Thursday, August 12, 2010

ബ്ലോഗ്‌ മീറ്റ്‌ -2010 അവലോകനം

Align Center
എറണാകുളം ബ്ലോഗ് മീറ്റ് അവലോകനം

ദൂരെയിരുന്നു നാം കൂട്ടുകൂടി; കൂടിയിരുന്നുനാം പാട്ടുപാടി!

വിരൽത്തുമ്പുകൊണ്ട് സൌഹൃദത്തിന്റെ നിത്യവസന്തം വിരിക്കുന്ന കാണാമറയത്തെ കൂട്ടുകാർ ഒത്തുകൂടുന്നത് ആദ്യമല്ല. എന്നാൽ ഓരോ ഒത്തുചേരലുകളിലും പുതിയ കൂട്ടുകാരുടെ കൂടിവരൽ ബ്ലോഗ് മീറ്റുകളുടെ എക്കാലത്തെയും പ്രത്യേകതയായിരിരിക്കും. അകലങ്ങളിലിരുന്ന് സല്ലപിച്ചും, സംവദിച്ചും, കലഹിച്ചും ഇഴയടുപ്പങ്ങളുണ്ടാക്കുന്ന അക്ഷരസ്നേഹികൾ പരസ്പരം നേരിൽ കാണുമ്പോൾ ദൃഢപ്പെടുന്നത് വിവരസാങ്കേതികവിപ്ലവകാലത്തെ നിർവ്വചനങ്ങൾക്ക് വഴങ്ങാത്ത സൌഹൃദാനുഭവങ്ങൾ! ബൂലോകത്തിനു പുറത്ത് നിൽക്കുന്നവർക്ക് എളുപ്പം മനസിലാകാത്തതാണ് സ്നേഹാനുഭവങ്ങൾ. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും സഹിഷ്ണുതയിലും പരസ്പര ബഹുമാനത്തിലും അടിയുറച്ചതുമായ വൈവിധ്യമാർന്ന പുത്തൻ ജീവിതാനുഭവമാണ്. ഒരു പക്ഷെ നാളെ എല്ലാവരുടേതുമാകാൻ പോകുന്ന അഥവാ ആയിത്തീരേണ്ട സ്നേഹാധിപത്യത്തിന്റെയും വിശ്വമാനവികതയുടെയും നല്ലനാളുകളിലേയ്ക്കുള്ള മുന്നൊരുക്കങ്ങൾ.

അതിരുകളില്ലാത്ത ഭൂമിക ഇനിയും ഒരു വിദൂര സ്വപ്നമല്ല, അതിവേഗം പുരോഗമിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. രാജ്യാതിർത്തിൽകൾ ഭൂപടങ്ങളിലെ അതിർത്തിരേഖകൾപോലെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ പ്രക്രിയക്ക് ആക്കം കൂട്ടുന്നതിൽ ഇന്റെർനെറ്റിന്റെ പങ്ക് വളരെ വലുതാണെന്ന് ഇന്ന് പ്രത്യേകം എടുത്തു പറയാതെ തന്നെ എല്ലാവർക്കും അറിയാം. ചോദിക്കേണ്ടപ്പോൾ ഇന്നലെ വരെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേൽ വിലാസം മാത്രം ചോദിച്ചിരുന്നിടത്ത് പിന്നെ ലാൻഡ്ഫോൺ നമ്പരും അതും കഴിഞ്ഞ് മൊബൈൽ ഫോൺ നമ്പരും ചോദിച്ചു തുടങ്ങി. പിന്നെപിന്നെ ഇ-മെയിലും കൂടി ചോദിക്കുന്ന നിലയെത്തി. ഇപ്പോൾ ഓരോരുത്തരുടെയും ബ്ലോഗും, വെബ്സൈറ്റും കൂടി ചോദിക്കുന്ന നിലയിലേയ്ക്ക് ഇപ്പോൾ കാര്യങ്ങൾ പുരോഗമിച്ചിരിക്കുന്നു. ഇന്റെർനെറ്റ് ഉപയോഗത്തിൽ ഏറെ പ്രചാരമുള്ള ഒരു വിഭാഗമാണ് ബ്ലോഗുകൾ
ഈ ഒരു നേരറിവിന്റെ നിറവിൽനിന്നു വേണം നാം ബ്ലോഗ് മീറ്റിനെ വിലയിരുത്തേണ്ടത്.

നമ്മൾ നേരിട്ട് കാണാതെ പലവിധത്തിൽ വായിച്ചും, കേട്ടും ചിത്രങ്ങളിൽ കണ്ടൂം മറ്റും അറിയുന്ന വ്യക്തികളെ നേരിട്ട് കാണുവാനുള്ള ഒരു കൌതുകം സ്വതവേ എല്ലാവർക്കുമുണ്ടാകും. അത് രാഷ്ട്രീയനേതാക്കളാകട്ടെ, ശാസ്ത്രഞ്ജരാകട്ടെ, സാഹിത്യകാരകട്ടെ, കലാകാരന്മരകട്ടെ, സിനിമാതാരങ്ങളാകട്ടെ ആരുമാകട്ടെ . അതിൽ ഒരു സസ്പെൻസ് ഉണ്ട്. സിനിമാതാരങ്ങളെ കാണാൻ സാധാരണ ജനങ്ങളിൽ കുറച്ച് കൂടുതൽ തല്പര്യം ഉണ്ടാകും. നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഫീൽഡുകളിൽ നിൽക്കുന്നവരെ കാണാനായിരിക്കും അവരവർക്ക് കൂടുതൽ താല്പര്യം. ഓരോരുത്തരുടെയും പ്രശസ്തിയുടെ വലിപ്പം അനുസരിച്ചിരിക്കും അവരെ കാണാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കാണാനുള്ള ജിജ്ഞാസയുടെ അളവും. ഇതുപോലെ ബ്ലോഗിംഗിന്റെ മേഖലയിൽ വിരാജിക്കുന്നവർക്കും കാണാമറയത്തിരിക്കുന്ന ഇതര ബ്ലോഗ്ഗർമാരെ നേരിട്ട് കാണാനുള്ള താല്പര്യം ഉണ്ടാകും. പുതിയ ബ്ലോഗ്ഗർമാർക്ക് പ്രത്യേകിച്ചും. പഴയബ്ലോഗ്ഗർമാർക്കും കാണും പുതിയ പുതിയ ബ്ലോഗ്ഗർ മാരെ കാണാനുള്ള ഒരു ജിജ്ഞാസ. ബ്ലോഗെഴുത്തുകൾ വായിച്ചും കമന്റുകൾ ഇട്ടും ചാറ്റിംഗിലൂടെയും ഫോണിലൂടെയും ഒക്കെ പുരോഗമിക്കുന്ന സൌഹൃദം നേരിൽ കാണുമ്പോൾ കൂടുതൽ ദൃഢപ്പെടുകയും ചെയ്യുന്നു. നേരിട്ട് കണ്ടറിയാനുള്ള ഈ ഒരു കൌതുകത്തിന്റെ സാക്ഷാൽക്കാരം കൂടിയാണ് ഇടയ്ക്കിടെ സംഘടിപ്പിക്കുന്ന ബ്ലോഗ്മീറ്റുകൾ!

ഇത്തവണ ബ്ലോഗ്മീറ്റ് നടന്നത് എറണാകുളത്താണ്. ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന മീറ്റിൽ അൻപതില്പരം ബ്ലോഗർമാർ പങ്കെടുത്തു. തോടുപുഴയിൽ വച്ച് മീറ്റ് നടത്താൻ ആദ്യം തീരുമാനിച്ച് മുന്നൊരുക്കങ്ങൾ നടത്തിയതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസ്തുത മീറ്റ് അവിടെ വച്ച് നടത്തുന്നത് ഒഴിവാക്കാൻ പോലീസ് അധികൃതർ ആവശ്യപ്പെട്ടതിനാൽ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. പെട്ടെന്നുള്ള ഈ സ്ഥലമാറ്റം മീറ്റിന്റെ നടത്തിപ്പിനെയും പങ്കാളിത്തത്തെയും ബാധിച്ചുവെങ്കിലും മീറ്റ് ഗംഭീരമായി തന്നെ നടന്നു. മറ്റ് സംഘടനകളുടെ സമ്മേളനങ്ങളും മറ്റും നടത്തുന്നതും ബ്ലോഗ് മീറ്റും തമ്മിൽ വ്യത്യാസമുണ്ട്. ബ്ലോഗ് മീറ്റ് അധികം ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒത്തു ചേരലാണ്.

ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടതോ ആർക്കെങ്കിലും എന്തെങ്കിലും സ്ഥാനമാനങ്ങളോ ഉള്ള ഒരു സംഘടിതപ്രസ്ഥാനം നിലവിൽ ബ്ലോഗർമാർക്കില്ല. അതുകൊണ്ട് ബ്ലോഗർമാർക്കിടയിൽ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും തുല്യരാണ്. ഇതാണ് ബ്ലോഗ് മീറ്റികളെ ഏറെ സവിശേഷമാക്കി തീർക്കുന്നത്. എന്തെങ്കിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനോ മുൻ കാല പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനു വേണ്ടിയോ അല്ല ബ്ലോഗ് മീറ്റുകൾ സംഘടിപ്പിക്കുന്നത്. ഇത് ഇന്റെർനെറ്റിന്റെ വിസ്മയലോകത്തെ അവനവൻ പ്രസാധനം അഥവാ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ എഴുതുകയും വരയ്ക്കുകയും പറയുകയും പാടുകയും വീഡിയോ ചിത്രീകരണങ്ങൾ നടത്തുകയും മറ്റും ചെയ്യുന്നവരുടെ സൌഹൃദസംഗമമാണ്. മലയാളത്തിൽ ബൂലോകം എന്ന് അറിയപ്പെടുന്ന ഈ സമാന്തര സാഹിത്യ മേഖല അതിവേഗം വളർന്ന് വ്യാപിക്കുകയും മലയാള ഭാഷയെയും സംസ്കാരത്തെയും ഗണ്യമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയുമാണ്. . തളരുന്നുവെന്ന് നാം വിലപിക്കുന്ന നമ്മുടെ മലയാള ഭാഷയിലേയ്ക്ക് ബ്ലോഗുകൾ പ്രത്യാശയുടെ നറുമലരുകൾ വാരി വിതറുകയാണ്.

എറണാകുളം ബ്ലോഗ് മീറ്റ് നടന്നത് 2010 ആഗസ്റ്റ് മാസം എട്ടാം തീയതി ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിലണ്. രാവിലെ പതിനൊന്നു മണിയോടെ ബ്ലോഗ്സംഗമം ആരംഭിച്ചു. ഈ അടുത്ത ദിവസം മരണപ്പെട്ട കവയിത്രി രമ്യാ ആന്റണിയുടെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മീറ്റംഗങ്ങൾ ഏതാനും നിമിഷങ്ങൾ എഴുന്നേറ്റ് നിന്ന് മൌനം ആചരിച്ചു. അതിനുശേഷമാണ് മറ്റ് പരിപാടികൾ നടന്നത്.
ആദ്യം തന്നെ ബ്ലോഗർമാർ ഓരൊരുത്തരായി സ്വയം പരിചയപ്പെടുത്തി. ബ്ലോഗിന്റെ പേരും ബ്ലോഗിലെ പേരും (ബ്ലോഗ്ഗർ നാമം അഥവാ ബ്ലോഗിൽ പലരും സ്വീകരിക്കുന്ന തൂലികാ നാമം) യഥാർത്ഥ പേരുമൊക്കെയായി ചിലർ അവരുടെ മൾട്ടിപ്പിൾ പേർസണാലിറ്റികൾ വെളിപ്പെടുത്തുമ്പോൾ പലപ്പോഴും സദസിൽ ചിരിയും ആശ്ചര്യവും പടർന്നു. ചിലരാകട്ടെ തങ്ങളുടെ യഥർത്ഥ പേരും വിവരങ്ങളും ഒളിച്ചു വച്ചപ്പോൾ ചിലർ തങ്ങളുടെ ചില ബ്ലോഗിന്റെ പേരുകളും ബ്ലോഗ്ഗർ നാമങ്ങളുമാണ് മറച്ചു വച്ചത്. എങ്കിലും മിക്കവരും പരസ്പരം തിരിച്ചറിഞ്ഞു. ആദ്യമായി മീറ്റിനെത്തിയവരിൽ പോലും പലർക്കും പരിചയപ്പെടും മുൻപു തന്നെ പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞു. നേരിട്ടുള്ള സംഗമം ആദ്യമെങ്കിലും മീറ്റിനു പുറപ്പെടുന്ന സമയം വരെയും ബ്ലോഗിലൂടെയും ചാറ്റിലൂടെയും ഫോണിലൂടെയും മറ്റും ബന്ധം പുലർത്തിയിരുന്നവരായിരുന്നു മിക്കവരും. അതുകൊണ്ട്തന്നെ പരിചയപ്പെടുത്തൽ പലരെ സംബന്ധിച്ചും ഔപചാരികതയ്ക്കു വേണ്ടി മാത്രമായിരുന്നു.

കവി മുരുകൻ കാട്ടാക്കട മീറ്റിനെ അഭിവാദ്യംചെയ്ത് സംസാരിച്ചു.ആദ്യവസാനം സംഗമത്തിലുണ്ടായിരുന്ന അദ്ദേഹം പാട്ടും കവിതകളും കൊണ്ട് സംഗമത്തിനു മേമ്പൊടിയേകി. ബ്ലോഗ്ഗർമാർ അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളും ഇടയ്ക്കിടെ ഏറ്റുപാടിയത് അക്ഷരാർത്ഥത്തിൽ സംഗമത്തെ സംഗീതമയമാക്കി. ഒരു രാഷ്ട്രീയ നേതാവിന്റെ വേഷഭൂഷാ‍ദികളോടേ പാവപ്പെട്ടവൻ എന്ന പേരിൽ ബൂലോകത്ത് സുപരിചിതനായ സുസുമുഖനായ ചെറുപ്പകാരൻ മീറ്റിന്റെ കാര്യസ്ഥസ്ഥാനം ഏറ്റെടുത്ത് എല്ലാറ്റിനും നേതൃത്വം നൽകി. ഉച്ചയ്ക്ക് ശേഷം ബ്ലോഗർമാരും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു. അതിനുശേഷമാണ് മീറ്റ് സമാപിച്ചത്. കുട്ടി ബ്ലോഗർമർ മുതൽ മക്കളും ചെറുമക്കളും ആയവർവരെയുള്ള വിവിധതലമുറകളെ പ്രതിനിധീകരിക്കുന്നവർ മീറ്റിൽ ഉണ്ടായിരുന്നു. മുൻ മീറ്റുകളിൽ പങ്കെടുത്തിട്ടുള്ളവരൊക്കെ പരസ്പരം ചിരപരിചിതരെപോലെയും ആത്മ മിത്രങ്ങളെ പോലെയും പെരുമാറുന്നത് പുതുമുഖ ബ്ലോഗ്ഗർമാർക്ക് കൌതുകമായിരുന്നു.

പലരും തലേദിവസമേ എറണാകുളത്ത് വന്ന് തമ്പടിച്ച് സൌഹൃദം പുതുക്കുകയായിരുന്നു. ബ്ലോഗുകളിലൂടെ പരസ്പരം സല്ലപിച്ചവരും സംവദിച്ചവരും കലഹിച്ചവരും എല്ലാം ഒരുമിച്ചു കണ്ടപ്പോൾ പരസ്പരം ആലിംഗനബദ്ധരായി. ആശയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും സ്നേഹബന്ധങ്ങളും രണ്ടാണെന്ന് തെളിയിക്കുന്ന സ്നേഹപ്രകടനങ്ങളാണ് ബ്ലോഗർമാർ നേരിട്ട് കാണുമ്പോഴും പ്രകടമാകുന്നത്. ആത്യന്തികമായ മനുഷ്യ സ്നേഹവും സഹിഷ്ണുതയും പരസ്പര ബഹുമാനവും ജനാധിപത്യത്തിന്റെ അനിവര്യതകളാണ്. അവയാണ് ബ്ലോഗർമാരെ പരസ്പരം അടുത്തു നിർത്തുന്ന പ്രധാന ഘടകങ്ങൾ. ഒരേ കാറിൽ സൌഹൃദ സംഭാഷണങ്ങളും തമാശകളുമായി ചാനൽ ചർച്ചകൾക്ക് സ്റ്റുഡിയോയിൽ വന്ന് പരസ്പരം അഭിപ്രായസംഘട്ടനങ്ങളിലേർപ്പെട്ടിട്ട് വീണ്ടും തോളിൽ കൈയ്യിട്ട് മടങ്ങിപ്പോകുന്ന രാഷ്ട്രീയ നേതാക്കളെ പോലെ ബ്ലോഗിൽ മേഞ്ഞു നടന്ന് കടിപിടി കൂടിയിട്ട് സ്വകാ‍ര്യമായ ചാറ്റുകളിലും ഫോൺ സംഭാഷണങ്ങളിലും നേരിൽ കാണുമ്പോഴും ഉറ്റ സൌഹൃദത്തോടെ കഴിയുന്ന ബ്ലോഗർമാർ ശരിയായ ജനാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. പല ബ്ലോഗ്ഗർമാരും പുതിയ പോസ്റ്റെഴുതി പബ്ലിഷ് ചെയ്യുന്നതിനു മുൻപ് അത് ആശയപരമായി അവരുടെ എതിരാളികളായ ബ്ലോഗർമാക്ക് അയച്ചു കൊടുക്കുന്ന പതിവുണ്ട്. അത് മുന്നേ വായിച്ച് നല്ല കമന്റുകൾ എഴുതി പോസ്റ്റും കമന്റുകളും കൊഴുപ്പിക്കുകയാണ് ലക്ഷ്യം. തികച്ചും ജനാധിപത്യപരമായ സംവാദങ്ങൾ ബ്ലോഗുകളിൽ കാണാൻ കഴിയും. ഇത് ബ്ലോഗുകൾക്ക് ആധുനിക ജനാധിപത്യ സമൂഹത്തിലുള്ള പ്രസക്തി വർദ്ധിപ്പിക്കുന്നു.

ഈയുള്ളവൻ മീറ്റിനെത്തുമെന്ന് ഉറപ്പുണ്ടായിരുന്നതല്ല. പിതാശ്രീ സുഖമില്ലാതിരിക്കുന്നതിനാൽ ദൂരെ യാത്രകൾ ഒഴിവാക്കി വരികയാണ്. എന്നിട്ടും മീറ്റിന്റെ തലയ്ക്കുംതലേദിവസം വാപ്പയെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ച് വലിയ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. അന്ന് വൈകിട്ട് തിരുവനന്തപുരത്ത് ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ വച്ച് അപ്പൂട്ടൻസ് എന്ന ബ്ലോഗ്ഗർ ബ്ലോഗ് മീറ്റിനു എത്തുമോ എന്നു ചോദിച്ചപ്പോഴും ഞാൻ ഉറപ്പൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ പിറ്റേന്ന് ആഗസ്റ്റ് 7-ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് ഞാൻ മീറ്റിനായി ഇറങ്ങിപുറപ്പെടുകയായിരുന്നു. തട്ടത്തുമല ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുമ്പോൾ ദുബായിൽ നിന്നും ലീവിൽ വന്നിട്ടുള്ള എന്റെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ഷിനോയ് കാർകൊണ്ട് നിർത്തി. എന്റെ നില്പു കണ്ടപ്പോഴേ വടക്കോട്ടൊരു യാത്രയ്ക്കാണെന്നു വടശേരിക്കരയ്ക്ക് പോകാൻ വന്ന അവൻ മനസിലാക്കി കൊട്ടാരക്കരവരെ ഷിനോയിയുടെ ചുവന്ന “എന്തെരാ പോലത്തെ“ കാറിലും ( സോറി, കാറിന്റെ ഇനം ചോദിക്കാൻ മറന്നതാണ്) കെ.എസ്.ആർ.റ്റി.സി ബസിൽ ( സോറി, ബസിന്റെയും ഷിനോയിയുടെ കാറിന്റെയും നമ്പർ നോക്കാൻ പറ്റിയില്ല) കോട്ടയത്തേക്കും. കോട്ടയത്ത് നിന്ന് വീണ്ടും കെ.എസ്.ആർ.റ്റി സി ബസിൽ മണിക്കൂറുകൾ നീണ്ട ട്രാഫിക്ക് അക്ഷമയോടെ അതിജീവിച്ച് എറണാകുളത്തേയ്ക്ക്. ഉറക്കം കാരണം ബസ്റ്റാൻഡിലെത്തിയപ്പോഴാണ് വീട്ടിൽ നിന്ന് ബ്ലോഗ് മീറ്റിനു തിരിച്ചതും വണ്ടിയിൽ കയറിയതും ഒക്കെ ഓർമ്മ വന്നത്. പിന്നെ ബസ്റ്റാൻഡിനടുത്ത് ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് അതിനെതിരെയുള്ള ഒരു ലോഡ്ജിൽതന്നെ അതീവ രഹസ്യമായി മുറിയെടുത്ത് ഒരു താമസം അങ്ങു വച്ചുകൊടുക്കാമെന്നു കരുതി.

ബ്ലോഗ്ദേവതയുടെ ഭാഗ്യംകോണ്ട് റൂം ഒരുവിധം വൃത്തിയൊക്കെയുണ്ട്. പക്ഷെ എന്റെ അടുത്ത മുറികളിലൊന്നും എന്നെപോലെ കുറ്റീംതട്ടി വന്നവരാരുമില്ല. ഒരു നിഗൂഢനിശബ്ദത. എനിക്കും അതുതന്നെ ആവശ്യം. ശുദ്ധമായ ഏകാന്തത. റൂം തുറക്കുമ്പോൾ കൊതുകുജികൾ ഉണ്ടാകരുതേ എന്നാണ് മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ഇന്റെർനെറ്റ് ദേവന്മാരെ വിളിച്ചപേക്ഷിച്ചത്. വ ട്രാഫിക്ക് പോലീസുകാരെങ്ങാനുമാണെങ്കിൽ കൊതുകിനെ അടിക്കാൻ പ്രത്യേകിച്ച് നിപുണത വേണ്ട. സംഘടിത ആക്രമണമൊന്നുമല്ലെങ്കിൽ ഫാനിട്ട് നേരിടാമെന്നധൈര്യം കൈവിട്ടില്ല. അവറ്റകൾ കടിച്ചാലും മൂളാതിരുന്നാൽ മതിയായിരുന്നു. കൊതുകുസംഗീതം ആസ്വദിക്കാനുള്ള മൂടിലുമല്ല. ഭാഗ്യത്തിനു വലിയ കൊതുകുശല്യമില്ല. പ്രതീക്ഷിച്ചതിനേക്കാൾ ഒരുവിധം വൃത്തിയൊക്കെയുണ്ട് മുറിയ്ക്ക്. ഇതറിഞ്ഞെങ്കിൽ രണ്ടു ദിവസം മുൻപേ വന്നു കിടക്കാമായിരുന്നു. പക്ഷെ ഡ്രസ്സ് മാറുന്നതിനു മുൻപ് പൊതുവേ എന്നിലെ സംശയാലു ഉണർന്നു പ്രവർത്തിച്ചു. മുറിയിലും പിന്നെ ബാത്ത് റൂമിലുമുള്ള ചുവരിലും മച്ചിലുമെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി. ഇനി വല്ല രഹസ്യ ക്യാമറയും ഒളിപ്പിച്ചു വച്ചിരുന്നാലോ? മീറ്റൊക്കെ കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോൾ ഏതെങ്കിലും സിനിമാനടികളുടെ തല എന്റെ ഉടലിലൊട്ടിച്ച ചലച്ചിത്രമായി മൊബൈൽ ഫോണുകളിലൂടെ പ്രചരിക്കുകയായിരിക്കും! ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവൻമാർക്ക് അങ്ങനെയൊന്നുമില്ല. അവന്മാർ ആ‍ണിന്റെ തല പെണ്ണിന്റെ ഉടലിലും ആണിന്റെ ഉടൽ പെണ്ണിന്റെ തലയിലുമൊക്കെ തിരിച്ചും മറിച്ചും ആരോപിക്കും. പെണ്ണുപോലും കെട്ടാതെ ഇത്രനാളും കാത്തു സൂക്ഷിച്ച ചാരിത്ര്യം ഒരു ലോഡ്ജ് മുറിയിലെ സൂക്ഷ്മതക്കുറവുകൊണ്ട് നഷ്ടപ്പെടുത്താനുള്ളതല്ല. സൂക്ഷ്മപരിശോധനയിൽ കുഴപ്പമൊന്നും കാണാഞ്ഞ് ഡ്രസ്സ് ഒന്നു മാറി. എറണാകുളംവരെ വന്നിട്ട് രാത്രിയിൽ ഇവിടുത്തെ ശുദ്ധവായു അല്പം ശേഖരിച്ചു കൊണ്ടു പോയില്ലെങ്കിൽ അതൊരു നഷ്ടമല്ലേ എന്നു കരുതിയാണ് മുറിയിലെ ജനൽ പാളി ഒന്നു തുറന്നത്. അപ്പോഴാണറിയുന്നത് ഈ ടൂറിസ്റ്റ് ഹോം നഗരത്തിന്റെ ഒരു മുഖം മൂടിമാത്രമാണെന്നും പുറകിൽ ഗുജറാത്തിലെ ഗിർവനമാണെന്നും! ഇവിടെ സിംഹങ്ങൾ മാത്രമല്ല, ശസ്ത്രജ്ഞാനം കൊണ്ടും യുക്തിവാദമമന്ത്രങ്ങൾ കൊണ്ടും നാടുകടത്തിയ യക്ഷികളും ഭൂത പ്രേത പിശാചുക്കളും ഓടിരക്ഷപ്പെട്ട് വന്ന് ഓളിപ്പോരു നടത്തുന്ന ഭീകരതാഴ്വരയാണിതെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിക്കപ്പുറത്തുള്ള യുക്തിബോധമൊന്നും ആവശ്യമായി വന്നില്ല. പണ്ടേ ശാസ്ത്രം പ്രചരിപ്പിച്ചും യുക്തിവാദാനന്ദസ്വാമികളായ ഇടമറുക്, ഏ.ടി. കോവൂർ, ബി. പ്രേമാനന്ദ് തുടങ്ങിയ ദുർമന്ത്രവാദികളുടെ ചിത്രങ്ങൾ കാണിച്ചും അവരുടെ ദുർമന്ത്രങ്ങൾ ചൊല്ലിയും ഇതുങ്ങളെ ഒരുപാട് ഉപദ്രവിച്ചിട്ടുള്ളതാണ് ഇവനോട് പ്രതികാരം തീർക്കാൻ പറ്റിയ സമയം ഇതുതന്നെയെന്നുകരുതി ഈ ഹിംസ്രജന്തുക്കളൊക്കെക്കൂടി ജനൽ വഴി ചാടിക്കയറിവന്നാൽ മുരുകൻ കാട്ടാകട പാടിയതുപോലെ പിഞ്ചുമടിക്കുത്തൻപതുപേർചേർന്നുഴുതുമറിക്കും കാഴ്ചകളായിരിക്കും പിന്നെ ഇവിടെ സംഭവിക്കുക. നാളെ സുപ്രഭാതത്തിൽ ലോഡ്ജുമുറിയിൽ, മരണശേഷം ദാനം കൊടുക്കാമെന്ന് കരുതിയ കണ്ണുകൾ പോലും ചൂഴ്ന്നെടുക്കപ്പെട്ട് പിച്ചിച്ചീന്തപ്പെട്ട ഒരു ഡെഡ് ബോഡിയായിരിക്കും കാണപ്പെടുക ! ഒരു പുരുഷൻ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട വിചിത്രവർത്തമാനങ്ങളുമായിട്ടായിരിക്കും നാളെ ചാനലുകലും പത്രങ്ങലുമൊക്കെ തൃശൂർപൂരം കൊണ്ടാടുന്നത്! യക്ഷി-ഭൂത-പ്രേത പിശാചുക്കൾ സർവ്വ തെളിവുകളും നശിപ്പിച്ചുമിരിക്കും. . അഥവാതെളിവുകൾ കിട്ടിയാൽ തന്നെ ഇവറ്റകൾക്കെതിരെ കേസെടുക്കാൻ ഇന്ത്യം പീനൽ കോഡിൽ വ്യവസ്ഥകളുമില്ല. പച്ചവെള്ളം കൊടുത്താൽ ചവച്ചുകുടിക്കുന്ന പാവം ബ്ലോഗ്ഗർമാരെ ചുറ്റിപ്പറ്റിയായിരീക്കും പിന്നെ ചിലപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുകാരണം എല്ലാ ആടു-പുലി ബ്ലോഗുകളും ഒരു സുപ്രഭാതത്തിൽ ഡിലീറ്റ് ആയെന്നും വരാം. എന്തിനാ റിസ്കെടുക്കുന്നേ. ജനലങ്ങടച്ച് ഞാൻ ഇവിടെ വന്നിട്ടേയില്ലെന്ന മട്ടിൽ കയറി കണ്ണുമടച്ച് കിടന്നു. ഞാനെന്റെ കണ്ണടച്ചാൽ പിന്നെ എന്നെ ഒരു ഹിംസ്രജന്തുക്കൾക്കും കണ്ടെത്താനാകില്ല. അങ്ങനെ നന്നായി ഉറങ്ങി.

രാവിലെ ലോഡ്ജ് മുറിയിൽ നിന്നും കുളിയും തേവാരവു കഴിഞ്ഞ് പ്രഭാതഭക്ഷണവും കഴിച്ച ശേഷം മീറ്റിനായി ഇറങ്ങി. ഇടപ്പള്ളിവരെ പോകാൻ എത്രരൂപയാകുമെന്ന് ഒരു ആട്ടോപൌരനോട് ചോദിച്ചപ്പോൾ തൊണ്ണൂറു രൂപയത്രേ. എന്റെ പട്ടി കയറും ആട്ടോയിൽ. അവിടെനിന്ന് തിരിച്ച് വീട്ടിലെത്താൻ ഒറ്റവണ്ടിക്ക് തൊണ്ണൂറു രൂപയാകില്ല! അപ്പോഴാണ് അതിയാന്റെ ഒരു തൊണ്ണൂറ് രൂഫാ! സത്യത്തിൽ ബസ്റ്റാൻഡും ഇടപ്പള്ളിയും തമ്മിലുള്ള അന്തരം മനസിലാക്കാനാണ് ചാർജ് ചോദിച്ചത്. പിന്നെ കെ.എസ്.ആർ. റ്റിസിയുടെ മഹത്വങ്ങൾ മനസാ വാഴ്ത്തി ഇടപ്പള്ളിവഴി പോകുന്ന ഒരു ബസിൽ കയറി. ഇടപ്പള്ളിയിൽ ഏതു സ്റ്റോപ്പെന്നു ചോദിച്ചപ്പോൾ അതൊന്നും എനിക്കറിയില്ലെന്നും എവിടെയെങ്കിലും ചവിട്ടിത്തള്ളാനും പറഞ്ഞു. തിരുവന്തപുരം ചുവയുള്ള സംഭാഷണത്തിൽ ആകൃഷ്ടനായതുകൊണ്ടാകാം കണ്ടക്ടർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ് തക്കതായ സ്റ്റോപ്പിൽ ഇറക്കിത്തന്നു. ഒപ്പം ഇറങ്ങിവന്ന് എന്നെ ഹൈവേഗാർഡനിൽ കൊണ്ടുചെന്നാക്കാൻ തന്റെ ഔദ്യോകിക കൃത്യനിർവ്വഹണം തടസമാകുന്നതിന്റെ വിഷമം കണ്ടക്ടറുടെ മുഖത്ത് കണ്ടു. (ബാർ ഹോട്ടലാണെന്നറിഞ്ഞിട്ടാണോ ആവോ).

ഇറങ്ങിയ സ്റ്റോപ്പിൽ നിന്നും ഒരു ചുമട്ടു തൊഴിലാളിപൌരനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ ശിരസാവഹിച്ച് ഒരു ഓട്ടോ വിളിച്ച് മീറ്റിടത്തേയ്ക്ക് പോകുകയും ചെയ്തു. ഹോട്ടൽ ഹൈവേ ഗാർഡനിൽ എത്തിയപ്പോൾ തന്റെ ഹോട്ടൽമുതലാളിക്ക് ഒരു ഇരയെ കൂടി കിട്ടിയെന്ന മട്ടിൽ സല്യൂട്ടടിച്ച സെക്യൂരിറ്റിക്കാരനെ ബ്ലോഗ് മീറ്റ് നടക്കുന്ന ഭാഗം ചോദിച്ച് നിരാശനാക്കിക്കൊണ്ട് ഞാനും ഹാളിലെത്തി. സെക്യൂരിറ്റിക്കാരൻ ആദ്യം കരുതിയിട്ടുണ്ടാകുക ഞാൻ വെള്ളമടിക്കാനോ ഹോട്ടലിൽ താമസിക്കാനോ ചെന്നതെന്നാ‍യിരിക്കും.

ഹാളിലെത്തുമ്പോൾ അവിടെ ഊശാൻ താടി വച്ചൊരു ബുദ്ധിജീവി മേശയുമിട്ട് ഭിക്ഷയ്ക്കിരിക്കുന്നു. അടുത്ത് ചെന്നപ്പോഴാണ് ഭിക്ഷക്കരനല്ല ഒരു പിടിച്ചു പറിക്കാരനാണെന്ന് ശരിക്കും മനസ്സിലാക്കിയത്. പണത്തേക്കാൾ വലുത് ജീവനായതിനാൽ മുന്നൂറു രൂപാ വാരിയെറിഞ്ഞുകൊണ്ട് മീറ്റിൽ ലയിച്ചു. മീറ്റിന്റെ സംഘാടകരിൽ ഒരാളായ യൂസഫ് എന്ന ബ്ലോഗ്പരാക്രമിയായിരുന്നു ആയിരുന്നു ആ പിടിച്ചുപറിക്കാരൻ. രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ചില ബ്ലോഗർമാർ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു തുടങ്ങി. ഷെരീഫ് കൊട്ടാരക്കരയെ പരിചയപ്പെട്ടുകൊണ്ടിരിക്കേ തന്നെ കാഴ്ചയിലും പെരുമാറ്റത്തിലും തെളിമയുള്ള ഒരു ചെറുപ്പക്കാരൻ വന്ന് നമ്മുടെ മാഷ് അല്ലേ എന്ന് ചോദിച്ചുകൊണ്ട് താനാണ് കൂതറ ഹാഷിം എന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു. കാരണം ഒരു കൂതറയ്ക്കുണ്ടാകേണ്ട മിനിമം യോഗ്യതകൾ പോലും നേരിട്ട് കാണുമ്പോൾ ആ ചെറുപ്പക്കാരനിൽ ലവലേശം ദർശിക്കുവാനായില്ല. വാക്കിലോ പെരുമാറ്റത്തിലോ ഒന്നും ഒരു കൂതറത്തരവും വെളിവാക്കപ്പെട്ടില്ല. ബ്ലോഗിൽ കൂതറ നേരിൽ കാതരൻ!

പിന്നെ ഞാൻ ചെന്ന് ബൂലോകരുടെ ആരാധനാമൂർത്തിയും ബൂലോകത്തിന്റെ സ്വന്തം കാർട്ടൂണിസ്റ്റും കേരള ഹാഹഹ, ഊണേശ്വരം തുടങ്ങിയ ബ്ലോഗുകളുടെ അധിപനുമായ സജ്ജീവേട്ടനെ പരിചയപ്പെട്ടു. ഞാൻ ബ്ലോഗിൽ വരുന്ന കാലം തൊട്ടേ എന്നെങ്കിലും ഒരിക്കൽ കാണാനും പരിചയപ്പെടാനും അദ്ദേഹത്തെക്കൊണ്ട് എന്റെയും ഒരു കാരിക്കേച്ചർ വരപ്പിക്കാനും ആഗ്രഹിച്ചതാണ്. മുൻപൊരു ബ്ലോഗ് മീറ്റിൽ വച്ച് ഏതോ എഫ്.എം റേഡിയോയിൽ ബ്ലോഗിനെക്കുറിച്ച് സജ്ജീവേട്ടൻ സംസാരിക്കുന്ന വീഡിയോ ചിത്രം കണ്ട അന്നു മുതൽ നേരിൽ കാണാൻ ആഗ്രഹിച്ചതാണ്. അത് സാധിച്ചു എന്നു മത്രമല്ല എന്റെ കരിക്കേച്ചറും വരച്ചു. മീറ്റ് കഴിഞ്ഞ് സജ്ജീവേട്ടൻ ഞാൻ തബാറക്ക് റഹ്മാൻ, വ്നോദ് തിരുവനന്തപുരം, ജുനൈദ് തിരുവല്ല എന്നീ മൂന്നു പേർക്ക് ബസ്റ്റാ‍ൻഡ്-റെയിൽ വേ സ്റ്റേഷൻ പരിസരം വരെ ലിഫ്റ്റും തന്നു. ആരെയെങ്കിലുമൊക്കെ കയറ്റിയില്ലെങ്കിൽ തടിപരമായ കാരണങ്ങളാൽ തന്റെ കാറ് വശത്തേക്ക് ചരിഞ്ഞുപോകാനും ഇടയുണ്ട്. കഴിഞ്ഞ ബ്ലോഗ് മീറ്റിൽ തനിക്ക് ഇരിക്കാനിട്ട കസേരകൾ എല്ലാം മണലിൽ പൂഴ്ന്നും കാലൊടിഞ്ഞും അകാല ചരമഗതി പ്രാപിച്ചെന്നു പറഞ്ഞത് അന്ന് വിശ്വസിച്ചില്ല. നേരിൽ കണ്ടപ്പോൾ അതൊന്നും അതിശയോക്തികളായിരുന്നില്ലെന്നും പച്ചയായ യാഥാർത്ഥ്യങ്ങളായിരുന്നെന്നും മനസിലായി. കാറിൽ വച്ച് പലതും പറഞ്ഞ കൂട്ടത്തിൽ മുരുകൻ കാട്ടാക്കട കാസറ്റ് കവിത ഇതൊക്കെ ചർച്ചാ വിഷയമായി. കാസ്റ്റ് കവിതൾ വിമർശിക്കപ്പെടുന്നെങ്കിലും കവിതയെ ജനകീയമാക്കുന്നതിൽ കാസറ്റ് കവിതകൾക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ പറഞ്ഞത് സജീവേട്ടനും അംഗീകരിച്ചു.

ബ്ലോഗ് വിദ്യാർത്ഥികളുടെ സർവ്വകലാശാലകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇൻഫ്യൂഷൻ തുടങ്ങിയ ബ്ലോഗുകൾ. ഇതിൽ ഇന്ദ്രധനുസ്സ് എന്ന ബ്ലോഗിന്റെ “വൈസ് ചാൻസലറും “ ഉടമയും പ്രൊഫസ്സറും എല്ലാമായ ഷാജി മുള്ളൂക്കാരൻ നേരത്തെതന്നെ എത്തിയിരുന്നു. ഹാളിനു മുന്നിൽ ഒരു വശത്ത് മേശയിട്ട് ലാപ്ടോപ്പും ആ‍ം ക്യാമറയും മറ്റ് സങ്കേതങ്ങളുമായി മീറ്റ് ലൈവായി ബൂലോകരെ കാണിയ്ക്കാനുള്ള തിരക്കിലായിരുന്നു. കമ്പ്യൂട്ടറിന്റെ അളവറ്റ സാങ്കേതികഞ്ജാനങ്ങളുമായി നമുക്കെല്ലാം അപ്രാപ്യമായ ഏതോ ലോകത്തിരിക്കുന്ന നമുക്ക് അപ്രാപ്യനായ ഒരു ടെക്നോക്രാറ്റ് എന്ന് മുള്ളൂക്കാരനെക്കുറിച്ച് ഞാൻ കരുതിയിരുന്നു. എന്നാൽ യാതൊരു ജാഡകളുമില്ലാതെ മെലിഞ്ഞ ശരീരവും പിരുന്ന മുടിയും ഒതുക്കമുള്ള താടിയുമുള്ള കൌമാരത്വം മുഖം വിട്ടുപോകാത്ത നിഷ്കളങ്കനും നിർമ്മലനുമായ ഈ യുവാവാണ് സാക്ഷാൽ മുള്ളൂക്കാരനെന്ന തിരിച്ചറിവിനോട് പൊരുത്തപ്പെടാൻ അല്പം സമയമെടുത്തു. കാരണം ഇങ്ങനെയൊരാളായിരുന്നില്ല എന്റെ മനസ്സിൽ. മീറ്റ് തീർന്ന ശേഷവും ഞാനും കൂതറ ഹാഷിമും മുള്ളൂക്കാരനോടൊപ്പം കൂടി കമ്പ്യൂട്ടറും ബ്ലോഗും സംബന്ധിച്ച പല സംശയങ്ങളും ചോദിച്ചറിഞ്ഞു. എല്ലാം ഷാജി മുള്ളൂക്കാരൻ സ്നേഹപൂർവ്വം പറഞ്ഞുതന്നു. സ്വന്തം തൊഴിൽ പരമായ തിരക്കുകൾക്കും അലച്ചിലുകൾക്കുമിടയിലും മെയിലായും ചാറ്റായും തന്റെ ഇന്ദ്രധനുസ്സ് ബ്ലോഗിൽ കമന്റായും ഒക്കെ ബ്ലോഗ് സംബന്ധമായി വരുന്ന സംശയങ്ങൾക്കെല്ലാം മറുപടിപറയാനും പുതിയ ബ്ലോഗ്ടിപ്പുകളും ട്രിക്കുകളും നിർമ്മിച്ചു നൽകാനും സമയം കണ്ടെത്തുന്ന ഈ ചെറുപ്പക്കാരൻ ഒരു വ്സ്മയം തന്നെ. തീർച്ചയായും മുള്ളൂക്കാരൻ എന്നെങ്കിലും ഒരിക്കൽ ഇന്നുള്ളതിലും എത്രയോ ഏറെ വാഴ്തപ്പെട്ടവനാകും; ബൂലോകത്തിന് അകത്തും പുറത്തും. ആദ്യാക്ഷരി അപ്പുമാഷ് ഈ മീറ്റിന് ഇല്ലായിരുന്നു. അദ്ദേഹത്തെയും ഞാൻ ഇതേമാതിരി വാഴ്തപ്പെടാൻ ഇഷ്ടപ്പെടുന്നു.

കാരണം എങ്ങനെയൊക്കെയോ അനല്പമായി ലഭിച്ച അറിവുമായി ബ്ലോഗ് തുടങ്ങി പകച്ചു നിൽക്കുമ്പോൾ സംശയം ചോദിക്കാൻ ആരെയും കിട്ടാതിരിക്കേ, ബ്ലോഗൊരുക്കുകളുടെ ‘ആകെമൊത്തം ടോട്ടൽ‘ കാര്യങ്ങൾ മിനക്കെട്ടിരുന്ന് ഞാൻ നോക്കി പഠിച്ച ബ്ലോഗുകളാണ് ആദ്യാക്ഷരി, ഇന്ദ്രധനുസ്സ് മുതലായവ. ബ്ലോഗിംഗിൽ ഞാൻ സാമാന്യ ബിരുദമെടുത്ത എന്റെ സർവ്വകലാശാലകൾ ആണ് അവ. നിങ്ങൾ തരുന്ന എല്ലാ ട്രിക്കുകളും ടിപ്പുകളും ബ്ലോഗിൽ പ്രയോഗിച്ചാൽ പിന്നെ ബ്ലോഗ് ചലിക്കില്ലെന്നും, ലോഗിം സമയം നീണ്ടുപോകുന്നതുകാരണം ബ്ലോഗിൽ വരുന്നവർ ക്ഷമകെട്ട് ഇറങ്ങിയോടുമെന്നും മുള്ളൂക്കാരനോട് തമാശപറഞ്ഞത് ആസ്വദിച്ചുകൊണ്ട് അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അല്പം വിശദമായി തന്നെ മുള്ളൂകാരൻ പറഞ്ഞുതന്നു. എനിക്കാണെങ്കിൽ ബ്ലോഗിൽ ഉപയോഗിക്കാവുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നാണാഗ്രഹം. എല്ലാം ഒരു ബ്ലോഗിൽ ചെയ്യാൻ പറ്റാ‍ത്തതുകൊണ്ട് പല ബ്ലോഗിലായിട്ടാണ് ഞാൻ ഓരോന്ന് പ്രയോഗിക്കുന്നത്. എന്റെ ഏതൊരു ബ്ലോഗിലും ഇന്ദ്ര ധനുസ്സിന്റെയും ആദ്യാക്ഷരിയുടെയും ഇൻഫ്യൂഷന്റെയും ഒക്കെ ഒരു സ്വാധീനം ഉണ്ടാകും. എന്റെ അഭിപ്രായത്തിൽ ഇത്തരം സേവനങ്ങളെ ബൂലോകവാസികൾ അർഹമായ അവാർഡുകൾ നൽകി ആദരിക്കേണ്ടതാണ്. എന്തായാലും മുള്ളൂക്കാരനെ നേരിട്ട് കണ്ടതിലും പരിചയപ്പെട്ടതിലുമുള്ള എന്റെ അതിരറ്റ ആഹ്ലാദം ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു. മുള്ളൂക്കാരൻ കീ ജയ്!

തന്റെ സ്വന്തം ബൂലോക ആശ്രമത്തിൽ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ ബൂലോകത്തെ മൊത്തമായും നെഞ്ചേറ്റി ലാളിച്ച് അതിന്റെ പ്രചാരണത്തിനും വളർച്ചയ്ക്കും വേണ്ടി ഉത്സാഹപൂർവ്വം ഓടി നടക്കുന്ന മറ്റൊരു വിസ്മയമാണ് ബൂലോകമഹാകവിയെന്നു ചേർക്കാതെ പേരു പറഞ്ഞാൽ കോപിക്കാൻ സാദ്ധ്യതയുള്ള, ഗ്രന്ധകാരൻ കൂടിയായ നമ്മുടെ സ്വന്തം കാപ്പിലാൻ. ബൂലോകത്ത് എന്തുനടക്കുന്നുവെന്ന് അതിന്റെ പുറം ലോകത്തുള്ളവരെക്കൂടി അറിയിക്കുവാൻ തുടങ്ങിയ ബൂലോകം ഓൺലെയിൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പത്രസംരഭകരിലൊരാൾമുഖ്യനായ കാപ്പിലാൻ പെട്ടിയിൽ ബൂലോകം ഓൺലെയിൻ പത്രത്തിന്റെ കോപ്പികൾ കൊണ്ടുവന്നിരുന്നു. അത് പാവപ്പെട്ടവൻ മീറ്റിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. ബ്ലോഗ് പത്രത്തിൽ എഴുതാൻ എല്ലാവരെയും കാപ്പിലാൻ സന്തോഷപൂർവ്വം ക്ഷണിച്ചു. ബൂലോകം ബ്ലോഗ്പത്രത്തിന്റെ പ്രകാശന ചടങ്ങ് റിപ്പോർട്ട് ചെയ്ത എന്നെ കണ്ടയുടൻ തന്നെ അദ്ദേഹം അടുത്ത് വിളിച്ച് സംസാരിച്ചു. ഈ കാപ്പിലാനെയും ബ്ലോഗിൽ വന്ന അന്നുമുതൽ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്നതാണ്. കാപ്പിലാനെ പോലുള്ളവർ നമ്മുടെ ബൂലോകത്തിന് ഒരാവേശം തന്നെ!

ബ്ലോഗ് മീറ്റ് നടക്കുമ്പോൾ അതിന്റെ ലൈവ് കാണിക്കുന്നതും ഫോട്ടോ എടുക്കുന്നതും അത് പബ്ലിഷ് ചെയ്യുന്നതും ഒക്കെ ബ്ലോഗ്ഗർമാർ തന്നെയാണ്. അക്കാര്യത്തിൽ നമ്മൾ ബൂലോകവാസികൾ സ്വയം പര്യാപ്തരാണ്. ബൂലോകത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫറായ ഹരീഷ് തൊടുപുഴ മീറ്റിനു വന്നിട്ട് ക്യാമറ താഴെ വച്ചിട്ടില്ല. ഒപ്പം മറ്റൊരു ക്യാമറയുമായി അപ്പൂട്ടൻസും. ക്യാമറകൊണ്ടുവന്നവരെല്ലാം ചിത്രങ്ങൾ എടുത്തെങ്കിലും എല്ലാവർക്കുംവേണ്ടി ചിത്രങ്ങളെടുക്കാൻ ചുമതലയെടുത്തവർ അവരായിരുന്നു. ഇതിൽ ഹരീഷ് തൊടുപുഴയെയും ഞാ‍ൻ ആദ്യമായി കാണുന്നതാണ്. തൊടുപുഴയിൽ വച്ച് മീറ്റ് നടക്കാതെ പോയതിലുള്ള നിരാശ ഹരീഷിന്റെ മുഖത്ത് ഉള്ളതു പോലെ തോന്നി. സാരമില്ല ഹരീഷ്, പ്രശ്നങ്ങൾ ഒക്കെ ഒന്നു കെട്ടടങ്ങുമ്പോൾ നമുക്ക് അങ്ങോട്ടു വന്ന് കൂടാമല്ലോ.

മീറ്റിൽ എല്ലാവരും സദസ്സിനു മുന്നിൽ വന്ന് പരിചയപ്പെട്ടുകൊണ്ടിരിക്കെ ഒരാൾക്ക് ഇങ്ങോട്ട് വരാൻ കഴിയില്ലെന്നും മൈക്ക് അങ്ങോട്ടു കൊടുക്കാമെന്നും പാവപ്പെട്ടവൻ പറഞ്ഞപ്പോൾ മുന്നിലിരുന്ന എല്ലാവരും പുറകിലേക്ക് നോക്കി. താടിയും തേജസ്സുള്ള മുഖവും ഇഷ്കളങ്കമായ ചിരിയുമായി വീൽചെയറിൽ ഇരിക്കുന്ന ഉൾക്കഴ്ച എന്ന ബ്ലോഗ് ചെയ്യുന്ന സദിക്ക് എസ്. എം ആയിരുന്നു അത്. കാൽമുട്ടിനു സുഖമില്ലാത്ത അദ്ദേഹം കായംകുളത്തു നിന്നും കാറോടിച്ച് മീറ്റിന് എത്തിച്ചേർന്നതാണ്. പിന്നെ മീറ്റിൽ പങ്കെടുത്തവരെല്ലാം അദ്ദേഹത്തെ പരിചയപ്പെടാനും സ്നേഹത്തിൽ പൊതിയാനും തിരക്കുകൂട്ടുകയായിരുന്നു. മുരുകൻ കാട്ടാക്കടയടക്കം പലരും സാദീക്കിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ഉത്സാഹിക്കുന്നുണ്ടായിരുന്നു. മീറ്റ് തീരുന്നതിന് കുറച്ചുമുൻപ് അദ്ദേഹം മടങ്ങാൻ നേരത്തും യാത്രയാക്കാനും സലാം പറയാനും ഷേക്ക് ഹാൻഡ് കൊടുക്കാനും ബ്ലോഗർമാർ തിരക്കു കൂട്ടി. ഈ ബ്ലോഗ്മീറ്റിനെ അവിസ്മരണീയമാക്കുന്ന ഒന്നായിരുന്നു സാദിക്കിന്റെ സാന്നിദ്ധ്യം. സൌഹൃദം തേടിയെത്തിയ സാദിക്ക് സ്നേഹതിരേകത്തിന്റെ ഉഷ്ണ-ശൈത്യങ്ങൾ ശരിക്കും സമ്മാനിച്ചു തന്നെയാണ് സഹബ്ലോഗർമാർ യാത്രയാക്കിയത്.

സജ്ജീവേട്ടൻ ഇത്തവണയും മീറ്റിൽ പങ്കെടുത്തവരുടെ കാരിക്കേച്ചർ വരച്ചു. ഡോ. ജയൻ ദാമോദരനും ഞാനും ചിത്രകലയ്ക്ക് വേഗം വഴങ്ങുന്ന മുഖങ്ങളല്ലെന്ന് സജ്ജീവേട്ടൻ വെളിപ്പെടുത്തിയെങ്കിലും ഞങ്ങളെയും നന്നായി വരച്ചു തന്നു. വരച്ചുകൊണ്ടിരിക്കെ ചിലരെ ഇടത്തേയ്ക്ക് ചരിഞ്ഞു നോക്കാൻ പറയും. ചിലരോട് അദ്ദേഹംതന്നെ ചിരിച്ചുകാണിച്ചുകൊണ്ട് ചിരിക്കാൻ പറയും. പിന്നെ തൊഴിൽ പരമായി എന്തു ചെയ്യുന്നു എന്ന് ചോദിക്കും. അതനുസരിച്ചായിരിക്കും ചിത്രത്തിലെ വേഷം. നിമിഷങ്ങൾക്കുള്ളിൽ കരിക്കേച്ചർ റെഡി. ജയൻ ഡോക്ടർക്ക് കാതിൽ സ്റ്റെതസ് സ്കോപ്പ്. എന്റെ വെള്ളമുണ്ടും ഷർട്ടും കണ്ട് രാഷ്ട്രീയമാണോ എന്ന് ചോദിച്ചു. ആണെന്നു വേണമെങ്കിൽ പറയാം എന്ന് പറഞ്ഞപ്പോൾ ഗ്രൂപ്പേതെന്ന തമാശച്ചോദ്യം. വെളിപ്പെടുത്തില്ലെന്ന് ഞാനും. നിമിഷങ്ങൾക്കുള്ളിൽ കക്ഷത്ത് ഒരു ഡയറിയുമായി മുണ്ടും നൂത്തിട്ട് ഞാൻ നടക്കുന്ന ചിത്രം വരച്ചുതന്നു. അങ്ങനെ കാരിക്കേച്ചറിൽ ഞാൻ ഒരു എം.എൽ.യോ എം. പിയോ ഒക്കെ ആയി!

ഒരു സംഭവമായി കുമാരൻ തലേദിവസമേ മീറ്റിനെന്ന വ്യജേന എറണാകുളത്തെത്തി കൊച്ചി അധോലോകത്തെ നായകളുമായി- സോറി- നായകന്മാരുമായി ചേർന്ന് കുമാരസംഭവങ്ങൾ എന്ന ഭീകര ഗ്രന്ധം വിറ്റതായും തലനാരിഴയിൽ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടാണ് മീറ്റിലെത്തിയതെന്നും സ്ഥിരീകരിക്കാത്ത വർത്തയുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ പോലീസ് സംഗതികൾ രഹസ്യമാക്കി വച്ചിരിക്കുകയാണത്രേ. ബ്ലോഗ് മീറ്റിനുള്ളിലും ഇതിനകം നിരോധീക്കപ്പെട്ട ഭീകരനർമ്മങ്ങൾ കുത്തിനിറച്ച കുമാര സംഭവങ്ങൾ വിൽക്കാൻ ശ്രമിച്ചവരെയും അതിനു സഹയിച്ച പാവപ്പെട്ടവനെയും പോലീസ് തിരയുന്നുണ്ട്. വട്ടിയിലും കുട്ടയിലും ഭീക്രഗ്രന്ധവും ചുമന്ന് സമ്മേളനങ്ങളും മറ്റും നടക്കുന്ന സ്ഥലങ്ങളിൽ നുഴഞ്ഞുകയറി വില്പന ചെയ്യുന്നതായി നേരത്തേ ചില ബ്ലോഗർമാർ പോലീസിൽ രഹസ്യവിവരം നൽകിയിരുന്നു. മര്യാദയ്ക്ക് നടക്കുന്ന വായനാകുതുകികളെ ഭീകരനർമ്മം വായിപ്പിച്ച് ചിരിപ്പിച്ച് കുടൽകലക്കികുടൽമാല പുറത്തെടുത്ത് കഴുത്തിലിട്ട് നൃത്തമാടി അർത്തട്ടഹസിക്കുന്നുവെന്ന അതീവ ഗുരുതരനായ ക്രിമിനൽ കുറ്റമാണ് കുമാരനു മേൽ ആരോപിച്ചിരിക്കുന്നത്. ഒരിക്കൽ അറസ്റ്റിലായ കുമാരൻ പോലീസുകാരെ പ്രലോഭിപ്പിച്ച് തന്റെ പുസ്തകം വയിപ്പിച്ച് ചിരിപ്പിച്ച് പോലീസിന്റെ വീര്യം കെടുത്തി രക്ഷപ്പെട്ടതിന് കണ്ണൂരിൽ നിലവിൽ വേറെയുംകേസുണ്ട്. രണ്ടു പോലീസുകാർ ഈ സംഭവത്തിൽ സസ്പെൻഷനിലായിരുന്നു. ബൂലോകത്തെ കേന്ദ്രീകരിച്ചാണ് ഇതിയാന്റെ പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോ(ബൂ)ലോക നയകനയ കാപ്പിലാനുമായി രചനാപരമായ ചില നിഗൂഢ കരാറുകളിസ്ൽ ഏർപ്പെട്ടതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും കുമാരന്റെ വിദേശബന്ധം വെളിവാക്കപ്പെട്ടിട്ടുണ്ട്. ബൂലോകം ഓൺലൈൻ വഴി ഭീകരനർമ്മഗ്രന്ധം രാജ്യം വിട്ടുപോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊച്ചിയിലേതാണ്ടൊരു ചാണ്ടിക്കുഞ്ഞ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

മീറ്റ് തുടങ്ങി ഞാൻ എന്നെ പരിചയപ്പെടുത്തിയീട്ട് സീറ്റിൽ വന്നിരിക്കുമ്പോൾ കണ്ണാടികൊണ്ട് മുഖം രക്ഷിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്ന് എന്റെ കാതിൽ പറഞ്ഞു ഒന്നു കാണണമെന്ന്. ഞാനൊന്നു ഞട്ടി. ഇവനാര്? അമേരിക്കയുടേ കറുത്ത കൈകളുടെ പ്രവർത്തന ഫലമായി മീറ്റിലേയ്ക്ക് നുഴഞ്ഞു കയറിയ ആഗോള ഭീകരന്മാരോ ചാരന്മരോ മറ്റോ ആണോ? എന്തായാലും നേരിടുകതന്നെയെന്നുറച്ച് ചെല്ലുമ്പോഴാണ് ഭീകരൻ പേരു പറഞ്ഞത്; മലബാർ മേഖലയിലിരുന്ന് ബ്ലോഗ് തിന്നുന്ന കൊട്ടോട്ടിക്കാരൻ! കൊട്ടോട്ടി എന്നത് വീട്ടുപേരാണെന്നും ആ വീട് നമ്മുടെ നാട്ടിലാണെന്നും ആകയാൽ നമ്മൾ ഒരു നാട്ടുകാരാണെന്നും ആ കൂട്ടിമുട്ടലിൽ വെളിപ്പെടുത്താനാണ് കാതിൽ മന്ത്രവുമായി എത്തിയത്. ഇനി വീണ്ടും ഇങ്ങ് തെക്കോട്ട് വീടുംകുടിയും വച്ച് കെട്ടിയെടുക്കുന്നുവത്രേ! അപ്പോൾ നേരിൽ കാണാമെന്നൊരു കടുത്ത ഭീഷണിയും. വരട്ടെ വേണ്ടിവന്നാൽ “കൊട്ടെഷൻബ്ലോഗുകാരെ“ വച്ച് നേരിടും!

വിസ്താരഭയത്താൽ എല്ലാവരുടെയും പേരു വിവരങ്ങൾ എടുത്തു പറഞ്ഞ് വിശദീകരിക്കുന്നില്ല. മീറ്റിനെത്തി പരിചയപ്പെട്ട പലരെക്കുറിച്ചും ഇനിയും എഴുതാനുണ്ടെങ്കിലും തൽക്കാലം ഇത്രയിൽ ഒതുക്കുന്നു. മാത്രവുമല്ല പലരുടെയും യഥാർത്ഥപേരും ബ്ലോഗർ പേരും ബ്ലോഗിന്റെ പേരും യു.ആർ.എലും ഒക്കെ ചേർന്ന സങ്കീർണ്ണതകളും സ്വതവേയുള്ള ഓർമ്മപ്പിശകും കാരണം പലരുടെയും പേരൊക്കെ മറന്നുപോയി. എന്തായാലും ഈ മീറ്റ് നല്ലൊരു അനുഭവമായി. ഇനിയും ഇത്തരം ഒത്തുചേരലുകളുടേതായ പ്രത്യാശകൾ പങ്കുവച്ചുകൊണ്ടാണ് മീറ്റിനെത്തിയ എല്ലാവരും യാത്രപറഞ്ഞത്. മീറ്റിന്റെ സംഘാടനത്തിന് നേതൃത്വം നൽകിയ യൂസഫ് അടക്കമുള്ള എറണാകുളത്തെ ബ്ലോഗർ സുഹൃത്തുക്കളോടുള്ള നന്ദിയും ഇവിടെ പ്രകാശിപ്പിക്കുന്നു.

32 comments:

ശ്രീനാഥന്‍ said...

എത്രാമത്തെ ബ്ലോഗ് മീറ്റ് റിപ്പോർടാണു ഞാൻ വായിക്കുന്നത് എന്നറിയില്ല, ഓരോന്നും ഓരോ വിധമാകയാൽ കുഴപ്പമില്ല!'സജ്ജീവേട്ടൻ ഇത്തവണയും മീറ്റിൽ പങ്കെടുത്തവരുടെ കാരിക്കേച്ചർ വരച്ചു.' - സജിം വാക്കുകൾകൊണ്ട് ആളുകളെ വരക്കാൻ മിടുക്കനാൺ എന്നതാണു ഈ പോസ്റ്റ് പറയുന്നത്. ആശംസകൾ!

Unknown said...

വളരെ വളരെ നന്നായിട്ടുണ്ട് വിവരണം. മീറ്റുകള്‍ ഇനിയുമിനിയും നടക്കട്ടെ. തങ്ങള്‍ ഏതോ വെര്‍ച്വല്‍ ലോകത്ത് വിഹരിക്കുന്നവരാണെന്ന ധാരണ ബ്ലോഗര്‍മാര്‍ക്കിടയില്‍ മാറ്റിയെടുക്കാന്‍ ഇത്തരം മീറ്റുകള്‍ സഹായിക്കും. വെര്‍ച്വല്‍ ലോകം എന്നൊന്നില്ല. ആശയങ്ങള്‍ പബ്ലിഷ് ചെയ്യാന്‍ വെര്‍ച്വല്‍ മീഡിയ അഥവാ വേവ് മീഡിയ എന്നൊന്ന് ഒരു വരദാനം പോലെ മനുഷ്യരാശിക്ക് കിട്ടി എന്നേഉള്ളൂ. എഴുതുന്നവരും വായിക്കുന്നവരും മണ്ണില്‍ ജീവിയ്ക്കുന്നവര്‍ തന്നെയാണ്. പരസ്പരം കണ്ടുമുട്ടിയവര്‍ ഇത് തിരിച്ചറിഞ്ഞിരിക്കണം. കുറെ ബ്ലോഗ് മീറ്റുകള്‍ കഴിയുമ്പോള്‍ അനോനികള്‍ക്ക് ബൂലോഗത്ത് ഇറങ്ങി നടക്കാന്‍ കഴിയാതെ വരും.

ആശംസകളോടെ,

jayanEvoor said...

എല്ലാം വായിച്ചു.
വളരെ സന്തോഷം!
(എങ്ങനെ വരച്ചാലും ഉള്ളതിൽ കൂടുതൽ ഗ്ലാമർ കൂട്ടിവരയ്ക്കാൻ പെടാപ്പാടുപെടേണ്ടിവരും എന്നുള്ളതുകൊണ്ടല്ലേ സജീവേട്ടൻ മുൻ കൂർ ജാമ്യം എടുത്തത്! അല്ലാതെ നമ്മടെ രണ്ടാളുടെയും മോന്ത വരയ്ക്കാൻ അതിയാനെന്തൂട്ട് പാട്!?)

Anil cheleri kumaran said...

കാര്യമാത്ര പ്രസക്തവും പാകതയാര്‍ന്നതുമായ നിരീക്ഷണങ്ങള്‍. വളരെ ഇഷ്ടപ്പെട്ടു.

ഇ.എ.സജിം തട്ടത്തുമല said...

ശ്രീനാഥൻ, കെ.പി.സുകുമാരൻ,ജയൻ ഏവൂർ,കുമാരൻ നന്ദി!

nandakumar said...

ഇ എ സജീം
വളരെ നന്നായിട്ടുണ്ട് വിശകലനം. മീറ്റില്‍ പങ്കെടുക്കാനുള്ള താങ്കളുടെ താല്‍പ്പര്യം ആവേശം ഒക്കെ ആദ്യ പാരഗ്രാഫുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. സീരിയസ്സായി പറഞ്ഞു പറഞ്ഞ് ഒടൂക്കം ചിരിയുടെ വെടിക്കെട്ടിലേക്ക്...
പറയേണ്ടതും അറിയേണ്ടതും രസിപ്പിക്കേണ്ടതും ഒക്കെ പറഞ്ഞു. നന്നായി. വൈകിയെത്തിയ എനിക്ക് താങ്കളടക്കം പലരോടും ഒരുപാട് നേരം സംസാരിക്കാന്‍ കഴിയാത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നു. സാരമില്ല. ഇനിയുമുണ്ടല്ലോ സമയം..മീറ്റുകള്‍... :)

(വരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താമസവും ഭക്ഷണവും ഫ്രീയായി സംഘടിപ്പിക്കുമായിരുന്നു.)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാന്‍ ഈ ബൂലോകത്ത് ഒരു പുതിയ ആളാണ്.
ഇതുവരെ ഒരു ബ്ലോഗ് മീറ്റിലും പങ്കെടുത്തിട്ടില്ല.
താങ്കളുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ശരിക്കും ഞാനും ആ ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത ഒരു പ്രതീതി..
അത്രക്കും നന്നായി അവതരിപ്പിച്ചിരിക്കുന്നു..
എല്ലാ വിധ ആശംസകളും നേരുന്നു..
റമദാന്‍ ആശംസകള്‍ക്കു നന്ദി...

Cartoonist said...

ഈയേ സജിമെ,
ആ ‘തടിപരമായ കാരണങ്ങളാൽ‘
എന്നെ ആകര്‍ഷിച്ചു എന്നു മാത്രമല്ല,
ഹഠാദാകര്‍ഷിച്ചു.

ഞാനിതും എന്റെ അമ്മയ്ക്കു വായിക്കാന്‍ കൊടുക്കുന്നുണ്ട്.ഒരു പത്തു പ്രാവശ്യം വായിച്ചോണ്ടിരുന്നോളും. :)

ഇ.എ.സജിം തട്ടത്തുമല said...

നന്ദകുമാർ,മിഴിനീർത്തുള്ളി, കാർട്ടൂണിസ്റ്റ്
നന്ദി! പോസ്റ്റ് ഇന്ന് എഡിറ്റ് ചെയ്തു. ലോഡ്ജ് അനുഭവങ്ങൾ അലപം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

Edited this post today

ഇന്ന് ഈ പോസ്റ്റ് ലോഡ്ജ് മുറിയിലെ ചില അനുഭവങ്ങൾ കൂടി ചേർത്ത് എഡിറ്റ് ചെയ്തിട്ടുണ്ട്.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഭായീ സാബ് , ഈ വിശകലനം നന്നായി

.. said...

..
:)

നമ്മളും കൂടും ഒരിക്കല്‍ ഒരു ബ്ലോഗ് മീറ്റില്‍ :((
നന്നായി ഈ പോസ്റ്റ്.
..

ചാണക്യന്‍ said...

നർമ്മത്തിൽ പൊതിഞ്ഞ മീറ്റവലോകനം നന്നായി.....

വിനുവേട്ടന്‍ said...

ഓരോരുത്തരായി പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ബ്ലോഗ്‌ മീറ്റ്‌ കഥകള്‍ വായിച്ച്‌ ഇവിടെ ഇരിപ്പുറക്കുന്നില്ല. അടുത്ത മീറ്റിന്‌ എങ്ങനെയും എത്തണം...

പകല്‍കിനാവന്‍ | daYdreaMer said...

I miss it sajim :)

Manoraj said...

സജിം. വളരെ നല്ല ഒരു വിശകലനം. പല കാരണങ്ങള്‍ കൊണ്ട് അന്നേ ദിവസം ശരിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞില്ല. പരസ്പരം ഒന്ന് ചിരിച്ച് പേരു ചോദിച്ചുള്ളൂ എന്ന് എന്റെ ഒര്‍മ്മ. കുറ്റബോധമുണ്ട് കേട്ടോ.. സാരമില്ല. അടുത്ത വട്ടം നമുക്ക് വിശദമായി തന്നെ പരിചയപ്പെടാം..

ഒരു നുറുങ്ങ് said...

വീക്ഷണവും വിവരണങ്ങളും
വൈവിധ്യം പുലര്‍ത്തി,നല്ല വരികളില്‍
കാര്യങ്ങളവതരിപ്പിച്ചു...മീറ്റിലെത്താനായി
നിനച്ചിരുന്നെന്നാലും എത്തിപ്പെടാനായില്ലെന്ന
നഷ്ടം സജിമിന്‍റെ സാന്നിദ്ധ്യം പകരമായി..

ആശംസകൾ

കുസുമം ആര്‍ പുന്നപ്ര said...

നല്ല വിവരണം

Kalavallabhan said...

ആദ്യമേ പറഞ്ഞോട്ടെ,
ഒരു ബ്ലോഗ്മീറ്റിനു ഞാനും പങ്കെടുക്കും.
മീറ്റിനെപറ്റി എഴുതാമെന്നു പറഞ്ഞ് മീറ്റിനു പോയ വഴികളു വരെയെഴുതി.
നന്നായിട്ടുണ്ട് വിവരണങ്ങൾ.

Sabu Hariharan said...

Good one :)

krishnakumar513 said...

അനുഭവങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു,സജിം

Pranavam Ravikumar said...

വളരെ നല്ല വിവരണം.... പങ്കെടുക്കാത്തത്തില്‍ സങ്കടവും....

കൊച്ചുരവി!

Unknown said...

ഈ സജിംസാർ ആളു ഭയങ്കരനാ! നമ്മക്ക് ഒരുപാട് അടി കിട്ടിയിട്ടുണ്ട്. എന്നിട്ട് പഹന്റെ ഒരു തമാശ. ഇല്ല നമ്മൾ ചിരിക്കില്ല!

Unknown said...

സർ, നല്ല ലേഖനം. ആശംസകൾ!

Unknown said...

സാർ, ഏറണാകുളത്തൊക്കെ എത്തിയോ? നമ്മൾ ഇതൊന്നും അറിയില്ലെന്നു കരുതിയോ? അതിനാണ് ആരോരുമറിയാതെ മുങ്ങിയത് അല്ലേ? വിവരണം കൊള്ളാം.

Unknown said...

Good, sir!

Anees Hassan said...

adutthoru meettinu kaanaam

sm sadique said...

ബ്ലോഗ് മീറ്റിനെ കുറിച്ച് വളരെ വിശദമായിഎഴുതി.
എന്നെ കുറിച്ച് എഴുതിയ നല്ല വാക്കുകൾക്ക് വാക്കുകൾക്കതീതമായ നന്ദി.
പിന്നെ, ഇത് നേരത്തെ വായിച്ചിരുന്നു. പക്ഷെ, എന്റെ നെറ്റ് കണക് ക്ഷന് ഒരു കുഴപ്പം . അത് ഇതുവരെയും ശരിക്ക് ശരിയായില്ല.
ഇനിയും നമുക്ക് എവിടെ വെച്ചെങ്കിലും കാണാം.(ഇൻഷാ അല്ലാഹ്)

Unknown said...

ഇതുകൊള്ളാം

ithukollam

ബയാന്‍ said...

'മാനവികത’ എന്ന വാക്കില്‍ ഗൂഗിളില്‍ കയറി തപ്പിയപ്പോഴാണ് ഇവിടം എത്തിപ്പെട്ടത്. തടിപരമായ കാരണങ്ങളാല്‍ കാലൊടിയുന്നതും കാറ് മറയുന്നതും ഭാവനയില്‍ കാണാനായി.

ഇവിടെയെത്തിച്ച ഈ കമെന്റിനു നന്ദി. മാനവികത നിര്‍വചിക്കാന്‍ ഈ കമെന്റ് എനിക്കൊരു സഹായകമാവും. സഹിക്കുമല്ലോ.


“ജാതി-മത-വർഗ്ഗ-വർണ്ണ വംശ-ലിംഗ-കക്ഷി വ്യത്യാസങ്ങൾക്കെല്ലാം അതീതമായ മനുഷ്യസ്നേഹത്തിൽനിന്നുണ്ടാകുന്ന ഒരു വികാരമാണ് മാനവികത. ഏതൊന്നിൽ വിശ്വസിയ്ക്കുന്നവരും ഏതൊന്നിൽ വിശ്വസിയ്ക്കാത്തവരും എല്ലാം മനുഷ്യരാണെന്ന വിശ്വാസമാണ് മാനവികത. വിശ്വാസിക്ക് അവിശ്വാസിയോടും അവിശ്വാസിക്ക് വിശ്വാസിയോടും തോന്നുന്ന അസഹിഷ്ണുതയും ഒരു ഹ്യൂമനിസ്റ്റിനുണ്ടായിക്കൂട. എല്ലാറ്റിലും ഉപരി മനുഷ്യമഹത്വത്തെ ഉയർത്തി പിടിയ്ക്കുന്നു, ഹ്യൂമനിസ്റ്റുകൾ!So I am proud about to say I am a humanist!“ - copied from http://swapnakavithakal.blogspot.com/2009/10/blog-post.html

ഇ.എ.സജിം തട്ടത്തുമല said...

കമന്റുകൾക്ക് നന്ദി!