Thursday, October 27, 2011

പ്രിയേ പ്രണയിനീ

പ്രിയേ പ്രണയിനീ

നിനക്കു ഞാൻ നൽകിയത് മിഴി രണ്ടും
നീ തിരിച്ചു നൽകിയത് തിമിരം
മിഴികളില്ലാത്ത എനിക്ക്
നീ കടമെടുത്തൊരു തിമിരം
കനിഞ്ഞു നൽകിയിട്ട് എന്തു കാര്യം?
തിമിരത്തിനും മീതെയല്ലേ
അന്ധതയുടെ കറുത്ത വെട്ടം?
കടലാഴം കനിവുള്ളൊരു കരൾ കടഞ്ഞാണ്
ഞാൻ നിനക്ക് കാഴ്ചയുടെ
വെള്ളി വെളിച്ചവും കാവൽ‌പ്പുരയുടെ താക്കോലും
കാവലാളിന്റെ കായ്ബലവും നൽകിയത്!
പക്ഷെ അപ്പോഴും എന്നിൽ
കാഴ്ചയുടെ നേരിയ വെളിച്ചമെങ്കിലും
ശേഷിക്കുന്നുണ്ടോ എന്നായിരുന്നു
സംശയാലുവായ നിന്റെ ചൂഴ്ന്നു നോട്ടം!
നീയെന്നും സംശയ രോഗത്തിന്
അടിമപ്പെട്ടിരുന്നല്ലോ!
കണ്ണുണ്ടെങ്കിലും കാണാതെ പോയ
കാഴ്ചകൾക്കു വേണ്ടിയാണ്
ഞാൻ എന്റെ ഹൃദയയരക്തം കൊണ്ട്
കൈയ്യൊപ്പിട്ട എന്റെ കാഴ്ചയുടെ
അനുഭവങ്ങൾ നിന്റെ നിഷ്പ്രഭമായ
കണ്ണുകൾക്കും കറുത്തു കരുവാളിച്ച
കാഴ്ചകൾക്കും പകരം നൽകിയത്.
കാഴ്ചകളെ പറ്റി ആധികാരികമായി
പറയാൻ കാഴ്ച ഉപേക്ഷിച്ചവന് എന്തു കാര്യം
എന്നായിരിക്കും ഇപ്പോൾ നിന്റെ ചിന്ത!
കണ്ണേ മടങ്ങുക എന്നിനി
എനിക്കു പറയാനാകില്ല
കാരണം മടങ്ങിവന്നിട്ടും കാര്യമില്ല
കാഴ്ചഫലം നൽകുന്ന കൺപടലം
ഞാൻ ചൂഴ്ന്നെടുത്തു പോയി
കൈയ്യൊപ്പിടാൻ ഇറ്റിച്ച്
ഹൃദയ രക്തം വറ്റിച്ചും പോയി!
ഇനി ഉണർന്നിരിക്കുമ്പോഴും
കറുത്ത വാവ് പെയ്തിറങ്ങുന്ന
മനോരാജ്യങ്ങളിലൂടെ അതിർത്തികൾ ഭേദിച്ച്
അനായാസേന എനിക്ക് യാത്ര ചെയ്യാം!
സ്വപ്നങ്ങൾക്ക് നിറഭേദമില്ലെങ്കിൽ
തിരിച്ചറിവുകൾക്ക് കാത്തുനിൽക്കേണ്ടതില്ലല്ലോ!
ഇരുട്ടുകൊണ്ട് ഇരുട്ടിനെ കീറിമുറിച്ച്
വെളുത്ത് പ്രകാശമാനമായ ഏതോ
ഉയരങ്ങളിലേക്കു പടർന്നു കയറാൻ
ഏതോ ഇരുണ്ട ഒരു താഴ്‌വ‌രതേടി
നിലം തൊടാതൊരു യാത്ര!
ശരീരം ഉപേക്ഷിച്ചതിന്റെ വേവലാതികളുമായി
ഉന്മത്തതയുടെ കറുത്ത രാപ്പകലുകളിലൂടെ
നിയാര് ഞാനാരെന്നറിയാതെ അങ്ങനെയങ്ങനെ ......
പ്രിയേ പ്രണയിനീ, നേരു പറയട്ടെ;
നിനക്ക് എന്നെ കൈവിട്ടു പോയിരിക്കുന്നു;
എനിക്കു നിന്നെയും!

11 comments:

ajith said...

പകരം ലഭിച്ചതെല്ലാം മൂല്യമില്ലാത്തത്

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വപ്നങ്ങൾക്ക് നിറഭേദമില്ലെങ്കിൽ
തിരിച്ചറിവുകൾക്ക് കാത്തുനിൽക്കേണ്ടതില്ലല്ലോ!

നല്ല വരികൾ കേട്ടൊ മാഷെ

ഞാന്‍ പുണ്യവാളന്‍ said...

ആദ്യ വരികകളില്‍ വ്യക്തത കുറവായി തോന്നുന്നു.
നിനക്ക് എന്നെ കൈവിട്ടു പോയിരിക്കുന്നു;
എനിക്കു നിന്നെയും...... നല്ല വരിക്കല്‍ ആശംസകള്‍ ചേട്ടാ ..... ഫ്രീ ആക്കുമ്പോ ഇതൊകെ ഒന്ന് നോക്കൂ

അങ്ങനെ ഒരു പ്രണയ കാലത്ത്

പ്രണയത്തിന്റെ താഴ്വരയില്‍

ജയിംസ് സണ്ണി പാറ്റൂർ said...

മനോരാജ്യങ്ങളുടെ അതിര്‍ത്തികള്‍.....
.............
നല്ല കവിത.

ശിഖണ്ഡി said...

ഒന്നും പ്രതീക്ഷിക്കരുത് അല്ലെ ???
നല്ല കവിത

keraladasanunni said...

നേരു പറയട്ടെ;നിനക്ക് എന്നെ കൈവിട്ടു
പോയിരിക്കുന്നു;എനിക്കു നിന്നെയും!
ഇഷ്ടപ്പെട്ട വരികള്‍

കലി said...

കടലാഴം കനിവുള്ളൊരു കരൾ കടഞ്ഞാണ്
ഞാൻ നിനക്ക് കാഴ്ചയുടെ
വെള്ളി വെളിച്ചവും കാവൽ‌പ്പുരയുടെ താക്കോലും
കാവലാളിന്റെ കായ്ബലവും നൽകിയത്!

super kalpana... nannayi

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ശരീരം ഉപേക്ഷിച്ചതിന്റെ വേവലാതികളുമായി
ഉന്മത്തതയുടെ കറുത്ത രാപ്പകലുകളിലൂടെ
നിയാര് ഞാനാരെന്നറിയാതെ അങ്ങനെയങ്ങനെ ....
ആത്മാവിന്റെ യാത്രയിലും ഇങ്ങിനെയുള്ള ശിഥില വിചാരങ്ങള്‍ ഉണ്ടായിരിക്കുമോ?
ചില വരികള്‍ വേറേതോ ലോകത്തലെക്കാനയിക്കുന്നത് പോലെ..

കൊമ്പന്‍ said...

നല്ല വരികള്‍ സഖാവേ

Kadalass said...

ഓട്ടേറെ ചിന്തകൾ സമ്മാനിക്കുന്ന വരികൾ
ആശംസകൾ!

ജി.എൽ.അജീഷ് said...

നല്ല കവിത................