Saturday, July 17, 2010

കുമാരാ, താങ്കൾ ഒരു സംഭവം തന്നെ!

കുമാരാ, താങ്കൾ ഒരു സംഭവം തന്നെ!

കുമാരന്റെ കുമാരസംഭവങ്ങൾ എന്ന പുത്തൻ പുസ്തകം (ഡിസംബർ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചത്) വായിച്ചപ്പോൾ പറയാൻ തോന്നിയ കാര്യങ്ങൾ താഴെ വാരിവിതറി പോസ്റ്റാക്കുന്നു:

അങ്ങനെ ബ്ലോഗ് രചനകളിൽ നിന്ന് വീണ്ടും ഒരു പുസ്തകം പിറന്നു. കുമാരസംഭവങ്ങൾ. ഇത് കുമാരൻ തന്റെ ബ്ലോഗുകളിൽ എഴുതി ഇതിനകം ഒരുപാട്പേർ വായിച്ച് രുചിയറിഞ്ഞവയാണ്. ബ്ലോഗെഴുത്തുകൾ പുസ്തകമാകുമ്പോൾ നെറ്റകത്തിന് പുറത്ത് നിൽക്കുന്നവർക്കും വായിക്കാൻ അവസരം വരുന്നു. ബ്ലോഗുകൾ ഇങ്ങനെ കൊഴുത്താൽ ഭാവിയിൽ പുസ്തകങ്ങൾ ഷോകേസുകളിലെങ്കിലും ഉണ്ടാകുമോ എന്നത് തൽക്കാലം അവിടെ നിൽക്കട്ടെ. ഇപ്പോൾ ബ്ലോഗകത്ത് എന്തു നടക്കുന്നു എന്നത് പുറം ലോകം കൂടി അറിയാൻ ബ്ലോഗ് രചനകളിൽനിന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നതിനു പുറമെ മറ്റ് മീഡിയകളും കൂടി പ്രയോജനപ്പെടുത്തേണ്ടതുമാണ്. ആ നിലയിൽ കുമാര സംഭവങ്ങൾ എന്ന പുസ്തകം ബ്ലോഗുകൾക്ക് ഒരു പ്രചരണം കൂടിയാണ്. കുമാരാന് അഭിനന്ദനങ്ങളോടെ!

പുസ്തകത്തിന്റെ പുറത്തുതന്നെ ബ്ലോഗ് രചനകൾ എന്ന് എഴുതിയിരിക്കുക കൂടി ചെയ്തിരിക്കുന്നതിനാൽ ഒരു പുസ്തകവില്പനശാലയിലോ, ഒരു വായനശലയിലോ ഇരിക്കുന്ന ഈ പുസ്തകം എടുത്തു നോക്കി എന്താണീ ബ്ലോഗെഴുത്ത് എന്ന് അന്വേഷിക്കുവാനും പുസ്തകം വാങ്ങി കൊണ്ടുപ്പോയി വാ‍യിച്ചു നോക്കുവാനും പലരും തയ്യാറായെന്നുവരാം. അങ്ങനെ ഈ രചനകൾ വായിക്കപ്പെടുന്നു എന്നതിനു പുറമേ ബ്ലോഗിന് പ്രചരണവും കൂടിയാകുന്നു. ബ്ലോഗുകളിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യകാല കൃതികൾക്ക് അങ്ങനെ ഒരു കർത്തവ്യം കൂടി നിറവേറ്റുവാൻ ഉണ്ട്. ബ്ലോഗുകളിൽ എന്തു സംഭവിക്കുന്നുവെന്ന് നെറ്റകം ഇനിയും വേണ്ടവിധം പരിചയമില്ലാത്തവരും കൂടി അറിയട്ടെ. ഒരു സമാന്തര സാഹിത്യ ഭൂമിക ഉദിച്ചുയരുന്നുവെന്ന യാഥാർത്ഥ്യം എല്ലവരും അറിയട്ടെ!

ബ്ലോഗുകൾ അവനവൻ പ്രസാധനമാണ്. അവിടെ എഴുത്തുകാരൻ തന്നെ തിരുത്തുകാരനും അടുക്കുകാരനും. ബ്ലോഗുകളാകട്ടെ ആർക്കും തുടങ്ങുകയുമാകാം. അതിനാൽ ഈ രംഗത്ത് നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടാകാം. അത് ഒരു പോരായ്മയായി കാണേണ്ടതില്ല. കാരണം വായനക്കാരന് അവനവന്റെ നിലവാരത്തിനും അഭിരുചിക്കും അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനും വായനയെ തന്റെ സൌകര്യാർത്ഥം ക്രമപ്പെടുത്താനും സാധിക്കും. ഭാഷാപരമായും സഹിത്യപരമായും പാണ്ഠിത്യത്തിന്റെ മറുതല കണ്ടവർക്ക് മാത്രമേ എഴുത്തിന്റെ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്നൊന്നുമില്ല. മനസിന്റെ ഉള്ളിലുള്ളത് മറ്റുള്ളവർക്ക് വായിച്ചാൽ മനസിലാകത്തക്കവിധം ഒരു കടലാസിലോ ബ്ലോഗിലോ പകർത്തി വച്ചാൽ അതിനുള്ളിൽ എങ്ങനെയായാലും സാഹിത്യത്തിന്റെ ഒരംശം ഉണ്ടാകും. വായിക്കുന്നവന് അതിൽ ആസ്വദിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ അത് സാഹിത്യം തന്നെ. ഇനി അല്പം ചിന്തിക്കുവാൻ കൂടിയുണ്ടെങ്കിൽ അല്പം നിലവാരം കൂടിയെന്ന് അർത്ഥമുണ്ടെന്നേയുള്ളു.

അല്ലാതെ കലയും സാഹിത്യവുമൊന്നും ആരുടെയും കുത്തകയല്ല. അഥവാ ആണെന്നു വിചാരിച്ചാൽ തന്നെ ഇനിയുള്ള കാലം അത് നടക്കില്ല. നമ്മൾ ബ്ലോഗേഴ്സ് അത് അനുവദിക്കില്ല. മനുഷ്യൻ മനസിലാകാത്ത വിധം എന്തെങ്കിലും എഴുതിവയ്ക്കുന്നത് മാത്രമല്ല സാഹിത്യം. ഞങ്ങളും എഴുതും. അത് വായിക്കുന്ന ഏതൊരു സാധാരണക്കരനും മനസ്സിലാകും. അത് വായിക്കാൻ ആളെക്കിട്ടുകയും ചെയ്യും. അതിൽ ചിലതെങ്കിലും പുസ്തകമായി, മഹാപണ്ഠിതന്മാരെന്ന് ഊറ്റം കൊണ്ട് നടക്കുന്നവരുടെ കേൾവിപ്പെട്ട ഗ്രന്ധങ്ങൾക്കിടയിൽ നമ്മൾ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളും ഇരുന്നു ചിരിക്കും. നമ്മുടെ പുസ്തകങ്ങൾ വായനക്കാരനെ സൈറ്റടിക്കും. ഏതു പടുവൃദ്ധരെയും നമ്മുടെ പുസ്തകങ്ങൾ വീഴ്ത്തും. മറ്റൊന്ന് നമ്മുടെ രചനകൾ ലോകം മുഴുവൻ ചുറ്റിയടിച്ചിട്ടാണ് പുസ്തകമാകുന്നത്. കൊക്കെത്ര കുളം കണ്ടതാണെന്ന മട്ടിലാണ് വരവ്!

നമ്മുടെ പുസ്തകങ്ങളുടെ ഒരേയൊരു കുറവ് അത് എല്ലാവർക്കും മനസിലാകും എന്നതാണ് നിങ്ങൾ ബുദ്ധികൊണ്ട് കട്ടപിടിച്ച തലച്ചോറുമായി നടക്കുന്നവരുടെ പുസ്തകങ്ങൾ ആളുകളെ നോക്കി മസിലും പിടിച്ചിരിക്കുമ്പോൾ നാമ്മൾ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങളുടെ ഉള്ളുതുറന്ന നിഷ്കളങ്കമായ ചിരികണ്ട് ആളുകൾ വാങ്ങിക്കൊണ്ടുപോയി വായിക്കും. മസിലും പിടിച്ചിരിക്കുന്ന ബുദ്ധിജീവിഗ്രന്ധങ്ങൾ അവിടെയിരുന്ന് പൂത്ത് അവസാനം ആക്രിക്ക് കൊടുക്കും. എവിടെനിന്നെങ്കിലും കടിച്ചാൽ പൊട്ടാത്തതും മനുഷ്യനു മനസിലാകാത്തതുമായ കുറെ വാചകങ്ങൾ മോഷ്ടിച്ച് പറക്കിക്കൂട്ടിവച്ച് ഒന്നോരണ്ടോ പുസ്തകമെഴുതിയിട്ട് തലയും മുഖവും വീർപ്പിച്ചു നടക്കുന്ന ചില ബുദ്ധിജീവിജാഡക്കാരോടുള്ള മൂത്ത കുടിപ്പക കൊണ്ട് വെട്ടിക്കീറാൻ ഇങ്ങനെ മേൽവരികൾ കൂടി എഴുതിപ്പോയതാണ്.

കുമാരന്റെ പുസ്തകത്തിൽ ആമുഖമായിതന്നെ തന്റെ പരിമിതികൾ കുമാരൻ എഴുതിവച്ചിട്ടുണ്ട്. ബ്ലോഗ് വായനക്കാരനും പുസ്തകവായനക്കാരനും തമ്മിൽ അല്പം ചില വ്യത്യാസങ്ങൾ ഉണ്ട്. ബ്ലോഗ് വായനയ്ക്ക് അല്പം വേഗത കൂടുതലാണെന്നതാണ് അതിലൊന്ന്. മറ്റൊന്ന് ഇവിടെ ബ്ലോഗ് വായനക്കാരിൽ ഭാഷാപരമായി പരിമിതികൾ ഉള്ളവരും കൂടിയുണ്ട് എന്നതാണ്. എന്നാൽ ഇന്ന് ബ്ലോഗിംഗ് രംഗത്തേക്ക് കടന്നുവരുന്നവർ ബ്ലോഗിംഗിലൂടെ ആ പരിമിതികൾ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള ഭാഷയുമായും സാഹിത്യവുമായും സ്കൂൾ തരം വരെ മാത്രം ബന്ധമുണ്ടായിരുന്നവർ പോലും ഇന്ന് നന്നയി മാതൃഭാഷ കൈകാര്യം ചെയ്തു വരുന്നു. അതിനു കാരണം ബ്ലോഗുകളിലെ നർമ്മം തുളുമ്പുന്ന രചനകളാണ്. നർമ്മം ഇഷ്ടപ്പെടാത്തവർ ആരുമില്ല. നർമ്മം തുളുമ്പുന്ന ബ്ലോഗ് രചനകൾ നിരവധിയാളുകളെ വായനയുടെ ലോകത്തേക്കും എഴുത്തിന്റെ ലോകത്തേക്കും ആനയിച്ചു.

ഇന്ന് ബ്ലോഗിലെത്താൻ അറിയാവുന്നവർക്ക് മലയളത്തിൽ നന്നായി കമന്റെഴുതാനെങ്കിലുമുള്ള മലയാളഭാഷാജ്ഞാനം ഉണ്ടെന്നത് അഭ്മാനകരമാണ്. ടൈപ്പുചെയ്യുന്നതിന് കീ ബോർഡിലെ ഇംഗ്ലീഷ് അക്ഷരമാലയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിലും പതിയുന്നത് മലയാള അക്ഷരങ്ങളാണ്. വളരുന്നത് മലയാള ഭാഷയാണ്. കേരളത്തിലെ എല്ലാ മേഖലകളിൽ ഉള്ളവരും ബ്ലോഗെഴുതുന്നതിനാൽ ഓരോ പ്രദേശത്തെയും പ്രാദേശികമായ ഭാഷാന്തരങ്ങൾ കൂടി എല്ലാവരും പങ്കുവയ്ക്കുകയാണ്. ഇത് മലയാള ഭാഷയുടെ സമഗ്രമായ വികാസത്തിന് കാരണമാകുകയാണ്. എന്നിട്ടും ഇത് ചിലർ കണ്ടില്ലെന്ന് നടിക്കുന്നതാണ് കഷ്ടം. (കമ്പ്യൂട്ടർ കണ്ട് കണ്ണുമിഴിച്ച് നിൽക്കുന്നവരാണ് ഇതിൽ പല ബുദ്ധിജീവികളും. കറണ്ടടിക്കുമെന്ന് പേടിച്ച് ഇവരിൽ പലരും കീ ബോർഡിൽ പോലും തൊടില്ല.)

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ചെറുതും വലുതുമാ‍യ പല സംഭവങ്ങളും ഉണ്ടാകും. അതിൽ ചിലതിലൊക്കെ നർമ്മത്തിന്റെ അംശങ്ങൾ ഉണ്ടാകും. അതല്ല ഗൌരവമായ അനുഭവങ്ങളാണെങ്കിൽ കൂടിയും അതിൽ നർമ്മം ചാലിച്ച് അത് പറഞ്ഞുകേൾക്കാനും എഴുതാനും നമ്മളിൽ പലർക്കും കഴിയും. നർമ്മഭാവന അധികമില്ലാത്തവർക്ക് ഗൌരവത്തിലും കാര്യങ്ങൾ അവതരിപ്പിക്കാം. എന്നാൽ കണ്ണീരിൽ പോലും നർമ്മം ചാലിച്ച് കേൾക്കുന്നവനെയും വായിക്കുന്നവനെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും കരയിക്കുവാനും നർമ്മ ബോധമുള്ള ഒരാൾക്ക് കഴിയും. ഏതെങ്കിലും ഒരു സംഭവം അക്ഷരമറിയാത്തവരാണെങ്കിൽ അവർ പറഞ്ഞു കേൾപ്പിക്കും. അക്ഷരമറിയാവുന്നവർക്ക് അവ എഴുതിവയ്ക്കുകയുമാകാം. നർമ്മബോധവും അല്പം സാഹിത്യബോധവും കൂടി ചേർന്നാൽ എഴുത്ത് വായനക്കാരന് നല്ലൊരു വിഭവമായിരിക്കും.

എന്നാൽ എല്ലാവർക്കും ഒരു പോലെ നർമ്മ ബോധവും സാഹിത്യബോധവും ഒരു പോലെ കൈൽമുതലായി ഉണ്ടാകണമെന്നില്ല. ചിലർക്ക് നർമ്മ ബോധമുണ്ടാകും. ചിലർക്ക് സാഹിത്യബോധമുണ്ടാകും. ചിലർക്ക് ഇത് രണ്ടുംകൂടി ഉണ്ടാകും. ഇവിടെ കുമാരനെ സംബന്ധിച്ചിടത്തോളം നർമ്മഭാവനയും സാഹിത്യവും കൈമുതലായുണ്ട്. ഗൌരവമുള്ള സംഭവമാണെങ്കിലും കുമാരൻ എഴുതിയാൽ അത് നർമ്മമാകും. എന്നാൽ ആ നർമ്മത്തിനിടയിൽ നിന്ന് നമുക്ക് സംഭവത്തിന്റെ ഗൌരവം വായിച്ചെടുക്കുകയും ചെയ്യാം. വായിക്കുന്നവന് വായിക്കാനൊരു താല്പര്യം വരണം. എല്ലാവരും ഗൌരവബുദ്ധികളാകണമെന്നില്ല. അത്തരക്കാരെ വായനയിലേയ്ക്ക് ആകർഷിക്കാൻ നർമ്മം വേണം. നർമ്മം ആസ്വദിച്ചുകൊണ്ട് വായനയിൽ മുഴുകുമ്പോൾ ഒരെഴുത്ത്കാരന് നൽകാനുള്ള സന്ദേശം വളരെ ലളിതമായി കൈമാറാൻ കഴിയുന്നു. ഇക്കാര്യത്തിൽ കുമാരന് അഭിമാനിക്കാം. കുമാരസംഭവങ്ങൾ വായിക്കുന്ന ഏതൊരാൾക്കും തോന്നും.ഈ കുമാരൻ ഒരു സംഭവം തന്നെയാണെന്ന്!

കുമാരൻ എഴുതിയിരിക്കുന്ന ഓരോ നുറുങ്ങുകളോടും സാമ്യമുള്ള പല അനുഭവങ്ങളും അവരവരുടെ ജീവിതപരിസരങ്ങളിൽ എല്ലാവർക്കും ഉണ്ടായിരിക്കും. കേരളത്തിലെവിടെയുമുള്ള ജീവിത രീതികൾ തമ്മിൽ പൊതുവായ സമാനതകൾ ഉള്ളതിനാൽ എല്ലാവർക്കും ഓരേ തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകാം. കണ്ണൂരിലുള്ള കുമാരൻ കോറിയിട്ടിരിക്കുന്ന് നർമ്മ നുറുങ്ങുകളിൽ മിക്കതും ഇങ്ങ് തിരുവനന്തപുരം ഭാഗത്തുള്ള എന്റെ ഗ്രാമ പരിസരത്തും സംഭവിച്ചിട്ടുള്ളതാണ്. ചില നുറുങ്ങുകൾ വായിക്കുമ്പോൾ ങേ, കണ്ണൂരിലും നമ്മുടെ ഇവിടത്തെപോലുള്ള കാര്യങ്ങൾ തന്നെയോ നടക്കുന്നതെന്നു ചോദിച്ചു പോകും. എന്നെ ഞെട്ടിപ്പിച്ചത് എന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ചില സംഭവങ്ങൾ പോലും കുമാരൻ കുമാരനിൽ ആരോപിച്ച് എഴുതിവച്ചിരിക്കുന്നു. കുമാരൻ എന്നെങ്കിലും എന്റെ ജീവിതത്തെ ഒളിഞ്ഞു നോക്കിയോ എന്നറിയില്ല. പക്ഷെ അതേതൊക്കെ അനുഭവങ്ങൾ എന്ന് എന്നോട് ചോദിക്കരുതേ കുമാരാ, ഞാൻ കൊന്നാലും പറയില്ല. കുമാരന് നാണവും മാനവുമ്മില്ലെന്നുവച്ച് നമ്മ അങ്ങനെയാണോ? ഹഹഹ!

പട്ടിണിക്കാരനായ കുട്ടിരാമൻ ഉസ്കൂളിൽ ഉപ്പുമാവിനു വേണ്ടി തള്ളി ചട്ടിയിൽ വീണ സംഭവം നർമ്മത്തിൽ പൊതിഞ്ഞാണ് എഴുതിയതെങ്കിലും നമ്മുടെ മനസ്സിൽ അതൊരു നൊമ്പരമുണ്ടക്കുന്നുണ്ട്. ചട്ടിയിൽ വീണെങ്കിലെന്താ ഇഷ്ടം പോലെ ഉപ്പുമാവു കിട്ടിയല്ലോ എന്ന് കുട്ടിരാമൻ പറയുന്നുണ്ട്. ഉണങ്ങാത്ത മുറിപ്പാടുകൾ എന്ന കഥയും നമ്മെ നന്നേ നൊമ്പരപ്പെടുത്തും. നർമ്മം മാത്രമല്ല ഗൌരവമുള്ള വിഷയങ്ങളും കൈകര്യം ചെയ്യാൻ കുമാരനു കഴിയാത്തതല്ല എന്ന് തെളിയിക്കുന്ന കഥകളും കുമാര സംഭവങ്ങളിലുണ്ട്.

കുമാരസംഭവങ്ങളിൽ നിന്ന് ചില വരികൾ മാത്രം ഇവിടെ ഉദ്ധരിക്കാം:

“നാലുമണി കഴിഞ്ഞാൽ ഞങ്ങൾ മൂന്നുപേരും പെൺപിള്ളേരുടെ സെൻസസ് എടുക്കുന്നതുകൊണ്ട് ഫുൾ ബിസിയായിരിക്കും സ്കൂളിൽനിന്നും അണക്കെട്ടു പൊട്ടിയ പോലെ ആർത്തിരമ്പി വരുന്ന ആൺകുട്ടികളും മന്ദം മന്ദം കുളിർകാറ്റ് പോലെ തഴുകിവരുന്ന അരപ്പാവാടയുടുത്ത സുന്ദരി പെൺകുട്ടികളും, അതിനു ശേഷം വൃദ്ധരെപ്പോലും രോമാഞ്ചമണിയിച്ചുകൊണ്ട് ജൂനിയർ ഐശ്വര്യറയി മി.ജമീലയുടെ നേതൃത്വത്തിൽ കമലാ കോളേജിലെ ആൽമരം പോലെ വളർന്നുപന്തലിച്ച പെൺകുട്ടികളും ഞങ്ങളെയെന്താ ഇനിയും കെട്ടിച്ചുവിടാത്തത് വീട്ടുകാരേ എന്ന ചോദ്യവുമായി പ്രകടനം പോലെ വരും. ആ വർണ്ണക്കാഴ്ചകളെ ഒഴിവാക്കി വെറുതെ ഡീസന്റാവാൻ ഞങ്ങൾ കണ്ണുപൊട്ടന്മാരോ ടൌൺഹാളിന്റെ മുന്നിൽ ഒരുപണിയുമെടുക്കാതെ വെറുതെ സുഖിച്ചു കൈചൂണ്ടി നിൽക്കുന്ന കോൺക്രീറ്റ് പ്രതിമയോ അല്ലല്ലോ....” ( കുമാരൻ റൈറ്ററുടെ നാൾവഴിപുസ്തകം എന്ന അദ്ധ്യായം)

അച്ഛൻ മരിക്കുമ്പോൾ കരയുന്ന മക്കളിൽ ഒരുത്തി പറയുന്നതു കേൾക്കൂ: “ എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചിൽ....അവളുടേത് (ചേച്ചി) കള്ളക്കരച്ചിലാണേ...” ( ശരിയായ കരച്ചിൽ)

“പ്രേമിക്കുന്നവർ ആദ്യം ചെയ്യുന്നത് അച്ഛനുമമ്മയുമിട്ട പേരു മാറ്റുകയെന്നതാണല്ലോ. വനജ കാമുകനായ നളിനക്ഷനെ നളേട്ടാ, എന്നും, വനജയെ അയാ‍ൾ തിരിച്ച് വനൂ, വാ‍.. എന്നിങ്ങനെ വിളിക്കാൻ തുടങ്ങി.....“ (പ്രതികാര വനജ)

ലോകചരിത്രത്തിലെ പല പ്രേമങ്ങളും പൂത്തു വിടർന്ന് പരപരാഗണം നടത്തിയത് കോളേജ് കലോത്സവ ദിനത്തിലാണ്. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന് ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്. ......” ( കോളേജ് ഡേയിൽ കോമളകുമാരി)`

“മാരുതി സ്വിഫ്റ്റ് കാറുപോലെ ഷെയ്പ്പുള്ള സുന്ദരി. വട്ടമുഖി, നീണ്ട മുടി, അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപ്പാവാട ആൻഡ് ഗ്രീൻ ബ്ലൌസ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.” (ദേവതാരു പൂത്തു, പക്ഷെ......)

ഇങ്ങനെ ഒരുപാടുണ്ട് “കുമാരൻ എന്ന സംഭവം” എഴുതിയ കുമാര സംഭവങ്ങളിൽ! പക്ഷെ കുമാരന്റെ പുസ്തകം പകർത്തലല്ലല്ലോ എന്റെ ജോലി! വേണമെന്നുള്ളവർ അറുപത് രൂപാ കൊടുത്ത് വാങ്ങി വായിക്കിനെടേയ്. ( കുമാരനെ നേരിൽ കണ്ട് ഒന്നു പൊക്കിക്കൊടുത്താൽ പുസ്തകം ഫ്രീയായും ലഭിക്കുന്നതായിരിക്കും! എനിക്ക് കൂട്ടം തിരുവനന്തപുരം മീറ്റിൽ വച്ച് നേരിൽ കണ്ടപ്പോൾ ഈ ബുദ്ധി പോകാത്തതിനാൽ വിലകൊടുത്തു വാങ്ങേണ്ടിവന്നു. കുമാരൻ പുസ്തകം തലയിലേറ്റിവരുമ്പോൾ ഒരു കൈ സഹായിച്ചും പുസ്തകം കരസ്ഥമാക്കാവുന്നതാണ്)

അത്യുന്നതങ്ങളിൽ കുമാരനു മഹത്വം!

വാലെഴുത്ത്:

ഒരു നിലാവുള്ള രത്രി; കുമാരന്റെ ഫോൺ റിംഗ്ടോണടിച്ചു. വിറയ്ക്കുന്ന കൈകളോടെ കുമാരൻ ഫോൺ എടുത്തു.

മറുതലയ്ക്കൽ: കുമാരേട്ടാ! എന്റെ കുമാരേട്ടാ!

കുമാരൻ: (വിച്ചുകൊണ്ട്) ആരാ? മി.ജമീലയാണോ?

മറുതല: അല്ല കുമാരേട്ടാ, എന്നെ ഇത്രയ്ക്കങ്ങോട്ട് മറന്നോ?

കുമാരൻ: പിന്നെ, ദിവ്യയാണോ?

മറുതല: (ദ്വേഷ്യം) കുമാരേട്ടാ!

കുമാരൻ: അല്ല, ശ്രീദേവി....?

മറുതല: ശ്യോ! കു....മാ...രേ...ട്ടാ‍.... !

കുമാരൻ: (വിറച്ചുകൊണ്ട്) റോംഗ് നംബർ...റോംഗ് നംബർ.....!16 comments:

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

സൂക്ഷ്മപരിശോധന നടത്തിയിട്ടില്ല. അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കണേ!

mini//മിനി said...

ഇപ്പൊഴങ്ങ് വിളിച്ചതെയുള്ളു, ഇനി ഇങ്ങനെ പൊക്കിയ കാര്യം കൂടി കുമാരനോട് വിളിച്ച്പറയട്ടെ,

ഹംസ said...

കുമാരനോട് എന്‍റെ കോപ്പി എടുത്തുവെക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ഫ്രീയായി തരാം എന്നാ പറഞ്ഞത് . (കുമാരന്‍റെ ആരാധകനാ ഞാന്‍ എന്നു പറഞ്ഞപ്പോളാണെന്നു മാത്രം)

എട പഹയാ കുമാരാ നീ ഒരു സംഭവം തന്നാ.... ഐ. ലൌ .യൂ... മ്,മ്മാഅ”

കുമാരാ ആശംസകള്‍ .... അഭിനന്ദനങ്ങള്‍ :)

ഭായി said...

ഈ കുമാരനെ എവിടെ കിട്ടും? ഒന്ന് പൊക്കാനാണ്! പൊക്കിയാൽ കുമാരസംഭവങൾ കിട്ടുമെന്ന് അറിഞത്കൊണ്ട് ചോദിച്ചതാ..:)
നമ്മുടെ കുമാരൻ ഇനിയുമിനിയും ഉയരങളിൽ എത്തട്ടെ...

ബഷീർ said...

ഓനൊരു സംഭവമാ :)
എല്ലാരു കൂടി പൊക്കി. താഴെയിടുന്നതിനു മുന്നെ കുമാരാ... രക്ഷപ്പെട്ടോളൂ :)

Praveen Raveendran said...

നമ്മുടെ സ്വന്തം കുമാരേട്ടെന്‍ ശെരിക്കും സംഭവം തന്നെ.

jayanEvoor said...

കുമാരാ രാ രാ രാ........!
അഭിനന്ദനങ്ങൾ!
(ഇതെഴുതിയ സജിം തട്ടത്തുമലയ്ക്ക് അഭിവാദ്യങ്ങൾ!)

poor-me/പാവം-ഞാന്‍ said...

വായിച്ചപ്പോള്‍ കോള്‍മയിര്‍ കൊണ്ടു...
-കുമാരന്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ ഖജാന്‍ജി

Unknown said...

കുമാരേട്ടന് ഇനിയും ഒരുപാടുകാലം നിറഞ്ഞാടാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഒപ്പം പുസ്തകത്തിനായി കാത്തിരിക്കുന്നു. നാട്ടില്‍ വരട്ടെ..!!

Ashly said...

ഗുഡ്. ഇനിയും ഇനിയും കുമാരന്‍ പുസ്തകം ഇറക്കട്ടെ, ഇറക്കി കൊണ്ടേ ഇരിയ്ക്കട്ടെ !! അല്ലെ.

Manoraj said...

കുമാരൻ വീണ്ടും. എന്റെ കുമാരാ നിങ്ങൾ സംഭവം തന്നെ.

സ്വതന്ത്രന്‍ said...

കുമാരസംഭവം ഒരു സംഭവം ആയി മാറട്ടെ
എന്നാശംസിക്കുന്നു .....

Anil cheleri kumaran said...

വളരെ നന്ദി സജിം.. ഈ പ്രോത്സാഹന വചസ്സുകള്‍ക്കും ആ സന്മനസ്സിനും..

chithrakaran:ചിത്രകാരന്‍ said...

സജിം തട്ടത്തുമലയുടെ നല്ല മനസ്സിലൂടെ കുമാര സംഭവത്തിലേക്കുള്ള ഈ പോസ്റ്റ്
ബൂലോകത്തിനും ഗുണം ചെയ്യും.
രണ്ടുപേര്‍ക്കും ചിത്രകാരന്റെ ആശംസകള്‍ !!!

വിധു ചോപ്ര said...

ഈ പറയുന്ന സാധനം എന്റെ നാട്ടുകാരനാണ്. സ്കൂൾ ഡേയ്സിലൊക്കെ പറയുന്നതു പോലെ ഒരു വെറും ചേലേരിക്കാരൻ മണുങ്ങൂസ്.ഇവനിത്രക്കങ്ങായോ എന്ന് ഞാനറിഞ്ഞത് ഞാനും ഒരു ബ്ലോഗ് തുടങ്ങിയപ്പോൾ മാത്രം!വെറും രണ്ട് മാസമേ ആയുള്ളൂ ..............എന്ന യദാർത്ഥ പേരുള്ള ഇന്നത്തെ കുമാരനെ കണ്ടെത്തിയിട്ട്.എനിക്കാ പുസ്തകം കൂടി വേണമിനി. അത് ഈ ഞായറാഴ്ച തന്നെ ഒപ്പിച്ചെടുക്കണം.വിവരം നൽകിയതിന് നന്ദി സജിം സ്നേഹപൂർവ്വം വിധു