Showing posts with label ബ്ലോഗ്‌മീറ്റ്. Show all posts
Showing posts with label ബ്ലോഗ്‌മീറ്റ്. Show all posts

Thursday, April 25, 2013

തിരൂർ ബ്ലോഗ്‌മീറ്റ് ദർശനാ ടി.വിയിൽ

തിരൂർ ബ്ലോഗ്‌മീറ്റ് ദർശനാ ടി.വിയിൽ 

ദർശനാ ടി.വിയിലെ ഇ-ലോകം പരിപാടിയിൽ ഇന്ന് ( 2013 ഏപ്രിൽ 25) രാത്രി 7 മണിയ്ക്ക് കാണിച്ചത് 2013 ഏപ്രിൽ 21 ന് തുഞ്ചൻ പറമ്പിൽ നടന്ന ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പ്രത്യേക പരിപാടിയായിരുന്നു. ഇനി രാത്രി പതിനൊന്നുമണിയ്ക്കും നാളെ (26-4-2013 വെള്ളി) രാവിലെ 10-30നും ഇത് പുന:സമ്പ്രേഷണം ചെയ്യും. തിരൂർ മീറ്റിനെക്കുറിച്ച് ദർശനാ ടീ വിയിൽ ഇന്നത്തെ ഇ ലോകത്തിൽ കാണിച്ചത് നല്ല പരിപാടിയായിരുന്നു. ബ്ലോഗ്ഗർമാരല്ലാത്ത എന്റെ ചില സുഹൃത്തുക്കൾ ഈ പരിപാടി യാദൃച്ഛികമായി കണ്ട് നന്നായിരുന്നു എന്ന് വിളിച്ചു പറഞ്ഞു. ദർശന ടിവിയ്ക്കും റിയാസ് ടി അലിയ്ക്കും ടീമിനും അഭിനന്ദനങ്ങൾ! 

മറ്റ് ചാനലുകാർക്ക് ആർക്കും ഇതൊന്നും വാർത്തയല്ലാതെ പോകുന്നത് നിർഭാഗ്യകരം തന്നെ. ഞങ്ങൾ ബ്ലോഗ്ഗർമാരും എല്ലാ ചാനലുകളും ഗൌരവപൂർവ്വം വീക്ഷിക്കുന്നവരാണെന്നുള്ള കാര്യം മറ്റു ചാനലുകാർ മറക്കരുത്. ബ്ലോഗിനോടും ഇ-എഴുത്തിനോടുമൊക്കെ മുഖം തിരിക്കുന്ന പത്രങ്ങളോടും ഇതു തന്നെ പറയാനുള്ളത്. പത്രങ്ങളുടെ ഓൺലെയിൻ വെർഷനുകൾ വായിക്കുന്നവരിൽ അധികവും ബ്ലോഗ്ഗർമാരല്ലാതെ മറ്റാരാണ്? പല നല്ല വാർത്തകളും ഷെയർ ചെയ്യുന്നവർ ആരാണ്? നമ്മൾ ബ്ലോഗ്ഗർമാരല്ലേ? മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും സജീവമായിരിക്കുന്നവരല്ലേ? എന്നിട്ടും.........കണ്ണുണ്ടായാൽ പോര; കാണണം. കണ്ണടച്ചാൽ ഇരുട്ടാകുകയുമില്ല. ഇ-എഴുത്തു രംഗം ഇത്രത്തോളം വളർന്നത് അ-എഴുത്ത് മാധ്യമങ്ങളുടെ സഹായത്താലല്ല. എങ്കിലും നാട്ടിൽ നടക്കുന്ന നാലാളറിയേണ്ട നല്ല വിശേഷങ്ങൾക്കു നേരേ വാർത്താ മാധ്യമങ്ങൾ കണ്ണടയ്ക്കുന്നത് നല്ല പത്രപ്രവർത്തന രീതിയല്ല. എങ്കിലും ചില പത്രങ്ങളെങ്കിലും 2013 ഏപ്രിൽ 21 ന് നടന്ന ബ്ലോഗ് മീറ്റ് വാർത്തയാക്കിയതിൽ സന്തോഷമുണ്ട്. ഇ-അ- ഈഗോകൾക്ക് ഇനി എഴുത്തിന്റെ ലോകത്ത് വലിയ പ്രസക്തിയൊന്നുമില്ലെന്ന് എല്ലാവരും മനസിലാക്കുനതിൽ ഒരു ഈഗോ വയ്ക്കേണ്ട കാര്യമില്ല.നവമാധ്യമങ്ങളും മറ്റ് പരമ്പരാഗത മാധ്യമങ്ങളും പരസ്പരപൂരകമായാണ് ഇനിയുള്ള കാലം മുന്നേറേണ്ടത്. പരസ്പര ബഹുമാനവും സഹകരണവും രണ്ടുതരം മാധ്യമങ്ങളെയും ശക്തിപ്പെടുത്തും എന്നതിനുപുറമേ മലയാള ഭാഷയുടെ വളർച്ചയ്ക്കും നില നില്പിനും അത് ഏറെ സഹായകരമാകും.