Tuesday, February 9, 2010

ഒരു കൊച്ചു പ്രേമം

(കേരളകൌമുദിയിൽ വന്ന എന്റെ ഒരു മിനിക്കഥ)

ഒരു കൊച്ചു പ്രേമം

വീട്ടിലേക്കുള്ള യാത്രയിൽ അവളെ കണ്ടുമുട്ടി. ഒന്നേ നോക്കിയുള്ളു.സുന്ദരി! ഇഷ്ടമായി; പിരിയാനാകാത്തവിധം!

ഞാൻ സ്നേഹപാരവശ്യത്തോടെ ക്ഷണിച്ചു. അധികം ആലോചിക്കാനുണ്ടായില്ല. അവൾ എന്നെ അനുഗമിച്ചു.

വീട്ടിലെത്തി. എന്തായിരിക്കും അമ്മയുടെ പ്രതികരണം? എന്തായാലും നേരിടുക തന്നെ! അവൾ മുറ്റത്തു പരുങ്ങി നിന്നു. ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി. വാതിൽ തുറക്കപ്പെട്ടു.

അമ്മ!

അമ്മ ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി. അമ്മയ്ക്ക് എല്ലാം മനസിലായി. അമ്മയുടെ മുഖം ചുവന്നുതുടുത്തു കത്താറായി. പിന്നെ ഒരാക്രോശമായിരുന്നു.

“എവിടുന്ന് വിളിച്ചോണ്ട് വന്നെടാ ഇതിനെ ?”

“അമ്മേ അത്............”

എന്നെ പൂർത്തിയാക്കാൻ അനുവദിച്ചില്ല.

“വഴിയിൽ കണ്ടതിനെയൊക്കെ വിളിച്ചുകൊണ്ടു വരാൻ കണ്ട സ്ഥലമാണോടാ ഇത് ?”

ഒരു അനുരഞ്ജനത്തിനായി ഞാൻ വീണ്ടും തൊണ്ടയനക്കി.പക്ഷെ---

“വിളിച്ചോണ്ടു പോടാ!”

അമ്മ അലറിക്കൊണ്ട് വാതിൽ വലിച്ചടച്ചു. അനുനയത്തിന്റെയും അനുരഞ്ജനത്തിന്റെയും വാതിൽ കൊട്ടിയടക്കപ്പെട്ടെന്നു എനിക്കു മനസിലായി. എന്റെ അമ്മ ഇത്രയ്ക്കു യാഥാസ്ഥിതിക ആയിപ്പോയതിൽ പുരോഗമന വാദിയായ എനിക്കു ലജ്ജ തോന്നി.

ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു; കൂടെ അവളും!

നടവഴിയിൽ ഒരു വഴി തിരിഞ്ഞ് ഞാൻ നിന്നു.എന്റെ നിസഹായത പ്രകടമാക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

“പ്രിയേ നമുക്കു പിരിയാം “

പക്ഷെ അവൾ പിന്തിരിയാൻ കൂട്ടാക്കിയില്ല. എന്റെ മുഖത്തേക്കു ഉറ്റു നോക്കി മിണ്ടാതെ നിന്നു. ഒട്ടും അമാന്തിച്ചില്ല. വഴിയരികിലെ വേലിക്കമ്പൊരെണ്ണം വലിച്ചൂരി.

ഓങ്ങിയതേയുള്ളു; അവൾ ഓടി.

കുറച്ചു ദൂരെ ചെന്ന് തിരിഞ്ഞു നിന്നിട്ട് അവൾ ഉറക്കെ വിളിച്ചു പറഞ്ഞു;

“ബൌ ബൌ!” (എടാ വഞ്ചകാ! )

9 comments:

ash said...

ഹൊ!!! ഇങ്ങനെ ഉണ്ടോ ഒരു പ്രേമം?? നല്ല നര്‍മ്മകഥ...

അപ്പൂട്ടൻ said...

പാവം, കുറച്ച്‌ ആഹാരമെങ്കിലും കൊടുക്കാമായിരുന്നു.
ക്രൂരനായ മനുഷ്യാ

പട്ടേപ്പാടം റാംജി said...

ശരിതന്നെ,
കുറച്ച് ആഹരമെന്കിലും
കൊടുക്കേണ്ടതായിരുന്നു.

മിനിക്കഥ നന്നായി.

പകല്‍കിനാവന്‍ | daYdreaMer said...

റ്റൈറ്റില്‍ കണ്ടപ്പോള്‍ സന്തോഷമായി.. പക്ഷേ.. ! :)

mini//മിനി said...

നല്ല അമ്മ!

നന്ദന said...

സജിം ഇങ്ങനെ പറ്റിക്കരുത് പട്ടിയെയല്ല ഞങ്ങളെ!! അവസാനം ആ ബൌ ബൌ ഇല്ലെങ്കിൽ ഞാൻ നിന്നെ തെറ്റിധരിച്ചേനെ? പ്രണയത്തിന്റെ ഈ മാസത്തിലും വേണൊ?

ബിനോയ്//HariNav said...

ഹ ഹ കൊള്ളാട്ടാ :)

Unknown said...

ഹ..ഹ... കലക്കി... ഇപ്പൊ ശശി ആരായി...

Anil cheleri kumaran said...

കലക്കി...