Sunday, November 15, 2009

ഗലീലിയോ നാടകം

ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം:

ഗലീലിയോ നാടകം സമകാലിക പ്രസക്തിയുള്ളതാണ്. ഇത് ഇക്കാലത്ത് അവതരിപ്പിയ്ക്കേണ്ടത് കേരളാ ശാസ്ത്രസാഹിത്യ പരിഷത്തുപോലെ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവിക കടമയാണ്. നാടകത്തിന്റെ അവതരണത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും ജനങ്ങൾക്കിടയിൽ അവതരിപ്പിയ്ക്കുന്നത് പ്രോത്സാഹനജനകമാണ്. നാടകത്തിനു മൊത്തത്തിൽ ചില പോരായ്മകളും വന്നുപോയിട്ടുണ്ട്. അതു ചൂണ്ടി കാണിയ്ക്കുന്നു. മലയാള നാടകപ്രസ്ഥാനത്തെ വളർത്താനും പരിഷത്തിന്റെ ശ്രമം സഹായകം. ജനങ്ങളിൽനിന്നും അകന്ന പരിഷത്ത് അതിന്റെ ജനകീയ മുഖം വീണ്ടെടുക്കുന്നതു നന്നായിരിയ്ക്കും. ശാസ്ത്രബോധം വളർത്താൻ ഉപകരിയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് ആശംസകൾ!

ഗലീലിയോ നാടകം

നാടകം മരിച്ചു എന്നൊക്കെ പറയുന്നതു വെറുതെ; ഇടയ്ക്കൊക്കെ അതു മരിച്ചതുപോലെ കിടന്നെന്നിരിയ്ക്കും. എന്നിട്ടു കൂടെക്കൂടെ ചാടി എഴുന്നേറ്റ് നിവർന്നു നിന്നു പറയും, ഞാൻ ഇവിടെ ജീവനോടെ ഉണ്ട് എന്ന്. അതിനു പലരും, പലതും നിമിത്തമാകണമെന്നു മാത്രം. അഥവാ നാടകത്തെ അതിന്റെ രംഗഭാഷയുടെ ശക്തി കണ്ടറിഞ്ഞ് പ്രയോജനപ്പെടുത്താൻ ആരെങ്കിലും മുതിർന്നാൽ മതി അതിന് വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ. (സിനിമ എന്നൊരു മാധ്യമം വന്നില്ലായിരുന്നെങ്കിൽ ഇന്നും ഏറ്റവും കൂടുതൽ ജനങ്ങൾ കാണുകയും, അവരെ സ്വാധീനിയ്ക്കുകയും ചെയ്യുന്ന ഒരു കലാരൂപമാകുമായിരുന്നു നാടകം.) അങ്ങനെ നമ്മുടെ ഉറങ്ങിക്കിടക്കുന്ന തനതു നാടക പാരമ്പര്യത്തെ കൂടെ കൂടെ വിളിച്ചുണർത്തുന്ന ഒരു പ്രസ്ഥാനമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ആശയങ്ങൾ പ്രചരിപ്പിയ്ക്കുന്നതിനു നാടകം എന്ന ജീവസുറ്റ ജനകീയ കലയെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുള്ള പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പരിഷത്തിന്റെ പ്രചരണ ജാഥകളിൽ സാധാരണ ഒരു കൂട്ടം ചെറിയ ചെറിയ നാടകങ്ങൾ അവതരിപ്പിയ്ക്കുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ പരിഷത്ത് ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മുഴുനീളൻ നാടകവുമായാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഒരു നല്ല ഉദ്യമം. അതും വിഖ്യാത ശസ്ത്രജ്ഞൻ ഗലീലിയെ കുറിച്ച്.! ബർത്തോൾഡ് ബൃഹത്ത് എന്ന ജർമ്മൻ നാടക കൃത്ത് എഴുതിയ നാടകത്തിന്റെ മലയാളം ആവിഷ്കാരമാണ് ഇത്.

നാടകം എഴുതപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലും, അതിനാസ്പദമായ വിഷയം പതിനേഴാം നൂറ്റാണ്ടിൽ സംഭവിച്ചതുമാണ്. എങ്കിലും സമകാലിക സാമൂഹ്യ സാഹചര്യം ഇങ്ങനെ ഒരു നാടകം ആവശ്യപ്പെടുന്നുണ്ട്. ഗലീലിയോയുടെ ജീവിത കാലത്തെ വെല്ലുന്ന തരത്തിൽ മതമേധാവിത്വം പലമാർഗ്ഗങ്ങളിലും അരങ്ങുവാഴാൻ ശ്രമിയ്ക്കുകയും അതിൽ വിജയം വരിയ്ക്കുകയും ചെയ്യുന്നതിലൂടെ പഴയകാലത്തിന്റെ പുനരാവിഷ്കരണം ഇവിടെ നാം കണ്ടു കൊണ്ടിരിയ്ക്കുന്നുണ്ട്. പണ്ട് അജ്ഞതകൊണ്ട് ശാസ്ത്രത്തെ നിരാകരിയ്ക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് വിസ്മയിപ്പിയ്ക്കുന്ന അറിവുകളുടെ അദ്ഭുതലോകത്തു നിന്നു കൊണ്ട് മനപൂർവ്വം ശാസ്ത്രത്തെ നിരാകരിയ്ക്കുവാൻ ശ്രമിയ്ക്കുന്നു എന്നതാണ് വ്യത്യാസം. ഇന്ന് ശാസ്ത്രത്തെ അവിശ്വസിയ്ക്കുക, നിരാകരിയ്ക്കുക മുതലായവയാണ് ശരിയായ ജീവിത മാതൃക എന്ന നിലപാട് സമൂഹത്തിനുമേൽ അടിച്ചേല്പിയ്ക്കുകയാണ്. ശാസ്ത്രത്തിന്റെ എല്ലാ സൽഫലങ്ങളും അനുഭവിയ്ക്കുകയും ശാസ്ത്രമാർഗ്ഗത്തിൽ മനുഷ്യൻ ആർജ്ജിച്ച നേട്ടങ്ങളിൽ ഊറ്റം കൊള്ളുകയും, അതേ സമയം ശാസ്ത്രത്തിന് അതീതമായി എന്തൊക്കെയോ ഉണ്ടെന്നും അതാണ് ശാസ്ത്രത്തിന്റെ പോലും വളർച്ചയ്ക്കു നിദാനമെന്നും ഉള്ള മണ്ടൻ തത്വശാസ്ത്രം ബോധപൂർവ്വം പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നു.

ശാസ്ത്രമാണ് ശാശ്വത സത്യമെന്നവിശ്വാസം എല്ലാവരും അംഗീകരിച്ചാൽ പിന്നെ നിലനിൽ‌പ്പില്ലാത്ത മതം ഉൾപ്പെടെ ചില ശാസ്ത്രാതീത പ്രസ്ഥാനങ്ങളും അവയുടെ മേധാവികൾ ഉൾപ്പെടെയുള്ള അവയുടെ ഗുണഭോക്താക്കളും, അധികാരലഭ്യതയുടെ അവിഹിത മാർഗ്ഗമായി ഇവയെ ഉപയോഗിയ്ക്കുന്നവരുമായ ശക്തികളാണ് എല്ലാ ശാസ്ത്രവിരുദ്ധ പ്രചരണങ്ങൾക്കും പിന്നിൽ. ഗലീലിയോയുടെ കാലത്തു മാത്രമല്ല, ഇന്നും സംഘടിത മതങ്ങൾ സ്വതന്ത്ര ചിന്തയ്ക്കും ആശയപ്രകാശനത്തിനും മനുഷ്യ പുരോഗതിയ്ക്കാകെയും തടസ്സമായി നിൽക്കുന്നുണ്ട്. ഇന്നും ആളും ആയുധവും പണവും അധികാരവും എല്ലാം ലോകത്തെവിടെയും മത മേലാളരുടെ മേധവിത്വത്തിൻ കീഴിലാണ് എന്നതാണു സത്യം. ഇന്ന് ഭീകരതയുടെ മാർഗ്ഗത്തിലും മതങ്ങൾ മേൽക്കൊയ്മ നിലനിർത്താൻ ശ്രമിയ്ക്കുകയാണ്. കാലം ചവറ്റു കുട്ടയിലേയ്ക്കു വലിച്ചെറിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടിതട്ടി മിനുക്കിയെടുത്തു കൊണ്ടുവരാനുള്ള ബോധപൂർവ്വമായ പരിശ്രങ്ങളും ഇന്ന് നടന്നുകൊണ്ടിരിയ്ക്കുന്നു. ഇങ്ങനെയുള്ള ഒരു വർത്തമാനകാലത്തിൽ ജനങ്ങൾക്ക് പുരോഗമന ആശയങ്ങളും, ശാസ്ത്രവും, ശാസ്ത്രബോധവും ഉൾക്കൊള്ളുവാൻ സഹായകമായ ഒരു എളിയ ശ്രമം പോലും ഏറെ പ്രോത്സാഹനം അർഹിയ്ക്കുന്നതാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമാണെങ്കിലും ശാസ്ത്ര സാഹിത്യ പരിഷത്ത് ഗലീലിയോ എന്ന നാടകവുമായി ഒരു യാത്ര നടത്തുന്നത് തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു. സാമൂഹ്യ നവോത്ഥാനത്തിനും ശാസ്ത്രം പ്രചരിപ്പിയ്ക്കുന്നതിനും പരിഷത്ത് നൽകിയിട്ടുള്ള സേവനങ്ങൾ വിലപ്പെട്ടതാണ്.

എന്നാൽ കുറെ കാലമായി പരിഷത്ത് ജനങ്ങളിൽ നിന്ന് ഏറെ അകന്നു നിൽക്കുകയായിരുന്നു എന്നതും ഒരു യാതാർത്ഥ്യമാണ്. പുസ്തകം വിറ്റും മറ്റും സാമ്പത്തികമായി അല്പം മെച്ചപ്പെട്ട സ്ഥിതിയിൽ എത്തിയതും, ഔദ്യോഗിക തലത്തിൽ തന്നെ ചില സ്ഥാനമാനങ്ങളും അതുവഴി വിവിധ സാമ്പത്തിക സ്രോതസ്സുകളും പരിഷത്തിനും അതിന്റെ നേതാക്കൾക്കും തുറന്നു കിട്ടിയതും മാത്രമല്ല, എല്ലാം തികഞ്ഞവർ തങ്ങളാണെന്ന ചില മിഥ്യാ‍ ധാരണകളും അതിൽനിന്നുണ്ടായ ഗർവ്വും ഒക്കെ ഒരു പ്രസ്ഥാനം എന്ന നിലയിൽ പരിഷത്തിനെ ജനങ്ങളിൽനിന്നും ജനാധിപത്യ പ്രസ്ഥാനങ്ങളിൽ നിന്നും അകറ്റിയിട്ടുണ്ട്. കൂടാതെ മിക്ക പ്രദേശങ്ങളിലും ജനസമ്മതിയില്ലാത്ത പ്രവർത്തകരാണ് പരിഷത്ത് കൊണ്ടു നടക്കുന്നതെന്നതും ഇതിനെ ജനങ്ങളിൽനിന്നും അകറ്റി. ജനപ്രീതിയുടെ മാനദണ്ഡത്തിൽ ഉള്ളവർക്കു മാത്രമായി കൊണ്ടു പോകാൻ കഴിയുന്നതുമല്ല പരിഷത്ത്. അതില്ലാത്തവരുടെയും പലതരം സേവനങ്ങളും പരിഷത്തിനു പ്രയോജനപ്പെടുത്തേണ്ടി വരും. എന്നാ‍ൽ ബുദ്ധിജീവി നാട്യവുമായി നടക്കുന്ന ഒരു വിഭാഗത്തിനു മാത്രം കൊണ്ടു നടക്കാനുള്ള ഒന്നായി മാറരുത് പരിഷത്ത്. എന്നാൽ ജനങ്ങളുമായി ഇതിനെ കൂട്ടിയിണക്കുവാൻ ജനസമ്മതരും പൊതു പ്രവർത്തകരുമായ വിവിധ മേഖലകളിലുള്ളവരുടെ സേവനം കൂടി പരിഷത്ത് പ്രയോജനപ്പെടുത്തണം. പരിഷത്തിന്റെ യൂണിറ്റുകളും യൂണിറ്റുതല പ്രവർത്തനങ്ങളും ഇപ്പോൾ എത്രയോ മന്ദീഭവിച്ചിരിയ്ക്കുന്നു. ഇപ്പോൾ ഈ നാടകയാത്രയിലൂടെയും മറ്റും പരിഷത്തിന്റെ ജന സമ്പർക്കം വീണ്ടെടുക്കാനും പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും കഴിയുമെന്നു പ്രത്യാശിയ്ക്കുന്നു.

ഇനി ഗലീലിയോ നാടകത്തെക്കുറിച്ച് വിമർശനബുദ്ധിയിൽനിന്നും ചിലത് ; നാടകാവതരണത്തിന്റെ ലക്ഷ്യം സോദ്ദേശപരവും സ്പഷ്ടവുമാണ്. ഈ നാടകത്തിന്റെ സന്ദേശം നാടകം കാണുന്ന ഏതൊരാൾക്കും വ്യക്തമാകും. കാഴ്ചക്കാരനെ ഇതു സ്വാധീനിയ്ക്കുകയും ചെയ്യും.എങ്കിലും ശക്തമായ ഒരു കലാമാധ്യമം എന്ന നിലയിൽ ഈ നാടകത്തിനു ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതു പറയുമ്പോൾ ഈ നാടകം രംഗത്ത് അവതരിപ്പിയ്ക്കുവാനുള്ള പരിമിതികൾ മറക്കുന്നില്ല. ധാരാളം കഥാപാത്രങ്ങളുള്ള ഒരു മുഴുനീളൻ നാടകമാണിത്. മൂലകൃതിയോടു നീതി പുലർത്തിക്കൊണ്ടും, സ്ഥലകാല ബോധം ഉൾക്കൊണ്ടും, നമ്മുടെ നാടക സങ്കല്പങ്ങൾക്കും രംഗസാദ്ധ്യതകൾക്കും അനുസൃതമായും ഈ നാടകം അവതരിപ്പിയ്ക്കുക എന്നതു തന്നെ ശ്രമകരമായ ഒരു ദൌത്യമാണ്. ഒരു സമകലീന സ്പർശവുംകൂടി വേണമെന്നാകുമ്പോൾ ആവിഷ്കരിയ്ക്കുന്ന ആളും സംവിധായകനും ഒക്കെ മാനസികമായിത്തന്നെ നല്ല പിരിമുറുക്കം നേരിടും. നാടകത്തെക്കുറിച്ച് നല്ല അവബോധവും അനുഭവവും കൈമുതലായുള്ള പ്രൊ. പി.ഗംഗാധരനാണ് ഗലീലിയോ എന്ന നാടകം അവതരിപ്പിയ്ക്കാൻ കഴിയും വിധം പാകപ്പെടുത്തിയിട്ടുള്ളത്. തീർച്ചയായും അദ്ദേഹം ആത്മാർത്ഥമായി തന്നെയാണ് നാടകത്തിന്റെ ആവിഷ്കാരം നിർവ്വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കുറ്റം കൊണ്ടു മാത്രമല്ലാത്ത പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിലും! ഒരു അന്യ ഭഷാ നാടകത്തെ മലയാളീകരിയ്ക്കുമ്പോൾ സ്വാഭാവികമായും അതിന്റേതായ ചില പരിമിതികളും ഉണ്ടാകുമല്ലോ!

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സ്ഥലങ്ങളിലായാണ് ഒരേ ദിവസം ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നിരിയ്ക്കുന്നത്.(14-11-2009) അതായത് ഒരേനാടകം മൂന്നു ടീമായി തിരിഞ്ഞ് കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിയ്ക്കുന്നു. ഈയുള്ളവൻ കണ്ടത് തിരുവനന്തപുരത്ത് എസ്.എം.വി സ്കൂളിൽ അവതരിപ്പിച്ച നാടകമാണ്. ഒരോ ടീമും അവതരിപ്പിയ്ക്കുമ്പോൾ അവതരണ ഭംഗിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. തിരുവനന്തപുരത്ത് അവതരിപ്പിച്ച നാടകം സംവിധായകനു പൂർണ്ണമായും സംതൃപ്തി നൽകുന്ന തരത്തിൽ അവതരിപ്പിയ്ക്കപ്പെട്ടുവോ എന്നത് അദ്ദേഹത്തിനോടുതന്നെ ചോദിയ്ക്കേണ്ടിയിരിയ്ക്കുന്നു. പരിമിതികൾ അംഗീകരിയ്ക്കുന്നുവെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെന്നു പറയാതെ വയ്യ! ഈ നാടകത്തിലെ നടീനടന്മാർ വേണ്ടത്ര അഭിനയ മികവു പുലർത്തിയില്ല എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ന്യൂനത. മിക്ക നടീ നടന്മാരും അഭിനയത്തിന്റെ ബാലപാഠങ്ങൾ പോലും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഒരു പക്ഷെ ഇതിൽ അഭിനയിച്ച എല്ലാവരും മുമ്പ് നാടകം അവതരിപ്പിച്ചു പരിചയമുള്ളവർ അയിരിയ്ക്കില്ല. ചിലരെങ്കിലും ആദ്യമായി രംഗവേദിയിൽ എത്തുന്നവരും ആയിരിയ്ക്കാം.

എന്നാൽ മുഖ്യകഥാപാത്രമായ ഗലീലിയോ എങ്കിലും കഥാപാത്രത്തോട് കുറച്ചു കൂടി നീതി പുലർത്തേണ്ടിയിരുന്നു. ഏതാണ്ട് ഗലീലിയോയുടെ രൂപ ഭാവങ്ങൾ ഉൾക്കൊള്ളിയ്ക്കാവുന്ന ഒരു മുഖം തെരഞ്ഞെടുത്തു എന്നതിനപ്പുറം ഈ കഥാപാത്രത്തിന് ഒരു അഭിനയമികവ് പുലർത്താൻ ആയില്ല. ഒരു ചരിത്ര സംഭവം നാടകമാക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് ചരിത്രത്തിലെ ആ യഥാർത്ഥ വ്യക്തിയുടെ അതേ മുഖച്ഛായ ഉള്ളവർ തന്നെ വേണം എന്നൊന്നുമില്ല. അങ്ങനെ ഉള്ളവർ ആയാൽ കുറച്ചു കൂടി യഥാതതമായി തോന്നാനുള്ള ഒരു സാദ്ധ്യത ഉണ്ടെന്നേയുള്ളൂ. ചരിത്രത്തിലെ വ്യക്തിയുമായി സാമ്യമില്ലാത്ത മുഖമുള്ളവരാണെങ്കിലും അഭിനയ മികവുകൊണ്ട് ആ കഥാപാത്രത്തെ ശരിയാംവിധം പ്രതിഫലിപ്പിയ്ക്കാൻ കഴിയും. ഇവിടെ ഗലീലിയോ ആയി അഭിനയിച്ച നടന് ഗലീലിയോ എന്ന ശാസ്ത്രജ്ഞനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തതുപോലെ തോന്നിപ്പിച്ചു. ശബ്ദക്രമീകരണത്തിലായിരുന്നു പ്രധാന പോരായ്മ. പലപ്പോഴും ഗലീലിയോ പറയുന്നത് കേൾക്കാൻ തന്നെ കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞന്റെ നിസ്സഹായതകളെ പ്രതിഫലിപ്പിയ്ക്കാൻ കുറച്ചൊക്കെ ആ ഭാവ ചലനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു മെച്ചമാണ്. കുറച്ചുകൂടി ആത്മാർത്ഥത ഗലീലിയോ എന്ന കഥാപാത്രത്തോടു കാണിയ്ക്കണമായിരുന്നു എന്നൊരു തോന്നൽ നാടകം വിമർശന ബുദ്ധ്യാ കാണുന്നവരിൽ ഉണ്ടാക്കുവാൻ സാദ്ധ്യതയുണ്ട്. ആദ്യത്തെ സ്റ്റേജു കഴിയുമ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ടേക്കും എന്നൊരു പ്രതീക്ഷയ്ക്കു വകയുണ്ടെന്നു കരുതാം.

ഇനി മറ്റു കഥാപാത്രങ്ങളെ എടുത്താൽ മിക്കവരും കാണികളുടെ ശ്രദ്ധയെ തന്നെ ആകർഷിയ്ക്കാതെ പോയിട്ടുണ്ട്. ഒരു തരം തണുത്ത കഥാപാത്രങ്ങളായി പോയി മറ്റുള്ളവരൊക്കെ. മുഖ്യ കഥാപാത്രത്തിന്റെ പ്രാധാന്യത്തിനും പ്രകടനത്തിനും മുന്നിൽ ചിലപ്പോൾ മറ്റു കഥാപാത്രങ്ങൾ നിഷ്പ്രഭമായി പോകാറുണ്ട് ചില നാടകങ്ങളിൽ. ഇവിടെ പക്ഷേ മുഖ്യനടന്റെ പ്രകടനം തന്നെ മെച്ചമല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രകടനത്തിനു മുന്നിൽ മറ്റുള്ളവർ നിഷ്പ്രഭരായിപ്പോയി എന്നും പറയാനാവില്ല.തീർച്ചയായും കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്, എല്ലാ കഥാപാത്രങ്ങളും. നാടകാഭിനയത്തിൽ സ്വന്തം ശബ്ദത്തിന്റെ സാദ്ധ്യതകൾ ഇതിലെ മിക്ക നടീനടന്മാരും മനസ്സിലാക്കാതെ പോയിട്ടുണ്ട്. പലരുടെയും മുഖത്ത് ഭാവാഭിനയം വേണ്ടത്ര ഇല്ലാതെയും പോയി. ഒരു തരം നിർവ്വികാരത. മിക്കവരും ശരീരഭാഷയിൽ ഒതുങ്ങിയതല്ലാതെ മുഖാഭിനയത്തിലും വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല. കഥാപാത്രങ്ങൾ ലാഘവത്തിൽ ഇങ്ങനെ വരുന്നു, പോകുന്നു എന്നൊരു പ്രതീതി പലപ്പോഴും ഉണ്ടായി.

സാധാരണ പരിഷത്ത് നാടകങ്ങളിലെ പാട്ടുകൾ പെട്ടെന്ന് മറക്കുന്നവയാകാറില്ല. പാട്ടുകൾക്ക് പൊതുവെ ഒരു പരിഷത്ത് ടച്ച് സാധാരണമാണ്. അതും ഇക്കുറി ഇല്ലാതെ പോയി. ഈടുറ്റ വരികളോ നല്ല സംഗീതമോ ഉണ്ടായില്ല. ഒരു പരിഷത്ത്നാടകം കണ്ടുകേട്ടിറങ്ങുമ്പോൾ ചുണ്ടിൽ രണ്ടുവരി പാട്ടെങ്കിലും തത്തിക്കളിച്ചില്ലെങ്കിൽ പിന്നെന്തു പരിഷത്ത് നാടകം. പലപ്പോഴും ഈ നാടകം നിശ്ചലമായി പോകുന്നോ എന്നു തോന്നുന്ന തണുപ്പൻ പ്രകടനം നടീനടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് ഈ നാടകത്തിന് ഒരു സമകാലിക മുഖം നൽകിയിരിയ്ക്കുന്നു എന്നൊരു പരസ്യം നൽകാനാകില്ല. അതിനു സംവിധായകനു കഴിഞ്ഞിട്ടില്ല. ആദ്യത്തെ ഒരു രംഗം സമകാലികമാക്കി കാണികളെ ചിരിപ്പിച്ച് നാടകത്തിന് അല്പം കൂടി മിഴിവേകി എന്നതിനപ്പുറം പിന്നീട് സമകാലിക വിഷയങ്ങളുമായി കൂട്ടിയിണക്കുന്ന ഒന്നുമില്ല. സാക്ഷാൽ ചരിത്രം തന്നെ. അതിൽ പിന്നെ ഒഴിവാക്കലുകളല്ലാതെ എന്തെങ്കിലും കൂട്ടിച്ചേർക്കുന്നത് സത്യസന്ധതയ്ക്കു നിരക്കുന്നതല്ലെന്നു സംവിധായകൻ തിരിച്ചറിഞ്ഞതു കൊണ്ടാണെങ്കിൽ അതും ഒരു തരത്തിൽ നന്നായി. ദൂരദർശിനി കണ്ടു പിടിച്ചതു മുതൽക്കുള്ള ഗലീലിയോയുടെ ജീവിതത്തിലെ സംഭവങ്ങൾക്കാണ് ഇതിൽ പ്രാധാന്യം. അതു തന്നെ മുഖ്യപ്രമേയമാകേണ്ടതും. അവിടെ സമകാലികമായ ഏച്ചു കെട്ടലുകൾക്കു വലിയ പ്രസക്തിയുമില്ല.

മൊത്തത്തിൽ ഒരു ഇഴച്ചിൽ ഈ നാടകത്തിന്റെ ഒരു ന്യൂനത തന്നെയായിരുന്നു.സത്യത്തിൽ ഈ നാടകം രണ്ടു മണിക്കൂ‍ർ നീട്ടിക്കൊണ്ടു പോകേണ്ടിയിരുന്നോ? ആകെക്കൂടി ഒരു മണിക്കൂർ കൊണ്ട് തീരുന്ന നിലയിൽ ചുരുക്കിയിരുന്നെങ്കിൽ കൂടുതൽ ശക്തവും ചടുലവുമായേനെ എന്ന് ഈയുള്ളവനു തോന്നി. നീളത്തിലല്ല കാര്യം എന്ന് ഈ നാടകം തെളിയിക്കുന്നതുപോലെ. മാത്രവുമല്ല ഇന്നത്തെ കാലത്ത് പ്രൊഫഷണൽ നാടകം കാണുന്നതുപോലെ ഇങ്ങനെ ഒരു സോദ്ദേശ വൈജ്ഞാനിക നാടകം രണ്ടുമണിക്കൂർ ക്ഷമയോടെ കാണാൻ എത്രപേർ തയ്യാറാകും എന്നതും ചിന്തിയ്ക്കേണ്ടതാണ്. ഉദ്ഘാടന സദസ്സിൽ ആദ്യം കാണികളിൽ കണ്ട ഒരു ഉത്സാഹം അവസാനം വരെ നിലനിർത്താൻ നാടകത്തിനു കഴിഞ്ഞില്ല എന്നത് ഉദാഹരണമാണ്. പലരും നാടകം തീരുന്നതിനു മുൻപ് ഇറങ്ങി പോയി. ഇവർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. എന്നാൽ മറ്റുള്ളവർ നല്ലൊരു പങ്കും നാടകം കാണാൻ കരുതിക്കൂട്ടി സമയം കണ്ടെത്തി താല്പര്യപൂർവ്വം വന്നവരായതു കൊണ്ട് അവസാനം വരെ ക്ഷമിച്ച് ഇരുന്നിട്ടുള്ളതും ആകാം. ഞാൻ തന്നെ പിന്നീട് എവിടെയെങ്കിലും വച്ചു കാണാം ഇപ്പോൾ പോയാലോ എന്നു ചിന്തിച്ചതാണ്. പിന്നെ പത്രവാർത്തകണ്ട് പെരുമഴപ്പരുവത്തിനു കാശും ചെലവാക്കി തട്ടത്തുമലനിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്ത് , തിരുവനന്തപുരം വരെ വന്നിട്ടു മുഴുവൻ കാണാതെ പോയാലോ എന്നു ചിന്തിച്ച് കണ്ടു തീർത്തതാണ്. ഉദ്ഘാടന സദസ്സിൽ കാണികൾ ഹാൾ നിറഞ്ഞിരുന്നത് ആശ്വാസകരമാണ്. ഇങ്ങനത്തെ ഒരു സോദ്ദേശ നാടകം കാണാൻ ഇത്രയധികം ആളുകൾ വന്നത് നാടകം മരിയ്ക്കില്ലെന്നതിന്റെ തെളിവായെടുക്കാം.

ഗലീലിയോ നാടകം സംബന്ധിച്ച് ഇവിടെ ഉയർത്തിയിട്ടുള്ള വിമർശനങ്ങൾ വിമർശനബുദ്ധ്യാ നാടകം കാണുന്നവർക്കു മാത്രം ബാധകമായ കാര്യങ്ങളാണ്. നാടകം കാണുന്ന സാധാരണക്കാർക്ക് ഇതൊന്നും ബാധകമല്ല. പരിഷത്ത് ലക്ഷ്യം വയ്ക്കുന്നത് നാടക നിരൂപകരെ മാത്രമല്ലല്ലോ. ജനങ്ങളെ മൊത്തത്തിലല്ലേ? ഈ നാടകം കൊണ്ട് പരിഷത്ത് എന്താണോ ഉദ്ദേശിയ്ക്കുന്നത് ആ ലക്ഷ്യം സാക്ഷാൽക്കരിയ്ക്കുവാൻ ഈ നാടകാവതരണം സഹായിക്കും. അതിന് ഇത്രയൊക്കെ അവതരണ ഭംഗി മതിതാനും. എങ്കിലും ഇനിയുള്ള വേദികളിൽ ശ്രദ്ധിച്ചാൽ കുറച്ചു കൂടി കുറ്റമറ്റ രീതിയിൽ ഈ നല്ല നാടകം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിയ്ക്കുവാൻ കഴിയും. ആശംസകൾ!

പിൻകുറിപ്പ്: ഞാനും എന്റെ നാടകക്കാലത്ത് ഗലീലിയോ ഒരു ലഘുനാടകമാക്കി സ്കൂൾ കുട്ടികൾക്കു വേണ്ടി തയ്യാറാക്കി അവതരിപ്പിച്ച് , കുട്ടികൾക്കു സമ്മാനം ലഭിച്ചിരുന്നു എന്നത് ഇപ്പോൾ സാന്ദർഭികമായി ഇവിടെ പറഞ്ഞുകൊള്ളുന്നു.അതൊക്കെ ഒരു കാലം.....

6 comments:

psr said...

സജീമിന്‍റെ വിലയിരുത്തലും വിമര്ശനവും ആത്മാര്‍ത്ഥവും ക്രിയാത്മകവുമാണ്. നാടകത്തെപ്പറ്റിപ്പറഞ്ഞ അഭിപ്രായങ്ങള്‍ മാനിക്കുന്നു. ഇനിയുള്ള ഷോകളില്‍ തിരുത്താന്‍ കഴിയുന്നത് തിരുത്താന്‍ ശ്രമിക്കാം.
എങ്കിലും ഒന്നു പറയട്ടെ, പരിഷത്ത് ജനങ്ങളില്‍ നിന്ന് അകന്നുവെന്നും അതിനുകാരണം പുസ്തകം വിറ്റു കുറേ പൈസ കൈവന്നതും അധികാരസ്ഥാനങ്ങളില്‍ കുറേ പരിഷത്തുകാര്‍ക്ക് ഇടം കിട്ടിയതുമാണെന്ന വിലയിരുത്തല്‍ വേദനയുണ്ടാക്കി. കഴിഞ്ഞ ഇരുപത്തിയഞ്ചു വ‍ര്ഷമായി കൈയിലെ കാശും സമയവും ചെലവഴിച്ച് പരിഷത്ത് പ്രവര്‍തതനം നടത്തുന്ന ഒരാളാണ് ഞാന്‍. ഞങ്ങളെപ്പോലുള്ളവ്രര്‍ സമഭാവനയും ശാസ്ത്രബോധവുമുള്ള, സാധാരണക്കാര്‍ ശാസ്ത്രനേട്ടങ്ങളാല്‍ ചൂഷണം ചെയ്യപ്പെടാത്ത സമൂഹസൃഷ്ടിക്കുവേണ്ടിയാണ് പ്രവര്ത്തിക്കുന്നത്. അത്തരം നൂറൂകണക്കിനു പ്രവര്‍ത്തകര്‍ ഇപ്പോഴും സജീവമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. പരിഷത്തിന്റെ സാമൂഹിക ദൃശ്യതയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ മാധ്യമങ്ങളുടെ തമസ്കരണം,പൊതുവേ ചെറുപ്പക്കാര്‍ സാമൂഹികപ്രവര്‍ത്തനത്തില്‍ നിന്നും അകലുന്നത്, പൊതുപ്രവര‍ത്തനത്തോടും പൊതു പ്രവര്‍ത്തകരോടും സമൂഹത്തില്‍ വളര്‍ന്നുവരുന്ന പുഛം, കൂട്ടായ്മയ്ക്കു പകരം വ്യക്തിപരതയിലേക്കുള്ള സമൂഹതതിന്‍റെ മാറ്റം, പരിഷത്തിനെക്കുറിച്ച് ബോധപൂര്‍വം പ്രചരിപ്പിക്കുന്ന (ഇല്ലാത്ത ) കക്ഷിരാഷ്ടീയബന്ധം തുടങ്ങിയ പലതുമുണ്ടാവാം. പക്ഷേ സജീം സൂചിപ്പിച്ചവയല്ലെന്ന് തീര്ച്ച.
നാടകവിലയിരുത്തലിന് ഒരിക്കല്‍ക്കൂടി നന്ദി.

കുളക്കടക്കാലം said...

വിഷയത്തോട് പുലര്‍ത്തിയ ആത്മാര്‍ത്ഥത ഈ ലേഖനത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു.

Anil cheleri kumaran said...

നല്ല പോസ്റ്റ്.

വിരോധാഭാസന്‍ said...

വായീച്ചു..മുഴുവന്‍ ...കൊള്ളാം

നൈസ് ലി റിട്ടണ്‍..!

ഇ.എ.സജിം തട്ടത്തുമല said...

കമന്റുകൾക്കു നന്ദി!

Anonymous said...

Nice article...congrats..