Thursday, August 2, 2012

കേരളത്തെ അശാന്തമാക്കുന്ന യു.ഡി.എഫ് ഭരണം

കേരളത്തെ അശാന്തമാക്കുന്ന യു.ഡി.എഫ് ഭരണം

കേരളത്തിൽ സി.പി.ഐ.എം ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടത്തിനു നിർബന്ധിതമായിരിക്കുകയാണ്. ഇവിടെ ഇപ്പോൾ ഭരണം കൈയ്യാളുന്ന യു.ഡി.എഫും സഹജമായ ഇടതുപക്ഷവിരുദ്ധത അലങ്കാരമായി കൊണ്ടുനടന്ന് ആഘോഷിക്കുന്ന  ഒരു കൂട്ടം മാധ്യമങ്ങളും ചേർന്ന് സി.പി.ഐഎമ്മിനെതിരെ നടത്തുന്ന ഗൂഢനീക്കങ്ങളും ദുഷ്‌പ്രചരണങ്ങളുമാണ് സി.പി.ഐ എമ്മിന് ശക്തമായി പ്രതിരോധിക്കേണ്ടി വന്നിരിക്കുന്നത്. സി.പി.ഐ.എം എന്നാൽ അക്രമത്തിന്റെയും  സകല തിന്മകളുടെയും പ്രതിരൂപമാണ് എന്നു വരുത്തിത്തീർക്കുവാൻ മാധ്യമസഹായത്തോടെ ഇവിടെ കോൺഗ്രസ്സും കോൺഗ്രസ്സിനെ  ഭരിക്കുന്ന മുസ്ലിം ലീഗും ഉൾപ്പെടുന്ന യു.ഡി.എ.എഫുകാർ  ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറെക്കാലമായി ഏറെക്കുറെ  സമാധാനപരമായ ഒരു രാഷ്ട്രീയാന്തരീക്ഷം കേരളത്തിൽ നില നിൽക്കുകയായിരുന്നു. പൊതുവെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ദുഷ്പേരുണ്ടായിരുന്ന കണ്ണൂർ പോലും മുൻകാലങ്ങളെ അപേക്ഷിച്ച് സമാധാനപരമായ ഒരു അന്തരീക്ഷത്തിലേയ്ക്ക് മാറിവരികയായിരുന്നു. അവിടെ അക്രമങ്ങൾ പലതും  പരമ്പരാഗത സ്വഭാവം പോലെയും പരസ്പരബന്ധിതമായ തുടർക്കഥകൾ പോലെയുമായതിനാൽ വളരെ വേഗം സമാധാനത്തിലേയ്ക്കു പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നിട്ടുകൂടിയും അവിടെ ഒരുവിധം സമധാനപരമായ രാഷ്ട്രീയാന്തരീക്ഷം  കൈവരികയായിരുന്നു. 

വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിൽ അക്രമോത്സുകമായ രാഷ്ട്രീയം ഏറെക്കുറെ അപ്രത്യക്ഷമായതാണ്. കൂടുതൽ ജനാധിപത്യബോധമുൾക്കൊണ്ട ഒരു രാഷ്ട്രീയ പ്രവർത്തന ശൈലിയിലേയ്ക്ക് കേരളം പുരോഗമിക്കുകയായിരുന്നു. എന്നാൽ ഇതിനെ ബോധപൂർവ്വം അട്ടിമറിക്കാനും കേരളത്തെ വീണ്ടും രാഷ്ട്രീയ സംഘർഷാവസ്ഥ നിറഞ്ഞ അശാന്തമായ സ്ഥിതി വിശേഷങ്ങളിലേയ്ക്ക് തള്ളി വിടാനും യു.ഡി.എഫ് സർക്കാർ ബോധപൂർവ്വം പരിശ്രമിക്കുകയാണ്. മന:പൂർവ്വം പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണ്.  വീണുകിട്ടിയ ഒന്നു രണ്ട് കൊലക്കേസുകളെ സി.പി.ഐ.എമ്മിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് യു.ഡി.എഫ്. ഇപ്പോൾ ചെയ്യുന്നത്. ഇന്നലെ സി.പി.ഐ.എം കണ്ണൂർ  ജില്ലാ സെക്രട്ടറി പി.ജയരാജനെ  ഷുക്കൂർ വധക്കേസിൽ പ്രതിപ്പട്ടികയിൽപെടുത്തി അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയത് ഉണ്ടാക്കിയ പ്രകോപനം കേരളത്തെ ശക്തമായ പ്രതിഷേധത്തിലേയ്ക്കാണു തള്ളിവിട്ടിരിക്കുന്നത്. ഇന്ന് സി.പി.ഐ.എം അഹ്വാനം ചെയ്ത ഹർത്താലായിരുന്നു. ഇപ്പോൾ സി.പി.ഐ.എം പ്രവർത്തകർക്കും നേതാക്കൾക്കും എതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളും കളളക്കേസുകളും  രാഷ്ട്രീയ പ്രേരിതമാണ്. കേസുകൾ തെളിയിക്കനോ യഥാർത്ഥ പ്രതികളെ കണ്ടു പിടിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ അല്ല ഈ സർക്കാർ ശ്രമിക്കുന്നത്. രാഷ്ട്രീയമായി സി.പി.ഐ.എമ്മിനെ വേട്ടയാടാനാണ്. ഭരണപക്ഷത്തിന് ഒരു നീതിയും  പ്രതിപക്ഷത്തിനു മറ്റൊരു നീതിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ട യു.ഡി.എഫ് നേതാക്കൾക്കെതിരെ ഒരു പെറ്റിക്കേസുപോലും ഇല്ല. 

ഇത്തരം പ്രകോപനങ്ങളിലൂടെ  നാട്ടിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ ബാദ്ധ്യസ്ഥമായ ഭരണകൂടംതന്നെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി സംഘർഷങ്ങൾക്ക് വഴിമരുന്നിടുകയാണ്. ഇതിന്റെ പിന്നിൽ സി.പി.ഐ.എമ്മിനെ തകർക്കുക എന്ന ഒരു ലക്ഷ്യം മാത്രമല്ല ഉള്ളത്. സി.പി.ഐ.എമ്മിനെയും അതിന്റെ അണികളെയും പ്രവർത്തകരെയും ബുദ്ധിമുട്ടിലാക്കുകവഴി  അവർക്ക് വേറെയും ചിലതൊക്കെ  നേടാനുണ്ട്. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കണം. സി.പി.ഐ.എം അക്രമ സംഘടയാണെന്ന് തെറ്റിദ്ധാരണ വളർത്തി വീണ്ടും തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വരണം. ബംഗാളിൽ സി.പി.ഐ.എമ്മിനുണ്ടായ തിരിച്ചടിയിൽ ആവേശമുൾക്കൊണ്ടാകണം ഇവിടെയും സി.പി.ഐ.എമ്മിനെ തകർത്തുകളയാം എന്ന മോഹം അവർക്കുണ്ടായത്. സി.പി.ഐ.എമ്മിനെതിരെ അക്രമരാഷ്ട്രീയം ആരോപിച്ച് കോൺഗ്രസ്സും ലീഗും മറ്റ് ചില ഹിന്ദു മുസ്ലിം ഫാസിസ്റ്റുകളും മറ്റും നടത്തുന്ന അക്രമങ്ങളെ മൂടിവയ്ക്കുവാനുള്ള ഗുഢശ്രമവും ഇതിനു പിന്നിലുണ്ട്. എല്ലാ അക്രമങ്ങളും നടത്തുന്നത് സി.പി.ഐ.എം ആണെന്നു സ്ഥാപിക്കുക വഴി മറ്റുള്ളവരെയെല്ലാം അക്രമരഹിത മാർഗ്ഗം സ്വീകരിക്കുന്നവരെന്നു വരുത്തിത്തീർക്കാനാണ് മാധ്യമസഹയാത്തോടെ വിശാല സി.പി.ഐ.എം  വിരുദ്ധ ഐക്യവേദി ശ്രമിക്കുന്നത്.

വീണു കിട്ടിയ രണ്ടു കൊലക്കേസുകൾ വച്ചാണ് സി.പി.ഐ.എമ്മിനെതിരെ യു.ഡി.എഫും, സി.പി.ഐ.എം വിരുദ്ധ മാധ്യമങ്ങളും മറ്റ് പാർട്ടിവിരുദ്ധരും കളിക്കുന്നത്. ശാസ്തീയമായ അന്വേഷണം എന്ന പേരു പറഞ്ഞ് കേരളത്തിലെ ഭരണകൂടം നൽകുന്ന ലിസ്റ്റ് അനുസരിച്ച് സി.പി.ഐ.എം നേതാക്കളെ കേസിൽ കുടുക്കുകയാണ്. വ്യക്തമായ യാതൊരു തെളിവുകളുമില്ലാതെ നേതാക്കളുടെ പേരിൽ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ജാമ്യം കിട്ടാത്ത വകുപ്പുകളിട്ട്  കേസെടുക്കുന്നു. മിണ്ടി, മിണ്ടിയില്ല, ഫോൺ ചെയ്തു, ഫോൺ അറ്റൻഡ് ചെയ്തു, അറിഞ്ഞു, പറഞ്ഞില്ല, അറിയാൻ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണത്രേ ശാസ്ത്രീയാന്വേഷണങ്ങളിലൂടെ പുറത്തുവന്ന ഗുരുതരമായ കുറ്റങ്ങൾ! ഏതു കേസുലും ആർക്കും ആരെ പറ്റിയും വഴി പോക്കർക്കു പറഞ്ഞു പരത്താവുന്ന ബാലിശമായ വാദങ്ങളുയർത്തി സി.പി.ഐ.എം നേതാക്കളെ കുറ്റവാളികളാക്കി ജയിലിലടയ്ക്കുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധമുയരുമ്പോൾ അത് പടില്ല, നിയമപരമായി നേരിടണമെന്നത്രേ യു.ഡി.എഫ് ഭരണകൂടവും ചില  മാധ്യമ പുംഗവന്മാരും പറയുന്നത്. ചുമ്മാ പോകുന്നവരെ പിടിച്ച് യാതൊരു തെളിവുകളുമില്ലാതെ ഏതെങ്കിലും കുറ്റം ചാർത്തിയിട്ട് പോയി നിയമപരമായി നേരിടൂ എന്നുപറയുന്നത് എവിടുത്തെ ന്യായമാണാവോ! ഭരണമുള്ളപ്പോൾ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ്സ് എക്കാലത്തും അനുവർത്തിച്ചുപോരുന്ന ഒന്നായിരുന്നു. എന്നാൽ ഇത് പിന്നെ തിരിച്ചും പണികിട്ടും എന്നു ബോധ്യപ്പെട്ടപ്പോൾ ആന്റണിയുടെ രണ്ടാം ഭരണകാലം മുതൽ ഈ ഒരു രീതി  ഇരു മുന്നനികളും ഏറെക്കുറെ ഉപേക്ഷിച്ചതാണ്. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടി ഗവർണ്മെന്റ്  ഭരണപക്ഷ അഹങ്കാരം എന്ന പഴയ രീതി പുന:സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

ഇന്ന് കേരളത്തിലുണ്ടായ ഹർത്താലും മറ്റ് അനിഷ്ട സംഭവങ്ങൾ വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ അതിനൊക്കെയും ഉത്തരവാദി യു.ഡി.എഫ് സർക്കാർ മാത്രമാണ്. കേരളത്തിൽ ശക്തമായ ജനകീയാടിത്തറയുള്ള സി.പി.ഐ.എമ്മിനെ പോലെ ഒരു പാർട്ടിക്കെതിരെ വിവേകപൂർവ്വമല്ലാത്ത ഭരണകൂട അക്രമങ്ങൾ ഉണ്ടായാൽ നിയമസമാധാനത്തിന്റെ പേരു പറഞ്ഞ് കൈയ്യും കെട്ടിനോക്കി നിൽക്കുവാൻ പാർട്ടി അണികൾ തയ്യാറായെന്നു വരില്ല. അവരെ നിയന്ത്രിക്കാൻ  നേതാക്കളുടെ കൈയ്യെത്താവുന്ന അകലത്തിലായിരിക്കില്ല എപ്പോഴും പാർട്ടി അണികൾ.  അതിന്റെ ഫലം അനുഭവിക്കുന്നത് കേരളീയ സമൂഹം മൊത്തത്തിലായിരിക്കും. അല്ലാതെ സി.പി.ഐ.എമ്മുകാർ മാത്രമായിരിക്കില്ല. രാഷ്ട്രീയ മായി ഒരു പ്രസ്ഥാനത്തിനെതിരെ പ്രകോപനമുണ്ടാക്കുന്നത് ഒരു വിവേകമുള്ള ഭരണകൂടത്തിന്റെ ലക്ഷണമല്ല. എല്ലായ്പോഴും ഭരണം കൂടെയുണ്ടാകില്ലന്ന് ഇക്കാലമത്രയും ചരിത്രപാഠം പഠിച്ചിട്ടും യു.ഡി.എഫുകാർക്ക് മനസിലായിട്ടില്ലെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. അതും തട്ടിമുട്ടി അധികാരത്തിൽ വന്ന ഈ ഭരണ കാലത്ത്! സി.പി.ഐ.എമ്മിനെതിരെ നടക്കുന്ന ദുഷ്‌പ്രചരണങ്ങളും  കള്ളക്കേസുകളും കണ്ട്  സന്തോഷം കൊള്ളുന്നവർക്കും ഹർത്താലും മറ്റ് പ്രതിഷേധ മാർഗ്ഗങ്ങളും കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമ്പോൾ അവർതന്നെ ഭരണകൂട നടപടികൾക്കെതിരെ പ്രതികരിച്ചു തുടങ്ങും. അതുകൊണ്ടാണ് ഭരണകൂടത്തിനു വിവേകം വേണമെന്നു പറയുന്നത്. ഒരു നിരോധനാജ്ഞകൊണ്ടൊന്നും അടിയന്തിരാവസ്ഥയിൽ ഒലിച്ചുപോകാത്ത പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് സാമാന്യയുക്തികൊണ്ട് ആർക്കും തിരിച്ചറിയാവുന്നതേയുള്ളൂ. രാഷ്ട്രീയത്തെ പറ്റി ഒന്നുമറിഞ്ഞു കൂടാത്ത എറാൻ മൂളികളായ ഐ.പി.എസുകാരെ വച്ച്  രാഷ്ട്രീയം കളിച്ചാൽ അതിന്റെ ഫലം ബ്യൂമറാങു പോലെ തിരിച്ചുവന്ന് തങ്ങളുടെ മുഖത്തുതന്നെ തറയ്ക്കുമെന്ന് ഉമ്മൻ ചാണ്ടിയും കൂട്ടരും മനസിലാക്കിയാൽ നന്ന്. ഭരിക്കുന്നതിപ്പോൾ ലീഗാണെങ്കിലും ഉത്തരവാദിത്വങ്ങൾ എല്ലാം ഉമ്മൻ ചാണ്ടിയും  കോൺഗ്രസ്സുമായിരിക്കും ഏറ്റെടുക്കേണ്ടി വരിക എന്നതും ഓർത്താൽ നന്ന്. സി.പി.ഐ.എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കള്ളക്കേസുകൾ എടുത്ത് പ്രകോപനങ്ങളുണ്ടാക്കി കേരളം സംഘർഷഭരിതമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള യു.ഡി.എഫിന്റെ  ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ഈ പ്രതിഷേധക്കുറിപ്പ് തൽക്കാലം ചുരുക്കുന്നു. 

8 comments:

mini//മിനി said...

എല്ലായിപ്പോഴും ഭരണം കൈയിലൊതുക്കാനല്ലെ ഈ കളികളൊക്കെ യു.ഡി.എഫ്. നടത്തുന്നത്,, കോഴിക്കോട് ജില്ലയിൽ നടന്ന കൊലപാതകങ്ങളും കൂടി, കണ്ണുരിന്റെ പേരിലാക്കുന്നവരാണ് നമ്മുടെ മാധ്യമങ്ങൾ. കണ്ണുരിൽ എന്തെങ്കിലും ഒക്കെ ഉണ്ടാവണം എന്നൊരു വാശിപോലെ,,,

ഇ.എ.സജിം തട്ടത്തുമല said...

മിനി,

കമന്റിനു നന്ദി.

കണ്ണൂരിന്റെയും പാർട്ടി ഗ്രാമത്തിന്റെയും പേരിലാണല്ലോ മാർക്സിസ്റ്റ് വിരുദ്ധ പ്രചരണം. ഈ കണ്ണൂർ ആർക്കും ചെന്നാത്താനാവാത്ത അപ്രാപ്യമായ ഒരു ലോകമൊന്നുമല്ലെന്നു പോലും ഈ കണ്ണൂർവിരുദ്ധർ മനസിലാക്കുന്നില്ലെന്നു തോന്നുന്നു.

കാസർകോട്ട് ലീഗുകാർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ചവിട്ടിക്കൊന്നു. അതും മാർക്സിസ്റ്റ് അക്രമമാക്കുമോ ആവോ!

മുക്കുവന്‍ said...

കേരളത്തിൽ സി.പി.ഐ.എം ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടത്തിനു നിർബന്ധിതമായിരിക്കുകയാണ്.


yes, that is correct, but the way they act is totally illogical.

Anonymous said...

യു ഡീ എഫ് ഭരിക്കുമ്പോള്‍ തന്നെ എതിരാളികളെ കൊല്ലണം എന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ ? ഒരുത്തന്‍ ജീപിനു പുറകെ കൂവി വിളിച്ചു ഓടിയാല്‍ അവനെ അങ്ങ് കൊല്ലുമോ? അത് കൊള്ളാമല്ലോ? എന്നിട് ടീ വീ കണ്ടാല്‍ കരയുന്ന എം എല്‍ ഇ മൊഴി കൊടുത്തപ്പോള്‍ ആണ് ജയരാജനെ പൊക്കിയത് , നാളെ അയാളെയും പോക്കും അപ്പോഴും ഹര്‍ത്താല്‍ മറ്റന്നാള്‍ ഡീസല്‍ വില കൂടും അപ്പോഴും ഹര്‍ത്താല്‍ പെട്രോള്‍ വില കുറയുമ്പോള്‍ പണ്ട് ചെയ്ത ഹര്ത്താലിനു പകരം കൂടുതല്‍ പണി എടുക്കണ്ടേ? ആന്റണി അല്ല ഭരിക്കുന്നത് , തിരിച്ചും പണി കിട്ടും എന്ന് കൂടി ഓര്‍ക്കുക ? അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ഇന്നലെ എന്ത് ബുദ്ധിമുട്ടായി ജനത്തിന്. ബാല കൃഷ്ണപിള്ള അകത്തായപ്പോള്‍ യു ഡീ എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല , ഷുക്കൂരും ഫൈസലും ഒക്കെ തന്നെ ചത്തതാണോ? ടീ പി യോ? ജയരാജന്‍ തന്നെ കയ്യില്‍ ഇരുന്നു ബോംബ്‌ പൊട്ടി വിരല്‍ പോയ മഹാന്‍ അല്ലെ ? അയാള്‍ അറിയാതെ കണ്ണൂരില്‍ ഒരു കാര്യവും നടക്കില്ലെന്നു എല്ലാവര്ക്കും അറിയാം ജയരാജന്‍ ഇനിയും മറ്റു കേസുകളിലും അകത്താകും മുന്നോട്ടരുപതി അഞ്ചു ദിവസം പോരാതെ വരുമല്ലോ ഹര്ത്താലിനു അക്കണക്കിന് , ഇനി അയാളുടെ മോനെ അടുത്ത ആഴ്ച പൊക്കും പെണ്ണ് കേസില്‍ അപ്പോഴും ഹര്‍ത്താല്‍ ഉണ്ടോ?

ഇ.എ.സജിം തട്ടത്തുമല said...

മുക്കുവൻ,
കമന്റിനു നന്ദി.

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

ഹർത്താലിനപ്പുറം മറ്റൊരു സമര രൂപം ഇല്ലാത്തത് നമ്മുടെ കുറ്റമല്ല സുശീൽ. ശക്തമായ പ്രതിഷേധത്തിന്റെ സന്ദേശമാണ് ഒരു ഹർത്താൽ.(റോഡ് ബ്ലോക്ക് ചെയ്യുന്നതിന് വ്യക്തിപരമായി ഞാൻ എതിരാണ്.പക്ഷെ ഹർത്താൽ വിരോധിയല്ല)

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

"പെട്രോള്‍ വില കുറയുമ്പോള്‍ പണ്ട് ചെയ്ത ഹര്ത്താലിനു പകരം കൂടുതല്‍ പണി എടുക്കണ്ടേ?"

ഹഹഹ! തീർച്ചയായും അതു വേന്മ്.

kaalidaasan said...

സജിം,

സി പി എം എന്ന പാര്‍ട്ടി എന്തിനാണിതുപോലെ അപഹാസ്യമാകന്‍ നില്‍ക്കുന്നത്?
പാര്‍ട്ടിയുടെ മൂന്നു ജില്ലാ സെക്രട്ടറിമാര്‍ കൊലക്കേസുകളില്‍ പ്രതികളാകുന്നു. രണ്ട് ജില്ല സെക്രട്ടറിമാര്‍ സ്ത്രീവിഷയത്തില്‍ പാര്‍ട്ടിക്ക് പുറത്താകുന്നു.

പാര്‍ട്ടി സ്വന്തം മുഖം കണ്ണാടിയില്‍ നോക്കി മനസിലാക്കുകയല്ലേ വേണ്ടത്? വടക്കന്‍ കേരളത്തില്‍ അക്രമോത്സുക രാഷ്ട്രീയം ഉണ്ടെന്ന് താങ്കള്‍ സമതിക്കുന്നുണ്ടല്ലൊ. അതല്ലെ ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകാന്‍ കാരണം? ജയരാജന്‍ വെറുതെ വഴിയിലൂടെ പോയതിനല്ലല്ലോ അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹത്തെ വഴി തടഞ്ഞ സംഘത്തിലുണ്ടായ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ അല്ലേ? ഒരു തെളിവുമില്ല എന്നതൊക്കെ താങ്കളുടെ തോന്നലല്ലേ? കാരണങ്ങള്‍ ബോധ്യപ്പെട്ട കോടതിയല്ലേ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്? ജയരാജനെ അറസ്റ്റ് ചെയ്തപ്പോഴേക്കും വിജയന്‍ പറഞ്ഞതുപോലെ പാര്‍ട്ടി തീപ്പന്തമായി. കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ അക്രമങ്ങളൊക്കെ കാണാനുള്ള കാഴ്ച ശേഷി കോടതിയില്‍ ഇരിക്കുന്ന ജഡ്ജിമാര്‍ക്കുമുണ്ട്. അതുകൊണ്ടല്ലേ അവര്‍ അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചത്? അക്രമം കാണിച്ചിട്ട് പാര്‍ട്ടി എന്തു നേടി? ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ജാമയം ​പോലും ഇല്ലാതാക്കിയില്ലേ?മേനി നടിക്കാന്‍ ഒരു രക്തസക്ഷിയേക്കൂടെ കിട്ടി.

ആത്മ പരിശോധന നടത്തേണ്ടത് പാര്‍ട്ടിയാണ്. തെക്കന്‍ കേരളത്തില്‍ അക്രമം പാര്‍ട്ടിക്കുപേക്ഷിക്കാമെങ്കില്‍ വടക്കന്‍ കേരളത്തിലും ആകാം.

സുപ്രീം കോടതി വരെ മണിയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. അതൊന്നും കണ്ടിട്ട് പാര്‍ട്ടി ഒന്നും പഠിക്കുന്നില്ലെങ്കില്‍ ഇനി പഠിക്കാന്‍ പോകുന്നില്ല. സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ സെക്രട്ടറിയും  മരണ ശേഷം പോലും കുലം കുത്തി എന്നു വിളിച്ചിട്ടും  പാര്‍ട്ടി അണികള്‍ ചന്ദ്രശേഖരന്റെ വീടിന്റെ കടം വിട്ടാന്‍ പിരിവു നടത്തി സഹായിക്കുന്നതൊന്നും  മനസിലാക്കാനുള്ള വിവേകം ഈ പാര്‍ട്ടി നേതാക്കള്‍ക്കില്ലല്ലോ എന്നു കാണുമ്പോള്‍ സഹതാപം തോന്നുന്നു.