Monday, October 17, 2011

ആരു ഭരിച്ചാലും കണക്കാണോ?


ആരു ഭരിച്ചാലും കണക്കാണോ?

സാധാരണ ആരു ഭരിച്ചാലും കണക്കാണെന്നു പറയുന്നവർ പ്രധാനമായും മൂന്നുകൂട്ടരാണ്. ഒന്ന് അരാഷ്ട്രീയ വാദികൾ.രണ്ട് വലിയ പ്രവർത്തകരൊന്നുമല്ലാത്ത വലതുപക്ഷ രാഷ്ട്രീയ വിശ്വാസികൾ.മൂന്ന് എന്തെങ്കിലും കിട്ടാക്കെറുമൂലമോ പാർട്ടിവിരുദ്ധപ്രവർത്തനം മൂലമോ ഏതെങ്കിലും ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു പോയിട്ട് ആദർശത്തിന്റെ കപടമുഖം അണിയുന്നവർ! ( ഈ മൂന്നാമതൊരു വിഭാഗം ഇവിടെ ഇപ്പോൾ സജീവമാണല്ലോ!). ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും വലതുപക്ഷം അധികാരത്തിലിരിക്കുമ്പോഴും ധാരാളം കാര്യങ്ങളിൽ സമാനത നിലനിൽക്കാം. എന്നാൽ ഒന്നിന്റെ തനിപ്പകർപ്പാകുമോ മറ്റൊന്ന്? ഒരിക്കലുമല്ല. നയപരമായ വ്യത്യാസം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നടപ്പു ഭരണഫലത്തിൽത്തന്നെ പ്രകടമായി കാണാം. ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ ഇടതുപക്ഷത്തിനുള്ളത്ര ആത്മാർത്ഥത വലതുപക്ഷത്തിനുണ്ടാകാറില്ലാ എന്നാണ് ഈയുള്ളവന്റെ പക്ഷം. മറ്റൊന്ന് പൊതുമേഖലയോടും സ്വകാര്യമേഖലയോടും ഉള്ള സമീപനത്തിലും ഈ രണ്ടു പക്ഷങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇടതുപക്ഷം പരമാവധി പൊതുമേഖലയെ സംരക്ഷിക്കുവാനും നിലനിർത്തുവാനും ശക്തിപ്പെടുത്താനും ശ്രമിക്കും. സ്വകാര്യമേഖലയെ പാടേ നിരാകരിക്കാതെ ആവശ്യത്തിന് പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ വലതുപക്ഷം പൊതുമേഖലയെ വേണ്ടത്ര ശ്രദ്ധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വകാര്യമേഖലയെ ആവശ്യത്തിലധികം പരിലാളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു ഉദാഹരണം പറയുവാൻ സാഹചര്യം ഒരുങ്ങിയിരിക്കുന്നു.

ഇനി മുതൽ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈകാര്യം ചെയ്യുന്ന ചുമതല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ഏല്പിക്കുവാൻ പോകുന്നു. ഇതുവരെ സർക്കാർ ട്രഷറികൾ മുഖാന്തരമാണ് അത്തരം സാമ്പത്തിക പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ഇനി ശമ്പളം വാങ്ങുന്നത് ഏതെങ്കിലും സ്വകാര്യബാങ്കിന്റെ അക്കൌണ്ടും എ.റ്റി.എമ്മും മറ്റും ഉപയോഗിച്ചായിരിക്കും. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ട്രഷറിവഴിയുള്ള പെൻഷൻ വിതരണം ചെക്ക് മൂലം ആക്കിയിരുന്നു. ഡോ.തോമസ് ഐസക്കിന്റെ നിരവധി സാമ്പത്തിക പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു അത്. മുമ്പ് പെൻഷൻ ബൂക്ക് നൽകി പെൻഷനർ നേരിട്ട് ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങണമായിരുന്നു. (ചിലരൊക്കെ പോസ്റ്റ് ഓഫീസ് വഴിയും ബാങ്ക് വഴിയും വാങ്ങാറുണ്ട്. അതിനുള്ള ഓപ്ഷൻ മുമ്പേതന്നെ അവർക്കുണ്ടായിരുന്നു.) പെൻഷൻ വാങ്ങൽ ചെക്ക് വഴിയാക്കുന്നതിനെ സംശയത്തോടെ കണ്ട പെൻഷൻകാർ ആദ്യം തോമസ് ഐസക്കിന്റെ പരിഷ്കാരത്തിൽ മുറുമുറുപ്പുകൾ ഉയർത്തിയിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ സൌകര്യവും ഗുണവും മനസിലാക്കി അവർ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു.

പെൻഷൻ ചെക്ക് വഴിയാക്കിയതുകൊണ്ട് പല ഗുണങ്ങളുണ്ടായി. ഒന്ന് ഒരു പെൻഷണർക്ക് പണം ആവശ്യമുള്ള സമയത്ത് ആവശ്യത്തിനുള്ള പണം എത്രയാണോ അത് മാത്രം എടുക്കാം. ബാക്കിയുണ്ടെങ്കിൽ അത് ട്രഷറിഅക്കൌണ്ടിൽത്തന്നെ കിടക്കും. അതാകട്ടെ സർക്കാർ ഖജനാവിനു ഗുണവും! ധാരാളം പെൻഷണർമാർ പെൻഷനുപുറമേ മറ്റു പല വരുമാനവും ഉള്ളവരായി ഉണ്ട്. അതുകൊണ്ട് ചെക്ക് മുഖാന്തരം ആകുമ്പോൾ അവർ പെൻഷൻ പണം യഥാസമയം വാങ്ങാൻ തിടുക്കം കാണിക്കില്ല.മുമ്പ് അവരവരുടെ ഡേറ്റുകളിൽ പെൻഷൻ ബൂക്കുമായി ട്രഷറിയിൽ വന്ന് തള്ളുകൊണ്ട് പെൻഷൻ വാങ്ങുന്നതായിരുന്നു നടപ്പുരീതി. പുതിയ ചെക്ക് സമ്പ്രദായത്തിൽ പണം എപ്പോൾ വേണമെങ്കിലും ചെന്നു വാങ്ങാം. പണം അത്യാവശ്യമില്ലെങ്കിൽ പിന്നീട് വാങ്ങാമെന്നു കരുതുകയും ചെയ്യാം. അവർ പണം പിൻവലിക്കാൻ ഒരു ദിവസം വൈകിയാൽത്തന്നെ സർക്കാർ ഖജനാവിനു നേട്ടമാണ്. സർക്കാർ ഖജനാവിനുകൂടി നേട്ടമുള്ള ഒരു പരിഷ്കാരമായിരുന്നു ഡോ. തോമസ് ഐസക്ക് കൊണ്ടുവന്നതെന്നു സാരം. അതുപോലെ ചെക്ക് ആയതുകൊണ്ട് രോഗാതുരതയിൽ കഴിയുന്ന ഒരു പെൻഷണർക്ക് ട്രഷറിയിൽ ചെന്നു ക്യൂനിൽക്കേണ്ടിയും വരില്ല. ആരുടെയെങ്കിലും കൈയ്യിൽ ചെക്ക് കൊടുത്തുവിട്ടാൽ പെൻഷൻ പണം വാങ്ങാം. ട്രഷറിപൂട്ടാതിരിക്കാൻ എൽ.ഡി.എഫ് സർക്കാർ കാണിച്ച ശുഷ്കാന്തികളുടെ കൂട്ടത്തിലാണ് ഇങ്ങനെയൊരു ഞുണുക്കു പണികൂടി കൊണ്ടുവന്നത്. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും നിലനില്പും ഇടതുപക്ഷത്തിന്റെ സവിശേഷ പരിഗണനയ്ക്ക് സദാ പാത്രീഭവിക്കും എന്ന് സൂചിപ്പിക്കുവാനാണ് ഇക്കാര്യം ഞാൻ സൂചിപ്പിച്ചത്. എന്നാൽ അതങ്ങനെതന്നെയല്ല, വലതുപക്ഷം! അവർക്ക് സ്വകാര്യമേഖലയോടായിരിക്കും കൂടുതൽ ചായ്‌വ്!

ഇപ്പോൾ കേരളത്തിൽ യു.ഡി.എഫ് സർക്കാർ ചെയ്യുന്നതു നോക്കൂ; സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും എല്ലാം ഇനി സ്വകാര്യ ബാങ്കുകൾ മുഖാന്തരം നൽകാൻ പോകുന്നുവത്രേ! അതായത് സർക്കാരിന്റെ സാമ്പത്തികപ്രവർത്തനങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ഇടപെടാൻ കഴിയുന്നു എന്നു സാരം. ഇതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് മനസിലാക്കാൻ സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റൊന്നും നേടണമെന്നില്ല. ഏതൊരു സാധാരണ മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. സമ്പൂർണ്ണ മുതലാളിത്തത്തിലേയ്ക്ക് ഇന്ത്യൻ സമ്പദ്ഘടനയെ തള്ളിവിടുന്ന രാജ്യത്തെ വലതുപക്ഷ ഭരണകൂടനയങ്ങൾക്ക് വിധേയമായി കേരളത്തിലെ സർക്കാരും പ്രവർത്തിക്കുന്നു എന്നതിൽ അസ്വാഭാവികതയില്ല. വികസനത്തിൽ സ്വകാര്യ പങ്കാളിത്തം എന്നൊക്കെപ്പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങളെ മുഴുവൻ അവഗണിച്ച് തനിമുതലാളിത്തം സ്ഥാപിക്കുന്നത് മനസിലാക്കാം. മുതലാളിത്തം സ്വന്തം പ്രത്യയ ശാസ്ത്രമായി അംഗീകരിക്കുന്നവർ ഭരണം കൈയ്യാളുമ്പോൾ അതിലപ്പുറം പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പക്ഷെ ഗവദ്ണ്മെന്റ് ജീവനക്കാർക്ക് ശമ്പളം നൽകൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളും മറ്റുമായ ചുമതലകൾ അപ്പാടെ സ്വകാര്യസ്ഥാപനങ്ങൾക്ക് കൊട്ടേഷൻ നൽകുന്ന നയം ലോകത്തെ തനിമുതലാളിത്ത രാഷ്ട്രങ്ങളിൽ പോലും നിലവിലുണ്ടകുമോ എന്ന അന്വേഷിക്കേണ്ടിയിരിക്കുന്നു!

കുറിപ്പെഴുതാൻ പ്രേരിപ്പിച്ച പത്രവാർത്തയുംകൂടി താഴെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

ശമ്പളവും പെന്‍ഷനും ഇനി സ്വകാര്യ ബാങ്കിലൂടെ

ജയകൃഷ്ണന്‍ നരിക്കുട്ടി


ദേശാഭിമാനി, 2011 ഒക്ടോബർ 17 തിങ്കള്‍

കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കമുള്ള ഇടപാടുകള്‍ പുത്തന്‍ തലമുറ വാണിജ്യ ബാങ്കുകളെ ഏല്‍പിക്കുന്നു. പത്ത് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ എടിഎം വഴിയാക്കാന്‍സര്‍ക്കാര്‍ ഉത്തരവിറക്കി. സെപ്തംബര്‍ 15ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ട്രഷറിയില്‍ കൈകാര്യം ചെയ്തിരുന്ന കോടികളുടെ സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളെ ഏല്‍പിക്കാന്‍ ഉത്തരവായത്. ഇപ്പോള്‍ ട്രഷറി വഴിയാണ് സര്‍ക്കാര്‍ ഇടപാടുകള്‍ . സഹകരണ, പൊതുമേഖലാ ബാങ്കുകള്‍ കൈകാര്യം ചെയ്ത സര്‍ക്കാര്‍ ഇടപാടുകളും പുത്തന്‍ തലമുറ ബാങ്കുകളിലേക്ക് മാറ്റും.

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മാസം 1000 കോടിയോളം ഇപ്പോള്‍ ട്രഷറിയിലൂടെ നല്‍കുന്നുണ്ട്. ഇതിന്റെ മുഴുവന്‍ കൈകാര്യവും ഇനി പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്കാകും. സര്‍ക്കാര്‍ ഫണ്ടുകള്‍ , പദ്ധതിവിഹിതം, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവയെല്ലാം ഇനി കൈകാര്യം ചെയ്യുക ഈ ബാങ്കുകളാകും. എച്ച്ഡിഎഫ്സി ബാങ്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപാട് മുഴുവന്‍ ഇതുവരെ നടത്തിയിരുന്ന ട്രഷറി ഫലത്തില്‍ ഇല്ലാതാക്കുന്നതാണ് തീരുമാനം. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപ്പാക്കുന്ന പരിഷ്കാരത്തിന്റെ ഭാഗംകൂടിയാണ് ഈ നടപടി. എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളെ സാമ്പത്തിക ഇടപാട് ഏല്‍പിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവ് കൈകാര്യം ചെയ്യാനുള്ള അനുമതികൂടിയാണ് ഇവര്‍ക്ക് ലഭിക്കുക. ട്രഷറി പ്രവര്‍ത്തനം പരിമിതപ്പെടാനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇത് കാരണമാകും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ട്രഷറി പരിഷ്കരണം അട്ടിമറിച്ചാണ് സ്വകാര്യവല്‍ക്കരണ നീക്കം. കോര്‍ബാങ്കിങ് ഏര്‍പ്പെടുത്തി ട്രഷറികളില്‍ എടിഎം തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി മുഴുവന്‍ ട്രഷറികളും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുതിയ സബ്ട്രഷറികള്‍ , സ്റ്റാമ്പ് ഡിപ്പോകള്‍ , ചെക്ക് പോസ്റ്റ് ട്രഷറികള്‍ എന്നിവ ആരംഭിച്ചു. പെന്‍ഷന്‍കാര്‍ക്കും ഗസറ്റഡ് ജീവനക്കാര്‍ക്കുമായി അഞ്ച് ലക്ഷത്തോളം ട്രഷറി സേവിങ്സ് അക്കൗണ്ടും തുറന്നു. അതോടെ ട്രഷറികളിലൂടെ സമാഹരിക്കുന്ന തുക സംസ്ഥാന വികസനത്തിന് ഉപയോഗിക്കാനായി. സര്‍ക്കാര്‍ ഇടപാടുകള്‍ പുതുതലമുറ ബാങ്കുകളിലേക്ക് മാറ്റുന്നതോടെ ഈ നേട്ടങ്ങളെല്ലാം ഇല്ലാതാവും. വികസനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പണം ഊഹക്കച്ചവടമേഖലയിലേക്ക് വഴിമാറിപ്പോകാനും ഈ തീരുമാനം വഴിവച്ചേക്കും.

9 comments:

ഞാന്‍ പുണ്യവാളന്‍ said...

തോമസിന്റെ ഭരണ പരിഷ്കരണങ്ങള്‍ നല്ലതായിരുന്നു. മാഷ്‌ പറഞ്ഞ നയവ്യത്യാസങ്ങളും ശരി തന്നെ .....

നമ്മുടെ പൊതു ജനത്തിന്റെ പണം ഉപയോഗിച്ചാണ് ഇവിടെ സ്വകാര്യ സ്ഥാപനങ്ങള്‍ വളരുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കി ഒരു ലേഖനം എഴുതിയിടുണ്ട്
കോര്‍പ്പറെറ്റ്‌ കൊള്ള

സ്നേഹാശംസകളോടെ @ ഞാന്‍ പുണ്യവാളന്‍

Unknown said...

സസ്പെൻഷനിലായാൽ ശമ്പളം കിട്ടുമോ?

http://baijuvachanam.blogspot.com/2011/10/blog-post_17.html

ajith said...

നിഷ്പക്ഷതയോടെ കാര്യങ്ങള്‍ കാണുന്നവനെന്ന നിലയില്‍ എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ. ഭരണം എപ്പോഴും നല്ലത് ഇടതുപക്ഷത്തിന്റെ തന്നെയാണ്. പക്ഷെ ഒരു കുഴപ്പം എല്‍.സി മുതല്‍ മേലേയ്ക്കുള്ള കുട്ടിസഖാക്കള്‍ ഇത്തിരി അഹങ്കാരികളാകും അങ്ങിനെ അഞ്ചു വര്‍ഷം തീരാറാകുമ്പോഴേയ്ക്കും ജനത്തെ വെറുപ്പിക്കും. അടുത്ത ഇലക്ഷനില്‍ തോറ്റു പുറത്തുപോവുകയും ചെയ്യും. ഒരു അപവാദം ഈ കഴിഞ്ഞ ഇലക്ഷനില്‍ ആയിരുന്നു. ഇടതുപക്ഷത്തിലെ വിഭാഗീയത ഒന്നുകൊണ്ട് മാത്രം ഭരണം നഷ്ടപ്പെട്ടു. ഒരു ചായ്‌വുമില്ലാതെ നോക്കുന്ന മിക്കവാറും പേരുടെ അഭിപ്രായം ഇതുതന്നെയാണെന്ന് തോന്നുന്നു. അവരാണല്ലോ നിര്‍ണായകമായ ജയാപജയങ്ങള്‍ തീരുമാനിക്കുന്നതും. ഒരു ഇടതുപക്ഷപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സജിമിന് എതിരഭിപ്രായം തീര്‍ച്ചയായും കാണുമെന്നറിയാം.

Anonymous said...

സജീമേ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ നല്ല സര്‍ വീസ് ആണ്

ഈ ട്രഷറിയില്‍ ഇരിക്കുന്ന കുറെ പരീശന്മാര്‍ കാരണം അവിടെ ചെന്ന് ഒരു ഇടപാട് നടത്താന്‍ പെടുന്ന പാട് എത്ര പ്രയാസം ആണെന്ന് അറിയാമോ ?

ഗവണ്മെന്റിനു ഇന്ന് പണ്ടത്തെപോലെ ട്രഷറി പണം വേണ്ട ബിവരെജസിന്റെ പണം മതി അപ്പോള്‍ ഈ ആള്‍ക്കാരെ ഇട്ടു കഷ്ടപ്പെടുത്തണ്ട ഒരു കാര്യവും ഇല്ല

പണ്ട് സഖാക്കള്‍ പെന്‍ഷന്‍ പണം നിര്‍ബന്ധമായി ട്രഷറിയില്‍ ഇടീക്കും ഇല്ലേല്‍ പെന്‍ഷന്‍ വൈകിക്കും പല പല ക്വറി അടിക്കും

വിത്ട്രാവല്‍ വന്നാല്‍ സമയത്ത് നടക്കില്ല

എന്റെ പെന്‍ഷന്‍ പണം എനിക്കിഷ്ടമുള്ള ബാങ്കില്‍ ഇടാന്‍ എനിക്ക് അവകാശം ഇല്ലേ ? പണ്ടില്ലായിരുന്നു എന്‍ ജി ഓ യൂണിയന്‍ കാരന്‍ നിശ്ചയിക്കും എവിടെ ഇടണം എന്ന്

ട്രഷരീലെ സര്‍വീസ് ഹ ഒന്ന് പോയി നോക്ക് അനുഭവി രാജ അനുഭവി

കമ്പ്യൂട്ടര്‍ വല്‍ക്കരണം കോര്‍ ബാങ്കിംഗ് മണ്ണാംകട്ട!!

എസ് എസ് എല്‍ സി സര്ടിഫികറ്റ്‌ വാങ്ങാന്‍ ഞാനൊരു ഇരുപത്തഞ്ചു രൂപ അടക്കാന്‍ പോയി

എന്റെ അമ്മെ ഒടുക്കത്തെ കമ്പ്യൂടരി സെഷന്‍ ആണ് ഉണ്ടാക്കി വച്ചിരിക്കുന്നത്

കമ്പ്യൂട്ടര്‍ വച്ചാല്‍ പെട്ടെന്ന് പരിപാടി നടക്കണം

ഇവിടെ നിങ്ങള്‍ ചെല്ലാന്‍ പൂരിപ്പിച്ചു ഹെഡ് ഓഫ് അക്കൌന്റ് അറിയാം

പക്ഷെ ഇവിടെ ഒരു ഉഗ്രന്‍ ആപ്പ് ഫിടു ചെയ്തു

ഈ ഹെഡ് ഓഫ് അക്കൌണ്ട് ഒരു ക്ലാര്‍ക്ക് വെരിഫൈ ചെയ്യണം ഫലത്തില്‍ പണം അടക്കാന്‍ വരുന്ന എല്ലാ അവനും ഇവന്റെ മുന്നില്‍ ക്യൂ നില്‍ക്കണം

അതില്‍ ലക്ഷം അടക്കുന്ന അബ്കാരി കാണും അഞ്ച് രൂപ അടക്കുന്ന ഞാന്‍ കാണും പെന്‍ഷന്‍ കാരന്‍ കാണും എന്ന് വേണ്ട എല്ലാവരും ഈ നീണ്ട ക്യൂ ഇങ്ങിനെ ഒരു ആഭാസം എവിടെ എങ്കിലും നിങ്ങള്‍ കണ്ടിടുണ്ടോ?

അകത്ത്തിരിക്കുന്നവനോ ചായ ഒക്കെ കുടിച്ചു അകത്തു കൂടി കുറെ എടുത്ത് (സഖാക്കള്‍ ഒരിക്കലും ക്യൂ നില്‍ക്കില്ല അവര്‍ അകത്തുകൂടി ആണ് പരിപാടി അപ്പോള്‍ അവന്റെ യൂണിയന്‍ വളരും) അപ്പുറത്തെ പെണ്ണിനെ പഞ്ചാര അടിച്ചു

അമ്മെ മുടിഞ്ഞു പോകും ഈ ഒരു കൌണ്ടര്‍

ഇവന്റെ കടമ്പ കഴിയാതെ ഒന്നും നടക്കില്ല

ഇതാണോ കമ്പ്യൂടര്‍ വല്‍ക്കരണം കോര്‍ ബാങ്കിംഗ്?

ഇതിപ്പോള്‍ നല്ല പരിപാടി ആണ് പെന്‍ഷന്‍ കാരന് അവനു ഓവര്‍ ഡ്രാഫ്റ്റ് കിട്ടും

എന്റെ ശമ്പളത്തിന്റെ പകുതി എനിക്ക് പതിനാലു ശതമാനം പലിശക്ക് കിട്ടും നല്ല പരിപാടി അല്ലെ

സര്‍വീസ് കിട്ടും ഇ ടീ എം കാര്‍ഡ് വീട്ടില്‍ കൊണ്ട് തരും

ഈ നെറ്വര്‍ക്ക് ഒരിക്കലും നിലക്കില്ല ട്രഷറി നെറ്റ് വര്‍ക്ക് കോര്‍ ബാങ്കിംഗ് അവിടെ ജോലി ചെയ്യുന്നവരോട് ചോദിക്ക് അവര്‍ സാറ്റിസ്ഫൈഡ് ആണോ എന്ന്

മാണി സാര്‍ ഭരിക്കുമ്പോള്‍ ഈ ട്രഷറി നക്കാപിച്ച ഒന്നും വേണ്ട പണം കൊണ്ട് വരാനും പോകാനും ഒക്കെ നന്നായി സാറിനു അറിയാം

പണ്ടത്തെ പോലെ ട്രഷറി അടയുന്ന പ്രശ്നം ഇന്നില്ല കാരണം നമ്മുടെ കുടിയന്മാര്‍ തന്നെ

റെഡ് സല്യൂട്ട് കൊമ്രെട്സ്

അച്ചടക്കമായി ബിവരെജസിനു മുന്നില്‍ ക്യൂ നിന്ന് അന്ന് തന്നെ ശമ്പളത്തില്‍ പകുതി ഗവണ്മെന്റിനു തിരിച്ചടക്കുന്ന ഉത്തമ പൌരന്മാരെ

വിധു ചോപ്ര said...

ആരു ഭരിച്ചാലും കണക്കല്ല. ഇടതു പക്ഷം ഭരിക്കുമ്പോൾ ഒരല്പം ആശ്വാസം ഉണ്ടാകാറുണ്ട്-സമാധാനത്തിന്റെ കാര്യത്തിൽ.
പിന്നെ നല്ലൊരു മാനിഫെസ്റ്റോ ഇല്ലാത്ത പക്ഷങ്ങൾ ലൊട്ടു ലൊടുക്ക് കേസുകൾ ഉയർത്തി വെറുതെ ബഹളമുണ്ടാക്കി വോട്ടു ചോദിക്കുന്ന സമ്പ്രദായം മാറാത്തിടത്തോളം ആരു ഭരിച്ചിട്ടെന്ത്?
ഭരണം കൊണ്ടെന്തെങ്കിലും നേട്ടങ്ങൾ ജനങ്ങൾ അനുഭവിക്കുന്നുണ്ടോ? മൊത്തത്തിൽ ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഫലങ്ങളുടെ പങ്ക് വ്യത്യസ്ത രീതിയിലും അളവിലും ആർക്കൊക്കെയോ കിട്ടുന്നെന്നു മാത്രം.
വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു നാഥൻ ഇല്ലെകിൽ ആരു ഭരിച്ചാലും ഒന്ന് തന്നെ

ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,

എന്റെ അഭിപ്രായത്തിൽ ട്രഷറി മാത്രമല്ല, സകല സർക്കാർ ഓഫീസിലും ഇരിക്കുന്ന സർവ്വ യൂണിയനിൽ പെട്ടവരും നല്ലൊരു പങ്ക് ജനങ്ങളെ എടുക്കാത്ത പൈസയെ പോലെ നോക്കുന്നവരും നിസാര കാര്യത്തിനുപോലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരും ആണ്. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമൊന്നുമില്ല. നമ്മുടെ നിയമങ്ങളുടെ അനാവശ്യമായ സങ്കീർണ്ണതകളും സാങ്കേതികതകളും കൂടിയാണ് അതിന്റെ കാരണം. ഏതെങ്കിലും സർക്കാർ ഓഫീസിൽ ഏതെങ്കിലും ഉദ്യോഗസ്ഥനിൽ നിന്ന് ജനത്തിനു നല്ല പെരുമാറ്റം കിട്ടുന്നുവെങ്കിൽ ആ ഉദ്യോഗസ്ഥൻ ജോലികിട്ടുന്നതിനു മുമ്പും പിമ്പും കോൺഗ്രസ്സിലോ സി.പി.എമ്മിലോ ഒക്കെ പ്രവർത്തിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കിയിട്ടുള്ളവരായിരിക്കും. രാഷ്ട്രീയ ബന്ധമില്ലാത്ത അരാഷ്ട്രീയക്കാരായാലും ഏതെങ്കിലും സർവീസ് സംഘടനകളിൽ പ്രവർത്തിക്കുന്നവരായിരിക്കും. എന്നാൽ അതുകൊണ്ടു മാത്രം അവർ ജനകീയരാകില്ല. എന്നാൽ അവർ രാ‍ഷ്ട്രീയ പ്രവർത്തകർ കൂടിയാണെങ്കിൽ അവരിൽ നിന്ന് കുറച്ചെങ്കിലും മാന്യമായ പെരുമാറ്റം ലഭിക്കും. പിന്നെ ഈട്രഷറിയിൽ ഞാനും മാസാമാസം പോയി ക്യൂ ഒക്കെ നിൽക്കുന്നതാണ്. അതിന്റെ പൊല്ലാപ്പുകൾ ഒക്കെ അറിയാം. എങ്കിലും ചെക്ക്നൽകി പെൻഷൻ വാങ്ങൽ ഏർപ്പെടുത്തിയതോടെ തിരക്കില്ലാത്ത സമയം നോക്കി ചെന്നാൽ തള്ളില്ലാതെ പൈസ ഒക്കെ വാങ്ങി പോകാം. പക്ഷെ സർക്കാർ ഓഫീസുകളുടെ പോരായ്മകൾ പരിഹരിക്കുന്നതിനു പകരം എല്ലാം സ്വകാര്യവൽകരിക്കുന്നതിനെ ന്യായീകരിക്കാനാകില്ല.വില്ലേജ് ഓഫീസിലും പഞ്ചായത്താഫീസിലും ഒക്കെ അഴിമതിയും ഉദ്യോഗസ്ഥരുടെ ജനവിരുദ്ധസമീപനങ്ങളും ഉള്ളതുകൊണ്ട് അവയെഒക്കെക്കൂടി അങ്ങ് സ്വകാര്യവൽകരിച്ചാലോ? എന്തിന്, ബീറൊക്രസിയുടെ ആകെമൊത്തംടോട്ടൽ കുഴപ്പങ്ങൾ എല്ലാം കണക്കിലെടുത്ത് ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റുതന്നെ നമുക്കങ്ങ് സ്വകാര്യവൽക്കരിക്കാം. സുശീലനെ പോലെയുള്ളവരുടെ താൽക്കാലിക സൌകര്യങ്ങൾക്ക് വേണ്ടി ചന്തലേലം മാതിരി രാജ്യം തന്നെ സ്വകാര്യ വ്യക്തികൾക്ക് ലേലം ചെയ്ത് കൊടുക്കുകയോ കൊട്ടേഷൻ കൊടുക്കുകയോ ചെയ്യണമെന്നു ഇടതുപക്ഷ വിരുദ്ധവികാരത്തള്ളലിൽ പറഞ്ഞുകളയാതിരുന്നാൽ ഭാഗ്യം!

Anonymous said...

സുശീലനല്ല കടും കമ്യൂനിസ്ടായ സുഗതന്‍ സര്‍ ആണ് പണ്ട് പറഞ്ഞത് സെക്രറെരിയെറ്റ് ഇടിച്ചു നിരത്തി ചോറുതണം(choruthanam) നടണമെന്നു അതിപ്പോഴും വാലിഡ്‌ ആയ ഒരു പ്രസ്താവന ആണ്

ഇടതു പക്ഷം ഭരിക്കുമ്പോൾ ഒരല്പം ആശ്വാസം ഉണ്ടാകാറുണ്ട്-സമാധാനത്തിന്റെ കാര്യത്തിൽ.
സമാധാനം കിട്ടുന്നതിന്റെ കാരണം ഗുണ്ടകള്‍ എല്ലാം ഭരണപക്ഷത്തായി എന്നത് തന്നെ ബസ് കത്തിക്കാനും പിക്കറ്റ് ചെയ്യാനും ഒന്നും കൊണ്ഗ്രസുകാരന് അറിയില്ല നടക്കുകയും ഇല്ല ഒരു നിര്‍മല്‍ മാധവന്റെ പേരില്‍ കണ്ടില്ലേ എന്തെല്ലാം കോപ്രായം ഇതൊക്കെ കോണ്ഗ്രസ് ഭരിക്കുമ്പോള്‍ മാത്രം നടക്കും കോടിയേരിയും ഇതുപോലെ അഡ്മിഷന്‍ കൊടുത്തു ആരും അറിഞ്ഞതുമില്ല പ്രതിഷേധിച്ചതുമില്ല പണ്ട് കോഴ വാങ്ങി എന്ന് പറഞ്ഞപ്പോള്‍ കപില്‍ ദേവ് ചാനലിന്റെ മുന്നില്‍ ഇരുന്നു കരഞ്ഞു കാണിച്ചു വാച് ആണ്ട് വാര്‍ഡിലെ പെണ്ണിന്റെ പള്ളക്ക് കുത്തിയിട്ട് ഒരുത്തന്‍ മോങ്ങുന്നു ഈ പരിപാടി ഒന്നും കോണ്ഗ്രസ് കാര്‍ ചെയ്യില്ല അതാണ്‌ ഇടതു ഭരിക്കുമ്പോള്‍ സമാധാനം ആരെക്കെങ്കിലും ചൊറിച്ചില്‍ ഉണ്ടെങ്കില്‍ അവരെ സഖാക്കള്‍ തന്നെ ഒതുക്കും

ഇ.എ.സജിം തട്ടത്തുമല said...

:)റ്റി വി.രാജേഷ് കരഞ്ഞതിന് അദ്ദേഹം ഇപ്പോൾ സമാധാനം പറയുന്നുണ്ട്,സുശീൽ!

ഞാൻ പുതിയൊരു പോസ്റ്റിടുന്നു.

സാമൂസ് കൊട്ടാരക്കര said...

പൊതു മേഖലാ ബാങ്കുകളേ തകര്‍ക്കാനുള്ള നടപടിയാണിതു...