ബ്ലോഗർ ജെയിംസ് സണ്ണി പാറ്റൂരിന് അഭിനന്ദനങ്ങൾ
സൈബർ ലോകത്ത് നിന്ന് ഒരു എഴുത്തുകാരന് കേരള സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം; സാംസ്കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വട്ടിയൂർ കാവ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ സെക്രട്ടറിയായി ബ്ലോഗറും കവിയുമായ ജെയിംസ് സണ്ണി പാറ്റൂർ നിയമിതനായി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വന്നത്. ഈ വരുന്ന ഞായറാഴ്ച അദ്ദേഹം ചുമതലയേൽക്കും. യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ ഏതെങ്കിലുമൊരു സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് എൻ.ജി.ഒ യൂണിയന്റെ മുൻസംസ്ഥാന പ്രസിഡണ്ടു കൂടിയായ ജെയിം സണ്ണി പാറ്റൂർ നിയമിതനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് അദ്ദേഹത്തെ തേടി ഈയൊരു അംഗീകാരം എത്തിയത്.
ബൂലോഗത്തിനും സൈബർ ലോകത്തിന് ആകെയും അഭിമാനിക്കാവുന്ന ഒരു സന്ദർഭമാണിത്.. ബ്ലോഗിലും ഫെയ്സ് ബൂക്കിലും മറ്റ് സൈബർ ഇടങ്ങളിലും സജീവ സാന്നിദ്ധ്യമാണ് ജെയിംസ് സണ്ണി പാറ്റൂർ. തീഷ്ണമായ കവിതകളിലൂടെ ബ്ലോഗിൽ സജീവമായ അദ്ദേഹം കവി എന്ന നിലയ്ക്കാണ് കുടുതൽ അറിയപ്പെടുന്നത്. അച്ചടിരൂപത്തിലും അദ്ദേഹത്തിന്റെ കവിതകൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യധാരാ എഴുത്തുകാർക്ക് മാത്രമല്ല ഇ-എഴുത്തുകാർക്കും സംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തൊക്കെ നിയമിക്കപ്പെടാൻ അർഹതയുണ്ട്. ഇത് ഒരു നല്ല തുടക്കമാകട്ടെ. ബൂലോഗത്തിന് പ്രത്യേകമായിത്തന്നെ അഭിമാനിക്കാവുന്ന ഈ സന്തോഷ വാർത്ത ഞാൻ ഇവിടെ നിങ്ങൾ എല്ലാവരുമായും പങ്കുവയ്ക്കുന്നു.
ജെയിംസ് സണ്ണിസാറും ഞാനും തിരുവനന്തപുരത്തുകാരാണ്. എന്നാൽ ഞങ്ങൾ പരിചയപ്പെടുന്നത് ബ്ലോഗിലൂടെയാണ്. ആദ്യമായി നമ്മൾ തമ്മിൽ നേരിൽ കാണുന്നത് തിരൂർ തുഞ്ചൻപറമ്പിൽ ബ്ലോഗ്‌മീറ്റിനു പോയപ്പോൾ തലേദിവസം താമസിച്ച ഹോട്ടൽ മുറിയിൽ വച്ചാണ്. ഞാനും തബാറക്ക് റഹ്‌മാനും താമസിച്ച മുറിയിലേയ്ക്ക് അതേ ലോഡ്ജിൽ താമസിച്ചിരുന്ന ജെയിംസ് സാർ വന്ന് നമ്മളെ പരിചയപ്പെടുകയായിരുന്നു. സാബു കൊട്ടോട്ടി നൽകിയ വിവരമനുസരിച്ചാണ് അദ്ദേഹം നമ്മളെ തേടി മുറിയിൽ എത്തിയത്. ബ്ലോഗ്‌മീറ്റ് കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് ഞങ്ങൾ മൂവരുമൊരുമിച്ച് പല ബസുകളിലും കയറിയിറങ്ങിയുള്ള ആ രാത്രിയാത്രയുടെ ഓർമ്മകൾ ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
അങ്ങനെ ബ്ലോഗിലൂടെ പരിചയപ്പെട്ട് എന്റെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായി മാറിയ ജെയിംസ് സാറിന് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ലഭിക്കുന്ന ഈ പുതിയ നിയോഗം ഭംഗിയായി നിർവഹിക്കുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പംതന്നെ അദ്ദേഹത്തെപറ്റി ഇങ്ങനെ ചില നല്ല വാക്കുകൾ പറയാനുംകൂടി ഞാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. സൈബർലോകത്തിനാകെയെന്നപോലെ വ്യക്തിപരമായും എനിക്ക് വളരെയേറെ സന്തോഷം നൽകുന്ന ഒന്നാണ് ജെയിംസ് സാറിനു ലഭിച്ചിരിക്കുന്ന ഈ അംഗീകാരം. ആ സന്തോഷം അങ്ങനെതന്നെ ഞാൻ എല്ലാവരുമായും പങ്കു വയ്ക്കുന്നു. ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്ന ജെയിം സണ്ണി പാറ്റൂരിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!