Sunday, June 23, 2013

ഇന്നിനെ നോക്കി നാളെയെക്കുറിച്ച് ഭയപ്പെടുമ്പോൾ

ഇന്നിനെ നോക്കി നാളെയെക്കുറിച്ച് ഭയപ്പെടുമ്പോൾ

എന്തുകൊണ്ടാണ് നമ്മുടെ പുതുതലമുറ ഇങ്ങനെ ആകുന്നത്? അവരിൽ മാനവികമൂല്യങ്ങൾ എത്രത്തോളമുണ്ട്? മനുഷ്യസഹജമായ സർഗ്ഗാത്മകതകളുടെ ലവലേശങ്ങൾപോലും ആരാലൊക്കെയോ, എന്തിനാലൊക്കെയോ അപഹരിക്കപ്പെട്ട ഒരു തലമുറ; പുസ്തകങ്ങൾ വയിക്കാത്ത തലമുറ. പത്രപാരായണം പോലും ഒരു ശീലമേ അല്ലാത്ത തലമുറ. ഈണത്തിൽ ഒരു കവിത ചൊല്ലുന്നത് കേട്ടാൽ അത് ആസ്വദിക്കാൻ കഴിയാത്തവരാണ് അവർ. അടിച്ചുപൊളി പാട്ടുളിലാണ് അവർ സംഗീതം കണ്ടെത്തുന്നത്. പ്രസംഗങ്ങൾക്കും പ്രഭാഷണങ്ങൾക്കും കാതുകൊടുക്കാത്ത തലമുറ കലയോടും സംസ്കാരത്തോടും തീരെ മുഖം തിരിക്കുന്നു. സിനിമയും മിമിക്രിയും മാത്രമാണ് അവർക്ക് കല. മറ്റൊരു കലയോടും അവർക്ക് താല്പര്യമില്ല. സഹജീവീയ സ്നേഹത്തെപറ്റിയൊന്നും അവർ അധികം ചിന്തിക്കാൻ ഇടവരുന്നില്ല. ഈ തലമുറ ഒരു മൊബെയിൽ ഫോണും കുറെ എസ്.എം.എസും ഉണ്ടെങ്കിൽ തീർത്തും സംതൃപ്തരാണ്!

തനിക്കു ചുറ്റുമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നുവെന്ന് തീരെ അന്വേഷിക്കാൻ താല്പര്യപ്പെടാത്ത തലമുറ അയൽക്കാരന്റെ വീട്ടിലേയ്ക്കുള്ള വഴിപോലുമറിയാതെ ഉഴലുന്നതും കാണാം. തന്റെ വീടിന്റെ മതിലുകൾപ്പുറത്ത് ആരൊക്കെ താമസിക്കുന്നുവെന്ന് അറിയാത്തവർ. അറിഞ്ഞിട്ടും വലിയ കാര്യമില്ലത്തവർ! സ്വന്തബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകബുദ്ധിപോലും കൈവിട്ടുപോകുന്ന തലമുറ ജീവിക്കുന്നതോ തികച്ചും യാന്ത്രികമായി. എന്നാൽ ഇതേ തലമുറയിൽ നല്ലൊരു പങ്ക് അക്രമത്തിലേയ്ക്കും മതതീവ്രവാദത്തിലേയ്ക്കും അതിവേഗം ആകർഷിക്കപ്പെടുന്നു. സ്വയം പൊട്ടിത്തെറിക്കുന്ന ബോംബുകളാകാൻ അവർക്ക് മടിയില്ല. ഭയമില്ല. മറ്റൊരു പങ്ക് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു. മറ്റു ചിലരാകട്ടെ സ്വന്തം സ്വാർത്ഥത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് സ്വയം തീരുമാനത്തിലെത്തി സായൂജ്യമടയുന്നു. അവനവനിലേയ്ക്ക് ചുരുങ്ങിച്ചുരുങ്ങി അവനവനെത്തന്നെ അവനവനു കാണാൻ കഴിയാത്തത്ര അവർ ചെറുതാകുന്നു. സ്ഥിതിഗതികൾ സങ്കീർണ്ണം തന്നെ! ഒന്നുമാത്രമറിയാം. നമ്മുടെ തലമുറ വഴിപിഴച്ചിരിക്കുന്നു.

സാമൂഹ്യബോധം തീരെയില്ലാത്തവരായി പുതുതലമുറ മാറുന്നതെന്തുകൊണ്ട്? സാമൂഹ്യ പരിതസ്ഥിതികൾ പലതും പുതുതലമുറയെ സ്വാധീനിക്കും. എങ്കിൽ അങ്ങനെയൊരു സാമൂഹ്യപരിതസ്ഥിതി ഇവിടെ രൂപപ്പെടാൻ കാരണമെന്ത്? കുടുംബവും സമൂഹവും എത്ര മൂല്യബോധം പഠിപ്പിച്ചാലും അവർ ഒന്നും പഠിക്കാത്തതെന്തുകൊണ്ട്?
കേരളത്തിലെ സർഗ്ഗാത്മക കലാലയങ്ങൾ എവിടെ? നമ്മുടെ ഗ്രന്ഥശാലകളിലെ ആ പഴയകാല സർഗ്ഗാത്മകസായാഹ്‌നങ്ങൾ ആര് അപഹരിച്ചുകൊണ്ടുപോയി? പഴയ നാടകക്കളരികളുടെ സ്ഥാനത്ത് മറ്റെന്താണ് പ്രതിഷ്ഠിക്കപ്പെട്ടത്? അതോ അവിടം  ഒഴിഞ്ഞുതന്നെ കിടക്കുന്നുവോ? രാഷ്ട്രീയപാർട്ടികളുടെ ഇടവഴിതാണ്ടിയുള്ള കാൽ നടജാഥകളും തെരുവോരയോഗങ്ങളും രാഷ്ട്രീയ ബോധവൽക്കരണവും എവിടെ? നവോത്ഥാനനായകൻ‌മാർ ഉഴുതു മറിച്ച മണ്ണിൽ അക്രമവും സ്ത്രീപീഡനവും മതതീവ്രവാദവും ഇത്രമേൽ കടന്നുവന്നതെങ്ങനെ?

വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും അഭൂതപൂർവ്വമായ പുരോഗതിയുണ്ടായിട്ടും സമ്പൂർണ്ണ സാക്ഷരത നേടിയിട്ടും സങ്കുചിതചിന്താഗതികളും വർഗ്ഗീയതയും അക്രമങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടങ്ങി എല്ലാ അനഭിലഷണീയപ്രവണതകളും കൊടികുത്തിവാഴുന്ന ഒരു സാമൂഹ്യസാഹചര്യം ഇവിടെ എങ്ങനെ ഉടലെടുത്തു? പുരോഗമന ജനധിപത്യ പ്രസ്ഥാനങ്ങളെ വെല്ലുവിളിക്കാൻ പാകത്തിൽ പ്രതിലോമപ്രസ്ഥാനങ്ങൾക്ക് ആളും അർത്ഥവും ഇവിടെ ലഭിക്കാനിടയാകുന്ന സാഹചര്യം എങ്ങനെ ഉണ്ടായി? എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്? സമൂഹത്തിന് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനെ ആരും മോണിട്ടർ ചെയ്തിരുന്നില്ല. മോണിട്ടർ ചെയ്യാൻ അരും അരെയും നിയോഗിച്ചിരുന്നില്ലല്ലോ. സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും ശരിയായ ദിശാബോധം നൽകുവാനുമുള്ള നിയോഗം വന്നുചേർന്നവരോ സ്വയം ആ നിയോഗം ഏറ്റെടുത്തവരോ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയോ?

ഇന്നത്തെ തലമുറയെ നോക്കി നാളെയെക്കുറിച്ച് ഭയന്നു നിൽക്കുന്നവർക്ക് ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുവാനുണ്ട്. പക്ഷെ ഉത്തരം നൽകേണ്ടതാര്? അങ്ങനെ ഉത്തരം തരാൻ ബാദ്ധ്യസ്ഥരായി ആരും മുന്നോട്ട് വരാനില്ലെന്നിരിക്കെ, ചോദ്യകർത്താക്കൾതന്നെ സ്വയം ഉത്തരം കണ്ടെത്തണം. കണ്ടെത്തുന്ന ഉത്തരങ്ങൾക്ക് വ്യക്തത വരണം. ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങൾ ആവർത്തിക്കേണ്ടി വരാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ ആരായണം? ആര് ആരോട്? നമ്മൾ നമ്മളോട് തന്നെ!


(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിനിൽ എഴുതിയ ലേഖനം)

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ

മലയാളം ശ്രേഷ്ഠഭാഷയാകുമ്പോൾ.......

അങ്ങനെ മലയാളം ശ്രേഷ്ഠഭാഷയുമായി. അതിനു തൊട്ടു മുമ്പുതന്നെ മലയാളത്തിനു മാത്രമായി നാമൊരു സർവ്വലകലാശാലയും രൂപീകരിച്ചു. ഇനി മലയാളം വേണ്ടുന്ന ഒരു തലമുറയെക്കൂടി നമ്മൾ വളർത്തിയെടുക്കണം. കാരണം ജീവിതസാഹചര്യങ്ങൾ അത്രകണ്ട് മെച്ചപ്പെടാത്തവരുടെ മക്കൾക്കുമാത്രം പഠനമാധ്യമമായി മാറുന്ന ഒരു ഭാഷയായി മലയാളം പുരോഗമിക്കുന്ന ഒരു കാലത്താണ് നമ്മുടെ ഭാഷയ്ക്ക് ഒരു സർവ്വകലശലയുണ്ടാകുന്നതും നമ്മുടെ ഭാഷ ശ്രേഷ്ഠഭാഷയാകുന്നതും! ഒരു ഭാഷ വികസിക്കുന്നതും നിലനിൽക്കുന്നതും ആ ഭാഷ സംസാരിക്കുവാനും എഴുതുവാനും പഠിക്കുവാനും ആളുണ്ടാകുമ്പോഴാണ്. അങ്ങനെയല്ലാത്ത ഒരു ഭാഷയ്ക്കുവേണ്ടി എത്ര സർവ്വകലാശാലകൾ സ്ഥാപിച്ചാലും എത്രവലിയ പദവികൾ ലഭിച്ചാലും ആ ഭാഷ നിലനിൽക്കില്ല. ഭാഷയ്ക്കുവേണ്ടി മുറവിളികൂട്ടിയതുകൊണ്ടുമാത്രവും ഒരു ഭാഷയും നിലനിൽക്കില്ല. ഒരു ഭാഷാസമൂഹത്തിന്റെ ഇച്ഛാശക്തിയോടെയുള്ള തീരുമാനങ്ങളിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. സമൂഹത്തിന്റെ ഇച്ഛ നടപ്പാക്കേണ്ടത് ആ സമൂഹത്തെ നയിക്കുന്ന ഭരണകൂടസംവിധാനമാണ്.

ആധുനിക കാലത്ത് ഒരു സമൂഹത്തിന്റെ മാതൃഭാഷ പത്താം തരം വരെയെങ്കിലും ഒരു നിർബന്ധിത പഠനമാധ്യമമായി നിലനിർത്താൻ കഴിയുന്നില്ലെങ്കിൽപിന്നെ അവിടെ ഒരു ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും സാംസ്കാരികപരമയ പ്രസക്തി എന്താണ്? മലയാളത്തെ പത്താംതരം വരെയെങ്കിലും നിർബന്ധിതപഠന മാധ്യമമാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ ഒരു തീരുമാനം മത്രം മതി. പക്ഷെ ആ തീരുമാനം ഉണ്ടാകുന്നതേയില്ല. ഇനി ഉണ്ടായാൽത്തന്നെ നീതിപീഠം ഇടപെട്ട് തടയിടും എന്നൊരു വാദം ഉണ്ട്. ശരിയാകാം. ഇംഗ്ലീഷ് ഭാഷയെ വില്പനച്ചരക്കാക്കി തൂക്കി വിൽക്കുന്ന പള്ളിക്കൂടക്കച്ചവടക്കാർ നീതിപീഠത്തെ സമീപിച്ച് അവർക്കനുകൂലമയ വിധികൾ സമ്പാദിക്കാൻ ഇടയുണ്ട്. അതിനിടയാക്കുന്ന പഴുതുകളാകട്ടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ളവയാണ്. അത്തരം പ്രതിസന്ധികളെ മറികടക്കാൻ ഭരണകൂടത്തിന് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടാകണം. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ അത് സാദ്ധ്യമാക്കാവുന്നതേയുള്ളൂ. സ്വന്തം മാതൃഭാഷയെ നില‌നിർത്താനുള്ള നിയമ നിർമ്മാണങ്ങൾക്ക് വിഘാതമായേക്കാവുന്ന പഴുതുകൾ ഭരണഘടനാപരയുള്ളവയാണെങ്കിൽ അവ തിരുത്തുവാനുള്ള മാർഗ്ഗങ്ങൾ തേടണം. പക്ഷെ സത്യത്തിൽ ഇക്കാര്യത്തിൽ അത്രത്തോളമൊന്നും നമ്മൾ കടന്നു ചിന്തിക്കാൻ മാത്രമൊന്നുമില്ല.

കേരളത്തിലെ സർക്കാർ സ്കൂളുകളായാലും എയിഡഡ് സ്കൂളുകളായാലും അൺ-എയ്ഡഡ് സ്കൂളുകളായാലും പത്താം തരംവരെ പഠനമധ്യമം മലയാളമായിരിക്കണമെന്നൊരു നിഷ്കർഷ മത്രം മതി നമ്മുടെ ഭാഷയെ ഇംഗ്ലീഷ് വിഴുങ്ങാ‍തിരിക്കാൻ. നേരിട്ട് അത്തരത്തിലൊരു നിയമം നിർമ്മിക്കാതെ മറ്റ് ചില നടപടികളിലൂടെയും നമ്മുടെ നാട്ടിലെ രക്ഷകർത്താക്കളെ തങ്ങളുടെ കുട്ടികളെ മലയാളഭാഷതന്നെ പഠിപ്പിക്കാൻ പ്രേരിപ്പിക്കാ‍ൻ കഴിയുമെന്നും ചില സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്. ഉദാഹരണത്തിന് പി.എസ്.സി ജോലികൾക്ക് മലയാളം ഒരു രണ്ടാം ഭാഷയായെങ്കിലും പഠിച്ചിരിക്കണമെന്ന നിയമം വന്നപ്പോൾതന്നെ ചിലർ ഇംഗ്ലീഷ് മീഡിയം ഉപേക്ഷിച്ച് കുട്ടികളെ മലയാളം മീഡിയത്തിൽ വിട്ടുതുടങ്ങിയിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മിനിമം ശമ്പളം സംബന്ധിച്ച് കോടതിവിധിയുണ്ടായി, അത്തരം സ്കൂളുകൾ ഫീസുകൾ കുത്തനെ കൂട്ടിയതോടെയും പലരും കുട്ടികളെ ചേർക്കാൻ സർക്കാർ-എയ്ഡഡ് സ്കൂളുകൾ തേടിയെത്തിയിട്ടുണ്ട്. അത് സാമ്പത്തികകാരണത്താലുള്ള മാറ്റം.

നമ്മുടെ നാട്ടിൽ ഒരു പറച്ചിൽ ഉണ്ടല്ലോ; സർക്കാർ സ്കൂ‍ളുകൾ ആ‍ർക്കും വേണ്ട. സർക്കാർ ആശുപത്രികൾ ആർക്കും വേണ്ട. സർക്കാർ വണ്ടികൾ ആർക്കും വേണ്ട. പക്ഷെ സർക്കാർ ജോലി എല്ലാവർക്കും വേണം! സംസ്ഥാന സർക്കാർ ജോലികൾക്ക് പാത്താം ക്ലാസ്സ് വരെയെങ്കിലും മാതൃഭാഷ പഠനമാധ്യമമായെടുത്തവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നൊരു പി.എസ്.സി നിഷ്ക്കർഷ വന്നൽത്തന്നെ സ്കൂളുകളിൽ മലയാളം ഒരു ആകർഷഭാഷയാകും. മുമ്പ് അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് സർക്കാർ സ്കൂളുകളിലേയ്ക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ആ സ്കൂളുകൾ ടി.സി കൊടുക്കാതെ ബുദ്ധിമുട്ടിച്ചിരുന്നു. കാരണം അന്ന് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ടി.സി നിർബന്ധിതമായിരുന്നു. എന്നാൽ ആ നിയമത്തിൽ ഇളവ് വന്നതോടെതന്നെ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് സാധാരണ സ്കൂളുകളിലേയ്ക്ക് കുട്ടികൾ എത്തിത്തുടങ്ങി. ഇവ്വിധം സർക്കാരിന്റെ ചില കൊച്ചുകൊച്ച് തീരുമാനങ്ങൾക്കുതന്നെ എടുത്തുപറയത്തക്ക ഫലങ്ങൾ ഉളവാക്കൻ കഴിയും എന്നിരിക്കെ അല്പം വലിയൊരു തീരുമാനമെടുത്താൽ വളരെ വലിയ ഫലങ്ങൾ ഉണ്ടാകും എന്നകാര്യത്തിൽ സംശയിക്കേണ്ടതില്ലല്ലോ. സർക്കാർ വിചാരിച്ചാൽ എന്തെല്ലാം നിയമങ്ങൾ കൊണ്ടുവരാം!

ഇവിടെ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, കേരളത്തിൽ പത്താംതരംവരെയെങ്കിലും പഠനമാധ്യമം മലയാളത്തിലാക്കണം എന്നുള്ളതാണ്. ഇത് മുമ്പേ ചർച്ച ചെയ്തുവരുന്ന ഒരു കാര്യമണെങ്കിലും മലയാലഭാഷയെസംബന്ധിച്ച് നമ്മൾ അഭിമാനപുളകിതരാകാൻ മാത്രം വലിയചില സന്തോഷങ്ങൾ വന്നുഭവിച്ചിരിക്കുമ്പോൾകൂടി നമ്മൾ ഭാഷാതല്പരമായ ഈ വിഷയം ചർച്ചയ്ക്കെടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ. മലയളം നിർബന്ധിത പഠനമധ്യമമാകാന്നും അത് നിർബന്ധിതഭരണഭാഷയകാനുമൊക്കെ കർക്കശമായ നിഷ്കർഷയുണ്ടാകണം. ശക്തമായ നിയമങ്ങൾ ഉണ്ടാകണം. അല്ലെങ്കിൽ അടുത്ത തലമുറകളിൽ നിന്നും നമ്മുടെ ഭാഷ അന്യം നിന്നുപോകും.

ഒരു കാലത്ത് സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ഉള്ളവർ മത്രമായിരുന്നു ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയച്ചിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരും തീരെ ദർദ്രരായുള്ളവരും അടക്കം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയക്കാൻ വ്യഗ്രത കാട്ടുന്നുണ്ട്. രക്ഷകർത്താക്കളുടെ പൊങ്ങച്ചസംസ്കരത്തിന്റെ ബലിയാടുകളായി കുട്ടികൾക്ക് അവരുടെ മാതൃഭാഷ അന്യമാകുന്നു. ഒരു ഭാഷയോടും തലമുറയോടും ചെയ്യുന്ന ക്രൂരതായാണിത്. അൺ-എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കുത്തൊഴുക്കിൽ പിടിച്ചു‌നിൽക്കാനായി സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപകമയതോടെ മലയാളം മീഡിയത്തിൽ പഠിക്കാൻ ആൾ കുറഞ്ഞുവരുന്ന പ്രവണത ചില മേഖലകളിലെങ്കിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് ഭാഷയ്ക്കൊരു വെല്ലുവിളിയാണ്. എന്നാൽ പൊതു വിദ്യാലയങ്ങളെ രക്ഷിക്കുവാൻ പല സർക്കാർ-എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയംകൂടി തുടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെവന്നിരിക്കുന്നു. സാഹചര്യങ്ങൾ ആനിലയിൽ ആയിരിക്കെ, നമ്മുടെ ഭാഷയെ രക്ഷിക്കൂ, നമ്മുടെ ഭാഷയെ രക്ഷിക്കൂ എന്ന കേവലമയ മുറവിളികൾകൊണ്ട് മാത്രം കാര്യമില്ല.

ഭാഷയും ഒരു ഭരണകൂടബാദ്ധ്യതയാണ്. അല്ലെങ്കിൽ ആകണം. ഭാഷയ്ക്ക് ഭരണപരമായും നിയമപരമായും സംരക്ഷണം ഉറപ്പുവരുത്തണം. അതിനായി നിലവിലുള്ള നിയമങ്ങളും സമ്പ്രദയങ്ങളും മാറ്റിമറിയ്ക്കണം. മലയാളസർവ്വകലാശാലയ്ക്ക് വേണ്ടി ഇനിയും നാം എത്രയോ പണവും അദ്ധ്വാനവും വിനിയോഗിക്കാൻ പോകുന്നു. ശ്രേഷ്ഠഭാഷയാകുമ്പോൾ കിട്ടുന്ന നൂറ് കോടിയും നാം ചെലവഴിക്കാനും ചിലതൊക്കെ ചെയ്യാനും പോകുകകാണ്. അതിനുമുമ്പ് ഹയർസെക്കണ്ടറിതലം വരെയോ അതുമല്ലെങ്കിൽ പത്താംതരം വരെയെങ്കിലുമോ നിർബന്ധമായും പഠനമാധ്യമം മലയാളമാക്കുന്ന കാര്യത്തിലും ഭരണഭാഷ മലയാളമാക്കുന്ന കാര്യത്തിലും തുടങ്ങി നമ്മുടെ ഭാഷയുടെ നിലനില്പുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും നാം ഉറച്ച ചില ചുവടുവയ്പുകൾ നടത്തേണ്ടിയിരിക്കുന്നു. അതേപറ്റിയൊക്കെ ഗൌരവപ്പെടാൻ പറ്റിയ ഒരു സമയമാണിത്.

(2013 ജൂൺ ലക്കം തരംഗിണി ഓൺലെയിൻ മാസികയിൽ  എഴുതിയ എഡിറ്റോറിയൽ)

Monday, June 17, 2013

മലയാളം പഠിക്കാൻ കൂലിക്ക് ആളെ വിളിക്കേണ്ടി വരുമോ?

മലയാളം പഠിക്കാൻ കൂലിക്ക് ആളെ വിളിക്കേണ്ടി വരുമോ? 

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. ഭാഷാസ്നേഹികൾക്ക് വളരെ സന്തോഷകരം തന്നെ. പക്ഷെ ഇന്ന് എത്രപേരുണ്ട് ഈ ഭാഷാ സ്നേഹികൾ?  സ്വന്തം മക്കളുടെ പഠനമാധ്യമം  ഇൽഗ്ലീഷിൽ ആയിരിക്കണം,   ഇംഗ്ലീഷിൽ സംസാരിക്കണം, ഇംഗ്ലീഷിൽ എഴുതണം, ഇംഗ്ലീഷിൽ തന്നെ ചിന്തിക്കണം എന്നിങ്ങനെ വാശിപിടിയ്ക്കുന്ന  ഒരു സമൂഹത്തിലാണ് മലയാളഭാഷയ്ക്ക്  ശ്രേഷ്ഠഭാഷാ പദവി! കുറച്ചുമുമ്പ് നമ്മൾ ഒരു മലയാള സർവ്വകലാശാലയും സ്ഥാപിച്ചു.

ഈ ശ്രേഷ്ഠഭാഷാ പദവിയും മലയാള സർവ്വകലാശാലയുമൊക്കെ പ്രയോജനപ്പെടുത്തി നാം  മുന്നേറുമ്പോൾ  നാളെ ഈ ഭാഷയിൽ സംസാരിക്കുവാനും സംസാരിക്കുവാനും കൂലിയ്ക്ക് ആളുകളെ വയ്ക്കേണ്ടി വരുമോ എന്ന് നാം സന്ദേഹിക്കേണ്ടിയിരിക്കുന്നു. അത്രയ്ക്കുണ്ട് പൊങ്ങച്ചം പേറുന്ന മലയാളികളുടെ മലയാളവിരോധം. അതുകൊണ്ട് ഒരു ശ്രേഷ്ഠഭാഷാ പദവി കൊണ്ടോ മലയാള സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ മാത്രം മലയാള ഭാഷ നില നിൽക്കുകയോ വളരുകയോ ചെയ്യില്ല.

മലയാള ഭാഷ ഒരു നിർബന്ധമായും നിബന്ധനയായും മലയാളികളോ ഏറ്റേടുത്താൽ മാത്രമേ ഈ ഭാഷയ്ക്ക് നിലനില്പുള്ളൂ. ഭാഷ നിലനിൽക്കുന്നതും വളരുന്നതും വികസിക്കുന്നതും തലമുറകളിലൂടെയാണ്. മാറിമാറിവരുന്ന തലമുറകൾ ഒരു ഭാഷയെ മാതൃഭാഷയായി സ്വീകരിച്ചാലേ ആ ഭാഷ നിലനിൽക്കുകയുള്ളൂ. ഇവിടെ മലയാളികളുടെ തലമുറകൾ മലയാളം ഉപേക്ഷിച്ചാൽ  ഇതിനോടകം  മണ്ണടിഞ്ഞ മറ്റ് പല ഭാഷകളുടെയും ഗതിയാകും മലയാളത്തിനും.

വിദ്യാഭ്യാസക്കച്ചവടക്കാർക്ക് ഇവിടെ ഇംഗ്ലീഷ് ഒരു ഭാഷയെന്നതിലപ്പുറം അതൊരു വില്പനച്ചരക്കാണ്. അത് നല്ല വിലനൽകി വാങ്ങാൻ ധാരാളം ഉപഭോക്താക്കളുണ്ട്. അതുകൊണ്ടാണ് ആ വിപണി വളർന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ വ്യവസായത്തിലെ അസംസ്കൃതവസ്തുവും ഇംഗ്ലീഷ് എന്ന ഭാഷതന്നെ. ഈ ഭാഷയോടുള്ള അഭിനിവേശമാണ് ഇവിടെ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളൂകൾ പെരുകാൻ തന്നെ കാരണം.

അൺ എയ്യ്ഡഡ് വിദ്യാലയങ്ങളുടെ ഭീഷണി കാരണം സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ നിർബന്ധിതമായി. ചുരുക്കത്തിൽ പൊതു വിദ്യാലയമയാലും അൺ എയ്ഡഡ് ആയാലും ഭാവിയിൽ പഠനമധ്യമം ഇംഗ്ലീഷ് ഒൺലി ആകും. ഹയർ സെക്കണ്ടറിതലംവരെ പഠന മധ്യമം നിർബന്ധമായും മലയാളമാക്കാൻ നിയമം കൊണ്ടുവരികയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. അത് അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ആയാലും സർക്കാർ-എയ്ഡഡ് തുടങ്ങിയ പൊതുവിദ്യാലയങ്ങളിൽ ആയാലും.

Tuesday, June 11, 2013

ഞാൻ അവനു കീഴടങ്ങി

ഞാൻ അവനു കീഴടങ്ങി

രണ്ട് ദിവസം മുമ്പാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആ‍ാദ്യമാദ്യം അവന്റെ വെല്ലുവിളികളെ ഞാൻ വളരെ ലാഘവത്തോടെ നേരിട്ടു. കാരണം അവൻ ചില മുരളലുകളിലും ചീറ്റലുകളിലും അവന്റെ വെല്ലുവിളികൾ ഒതുക്കി. അവൻ ഇടയ്ക്കിടെ തന്ത്രപരമയി തണുക്കുകയും പിന്നെ ചൂടാവുകയും ക്രമാനുഗതമായി ഉറഞ്ഞുതുള്ളുകയുമായി. എന്നിട്ടും ഞാൻ വഴങ്ങാതിരുന്നപ്പോൾ അവൻ അവന്റെ തനിസ്വരൂപം പുറത്തെടുത്തു. . അവൻ അവന്റെ അരയിൽ നിന്നും കത്തി വലിച്ചൂരി മാറാപ്പ് ഉയർത്തിക്കെട്ടി തനി ഊച്ചാളിയായി. അവൻ കത്തി വിവർത്തി എനിക്കുനേരേ നീട്ടി ഗർജ്ജിച്ചു; “കിടക്കെടാ അവിടെ!“നിരായുധനും നിർമ്മലനും നിർദ്ദോഷനും നാവിന്റെ ബലത്തിൽ മാത്രം ജീവിക്കുന്ന വെറും ദുർബലനുമായ ഞാനെവിടെ? നിരവധി ആയോധനകലകളിൽ പ്രാവീണ്യം നേടിയ വീരശൂരപ്രാക്രമിയായ അവനെവിടെ? ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ഞാൻ അവന് കീഴടങ്ങി. അതെ, ഞാനിപ്പോൾ പനിക്കിടക്കയിലാണ്! 


(ഒരു ന്യൂ ജനറേഷൻ ചെറുകഥ)

Monday, June 10, 2013

അദ്വാനിയുടെ രാജി

അദ്വാനിയുടെ രാജി

എൽ.കെ അദ്വാനി ബി.ജെ.പിയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളെല്ലാം  രാജി വച്ചു. അദ്ദേഹത്തിനുപോലും മോഡിയെപ്പോലെ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതിനെ ഉൾക്കൊള്ളാനകുന്നില്ല. തനിക്ക് പ്രധാന മന്ത്രിയാകാൻ  കഴിയില്ലാ എന്നതിനപ്പുറം മോഡി വരുന്നത് രാജ്യതാല്പര്യത്തിന് ഹിതകരമല്ലെന്നത്  കണ്ടിട്ടാണ് അദ്വാൻ‌ജി  കടുത്ത തീരുമാനങ്ങൾ എടുത്തതെങ്കിൽ നന്ന്‌! ബാബറി മസ്ജിദ് തകർക്കാനുറപ്പിച്ച്  രഥയാത്രചെയ്ത അദ്വാനിയിൽ നിന്നും ഇന്നത്തെ അദ്വാനിയിലേയ്ക്കുള്ള മാറ്റം ഒരു ചരിത്രപാഠമാണ്.

ഇന്ത്യയിൽ ഇന്നത്തെപ്പോലെ മുസ്ലിം തീവ്രവാദം വളരാനുള്ള കാരണം ബാബറി മസ്ജിദ് തകർത്തതാണ്. അന്നുമുതൽ  ഇന്ത്യയിലെ മുസ്ലിം സമൂഹത്തിനിടയിൽ മുമ്പില്ലാത്തവിധം പല ഭയാശങ്കകളും ഉടലെടുത്തു. അത് മുസ്ലിം -വർഗ്ഗീയ തീവ്രവാദികൾ നന്നായി മുതലെടുത്തു. അതിന്റെ ഫലങ്ങൾ പതിയെ പതിയെ കണ്ടു തുടങ്ങി. ഇന്ന് ഹിന്ദു തീവ്രവാദത്തിനു കടുത്ത വെല്ലുവിളി ഉയർത്താൻ ചില ഭാഗങ്ങളിലെങ്കിലും മുസ്ലിം തീവ്രവാദത്തിനും കഴിയുന്നുണ്ട്.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഇന്ത്യയുടെ ആത്മാവിൽ ആവാഹിക്കപ്പെട്ട  ഒരു മാനവികബോധമാണത്. അതിനെ തകർത്തുകൊണ്ട് ഒരു ഹിന്ദു രാഷ്ട്രമോ ഇസ്ലാമിക- രാഷ്ട്രമോ ഒന്നും ഇവിടെ ആർക്കും സ്ഥാപിക്കുവാനാകില്ല. അത് അദ്വാനിക്കുമറിയാം. ബി.ജെ.പിയിലുള്ള പലർക്കുമറിയാം. പക്ഷെ അധികാര ലബ്ദ്ധിയ്ക്ക് ആയുധമാക്കാൻ അവർക്ക് മതവികാരങ്ങളെ മുതലെടുക്കണം. മതം നില നിൽക്കുവോളമല്ലേ അതിനെ മുതലെടുക്കുവാനാകൂ!

മതങ്ങൾ എല്ലാം ശാശ്വതമാണെന്നത് ഒരു  മിഥ്യാധരണയാണ്. മാറ്റം മതങ്ങളെയും കാലാന്തരേണ കീഴ്പ്പെടുത്തും. ഇന്ന് ലോകത്ത് എല്ലാ മതങ്ങളും നില നിൽക്കുന്നത് ധനശേഷിയുടെയും അക്രമ ശേഷിയുടെയും പിൻ‌ബലത്തിലാണ്. അല്ലാതെ ആത്മീയതയുടെ പിൻ‌ബലത്തിലല്ല. ജനങ്ങൾക്ക് വിശ്വസിക്കനൊരു ദൈവമോ- ദൈവപ്രതീകങ്ങളോ  വേണമെന്നത് ഒരു ഭൂരിപക്ഷ താല്പര്യമാണ്. പക്ഷെ മതം ജനത്തിന് ഒരു നിർബന്ധമേയല്ല. അത് അടിച്ചേൽ‌പ്പിക്കപ്പെടുന്നതാണ്.

മതം മാത്രമല്ല, രാഷ്ട്രീയവും ഭൂരിപക്ഷജനതയ്ക്ക് ഒരു താല്പര്യവിഷയമല്ല. പൊതുക്കാര്യങ്ങളിലും അധികാരലബ്ദ്ധിയിലും  താല്പര്യമുള്ളവർക്ക് മാത്രമാണ് രാഷ്ട്രീയം  ഒരു മാധ്യമമാകുന്നത്. അല്ലാതെ ഒരു ജന സമൂഹത്തിനു നേർക്കും ദീർഘകാലം ആർക്കും ഒന്നും അടിച്ചേല്പിക്കുവാനകില്ല. ഇപ്പോൾ ഇതിങ്ങനെയൊക്കെ  പറയാൻ കാരണം മതവും രാഷ്ട്രീയവും  ഭരണവും എല്ലാം കൂടിക്കുഴഞ്ഞ് സങ്കീർണ്ണമാകുന്ന ഒരു വികൃതവും ഭയാനകവുമായ രാഷ്ട്രീട്രീയ വ്യവസ്ഥിതി ഇവിടെ രൂപപ്പെടുകയാണ് എന്നതുകൊണ്ടാണ്. കാലത്തിന്റെ അത്യന്തം അപകടകരമായ ചില ഗതിവിഗതികൾ!

എന്തായാലും തികഞ്ഞ ഹിന്ദുത്വപ്പാർട്ടിയായ ബി.ജെ.പിയിൽ നിന്നുതന്നെ  ഇന്ത്യയുടെ  മതേതരമനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്ന മോഡിത്വത്തിനെതിരെ കലാപമുയർന്നത് ഒരുപക്ഷെ നൈമിഷികമാകാമെങ്കിലും മതേതരവദികൾക്കൊരു ആശ്വാസമാണ്. മതമില്ലാത്തവർക്ക് പ്രത്യേകിച്ചും! കാരണം എന്തെങ്കിലുമൊരു അപചയം  ഇത്തരം പാർട്ടികൾക്കില്ലാതെ പറ്റില്ലല്ലോ. ചരിത്രത്തിലെ അനിവാര്യതകൾ അല്പം വൈകിയാണെങ്കിലും  സംഭവിക്കുകതന്നെ ചെയ്യുമെന്നത് ഒരു പ്രത്യാശയാണ്. .