Friday, August 22, 2014

സി.പി.ഐ.എമ്മും വർഗ്ഗീയഫാസിസവും

സി.പി.ഐ.എമ്മും  വർഗ്ഗീയഫാസിസവും

ഭൂരിപക്ഷ വർഗ്ഗീയതയ്ക്കും അതുയർത്തുന്ന ഭീഷണികൾക്കും എതിരെ ഇപ്പോൾ വിലപിക്കുന്ന ചിലരോട് വിനീതമായി പറയാനുള്ളത്: കേരളത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ ചെറുത്ത് നിൽക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനം സി.പി.ഐ.എം ആയിരുന്നു. ആശയപരമായും സ്വന്തം ജീവൻ നൽകിയുമൊക്കെ അവർ അത് ചെയ്തിട്ടുമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ സംഘടനകളുടെ കായിക ശേഷിക്കു മുന്നിൽ ഇവിടെ നിയമ സംവിധാനങ്ങൾ പോലും ഒന്നുമല്ലല്ലോ. അതിനെത്രയെത്ര അനുഭവങ്ങൾ! സി.പി.ഐ.എമ്മും ഇടതുപക്ഷവും രണ്ട് വർഗ്ഗീയതകളെയും എതിർക്കുമ്പോൾ, വരാനിരിക്കുന്ന അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുമ്പോൾ, അതൊന്നുമായിരുന്നില്ലല്ലോ നിങ്ങൾക്ക് വലിയ കാര്യം. എന്നാൽ ഓരോ കാലത്തും പലകാരണങ്ങളാൽ സി.പി.ഐ.എമ്മിന് ഏൽക്കുന്ന ഓരോ തിരിച്ചടികളിലും സന്തോഷിച്ച് തുള്ളിച്ചാടു‌കയായിരുന്നില്ലേ നിങ്ങൾ?  

ഈ നിങ്ങൾ ആരാണെ‌ന്ന് നിങ്ങൾക്ക് മനസിലാകുന്നുണ്ടല്ലോ, അല്ലേ? സി.പി.ഐ.എമ്മുകാർക്ക് ഒരുപക്ഷെ, ഇനി ഒന്നേ നിങ്ങളോട് പറയാനുണ്ടാകൂ. നിങ്ങൾ ഇനി വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് കീഴ്പെട്ട് ജീവിച്ചു കൊള്ളുക. ഇപ്പോൾ രാജ്യത്തിന്റെ ഭരണസാരഥ്യം ഭൂരിപക്ഷമതരാഷ്ട്രവാദികളുടെ കൈകളിലാണെന്ന യാഥാർഥ്യബോധം ഉൾക്കൊള്ളാതിരിക്കാൻ ആകില്ലല്ലോ. സാങ്കേതികമായി അവരുടെ രഹ‌സ്യവും പരസ്യവുമായ അജണ്ടകൾ നടപ്പിലാക്കാനുള്ള അംഗീകാരമാണ് അവർക്ക് ലഭിച്ച ജനവിധി. ജനവിധി അംഗീകരിക്കേണ്ടത് ജനധിപത്യ മര്യാദയുമാണ്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.ഐ.എം ഒന്നുമല്ലെന്നും, മൂന്നു സംസ്ഥാനങ്ങളിൽ (ഇപ്പോൾ രണ്ട്) മാത്രമുള്ള ഇത്തിരിപ്പോന്ന പാർട്ടിയല്ലേ നിങ്ങൾ എന്നും ഒ‌ക്കെ പറഞ്ഞ് പരിഹസിച്ചിരുന്നവരല്ലേ, നിങ്ങൾ? പശ്ചിമബംഗാളിൽ തൃണമൂൽ ഫാസിസ്റ്റുകളും മാവോയിസ്റ്റുകളൂം കൂടി സി.പി.ഐ.എമ്മുകാരെ കൊന്നൊടുക്കുമ്പോൾ, ഏറെ സന്തോഷിച്ചവരല്ലേ നിങ്ങൾ? ഇപ്പോഴും അവിടെ തൃണമൂലുകാർ സി.പി.ഐ.എം‌ കാരെ കൊന്ന് വംശനാശം വരുത്തിക്കൊണ്ടിരിക്കുന്നത് തുടരുമ്പോഴും നിങ്ങളുടെ സന്തോഷത്തിന് കുറവൊന്നുമുണ്ടാകില്ലല്ലോ, അല്ലേ? 

സി.പി.ഐ.എമ്മുകാർ ഒരു കാര്യം സമ്മതിക്കുന്നു. ദേശീയതലത്തിൽ ഭൂരിപക്ഷ‌വർഗ്ഗീയത ഉയർത്തുന്ന ഭീഷണികളി‌ൽ നിന്നോ അക്രമങ്ങളിൽ നിന്നോാ ആരെയും ഒറ്റയ്ക്ക് രക്ഷിക്കാൻ പറ്റുന്ന വിധത്തിൽ പാർട്ടിയ്ക്ക് വളരാനായിട്ടില്ല. അതിന് പലകാരണങ്ങളു‌ണ്ട് താനും. അതുകൊണ്ട് സി.പി.ഐ.എമ്മിനെ എതിർത്തും പരിഹസിച്ചും അതിനെ തകർക്കാൻ നടക്കുമ്പോൾ നിങ്ങൾ ആരിലൊക്കെയാണോ രക്ഷകരെ കണ്ടിരുന്നത്, അവരിൽത്തന്നെ നിങ്ങൾ അഭയം പ്രാപിച്ചുകൊള്ളുക. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾ എല്ലാം ഏറ്റവും പ്രധാനമയി ടാർജറ്റ് ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. അതുകൊണ്ട് അവർക്കിപ്പോൾ അവരെത്തന്നെ സംരക്ഷിക്കലും നില നിർത്തലുമാണ് പ്രധാനം. ആത്മരക്ഷയേക്കാൾ പ്രധാനമല്ലല്ലോ ആർക്കും ഒന്നും! 

എന്നിരുന്നാലും നിങ്ങൾക്ക് പശ്ചാത്താന്മോ കുറ്റബോധമോ സൽബുദ്ധിയോ തോന്നി (തോന്നാനിടയില്ല) പുനർ വിചിന്തനത്തിന് വല്ല ഉൾപ്രേരണയും സംഭവിക്കുന്നുവെങ്കിൽ സദയം അറിയിക്കാൻ മടിയ്ക്കേണ്ട. ചർച്ചയ്ക്കെടുക്കാൻ ശ്രമിക്കാം. ഉറപ്പൊന്നുമില്ല. അല്ലെങ്കിൽ നിങ്ങളുടെ എക്കാലത്തെയും രക്ഷകരിൽത്തന്നെ വിശ്വാസമർപ്പിച്ച് നിങ്ങൾ ജീവിച്ചുകൊള്ളൂ. അതിനുള്ള അവകാശം നിങ്ങൾക്കുണ്ട്. കമ്മ്യൂണിസ്റ്റുകാർ അവരുടെ കാര്യം നോക്കട്ടെ!

5 comments:

ajith said...

സി പി എം കൂടെ അവസാനിച്ചാല്‍ പിന്നെ വഴികള്‍ എളുപ്പമായി

ഇ.എ.സജിം തട്ടത്തുമല said...

I read that link news.

ഇ.എ.സജിം തട്ടത്തുമല said...

വർഗ്ഗീയ ഫസിസങ്ങളെ ഈയുള്ളവൻ ശക്തമായി എതിർക്കുമ്പോൾ ലോകത്ത് എവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് ഫാസിസം നില നിൽക്കുന്നുണ്ടെങ്കിൽ അതിനെയും അത്രയും ശക്തമായിത്തന്നെ എതിർക്കുമെന്ന കാര്യം ഓർമ്മിപ്പിക്കട്ടെ!

ജഗദീശ് said...

എന്നാല്‍ സിപിഎം, അനുബന്ധ സംഘടനാ പ്രവര്‍ത്തകരുടെ വൈകാരികമായ വര്‍ഗ്ഗീയതാ വിരുദ്ധത സത്യത്തില്‍ വര്‍ഗ്ഗീയതക്ക് ശക്തി നല്‍കുകയാണ്. തങ്ങള്‍ എന്തുകൊണ്ട് വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നു എന്ന് സഹിഷ്ണതയോടെ പ്രചരിപ്പിക്കുകയാണ് ആവശ്യം. അല്ലാതെ എതിര്‍പക്ഷത്തെ നേതാക്കളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം നിഷ്പക്ഷരേരുയും കൂടി വര്‍ഗ്ഗീയതക്കാരാക്കും. ഗുണ്ടായിസം കാണിച്ച് വര്‍ഗ്ഗീയത ഇല്ലാതാക്കാനാവില്ല. കവലകളിലെ പ്രസംഗങ്ങള്‍ പലപ്പോഴും അധികപ്രസംഗങ്ങളാണ്. അവര്‍ എല്ലാ കരുക്കളും മുന്‍കൂട്ടിക്കണ്ട് കൃത്യമായ പദ്ധതികളിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത് എന്ന് തിരിച്ചറിയണം.

ജഗദീശ് said...

ആവര്‍ത്തിക്കുന്നതിന് ക്ഷമിക്കുക -
അനോണിക്കായി ഒരു ഗാനം.
വിചിത്ര പഴം. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.