയിൽ അത് ആരംഭിക്കുകയും തദ്ദേശവാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളുമടക്കം ഏതാനും പേർക്ക് അവിടെ ജോലികൾ നൽകിയതുണ്. എന്നാൽ വരാൻ പോകുന്നത്  കുഷ്ഠരോഗാശുപത്രി എന്നാരോപിച്ചു കൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധാണ്ടികൾ! ആരോപണമായിരുന്നില്ല കുഷ്ഠരോഗ ചികിത്സ അവരുടെ പ്രോജക്ടിൻ്റെ പ്രധാന ഭാഗം തന്നെയായിരുന്നു. എന്നാൽ യഥാർത്ഥ എതിർപ്പുകൾ ഉത്ഭവിച്ച നാട്ടിലെ പ്രമാണികളായ ഹിന്ദു-മുസ്ലിം തലച്ചോറുകളുടെ ചെകുത്താൻ പ്രേരണ കുഷ്ഠരോഗാശുപത്രി തുടങ്ങുന്നു എന്നതായിരുന്നില്ല. 

ആശുപത്രിയും കൂടി വന്നാൽ, അത് വികസിച്ചാൽ ഇവിടെ ധാരാളം  ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ദളിതർക്കും ജോലി ലഭിക്കുകയും അവർ അവരുടെ ആശ്രിതരാകുകയും കാലാന്തരെ അവരിൽ പലരും ക്രിസ്ത്യാനികളായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുമെന്ന് ലൗ ഹിന്ദു ഗ്രൂപ്പുകളും  ലൗ ഇസ്ലാം ഗ്രൂപ്പുകളും വെവ്വേറെ അവൈലബിൾ പോളിറ്റ് ബ്യൂറോകൾ കൂടി ഉറച്ച തീരുമാനങ്ങൾ എടുത്തതായാണ് അക്കാലത്ത്  നാട്ടിലെ ഇൻ്റലിജൻ്റ് ബ്യൂറോയിൽ പ്രർത്തിച്ചിരുന്ന അപ്പൂപ്പന്മാരും ഉപ്പാപ്പമാരും പിൽക്കാലത്ത് റിപ്പോർട്ട് ചെയ്തത്. 

ദളിതർ നന്നായി കളയുമോ എന്ന ഉൽക്കണ്ഠ:

കൂടാതെ ദളിതർക്കൊക്കെ ആശുപത്രിയിൽ വിവിധ ജോലികൾ ലഭിച്ചാൽ തങ്ങളുടെ പാടത്തും പറമ്പിലും പണിയെടുക്കാനും തേങ്ങായടക്കാനും പാക്കടക്കാനും ഒരു തെണ്ടിയും കാണില്ലെന്നതോ പോട്ടെ വേടരും കുറവരും പുലയരും തണ്ടാനും പരവനും പറയനുമൊക്കെ കാലസറായുമൊക്കെയിട്ട് ആപ്പീസർമാരായും തദ്വാരാ ക്രിസ്ത്യാനികളായും ജീവിത നിലവാരം മെച്ചപ്പെട്ടവരായും മാറിയാൽ പ്രശേത്തെ ഹിന്ദു -മുസ്ലിം ജന്മിമാർക്ക് പഴയതുപോലെ ദളിതരിൽ വയസ്സിനു മൂത്തവരെ പോലും പേരുചൊല്ലി വിളിക്കാനും ബഹുവിധം ചൂഷണം ചെയ്യാനുമുള്ള സ്വയം പ്രഖ്യാപിത അവകാശങ്ങൾ ഓരോന്നായി നഷ്ടപ്പെട്ടാലോ! അങ്ങനെയാണ് ക്രിസ്ത്യാനികളുടെ കുഷ്ഠരോഗാശുപത്രി പറമപ്പറമ്പിൽ നോ നോയെന്ന് ഹിന്ദു-മുസ്ലിം  നാട്ടുപ്രമാണിമാർ ഐകകണ്ഠേന പ്രഖ്യാപിച്ച് പ്രക്ഷോഭാണ്ടിക്കിറങ്ങിയതത്രേ!

ഭൂരിപക്ഷമുസ്ലിങ്ങളും കൈകോർത്ത് ന്യൂനപക്ഷഹിന്ദുക്കളും:

അല്ലെങ്കിൽ തന്നെ സമീപ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പാമറപ്പറമ്പിൽ ജമാഅത്ത് കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങൾ ഹിന്ദുമത പ്രമാണിമാർ പള്ളിക്കു പുറത്ത് നിന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുക പതിവായിരുന്നു. കാരണം പള്ളികളെയും ഇതര സമുദായ സംഘടനകളെയും സ്ഥാപനങ്ങളെയുമൊക്കെ നിയന്ത്രിച്ചിരുന്ന ഹിന്ദു-മുസ്ലിം പ്രമാണിമാർക്കിടയിൽ മതേതര ചിന്തകൾക്കുപരിയായ മറ്റ് ചില നിഗൂഢ ഐകമത്യങ്ങൾ ഉണ്ടായിരുന്നതായി ചില ആദ്യകാല  കമ്മ്യൂണിസ്റ്റ് വികാരജീവികളെ ഉദ്ധരിച്ചു കൊണ്ട് ചില മാർക്സിയൻ ചരിത്രകാരന്മാരാൽ രേഖപ്പെടുത്തിക്കാണുന്നു. (പാറമപ്പറമ്പും ഹിന്ദു-മുസ്ലിം സങ്കുചിത ജന്മിതാല്പര്യങ്ങളും - വാള്യം 1, 2-മാർക്സിയൻ ചരിത്രകാരൻ റോമിലാ സജിമണ്ടി ഥാപ്പർ). എന്നാൽ ദേശീയ ചരിത്രമാരന്മാരെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്സ് അനുകൂല ചരിത്രകാരന്മാർ മാർക്സിയൻപക്ഷ ചരിത്രകാരന്മാരുടെ വാദങ്ങളെ ഖണ്ഡിക്കുന്നുണ്ട്. പാറമപ്പറമ്പിൻ്റെ സാംസ്കാരിക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന മറ്റ് ചില ചരിത്രകാരന്മാർ ഇവ രണ്ടും നിഷേധിച്ചു കൊണ്ട് പാറമപ്പറമ്പിൻ്റെ ചരിത്രത്ത കാവിമയമാക്കുകയാണ് ചെയ്യുന്നത്‌. ഈ രണ്ടു കൂട്ടരും ചുവന്ന കണ്ണുകളോടെ മാത്രം ചരിത്രം നിർമ്മിക്കുന്ന കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ പാറമപ്പറമ്പിൻ്റെ ചരിത്രത്തെ ദുർവ്യാഖ്യാനിക്കുന്നുവെന്ന വാദം ഉന്നയിക്കുമ്പോൾ കോവിഡ് പ്രോട്ടോക്കോളുകൾ പോലും മറന്ന് കൈകോർക്കുന്നുണ്ട്. 

പിൽക്കാല ആരോപണ പ്രത്യാരോപണാണ്ടികൾ:

എന്നാൽ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ഗാഢ പ്രണയാണ്ടി കളികളുണ്ടെന്ന് ചില ആധുനിക സംഘപരിവാർ അനുകൂല ചരിത്രകാരന്മാരും കമ്മ്യൂണിസ്റ്റുകാരും ബി.ജെ.പിക്കാരും തമ്മിൽ രഹസ്യ ഡീലണ്ടികൾ ഉണ്ടെന്ന് ചില കോൺഗ്രസ്സ് പക്ഷ ചരിത്രകാരന്മാരും  കോൺഗ്രസ്സും ബി.ജെ.പിയും ഒരേ തൂവലണ്ടി പ്പക്ഷികളാണെന്ന് ചില കമ്മ്യൂണിസ്റ്റ് പക്ഷ ചരിത്രകാരന്മാരും ഇവന്മാരെല്ലാം മഹാ കറക്കു കമ്പനികളാണെന്ന് ചില നിഷ്പക്ഷാണ്ടി ചരിത്രകാരന്മാരും പരസ്പരം ആരോപിച്ച് പാറമപ്പറമ്പ് നിവാസികളെ ഈയിടെയായി  തലഭ്രാന്ത് പിടിപ്പിക്കുന്നുണ്ട് എന്നത് സാന്ദർഭികമായി ഇവിടെ എടുത്ത് ഫിറ്റു ചെയ്തു കൊള്ളുന്നു!

അവിഹിത ബന്ധങ്ങൾ:

പണ്ടേക്കാലത്ത് ജന്മിമാരുടെ ആശ്രിതതായിരുന്ന ദളിതർ അടക്കം പല പാവപ്പെട്ട കുടുംബങ്ങളിലും ജനിക്കുന്ന കുട്ടികളിൽ ചിലതിനൊക്കെ ചില ജന്മിമാരുടെ ഛായയുണ്ടായത് ജന്മിമാരുടെ ഔദാര്യം ഭക്ഷിച്ചു ജീവിച്ചതു മൂലമുണ്ടായിരുന്ന പാരമ്പര്യ സ്വഭാവമായിരുന്നില്ലെന്ന കാര്യം ചില കുബുദ്ധികൾ  കുത്തിപ്പൊക്കി മനോസുഖം നേടിയിരുന്നത് സ്വാഭാവികം മാത്രമായിരുന്നു എന്നത് മറ്റൊരണ്ടി ചരിതം!

ഉപേക്ഷിക്കപ്പെട്ട ആശുപത്രി പ്രോജക്ട്:

അങ്ങനെ പ്രതിഷേധങ്ങൾക്കൊടുവിൽ  വിവാദങ്ങൾക്കും സംശയങ്ങൾക്കും നിൽക്കാതെ  ഇവിടുത്തെ  ആശുപത്രി പ്രോജക്ട് ഉപേക്ഷിച്ച് സഭക്കാർ  വളരെ ദൂരെയല്ലാതെ  മറ്റൊരിടത്തു പോയി സ്ഥലം വാങ്ങി ആശുപത്രി സ്ഥാപിച്ചു. അതു പിന്നെ വലിയ ആശുപത്രിയായി. ഇപ്പോൾ പാറമപ്പറമ്പിലുള്ളവരും വണ്ടി കയറി കുണ്ടിയ്ക്കിരുന്നും കുണ്ടിയ്ക്കിടിച്ചും യാത്ര ചെയ്ത് ഇന്ന് അവിടെ പനിക്കും ചുമയ്ക്കും മാത്രമല്ല  പേറിനും പലവിധ കീറിനും പോകുന്നു!

എന്തായാലും പാറമപ്പറമ്പിലെ ആശുപത്രി പ്രോജക്ട് ഉപേക്ഷിച്ചതിനു ശേഷമാണ് മഠത്തിൽ പറമ്പ് അനാഥപ്പറമ്പു പോലാകുകയും നാട്ടുകാർ അതിനെ സനാഥമാക്കി പൊതുമുതൽ പോലാക്കിത്തീർക്കുകയും ചെയ്തത്.

വീണ്ടും അണ്ടിജിഹാദിലേക്ക്:

അല്ല, കഥയുടെ പേര് അണ്ടി ജിഹാദ് എന്നാണല്ലോ. വഴിമാറിപ്പോകുന്ന ഈ കഥയെ  അണ്ടി ജിഹാദിലെത്തിച്ച് കഥ ചുരുക്കുന്ന ദൗത്യാണ്ടി ബാക്കി കിടക്കുന്നു എന്നറിയാഞ്ഞിട്ടല്ല കഥ മറ്റ് ചില അണ്ടിക്കാര്യങ്ങൾക്ക് മീതെ കയറി നിന്ന് നൃത്തം ചവിട്ടുന്നത്.

മഠവും മഠത്തിലെ ധാന്യങ്ങളും:

പള്ളിക്കൂടത്തിൽ പോകുന്ന കുട്ടികൾക്ക് കൂടുതൽ സുലഭമായി അണ്ടികൾ ലഭിക്കുന്നത് മഠത്തിൽ പറമ്പിൽ  നിന്നായിരുന്നു. ജാതിമത ചിന്തകൾക്കതീതമായ മഹത്തായ ഒരു സെക്യുലർ പ്രവർത്തനമായിരുന്നു  ഈ അനധികൃത അണ്ടി ശേഖരണം. കുട്ടികൾ തങ്ങളാലായത് മുതിർന്നവർ അവരവരാൽ ആയത് എന്ന നിലയ്ക്കായിരുന്നു കാര്യങ്ങൾ. അണ്ടി സീസണിൽ അണ്ടി, മാങ്ങാ സീസണിൽ മാങ്ങ ചക്ക സീസണിൽ ചക്ക ഒക്കെ മഠത്തിൽപറമ്പിൽ സുലഭമായിരുന്നു. അടുത്തുള്ള ആളുകൾക്ക്  ആടുമാടുകളെ മേയ്ക്കാനും പുല്ലും തോലും ശേഖരിക്കാനും  പറ്റിയൊരിടമായിരുന്നു മഠത്തിൽ പറമ്പ്. അക്കാലത്തൊന്നും സഭക്കാർ ഇവിടെ സ്ഥിരം കാര്യക്കാരെ വയ്ക്കുകയോ സ്ഥലം വിൽക്കുകയോ ചെയ്യാത്തതെന്തെന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. എന്തെങ്കിലും ഒരു ചോദ്യം ബാക്കി വയ്ക്കാതെ പിന്നെന്ത് കഥ! അതവിടെ കിടക്കട്ടെ. നാട്ടുകാരോടുള്ള ദയാവായ്പാകാം; അല്ലെങ്കിൽ തുടങ്ങും മുമ്പേ ആശുപത്രി പൂട്ടിച്ചതിലുള്ള മധുരമായ പ്രതിഷേധമാകാം. എന്തായാൽ നമുക്കെന്താ ? നമ്മൾ അണ്ടിക്കഥ പറയുന്നിടത്ത് സഭയ്ക്കും അവരുടെ പറമ്പിനും ഇത്രയും പ്രാധാന്യം നൽകിയതു തന്നെ വലിയ കാര്യമായി കാണണം.

അണ്ടിജിഹാദായ അണ്ടി മോഷണം:

ആദ്യമാദ്യം മഠത്തിൽ പറമ്പിലെ അണ്ടി മോഷണത്തെ ക്രിസ്ത്യാനികളായ കുട്ടികൾ എതിർത്തിരുന്നുവത്രേ! സഭയുടെ വക മോഷ്ടിച്ചാൽ കർത്താവ് ശിക്ഷിക്കുമെന്നാണ് അവരുടെ രക്ഷിതാക്കളും പള്ളിയധികാരികളും അവരെ പറഞ്ഞു പഠിപ്പിച്ചിരുന്നത്. എന്നാൽ കാലക്രമേണ ഹിന്ദു, മുസ്ലിം കുട്ടികളുടെ പ്രലോഭനങ്ങളിൽ അവരും വീണു. അണ്ടിപറക്കി വിറ്റ് മറ്റ് കുട്ടികൾ നല്ല മുട്ടായികളും കപ്പലണ്ടിയും കടലയും ഉപ്പിലിട്ട നെല്ലിക്കയും ലൊട്ടയും ലൊടുക്കും ഒലക്കേരെ മൂടുമൊക്കെ  വാങ്ങി ഞം ഞംന്നു തിന്നുമ്പോൾ ക്രിസ്ത്യാനിക്കുട്ടികളുടെ കൊതി തീർക്കാൻ കർത്താവ് നേരിട്ട്  പ്രത്യക്ഷപ്പെടില്ലല്ലോ! ഒടുവിൽ ക്രിസ്ത്യാനിക്കുട്ടികളും അണ്ടി മോഷണവും അതു വിറ്റ് കടേപ്പം തിന്നാനും തുടങ്ങിയാണ്ടി. സംഭവം കർത്താവിൽ വിശ്വാസമർപ്പിച്ചിരുന്ന ക്രിസ്ത്യാനിക്കുട്ടികളെ അപ്രകാരം വഴിതെറ്റിച്ചത് അണ്ടി ജിഹാദായിരുന്നുവെന്ന് പിൽക്കാലത്ത് ഒരു മുറുമുറുപ്പുണ്ടായി. ഇക്കഥയ്ക്ക് അണ്ടി ജിഹാദ് എന്ന് പേരു വരാൻ കാരണം തന്നെ പൊങ്ങിവന്ന  ഈ അണ്ടി (ജിഹാദ്) ആരോപണമാണ്!  പക്ഷെ മുമ്പ് സഭക്കാരും പള്ളിക്കാരും മഠക്കാരും ഒരിക്കലും അങ്ങനെ ഒരാരോപണം ഉന്നയിച്ചിരുന്നില്ല. പിൽക്കാലത്ത് വന്ന ഒട്ടും ജനകീയനല്ലാത്ത തല്പരകക്ഷി കുക്ഷിയായ ഒരച്ഛനാണ് ഇവ്വിധമൊരാരോപണം ആദ്യമായി പള്ളിയിൽ ഉന്നയിച്ചത്. ഈ അച്ഛൻ വന്നതിനു ശേഷം മഠത്തിലും പള്ളിയിലുമൊക്കെ ചില മാറ്റങ്ങൾ ഉണ്ടായി. മഠത്തിലെ കന്യാസ്ത്രീകൾക്ക് നാട്ടുകാരുമായി ഇടപെടാനും പുറത്തിറങ്ങാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. നാട്ടിലെ കടകളിൽ നിന്നും മഠത്തിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതു വിലക്കപ്പെട്ടു. പ്രത്യേകിച്ചും മുസ്ലീങ്ങളുടെ കടകളിൽ നിന്ന്. മഠത്തിലേക്കുള്ള സാധനങ്ങളെല്ലാം പുത്തനച്ഛൻ എവിടെ നിന്നോ വാങ്ങി ജീപ്പിൽ മഠത്തിലെത്തിച്ചു. മഠത്തിലെ റബ്ബർഷീറ്റും മറ്റ് ആദായങ്ങളും ക്രിസ്‌ത്യാനികൾക്കോ അപൂർവ്വമായി പ്രീണനാർത്ഥം ഹിന്ദുക്കൾക്കോ മാത്രം വിറ്റു. 

ക്രിസ്ത്യൻ പള്ളിയും സെമിത്തേരിയും:

മഠവുമായി അവർ വന്ന ശേഷം ആശുപത്രി പ്രോജക്ടിനെയൊക്കെ നാട്ടുകാർ എതിർത്തിരുന്നെങ്കിലും നാട്ടുകാരോട് മഠക്കാർക്ക് പ്രത്യക്ഷത്തിൽ ഒരു വിരോധവും ഉണ്ടായിരുന്നില്ല. കാരണം അവർ പാറമപ്പറമ്പ് ജംഗ്ഷനടുത്തു തന്നെ ഒരു പള്ളി പണിയാൻ ആഗ്രഹിച്ചപ്പോൾ ഹിന്ദു ക്ഷേത്രങ്ങളും മുസ്ലിം പള്ളികളും പോലെ ഒരു ക്രിസ്റ്റ്യൻ ചർച്ചും വരട്ടെയെന്നു കരുതി ഇരുപത്തഞ്ച് സെൻ്റ് സ്ഥലം വിലയ്ക്ക് നൽകിയത് ഒരു ഹിന്ദു ഭൂഉടമയാണ്. അതിൽ ആദ്യത്തെ പള്ളിക്കെട്ടിടം വയ്ക്കുന്ന അത്രയും ഭാഗത്തിൻ്റെ പണം പുണ്യ സ്ഥാപനമായിരുന്നതിനാൽ വാങ്ങിയതുമില്ല. പിന്നീട് സെമിത്തേരി തുടങ്ങാൻ ഉദാര വിലയ്ക്ക് സ്ഥലം നൽകിയത്  ഒരു മുസ്ലിം കുടുംബമാണ്. പരിസരവാസികളിൽ ചിലർ സെമിത്തേരിയെ എതിർത്തപ്പോൾ നാടിൻ്റെ വികസനത്തിന് സഭക്കാർ കുടിവെള്ളപദ്ധതി ഉൾപ്പെടെ പല സഹായങ്ങളും ചെയ്തിട്ടുള്ളവർ എന്ന നിലയിൽ അതിനു തടസ്സം സൃഷ്ടിക്കരുതെന്ന് പറഞ്ഞ് പ്രശ്നം പരിഹരിച്ചു കൊടുത്തത് നാട്ടിലെ ഹിന്ദു - മുസ്ലിം പൊതുപ്രവർത്തകരാണ്. മുസ്ലിം ഖബർസ്ഥാനങ്ങൾക്ക് സമീപവും ആൾ താമസമുള്ള കാര്യം കൂടി ഒർമ്മിപ്പിച്ചു കൊണ്ടാണ് സെമിത്തേരി തർക്കത്തിൽ അവർ അനുനയമുണ്ടാക്കിയത്. 

വിവാദ അച്ഛനെ തള്ളി സഭ:

പുത്തനച്ഛൻ്റെ പള്ളിയിലെ വിവാദ പ്രസ്താവന ചിലർ ചാരായ ഷാപ്പുകൾ വഴി ചായക്കട വൃത്തങ്ങിലെത്തിച്ച് പബ്ലിഷ് ചെയ്തു! സത്യത്തിൽ ശരികളിലും തെറ്റുകളിലും എല്ലാം സർവ്വമതസാഹോദര്യം അന്നുമിന്നും നിലനിൽക്കുന്ന ദേശമാണ് പാറമപ്പറമ്പ്. എക്കാലത്തും സെക്യുലറിസ്റ്റുകളെ ആവേശം കൊള്ളിക്കും വിധം അണ്ടി മോഷണത്തിനും അണ്ടിക്കടത്തിനും പറങ്കിമാങ്ങ വാറ്റിനും വല്ലപ്പോഴും പിടിക്കപ്പെട്ടിരുന്നവരിൽ മൂന്നു മതത്തിൽ പെട്ടവരും  ഉണ്ടായിരുന്നുവെന്നതാണ് നഗ്ന സത്യം! അങ്ങനെയുള്ള ഒരു സ്ഥലത്ത് അനാവശ്യമായും അനുചിതമായും അനവസരത്തിലും അണ്ടിജിഹാദ്  വിളിച്ചവരെ സഭയും മഠവും പള്ളിയും അപലപിച്ചു. പിന്നീട് ആ വിവാദ അച്ഛനെ സഭ മാറ്റി. 

പുതുതലമുറയും കാഴ്ചപ്പാടുകളും മാറുന്നു:

പിന്നെ വീണ്ടും നല്ലൊരച്ഛൻ വന്നു. മഠവും മഠനിവാസികളും പഴയപോലായി. പുതിയ തലമുറയിൽ പെട്ടയാളുകൾ പഴയ തലമുറയുടെ തെറ്റുതിരുത്താൻ മഠത്തിൽ പറമ്പിൽ ഒരാശുപത്രി തുടങ്ങാൻ സഭ യോട് ശിപാർശ ചെയ്യാൻ അച്ഛനെ ചട്ടം കെട്ടുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അന്ന് ആശുപത്രി വന്നിരുന്നെങ്കിൽ പാറമപ്പറമ്പ് ഏറെ വികസിച്ചേനെയെന്ന് പഴയ തലമുറയും പുതിയ തലമുറയും ഇപ്പോൾ ഇരുത്തി ചിന്തിക്കുന്നു!

അഡീഷണൽ ഫിറ്റിംഗ്:

ഒരു കാര്യം കൂടി ഇടയ്ക്കുകയറി ഫിറ്റ് ചെയ്യുന്നു. പാറമപ്പറമ്പിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലൊക്കെ വർഷങ്ങൾക്കു മുമ്പേ ക്രിസ്ത്യൻ സഭകളെത്തി പല ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. ഇതിൽ ആകൃഷ്ടരായ പലരും ക്രിസ്തുമതത്തിൽ ചേരാൻ താല്പര്യപ്പെട്ടു. കൂടുതലും ദളിതരായിരുന്നു പ്രലോഭനങ്ങളിൽ വീണത്. ഒരിക്കലും നിർബന്ധിത പരിവർത്തനം ഒരു സഭക്കാരും നടത്തിയിരുന്നില്ല. സാമ്പത്തിക പിന്നോക്കാവസ്ഥയും ജാതീയമായ ഉച്ചനീചത്വങ്ങളും മാറിക്കിട്ടുമെന്നു കരുതി ക്രിസ്തുമതം സ്വീകരിച്ചവരാണ് ഏറെയും. മതപരിവർത്തനം നടത്തിയവർക്ക് സഭക്കാർ വീടുകൾ വച്ചു കൊടുത്തു. അവരുടെ വിദ്യാഭ്യാസത്തിന് എല്ലാ സഹായങ്ങളും ചെയതു. ചില കോളനികൾ ഒന്നാകെ ക്രിസ്തുമത വിശ്വാസങ്ങളിലേക്ക് പരിവർത്തനം നടത്തി. അങ്ങനെ ക്രിസ്തുമതത്തിൽ ചേർന്ന പലർക്കും വീട്ടിലും പള്ളിക്കൂടത്തിലും ഒരു പേരും പള്ളിയിലും നാട്ടിലും ക്രിസ്ത്യൻ നാമങ്ങളുമായിരുന്നു. ഇത് പിന്നീട് സംവരണ സംബന്ധമായ ചില പ്രശ്നങ്ങൾക്കു കാരണമായി. വിദ്യാഭ്യാസത്തിനും ഉദ്യോഗപരമായ ആനുകൂല്യങ്ങൾക്കും ജാതി സർട്ടിഫിക്കറ്റിനു വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ ദളിത് ജാതികൾ ആണെന്ന് സർട്ടിഫിക്കറ്റ് നൽകാതായി. പ്രദേശത്തെ രാഷ്ട്രീയ താല്പര്യങ്ങളുള്ള ചിലരുടെ പരാതികളും കുത്തിത്തിരിപ്പുകളുമായിരുന്നു കാരണം. ജാത്യാനുകൂല്യം നഷ്ടപ്പെട്ടതിനാൽ പല ദളിത് കുട്ടികൾക്കും സർക്കാർ ആനുകൂല്യങ്ങളം വിദ്യാഭ്യാസ ആനുകൂല്യങ്ങളും സർക്കാർ ഉദ്യോഗങ്ങളും നഷ്ടപ്പെടുന്ന സ്ഥിതിയായി. പിന്നീട് വന്ന യാഥാർത്ഥ്യബോധമുള്ള അച്ഛന്മാർ എല്ലാ  രാഷ്ട്രീയ നേതൃത്വങ്ങളുമായൊക്കെ സംസാരിച്ചാണ് പ്രശ്നത്തിനു പരിഹാരം കണ്ടത്. പിന്നീട് ഒരു നിയസഭാ കമ്മിറ്റിയും കോളനികളിലെത്തി പഠനം നടത്തി അവർ ദളിത് ജീവിതം നയിക്കുന്നവരെന്ന് സാക്ഷ്യപ്പെടുത്തി. അതിനു ശേഷം അവർക്ക് സർക്കാർ ആനുകൂല്യങ്ങൾ തിരികെ ലഭിച്ചു. പലരും സംവരണാനുകൂല്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരായി. 

ദളിതരോടുള്ള മേൽജാതിക്കാരുടെ മനോഭാവം:

കോളനിവൽക്കരിക്കപ്പെട്ട ദളിത് ജനവിഭാഗത്തിന് ക്രിസ്തീയ സഭകൾ മൂലം പല നേട്ടങ്ങളും പുരോഗതിയും ഉണ്ടായി എങ്കിലും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയ്ക്കോ ജാതീയമായി മറ്റുയർന്ന മതവിഭാഗക്കാർക്ക് അവരോടുള്ള മനോഭാവങ്ങൾക്കോ മാറ്റം വന്നില്ല. പരിവർത്തിത ദളിത്-ക്രിസ്ത്യാനികളുടെ മൃതദേഹങ്ങൾ അവരുടേതായ സെമിത്തേരികളിലല്ലാതെ യഥാർത്ഥ ക്രിസ്ത്യൻ പള്ളി സെമിത്തേരികളിൽ അടക്കാൻ അനുവദിക്കപ്പെടുന്നില്ല എന്നതിൽ നിന്നു തന്നെ യഥാർത്ഥ ക്രൈസ്തവർക്കു പോലും പരിവർത്തിത ദളിത് സമൂഹങ്ങളോടുള്ള മനോഭാവങ്ങളിൽ മാറ്റം വന്നില്ല എന്ന് മനസ്സിലാക്കാം. പാവങ്ങളായ  പരിവർത്തിത ക്രിസ്ത്യാനികൾക്കിടയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെടുന്ന ഉല്പതിഷ്ണക്കളായ പല നല്ല നല്ല അച്ഛൻമാർ പോലും കുലീനക്രിസ്തുമത വിശ്വാസികൾക്കടക്കമുള്ള ഉയർന്ന ജാതി മതവിഭാഗക്കാർക്ക്  ദളിതരോടുള്ള മനോഭാവങ്ങളിൽ ഖിന്നരാണെന്നതാണ് സത്യം.

മഠത്തിലെ സ്ഥിരതാമസം:

മഠത്തിലെ പറങ്കിമാവുകൾ മുറിച്ചൊഴിച്ച് റബ്ബർ വച്ചതിനു ശേഷമാണ് മഠത്തിൽ രണ്ടു മൂന്ന് കന്യാസ്ത്രീകളും പരിചാരകരും സ്ഥിരതാമസം തുടങ്ങിയത്. അതിനു മുമ്പ് വല്ലപ്പോഴും വന്ന് ഏതാനും ദിവസം നിന്നുപോകാറേ ഉണ്ടായിരുന്നുള്ളൂ.

ഇടയ്ക്ക് ചില കൗമാരദശ മാറാത്ത കന്യാ സ്ത്രീകൾ മഠന്നിൽ വന്ന് തങ്ങാറുണ്ടായിരുന്നു. അവരുടെ പഠന ആവശ്യങ്ങൾക്കോ സ്വഭാവ രൂപീകരണത്തിനോ തൊഴിൽ പരിശീലനത്തിനോ ഒക്കെ വരുന്നവരായിരുന്നു ആ കുട്ടികൾ. മഠക്കാർ മാത്രമല്ല പാറമപ്പറമ്പ് പ്രദേശത്തുള്ളവരെല്ലാം ബസു കയറുന്നതും ഇറങ്ങുന്നതും നാലഞ്ച് കിലോമീറ്റർ നടദൂരം ഉള്ള ഹൈവേ കടന്നു പോകുന്ന തട്ടാംവിള ജംഗ്ഷനിലായിരുന്നു. മഠത്തിലെ സുന്ദരിയായ  ഒരു കന്യാസ്ത്രീക്കുട്ടി യാത്രകൾക്കായി തട്ടാംവിള ബസ് സ്റ്റോപ്പിലെത്തുമ്പോൾ കുഗ്രാമമായിരുന്നിട്ടുപോലും ബസ് സ്റ്റോപ്പിലും പരിസരത്തും നാട്ടിലെ പൂവാലന്മാരുടെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെടുകയും ഗതാഗത സംവിധാനം താറുമാറാകുകയും ചെയ്തത് ആദ്യം പോലീസുകാർക്ക് തലവേദനയായി. കന്യാസ്ത്രീകൾ ദൈവത്തിൻ്റെ മണവാട്ടി കളാണെന്നൊക്കെ പറഞ്ഞാൽ ലോലഹൃദയന്മാരായ പൂവാലന്മാരുടെ തലയിൽ കയറുമോ? അവന്മാർ വിശ്വാസം വിട്ട് യുക്തിവാദികളാകും! എന്തായാലും നാട്ടിലെ അനാവശ്യമായ കൂടിച്ചേരലുകളും ഗതാഗതക്കുരുക്കുകളും യഥാവിധി സഭാ വൃത്തങ്ങളുടെ കാതുകളിലെത്തുകയും യുവകന്യാ സ്ത്രീകളെ മഠത്തിൽ നിന്ന് തിരികെ വിളിച്ച് നാട്ടിലെ ഗതാഗത സംവിധാനം പുനഃസ്ഥാപിക്കുകയും വരാനിരുന്ന വലിയ അപകടങ്ങൾ ഒഴിവാക്കുകയും ചെയ്തു.

മഠത്തിലെ ഒളിച്ചോട്ടം:

പക്ഷെ അതിൽ പിന്നെ മഠത്തിലെ അന്തേവാസികൾക്ക് സഞ്ചരിക്കാൻ ഒരു ജീപ്പ് വന്നു. ജീപ്പോടിക്കാൻ ഹിന്ദുവായൊരു ഡ്രൈവർ വന്നു. തുടർന്നാണ് മഠത്തിൽ ആദ്യമായൊരു അനിഷ്ഠ സംഭവമുണ്ടാകുന്നത്. ഒരു സുപ്രഭാതേ സൂര്യൻ കുളിച്ചു ഫ്രഷായി കയറി വരുംമുമ്പേ  മഠത്തിലെ  ക്രിസ്ത്യാനിയായ ഒരു പരിചാരികയും ഹിന്ദുവായ ഡ്രൈവറും ദിവ്യശക്തി പ്രയോഗിച്ച് അപ്രത്യക്ഷമായി. ഭാഗ്യം ജീപ്പ് അപ്രത്യക്ഷമാക്കാനുള്ള വിദ്യ അവർക്കറിയില്ലായിരുന്നെന്ന് തോന്നുന്നു. ഡ്രൈവറുടെ വിശ്വാസവഞ്ചനയിൽ സങ്കട ചിത്തവുമായി ജീപ്പ് മഠത്തിൽ ഒരു മൂലയിലുണ്ടായിരുന്നു!

അന്വേഷണങ്ങൾ ഒക്കെ വൃഥാവിലായി. ദിവ്യശക്തികൊണ്ട് അപ്രത്യക്ഷമാകാമെങ്കിൽ അതേ ദിവ്യശക്തികൊണ്ട് ആരുടെ അന്വേഷണങ്ങൾക്കു മുന്നിലും പ്രത്യക്ഷമാകാതിരിക്കാനുമറിയാമെന്ന ഹുങ്കുമായി ഡ്രൈവറും പരിചാരിയും എവിടെയോ പുതുജീവിതവും പുതുജീവനുകൾക്ക് വിത്തുപാകിയും തുടങ്ങിയെന്ന് എല്ലാവർക്കും മനസ്സിലായി!

മതപ്പറമ്പ് വാദങ്ങൾ:

കാലം മാറി കഥകൾ മാറി വരുന്ന കാലത്തായിരുന്നു നാടിനെ നടുക്കിയ മഠത്തിലെ ഒളിച്ചോട്ട ദുരന്തം. ഹിന്ദുക്കളും മുസ്ലിങ്ങളും  ക്രിസ്ത്യാനികളും പരസ്പരം  മതപരിവർത്തന ആരോപണങ്ങൾ ഉന്നയിക്കുന്ന കാലം. പാറമപ്പറമ്പ് ഹിന്ദു മപ്പറമ്പാക്കണമെന്നും പാറമപ്പറമ്പു മാത്രമല്ല ലോകത്തിലെ എല്ലാ പറമ്പുകളും കിറമ്പുകളും  ഇസ്ലാമപ്പറമ്പുകളാക്കണമെന്നും ലോകം മുഴുവൻ ക്രിസ്തുമപ്പറമ്പാക്കണമെന്നും വാദിക്കുന്നവർ ഓരോ മതത്തിലും രൂപപ്പെട്ടു. പണവും ആയുധവുമൊന്നും കൈയ്യിലില്ലാത്ത യുക്തിവാദികളാകട്ടെ ഇന്നല്ലെങ്കിൽ നാളെ ലോകത്ത്  യുക്തിമപ്പറമ്പ് താനേ വന്നണഞ്ഞ് തങ്ങളെ പുണരുമെന്ന് യൂറോപ്പിൽ വിശ്വാസികൾ വരാത്തതിനാൽ വിൽക്കാനിട്ടിരിക്കുന്ന പള്ളികളെ നോക്കി സമാശ്വസിക്കുന്ന വിവരം പക്ഷെ ഭരണാർത്തി വർഗ്ഗങ്ങൾ ആരും അറിഞ്ഞില്ല ഉദരത്തിലെ രാസമാറ്റം.....ഛെ കഥ ഏതോ പാട്ടിലൊക്കെ ചുമ്മാ ചെന്നു കയറി!

നാട്ടിലെ ഏതെങ്കിലും ഹിന്ദു, മുസ്ലിം പെൺകുട്ടികളെ ഹിന്ദു യുവാക്കൾ പ്രേമിച്ച് കല്യാണം കഴിച്ചാൽ മുസ്ലിം, ക്രൈസ്തവ സ്ത്രീകളിൽ ഹൈന്ദവ ബീജം കുത്തിവച്ച് മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും സ്വത്വം തകർക്കാനെന്നുള്ള ആരോപണം ഉന്നയിച്ച് ഭയപ്പെടുത്തുന്ന താത്വികാചാര്യന്മാർ ഉണ്ടായി. ഹിന്ദു, ക്രിസ്ത്യൻ യുവാക്കൾ മുസ്ലിം പെൺകുട്ടികളുമായി പ്രണയിച്ചു കല്യാണം കഴിച്ചാൽ ചെറുക്കനെ പെണ്ണ് സിറിയയിൽ കൊണ്ടുപോയി അണ്ടി വെട്ടി ദൂരെയെറിയുമെന്ന ഭയം രൂപപ്പെട്ടു. മുസ്ലിം യുവാക്കൾ ഹിന്ദു, മുസ്ലിം യുവതികളെ പ്രണയിച്ചു കെട്ടിയാൽ പെൺകുട്ടികളെ പർദ്ദയിടിച്ച് സിറിയയിലോ അഫ്ഗാനിസ്ഥാനിലോ കൊണ്ടുപോയി ആടിനെ മേയ്പിച്ച് തീ വ്രവാദികൾ ആക്കുമെന്ന ഭയമുണ്ടായി. ക്രിസ്ത്യൻ യുവതയിൽ പെട്ടവർ ഹിന്ദുക്കളെയോ മുസ്ലീങ്ങളെയോ പ്രേമിച്ച് കല്യാണം കഴിച്ചാൽ അത് വത്തിക്കാൻ്റെയും അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെയും ഇടപെടലെന്ന സംശയം പറഞ്ഞ് ഭയപ്പെടുത്തുന്നവരുണ്ടായി. ഇതൊക്കെ സത്യമോ മിഥ്യയോ എന്നറിയാതെയും വല്ലപ്പോഴും അത്തരം ഒറ്റപ്പെട്ട ചില അപ്രിയ വാർത്തകൾ കേട്ടും കൺഫ്യൂഷ്യനിസ്റ്റുകളായി കഴിയുന്ന പാവം ജനങ്ങൾ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കൂടുന്നത് ഒട്ടറിയുന്നതുമില്ല!

ഒളിച്ചോടിയവർ വയനാട്ടിൽ:

പിൽക്കാലത്ത് മൊബൈൽ കുടിയുമായി വയനാട് ജില്ലയിൽ കൂത്താടാൻ പോയ ചില പാറമ്പറമ്പന്മാർ മഠത്തിലെ പരിചാരകയെയും ഡ്രൈവറെയും യദൃശ്ച്യാ കാണുകയും അവർ അവരുടെ വാസസ്ഥലത്തേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തുവത്രേ! അവിടെ അവർ ഒരാൺകുട്ടിയുടെയും പെൺകുട്ടിയുടെയും അച്ഛനമ്മമാരായും അല്പം കൃഷിഭൂമിയുടെയും ഒരു ജീപ്പിൻ്റെയും ഉടമസ്ഥരായും വാഴുന്നു. ഒളിച്ചോടിയ കാലത്ത് ക്രൈസ്തവ ഗർഭപാത്രത്തിൽ ഹൈന്ദവ ബീജം കത്തിവയ്ക്കാൻ പെണ്ണിനെ കൊണ്ടുപോയെന്നാരോപിക്കപ്പെട്ടിരുന്ന ആ ഡ്രൈവർ വയനാട്ടിലെ യുക്തിവാദി സംഘത്തിൻ്റെ ജില്ലാസെക്രട്ടറിയായും തികഞ്ഞ സെക്യുലറായും ജീവിക്കുന്നതായാണെന്നാണ് വയനാട്ടിൽ ടൂറിനു പോയ പാറമപ്പറമ്പിലെ ആ മത സൗഹാർദ്ദ കുടിയൻസ് ടീം സാക്ഷൃപ്പെടുത്തിയത്! അല്ലാതെ അവിടെ നെർക്കോട്ടിക്ക് ജിഹാദ് നടത്തുകയായിരുന്നില്ല!

ഇന്നത്തെ പാറപ്പറമ്പ്:

ശരിയ്ക്കുമിന്ന് പാറപ്പറമ്പിൽ സംഭവിക്കുന്നതെന്തെന്നാൽ എല്ലായിടത്തുമെന്ന പോലെ ബഹുഭൂരിപക്ഷം യുവതി യുവാക്കളും രക്ഷകർത്താക്കളുടെ താല്പര്യങ്ങൾ കൂടി പരിഗണിച്ച് അവരുടെ അറിവോടും സമ്മതത്തോടും അവരവരുടെ ആചാരപ്രകാരം സ്വജാതീയ വിവാഹങ്ങൾ നടത്തുന്നു. നിരോധിക്കപ്പെട്ട സ്ത്രീധന സമ്പ്രദായവും കൊടുക്കൽ വാങ്ങലുകളും  നിയമത്തിൻ്റെ ശ്രദ്ധയിൽ പെടാത്ത വിധം സസൂക്ഷ്മമായി ആചരിക്കപ്പെടുന്നു. കുറച്ചു യുവാക്കൾ ജാതിയും മതവും ഒന്നും  നോക്കാതെ പ്രേമിച്ചും വീട്ടുകാരുടെ സമ്മതത്തോടെയും അല്ലാതെയും വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. ഇതിൽ കമ്മ്യൂണിസ്റ്റുകാരുടെ ചുവന്ന മക്കളും കോൺഗ്രസ്സുകാരുടെ ത്രിവർണ്ണ മക്കളും ബി.ജെ.പിക്കാരുടെ കാവി മക്കളും ലീഗുകാരുടെ പച്ച മക്കളും എല്ലാം ഉൾപ്പെടും. അവരിൽ ചിലർ   കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ കുട്ടിക്ക് ജാതിയുമില്ല മതവുമില്ല ഒരു കോപ്പുമില്ല എന്ന് രേഖപ്പെടുത്തുന്നു. കുറച്ച് യുക്തിവാദി യുവാക്കളാകട്ടെ ആരോരുമറിയാതെ സ്വജാതിമത വിവാഹമായാലും പരജാതിമത വിവാഹമായാലും സബ് രജിസ്ട്രാർ ഓഫീസിൽ പോയി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ച് എല്ലാ മതജീവികളെയും കൊഞ്ഞണം കുത്തി സായൂജ്യരാകുന്നു. അവരുടെ യുക്തി മക്കളെ പള്ളിക്കൂടത്തിൽ ചേർക്കാൻ ചെല്ലുമ്പോൾ ജാതി ചോദിച്ചാൽ അല്പം കൂടി കടുപ്പിച്ച് ജാതിയുമില്ല ഒരണ്ടിയുമില്ല എന്നു പറഞ്ഞ് യുക്തിവാദജിഹാദ് വിളിക്കുന്നു! ഇതൊക്കെ നാട്ടിൽ ഇന്ന് സർവ്വസാധാരണമാണ്. ആർക്കും അതൊന്നും ഒരു പ്രശ്നമേയല്ല! പിന്നെ ആർക്കാണു പ്രശ്നം? പ്രശ്നമില്ലാതെ ജീവിക്കാൻ പറ്റാത്ത  ചില പ്രശ്നക്കാർക്കു മാത്രമാണ് അണ്ടിയിലെ പ്രശ്നങ്ങളത്രയും!

പാറമപ്പറമ്പിൽ ക്രിസ്മസിന് ഹിന്ദു -മുസ്ലിം ചെറുപ്പക്കാർ ഉൾപ്പെടെ സാന്താക്ലോസുമായി വീടുകളിലെത്തുന്നു. മുസ്ലിങ്ങളുടെ പെരുന്നാളിന് ഒറട്ടിയും പോത്തിറച്ചിയും ഹിന്ദുവിൻ്റെയും ക്രിസ്ത്യാനികളുടെയും വീടുകളിൽ സ്നേഹമായെത്തുന്നു. ഓണത്തിന് ഹിന്ദുവിൻ്റ വീടുകളിൽ സദ്യയുണ്ണാൻ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമെത്തുന്നു. ഓണാഘോഷത്തിനും ഓണക്കളികൾക്കും ജാതിമതഭേദങ്ങളില്ല. ക്രിസ്ത്യൻ പള്ളിമുറ്റത്ത് ഓണാഘോഷം നടക്കുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് കുട്ടികൾക്ക് ഒരുങ്ങാൻ ക്രിസ്ത്യൻ പള്ളിവക മിനി ഓഡിറ്റോറിയം ഫ്രീയായി വിട്ടു നൽകുന്നു. നബിദിന ഘോഷയാത്ര നിഷ്കരുണം തടഞ്ഞു നിർത്തി പള്ളീലച്ഛൻ കുട്ടികൾക്ക് മിഠായി വിതരണം നടത്തുന്നു. ക്ഷേത്രോത്സവഘോഷയാത്രകൾ ചർച്ച് വഴി വന്നാൽ  തടഞ്ഞു നിർത്തി നിഷ്കരുണം അച്ഛന്മാർ നാരങ്ങാവെള്ളം നൽകുന്നു. മുസ്ലിങ്ങളുടെ പെരുന്നാളിന് അനുഭാവം പ്രകടിപ്പിച്ച് ഇറച്ചിക്കടകളുടെ മുന്നിൽ ഹിന്ദുവും ക്രിസ്ത്യാനിയും സഞ്ചിയുമായെത്തുന്നു.എല്ലാവരുടെ ആഘോഷവേളകളും എല്ലാമതത്തിൽ പെട്ടവരും ഒരുമിച്ച് കുപ്പികൾ പൊട്ടിച്ച് വിജയിപ്പിക്കുന്നു. ഉത്സവപ്പറമ്പുകളിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തോളുരുമ്മിയിരുന്ന് കപ്പലണ്ടി കൊറിച്ച് കലാപരിപാടികൾ ആസ്വദിക്കുന്നു. മുസ്ലിങ്ങളുടെ വീട്ടിൽ ഒരു മരണം നടക്കുമ്പോൾ തമ്മികളും കൊങ്ങികളും കൊങ്കികളും സംഘികളും ഒരുമിച്ച് നിന്ന് ടാർപ്പ കെട്ടുന്നു. ദു:ഖം തീർക്കാൻ ല്ല ലവൻ എത്തുമ്പോൾ എല്ലാരുമൊരേ ഗ്ലാസ്സിൽ നിന്ന് പകർന്നാടുന്നു. കമ്മിയുടെ അളിയൻ കൊങ്കിയും കൊങ്കിയുടെ അളിയൻ സംഘിയുയായി  മാറുന്ന അസുലഭ മുഹൂർത്തങ്ങൾ! ഒരറ്റത്ത് ദു:ഖം ഒരറ്റത്ത് അളിയ മഹാസമ്മേളനം! കല്യാണം വന്നാലും പാലുകാച്ചു വന്നാലും അതൊക്കെത്തന്നെ സ്ഥിതി.
അങ്ങനെയുള്ള പാറമപ്പറമ്പിൽ കുത്തിത്തിരിപ്പുകളുമായി വരുന്നവരെ ഇത്തരം അണ്ടിക്കഥകൾ കൊണ്ട് സമാധാനമായി നേരിടുവാൻ ഇനിയുമുണ്ട് നാട്ടിൽ ഭാവനാണ്ടിക്കഥക്കാർ! 

മതപണ്ഠിതന്മാരോട് :

അതുകൊണ്ട് പാറമപ്പറമ്പിലെ സ്വാമിമാരോടും ഉസ്താനുമാരോടും പള്ളീലച്ചന്മാരോടും പറയാനുള്ളത് നിങ്ങൾ ആവശ്യമില്ലാത്ത കണ്ടു പിടുത്തങ്ങളൊന്നും നടത്തരുത്. അതൊക്കെ ചരിത്ര ഗവേഷകർ നോക്കിക്കൊള്ളും. മറ്റ് കണ്ടുപിടുത്തങ്ങളൊക്കെ ശാസ്ത്രജ നാര് നടത്തിക്കോളും. നിങ്ങൾ കുറച്ചു മതപുരാണങ്ങളും സാരോപദേശകഥകളും നർമ്മോക്തികളുമൊക്കെ പ്രയോഗിച്ച് സ്വന്തം തൊഴിലിനോട് നീതി പുലർത്തി ഉദരപൂരണവും നടത്തിക്കൊൾക. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുകളുണ്ടാക്കരുത്.

അഡീഷണൽ ഫിറ്റിംഗ്-ഡിഫിയും ഡിംബ്ലി ക്കുറ്റിയും:

പണ്ട് തട്ടാംവിളയിൽ ഏതോ ഡി.വൈ.എഫ്.ഐ പരിപാടിത്ത് കാശ് പിരിക്കാൻ പോകുമ്പോൾ ഒരിടവഴിയിൽ വച്ച് രണ്ടുപേരെ തടഞ്ഞു നിർത്തി പിരിവു വാങ്ങുകയായിരുന്നു. അപ്പോൾ അതുവഴി കാലൻ കുടയുമായി നടന്നുവന്ന ബീഡിത്തൊഴിലാളി അറുപത് കഴിഞ്ഞ സരസനായ ദാമുവണ്ണൻ്റെ മാർഗ്ഗം തടസ്സപ്പെട്ടു. ഗൗരവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മുന്നിൽ കാലൻ കുട കുത്തി നിർത്തി ദാ മുവണ്ണൻ പ്രസ്താവിച്ചു; ഡിഫിയായാലും ഡിംബ്ലി കുറ്റിയായാലും നമുക്കിതിലേവഴിനടക്കണംന്ന്! അതുപോലെ കുടയും കുത്തി നിനിന്ന് കുത്തിത്തിരിപ്പൻ കഥാകാരന് പറയാനുള്ളത് മതമായാലും മംബ്ലി ക്കുറ്റിയായാലും പാർട്ടിയായാലും പംബ്ലി ക്കുറ്റിയായാലും മനുഷ്യർക്ക് ഇവിടെ ജനാധിപത്യാവകാശങ്ങൾ എല്ലാം ആസ്വദിച്ച് സമാധാനമായി ജീവിക്കണം.

പറങ്കിമാവുകൾ പോയി പാറമപ്പറമ്പ് റബ്ബർ പറമ്പാകുന്നു:

അതെന്തായാലും മുമ്പ് പറഞ്ഞതുപോലെ സഭക്കാർ പറങ്കിമാവും മറ്റ്  ധാന്യങ്ങളുമൊക്കെ വെട്ടിത്തെളിച്ച് പിൽക്കാലത്ത് റബ്ബർ വച്ചു. അങ്ങനെ എവിടെ നിന്നോ വന്ന മഠക്കാർ മാത്രം റബ്ബർ വിറ്റ് പണക്കാരാകേണ്ടെന്ന്  പാറമപ്പറമ്പ് നിവാസികളും തീരുമാനിച്ചു. അവരും പറങ്കിമാവും മറ്റ് ഭക്ഷ്യധാന്യങ്ങളുമൊക്കെ വെട്ടിക്കളഞ്ഞ് റബ്ബർ തോട്ടങ്ങളുണ്ടാക്കി. പറിങ്ങണ്ടി പറക്കിൻ്റെ സ്ഥാനത്ത് റബ്ബറണ്ടി പറക്ക് വന്നു. ഇങ്ങനെ പോയാൽ ഇക്കഥ നിർത്താനും പിടിക്കാനുമൊന്നും പറ്റുമെന്ന് തോന്നുന്നില്ല. ഈ പിരാന്തൻ കഥയുടെ  ഒടുക്കത്തുടർച്ചയെങ്ങനെയെന്നുവച്ചാൽ ഇപ്പോൾ പാറമപ്പറമ്പ് പരിസരത്ത് രണ്ടു മൂന്ന് അണ്ടിയാപ്പീകളൊക്കെ ഉണ്ടെങ്കിലും ഇന്നാട്ടിൽ ഇപ്പോൾ ആർക്കും അണ്ടികളില്ല. അണ്ടികളില്ലാത്തതിനെ ചൊല്ലി മൂന്ന് മത വിഭാഗങ്ങൾക്കിടയിലും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പാറമപ്പറമ്പിൽ  ആർക്കും അണ്ടികളില്ലാത്ത സ്ഥിതിയ്ക്കും ആയതു കൊണ്ട് ഇവിടെ ആർക്കും ദുഃഖമില്ലാത്ത സ്ഥിതിക്കും ഇനി ഈ അണ്ടിക്കഥയുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലല്ലോ! കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച്
അല്പസ്വല്പം കുശുമ്പും കുന്നായ്മകളുമായിട്ട് ഇണങ്ങിയും പിണങ്ങിയും വല്ലതുമൊക്കെ കാച്ചിയനത്തിക്കുടിച്ചും പരസ്പരം കൊടുത്തും വാങ്ങിയുംയും സന്തോഷങ്ങളിൽ ഒത്തുകൂടി അർമാദിച്ചും ആപത്തുകളിൽ എല്ലാം മറന്ന് ഓടിയെത്തിയും പാറമപ്പറമപ്പറമ്പുകാർ ജീവിക്കുകയാണ്. മതമേതായാലും മനുഷ്യൻ നന്നാവാതിരുന്നാൽ മതി എന്നു ചിന്തിച്ച് അവർക്കു മേൽ കനൽകോരിയിടാൻ വരുന്നവർ ആരായാലും കടക്ക് പുറത്ത്!

ശുഭാണ്ടി!

തുടർ പ്രവർത്തനങ്ങൾ:

1.ഈ കഥയിലെ കഥാപാത്രങ്ങൾക്ക് പേരിടാൻ കഥാകാരന് അണ്ടിക്കുറപ്പില്ലാതെ പോയത് എന്തുകൊണ്ടായിരിക്കും എന്നതിനെക്കുറിച്ച് അണ്ടിക്കശേഖരിച്ച് അതുകൊണ്ട് ചെറിയൊരു കുറിപ്പെഴുതുക.

2. ഈ കഥയ്ക്ക് ഏതെങ്കിലും സമകാലിക സംഭവങ്ങളുമായി ബന്ധമുണ്ടെന്നോ ഇല്ലെന്നോ പറയാനുള്ള അണ്ടിക്കുറപ്പ് നിങ്ങൾക്കുണ്ടെങ്കിലും മിണ്ടാതിരിക്കുന്നതാണ് നല്ലത്.

3. അണ്ടി ജിഹാദ് എന്ന പേര് ഈ കഥയ്ക്ക് എത്ര മാത്രം ഉചിതമാണെന്ന്, അല്ലെങ്കിൽ അല്ലെന്ന് അണ്ടിക്കുറപ്പോടെ എഴുതുക.

4. കഥയിലെ ഏതെല്ലാം വരികൾ ഒഴിവാക്കിയാൽ ഈ കഥയ്ക്ക് അണ്ടി ജിഹാദ് എന്ന പേര് മാറ്റിപ്പിടിക്കാനാകും?

5. ഈ കഥയിലെ അശ്ശീല പദങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ഒഴിവാക്കി ജിഹാദ് വിളിച്ച് കഥാകാരനെ സംസ്കാര ചിത്തനാക്കുക.

6. ഈ കഥയിലെ ഹിന്ദു -മുസ്ലിം ജന്മിമാർ തമ്മിലുള്ള അന്തർധാരകളിൽ അന്തർലീനമായിരുന്ന നിഗൂഢതകളെ കണ്ടെത്താൻ പറപ്പറമ്പിലേക്ക് ഒരു ചരിത്ര പഠനയാത്ര നടത്തി കിട്ടുന്ന വിവരങ്ങൾ  യൂട്യൂബ് ചാനൽ തുടങ്ങി പുറത്തുവിടുക.

7. അന്തവും കുന്തവുമില്ലാത്ത ഈ കഥ പെട്ടെന്ന് നിർത്തിപ്പോകാൻ കഥാകാരൻ കണ്ടെത്തിയ കുതന്ത്രം എന്ത്?

8. മഠത്തിലെ ഒളിച്ചോടിയ പരിചാരകയും ഡ്രൈവറും എവിടെയുണ്ടെന്ന് വർഷങ്ങളോളം ആരും അറിയാതെ പോയത് എന്തുകൊണ്ട്?

9. ഗൂഗിളിൽ തിരഞ്ഞ് വ്യത്യസ്തങ്ങളായ അണ്ടികളുടെ മാങ്ങയോടുകൂടിയുള്ള ചിത്രങ്ങൾ ശേഖരിക്കുക.
10. ഈ കഥയിലെ സദുദ്ദേശ സന്ദേശങ്ങളെ തമസ്കരിച്ച് നിർദ്ദോഷമായ ആക്ഷേപ-ഹാസ്യവിമർശനങ്ങളെ മാത്രം കുത്തിപ്പൊക്കി കുത്തിത്തിത്തിരിപ്പുമായി വരുന്ന കുത്തിക്കഴപ്പുകാർക്കെതിരെ സമാധാനപരമായി സെമിനാറുകളും വെബിനാറുകളും സംഘടിപ്പിക്കുക.
11. ഈ കഥയിലെ അശ്ലീലച്ചുവയുള്ള വാക്കുകളും വാചകങ്ങളും ദ്വയാർത്ഥപ്രയോഗങ്ങളും അടർത്തിയെടുത്ത് വികസിപ്പിച്ച് ഒരു അശ്ലീല പുസ്തകം തയ്യാറാക്കി ഒറ്റയ്ക്കിരുന്ന് വായിക്കുക.

12. ഈ കഥ ആദ്യന്തം മസ്സിലുപിടിച്ചിരുന്ന് വായിച്ച് അവൻ്റെയൊരു തൊലിഞ്ഞ അണ്ടിക്കഥ എന്ന് മനസ്സിൽ വിചാരിച്ചവർക്ക് രോഗാവസ്ഥ സ്വയം മനസ്സിലാക്കി ഊളമ്പാറ നിന്ന് റഫറൻസ് വാങ്ങിയോ അല്ലാതെയോ വല്ലവത്തിക്കാനിലോ അഫ്ഗാനിസ്ഥാനിലോ നേപ്പാളിലോ ഇസ്രായേലിലോ എത് ഉഗാണ്ടിയിലോ പോയി ചികിത്സയും മനോസുഖവും തേടാവുന്നതാണ്.
13. ഈ കഥയിലെ കുറ്റങ്ങളും കുറവുകളും കണ്ടു പിടിച്ച് പരിസര പുസ്തകത്തിൽ എഴുതുക.
14. ഈ കഥ വായിച്ച് ആയുസ്സിൻ്റെ അല്പസമയങ്ങൾ വൃഥാവിലാക്കിയതിൽ കുന്തിച്ചിരുന്ന് കുണ്ഠിതപ്പെടുക!
15. കൂടുതൽ തുടർ പ്രർത്തനങ്ങൾ സ്വയം കണ്ടെത്തി ചെയ്യുക.

ഒന്നൂടെ ശുഭാണ്ടി!

Thursday, September 2, 2021

കാലാന്തര കൗതുകങ്ങൾ

കലാന്തര കൗതുകങ്ങൾ

വർഷങ്ങളൊന്നും ഓർമ്മകളില്ല. പത്താം ക്ലാസ്സിൽ തോറ്റു പഠിക്കുന്ന വസന്തകാലം. നാട്ടിൽ എന്നെക്കാൾ രണ്ടു മൂന്ന് വയസ്സ് മൂപ്പുള്ള ഒരു സുഹൃത്തുണ്ട്. പേര് വല്ല അലവിക്കുഞ്ഞെന്നോ മറ്റോ ഇരിക്കട്ടെ. പ്രാരാബ്ധങ്ങളില്ലാത്ത വീട്ടിലെയാണ്. സുമുഖനാണ്. നാട്ടിൽ  എൻ്റെ സമപ്രായത്തിലുള്ള ഒരു പെൺകുട്ടിയുണ്ട്. തീരെ സൗന്ദര്യമില്ല. ഒരു എല്ലും കോലും. പാവപ്പെട്ട വീട്ടിലെയാണ്. വേണ്ടത്ര പോഷകാഹാരങ്ങൾ അവിടെ ലഭിക്കില്ലല്ലോ. ആരും പ്രേമിക്കാനിഷ്ടപ്പെടാത്ത ഒരു നിർഭാഗ്യക്കുട്ടി.ഓ! പേര്; വല്ല ഹലീമത്ത് ബീവീന്നോ  കിലീമത്ത് ബീവീന്നോ മറ്റോ ഇരിക്കട്ടെ. ഇതിലെ ഒന്നാം കക്ഷി മേപ്പടി അലവി കുഞ്ഞിന് എന്നും എന്നോട് പരാതി. ഹലീമത്ത് ബീവി  എന്നും അവനെ അർത്ഥം വച്ച് ചരിഞ്ഞു നോക്കുന്നു. ചിരിക്കുന്നു. അവളുടെ നോട്ടത്തിൽ  പ്രേമാർത്ഥം അലവിക്കുഞ്ഞ് ആരോപിക്കുന്നു. അവളോടുള്ള വെറുപ്പ് അവൻ്റെ കേട്ടാലറയ്ക്കുന്ന വാക്കുകളിലൂടെ മലിനജലം പോലെ അനർഗ്ഗനിർഗ്ഗളം  ഒഴുകുന്നു. വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിച്ച് അവളുടെ കാതു പൊട്ടിക്കുമെന്ന് ഉഗ്രഭീഷണി മുഴക്കി  പൊട്ടിക്കാൻ ശ്രമിച്ചത് എൻ്റെ കാതുകളെ! തേങ്ങ വെട്ടാനും തടി വെട്ടൊനുമൊക്കെ പോകുന്ന അവളുടെ ചട്ടമ്പിയായ ഒരു ബന്ധുവിൻ്റെ അരയിൽ സദാ തൂങ്ങിക്കിടക്കുന്ന ഉമ്മിണി വലിയ കൊടുവാൾ ഇടപെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന എൻ്റെ താക്കീതിൽ അവളെ വിളിക്കേണ്ട ചീത്തയെല്ലാം എന്നെ വിളിച്ചോളാമെന്ന് ധാരണയായി. പാവപ്പെട്ട കുടുംബത്തിലെ യെന്നത് സഹിക്കാം. സൗന്ദര്യത്തിൻ്റെ തരിമ്പു പോലുമില്ലാഞ്ഞ ഒരുത്തി സുമുഖനും തറവാടിയുമായ ഒരുത്തനെ പ്രേമിച്ചു വശപ്പെടുത്താൻ നടക്കുകയോ? ഭേഷായി! 

വർഷങ്ങൾ പതിറ്റാണ്ടുളിലേക്ക് പ്രമോഷൻ കിട്ടി പോയി. ഇതിനിടയിൽ ഒരു പാട് വെയിലും ഇടിയും മിന്നലും മഴയും കാറ്റും ചൂടും കുളിരുമെല്ലാം അവരരുടെ സാന്നിദ്ധ്യം ശക്തമായും അശക്തമായുമൊക്കെ  അറിയിച്ച് കടന്നു പോയി. അലവിക്കുട്ടി തൻ്റെ വഴിക്കും ഹലീമത്തുബീവി  അവളുടെ വഴിയും ഞാൻ തോന്നിയ വഴിക്കും പോയി!

അലവിക്കുട്ടി ഏതോ വലിയ തറവാട്ടരുമയെ കെട്ടി. സ്വദേശത്തും പരദേശത്തും പല പല  തൊഴിലുകളിലും -വ്യാപാരങ്ങളിലും വ്യാപൃതനായി ജീവിതം കൂടുതൽ അഭിവൃദ്ധിപ്പെടുത്തി മുന്നേറി കുടുംബം വാണരുളി വന്നു. ഹലീമത്ത് ബീവിയെ  നാട്ടിൽ തട്ടുമുട്ട് പണികൾ ചെയ്ത് ജീവിക്കുന്ന ഒരു കൊടിയ  ദരിദ്ര വീട്ടിലെ ചെറുക്കൻ ആർക്കാനും വേണ്ടി ഓർക്കാനിക്കും പോലെ ആരുടെയോ നിർബന്ധത്തിൽ കെട്ടിയെടുത്ത് തലയിൽ വച്ച് ഇണയാക്കി തുണയാക്കി. ങാ, അവനും ഒരു പേരിടട്ട്. ഹംസക്കുട്ടി! 

ഹലീമത്ത് ബീവിയെ  കല്യാണിച്ച് അധികനാൾ കഴിയും മുമ്പ് ഹംസക്കുട്ടി പേർഷ്യേല് പോയി. ഭാഗ്യവശാൽ നല്ല ജോലി കിട്ടി, നല്ല വരൂമാനമായി പിന്നെ പല പല ബിസിനസുകളുമായി വച്ചടി കയറി സമ്പന്നനായി; സമ്പന്നനെന്നു പറഞ്ഞാൽ ഒന്നൊന്നര സമ്പന്നൻ! ഹംസക്കുട്ടിയും ഹലീമത്ത് ബീവിയും  ഒരാണും രണ്ട് പെണ്ണുമായ മക്കളുമായി ഏറെക്കാലം അങ്ങ് പേർഷ്യയിലും  താമസിച്ചു. ഹലീമത്ത് ബീവി അവിടെ നല്ല പോഷകാഹാരങ്ങൾ കഴിച്ചും എ.സി മുറിയിൽ ഇരുന്നും കിടന്നും നടന്നും വെളുത്തു തുടുത്തു സുന്ദരിയുമായി!  നാട്ടിൽ അവർക്ക് പലയിടത്തും പാടവും പറമ്പുമൊക്കെ സ്വന്തമായി. നാട്ടിൽ ഒരു വലിയ വീടും കവലയിൽ സ്വന്തം കടമുറികളും ഒക്കെ ഉണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും ഓരോ ഫ്ലാറ്റുകളായി. തിരുവനന്തപുരത്ത് മൂന്നു മക്കൾക്കും വീട് വയ്ക്കാൻ വെവ്വേറെ സ്ഥലം വാങ്ങിയിട്ടിരിക്കുന്നു. മക്കൾ മൂത്തവൻ  ഇഞ്ചിനീയറിംഗ് കഴിഞ്ഞ്  അടിച്ചുപൊളിച്ചു നടക്കുന്നു. ഇളയ പെൺമക്കൾ നാട്ടിലെ ഏതോ കോളേജുകളിൽ  പഠിച്ചും ആരെയൊക്കെയോ പ്രേമിച്ചും ഉല്ലസിക്കുന്നതായി വാർത്താ ഏജൻസികൾ  റിപ്പോർട്ട് ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്!

വീണ്ടും തറവാടിസുമുഖൻ അലവിക്കുട്ടിയിലേക്ക്; അയാൾ നാട്ടിലുമുണ്ട് വിദേശത്തമുണ്ട്. മക്കൾ രണ്ടിൽ മൂത്തതൊന്നാണും ഇളേത് പെണ്ണും. പഠിപ്പൊക്കെ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പഴയ തറവാട്ടു മഹിമയും പാരമ്പര്യ സ്വത്തും പുത്തൻ പണവും ഒക്കെ ഉണ്ടെങ്കിലും ഹംസക്കുട്ടിയുമായി എങ്ങനെ താരതമ്യപ്പെടുത്തി സമീകരിച്ചെടുത്താലും ഹംസക്കുട്ടിയുടെ അത്രയുമെത്തില്ല, അടുത്തുമെത്തില്ല!

ഒരു കഥ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലല്ലോ! എഴുതി മടുക്കുമ്പോഴെങ്കിലും  കഥയൊന്നവസാനിപ്പിക്കണമല്ലോ. അതു കൊണ്ട് കഥയിങ്ങനെ നിർത്താം; നാളെ ഹംസക്കുട്ടിയുടെയും ഹലീമത്ത് ബീവിയുടെയും  മകൻ സുൽഫിയാനും അലവിക്കുട്ടിയുടെയും ഭാര്യ ആഷിയയുടെയും മകൾ അലാഷയുടെയും വിവാഹമാണ്. കോവിഡ് പ്രോട്ടോകോൾ നിലവിലിരിക്കുന്നതിനാൽ ആരും ചെല്ലേണ്ടന്നു പറയാൻ പറഞ്ഞു. നവദമ്പതികളാകുന്ന  രണ്ട് പേർക്കും നല്ല ജീവിതകഥകൾ ആശംസിക്കുന്നു!

അല്പം മുൻകാല പ്രാബല്യത്തോടെ കഥ നടപ്പിലാക്കിയിരിക്കുന്നു!

തുടർപ്രവർത്തനം: 

1. കഥയിൽ രണ്ടുമൂന്നു പേർക്ക്‌ പേരിട്ടിട്ടില്ല. അവർ ആരെന്നു കണ്ട് പിടിച്ച് ഇഷ്ടമായ പേരുകൾ നൽകുക! 

2. പണ്ട് സൗന്ദര്യമില്ലാതിരുന്ന ഹലീമത്ത് ബീവിയെ വെറുപ്പോടെ കണ്ട അലവിക്കുട്ടിയിൽ കാലം വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമായിരിക്കാമെന്ന് സ്വന്തം ഭാവനയുടെ ചിറക്  വിരിയിച്ച് കുറിപ്പെഴുതി പറന്നു പോകുക! 

3. ഈ കഥയിൽ നിന്നും കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം നിർമ്മിച്ച് സായൂജ്യമടയുക.

4. ഈ കഥയ്ക്ക് സ്വന്തം നിലയിൽ പേരു നൽകുക.

5. ഈ കഥയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ ഇനിയും ജനിക്കാതെ പോയ വരുമായോ എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ പുറത്തു പറയാതിരിക്കുക!

6. ഈ കഥ വായിച്ച് സമയം കളഞ്ഞതിൽ കുണ്ഠിതമുണ്ടെങ്കിൽ വായന പിൻവലിക്കുക!

Monday, May 10, 2021

ആതിരൻ

ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.


ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് കുട്ടികളുമുണ്ട്. . രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ നല്ലൊരു മദ്യപനുമാണ്.  ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും എല്ലാവരും അറിഞ്ഞു വരികയായിരുന്നു.  പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. കിണറ്റിലിറങ്ങുന്നതിൽ ആതിരൻ അഗ്രഗണ്യൻ തന്നെയായിരുന്നു.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ.

 

കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. തൊടിയില്ലാത്ത കിണറാണെങ്കിൽ വെള്ളം നിറഞ്ഞു കിടപ്പുണ്ടെങ്കിൽ  കിണറ്റിലേയ്ക്ക്  കിണറ്റിലേയ്ക്ക് അതി സാഹസികമായി  ഒരു ചാട്ടമാണ്. .


ഒരുപാട് ജോലികൾ ചെയ്യുമെങ്കിലും തട്ടത്തുമലക്കാർക്ക് അത്ര അറിയാത്ത ചില മേഖലകളിൽ ആതിരൻ പ്രശസ്തനായിരുന്നു. പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല വിലയും നിലയുമാണ്.  വല്ല കുളത്തിലോ പുഴയിലോ മറ്റോ നിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്.


അങ്ങനെയിരിക്കെ നാട്ടിൽ ഒരു സംഭവമുണ്ടായി. തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. അങ്ങനെ പായൽച്ചിറയെന്ന് വിളിക്കപ്പെടുന്ന   കാടും പടലും പായലും പിടിച്ചു കിടക്കുന്ന ഈ പായൽ ചിറയിൽ  ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.
ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. അവർ കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്.. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു.

ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല. കുറച്ചു നേരം വെള്ളത്തിൽ കിടന്നിട്ടും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടതിൽ എല്ലാവരും ആശ്വസിച്ചു.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. ആതിരൻ ഇവിടെ വന്നിട്ട് കുറച്ചു നാളായെങ്കിലും ആതിരന്റെ ബയോഡേറ്റയൊന്നും ഇന്നാട്ടുകാർക്ക് അത്രമേൽ അറിയുമായിരുന്നില്ല.

 

കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടി അപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു.
ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം പോലീസുകാർ പോയി. പോകുമ്പോൾ  എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത പിന്നെ ഒരാൾകൂട്ടമായിരുന്നു തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ  പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു.


ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി.


ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത് വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!

 

Tuesday, June 11, 2013

ഞാൻ അവനു കീഴടങ്ങി

ഞാൻ അവനു കീഴടങ്ങി

രണ്ട് ദിവസം മുമ്പാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആ‍ാദ്യമാദ്യം അവന്റെ വെല്ലുവിളികളെ ഞാൻ വളരെ ലാഘവത്തോടെ നേരിട്ടു. കാരണം അവൻ ചില മുരളലുകളിലും ചീറ്റലുകളിലും അവന്റെ വെല്ലുവിളികൾ ഒതുക്കി. അവൻ ഇടയ്ക്കിടെ തന്ത്രപരമയി തണുക്കുകയും പിന്നെ ചൂടാവുകയും ക്രമാനുഗതമായി ഉറഞ്ഞുതുള്ളുകയുമായി. എന്നിട്ടും ഞാൻ വഴങ്ങാതിരുന്നപ്പോൾ അവൻ അവന്റെ തനിസ്വരൂപം പുറത്തെടുത്തു. . അവൻ അവന്റെ അരയിൽ നിന്നും കത്തി വലിച്ചൂരി മാറാപ്പ് ഉയർത്തിക്കെട്ടി തനി ഊച്ചാളിയായി. അവൻ കത്തി വിവർത്തി എനിക്കുനേരേ നീട്ടി ഗർജ്ജിച്ചു; “കിടക്കെടാ അവിടെ!“നിരായുധനും നിർമ്മലനും നിർദ്ദോഷനും നാവിന്റെ ബലത്തിൽ മാത്രം ജീവിക്കുന്ന വെറും ദുർബലനുമായ ഞാനെവിടെ? നിരവധി ആയോധനകലകളിൽ പ്രാവീണ്യം നേടിയ വീരശൂരപ്രാക്രമിയായ അവനെവിടെ? ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ഞാൻ അവന് കീഴടങ്ങി. അതെ, ഞാനിപ്പോൾ പനിക്കിടക്കയിലാണ്! 


(ഒരു ന്യൂ ജനറേഷൻ ചെറുകഥ)

Friday, December 16, 2011

ആതിരൻ

ഈ കഥ കഥയായി തോന്നിയെങ്കിൽ കഥാകാരൻ പരാജയപ്പെട്ടു. കാര്യമായി തോന്നിയെങ്കിൽ കഥാകാരൻ വിജയിച്ചു.

ആതിരൻ

ആതിരനെപ്പറ്റി തട്ടത്തുമലക്കാർക്ക് ആകെയുള്ളവിവരം ആനിയുടെ സഹോദരൻ എന്നത് മാത്രമാണ്. ആനി തട്ടത്തുമലയിലെ മറവക്കുഴി കോളനിയിൽ വീട്ടുനമ്പർ പതിനഞ്ചിൽ മുടിയൻ രവീന്ദ്രൻ കെട്ടിക്കൊണ്ടുവന്ന പെണ്ണാണ്. അവർക്ക് രണ്ട് സ്കൂൾത്തരം കുട്ടികളുമുണ്ട്. മൂത്തത് പെൺകുട്ടി എട്ടാംതരം സിമിയും ഇളയത് ആൺകുട്ടി ആറാംതരം ശ്യാമും. രവീന്ദ്രൻ നല്ലൊരു കൂലിവേലക്കാരനും എന്നാൽ നാട്ടിലെ മദ്യപ അസോസിയേഷനിൽ സജീവ അംഗത്വം ഉള്ള ആളുമാണ്. ആനിയുംകൂടി വല്ല പണിക്കും പോകുന്നതുകൊണ്ട് കുടുംബം ഭദ്രമായി പോകുന്നുവെന്ന് പറയുമ്പോൾ രവീന്ദ്രനെക്കുറിച്ചുള്ള ഒരു ചെറുവിവരണം അതിൽ ഉൾച്ചേർന്നിരിക്കുന്നു. മുടി നീട്ടി വളർത്തുന്ന സ്വഭാവം കൊണ്ടുമാത്രമല്ല, ജീവിത ശൈലികൊണ്ടുകൂടി അർത്ഥഗർഭമായ പേരാണ് മുടിയൻ രവീന്ദ്രൻ എന്നത്.

ആതിരനെക്കുറിച്ച് പറയുമ്പോൾ മുടിയൻ-ആനി കുടുംബത്തെ ഇക്കഥയിൽ കൊണ്ടുവരാതിരിക്കാനാകില്ല. കാരണം രവീന്ദ്രൻ ആനിയെ കെട്ടിക്കൊണ്ടുവന്നതുകൊണ്ടാണ് ആനിയുടെ ആങ്ങള ആതിരൻ തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്ന് താമസിക്കുവാൻ ഇടയായത്. ആതിരൻ മുടിയൻ-ആനി കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയിട്ട് ഏതാനും നാളുകളേ ആവുകയുള്ളൂ. അതിനു മുമ്പും അയാൾ വല്ലപ്പോഴും വന്നുപോയിരുന്നു. അളിയൻ മുടിയന്റെ കുടിയും ഉപദ്രവങ്ങളും സഹോദരീ പുത്രരോട് ആതിരനുള്ള വലിയ വാത്സല്യവും കൊണ്ടാണത്രേ ആതിരൻ അവരോടൊപ്പം സ്ഥിരതാമസമാക്കിയത്. എന്തുപണിയും ചെയ്ത് ജീവിക്കാൻ കഴിവും സന്നദ്ധതയുമുള്ളവന് എവിടെയും സ്ഥിരതാമസമാക്കാമല്ലോ. സഹോദരൻ ആതിരൻ കൂടെ തങ്ങളുടെ കൂടിയതിനുശേഷം ആനിയ്ക്ക് പ്രത്യേകിച്ച് പണിയ്ക്കൊന്നും പോയില്ലെങ്കിലും കുടുംബം ഒരുവിധം നന്നായി നടന്നു പോകും എന്ന നിലയിലായി. മക്കളുടേ പഠനം, വസ്ത്രം ഒക്കെ ആ‍തിരന്റെ ചെലവിലായി.

വേറെയൊരു ഗുണമുണ്ടായത് മദ്യപിച്ച് വീട്ടിലെത്തിയാൽ സ്ഥിരമായി ആനിയ്ക്ക് ഭർത്താവ് മുടിയൻജിയിൽ നിന്ന് ലഭിക്കുന്ന കുറെ അടിയിടികളും തൊഴികളും കുറഞ്ഞുകിട്ടി. സഹോദരന്റെ മുമ്പിലിട്ട് ഭാര്യയെ അടിക്കാൻ മുടിയന്റെ കൈ അത്രയെളുപ്പം പൊങ്ങുമായിരുന്നില്ല. ആതിരൻ തങ്ങളോടൊപ്പം വന്നുകൂടിയത് സ്വന്തം പെങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടിയാണോ എന്നൊരു സംശയം മുടിയനുണ്ടായിരുന്നെങ്കിലും അയാൾക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിന്റെയൊരു ദോഷഫലം എന്തായിരുന്നുവെന്നു ചോദിച്ചാൽ ആതിരന്റെ സഹായം കൂടി ഉള്ളതുകൊണ്ട് മുടിയന് വീട്ടുചെലവു ചെയ്യുന്നതിൽ നല്ല ഇളവ് ലഭിക്കുകയും, അയാൾ മദ്യപശ്രീപട്ടത്തിനും മദ്യപാനി അസോസിയേഷന്റെ പോളിറ്റ് ബ്യൂറോ അംഗത്വത്തിനും വേണ്ടി വന്നാൽ അഖിലേന്ത്യാ സെക്രട്ടറിവരെ ആകാൻ വരെ യോഗ്യനായി എന്നത് മാത്രമാണ്.

തട്ടത്തുമല മറവക്കുഴിക്കോളനിയിൽ വന്നുകൂടിയ ആളാണെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആതിരൻ തട്ടത്തുമലയിലും പരിസരപ്രദേശങ്ങളിലും ഏറെക്കുറെ പ്രശസ്തനായി. എന്തുപണിയും ചെയ്യാനുള്ള സന്നദ്ധതമാത്രമല്ല, ചില പണികളിൽ ആതിരനെ വെല്ലാൻ അധികമാരും ഈ പ്രദേശത്ത് ഇല്ലാത്തതു കൂടിയാണ് ആതിരനെ സ്ഥലത്തെ പ്രധാനിയും പ്രശസ്തനുമാക്കിയത്. പാടവും പറമ്പും കിളച്ചുമറിച്ച് കൃഷിചെയ്യാനാണെങ്കിലും, തെങ്ങിൽ കയറാനാണെങ്കിലും, കിണറുകൾ ഇറയ്ക്കാനാണെങ്കിലും മരംകയറാനും മരം മുറിയ്ക്കാനുമാണെങ്കിലും ആതിരൻ പരിചയസമ്പന്നനാണ്. എന്നാൽ എല്ലാവരും ഇത്തരത്തിൽ ഏതെങ്കിലുമൊരു ജോലിയിൽ പ്രത്യേക വൈദഗ്ദ്ധ്യവും താല്പര്യവും കാണിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ആതിരൻ ജലസംബന്ധമായ ജോലികളിലായിരുന്നു എക്സ്പെർട്ട്. പ്രത്യേകിച്ചും കിണറുകൾ ഇറയ്ക്കുന്നകാര്യത്തിൽ.

ഇനി എത്ര ആഴമുള്ള കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. ഇറങ്ങാൻ ഒരു തൊടിപോലും ഇല്ലാത്ത കിണറാണെങ്കിലും ആതിരൻജി ഇറങ്ങും. എത്രവെള്ളം നിറഞ്ഞു കിടന്നാലും അയാൾക്കതൊരു പ്രശ്നമേ അല്ല. കാരണം നന്നായി നീന്തലറിയാം. നിലവെള്ളം ചവിട്ടാനറിയാം. തട്ടത്തുമലയെപോലെ പുഴയൊന്നുമില്ലാത്ത സ്ഥലത്തല്ല അയാൾ ജനിച്ചു വളർന്നത്. ഒരു പുഴയുടെ തീരംപറ്റി കുടിപാർത്തിരുന്നതാണ്. ഇപ്പോഴും അയാളുടെ അച്ഛനമ്മമാർ അവിടെ പുഴയോരത്തുതന്നെയാണ്. അതുകൊണ്ടുതന്നെ നീന്തലിൽ അഗ്രഗണ്യനാണ്. തട്ടത്തുമലയിൽ നീന്താനറിയാവുന്നവർ വളരെക്കുറവാണ്. കിണറ്റിൽ എലി, പാമ്പ്, പട്ടി, പൂച്ച ഇത്യാദികളൊക്കെ വീഴുന്ന ദൊർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി വെള്ളംകുടി മുട്ടുന്നവർ ഉടനെ ചെന്ന് ആതിരന്റെ വാതിലിൽ മുട്ടുകയായി! കിണറ്റിലിറങ്ങി അവയെ എടുത്തുകളഞ്ഞ് കിണർ വെള്ളം വറ്റിച്ച് വൃത്തിയാക്കുവാൻ ആതിരനെ പോക്കിയിട്ടേ മറ്റാരുമുള്ളൂ. കൂടെ ഒരു കയ്യാളുംകൂടി ഉണ്ടായാൽ പണി എളുപ്പം.

ഉണക്കു സീസണാകുമ്പോൾ എല്ലാവരും സാധാരണ കിണറുകൾ ഇറയ്ക്കാറുണ്ട്. ആ സീസണിൽപിന്നെ ആതിരന് കിണർ ഇറപ്പല്ലാതെ മറ്റ് പണികൾ ഒന്നുമില്ല. നല്ല കാശും കിട്ടും. ആതിരൻ ഉള്ളതുകൊണ്ടു മാത്രം ഇടയ്ക്കിടെ കിണർ ഒന്ന് വൃത്തിയാക്കിക്കളയാം എന്നു വിചാരിക്കുന്നവർകൂടി നട്ടിൽ ഉണ്ടായി. കിണറിന്റെ തൊടികളിലൂടെ കോവണിപ്പടികൾ ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ ആതിരൻ ഇറങ്ങിപോകുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ഇവിടത്തെ മറ്റ് കിണറിറപ്പുകാർക്ക് നീന്തൽ അത്ര വശമില്ലാത്തതുകൊണ്ട് വളരെ സൂക്ഷിച്ചേ കിണറ്റിലിറങ്ങാൻ സാധിക്കുകയുള്ളൂ. ആതിരന് വെള്ളത്തിൽ മുങ്ങി ചത്തുപോകുമെന്ന് ഭയപ്പെടേണ്ടതില്ല.കാരണം നീന്താനറിയാമല്ലോ!

ഇതിലൊക്കെ വച്ച് വലിയൊരദ്ഭുതം ഉള്ളത് എന്താണെന്നു വച്ചാൽ അല്പം വിസ്താരമുള്ളതും വെള്ളം നിറഞ്ഞു കിടക്കുന്നതുമായ കിണറാണെങ്കിൽ ഒന്നോ രണ്ടോ തൊടിയിറങ്ങിയിട്ട് ആതിരൻ വെള്ളത്തിലേയ്ക്ക് എടുത്തൊരു ചാട്ടമാണ്! നീന്തലും നിലവെള്ളം ചവിട്ടുമൊക്കെ വശമുള്ള ആതിരന് അതൊക്കെ ഒരു തമാശപോലെയാണ്. ആതിരൻ കിണറ്റിൽ ചെന്നു വീഴുന്നതും താഴ്ന്നു പോയിട്ട് പൊങ്ങിവന്ന് നിലവെള്ളം ചവിട്ടി നിൽക്കുന്നതും കിണറ്റിൽ ഇറങ്ങിയ ലക്ഷ്യം പൂർത്തീകരിച്ച് അനായാസേന കയറി വരുന്നതുമൊക്കെ ശ്വസമടക്കിപ്പിടിച്ചാണ് കരയിൽ നിന്ന് എത്തി നോക്കുന്നവർ കണ്ടുനിൽക്കാറുള്ളത്. പ്ലംബിങ്ങു പണിക്കാരും പലപ്പോഴും ആതിരന്റെ ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.

ആതിരൻ കിണർ ഇറയ്ക്കാൻ പോകുന്നിടത്തൊക്കെ കരയ്ക്കു നിന്നുള്ള ജോലികൾ ചെയ്യാൻ ഒരാളെകൂടി കൂട്ടിനു കൂട്ടാറുണ്ട്. ചിലപ്പോൾ അത് അളിയൻ മുടിയൻകുടിയനുമാകാം. വെള്ളവും അഴുക്കുമൊക്കെ വലിച്ചു കയറ്റുന്നത് സഹായിയുടെ ചുമതലയാണ്. വല്ല പാമ്പ് വർഗമോ വെള്ളത്തിൽ വീണതെടുക്കാനാണെങ്കിൽ, അവ ചത്തിട്ടില്ലെങ്കിൽ പോലും അവയെ കയ്യിലെടുത്ത് ഒന്നു ദേഹ പരിശോധനയൊക്കെ നടത്തി തഴുകിയും തലോടിയും താലോലിച്ചിട്ടൊക്കെയായിരിക്കും തൊട്ടിയിലോ കുട്ടയിലോ വച്ചുകെട്ടി മുകളിലേയ്ക്ക് വിടുക. പാമ്പ് പിടിത്തം തന്റെ തൊഴിലൊന്നുമല്ലെങ്കിലും കിണറ്റിൽ വീണു കിടക്കുന്നത് മൂർഖനാണെങ്കിലും ആതിരൻ കൈകൊണ്ടെടുക്കും. കീണറ്റിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമുള്ളതുകൊണ്ട് കിണറ്റിൽ അകപ്പെടുന്ന ജീവികളൊന്നും ഉപദ്രവിക്കില്ലെന്ന അന്ധ വിശ്വാസം ആതിരൻ ഒരു വിശ്വാസമായി കൊണ്ടു നടക്കുന്നത്, മറിച്ചൊരു തിക്താനുഭവം അത്തരം ജീവികളിൽനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ടാകാം.

കിണറിറപ്പ് കഴിഞ്ഞാൽ ആതിരന്റെ മറ്റൊരു വൈദഗ്ദ്ധ്യം മരം കയറ്റമാണ്. വല്ല ചക്കയോ മാങ്ങയോ തേങ്ങയോ അടർത്തണമെങ്കിലും ആതിരന്റെ കാൾഷീറ്റിനുവേണ്ടി ആളുകൾ കാത്തു നിന്നു. എത്ര കനവും ഉയരവുമുള്ള മരമാണെങ്കിലും അണ്ണാനെ പോലെ അയാൾ കയറിപ്പോകും. നല്ല കനവും അനേകം ശഖോപശാഖകളുമുള്ള മരമാണെങ്കിൽ ആ മരം അയാൾക്ക് ഒരു കളിസ്ഥലം പോലെയാണ്. എങ്കിലും മരം കയറാനും പ്രത്യേകിച്ച് തെങ്ങുകയറാനും ആളെക്കിട്ടാനില്ലാത്ത ഈ കാലത്തും എന്തുകൊണ്ടോ മരം കയറ്റം, തെങ്ങുകയറ്റം എന്നിവ ഒരു സ്ഥിരം ജോലിയായി അയാൾ സ്വീകരിച്ചിരുന്നില്ല. എല്ലാറ്റിന്റെയു കുത്തക ഏറ്റെടുക്കുന്നതിലുള്ള വൈമുഖ്യമാണോ അഭിരുചിയുടെ പ്രശ്നമാണോ എന്നറിയില്ല. എങ്കിലും അത്യാവശ്യത്തിന് ഒന്നോരണ്ടോ തേങ്ങയിടണമെന്നു പറഞ്ഞാൽ അത് ഒരു സഹായം എന്ന നിലയ്ക്കുതന്നെ ആതിരൻ ചെയ്തുകൊടുത്തിരിക്കുന്നു. അതിനു വല്ല കൂലിയോ കൊടുത്താൽ ഓ, ഇതിലൊക്കെ കൂലിവാങ്ങാനെന്തിരിക്കുന്നു എന്ന ഭാവമാണ്. എന്തായാലും ഒരു ദിവസം പോലും എന്തെങ്കിലും ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുകൂടേണ്ട സ്ഥിതി ഒരിക്കലും ആതിരനുണ്ടാകാറില്ല.

മറ്റൊരു പ്രശസ്തി കൂടി ആതിരനുണ്ട്. അതായത് പോലീസ് ഡിപ്പാർട്ട്മെന്റിൽ ആതിരന് നല്ല പേരാണ്. വല്ല കുളത്തിലോ പുഴയിലോ മറ്റോനിന്ന് വല്ല ശവവും തപ്പിയെടുക്കേണ്ടി വന്നാൽ ആതിരനെയാണ് അവർ തേടി എത്തുക. എവിടെയെങ്കിലും കെട്ടിത്തൂങ്ങി മരിച്ചുനിൽക്കുന്ന ശവങ്ങൾ അഴിച്ചിറക്കാനും ആതിരന്റെ സഹായം തേടാറുണ്ട്. വച്ചിരിക്കുന്നത് എടുക്കുന്ന ലാഘവത്തോടെ പുഴനീന്തി ശവമെടുക്കുന്ന പാരമ്പര്യത്തിനുടമയാണ് ആതിരൻ. കിണറ്റിൽ വീണ് മരിക്കുന്നവരുടെ ശവം ശാസ്ത്രീയമായി കരയ്ക്കെത്തിക്കാൻ ആതിരൻ ആവശ്യപ്പെടുന്നത് രണ്ട് പഞ്ചാരച്ചാക്കും അല്പം കയറും ഒടിയാത്ത ഒരു പത്തലിൻ കമ്പുമാണ്. പോലീസുകാരുടെയൊക്കെ വീടുകളിൽ പലജോലികൾക്കും ആതിരൻ പോകാറുണ്ട്. ആതിരന് പോലീസിൽ ഉള്ള പിടിപാട് പക്ഷെ ഇന്നാട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു. അത് അറിയാനിടയായത് ഒരു അപകടം ഈ നാട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

തട്ടത്തുമലയിൽ അശുദ്ധജലം നിറഞ്ഞ് ഉപയോഗമില്ലാതെ കിടക്കുന്ന ഒരു ചിറയുണ്ട്. ഒരു വലിയ കുളമെന്നു പറയാം. അതിന്റെ ഉടമസ്ഥൻ തദ്ദേശവാസിയല്ലാത്തതുകൊണ്ട് അത് സാധാരണ വൃത്തിയാക്കാറൊന്നുമില്ല. ജലക്ഷാമമുള്ളപ്പോൾ ഉടമസ്ഥന്റെ അനുവാദത്തോടെ നാട്ടുകാർ അത് വൃത്തിയാക്കി ഉപയോഗിക്കും. പരിസരവാസികളുടെ കിണറ്റിലും കുളത്തിലുമൊക്കെ വെള്ളമുള്ളപ്പോൾ അത് പലവിധത്തിൽ മലിനമായി കാടും പടലും പായലും പിടിച്ച് കിടക്കും.

അങ്ങനെ ഈ പായൽച്ചിറ (അങ്ങനെയാണ് ഈ കുളം അറിയപ്പെടുന്നത്) കാടും പടലും പായലും പിടിച്ചു കിടക്കുമ്പോൾ ഒരു ദിവസം സ്കൂൾവിട്ട് ഇതിനടുത്ത് കൂടി കുറുക്കുവഴിപിടിച്ച് കളിച്ചും ചിരിച്ചും ഓടിച്ചാടി പോയ ഒരു കൂട്ടം കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീണുപോയി. നാട്ടിലെ വലിയ ജന്മിയൊക്കെയായ ഗോപാലൻ നായരുടെ ചെറുമകൾ അഞ്ചാം ക്ലാസ്സുകാരി മിനിക്കുട്ടിയാണ് കുളത്തിലകപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് ഒടിക്കൂടിയവർ ആദ്യമൊന്നു പകച്ചു നിന്നു. നീന്തലറിയാത്ത പലരും ഇറങ്ങാൻ ശ്രമിച്ചെങ്കിലും നിറയെ വെള്ളമുള്ളതുകൊണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു.അല്പസ്വല്പം നീന്തലും ധൈര്യവും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെങ്കിലും മലിനജലം എന്നതായിരുന്നു പ്രധാന തടസ്സം. നീളൻ കമ്പൊക്കെ എടുത്ത് ആഴമൊക്കെ നോക്കി കയറോ വടമോ കൊണ്ടു വന്ന് കുളത്തിനക്കരേയ്ക്ക് എറിഞ്ഞ് അക്കരെയിക്കരെ നിന്ന് വടം പിടിച്ച് അതിൽ തൂങ്ങി ഇറങ്ങാനുള്ള പദ്ധതി ആലോച്ചിച്ച് ആരോ വലിയ വടത്തിനായി പ്രദേശത്തെ തടിക്കണ്ട്രാക്കിന്റെ വീട്ടിലേയ്ക്കോടി. ചിലർ സമീപത്തെ കിണറിനെ ലക്ഷ്യമാക്കിയും ഓടി. എല്ലാവർക്കും കുളത്തിലേയ്ക്ക് എടുത്തു ചാടണമെന്നുണ്ട്. പക്ഷെ ആർക്കും നീന്തലറിയാത്തതിനാൽ പകച്ച് നിൽക്കുകയാണ്.

ഇതിനിടയിൽ കൊച്ചിന്റെ തള്ളവന്ന് കുളത്തിലേയ്ക്ക് എടുത്തു ചാടാൻ ശ്രമിച്ചത് അവിടെ വന്നുകൂടിയവർക്ക് വലിയ ബുദ്ധിമുട്ടായി. അവരെ നാലുപേർ വരിഞ്ഞു പിടിച്ചു നിർത്തി. കുട്ടിയുടെ മുത്തശ്ശൻ നീന്തലറിയില്ലെങ്കിലും ഇറങ്ങാനൊരു ശ്രമം നടത്തി. പക്ഷെ കൂടുതൽ അപകടങ്ങളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്നു കണ്ട് മറ്റുള്ളവർ പിന്തിരിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ കുളത്തിനരികിലേയ്ക്ക് വന്നുകൊണ്ടിരുന്നു. പോലീസിലും ഫയർ ഫോഴ്സിലും ഇതിനകം വിവരം അറിയിച്ചിരുന്നു.

ഈ വിവരം അറിഞ്ഞ് ആതിരനും അളിയൻ മുടിയനും സഹോദരി ആനിയും മക്കളും ഒക്കെ അല്പസമയത്തിനകം സ്ഥലത്തെത്തി. തൊട്ടടുത്താണ് അവർ താമസിക്കുന്ന മറവക്കുഴിക്കോളനി. ആതിരൻ വന്ന് ഇവിടെ താമസം തുടങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. കുളക്കരയിൽ എത്തിയപ്പോൾ സ്ത്രീകളൊക്കെ നിലവിളിക്കുന്നു. ആണുങ്ങൾ നീളമുള്ള കമ്പും മറ്റും കുളത്തിലേയ്ക്ക് നീട്ടിയിറക്കാനും മറ്റും വൃഥാ ശ്രമിക്കുന്നുണ്ട്. കുട്ടിയ്ക്ക് കമ്പിൽ പിടി കിട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ഇതിനിടയിൽ കുട്ടി രണ്ടു പ്രാവശ്യം പൊങ്ങി താണു പോയിരുന്നു. ആതിരന്റെ സാദ്ധ്യതകളെ അവിടെ വന്നുകൂടിയ എല്ലാവർക്കുമൊന്നും അറിയില്ലായിരുന്നു. അവിടെ കൂടിയവരിൽ ചിലർക്കൊക്കെ കണ്ടു പരിചയമുണ്ടെന്നേയുള്ളൂ. ചിലരുടെ വീടുകളിൽ പണിയ്ക്കും ചെന്നിട്ടുണ്ട്. എങ്കിലും അവിടെ കൂടിയ എല്ലാവർക്കും നല്ല പരിചയമില്ല. എന്നാൽ നാട്ടിൽ ആതിരൻ ഇതിനകം ഏറെക്കുറെ പ്രശസ്തനായിക്കഴിഞ്ഞതുമായിരുന്നു. അറിയാൻ ചിലതൊക്കെ ബാക്കിവച്ചുകൊണ്ടാണെങ്കിലും!


കുളത്തിൻ കരയിൽ എത്തിയുടൻ ആനി ആങ്ങളയെ ഒന്നു നോക്കി. ഒട്ടും താമസിക്കാതെ ആതിരൻ ധരിച്ചിരുന്ന തന്റെ കയിലിയും ഉടുപ്പും ഉരിഞ്ഞ് കരയ്ക്കെറിഞ്ഞു. ആനിയ്ക്കും നീന്താനറിയാം എന്നത് അവിടെ കൂടിയവർ ആദ്യം അറിയുകയാണ്. ആനിയും എന്തിനും തയ്യാറായി കുളത്തിൽ അല്പഭാഗത്തേയ്ക്കിറങ്ങി സഹോദരനെ സഹായിക്കാനായി നിന്നു. ആനിയുടെ മക്കൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കരയിൽ നിന്നു. ആതിരൻ വെള്ളത്തിൽ ഒരു പ്രാവശ്യം ഒന്നു മുങ്ങി ഒന്നു പൊങ്ങിയതേ ഉള്ളൂ. അയാളുടെ കയ്യിൽ കുളത്തിൽ വീണ മിനിക്കുട്ടിയുണ്ടായിരുന്നു! ആതിരൻ കുട്ടിയെ പൊക്കി ഉയർത്തി ആനിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. ആനി കുട്ടിയെ കരയ്ക്കെത്തിച്ച് കുട്ടിയ്ക്ക് വേണ്ട പ്രാഥമിക ശുശ്രൂഷകൾ നടത്തി. കുട്ടിയുടെ ചെരിപ്പും ബാഗും തപ്പി ആതിരൻ പിന്നെയും നീന്തുകയായിരുന്നു. അതൊന്നും വേണ്ടെന്നു ആളുകൾ വിളിച്ചു പറഞ്ഞെങ്കിലും ആതിരൻ കേൾക്കാൻ കൂട്ടാക്കിയില്ല.

ഇതിനിടയിൽ പോലീസ് സംഘം സ്ഥലത്തെത്തി. അവർ ആദ്യം കണ്ടത് കുട്ടിയെ വെള്ളത്തിൽ നിന്നു കരകയറ്റുന്ന ആനിയെ മാത്രമാണ്.
ആളുകൾ ആതിരനെ കയറിവരാൻ നിർബന്ധിക്കുമ്പോൾ സ്കൂൾബാഗും കുട്ടിയുടെ ചെരിപ്പുകളുമായി അയാൾ അതാ പൊങ്ങുന്നു. അപ്പോഴാണ് വന്ന പോലീസുകാർ കുട്ടിയെ രക്ഷിച്ച ആതിരനെ ശ്രദ്ധിച്ചത്. അതോടെ വന്ന പോലീസുകാരിൽ നിന്ന് ഒരു ആരവം ഉയർന്നു.

“ഇത് നമ്മുടെ ആതിരനല്ലേ? ഇവനെങ്ങനെ ഇവിടെ വന്നു?”

ആതിരൻ വെള്ളത്തിൽ പൊങ്ങിനിന്ന് സാർ എന്നു വിളിച്ച് എസ്.ഐയെയും പോലീസുകാരെയും അഭിവാദ്യം ചെയ്തു. അപ്പോഴാണ് ആതിരനും പോലീസുകാരും തമ്മിലുള്ള “നിഗൂഢ“ ബന്ധം നാട്ടുകാരറിയുന്നത്. കരയിലേയ്ക്ക് നീന്തിവന്ന ആതിരനെ ഒരു പോലീസുകാരൻ ചെന്ന് കൈയ്യിൽ പിടിച്ച് വലിച്ച് കരയ്ക്കുകയറാൻ സഹായിച്ചു. അവർ തമ്മിൽ കുശല പ്രശ്നങ്ങളായി. ഇവിടെ സഹോദരിയോടൊപ്പമാണ് ഇപ്പോൾ താമസമെന്ന് പോലീസിനോട് ആതിരൻ ഉണർത്തിച്ചു. ഈയിടെ നിന്നെ അങ്ങോട്ടൊന്നും കാണാനൊന്നുമില്ലല്ലോ എന്ന് ചില പോലീസുകാർ പരാതിപ്പെടുന്നുമുണ്ടായിരുന്നു. അത് നമ്മളന്ന് ഇവനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞതുകൊണ്ടായിരിക്കുമെന്നായി ഒരു പോലീസുകാരൻ. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞതും ആതിരന്റെ മുഖം നാണം കൊണ്ട് ചുവന്നു. പെണ്ണുകെട്ടിന്റെ കാര്യം പറഞ്ഞാൽ അവൻ നാണിച്ചു മരിച്ചു പോകുമെന്ന് എസ്.ഐയുടെ കമന്റ്. ചുരുക്കത്തിൽ കരയ്ക്കെടുത്ത കുട്ടിയല്ല ആതിരനാണ് അവിടെ അതിനേക്കാൾ ശ്രദ്ധേയനായത്.

കരയ്ക്കു കയറിയ ആതിരൻ മുണ്ട് തിരയുന്നതിനിടയിൽ സ്ഥലം എസ്.ഐ ആതിരന് തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് കവർ എടുത്ത് തുറന്ന് അതിൽനിന്നും ഒരു സിഗരറ്റെടുത്ത് ആതിരനു നൽകിയിട്ട് പറഞ്ഞു;

“മുണ്ടൊക്കെ പിന്നെ ഉടുക്കാം നീ ഇത് വലിച്ചൊന്ന് ശരീരം ചൂടാക്കെടാ എന്ന്!”

എസ്. ഐയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിക്കുന്ന ആതിരനെ അസൂയയോടെ പലരും നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ചീറിപ്പാഞ്ഞ് സംഭവസ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ഫയർഫോഴ്സ് വാഹനം ഇനി വരേണ്ടതില്ലെന്ന് എസ്. ഐ വിളിച്ച് അറിയിക്കുകയും ചെയ്തു. സ്ഥലത്തെ കാഴ്ചക്കാരിൽ ഒരാളായ എക്സ് മിലിട്ടറി മുരളീധരൻ നായർ ആതിരന് തന്റെ മിലിട്ടറി കോട്ട ഒരെണ്ണം ഓഫർ ചെയ്തു.

ഇതു കേട്ട് ഒരു പോലീസ് ഏമാൻ പറഞ്ഞു;

“ആതിരനെ കുടിപ്പിച്ച് പാഴിക്കളളയാൻ പറ്റില്ല, അതുകൊണ്ട് മിലിട്ടറി കോട്ട ഇങ്ങ് നമുക്ക് തന്നേക്കൂ, സൌകര്യം പോലെ നമ്മൾ കുടിച്ചോളാം”

കുട്ടിഅപകടത്തിൽ‌പ്പെട്ടതിന്റെ വിഷമങ്ങൾക്കിടയിൽ ചെറിയ തമാശയ്ക്കും ചിരിക്കും ഈ സംഭാഷണം കാരണഭൂതവുമായി.

പുകവലിയും തലയും പുറവും തോർത്തലും ഒരുമിച്ച് കഴിച്ച ആതിരൻ കയ്ലിയും ഷർട്ടുമൊക്കെയിട്ട് കുട്ടിയുടെ അടുത്ത് ചെന്ന് ശുശ്രൂഷകൾ നിരീക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപദേശിച്ചു.

പെട്ടെന്നു രക്ഷിക്കാൻ കഴിഞ്ഞതുകൊണ്ട് വെള്ളത്തിൽ നിന്നും കരയ്ക്കെടുത്ത മിനിക്കുട്ടിയ്ക്ക് കണ്ട ലക്ഷണത്തിൽ വലിയ കുഴപ്പമൊന്നുമില്ല. വെള്ളം കുറച്ച് കുടിച്ച് വയർ നിറഞ്ഞിട്ടുണ്ട്. ബോധം പൂർണ്ണമായി പോയിട്ടില്ല. എന്തായാലും ജീവാപായം സംഭവിക്കില്ല എന്ന് മനസിലാക്കി എല്ലാവരും സന്തോഷിച്ചു. ആനിയുടെ നേതൃത്വത്തിൽ കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. കുറെ വെള്ളം വയറിൽ തള്ളി ഞെക്കിക്കളഞ്ഞു.

ആനിയുടെ പ്രഥമിക ശുശ്രൂഷയിൽ മിനിക്കുട്ടിയ്ക്ക് ബോധം വന്നു. പുഴക്കരയിൽ ജനിച്ചു വളർന്ന ആനിയ്ക്കറിയാം വെള്ളം വയറ്റിൽ നിറഞ്ഞ കുട്ടിയെ എന്തൊക്കെ ചെയ്യണമെന്ന്. രണ്ട് വനിതാപോലീസുകാരികളും കുട്ടിയുടെ അമ്മയും ആനിയ്ക്കൊപ്പം കുട്ടിയെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. ബോധം വന്ന കുട്ടി കണ്ണുതുറന്ന് കണ്ണീരും കയ്യുമായി നിന്ന അവളുടെ അമ്മ ശാരദയെ കെട്ടിപ്പിടിച്ച് അവരുടെ മടിയിലേയ്ക്ക് ചാഞ്ഞു. ഭാഗ്യത്തിന് കുട്ടിയ്ക്ക് ജീവാപായം ഉണ്ടായില്ലെന്നതിൽ എല്ലാവരും ആശ്വസിച്ചു. ബോധക്ഷയവുമില്ല. അതും അദ്ഭുതംതന്നെ. അരമണിക്കൂറെങ്കിലും കുളത്തിലകപ്പെട്ടു കിടന്നതാണ് . ഉടൻ തന്നെ ഒരു വനിതാ പോലീസുകാരി കുട്ടിയെ പിടിച്ചു വാങ്ങി ജീപ്പ് ഡ്രൈവറെയും കൂട്ടി ജീപ്പ് കിടക്കുന്ന സ്ഥലത്തേയ്ക്ക് ഓടി. കൂടെ മറ്റേ വനിതാ പോലീസും. അവർ കുട്ടിയെയും ബന്ധുക്കളെയും കൂടെ വേഗം വിളിച്ചു കയറ്റി ആശുപത്രിയിലേയ്ക്ക് പോയി. വയറ്റിൽ വെള്ളം കയറിയതാണ്. അതും മലിന ജലം.

എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും അപ്പോൾ ജീപ്പിൽ കയറി പോയില്ല. അല്പസമയത്തെ കുശല പ്രശ്നങ്ങൾക്കും, ഈ കുളത്തിനു ചുറ്റും വേലി വയ്ക്കേണ്ടതിന്റെ ആവശ്യകതയൊക്കെ നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിനും ശേഷം എസ്.ഐ യും മറ്റ് മൂന്ന് പോലീസുകാരും മറ്റൊരു കാറിൽ കയറി പോകുകയായിരുന്നു. പോകുമ്പോൾ എസ്.ഐ ആതിരനോട് പറഞ്ഞു;

“ആതിരാ നീ സൌകര്യം പോലെ വീട്ടിലോട്ടൊന്നു വരണം ഞാനിപ്പോൾ താമസിക്കുന്ന വീട്ടിലെ കിണർ ഒന്നിറയ്ക്കണം”

നാളെത്തന്നെ എത്തിക്കോളാമെന്ന് ആതിരന്റെ ഉറപ്പ്.

“പക്ഷെ സാർ അവനോട് പെണ്ണു കെട്ടാൻ പറയരുത്” കൂടെയുള്ള ഏട്ടിന്റെ കമന്റ്.

“അവനെക്കൊണ്ട് നമ്മൾ പെട്ട് കെട്ടിയ്ക്കും. അവന്റെ നാണം മാറാൻ അതേ മാർഗ്ഗമുള്ളൂ” എന്ന് എസ്.ഐ.

പെണ്ണെന്ന് കേട്ടതും ആതിരൻ പിന്നെയും ലജ്ജാവിവശനായി.

“അതാണവന്റെയൊരു വീക്ക്നെസ്സ്. ഐ മിൻ നാണം!” മറ്റൊരു പോലീസുകാരൻ.

അതറിയാവുന്നതുകൊണ്ട് എപ്പോഴും പോലീസുകാർ ആതിരനെ പെണ്ണുകെട്ടിയ്ക്കുന്ന കാര്യം പറഞ്ഞ് നാണിപ്പിച്ച് കളിയ്ക്കാറുണ്ടത്രേ!

കാറിൽ കയറാൻ നേരം എസ്.ഐയും പോലീസുകാരും ആതിരന്റെ വയറ്റിൽ ആ വെള്ളമെങ്ങാനും കയറിയെങ്കിൽ ആശുപത്രിയിൽ പോകാൻ ക്ഷണിച്ചു. എന്നാൽ അതൊന്നും സാരമില്ലെന്നും ഇനി നല്ലവെള്ളത്തിൽ പോയൊന്നു സോപ്പിട്ടുകുളിച്ചാൽ മതിയെന്നും പറഞ്ഞ് ആതിരൻ ഒഴിഞ്ഞു. താനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്ന ഭാവം!

അങ്ങനെ വല്ല കിണറ്റിലോ പുഴയിലോ ഒക്കെ പെടുന്ന ജഡമെടുക്കൽ, പോലീസ് സ്റ്റേഷൻ കാടുപിടിച്ചാൽ വൃത്തിയാക്കൽ, പോലീസുകാരുടെ വീടുകളിൽ അത്യാവശ്യം ജോലികൾ ചെയ്തുകൊടുക്കൽ തുടങ്ങിയവ ആതിരൻ ചെയ്തു വരുന്നതായി ഇന്നാട്ടുകാരും അന്നു മനസിലാക്കി. പൊതുവേ അധികം സംസാരിക്കാത്ത ആതിരൻ ഇതൊന്നും ആരോടും കൊട്ടിഘോഷിച്ചു നടന്നിരുന്നില്ല. ആവശ്യത്തിനുമാത്രമേ സംസാരിക്കൂ. ആരെക്കണ്ടാലും ഒരു നിർമ്മലമായ ചിരി പാസ്സാക്കും. എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയും. അത്രതന്നെ. സംസാരത്തിലല്ല, പ്രവൃത്തിയിലാണ് ആതിരന് കൂടുതൽ താല്പര്യം.

ഈ സംഭവത്തോടെ ആതിരൻ ഈ നാട്ടിലും പേരും പെരുമയും ഉള്ള ഒരാളായി മാറി എന്നുപറഞ്ഞാൽ മതിയല്ലോ. കുട്ടിയെ രക്ഷിച്ചതിന് മിനി മോളുടെ വീട്ടുകാരിൽ നിന്ന് പല പാരിതോഷികങ്ങളും നൽകിയെങ്കിലും അതൊന്നും ആതിരൻ വാങ്ങിയില്ല. എന്നാൽ ആശുപതിയിൽ നിരീക്ഷണത്തിൽ കിടന്നിരുന്ന മിനിക്കുട്ടിയ്ക്ക് ചില പലഹാരങ്ങളും മറ്റും ആതിരൻ വാങ്ങിക്കൊണ്ടുക്കൊടുക്കുകയും ചെയ്തു. തന്റെ സഹോദരീ പുത്രിയുടെ ഒപ്പം പഠിക്കുന്ന കുട്ടിയാണ് മിനിക്കുട്ടി. ഈ സംഭവത്തോടെ ആരും അത്രയൊന്നും ശ്രദ്ധിക്കതിരുന്ന ആനിയ്ക്കും നാട്ടുകാരുടെ ഒരു ശ്രദ്ധയൊക്കെ കിട്ടി. തന്റെ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് പുതിയൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം താങ്ങാനാകാതെ ആനിയുടെ ഭർത്താവ് മുടിയൻ രവീന്ദ്രൻ സംഭവദിവസം രണ്ട് പെഗ്ഗ് കൂടുതലടിക്കുകയും വഴിയിലാകുകയും ചെയ്തു. മുമ്പും അങ്ങനെ സംഭവിച്ചിട്ടുള്ളതും ആരും ഗൌനിക്കാതെ കടന്നു പോയിട്ടുള്ളതുമാണെങ്കിലും അന്ന് ഒരു ആട്ടോ വിളിച്ച് ആരൊക്കെയോ സുരക്ഷിതമായി മുടിയനെ വീട്ടിലെത്തിച്ചു. അങ്ങനെ മുടിയനും നാട്ടിൽ ഒരു ഇമേജൊക്കെയായി!

അങ്ങനെയിങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ആതിരൻ പല വീടുകളിലും പലപല ജോലികളും ചെയ്തു പോന്നു. പല ആപൽഘട്ടങ്ങളിലും അവൻ പലർക്കും തുണയായി. പോലീസുകാരുടെ കൂട്ടുകാരനായും കളിപ്പിള്ളയായും തുടർന്നു. തൂങ്ങി മരിച്ച ജഡങ്ങൾ അഴിച്ചിറക്കുന്നതിനും വെള്ളത്തിൽ വീണ ചീഞ്ഞു നാറിയ ശവങ്ങൾ പുറത്തെടുക്കുന്നതിലും രണ്ട് താലൂക്ക് പ്രദേശത്തെ പോലീസ്സ്റ്റേഷനുകൾക്ക് ആതിരന്റെ സേവനം തുടർന്നും ലഭിച്ചുകൊണ്ടിരുന്നു. ഒരു പോലീസുകാരനു നൽകുന്ന പരിഗണന പോലും പലരിൽ നിന്നും ആതിരനു ലഭിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പെർമനന്റ് അല്ലാത്ത,യൂണിഫോമില്ലാത്ത ഒരു ജീവനക്കാരനെ പോലെയും ആതിരൻ ജീവിച്ചു പോന്നു.

സാധാരണ ഇത്തരം ജോലികളൊക്കെ ചെയ്യുന്നവർ മദ്യത്തിന്റെ അടിമകളായിരിക്കും. എന്നാൽ ആതിരൻ ഒരു മദ്യാസക്തനായിരുന്നില്ല. വല്ലപോലീസുകാരോ കൂട്ടുകാരോ വിളിച്ച് വല്ലപ്പോഴും ഒരു പെഗ്ഗ് കൊടുത്താൽ കുടിക്കും. മര്യാദയ്ക്ക് വീട്ടിൽ പോകും. ആരും അത് അറിയുകയുമില്ല. പലപ്പോഴും അടുത്ത പരിസരങ്ങളിൽ എന്തെങ്കിലും അപകടം നടക്കുമ്പോൾ പാഞ്ഞുവരുന്ന ഫയർ ഫോഴ്സുകാർ ആതിരൻ കാരണം ഒന്നും ചെയ്യേണ്ടതില്ലാതെ മടങ്ങിയ ചരിത്രമുണ്ട്. കാരണം രക്ഷാ പ്രവർത്തനം അതിനകം ആതിരൻ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും.

ഏകദേശം അഞ്ചു വർഷക്കാലം ആതിരൻ ഈ നാട്ടുകാരനായി ജീവിച്ചു. വലിയ ശബ്ദ കോലാഹലങ്ങൾ ഒന്നുമില്ലാതെ ആതിരനും തന്നാലായത് എന്ന നിലയിൽ അങ്ങനെ ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം നടുക്കുന്ന ഒരു വാർത്ത തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ നിന്നും പുറത്തുവന്നു. ആതിരൻ സഹോദരിയുടെ വീടിന്റെ ടെറസിനു മുകളിൽ മരിച്ചു കിടക്കുന്നു. വിഷം കഴിച്ചു മരിച്ചതാണത്രേ!

അവിശ്വസനീയവും നാട്ടുകാരെ അത്യധികം നടുക്കുന്നതുമായിരുന്നു ആവാർത്ത. ഒരു എക്സിസ്റ്റിംഗ് പഞ്ചായത്ത് പ്രസിഡന്റിനു ദുർമരണം സംഭവിച്ചാലെന്നതുപോലെയുള്ള ഒരാൾകൂട്ടമായിരുന്നു പിന്നെ തട്ടത്തുമല മറവക്കുഴി ലക്ഷം വീട് കോളനിയിൽ. അറിഞ്ഞവർ അറിഞ്ഞവർ അങ്ങോട്ടേയ്ക്ക് ഓടിയെത്തി.

സാധാരണ ഒരു ദുർമരണമൊക്കെ നടന്നാൽ പോലീസുകാർ മറ്റ് ജോലികളൊക്കെ ഒതുക്കി നേരവും കാലവും നോക്കി സ്ഥലത്തെത്തുമ്പോൾ ഒരു നേരമാകും. എന്നാൽ ആതിരന്റെ ദുരൂഹമരണം കേട്ട മാത്രയിൽ നാട്ടിലെ മറ്റ് ക്രമസമാധാന പ്രശ്നങ്ങളൊക്കെ വിസ്മരിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനും സർക്കിളാഫീസുമൊക്കെ ഒന്നാകെ തട്ടത്തുമല ലക്ഷംവീട് മറവക്കുഴിക്കോളനിയിലേയ്ക്ക് പാഞ്ഞടുത്തു.

ചില പോലീസുകാർ വന്ന വരവിനാലേ “നമ്മുടെ ചെറുക്കനെന്തു സംഭവിച്ചു?” എന്ന് നിലവിളിച്ചുകൊണ്ടാണ് ആതിരൻ മരിച്ചു കിടക്കുന്ന ടെറസിനു മുകളിലേയ്ക്ക് ചാടിക്കയറിയത്. ആതിരനെ അരികിൽ ചെന്ന് വട്ടമിട്ടിരുന്ന് പിടിച്ചു തലോടി നീ എന്തിനിതു ചെയ്തെടാ പൊന്നു മോനേ എന്ന് ചോദിക്കുമ്പോൾ ചില പോലീസുകാർ സ്വന്തം മകൻ മരിച്ചതുപോലെ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എസ്.ഐ.യും പോലീസുകാരെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ പോലീസുകാരിൽ ചിലരുടെ വാവിട്ട കരച്ചിൽ എസ്.ഐ യുടെ കണ്ണുകളെ പോലും ഈറനണിയിക്കുകയായിരുന്നു. പിടിച്ചു നിൽക്കാനാകാതെ സർക്കിൾ ഇൻസ്പെക്ടർതന്നെ കരച്ചിലടക്കാൻ കഴിയാതെ കൂടെവന്ന ഒരു പോലീസുകാരന്റെ തോളിൽ ചാരി വിതുമ്പി നിന്നു. ഈ സർക്കിൾ ഇൻസ്പെക്ടർ ആതിരന്റെ വീട്ടിനടുത്തുള്ള പുറമൺകര പോലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരിക്കുമ്പോഴാണ് ആതിരൻ ആദ്യമായി പോലീസ് ഡിപാർട്ട്മെന്റിന്റെ സഹായിയായി എത്തുന്നത്. അത് പുഴയിൽ കുളിയ്ക്കാനിറങ്ങി കാണാതായ ഒരു യുവാവിന്റെ അഴുകിയ ശവം തപ്പിയെടുത്തുകൊണ്ടായിരുന്നു.

ആതിരൻ മരിച്ചതിന്റെ സങ്കടവും ആരോ ഈ മരണത്തിനുത്തരവാദിയാണെന്ന സംശയത്തിലുണ്ടായ ദ്വേഷ്യവും ഒക്കെ കൂടി ചേർന്ന് ചില പോലീസുകാർ ആനിയുടെയും മുടിയന്റെയും ഒക്കെ നട്ടുകാരുടെയുമൊക്കെ നേരെ ചീറിക്കടിച്ചുകൊണ്ട് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇങ്ക്വസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസുകാരിൽ വല്ലാത്ത സങ്കടവും ദ്വേഷ്യവും പ്രകടമാകുന്നുണ്ടായിരുന്നു. ആതിരന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് ആരും തങ്ങളെ അറിയിച്ചില്ല എന്ന് എസ്.ഐ അദ്ദേഹം രോഷത്തോടെ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു. അവിടെ കൂടിയ പലരെയും പോലീസ് ചോദ്യം ചെയ്തു. ആനിയും മുടിയനും കുട്ടികളും ആതിരന്റെ അച്ഛനമ്മമാരും എല്ലാം നമ്മുടെ അറിവിൽ അവന് ഒരു പ്രശ്നവുമില്ലേ എന്നുപറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു.

മരണകാരണമെന്തെന്ന് ആർക്കുമറിയില്ല. ആനിയെയും മുടിയനെയും മറ്റ് ബന്ധുക്കളെയും അയൽക്കാരെയുമെല്ലാം പോലീസ് നന്നായി ചോദ്യം ചെയ്തു. പക്ഷെ ആർക്കും ഒരെത്തും പിടിയുമില്ല. ആതിരന് ആരുമായെങ്കിലും വല്ല പ്രശ്നവുമുണ്ടോ, പ്രേമമുണ്ടോ, പെൺവിഷയമുണ്ടോ, കടബാദ്ധ്യതകളുണ്ടോ തുടങ്ങിയ പല ചോദ്യങ്ങളും പോലീസുകാരിൽ നിന്നും ഉണ്ടായി. പക്ഷെ ആർക്കും ഒന്നിനും ഉത്തരമില്ല. ആതിരന്റെ തങ്കപ്പെട്ട സ്വഭാവം വച്ച് അങ്ങനെയൊന്നും ഉണ്ടാകാനുള്ള ഒരു വിദൂര സാദ്ധ്യതയിലെയ്ക്ക് പോലും ആർക്കും വിരൽ ചൂണ്ടാനാകുന്നില്ല. കഴിച്ചിരിക്കുന്നത് കൊടിയ വിഷമാണെന്നു മാത്രം എല്ലവാരും മനസിലാക്കി.

ഒടുവിൽ ഒരു സഹപ്രവർത്തകൻ ഇങ്ങനെ മരിച്ചാലെന്നതുപോലെ പോലീസുകാർ ആതിരന്റെ ബോഡി ടെറസിൽ നിന്നും താഴെയിറക്കി. ആരെയും സഹായത്തിനു വിളിക്കാതെ അവർതന്നെ എല്ലാം ചെയ്യുകയായിരുന്നു. മൃതുദേഹം ആംബുലൻസിൽ കയറ്റി പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. നാട്ടിലെ പൊതുപ്രവർത്തകരും ആതിരന്റെ ബന്ധുക്കളും നാട്ടുകാരിൽ കുറച്ചുപേരും മറ്റ് പല വാഹനങ്ങൾ പിടിച്ച് ആംബുലൻസിനെ അനുഗമിച്ചു.

പോസ്റ്റ് മാർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതുദേഹം മറവക്കുഴി കോളനിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിനു വയ്ക്കുമ്പോഴും വൻ ജനാവലിയായിരുന്നു. ഒപ്പം സമീപത്തുള്ള പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. ഉയർന്ന പോലീസ് ഓഫീസർമാരടക്കം സ്ഥലത്തെത്തിയിരുന്നു. ആതിരന്റെ മരണത്തെ പറ്റി കൂടുതൽ അന്വേഷിക്കുവാനും തീരുമാനമുണ്ടായി. അന്വേഷണത്തിന്റെ ഫലമെന്തായാലും നാട്ടുകാർക്ക് ആതിരന്റെ അകാല മരണം ഒരു തീരാ നഷ്ടമായി പരിണമിച്ചു. ദളിതനും കൂലിവേലക്കാരനുമായ ഒരു സാധാരണ മനുഷ്യന് ഇതുപോലെ ഒരു നാടിന്റെ മുഴുവൻ ശ്രദ്ധാഞ്ജലി കിട്ടുന്ന ഒരു സംഭവം ഇവിടെ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.

ആതിരന്റെ അച്ഛന്റെ നിർബന്ധവും ലക്ഷം വീട് കോളനിയിൽ മൃതുദേഹം അടക്കം ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയും കണക്കിലെടുത്ത് സന്ധ്യയോടെ ആതിരന്റെ മൃതുദേഹം സ്വദേശമായ പുറമൺകര എന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വൻപോലീസ് സംഘവും നിരവധി വാഹനങ്ങളിൽ നാട്ടുകാരും അനുഗമിച്ചു. ആതിരന്റെ നാട്ടിലും വൻ ജലാവലി കാത്തു നിന്നിരുന്നു. രാത്രിയോടെ തന്നെ ശവസംസ്കാര കർമ്മങ്ങൾ നടന്നു. അങ്ങനെ ആതിരൻ എല്ലാവർക്കും ഒരോർമ്മയായി.

ആതിരൻ ഓർമ്മയായി ദിവസങ്ങളും മാസങ്ങളും ആണ്ടുകൾ കടന്നു പോയിട്ടും ആ ദുരൂഹത ഇന്നും ജനമനസുകളിൽ തളംകെട്ടി നിൽക്കുന്നു; ആർക്കും ഒരു ഉപദ്രവവുമില്ലാത്ത, എല്ല്ലാവർക്കും ഉപകാരങ്ങൾ മാത്രമുണ്ടായിരുന്ന, ആരുടെയും വെറുപ്പിന് ഒരിക്കലും പാത്രീഭവിച്ചിട്ടില്ലാത്ത, ദു:ശീലങ്ങൾ ഒന്നുമില്ലാതിരുന്ന, അദ്ധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നവനും അരോഗ ദൃഢഗാത്രനുമായിരുന്ന ചെറുപ്പക്കാരനായ ആ നല്ല മനുഷ്യൻ എന്തിനാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്? അല്ലെങ്കിൽ എങ്ങനെയാണു അത് സംഭവിച്ചത്? എന്താണ് മരണ കാരണം? വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെങ്കിലും ആതിരന്റെ മരണകാരണം ഇന്നും ദുരൂഹമായിത്തന്നെ നിലനിൽക്കുന്നു. ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു!

അതെന്തായാലും പക്ഷെ, ആതിരാ! ഇല്ല, നിനക്കു മരണമില്ല. നിന്നെയറിഞ്ഞ ജനഹൃദയങ്ങളിൽ നീയിന്നും ജീവിയ്ക്കുന്നു! നിനക്ക് സ്മരണാഞ്ജലിയായി, നിന്നെ നായകനാക്കി ഇതാ കണ്ണീരിൽ കുതിർന്ന ഒരു കഥയും ഈയുള്ളവനാൽ എഴുതപ്പെട്ടിരിക്കുന്നു!

Saturday, November 26, 2011

അപ്പോ, അതാണവന്റെ അത്യാവശ്യം!

അപ്പോ, അതാണവന്റെ അത്യാവശ്യം!

കിളിമാനൂർ ഗ്രാമപട്ടണത്തിലൂടെ വല്ലപ്പോഴുമൊക്കെയുള്ള സായാഹ്ന സവാരിയിലായിരുന്നു ഞാൻ. നമ്മുടെ തൊട്ടടുത്ത പട്ടണമാണ് കിളിമാനൂർ. അവിടെ കെ.എസ്.ആർ.റ്റി സി ബസ്സ്റ്റാൻഡിൽ ഇറങ്ങി വഴിയിൽ കാണുന്ന പരിചയക്കാരുമായൊക്കെ മിണ്ടിയും പറഞ്ഞും അങ്ങോട്ടുമിങ്ങോട്ടുമുള്ള അലസഗമനം ചിലപ്പോഴൊക്കെ നടക്കാറുള്ളതാണ്.

അന്ന് ഞാൻ വൈകുന്നേരം ആറുമണിയ്ക്ക് തിരക്കുള്ള ടൌണിലെത്തിയപ്പോൾ റോഡിന്റെ മറുവശത്തുകൂടി എന്റെ സുഹൃത്തും ടൌണിൽ ഡ്രൈവറുമായ മോഹനചന്ദ്രൻ തിരക്കിട്ട് അതിവേഗം നടന്നു വരുന്നത് കണ്ടു. കുറച്ചിങ്ങോട്ട് വന്ന് അവൻ വളരെ വെപ്രാളത്തിൽ റോഡ് ക്രോസ് ചെയ്യുന്നു. തൊട്ടപ്പുറത്തെ ട്രാഫിക്ക് ഐലൻഡിൽ നിൽക്കുന്ന പോലീസുകാരൻ ഗതാഗതം നിയന്ത്രിക്കാൻ നന്നേ പാടുപെടുന്ന സമയത്ത് ട്രാഫിക് പോലീസിന്റെ അധികാരഭാവത്തിൽ ഇരുകയ്യും രണ്ടുവശത്തേയ്ക്ക് കാട്ടി ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങളെ സ്റ്റോപ്പടിച്ച് കുറുക്കെടുത്ത് ചാടുകയാണ് അവൻ. അവന്റെ മിടുക്കിൽ ഇരു വശത്തും റോഡു മുറിയ്ക്കാൻ നിന്ന മറ്റുചിലരും കൂടി അപ്പുറമിപ്പുറം റോഡ് ക്രോസ്സ് ചെയ്തു.

റോഡ് മുറിച്ചുകടന്ന മോഹനചന്ദ്രൻ ഇടതുവശം തിരിഞ്ഞ് എനിക്കു നേരെ തന്നെ നടന്നുവരികയാണ്. ഇനി അവന്റെ അത്യാവശ്യം എന്താണെന്ന് അറിഞ്ഞിട്ട് പോകാമെന്നുകരുതി ഞാൻ നടത്തം നിർത്തി അവന്റെ പാഞ്ഞുള്ളവരവും നോക്കി നിന്നു. അവനാകട്ടെ എന്നെ കാണുന്നുമില്ല. അടുത്തുവരട്ടെയെന്ന് കരുതി ഞാൻ കാത്ത് നിന്നു. ഞാനീ എത്തിനിൽക്കുന്ന സ്ഥലത്തിനു സമീപം അവൻ താമസിക്കുന്ന ലോഡ്ജ് മുറിയുണ്ട്.

ഇപ്പോൾ ഇവൻ വെപ്രാളപ്പെട്ട് വരുന്നത് അവന്റെ റൂമിൽ വല്ല ആവശ്യത്തിനും കയറാനായിരിക്കുമോ? അതോ വല്ല അപകടവും ആരെങ്കിലും വിളിച്ചു പറഞ്ഞ് ഇവിടെ വല്ലയിടത്തും പാർക്കു ചെയ്തിരിക്കുന്ന അവന്റെ കാറുമെടുത്ത് പോകാനുള്ള വരവായിരിക്കുമോ? അതോ അതിലും വലിയ മറ്റെന്തെങ്കിലും അത്യാവശ്യമായിരിക്കുമോ? ഒരു നിമിഷം ഇങ്ങനെയെല്ലാം ഞാൻ ചിന്തിക്കവേ അവൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

പെട്ടെന്ന് ഞാൻ അവനെ വിളിച്ചു.

“നീയിത്ര വെപ്രാളപ്പെട്ടിതെങ്ങോട്ടാണ്. നോക്കുമ്പാക്കുമില്ലാതെ?”

കുനിഞ്ഞുനോക്കി വിഹ്വലമായാ ഏതോ സ്വപ്നലോകത്തിലെന്നപോലെ വന്നിരുന്ന അവൻ അപ്പോഴാണ് എന്നെ കണ്ടതും സഡൻ ബ്രേക്കിട്ടതുപോലെ നിന്നതും! എന്റെ നേരെ മുഖമുയർത്തി വളരെ സമാധാനത്തിൽ അവൻ പറഞ്ഞു;

“ രാവിലെ എടുത്ത ഒരു പയന്റിന്റെ ബാക്കിയൊരല്പം കൂടി റൂമിലിരിക്കുന്നു. അതും കൂടിയങ്ങ് തീർത്താൽ പിന്നെ സമാധാനമായല്ലോ! കാറ് വർക്ക്ഷോപ്പിലാണ്; ചെറിയൊരുപണി. ഞാനിതാ വരുന്നു. നീയിവിടെ നില്ല്”!

എന്നിത്രയും പറഞ്ഞ് വന്ന വേഗതയിൽ അവൻ അവന്റെ റൂമിലേയ്ക്ക് കയറി പോയി. അപ്പോ അതാണവന്റെ അത്യാവശ്യം.

അല്പനിമിഷങ്ങൾക്കുള്ളിൽ മോഹനചന്ദ്രൻ ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു വന്ന് എന്നോടൊപ്പം നാട്ടുവിശേഷങ്ങളും പറഞ്ഞ് വാക്കിംഗ് തുടങ്ങി!

നോക്കണേ നമുക്കിടയിലൂടെ തിരക്കിട്ടുപായുന്നവരിൽ ചിലരുടെ അത്യാവശ്യങ്ങൾ!

Sunday, November 13, 2011

ചത്ത പാമ്പും കുട്ടിപ്പടക്കാരും

ചത്ത പാമ്പും കുട്ടിപ്പടക്കാരും

(ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാ.............)

വൃശ്ചികമാസത്തോടറ്റുക്കുമ്പോൾ കാലാവസ്ഥയിൽ വരുന്ന മാറ്റം ഈയുള്ളവനിൽ അല്പംചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അത് വരാതിരിക്കാൻ എന്തെങ്കിലും മുൻ കരുതലുകൾ എടുക്കണമെന്ന് എല്ലാ വർഷവും വിചാരിക്കും. ഓരോ വർഷവും ഈ സമയത്ത് എന്തെങ്കിലും ശാരീരികാസ്വസ്ഥതകൾ വന്നുകൂടുമ്പോൾ മാത്രമാകും വൃശ്ചികമാസമായി എന്ന് മനസിലാകുക. സാധാരണ ഒരു മൂക്കടപ്പും ജലദോദോഷവും തൊണ്ടയിൽ ഒരു തരം കിരുകിരുപ്പുമൊക്കെയായിട്ടാണ് ഈ “വൃശ്ചികമാസത്തിലെ അസ്വസ്ഥത” കടന്നുവരിക. ഇത്തവണ പക്ഷെ അത് ജലദോഷമായിട്ടല്ല, അല്പം കൂടി കടുത്ത ചില പ്രതികരണങ്ങളാണ് ശരീരത്തിലുണ്ടാക്കിയത്. ഒരു ദിവസം തിരുവനന്തപുരത്ത് ഒരു പരിപാടി കഴിഞ്ഞ് ബസിലിരുന്ന് കാറ്റും തണുപ്പുമൊക്കെക്കൊണ്ട് രാത്രി ഏറെ ഇരുട്ടി വീട്ടിൽ വന്നു കിടന്നതിന്റെ അന്നാണ് ഇത്തവണത്തെ ദേഹാസ്വാസ്ഥ്യം പ്രകടമായത്. വല്ല്ലാത്തൊരു ശരീര വേദനയും മറ്റും. ശരീരം ഒരുമാതിരി വറട്ടിയെടുക്കുന്നതുപോലെയും. പക്ഷെ ഇത് കാലാവസ്ഥയിലെ മാറ്റം കൊണ്ടാണെന്നോ വൃശ്ചികമാസത്തിലെ അസ്വസ്ഥതയാണെന്നോ മനസിലായില്ല. പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടാണ് അത് മനസിലായത്.

പറഞ്ഞതുപോലെ ഇത്തവണ ചെറിയൊരു ജലദോഷമായല്ല, ചുണ്ടിനടുത്ത് രണ്ട് കുരുക്കൾ, ഞരമ്പുകളടക്കം ശരീരമാസകലം പടരുന്നപോലത്തെ ഒരു വേദന, വയറിൽ ഒരു വല്ലാത്ത നൊമ്പലം, വയറു മുടക്ക്, മൂക്കിലും തൊണ്ടയിലുമൊക്കെ അല്പമാത്രം കിരുകിരുപ്പ്, പനിയുടെ ചില സൂചനകൾ അങ്ങനെ പലപല രോഗലക്ഷണങ്ങൾ ഒരുമിച്ച് ബാധിച്ചു. അല്ലെങ്കിൽത്തന്നെ വയറിന്റെ വലതുവശത്ത് ചെറിയൊരു വേദന കുറച്ചുകാലമായി സാരമാക്കാതെ കൊണ്ടു നടക്കുന്നുണ്ട്. ഇതൊന്നും സഹിക്കാൻ കഴിയുന്നതിനപ്പുറം ആയിട്ടില്ലെങ്കിലും ചെറുതായി ഒന്നു പേടിപ്പെടുത്തുന്നുണ്ട്. ഒന്നു രണ്ടു ദിവസമായി വീട്ടിൽ ഇടവിട്ടിടവിട്ട് കിടന്ന് റെസ്റ്റ് എടുക്കുകയാണ്. കുറച്ചു ദിവസം കൂടി ഈ ബെഡ് റെസ്റ്റും ചെയർ റെസ്റ്റും നീട്ടേണ്ടി വരുമെന്നു തോന്നുന്നു. നാട്ടിലാകെ മഞ്ഞക്കാമല പടർന്നു പിടിക്കുന്നതായി ഇതിനകം മനസിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ആ വഴിയ്ക്ക് ഒരു ഉൽക്കണ്ഠ പിടി കൂടാതിരുന്നില്ല. കഴിഞ്ഞ ദിവസം സുഹൃത്തായ അമ്പുവിനെയും കൊണ്ട് അടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർ ഷേണായി നമ്മുടെ പ്രദേശത്തുനിന്ന് പലരും മഞ്ഞക്കാമല ബാധിച്ച് അവിടെ ആ ആശുപത്രിയിൽ എത്തിയിട്ടുള്ളതായി പറയുകയും മഞ്ഞക്കാമല ഈ പ്രദേശങ്ങളിൽ വ്യാപകമാകുന്നതായി ഉൽക്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളത്തിൽ നിന്നുണ്ടാകുന്ന മഞ്ഞൽക്കാമലയാണെന്നും ഡോക്ടർ പറഞ്ഞു. ഞാൻ അപ്പോൾ നമ്മുടെ അറിവിൽ നമ്മുടെ വീടുകൾക്കടുത്തൊന്നും ഈ രോഗം ആർക്കെങ്കിലും വന്നാതായി അറിയില്ലെന്നാണ് പറഞ്ഞത്.

എന്നാൽ അതിനുശേഷം അമ്പുവിനു ചില ടെസ്റ്റുകളൊക്കെ നടത്താൻ ആശുപത്രിയിൽ കറങ്ങി നടക്കുമ്പോഴുണ്ട് നമ്മുടെ പരിസരത്തൊക്കെയുള്ള പലരും അവിടെ അഡ്മിറ്റാണെന്ന് അറിഞ്ഞു. ഒരാളെ കയറി കാണുമ്പോൾ തൊട്ടടുത്തും സമീപ വാർഡുകളിലും ഒക്കെ പരിചയക്കാരും നാട്ടുകാരുമായ പലരും കിടക്കുന്നു. മിക്കവർക്കും മഞ്ഞക്കാമല. ഈ രോഗം കൂടുതലായി ബാധിച്ചത് നമ്മുടെ അടുത്ത പ്രദേശത്ത് കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന ചില പ്രദേശങ്ങളിലാണ്. പ്രത്യേകിച്ചും നിലമേൽ പ്രദേശം. തിരുവനന്തപുരം-കൊല്ലം ജില്ലകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് നമ്മുടെ വാസസ്ഥലം. നിലമേൽ ജംഗ്ഷനിലുള്ള ഒരു കിണർ ആരോഗ്യ വകുപ്പ് അധികൃതർ വന്ന് പരിശോധിച്ച് അടച്ചിട്ട് സീലും വച്ചു പോയതായും പിന്നീടറിഞ്ഞു. ആ കിണറിൽ നിന്നായിരുന്നു ചില ഹോട്ടലുകളിൽ വെള്ളം എടുത്തിരുന്നത്. തട്ടത്തുമലയിലും പലർക്കും ഈ രോഗം ഉണ്ടായി പല ആശുപത്രികളിൽ ആയി. പോരാത്തതിന് കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന മറ്റ് ചില അല്ലറ ചില്ലറ രോഗങ്ങളും.

എന്തായാലും ഞാൻ രണ്ടു ദിവസമായി ആശുപത്രിയിൽ പോകണോ പോകണ്ടെയോ, ഇന്നു പോകണോ നാളെ പോകണോ മറ്റന്നാൾ പോകണമോ എന്ന ആലോചനയിൽ വീട്ടിൽ വിശ്രമത്തിലും അല്പംചില സ്വന്തം ചികിത്സകളിലുമാണ്. സ്വന്തം മരുന്നുകളൊക്കെ അവനവന്റെ ശരീരത്തിൽ തന്നെ പരീക്ഷിക്കുന്നതാണല്ലോ അതിന്റെ ഒരു മര്യാദ! സ്വയം കുറിപ്പടി എഴുതിനൽകി വാങ്ങിയ പാരസൈറ്റാമോൾ, വയറിന്റെ ഐശ്വര്യത്തിന് ഉപ്പും പഞ്ചസാരയുമിട്ട ചൂടുവെള്ളംകുടി, കട്ടൻ ചായയിൽ നാരങ്ങാ പിഴിഞ്ഞൊഴിച്ച് കഴിക്കൽ, ഗ്ലൂക്കോസു കലക്കിക്കുടിക്കൽ , ആവി പിടിയ്ക്കൽ, കിടപ്പ്, എഴുന്നേൽക്കൽ ഇങ്ങനെയൊക്കെയാണ് സ്വയംചികിത്സ. അയ്യുർവ്വേദവും അലോപ്പതിയും ഹോമിയോയും ഒക്കെക്കൂടി സമം ചേർത്ത ഒരു സ്വയംചികിത്സാ പദ്ധതിയാണിത്. പേറ്റെന്റൊന്നും ഇല്ല. പാരമ്പര്യമായി പകർന്നുകിട്ടിയ നാട്ടറിവുകളാണ്. ആർക്കും പരീക്ഷിക്കാം. സ്വയം ചികിത്സയായതുകൊണ്ട് അസുഖം കുറഞ്ഞതായി തോന്നാതിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അല്പം ആശ്വാസമുണ്ടെന്ന് സ്വയം മനസിനെക്കൊണ്ട് സമ്മതിപ്പിച്ച് കഴിയുകയായിരുന്നു.

അങ്ങനെ ഇന്ന് ( 2011 നവംബർ 12) സന്ധ്യകഴിഞ്ഞും അല്പം കിടപ്പിന്റെ സുഖം അനുഭവിച്ചുകൊണ്ട് കിടക്കുമ്പോൾ സന്ധ്യ ഇരുട്ടുന്ന സമയത്ത് വീട്ടിനു മുമ്പിൽ റോഡിൽ ചില അടിയും വിളിയുമൊക്കെ കേട്ട് ചാടിയെഴുന്നേറ്റു. കാര്യം എനിക്ക് പിടികിട്ടിയിരുന്നു. റോഡിൽവച്ച് ഒരു പാമ്പിനെക്കണ്ട് അതിനെ ആരോ നിഷ്കരുണം അടിച്ചു കൊല്ലുകയാണ്. പല ദിവസവും എന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ആ പാമ്പ് തന്നെയാകണം. എന്റെ കൈകൊണ്ട് സമാധാനപരമായി തല്ലും തലോടലും ഏറ്റ് സുഖമായി മരിക്കാനായിരുന്നില്ല അതിന്റെ വിധി; കണ്ണിൽകണ്ട നാട്ടുകാരുടെ കൂട്ടത്തല്ലുകൊണ്ട് കിടന്ന് പുളഞ്ഞ് മരിക്കാനായിരുന്നു! ഏതായാലും ഞാൻ ഉടൻ തന്നെ ടോർച്ചുമെടുത്ത് അങ്ങോട്ടേയ്ക്കു കുതിച്ചു. അപ്പോൾ ഒരു ആട്ടോയിൽ വരികയായിരുന്ന നമ്മുടെ നാട്ടുകാർതന്നെയായ സുരേഷും ആട്ടോഡ്രൈവർ ബാബുവും കൂടി സംയുക്തമായി പാമ്പിനെ അടിച്ച് ചതച്ച് മുക്കാലും കൊന്നിരുന്നു.

ഒന്നു രണ്ട് മൂർഖൻപാമ്പിനെ ഈ ഭാഗത്തു നിന്ന് അടുത്തിടെ തന്നെ അടിച്ചു കൊന്നിട്ടുള്ളതാണ്. അവർ ഇവിടെ കൂട്ടു കുടുംബമായി കഴിയുന്നുണ്ട്. രണ്ടുവട്ടം റോഡിൽ വച്ച് ഒരു കൂറ്റാനെ കാണുകയും കമ്പും കൊല വിളിയുമായി നമ്മൾ എത്തുമ്പോഴേയ്ക്കും അതി വിദഗ്ദ്ധമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. ആ സാധനം തന്നെയാകണം ഇത. പക്ഷെ ഇത് വേറെ ഒരു ഒന്നൊന്നാംതരം സാധനം.ചേനത്തണ്ടനാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സാക്ഷാൽ അണലിയാണ് ചത്തു മലച്ച് കിടക്കുന്നതെന്ന് പിന്നെ സ്ഥിരീകരിച്ചു. ആദ്യം നടന്നുവന്ന ഒരു യാത്രക്കാരനും തൊട്ടു പുറകേ വന്ന ഒരു ആട്ടോ റിക്ഷയ്ക്കും കുറുക്കുവയ്ക്കുകയായിരുന്നു ഈ പാമ്പ് കൂറ്റൻ (അതോ കൂറ്റാത്തിയോ). നടയാത്രക്കാരൻ പേടിച്ച് പിന്നോട്ടോടി. ആട്ടോ നിർത്തി അതിൽ വാന്നിരുന്നവർ സുരേഷും ആട്ടോ ഡ്രൈവർ- ബാബുവും കൂടിയാണ് സാധനത്തിനെ വകവരുത്തിയത്. ചുറ്റുമുള്ള ആളുകളും അതു വഴി പോയ വാഹനങ്ങൾ നിർത്തി അവയിലെ യാത്രക്കാരുമൊക്കെ ആരവത്തോടെ ആ അണലിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കടന്നുപോയി.

ഇതിനിടയിൽ അവനെ ഒന്നു കുഴിച്ചിടാൻ ഞാൻ പോയി മൺ വെട്ടിയെടുത്തുകൊണ്ടുവന്നു. അത് ഊരിപോയതിനാൽ കുന്താലി എടുത്തുകൊണ്ടു വരാൻ ഞാൻ അവിടെ ഉണ്ടായിരുന്ന അടുത്ത വീട്ടിലെ ഒരു എട്ടാം ക്ലാസ്സുകാരൻ പയ്യനോട് പറഞ്ഞു. അവൻ “ഒരു മിനുട്ട് പ്ലീസ്“ എന്നു പറഞ്ഞ് ഓടികയറിയത് അവന്റെ വീട്ടിലേയ്ക്ക്. ഞാൻ കരുതി അവിടെ നിന്ന് കുന്താലി എടുക്കാനായിരിക്കുമെന്ന്! അല്ല, അവൻ ക്യാമറാമൊബൈൽ എടുക്കാൻ പോയതാണ്. എന്നിട്ട് പിന്നെ നമ്മുടെ വീട്ടിൽ കയറി കുന്താലിയുമായി വന്നു. അപ്പോഴേയ്ക്കും “വൺ മിനുട്ട് പ്ലീസ്“ എന്നും പറഞ്ഞ് അടുത്ത വീട്ടിലെ സഹോദരങ്ങളായ ഒരു നാലാം ക്ലാസ്സുകാരിയും, ഒരു പ്ലസ്ടൂക്കാരിയും വീഡിയോയും സ്റ്റില്ലും ഒക്കെ എടുക്കാൻ അവരവരുടെ മൊബെയിൽ ഫോണുകളുമായി രക്ഷകർത്താക്കളെയും കൂട്ടി എത്തുകയായി. പിന്നെ അടുത്ത വേറെയും ചില വീടുകളിൽ നിന്ന് ഒരു കുട്ടിപ്പടതന്നെ ഇറങ്ങിവന്നു. എല്ലാവരുടെ കൈയ്യിലും മൊബെയിലുകൾ! ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാ!

പിന്നെ ചില മുതിർന്നവരും കുട്ടികളെ അനുകരിക്കുവാനായി അവരുടെ മൊബെയിലുകൾ കൈയ്യിലെടുത്തു. അതുവഴി വന്ന് നിർത്തിയ ഏതാനും ആട്ടോകൾ ബൈക്കുകൾ, കാറുകൾ എന്നിവയിൽ ഒരു അട്ടൊയുടെയും ഒരു ബൈക്കിന്റെയും ലൈറ്റുകൾ പാമ്പിനുനേരേ തെളിച്ചു. ഒപ്പം ഞാനടക്കം ചിലർ തങ്ങളുടെ ടോർച്ചുകളും പാമ്പിനോടടുത്ത് നിന്ന് തെളിച്ചുകൊടുത്തു. പാമ്പിനെ അടിച്ചുകൊന്ന സുരേഷ് അതിനെ കമ്പിനു കുത്തിയെടുത്തും തറയിൽ തിരിച്ചും മറിച്ചും ഇട്ടും കുട്ടികളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഷൂട്ടിംഗ് വിജയിപ്പിച്ചു. ശേഷം ഇതെല്ലാം ഒരാഘോഷമാക്കിയ സുരേഷ്തന്നെ റോഡരികിൽ കുന്താലിക്ക് ഒരു ചെറുകുഴിയെടുത്ത് വൻജനാവലിയുടെയും അവരിൽ ചിലരുടെ ആചാര വെടികളുടെയും (കമന്റുകൾ) അകമ്പടിയോടെ അണലിയുടെ മൃതുദേഹം സംസ്കരിച്ചു.

Sunday, October 23, 2011

കനിവ്

കഥയൊന്നിത് കഥയായിട്ടല്ല, കാര്യമായി പറയുകയാണ്. ഈ കഥയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായോ അവരുടെ ജീവിതവുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ ഇക്കഥ വായിച്ച നിങ്ങൾ എന്റെ നാട്ടുകാരിൽ ആരെങ്കിലുമായിരിക്കും! അതെന്റെ കുറ്റമല്ല.

കനിവ്

അടുത്ത സുഹൃത്തായ ശശികുമാർ ഒരു വിസക്കാര്യം വന്നുപറയുമ്പോൾ വേണ്ടെന്ന് പറഞ്ഞതാണ് ഈ കഥയിലെ പ്രധാന കഥാപാത്രമായ ബാലചന്ദ്രൻ. കാരണം പണത്തിന്റെ പ്രശ്നം തന്നെ. ഈ വിസയ്ക്ക് പ്രത്യേകിച്ച് കാശൊന്നും നൽകേണ്ടതില്ലെങ്കിലും ടിക്കറ്റും മറ്റ് അല്ലറ ചില്ലറ കമ്മീഷൻ ചെലവുകളും മറ്റുമായി നാല്പതിനായിരം രൂപ വേണം. ശശികുമാറിന്റെ പരിചയക്കാരൻ ഒരാൾ മുഖാന്തരമാണ് ഈ വിസ തരപ്പെടുന്നത്. അന്വേഷിച്ചപ്പോൾ ശങ്കർദാസിന്റെ അകന്ന ബന്ധത്തിൽ ദുബായിൽ ഉള്ള ഒരാളുടെ കടയിൽ ഒരു കൈയാളായി ജോലിനോക്കാനാണ്. ദുബായിൽ പുള്ളിയെ വിളിച്ച് ചോദിച്ച് വിസയുടെ വിശ്വാസ്യത ഉറപ്പിച്ചശേഷം കൂ‍ട്ടുകാരനായ ബാലചന്ദ്രനെ കയറ്റി വിടാമെന്നു കരുതിയതാണ് ശശികുമാർ.സ്കൂളിൽ പഠിച്ചികൊണ്ടിരിക്കുന്ന പ്രായമായിവരുന്ന രണ്ട് പെൺകുട്ടികളുടെ പിതാവാണ് ബാലചന്ദ്രൻ.

നാട്ടിലെ പത്തിരുപതിനായിരം രൂപാ സകല ചെലവും കഴിഞ്ഞ് ലഭിക്കുന്ന ഒരു ജോലിയാണ് ഈ വിസയിൽ കയറി പോയാൽ ദുബായിൽ ലഭിക്കുക. എങ്ങനെയെങ്കിലും ദുബായിലെത്തി ഈ ജോലിയിൽ കയറിയാൽ ബാലചന്ദ്രന്റെ കുടുംബത്തിന് അത് ഒരു നല്ല ആശ്വാസമായിരിക്കും. ഇപ്പോൾ താമസിക്കുന്ന ചെറിയൊരു വീടും പത്ത് സെന്റ് പുരയിടവും മാത്രമാണ് ബാലചന്ദ്രന്റെ കൊച്ചു കുടുംബത്തിന് ആകെയുള്ളത്. ഭാര്യയാകട്ടെ ഇടയ്ക്ക് പറമ്പിൽ ഒരു പൊക്കമ്പുറത്തുനിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ് കുറെക്കാലം ചികിത്സയിലുമായിരുന്നു. അതുകാരണം കുറെ പണം കടത്തിലുമായി. അതൊക്കെ ഒരു വിധം വീട്ടി വരുന്നതേയുള്ളൂ. ഈ വിസയിൽ കയറി പോയാൽ ഒക്കെ നേരേ ആകും. വിസ കൊണ്ടുവന്നയാൾ ഇത് മറ്റാർക്കെങ്കിലും കൊടുക്കുമായിരുന്നു. ഇത് എങ്ങനെയോ മണത്തറിഞ്ഞ് ഈ കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ അറിയാവുന്ന ശശികുമാർ അത് ബാലചന്ദ്രനു വേണ്ടി തരപ്പെടുത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ഒരു യാത്ര പോയാൽ കൊള്ളാമെന്ന് ബാലചന്ദ്രൻ ശശി കുമാറിനോടും മറ്റും പറഞ്ഞിട്ടുള്ളതാണ്.

പക്ഷെ ഉടനെ നാല്പതിനായിരം രൂപ സംഘടിപ്പിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമുള്ള കാര്യമല്ല. ഒരു പവന്റെ സ്വർണ്ണം പോലും ഇപ്പോൾ ഭാര്യയുടെയോ മക്കളുടെയോ കൈയ്യിലോ കഴുത്തിലോ കാതിലോ ഇല്ല. ഒക്കെ പണയത്തിലാണ്. കുറച്ചൊക്കെ ഭാര്യയുടെ ചികിത്സാർത്ഥം വിറ്റും പോയി. അതുകൊണ്ടിപ്പോൾ ഈ ഗൾഫ് ചാൻസ് നിരസിക്കുകയല്ലാതെ ബാലചന്ദ്രന് മറ്റ് നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഇന്നും നാളെയുമായി ഒന്നു ശ്രമിച്ചു നോക്കുവാൻ നിർബന്ധം ചെലുത്തിയിട്ടാണ് ശശികുമാർ പോയത്. പതിനയ്യായിരം രൂപാ അദ്ദേഹംതന്നെ പലിശയ്ക്കെടുത്തു നൽകാമെന്നും പറഞ്ഞു. ബാക്കി ഉണ്ടാക്കണം. നാളെക്കഴിഞ്ഞാൽ ഈ വിസ മറ്റാർക്കെങ്കിലും കൊടുക്കാൻ പറയുകയേ നിവൃത്തിയുള്ളൂ. കാരണം പത്ത് ദിവസത്തിനുള്ളിൽ ആളെ കയറ്റി വിടണമെന്നാണ് ദുബായിൽ നിന്നും പറഞ്ഞിരിക്കുന്നത്.

മുമ്പ് ദുബായിൽ നിന്നിട്ടുള്ള പരിചയം ഉള്ളവർക്കായിരുന്നു മുൻഗണന. ദുബായിയിൽ ബാലചന്ദ്രൻ മുമ്പ് പോയിട്ടില്ല. എങ്കിലും ശശികുമാർ ഇടപെട്ട് ആ വ്യവസ്ഥയിൽ ഒരിളവ് വാങ്ങിയതാണ്; ദുബായിയിൽ മുമ്പ് നിന്നിട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന്. പത്തിരുപത് വയസുള്ളപ്പോൾ മൂന്നുമാസം സൌദിയിൽ ചെന്ന് പറഞ്ഞ ജോലിയൊന്നും കിട്ടാതെ കഷ്ടപ്പെട്ട് മുടക്കിയ കാശും പോയി മടങ്ങിവന്ന മുൻപരിചയം ബാലചന്ദ്രനുണ്ട്. അന്നേ ഗൾഫിലേയ്ക്കിനിയില്ലാ എന്ന് ശപഥം ചെയ്തതാണ്. നാട്ടിലെ മൺ വെട്ടിപ്പണിയാണ് അതിലും ഭേദമെന്ന് അന്നേ മനസിൽ ഉറച്ചതാണ്. പക്ഷെ ശപഥമൊക്കെ തിരുത്താൻ സാഹചര്യങ്ങളുടെ സമ്മർദ്ദം ധാരാളമുണ്ട്. പക്ഷെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി വച്ച് ഇപ്പോൾ ഈ യാത്ര നടക്കുമെന്നു തോന്നുന്നില്ല.

വീട്ടിൽ ഭാര്യ ശ്യാമളയോട് ഈ പുതിയ വിസാക്കാര്യം ബാലചന്ദ്രൻ ചർച്ച ചെയ്തു. ഇരുന്നും നടന്നും രാത്രി തിരിഞ്ഞുമറിഞ്ഞും കിടന്നിട്ടും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് നേരം വെളുപ്പിക്കാനല്ലാതെ ഇരുപത്തയ്യായിരം രൂപാ സംഘടിപ്പിക്കുവാൻ ഇപ്പോൾ ഒരു നിവൃത്തിയുമില്ല. ഒരുമാതിരി സ്വാതന്ത്ര്യമുള്ളവരോടൊക്കെ ശ്യാമള ആശുപത്രിക്കിടക്കയിലായിരുന്നപ്പോൾ ബാലചന്ദ്രൻ പണം കടം വാങ്ങിയിട്ടുണ്ട്. ഇനിയും ചിലർക്ക് വാങ്ങിയ പണം മടക്കി നൽകാനുമുണ്ട്. ബാലചന്ദ്രൻ കൂലിവേല ചെയ്തുണ്ടാക്കുന്ന പണമല്ലാതെ മറ്റൊരു വരുമാ‍നവുമില്ലല്ലോ. ശ്യാമളയുടെ വീട് പട്ടിണിക്കുതുല്യമാണ്. അവിടെ ആരോടും ചോദിക്കുവാനില്ല. പിന്നെയുള്ളത് ബാലചന്ദ്രന്റെ ബന്ധുജനങ്ങളാണ്. അവരിൽ മിക്കവാറും എല്ലാവരും നല്ല കാശുകാരായിട്ടുണ്ട്. സർക്കാർ ജോലിയുള്ളവർ, ഗൾഫുകാർ ഒക്കെ. പക്ഷെ അവരെയൊന്നും അങ്ങോട്ടു ചെന്ന് ബുദ്ധിമുട്ടിയ്ക്കുവാൻ ബാലചന്ദ്രൻ പോകാറില്ല. രണ്ടുമാസക്കാലം തന്റെ ഭാര്യ കാലൊടിഞ്ഞ് ആശുപത്രിയിലായിരുന്നിട്ട് എന്തെങ്കിലും ഒരു സഹായം ആരിൽ നിന്നും ലഭിച്ചിട്ടില്ല. പലരും ഒന്നു തിരിഞ്ഞു നോക്കിയിട്ട് കൂടിയില്ല. എന്നാൽ അവരിൽ പലരുടെയും വീട്ടിൽ കൂലിവേലകൾ ചെയ്യുന്നതാണ് ബാലചന്ദ്രൻ.

ബന്ധുക്കളുടെയൊക്കെ വീട്ടിൽ ശ്യാമളയും മിക്കപ്പോഴും ചെന്ന് പ്രതിഫലേച്ഛകൂടാതെ തന്നെ ചില്ലറ ജോലികളൊക്കെ ചെയ്തുകൊടുത്തിരുന്നു. അതിനൊന്നും കൂലിപറഞ്ഞ് പണം പറ്റിയിരുന്നില്ല. വിശേഷ ദിവസങ്ങൾ വല്ലതുമുണ്ടെങ്കിൽ അവരൊക്കെ ശ്യാമളയെ പ്രത്യേകം ക്ഷണിക്കാറുണ്ടായിരുന്നു. സ്നേഹം കൊണ്ടല്ല, വല്ല ജോലിയും ചെയ്യുമല്ലോ എന്നു കരുതിയാണ്. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ശ്യാമള ബന്ധു വീടുകളിൽ ചെന്ന് സഹായിച്ചു പോന്നു. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ സഹായിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ എന്ന് മനസിൽ വിചാരിച്ചിട്ടുകൂടിയാണ് ശ്യാമള ഈ സഹായമൊക്കെ പോയി ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ കുടുംബത്തിൽ എന്തു പ്രശ്നമുണ്ടായാലും അവരിൽ ആരിൽനിന്നും ആളായിട്ടോ പണമായിട്ടോ ഒരു പിടി അരിയായിട്ടോ ഒരു സഹായങ്ങളും ലഭിക്കില്ലെന്നതിന് പലപല അനുഭവങ്ങൾ ഉണ്ടായിട്ടും ശ്യാമള ബന്ധുവീടുകളിൽ പോയി പല ജോലികളും ചെയ്തുവന്നു. ചിലപ്പോൾ എന്തെങ്കിലും ആരെങ്കിലും കൊടുത്താലായി. ഇല്ലെങ്കിലില്ല. ബാലചന്ദ്രനും മിക്കവാറും ജോലിയ്ക്ക് പോയിരുന്നത് കൂടുതലും ബന്ധു വീടുകളിലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയവും കൂടുതൽ ആത്മാർത്ഥമായും ബാലചന്ദ്രൻ പറമ്പുകളിൽ പണിയെടുത്തിരുന്നു. എന്നാൽ അതുകൊണ്ട് കൂടുതലെന്തെങ്കിലും പ്രയോജനമൊട്ട് ഉണ്ടായിരുന്നുമില്ല. നാട്ടുകാരാണെങ്കിൽ ബന്ധുക്കളേക്കാൾ പരിഗണന ബാലചന്ദ്രനു നൽകിയിരുന്നു.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ ഒരു വലിയച്ഛനായി വരും. റബറും തേങ്ങയുമൊക്കെ ഉള്ള ഒരു കർഷക മുതലാളി. മക്കൾ മൂന്നുപേർ ഗൽഫിൽ പോയി വലിയ സമ്പാദ്യക്കാരായതോടെ ചന്ദ്രദാസൻ മുതലാളിയുടെ പ്രതാപം കുറച്ചുകൂടി വർദ്ധിച്ചു. മുതലാളിപ്പട്ടം കുറച്ചുകൂടി സ്ട്രോങ്ങായി. ചന്ദ്രദാസൻ മുതലാളിയുടെ പറമ്പിലെ പണിയെല്ലാം ബാലചന്ദ്രന്റെ മേൽനോട്ടത്തിലാണ് നടക്കാറ്. ശ്യാമളയും അവിടെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്. വല്ലതും തിന്നാൽ കിട്ടിയാലായി. വല്ലപ്പോഴുമൊക്കെ പത്തോ നൂറോ രൂപാ ആവശ്യമായി വന്നാൽ ചന്ദ്രദാസിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയിൽ നിന്ന് കടം വാങ്ങാറുണ്ട് എന്നതിലപ്പുറം ബാലചന്ദ്രന്റെ വീട്ടിൽ നിന്നും അവർക്ക് വലിയ അലോസരമൊന്നും ഉണ്ടായിരുന്നില്ല. അതൊക്കെ അധികം താമസം വരാതെ മടക്കിനൽകാറുമുണ്ട്. എപ്പോഴും അവർ നല്ല സഹകരണത്തിലുമായിരുന്നു. ബലചന്ദ്രന്റെ മക്കളും ചന്ദ്രദാസിന്റെ ചെറുമക്കളുമൊക്കെ നല്ല ചങ്ങാത്തക്കാരാണ്. സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചാണ്.

ചന്ദ്രദാസൻ മുതലാളിയുടെ ഒരേയൊരു മകളും ഭർത്താവും ഗൾഫിലാണ്. മകളുടെ രണ്ട് പെണ്മക്കൾ ചന്ദ്രദാസിന്റെ വീട്ടിൽത്തന്നെ ഉണ്ട്. ആ ചെറുമക്കളിൽ മൂത്തവൾ ഒരുത്തി എം.ബി എയ്ക്കും മറ്റൊരുത്തി എഞ്ചിനീയറിംഗിനും പഠിക്കുന്നുണ്ട്. ആണ്മക്കളിൽ ഒരാളുടെ ഭാര്യയും രണ്ട് മക്കളും ചന്ദ്രദാസിന്റെ വീട്ടിൽതന്നെ. ഒരു മകൻ കുടുംബമായിത്തന്നെ അബൂദാബിയിൽ ആണ്. അവിവാഹിതനായ ഒരു മകൻ കൂടി ഗൽഫിൽ ഉണ്ട്. ചന്ദ്രദാസിന്റെ കുടുംബത്തിനു വേണമെങ്കിൽ ബാലചന്ദ്രന്റെ കുടുംബത്തെ കൈപിടിച്ചുയർത്താം. പക്ഷെ അത്രയൊന്നും കുടുംബസ്നേഹം ഉണ്ടായില്ല എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ ചന്ദ്രദാസിന്റെ ചെറുമക്കളൊക്കെ അല്പം സഹജീവീയ സ്നേഹം ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ബാലചന്ദ്രന്റെ മക്കൾക്ക് മുതിർന്നവർ അറിയാതെ ചില ചില്ലറ സഹായങ്ങളും വാത്സല്യവും ഒക്കെ അവരിൽ നിന്നും ലഭിച്ചിരുന്നുതാനും.

നേരം പുലർന്നപ്പോൾ ബാലചന്ദ്രനും ഭാര്യ ശ്യാമളയും കൂടി ഒരു തീരുമാനത്തിൽ എത്തി.ആരെയും ബുദ്ധിമുട്ടിക്കാതെ ആർക്കും എക്കാലവും ജീവിക്കാൻ കഴിയില്ലല്ലോ. അഭിമാനം മാത്രം നോക്കിയിരുന്നാൽ ജീവിതത്തിൽ വരാനിരിക്കുന്ന പല സൌഭാഗ്യവും നഷ്ടപ്പെട്ടും പോകും. അല്പം അഭിമാനം പോയാലും വേണ്ടില്ല. കൈയ്യിൽ വന്ന അവസരം പാഴാകാതിരിക്കാൻ ആകെകൂടി കണ്ട ഒരു വഴി; അതൊന്നു ശ്രമിക്കാമെന്നു കരുതി. മറ്റൊന്നുമല്ല. ചന്ദ്രദാസൻ വലിയച്ഛനോട് ഇരുപത്തയ്യായിരം രൂപാ കടം ചോദിക്കുക. മറ്റാരുമല്ലല്ലോ. വകയിലാണെങ്കിലും വലിയച്ഛനാണല്ലോ? അവർ അത് അത്ര അങ്ങോട്ട് അംഗീകരിക്കുന്നില്ലെങ്കിലും! ഭാര്യ തന്നെയാണ് ആ നിർദ്ദേശം മുന്നോട്ട് വച്ചത്. ബാക്കി പതിനയ്യായിരം ശശികുമാർ ഒരു പലിശക്കാരനിൽ നിന്നും വാങ്ങിക്കൊടുക്കാമെന്ന് ഏറ്റിട്ടുള്ളതുമാണ്. മടിച്ചു മടിച്ചാണെങ്കിലും ബാലചന്ദ്രൻ ഭാര്യയുടെ ഉപദേശം സ്വീകരിച്ചു. ഇന്നും കൂടി സമയമുണ്ടല്ലോ. എന്തായാലും രാത്രി പോയി ചോദിച്ചാൽ മതിയെന്ന് തീരുമാനിച്ച് ബാലചന്ദ്രൻ രാവിലെ പണിസ്ഥലത്തേയ്ക്ക് പോയി. വൈകുന്നേരം മടങ്ങിവന്ന് കുളിച്ച് വൃത്തിയായി ചന്ദ്രദാസൻ മുതലാളിയുടെ വീട്ടിലേയ്ക്ക് പോയി.

അവിടെ ചന്ദ്രദാസിന്റെ വീട്ടിൽ എല്ലാവരും സകുടുംബം റ്റി.വി കണ്ട് ഉല്ലസിച്ചിരിക്കുമ്പോഴായിരുന്നു ബാലചന്ദ്രന്റെ അത്ര പതിവില്ലാത്ത രാത്രിസന്ദർശനം. അതുകൊണ്ടുതന്നെ വല്ല വിശേഷവും കാണുമെന്നു കരുതി റ്റി.വി.യുടെ വോളിയം കുറച്ചു. അല്പനേരം കുശലപ്രശ്നത്തിനുശേഷം ബാലചന്ദ്രൻ കാര്യം അവതരിപ്പിച്ചു. പറഞ്ഞുവരുന്നത് കാശിന്റെ ആവശ്യത്തിലേയ്ക്കാണെന്ന് മനസിലായപ്പോൾ ചന്ദ്രദാസൻ വലിയച്ഛന്റെയും ഭാര്യ ലക്ഷ്മിക്കുട്ടിയുടെയും മുഖം വാടിവരുന്നത് ബാലചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. ഇരുപത്തയ്യായിരം രൂപാ കടം ചോദിച്ചതും കണവൻ കണവിയുടെ മുഖത്തേയ്ക്ക് നോക്കി. അല്പസമയം ആ മുറിയിലാകെ ഒരു നിശബ്ദത ഉരുണ്ടുകൂടി. ഇരുപത്തയ്യായിരം രൂപാ കടം കൊടുത്താൽ അത് തിരിച്ചു കിട്ടാതിരിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ചല്ലാതെ അതുംകൊണ്ടു പോയി രക്ഷപെട്ട് തങ്ങളുടെ കടവും വീട്ടി നല്ല സമ്പാദ്യക്കാരനായി ബാലചന്ദ്രൻ മടങ്ങി വരുന്നതിനെ പറ്റിയോ ബാലചന്ദ്രന്റെ കൊച്ചുകുടുംബം രക്ഷപ്പെടുന്നതിനെക്കുറിച്ചോ ഒന്നും ചിന്തിക്കാനുള്ള വിശാല മനസ്കത ചന്ദ്രദാസൻ മുതലാളിയുടെ മനസിൽ അപ്പോൾ ഉണ്ടായില്ല.

ചന്ദ്രദാസും ഭാര്യയും ആണ് വീട്ടിലെ സർവ്വാധികാര്യക്കാർ. അവരുടെ തീരുമാനമാണ് വലുത്. ചന്ദ്രദാസന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയല്ലാതെ യഥാർത്ഥത്തിൽ ഭാര്യയ്ക്കും മറ്റ് സ്വതന്ത്ര ചുമതലകളൊന്നുമില്ല. എങ്കിലും പേരിനു വേണ്ടി ചന്ദ്രദാസ് എല്ലാം ലക്ഷ്മിക്കുട്ടിയോട് ഒന്ന് ആലോചിച്ചെന്നു വരുത്തും. അല്പനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ചന്ദ്രദാസൻ മുതലാളിയുടെ ധനകാര്യമന്ത്രി ലക്ഷ്മിക്കുട്ടിയാണെന്ന മട്ടിൽ അവരോട് ചോദിച്ചു;

“വല്ലനിവൃത്തിയുമുണ്ടോ ലക്ഷ്മിക്കുട്ടീ” എന്ന്!

മറ്റാരുടെയെങ്കിലും കാര്യമായിരുന്നെങ്കിൽ ഇപ്പോൾ ഒരു രക്ഷയുമില്ലെന്ന് അർദ്ധശങ്കയ്ക്കിടയില്ലാത്തവിധം പറയാനുള്ള പരിശീലനം ചന്ദ്രദാസിൽ നിന്നും ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ ലഭിച്ചിട്ടുള്ളതാണ്. പക്ഷെ ഇത് ബന്ധുവും അയൽ വാസിയും സഹായിയുമായ ബാലചന്ദ്രന്റെ കാര്യമായതുകൊണ്ട് ലക്ഷ്മിക്കുട്ടി അല്പം ഒഴിഞ്ഞു മാറിയത് ഭർത്താവിനെ വെട്ടിലാക്കി.

“കാശുണ്ടോ ഇല്ലയോ എന്നൊക്കെ എന്നോട് ചോദിച്ചാൽ ഞാനെങ്ങനെ പറയും? നിങ്ങൾക്കല്ലേ അറിയൂ“

എന്ന് പറഞ്ഞ് ലക്ഷ്മിക്കിട്ടിയമ്മ തലയൂരി. ഇപ്പോൾ റബ്ബർവെട്ട് മുടങ്ങിക്കിടക്കുന്നതിനാൽ കൈയ്യിൽ കാശൊന്നുമില്ലെന്നും ഇനി അടുത്ത ഒഴി തേങ്ങായിടുമ്പോൾ വല്ല കാശോ കൈയ്യിൽ വന്നാലായി എന്ന് ഒരൊഴുക്കൻ മട്ടിൽ പറഞ്ഞൊഴിയാൻ ചന്ദ്രദാസൻ മുതലാളിയ്ക്ക് പ്രയാസമൊന്നുമുണ്ടായില്ല.

“തീരെയില്ലാത്തതുകൊണ്ടാണ്. മറ്റൊന്നും വിചാരിക്കരുത്. മറ്റെന്തെങ്കിലും മാർഗ്ഗം നോക്കൂ ബാലാ!” എന്ന് പറഞ്ഞ് ബാലചന്ദ്രനെ ഒഴിവാക്കുകയായിരുന്നു “നിർദ്ധനനായ” ചന്ദ്ര(ധന)ദാസൻ വലിയച്ഛൻ മുതലാളി!

പ്രതീക്ഷിച്ചതിനപ്പുറം ഒന്നും സംഭവിക്കാത്തതുകൊണ്ട് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ അല്പം ചില നല്ലവാക്കുകളും കുശലങ്ങളുമൊക്കെ പറഞ്ഞ് ബാലചന്ദ്രൻ വീട്ടിലേയ്ക്ക് മടങ്ങി. ഭാര്യയോട് വലിയച്ഛൻ മുതലാളിയുടെ ദാരിദ്ര്യാവസ്ഥ പറഞ്ഞ് അവർ ഒന്നു ചിരിക്കുകമാത്രം ചെയ്തിട്ട് ഒന്നും സംഭവികാത്തതുപോലെ ഭാര്യയും മക്കളുമായി ഉള്ളതും കഴിച്ച് സുഖമായി കിടന്നുറങ്ങി.

ബാലചന്ദ്രൻ പോയിക്കഴിഞ്ഞതും ചന്ദ്രദാസിന്റെ വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പതിവില്ലാതെ ചില അഭിപ്രായ സംഘർഷങ്ങൾ ഉണ്ടായി. അതിനു മുഖ്യ ഹേതുവായത് പേരക്കുട്ടി (ഒരേയൊരു മകൾ അബുദാബിയിലുള്ളവളുടെ മൂത്തമകൾ) എം.ബി.എ വിദ്യാർത്ഥിനി സുബിനയുടെ വാക്കുകൾ;

“ബാലൻ മാമന് രക്ഷപ്പെടാനൊരവസരം വന്നതാണ്. ഒന്നു സഹായിക്കാമായിരുന്നു. ഇവിടെ ഇല്ലാഞ്ഞിട്ടല്ലല്ലോ. ഇവിടെ വന്ന് എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നതാണവർ. ഇത്രയൊന്നും പിശുക്കത്തരം കാണിക്കരുത്. ഒന്നുമില്ലെങ്കിലും ഇന്നലെ അമ്മ നമുക്കെല്ലാം ഡ്രസ്സ് വാങ്ങാനെന്നുമ്പറഞ്ഞ് അയച്ച അൻപതിനായിരം രൂപ ഉണ്ടായിരുന്നില്ലേ കയ്യിൽ? ഡ്രസ്സ് ഒക്കെ ആവശ്യത്തിനിപ്പോൾ എല്ലാവർക്കും ഉണ്ട്. അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കില്ല ഇവിടുള്ളവർ”.

അല്പം തുറന്നുതന്നെ ചെറുമകൾ സുബിന അങ്ങനെയൊക്കെയങ്ങ് പറഞ്ഞു.

“ഈ പണമൊന്നും കടം കൊടുത്താൽ പിന്നെ ചിലപ്പോൾ തിരിച്ചുകിട്ടിയെന്നു വരില്ല” എന്ന ചന്ദ്രദാസൻ മുതലാളിയുടെ മറുപടി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതേയുള്ളൂ. വീട്ടിലെ മറ്റ് അന്തേവാസികളായ കുഞ്ഞുകുട്ടിയടക്കം മറ്റു ചെറുമക്കളും മരുമകളും എല്ലാം കൂടി മൂത്തപേരക്കുട്ടി സുബിനയ്ക്ക് പിന്തുണയുമായി ശബ്ദമുയർത്തി.

“മറ്റാരുമല്ലല്ല്ലോ. ഒന്നുമല്ലെങ്കിലും രക്തബന്ധമല്ലേ? ആ ഒരു പരിഗണനയെങ്കിലും നൽകാമായിരുന്നു. ഒരു പക്ഷെ ഈ നമ്മൾ കൊടുക്കുന്ന പണം കൊണ്ട് ആ കുടുംബം രക്ഷപ്പെട്ടാൽ ആ നന്ദി അവർക്കെന്നും ഉണ്ടാകില്ലേ? ആവശ്യത്തികധികമുള്ള ഈ പണമൊക്കെകൂടി കെട്ടിപ്പൊതിഞ്ഞു വച്ചിട്ട് എന്തുകാര്യം? എന്തെങ്കിലും നല്ലകാര്യങ്ങൾ കൂടി വല്ലപ്പോഴും ചെയ്യണം”

എന്നിങ്ങനെയെല്ലാമുള്ളതായിരുന്നു ആ വീട്ടിലെ യുവതലമുറയുടെ ഐകകണ്ഠമായ അഭിപ്രായഗതികൾ. ഒടുവിൽ ഗൃഹനായികയായ ചന്ദ്രദാസി അഥവാ ലക്ഷ്മിക്കുട്ടിയും യുവതയുടെ പക്ഷത്തേയ്ക്ക് ചാഞ്ഞപ്പോൾ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നമട്ടിൽ ചന്ദ്രദാസൻ മുതലാളി പ്രഖ്യാപിച്ചു;

“നിങ്ങളെല്ലാംകൂടി എന്നെയും ദയാലുവാക്കി. ഏതായാലും നേരം വെളുക്കട്ടെ. ഞാൻ കൊണ്ടുകൊടുക്കാം. ഇനിയിപ്പോൾ എനിക്കുമാത്രം ദയയും സഹാനുഭൂതിയുമൊന്നും ഇല്ലെന്നുവേണ്ട”.

കുടുംബനാഥന്റെ ഈ പ്രഖ്യാപനം മറ്റുള്ളവർ കരഘോഷത്തോടെ സ്വീകരിച്ചു. കുടുംബത്തിലെ സഹജീവീയ സ്നേഹമില്ലാത്ത, അറുപിശുക്കനായ ഒരു സ്വേച്ചാധിപതിയ്ക്കെതിരെ യുവതലമുറ നേടിയ രക്തരഹിതമായ വിപ്ലവം!

പിറ്റേന്ന് ഇരുപത്തയ്യായിരം രൂപയുമായി ചന്ദ്രദാസൻ മുതലാളി നിറഞ്ഞമനസോടെ തന്റെയൊരു വെറും കൂലിക്കരൻ മാത്രമല്ല, തന്റെ സ്വന്തം പുത്രന്മാർക്ക് തുല്യമായി കരുതേണ്ട ബലചന്ദ്രന്റെ വീട്ടിലേയ്ക്ക് പോയി. കടമായിട്ടല്ല ചുമ്മാതന്നെ ഇരുപത്തയ്യായിരം രൂപാ നൽകാൻ തന്നെയായിരുന്നു തീരുമാനം. ബാക്കി പതിനയ്യായിരം രൂപ ശശികുമാർ മുഖാന്തരം പലിശയ്ക്കെടുക്കേണ്ടെന്നും അത് ഇപ്പോൾ വീട്ടിൽ കൂടെയുള്ള മരുമകൾ ഭർത്താവിന്റെ അനുമതിയോടെ കൊടുത്തുകൊള്ളാമെന്ന സന്ദേശവും കൂടി നൽകാനുമുണ്ടായിരുന്നു മുതലാളിയ്ക്ക്. പക്ഷെ അത് ബാങ്കിൽ പോയി എടുത്തുവരണം. ഉച്ചയ്ക്കു മുമ്പ് പണം എത്തും.

പക്ഷെ ചന്ദ്രദാസൻ മുതലാളി ബാലചന്ദ്രന്റെ വീട്ടിലെത്തുമ്പോൾ ഭര്യമാത്രമേ അവിടെ ഉള്ളൂ. ബാലചന്ദ്രൻ രാവിലെ തന്നെ പതിവുപോലെ മൺവെട്ടിയും കുന്താലിയും വെട്ടുകത്തിയുമെക്കെ എടുത്ത് ഭാര്യയിൽ നിന്ന് പൊതിച്ചോറും വാങ്ങി ഏതോ പാടത്തോ പറമ്പിലോ പണിയ്ക്കുപോയി. മക്കൾ സ്കൂളിലും പോയി. ബാലചന്ദ്രന്റെ ഭാര്യ ശ്യാമള യാതൊരു വിരോധഭാവവുമില്ലാതെ സന്തോഷപൂർവ്വം അദ്ദേഹത്തെ കയറി ഇരിക്കാൻ പറഞ്ഞു. വന്ന കാര്യം അന്വേഷിച്ചു. കടം ചോദിച്ച കാശുമായി വന്നതാണെന്നും പതിനയ്യായിരം രൂപാ മരുമകൾ കൂടി നൽകുമെന്നും മുതലാളി അറിയിച്ചു. പെട്ടെന്ന് അല്പമാത്രം മ്ലാനമായ മുഖത്തോടെ ശ്യാമള മറുപടി പറഞ്ഞു;

“ചേട്ടൻ പണിയ്ക്കു പോയി. കാശ് സംഘടിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ആ വിസ വേണ്ടെന്ന് ഇന്നലെത്തന്നെ ശശിയണ്ണനെ അറിയിച്ചു. മേശൻപണിയ്ക്ക് പോകുന്ന നമ്മുടെ അടുത്ത വീട്ടിലെ ശംഭുമാമന്റെ മകൻ ഷിബുക്കുട്ടന് ആ വിസ നൽകാൻ ഏർപ്പാടുമാക്കി. ആ ചെറുക്കൻ അതിന്റെ ഏർപ്പാടുകളുമായി രാവിലെതന്നെ പോയിക്കാണണം. ബാലേട്ടൻ തന്നെയാണ് ബന്ധപ്പെടുത്തിക്കൊടുത്തത്. നമ്മട അയൽ വാസികളല്ലേ? അവരെങ്കിലും രക്ഷപെടട്ടെ! ഇനിയിപ്പോ രൂപാ തന്നിട്ട് കാര്യമില്ല”.

ജീവിതത്തിലാദ്യമായി ഒരു നല്ലകാര്യം ചെയ്യാമെന്നു വിചാരിച്ച ചന്ദ്രദാസൻ മുതലാളി നിരാശയോടെയാണോ സന്തോഷത്തോടെയാണോ മടങ്ങിയതെന്ന അന്വേഷണവുമായോ, അദ്ദേഹത്തിന്റെ കുടുംബത്തിൽ പിന്നെ ഈ വിഷയത്തിൽ എന്തു ചർച്ച നടത്തിയെന്നോ അതിന്റെ അനന്തര ഫലം എന്തായെന്നോ ഉള്ള അന്വേഷണവുമായി ഈ കഥ ഇനി നീട്ടിക്കൊണ്ടുപോകുന്നില്ല! ബാക്കി വായനക്കാരുടെ ഭാവന പോലെ ആകട്ടെ!