Friday, October 10, 2008

ലേഖനം- ഒരു ക്ലാര്‍ക്ക് ആകാന്‍ പത്താം ക്ലാസ് പോരെ?

ഉദ്യോഗസ്ഥ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്താന്‍ പി.എസ്.സി. ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു. എല്‍ ഡി.സി ആകാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാക്കണമാത്രേ! അതും കൂടി ഈ സര്‍ക്കാരിനെ കൊണ്ടു ചെയ്യിച്ചിട്ട് വേണം ഇനിയും ചിലര്‍ക്ക് സര്‍ക്കാരിന്‍റെ മേല്‍ കുതിര കയറാന്‍.

വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ പുരോഗമനപരമായ നടപടികളെ സംബന്ധിച്ചുളള
കുതിര കയറ്റങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല.

നാളിതുവരെ എസ്.എസ്.എല്‍.സി ക്കാരാണ് ടെസ്റ്റ് എഴുതി എല്‍.ഡി.സിയും, ലാസ്റ്റ് ഗ്രേഡും ഒക്കെ ആയിക്കൊണ്ടിരിയ്ക്കുന്നത് . അവര്‍ ജോലി ചെയ്തതിന്‍റെ പേരില്‍ അവരുടെ വിദ്യാഭ്യാസ കുറവ് കൊണ്ടു ഇവിടെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. എസ്. എസ്.എല്‍.സിയ്ക്ക് മേല്‍ ഒരുപാടു ഡിഗ്രികള്‍ ഉള്ളതുകൊണ്ട് എസ്.എസ്.എല്‍. സി മോശപ്പെട്ട ഒരു യോഗ്യത ആകുമോ? എല്ലാവര്‍ക്കും ഡിഗ്രീ വരെ പഠിയ്ക്കാന്‍ കഴിയുമോ? അഥവാ പഠിയ്ക്കാംഎന്നു വിചാരിയ്ക്കുന്നവര്‍ക്ക് കോളേജുകളില്‍ അതിനുള്ള അവസരങ്ങള്‍ ഉണ്ടോ?

ഒരു എസ്.എസ്.എല്‍സിക്കാരന് കേവലം ഒരു എല്‍. ഡി.സി യും ,ലാസ്റ്റ് ഗ്രേഡുമെങ്കിലും സ്വപ്നം കാണാന്‍ അര്‍ഹതയില്ലെന്നാണോ?

വിദ്യാഭ്യാസം അല്പം കൂടിപ്പോയവരെയൊക്കെ തലപ്പത്ത്‌ പിടിച്ചിരുത്തിയാല്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങളൊക്കെ കൊണ്ടുവരും .ഒരു പുരോഗമന ഗവര്‍മെന്റിന് അതൊന്നും നടപ്പിലാക്കാനുള്ള ബാധ്യതയില്ല. മേലാളന്മാരുടെ ഇംഗിതങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്.

കേരളം വിദ്യാഭ്യാസപരമായി മുന്നില്‍ നില്ക്കുന്നു എന്ന് പറഞ്ഞാല്‍ എല്ലാവരും ബിരുദധാരികളാണ് എന്നല്ല അര്‍ഥം .എല്ലാവര്‍ക്കും ബിരുദക്കാരകാന്‍ സാധിയ്ക്കുകയും ഇല്ല.എല്ലാവരും ബിരുദമെടുക്കാന്‍ ആഗ്രഹിച്ചെന്നും വരില്ല.

മാത്രവുമല്ല ,ഇവിടെ പത്താം തരവും പന്ത്രണ്ടാം തരവും കഴിയുന്ന എല്ലാവരും ബിരുദ പഠനം അല്ല നടത്തുന്നത്. കുറച്ചേറെപ്പേരും ഏതെങ്കിലും ടെക്നിക്കല്‍ കോഴ്സുകള്‍ക്കും, ഡിപ്ലോമാകള്‍ക്കും ഒക്കെ പോകും. എന്നാല്‍ അവര്‍ പഠിച്ച ട്രെയിഡില്‍ തന്നെ ജോലി കിട്ടണമെന്നില്ല. അതുപോലെ പത്തുകഴിഞ്ഞ് ത്രിവത്സര പോളിടെക്നിക്കിനും മറ്റും പോകുന്ന കുട്ടികളുണ്ട്. അംഗീകൃത പോളിടെനിക് കോഴ്സുകള്‍ പോലും ഡിഗ്രിയല്ല; ഡിപ്ലോമയാണ്.

അതു പോലെ സിവില്‍ എഞ്ജിനീയറിംഗ് തുടങ്ങിയ കോഴ്സുകളും ഡിഗ്രിയല്ല. പ്ലസ് ടു കഴിഞ്ഞു ടി. ടി.സിയ്ക്കും മറ്റും പോകുന്നവരുണ്ട്. അതൊന്നും ഗ്രാജുവേറ്റ് ആകുന്ന കോഴ്സുകള്‍ അല്ല. ബിരുദ ധാരണം അല്ലാത്തതുകൊണ്ട് അവരൊക്കെ, ആ കോഴ്സുകളൊക്കെ മോശമാനെന്നാണോ അര്‍ഥമാക്കുന്നത്? അങ്ങനെ ഗ്രാജുവേറ്റ് ചെയ്യപ്പെടാത്ത ഒരുപാടു നല്ലനല്ല കോഴ്സുകള്‍ ഉണ്ട്. അവര്‍ക്കൊക്കെ ഗുമസ്തപ്പണി നിഷേധിയ്ക്കുന്നത് നീതിയല്ല.

ഓരോരുത്തരും പഠിയ്ക്കുന്ന കോഴ്സുകള്‍ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങള്‍ ലഭ്യമാകുമോ? എല്ലാവരും ഗ്രാജുവേറ്റ് ചെയ്യണം എന്നാഗ്രതിച്ചാല്‍ തന്നെ അതിനുള്ള അവസരങ്ങള്‍ ഇവിടെ ഉണ്ടോ? ഡിഗ്രി തന്നെ പഠിയ്ക്കണമെന്ന് എല്ലാവരും ആഗ്രഹിയ്ക്കുമോ? ഓരോരുത്തരും ഓരോ എയിം വച്ചു ഓരോന്ന് പഠിയ്ക്കുന്നു. ചിലര്‍ക്ക് ലക്ഷൃത്തില്‍ തന്നെ എത്താനാകും ; എന്നാല്‍ എല്ലാവര്‍ക്കും അത് സാധിയ്ക്കില്ല.

ഇവിടെ ഇപ്പോള്‍ ക്ലെറിക്കല്‍ ജോലി ഡിഗ്രിക്കാര്‍ക്കുമാത്രമായി നിജപ്പെടുത്തേണ്ട സാഹചര്യം എന്താണ്? എസ്.എസ്.എല്‍സി വരെ പഠിയ്ക്കുന്നവര്ക്ക് ഒരു ക്ലാര്‍ക്കിന്റെ പണി ചെയ്യാന്‍ സാധിയ്ക്കില്ലെന്ന് അനുഭവമുണ്ടോ? ഏതായാലും ഗ്രാജുവേറ്റൊന്നും ആകുന്നില്ലെങ്ങ്കിലും പത്താം തരം വരെ പഠിക്കുന്നവന്‍ കുറെ ഏറെ അറിവുകളൊക്കെ നേടുന്നുണ്ട്. പോരാത്തതിന് ചുമ്മാ അങ്ങ് നിയമിക്കുകയല്ലലോ; പാടുപെട്ടു പഠിച്ചു ടെസ്റ്റ് എഴുതിയല്ലെ അവന്‍ കയറുന്നത്. അതും അവരെക്കാള്‍ വലിയ ബിരുദങ്ങള്‍ ഉള്ളവരെ കടത്തിവെട്ടിക്കൊണ്ട്‌.

ഇനി എത്ര ഉയര്‍ന്ന ബിരുദങ്ങള്‍ ഉള്ളവരാണെങ്ങ്കിലും, വിദ്യാഭ്യാസം കുറഞ്ഞവരാണെങ്ങ്കിലും ഒരു ജോലിയില്‍ നിയമനം നല്‍കിയാല്‍ അവര്‍ക്കു ആ ജോലിയില്‍ പ്രത്യേക പരിശീലനം നല്‍കിയേ മതിയാകൂ. പിന്നെന്തിനു ഒരു പൊട്ടു ക്ലാര്‍ക്കുദ്യോഗത്തിന് പി.എച്ച് ഡി? ഒരാഴ്ചകൊണ്ട് ഏതൊരു മന്ദ ബുദ്ധിയ്ക്കും പഠിച്ചെടുക്കവുന്നതോക്കെയെ ഉള്ളു ഒരു ക്ലാര്‍ക്കിനു ചെയ്യാന്‍. പിന്നല്ലാതെ!

പരിഷ്കാരത്തിനു വേണ്ടി പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്ന ഏര്‍പ്പാട് നല്ലതല്ല. അതും ഇടതുപക്ഷ സര്‍ക്കാര്‍ ഇരിയ്ക്കുമ്പോള്‍. അതിന്റെ പാപഭാരം കൂടി ഇടതുപക്ഷ ഗവര്‍മെന്റിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം?
ഇതിനെതിരെ യുവജനങ്ങള്‍ ഉണരണം . ഡി വൈ. എഫ്.ഐ. ഇതിനെതിരെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ധൃതി പിടിച്ചു ഈ പരിഷ്കാരം നടത്തരുതെന്ന്. ധൃതി പിടിച്ചല്ല ,പതുക്കെയായാലും ഇതിവിടെ നടപ്പിലാക്കാന്‍ കൊള്ളാവുന്ന കാര്യം അല്ല!

കേരളത്തില്‍ ഇപ്പോഴത്തെ എല്‍. ഡി. എഫ്. ഗവര്‍മെന്റ് നിരവധി യുവാക്കളെ നിരാശരാക്കുന്ന ഇത്തരം ഒരു ശുപാര്‍ശ നടപ്പിലാക്കില്ലെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ശത്രുക്കള്‍ക്ക് ഉറഞ്ഞു തുള്ളാന്‍ ഒരു വടിയും കൂടി എറിഞ്ഞു പുലിവാല് പിടിയ്ക്കരുതേ!

പാവം എസ്.എസ്.എല്‍സി; അതിനും വേണ്ടേ, ഒരു എല്‍. ഡി. ക്ലാര്‍ക്കിന്റെ വിലയെങ്ങ്കിലും!

3 comments:

ആരിഫ്ലെക്സ് said...

ഞാനൊരു സാദാ താഴ്ന്ന വിഭാഗം ഗുമസ്തനാണ്, എന്റെ ഓഫീസിൽ ചുറ്റുപാടും കുറേ വേറെ ഗുമസ്തന്മാരുമുണ്ട്, അവരുടെ വിദ്യഭ്യാസ പശ്ചാത്തലം ഒന്നു നോക്കാം, സൂപ്രണ്ട്: എം.എ, ബി.എഡ്, ഹെഡ് ക്ലർക്ക്: ബി.എസ്.സി, യു.ഡി 1: എം.ബി.എ, യു.ഡി 2: എം.എസ്.സി, എം.എഡ്, യു.ഡി 3: എം.എ, ബി.എഡ്, യു.ഡി 4: എം.റ്റെക് (സിവിൽ), യു.ഡി 5: ബി.കോം (ഡയിങ്ങ് ഹയർനെസ്സ്) എൽ.ഡി 1: ബി.എസ്.സി, ബി.എഡ്, എൽ.ഡി 2: എം.എസ്.സി, ബി.എഡ്, സെറ്റ്, എൽ.ഡി 3: എം.സി.എ, എൽ.ഡി 4 : എം.സി.ജെ (ഈയുള്ളവൻ), എൽ.ഡി 5: എം.എ (ഇംഗ്ലീഷ്), എൽ.ഡി 6(ഡെസ്പാച്ച്): എം.എസ്.സി, രണ്ട് യൂണിവേർസിറ്റി റാങ്കു ജേതാക്കളുണ്ടായിരുന്നു ഒന്നു എം.എ (ഇംഗ്ലീഷ്) ഒന്ന് എം.ബി.എ, രണ്ട് എൽ.ഡികളും ട്രാൻസ്ഫറായിപ്പോയി, മറ്റൊരു ഡിപ്പാർട്ട്മെന്റിൽ നിന്നും വന്ന ഒരു സഹപ്രവർത്തകൻ പറഞ്ഞു അവരുടെ പ്യൂൺ ഒരു ബിടെക്കുകാരനാണെന്ന്, അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം കൂടുതലുള്ള ഈ നാട്ടിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പ് രീതിയിൽ നല്ല അക്കാദമിക പശ്ചാത്തലമുള്ളവരോട് മുട്ടി ലിസ്റ്റിൽ കയറിക്കൂടുന്ന വെറും പത്താം ക്ലാസ്സുകാരൻ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്, പിന്നെ പത്തായാലെന്താ ബിരുദമായാലെന്താ, സ്വപ്നങ്ങളുടെ എണ്ണം കുറയും അത്ര തന്നെ !
വാൽക്കഷണം : പ്യൂൺ തസ്തികയിലേയ്ക്ക് ബിരുദക്കാർക്ക് അവസരമില്ലെന്നറിഞ്ഞ തൊഴിൽ രഹിതനായ ഒരു സുഹൃത്തിന്റെ ആത്മഗതം “ഓ അപ്പൊ അതും പോയി!”

സരസന്‍ said...

പത്തും ഗുസ്തിയുമെന്നാണെന്റെ അറിവു..ഏതപ്പാ കോതമംഗലം...

കുറ്റ്യാടിക്കാരന്‍|Suhair said...

ശരിയാ..