Thursday, June 9, 2011

പൊതു വിദ്യാലയങ്ങളെ ആരു സംരക്ഷിക്കും?


മുൻകുറിപ്പ്: നമ്മുടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപക സമൂഹത്തിൽ നല്ലൊരു പങ്ക് അവരുടെ മക്കളെ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പൊതു വിദ്യാലയങ്ങളിൽ ചേർത്തു പഠിപ്പിക്കാതെ അൺ എയിഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർത്തു പഠിപ്പിക്കുന്നതിൽ പ്രതിഷേധിഷേധിക്കുന്ന കുറിപ്പ്.

പൊതു വിദ്യാലയങ്ങളെ ആരു സംരക്ഷിക്കും?

സംസ്ഥാനത്ത് അംഗികാരമില്ലാത്ത അഞ്ഞൂറിലധികം സ്കൂളുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. യു.ഡി.എഫിനോ അതിലെ ഘടക കക്ഷികൾക്കോ അൺ എയ്ഡഡ് മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്നതിനോട് തത്വത്തിൽ വിയോജിപ്പില്ല. അതവരുടെ നയത്തിന്റെ ഭാഗമാണ്. അവരുടെ നയം നടപ്പിലാക്കുവാൻ അവർക്ക് അവകാശമുണ്ട്. അതിനുള്ള ജനവിധി ഭൂരിപക്ഷം കുറവാണെങ്കിലും അവർക്ക് ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കപ്പെടുന്നതിനോട് ഇടതുപക്ഷത്തെ അപേക്ഷിച്ച് വളരെ മൃദുവായ സമീപനമാണ് വലതുപക്ഷത്തിനുള്ളത്.

എന്നാൽ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മേഖലയുടെ അന്യായമായ കടന്നു കയറ്റത്തോട് വിയോജിപ്പുള്ളവർക്ക് ഇപ്പോഴത്തെ സർക്കാർ നടപടിക്കെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. അതിനുള്ള അവകാശം അവർക്കും ഉണ്ട്. ഇടതുപക്ഷ വിദ്യാഭ്യാസ നയത്തിനു വിപരീതമായ യു.ഡി.എഫ് സർക്കാരിന്റെ നടപടികൾക്കെതിരെ ഇതിനകം ഇടതുപക്ഷാനുകൂല സംഘടനകൾ സമരമുഖത്തിറങ്ങി കഴിഞ്ഞു. ജനാധിപത്യത്തിൽ ഇത് സ്വാഭാവികമാണ്. ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ശരിയല്ലെന്നു കണ്ടാൽ അതിനെതിരെ പ്രതികരിക്കുനതും ചെറുത്തു നില്പ് സംഘടിപ്പിക്കുന്നതും മറ്റും പ്രതിപക്ഷ ധർമ്മവുമാണ്. അതെല്ലാം ആയതിന്റെ വഴിക്ക് നടക്കുകയും ചെയ്യും. പ്രതിപക്ഷ ഇടപെടൽകൊണ്ട് സർക്കാർ തീരുമാനം തിരുത്തപ്പെടുമോ എന്നത് അതിനെതിരെയുള്ള പ്രതികരണങ്ങളുടെ ശക്തിയനുസരിച്ചിരിക്കും.

ഇവിടെ ഇതുമായി ബന്ധപ്പെട്ട മറ്റു ചില വസ്തുതകൾ തുറന്നു പറയാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്. ആദ്യം തന്നെ ഈ ലേഖകന്റെ ഇതു സംബന്ധിച്ച അഭിപ്രായം പറയാം. രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നയത്തെ ഈയുള്ളവൻ അംഗീകരിക്കുന്നില്ല. സ്വകാര്യ മേഖലയിൽ വിദ്യാലയങ്ങളേ പാടില്ല എന്നഭിപ്രായം ഇല്ല. എന്നാൽ പൊതു വിദ്യാലയങ്ങളെ തകർക്കുന്ന നിലയിൽ സ്വകാര്യ മേഖലയുടെ ഇടപെടൽ അന്യായമാണ്. പൊതു വിദ്യാലയങ്ങൾ എന്നാൽ സർക്കാർ-എയ്ഡഡ് മേഖലയെന്നാണ് വിവക്ഷിതാർത്ഥം. ഇംഗ്ലീഷ് , മീഡിയം മലയാളം മീഡിയം എന്ന തരം തിരിവാണ് ശരിക്കും രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നത്. അതിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. ഒന്നുകിൽ എല്ലാം മലയാളം മീഡിയം ആക്കുക. അല്ലെങ്കിൽ എല്ലാം ഇംഗ്ലീഷ് മീഡിയം ആക്കുക.

ലോക ഭാഷയെന്ന നിലയിൽ ഇംഗ്ലീഷിന് വേണ്ടത്ര പ്രാധാന്യം നൽകിക്കൊണ്ടുതന്നെ മലയാളം മീഡിയം മാത്രമായി നിലനിൽക്കുന്ന വിധത്തിൽ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണം വരുത്തുന്നതാണ് ഉത്തമം. ഇംഗ്ലീഷ് മീഡിയത്തിലേ മക്കളെ പഠിപ്പിക്കൂ എന്ന് വാശിയുള്ളവർ ഇംഗ്ലണ്ടിലോ അമേരിക്കയിലോ കാനഡയിലോ മറ്റോ അയച്ചു പഠിപ്പിക്കട്ടെ. ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നടത്തൂ എന്നുള്ളവർ ഏത് ഉഗാണ്ടയിലോ പോയി നടത്തട്ടെ. അല്ലെങ്കിൽ മറ്റെന്തെങ്കിലും ബ്യിസിനസിലേയ്ക്ക് തിരിയട്ടെ. ഇവിടെ മലയാളം സ്കൂളുകൾ മതി. എന്നാൽ ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പത്താം ക്ലാസ്സ് കഴിയുമ്പോൾ കുട്ടികൾ സംസാരിച്ചു തുടങ്ങുന്ന രീതിയിലുള്ള സിലബസ് ഉണ്ടാകുകയും ആകാം. ഇവയാണ് ഇതു സംബന്ധിച്ച ഈയുള്ളവന്റെ അഭിപ്രായങ്ങൾ.

ഞാൻ ഒരു പാരലൽ അദ്ധ്യാപകനാണ്. എന്റെ പാരലൽ കോളേജിൽ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളും അൺ എയ്ഡഡിൽ പഠിക്കുന്ന കുട്ടികളും ട്യൂഷനു വരുന്നുണ്ട് . ഇതിൽ ഇംഗ്ലീഷ് മീഡിയം കുട്ടികളും മലയാളം മീഡിയം കുട്ടികളും ഉണ്ട്. പക്ഷെ നാളെ വിവാഹിതനായി കുട്ടിളുണ്ടായാൽ (അങ്ങനെയൊന്നും വരാനിടയില്ല) അവരെ ഞാൻ പൊതു വിദ്യാലയത്തിലേ പഠിപ്പിക്കൂ. അതും മലയാളം മീഡിയത്തിൽ. ഇംഗ്ലീഷ് പക്ഷെ അവരെ ഞാൻ വേറെ പഠിപ്പിക്കും. ഹിന്ദിയും തമിഴും ഒക്കെ പഠിപ്പിക്കും. പക്ഷെ ഒന്നാം ഭാഷ മലയാളമായിരിക്കും. മലയാള മക്കളെയാണ് എനിക്കാവശ്യം. സ്വന്തം നിലപാട് വ്യക്തമാക്കാൻ ഇതും കൂടിയൊക്കെ പറഞ്ഞെന്നേയുള്ളൂ. പറയാനിരുന്ന മറ്റു കാര്യത്തിലേയ്ക്ക് വരാം.

അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അനുമതി നൽകുന്നതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പാർട്ടികളും ഇടതുപക്ഷാനുകൂല സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു. ഇടതുപക്ഷാനുകൂലവും അദ്ധ്യാപകരംഗത്തെ ഏറ്റവും വലിയ സംഘടനയുമായ കെ.എസ്.റ്റി.എ അതിശക്തമായി പ്രതികരിക്കുകയും സമര പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു. അതിരു വിട്ട് സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്ക് അനുമതി നൽകുന്നത് പൊതു വിദ്യാലയങ്ങളെ തകർക്കും എന്നതാണ് ഈ നടപടിയെ എതിർക്കാനുള്ള മുഖ്യ കാരണമായി പറയുന്നത്. ഇതിലാണ് ഒരു വിരോധാഭാസം നിലനിൽക്കുന്നത്. ഇടത് - വലത് ആഭിമുഖ്യമുള്ള അദ്ധ്യാപക സംഘടനകൾക്കോ അതിലെ അംഗങ്ങൾക്കോ പൊതുവിദ്യാലയത്തെ സംരക്ഷിക്കാനെന്ന പേരിൽ സമരം നടത്താൻ ധാർമ്മികമായി അവകാശമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ല. വ്യക്തമായ രാഷ്ട്രീയം കൂടി മാറ്റിവച്ച് ഇത് ഞാനും ചോദിക്കുകയാണ്.

നമ്മുടെ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്കൂളുകളിൽ വന്ന് ജോലി ചെയ്ത് ശമ്പളം പറ്റി പോകുന്നതല്ലാതെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് എന്ത് പരിശ്രമമാണ് നടത്തുന്നതെന്ന് ഉള്ളിൽതട്ടി പറയാമോ? ഈ അദ്ധ്യാപകർക്ക് പൊതു വിദ്യാലയങ്ങളോട് എത്ര കണ്ട് ആത്മാർത്ഥതയുണ്ട്. ആത്മാർത്ഥത പോട്ടെ; മതിപ്പെങ്കിലും ഉണ്ടോ? ഈ അദ്ധ്യാപകരുടെ മക്കളിൽ നല്ലൊരു പങ്കും സ്വന്തം മക്കളെ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ അയച്ചുകൊണ്ട് സ്വന്തം തൊഴിൽ മേഖലയെ തന്നെ പരിഹസിക്കുകയല്ലേ? പൊതു വിദ്യാലയങ്ങൾ കൊള്ളില്ലെന്ന് സ്വയം വിളിച്ചു പറയുകയല്ലേ?

മലയാള ഭാഷയോട് സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഇവർക്ക് പുച്ഛമാണ്. ഇനി അതല്ല ഇംഗ്ലീഷ് മീഡിയം തന്നെ പഠിപ്പിക്കണമെന്നുണ്ടെങ്കിൽ പൊതു വിദ്യാലയങ്ങളിൽ തന്നെ ഇപ്പോൾ സ്റ്റേറ്റ് സിലബസിൽ ഇംഗ്ലീഷ് മീഡിയം ഉണ്ടല്ലോ. അതിൽ ചേർത്താലും പോരേ? എന്തിന് അൺ എയ്ഡഡ് തെരഞ്ഞെടുക്കുന്നു? സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ സവന്തം മക്കളെ ഇംഗ്ലീഷ് മീഡിയം ആയാലും മലയാളം മീഡിയം ആയാലും പൊതു വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കനമെന്ന വ്യവസ്ഥ അവരുടെ സർവീസ് ചട്ടങ്ങളുടെ തന്നെ ഭാഗമാക്കണം എന്നാണ് ഈയുള്ളവന് പറയുവാനുള്ളത്. പൊതു വിദ്യാലയത്തെക്കുറിച്ച് മതിപ്പില്ലാത്തവർ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത് പൊതു വിദ്യാലയങ്ങളുടെ നിലനില്പിന് കടുത്ത ഭീഷണിയാണ്. സ്വന്തം മക്കളെ അയക്കാൻ കൊള്ളാത്ത സ്കൂളുകളിൽ അവർ പഠിപ്പിക്കുന്നതെന്തിന്?

അതുകൊണ്ടൊക്കെ തന്നെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർ അവരുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കണമെന്ന് നിയമം വരണം. നിയമമില്ലെങ്കിലും ധാർമ്മികമായി തന്നെ അവർക്ക് അതിന് ബാദ്ധ്യതയുണ്ട്. പ്ലസ്-ടൂ കഴിഞ്ഞ് എം.ബി.ബി.എസിനും എഞ്ചിനീയറിംഗിനും മറ്റും സ്വാശ്രയ മേഖലയെ അഭയം പ്രാപിക്കുന്നതു മനസിലാക്കാം. പക്ഷെ ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്-ടൂവരെ പൊതു വിദ്യാലയങ്ങളിൽ നിന്ന് സ്വന്തം മക്കളെ അകറ്റി നിർത്തുന്നത് വിവരമുള്ള അദ്ധ്യാപകർക്ക് ചേർന്നതല്ല. അല്ലെങ്കിൽ എന്തു കൊണ്ട് തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർക്കാതെ അൺ എയിഡഡ് സ്കൂളുകളിൽ ചേർത്ത് പഠിപ്പിക്കുന്നു എന്നതിനു ഈ അദ്ധ്യാപകർ പൊതു സമൂഹത്തിനു മനസിലാകുന്ന വ്യക്തമായ വിശദീകരണം നൽകണം. അതുമല്ലെങ്കിൽ പൊതു വിദ്യാലയങ്ങൾ കൊള്ളില്ലെന്ന് ഈ അദ്ധ്യാപകർ വിളിച്ചു പറയണം.

ഈ പറഞ്ഞതുകൊണ്ട് അദ്ധ്യാപകർ മൊത്തത്തിൽ അവരുടെ മക്കളെ പൊതുവിദ്യാലയങ്ങളിൽ അയക്കുന്നില്ല എന്നർത്ഥമില്ല. ഞാൻ ഒരു സർക്കാർ സ്കൂൾ അദ്ധ്യാപകന്റെ മകനാണ്. പഠിച്ചത് അതേ സ്കൂളിൽതന്നെ. അതും മലയാളം മീഡിയം. ആ സ്കൂളിൽ പഠിച്ച അറിവുകൊണ്ടുതന്നെ മലയാളത്തിൽ ഇതുപോലെ ഇത്രയെങ്കിലുമൊക്കെ എഴുതാൻ കഴിയുന്നത്. അതിൽ അഭിമാനവും ഉണ്ട്. എളുപ്പം നോക്കി പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും കൂടി മലയാളത്തിൽ പഠിച്ചെഴുതിയതാണ്. പിന്നല്ലേ!

മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ കെ.എസ്.റ്റി.എയിലെ സി.പി. എം പാർട്ടി അംഗത്വമുള്ളവരും പ്രധാന പ്രവർത്തകരുമെങ്കിലും നിഷ്കർഷ വയ്ക്കണ്ടേ? മറ്റുള്ളവരുടെ കാര്യം പോട്ടേ. കെ.എസ്.റ്റി.എയിൽ അംഗങ്ങളാകുന്നവർ എല്ലാം സി.പി.എം കാരോ ഇടതുപക്ഷക്കാരോ അല്ല; കടുത്ത കോൺഗ്രസുകാർ പോലും അതിൽ അംഗങ്ങളായിട്ടുണ്ട്. ശക്തമായ സംഘടന അതായതുകൊണ്ട് അവരും അതിൽ അംഗത്വമെടുത്ത് നിൽക്കുന്നു. എന്നാൽ കെ.എസ്.റ്റി.എ യിലെ പാർട്ടി അംഗത്വമുള്ളവരും പ്രധാന ഭാരവാഹികളുമെങ്കിലും സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചിട്ട് അൺ എയ്ഡഡ് കടന്നുകയറ്റത്തിനനുകൂല മായ സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നതായിരിക്കും ധാർമ്മികമായ മര്യാദ എന്നാരെങ്കിലും പറഞ്ഞു പോയൽ അതിൽ കുറ്റം കാണാൻ കഴിയില്ല.

എല്ലാ കെ.എസ്.റ്റി.എ നേതാക്കളും കുട്ടികളെ അൺ എയ്ഡഡ് സ്കൂളിൽ പഠിപ്പിക്കുന്നുവെന്ന് ആരോപിക്കുന്നില്ല. നല്ലൊരു പങ്ക് പൊതു വിദ്യാലയങ്ങളിൽ തന്നെ മക്കളെ പഠിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ കെ.എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി എം.ഷാജഹാൻ എന്റെ നാട്ടുകാരനും പാരലൽ കോളേജിൽ എന്നെ പണ്ട് പഠിപ്പിച്ചിട്ടുള്ള ആളുമാണ്. അദ്ദേഹത്തിന്റെ മകൾ പൊതു വിദ്യാലയത്തിൽ, അതും മലയാളം മീഡിയത്തിൽ തന്നെയാണ് പഠിച്ചത്. നല്ല മാർക്കുവാങ്ങിത്തന്നെ ജയിച്ചത്. ഇപ്പോൾ ആ കുട്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ്. മെറിറ്റ് സീറ്റിൽ സർക്കാർ മെഡിക്കൽ കോളേജിൽ തന്നെ പഠിക്കുന്നുവെന്നാണ് ഞാൻ മനസിലാക്കുന്നത്. പക്ഷെ അദ്ദേഹത്തെ പോലുള്ള നേതാക്കളെ മാതൃകയാക്കാൻ അനുയായികൾ എല്ലാം തയ്യറാകുമോ എന്നതാണ് പ്രശ്നം.

പിൻകുറിപ്പ്: ഇത്രയുമൊക്കെ തുറന്നെഴുതിയെങ്കിലും പൊതു വിദ്യാലയങ്ങളെ തകർക്കുന്നതും രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്നതും വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ വികലമായ സർക്കാർ നടപടികൾക്കെതിരെ നടക്കുന്ന സമരമുഖങ്ങളിൽ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് ഞാനും ഉണ്ടാകും.എല്ലാ സത്യങ്ങൾക്കും നേരെ ഒരു പോലെ കണ്ണടയ്ക്കേണ്ട കാര്യമില്ലെന്ന ചിന്തയിൽ പൊതു സമൂഹത്തിന്റെ ബോധ്യത്തിനു വേണ്ടി ഇങ്ങനെ കോറിയിടുന്നു എന്നു മാത്രം. പൊതു സമൂഹത്തിൽ ആരൊക്കെ ഇത് വായിക്കാൻ പോകുന്നു എന്നത് എനിക്ക് പ്രശ്നമേ അല്ല! മറ്റേതു പോസ്റ്റും എന്നതു പോലെ ഇതും എഴുതിയതോടെ ഞാൻ സംതൃപ്തനായിക്കഴിഞ്ഞു.

24 comments:

Unknown said...

ഈ അധ്യാപകരെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് ഓർമവന്നത് ഞങ്ങളുടെ നാട്ടിൽ ഹോട്ടൽ നടത്തുന്ന രമേട്ടനേയാണു. മൂപ്പരുടേ ഹോട്ടലിൽ ഉച്ചയൂണുണ്ടെൻകിലും രാമേട്ടൻ ചോറുണ്ണാൻ വീട്ടിതെന്നെപോവും.

Unknown said...

നമുക്ക് നഷ്ട്ടമാവുന്ന പൊതുഇടങ്ങൾ തിരിച്ച് പിടിക്കാൻ...പണക്കരാന്റേയും,പാവപെട്ടവന്റെയുംമക്കൾ പഠിക്കുന്ന ഹിന്ദുവും,മുസൽമാനും,കൃസ്ത്യാനിയും ഒരുമിച്ചിരുന്ന് പഠിക്കുന്ന..ഒരുമിച്ച് കളിക്കുന്ന പൊതു വിദ്യാലയങ്ങൾ സം‍രക്ഷിക്കുക. നമ്മുടെ മക്കളെ പൊതുവിദ്യാലയത്തിൽ ചേർത്തു പഠിപ്പിക്കുക.

ഇ.എ.സജിം തട്ടത്തുമല said...

അവസാനം നമ്മൾ കുറച്ചുപേരെ കാണൂ, റഫീക്ക്. പിന്നെ നമ്മുടെ മക്കൾ തിരിഞ്ഞു നിന്നു ചോദിക്കും നമ്മൾക്കെന്താ കൊമ്പുണ്ടോ എന്ന്‌! എന്നാലും വേണ്ടില്ല കഴിയുന്നത് ചെയ്തുകൊണ്ടിരിക്കുക!

sm sadique said...

പ്രിയ നജീം മാഷെ, എല്ലാത്തിനും കാരണം ഈ “സാമ്പത്തിക സാമ്പത്തിക സാമ്പത്തിക“ സാധനത്തിന്റെ ഏറ്റക്കുറച്ചിലിൽ സഭവിക്കുന്ന സംഭവങ്ങളുടെ സംഭാവനകളാണ്. നമ്മൾ വിചാരിച്ചാൽ ഒന്നും നടക്കില്ല. ഇങ്ങനെ എഴുതിയും പ്രതികരിച്ചും പ്രതിഷേധിച്ചും പ്രകമ്പനം കൊള്ളിക്കാം. അത്ര മാത്രം.

mini//മിനി said...

എന്റെ മക്കൾ ആദ്യം അദ്ധ്യാപകനായ അവരുടെ അച്ഛന്റെ സ്ക്കൂളിലും പിന്നീട് എന്റെ സ്ക്കൂളിലും പഠിച്ചു. അതുപോലെയുള്ള ധാരാളം അദ്ധ്യാപകരെ ഈ കണ്ണൂരിൽ എനിക്കറിയാം. ഇവിടെ നല്ല ഗ്രെയ്ഡ് കിട്ടിയ പത്താം തരക്കാർ ആദ്യചോയ്സ് കൊടുക്കുന്നത് സർക്കാർ വിദ്യാലയത്തിന്റെ പേരാണ്.
എല്ലായിടത്തും ഇതുപോലെ ആവണമെന്നില്ല.
നല്ല ലേഖനം,,,

Muralee Mukundan , ബിലാത്തിപട്ടണം said...

സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർ അവരുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കണമെന്ന് നിയമം വരണം. നിയമമില്ലെങ്കിലും ധാർമ്മികമായി തന്നെ അവർക്ക് അതിന് ബാദ്ധ്യതയുണ്ട്.

ആര് ചെയ്യാൻ എന്റെ മാഷെ
കാക്കക്കും തൻ കുഞ്ഞ് പൊങ്കുഞ്ഞ്..!

Anonymous said...

"വിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കപ്പെടുന്നതിനോട് ഇടതുപക്ഷത്തെ അപേക്ഷിച്ച് വളരെ മൃദുവായ സമീപനമാണ് വലതുപക്ഷത്തിനുള്ളത്."

അതു സത്യം തന്നെ, ആ കഠിന സമീപനത്തിന്റെ പ്രായോജികത പരിയാരത്തു നടക്കുന്നത് കണ്ട് നമ്മൾ രോമാഞ്ചം കോണ്ടിരിക്കുകയല്ലേ...

Anonymous said...

സജീമേ ഈ കൊഴിഞ്ഞുപോക്ക്‌ തുടങ്ങിയത്‌ പുതിയ ഗ്രേഡിംഗ്‌ കൊണ്ടു വന്നതോടെ മാത്രം ആണു അതിനു ഉത്തരവാദിത്തം മുഴുവന്‍ ഇടതു പക്ഷ വിദ്യാഭ്യാസ വിദഗ്ധര്‍ക്കാണു പണ്ട്‌ എല്‍ എസ്‌ എല്‍ സിക്കു ഇരുപത്‌ മാര്‍ക്ക്‌ ആണു മാക്സിമം മോഡറേഷന്‍ കൊടുത്തിരുന്നത്‌ ഇന്നു ഓരോ വിഷയത്തിനും പത്തു മാര്‍ക്കു വച്ച്‌ (ഇണ്റ്റേര്‍നല്‍ അസ്സസ്മണ്റ്റ്‌ എന്നു പേര്‍) നൂറു മാര്‍ക്കു മോഡറേഷന്‍ കൊടുക്കുന്നു ഇതല്ലാതെ വളരെ ഉദാരമായ്‌ വാലുവേഷന്‍ ഉദാഹരണത്തിനു പശുവിനെ പറ്റി പത്തു കാര്യം എഴുതാന്‍ പറഞ്ഞാല്‍ പശു പാല്‍ എന്നു മാത്രം എഴുതിയാലും അഞ്ചു മാര്‍ക്കു നല്‍കുന്ന വാലുഷന്‍ ഞാന്‍ കോണ്‍ഗ്ര്‍സ്‌ അനുഭാവി ആണെങ്കിലും ഒരു ആദര്‍ശധീരന്‍ ആണൂ എണ്റ്റെ മോനും സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കണം എന്നാല്‍ മലയാളം വേണ്ട ഇംഗ്ളീഷ്‌ മീഡിയം ആയിക്കോട്ടെ എന്നു കരുതി തിരുവനന്തപുരത്തെ യേശുദാസും ഗണേഷ്‌ കുമാറും ബിനീഷ്‌ കൊടിയേരിയും പഠിച്ച തൈക്കാട്‌ മോഡല്‍ സ്കൂളില്‍ തന്നെ ചേര്‍ത്തു അഞ്ച്‌ ആര്‍ ക്ളാസ്‌ ആയപ്പോള്‍ ഫിസിക്സ്‌ കെമിസ്റ്റ്രീ എന്നിവ ഒന്നും കാര്യ്മായി പഠിപ്പിക്കുന്നില്ല എന്നു എണ്റ്റെ ശ്രധയില്‍ പെട്ടു തിരക്കിയപ്പോള്‍ അധ്യാപകര്‍ അവധി ആണു സെന്‍സസ്‌ തുടങ്ങിയ പരിപാടികള്‍ക്കു പോകുന്നു, എച്ച്‌ എമിനു അവിടെ കാര്യമായ പവര്‍ ഒന്നുമില്ല അതൊക്കെ ഞങ്ങള്‍ ഹായ്‌ സ്കൂള്‍ ആകുമ്പോഴേക്കും ശരിയാക്കും ഇപ്പോള്‍ വലിയ ഭാരം വേണ്ട എന്നു വച്ചു എന്നൊക്കെയായിരുന്നു എക്സ്ക്യൂസസ്‌ പതുക്കെ ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങി അപ്പോഴാണു എനിക്കു മനസ്സിലായത്‌ ഈ ടെക്സ്റ്റില്‍ പഠിപ്പിക്കാന്‍ ഒന്നും തന്നെ ഇല്ല ടെക്സ്റ്റില്‍ കുറെ ചോദ്യങ്ങള്‍ മാത്രമേ ഉള്ളു സോഡിയം ക്ളോറൈഡ്‌ വെള്ളത്തില്‍ പെട്ടെന്നു ലയിക്കുന്നു കാത്സ്യം ക്ളോറൈഡ്‌ ലയിക്കാന്‍ താമസം വരുന്നു എന്താണു കാരണമെന്നു നിങ്ങള്‍ തന്നെ മനസ്സിലാക്കുക എന്ന രീതിയില്‍ ആണു ചാപ്റ്ററുകളുടെ പോക്കു, എന്താണു റീസണ്‍ എന്നു മനസ്സിലാക്കണമെങ്കില്‍ ഒന്നുകില്‍ നമ്മള്‍ ഗൂഗിള്‍ ചെയ്യണം അല്ലെങ്കില്‍ ലേബര്‍ ഇന്ത്യ വാങ്ങിക്കണം അല്ലെങ്കില്‍ സ്കൂള്‍ മാസ്റ്റര്‍ വാങ്ങിക്കണം മാ ത്‌ സ്‌ മാത്രം കുറെ ഉണ്ട്‌, ശാസ്ത്രവിഷയം എല്ലാം ഈ കണക്കില്‍ ആണു പുസ്തക രചന, ഈ കാത്സ്യം ക്ളോറൈഡ്‌ എന്താ ലയിക്കാന്‍ താമസം എന്നു കുട്ടി കണ്ട്‌ പിടിച്ചു അസൈന്‍ മെണ്റ്റ്‌ എഴുതി അതു അധ്യാപകന്‍ ഇവാലുവേറ്റ്‌ ചെയ്ത്‌ ഇണ്റ്റേണല്‍ അസ്സസ്‌ മെണ്റ്റ്‌ നല്‍കുമ്പോള്‍ കുട്ടി തന്നത്താന്‍ പഠിച്ചു എന്നാണു കണ്‍സെപ്റ്റ്‌? പീ ജിക്കാരനായ എനിക്കു മനസ്സിലാക്കാത്ത ഈ സംഭവം ഗൂഗിളും ഹാന്‍ഡ്‌ ബുക്കും ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടി എവിടെ നിന്നു കണ്ടുപിടിക്കും?

Anonymous said...

ഇങ്ങിനെ പല പല ബുക്കു വായിച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തനായി ഞാന്‍ പഠിച്ച കാലം ഇതെല്ലാം ഡയറക്ട്‌ ആയി ഉണ്ടായിരുന്നു ചോദ്യവും ഡയറക്ടായിരുന്നു

ഇതൊന്നും പുസ്തകത്തില്‍ എഴുതാതിരിക്കുക അതെല്ലാം കുട്ടിയും സാറും കൂടി കണ്ടുപിടിക്കുക അസൈമണ്റ്റ്‌ എഴുതുക എന്തെല്ലാം കോപ്രായം ഇതാണോ ഗ്രേഡിംഗ്‌ സിസ്റ്റം?

അധ്യാപകന്‍ ആണല്ലോ ഇതാദ്യം മനസ്സിലാക്കുന്നത്‌ അവനു അപ്പഴേ തണ്റ്റെ മോന്‍ രക്ഷപെടണമെങ്കില്‍ സീ ബി എസ്‌ സിക്കു കൊണ്ട്‌ ചേര്‍ക്കണം എന്നു മനസ്സിലായി പതുക്കെ പതുക്കെ അധ്യാപകരുടെ മക്കള്‍ എല്ലാം സര്‍ക്കാര്‍ എയിഡഡ്‌ വിട്ട്‌ അണ്‍ എയിഡഡിലേക്കു പോയി ചേറ്‍ന്നു

ഇതു സമൂഹത്തില്‍ ആറ്‍ക്കും ഒളിച്ചു വെയ്ക്കാന്‍ പറ്റുമോ ഇയാള്‍ തണ്റ്റെ മകനെ സീ ബീ എസ്‌ സി സ്കൂളില്‍ എന്തിനു വിട്ടു എന്നു അടുത്തുള്ള ഓട്ടോക്കാരനും പാലുകാരനും ചിന്തിച്ചു

കാരണം ഇല്ലാതെ കാര്യം ഉണ്ടാവില്ലല്ലോ അധ്യാപകന്‍ തന്നെ സ്വന്തം കുട്ടിയേ സ്വന്ത്ം സ്കൂളില്‍ നിന്നും മാറ്റിയെങ്കില്‍ അതിനറ്‍ഥം ?

എല്ലാ ആള്‍ക്കറ്‍ക്കും അവനനവണ്റ്റെ കുട്ടി നന്നാകണം എന്നാണൂ പതുക്കെ പാലുകാരനും ഇല്ലാത്ത പണം ഉണ്ടാക്കി സ്വന്തം കുഞ്ഞിനും ടീ സി വാങ്ങി സീ ബി എസ്‌ സി ക്കു വിട്ടു, ഈ കുട്ടികളെ കൊണ്ടു പോകുന്ന ഓട്ടോക്കാരന്‍ പിന്നിലാകുമോ?

അങ്ങിനെ മുന്‍പേ ഗമിക്കുന്ന ഗോവ്‌ തണ്റ്റെ പിന്‍പേ ഗമിച്ചു ബഹു ഗോക്കളെല്ലാം

Anonymous said...

ഞാനും എട്ടാം ക്ളാസ്‌ കഴിഞ്ഞപ്പോള്‍ ടീ സി വാങ്ങി മോനെ സ്വകാര്യ അണ്‍ എയിഡഡില്‍ ചേറ്‍ത്തു കേരളാ സിലബസ്‌ തന്നെ ഇംഗ്ളീഷ്‌ മീഡീയം രണ്ട്‌ മാസം കഴിഞ്ഞപ്പോള്‍ ആണു ഒരു കര്യം എണ്റ്റെ ശ്രധയില്‍ പെട്ടത്‌ മോനു പേര്‍സണാലിറ്റി കൂടി അവന്‍ ഇടപെടുന്ന കുട്ടികള്‍ കുറച്ചു കൂടി അപ്പറ്‍ ക്ളാസ്‌ ബാക്ക്‌ ഗ്രൌണ്ടില്‍ ആയിരുന്നു ടൈയും തേച്ച പാണ്റ്റും ഷറ്‍ട്ടും ഒക്കെ ദിനചര്യയുടെ ഭാഗം ആയി ഇംഗ്ളീഷ്‌ മെച്ചപ്പെട്ടു അവന്‍ ഒരു കാര്യം കൂടി പറഞ്ഞു അഞ്ചാം ക്ളസ്‌ മുതല്‍ അഛണ്റ്റെയും മറ്റും ഉദ്യോഗം വിദ്യാഭ്യാസം ചോദിക്കുമ്പോല്‍ എണ്റ്റെ മകനോട്‌ ക്ളാസ്‌ ടീച്ചറ്‍ തന്നെ ചോദിക്കാറുണ്ടായിരുന്നു നിണ്റ്റെ അഛനു തലക്കു അസുഖം വല്ലതും ആണോ പണം ഉണ്ടായിട്ട്‌ നിന്നെ ഇവിടെ എന്തിനു കൊണ്ട്‌ വിട്ടു? അങ്ങേറ്‍ നിണ്റ്റെ ഡയറക്ട്‌ അപ്പന്‍ തന്നെ ആണൊ അതോ അമ്മേടെ രണ്ടാം കല്യാണം ആണോ? കുറെക്കൂടി മൈല്‍ഡ്‌ ആയിട്ടായിരിക്കം ചോദിച്ചത്‌ പക്ഷെ സജീമിനെ പോലെ ഞാനും ഒരു മണ്ടന്‍ ആയല്ലോ? ആ സറ്‍ക്കറ്‍ അധ്യാപകന്‍ എണ്റ്റെ ആദറ്‍ശം മാനിച്ചോ ? എന്നെ ഒരു വട്ടന്‍ ആയല്ലേ കരുതിയത്‌? ഏതായാലും പത്താം ക്ളാസ്‌ എട്ടു എ പ്ളസും നാലു എയും ആയി പയ്യന്‍ ജയിച്ചു

Anonymous said...

പ്രസ്തുത സ്കൂളില്‍ സീ ബി എസ്‌ സി പ്ളസ്‌ ടു ഉണ്ടായിരുന്നു ഞാന്‍ ഉഴപ്പി നടന്നു അതിനു ചെന്നപ്പോഴേക്കും സീറ്റ്‌ തീര്‍ന്നു

വീണ്ടും എയിഡഡ്‌ പ്ളസ്‌ ടു കേരള സിലബസ്‌ മതി എന്നു വച്ചു

അവിടെ അഡ്മിഷന്‍ മാമാങ്കം ആദ്യ ലിസ്റ്റില്‍ ഹുമാനിറ്റി ഒരുമാസം ഒരു തല്ലിപ്പൊളി സ്കൂളില്‍ പിന്നെ സയന്‍സ്‌ അടുത്ത തല്ലിപ്പൊളി സ്കൂളില്‍ പിന്നെ അടുത്ത മാസം പഴയ മോഡല്‍ സ്കൂളില്‍ ഫാസ്റ്റ്‌ ഗ്രൂപ്പ്‌ നവമബര്‍ വരെ ഇങ്ങിനെ പയ്യന്‍ മാറി മാറി പല പല സ്കൂളില്‍ പഠിച്ചു അല്ല ബഞ്ചില്‍ ഒക്കെ പോയി ഇരുന്നു വീട്ടില്‍ പോയി

ഇത്ര അയപ്പോഴേക്കും എണ്റ്റെ ഭാര്യക്കു എണ്റ്റെ ആദര്‍ശം ഒക്കെ മതിയായി അവര്‍ നയം വ്യക്തമാക്കി അവരുടെ പഴയ ഒരു പ്രിന്‍സിപ്പലച്ചനെ കണ്ട്‌ ജനറല്‍ ആശുപത്രിക്കടുത്തുള്ള ക്രിസ്ത്യന്‍ എയിഡഡില്‍ കാശു കൊടുത്തു അഡ്മിഷന്‍ വാങ്ങി

അപ്പോഴും ബേബി സാറിണ്റ്റെ കാപ്‌ നിക്‌ അഡ്മിഷന്‍ നടക്കുന്നതേ ഉള്ളു, മാസം ആറു വെറുതെ പോയി

അതേ സമയം അവണ്റ്റെ കൂടെ അതേ ക്ളാസില്‍ പഠിച്ചു പക്ഷെ സീ ബി എസ്‌ സി ക്കു ചേര്‍ന്ന കുട്ടി ഫാസ്റ്റ്‌ ഈയര്‍ പോര്‍ഷന്‍ മുക്കാല്‍ തീര്‍ത്തു കഴിഞ്ഞു ഇവിടെ ഡിസംബര്‍ ആയിട്ടും തുടങ്ങിയിട്ടില്ല

ഇന്നലെ കോമര്‍സ്‌ പഠിച്ചവനു ഇന്നു ബയോളജി കിട്ടീ മറ്റന്നാള്‍ ഫസ്റ്റ്‌ ഗ്രൂപ്‌ കിട്ടും സിറ്റിയിലെ എല്ലാ സ്കൂളും അവന്‍ കണ്ടു കഴിഞ്ഞു ഒരു സ്കൂളിലും ആരും ഒന്നും പഠിപ്പിക്കുന്നില്ല ആ അഡ്മിഷന്‍ തീരട്ടെ എന്നിട്ട്‌ തുടങ്ങാം അഡ്മിഷന്‍ തീരണമെങ്കില്‍ ജനുവരി ആകും

ചുരുക്കം പത്താം ക്ളാസ്‌ പാസ്സയ കുട്ടി മേയ്‌ മുതല്‍ അടുത്ത ജനുവരി വരെ പല പല സ്കൂളില്‍ കയറി ഇറങ്ങി പല പല സ്റ്റ്റീം പഠിച്ചു ഒടുവില്‍ ജനുവരി ആയപ്പോള്‍ ഡിസിഷന്‍ ഫൈനല്‍ ആയി

പിന്നെത്റ മാസം കേവലം രണ്ട്‌ മാസം
ഫസ്റ്റ്‌ ഈയറ്‍ പ്ളസു ടു പഠിക്കാന്‍

സിലബസോ എന്‍ സി ഈ ആറ്‍ ടി സീ ബി എസ്‌ സി കഴിഞ്ഞു വന്ന കുട്ടിക്ക്‌ ഇതു ഒരു റിപറ്റീഷന്‍ മാത്റം

അതേ സമയം കേരള സിലബസ്‌ പത്താം ക്ളാസില്‍ വന്ന കുട്ടിക്ക്‌ ബാലി കേറാ മല പുസ്തകം വായിക്കാറ്‍ അറിയാത്താവ്നു എന്‍ സി ആറ്‍ ടിയുടെ ഉഗ്രന്‍ ഫിസിക്സ്‌ കെമിസ്റ്റ്റി

ആഹ ഹ

Anonymous said...

പ്ളസ്‌ ടു മേയില്‍ തന്നെ തുടങ്ങും എന്നാലും ഒരു ഓട്ട പ്റദക്ഷിണം അല്ലാതെ സിലബസ്‌ കവറ്‍ ചെയ്യാന്‍ പറ്റില്ല കുട്ടികള്‍ക്ക്‌ തീരെ ബേസ്‌ ഇല്ല ഈടെ എല്ലം പുസ്തകം മാത്രമേ ഇംഗ്ളീഷ്‌ ഉള്ളു പഠിപ്പിക്കല്‍ ഒക്കെ പച്ച മലയാളം എട്ടും ഒന്‍പതും പത്തും എന്തെങ്കിലും എഴുതി ജയിച്ചു വന്നവനെ എങ്ങിനെ ന്യൂട്ടണ്‍സ്‌ ലാ ഓഫ്‌ മോഷന്‍ പഠിപ്പിക്കും? ആംഗുലാറ്‍ വെലോസിറ്റി പഠിപ്പിക്കും? ആരെ കോണ്ട്‌ പറ്റും? ആറ്‍ക്കുണ്ട്‌ അത്റ ആത്മാറ്‍ഥത ? പല നിലവാരം ഉള്ള കൂട്ടികള്‍ ചുരുക്കം പ്ളസ്‌ ടു വും ഇതുപോലെ മോഡറേഷന്‍ കൊടുത്തു റിസല്‍റ്റ്‌ ഉണ്ടാകും എണ്ട്രന്‍സു വരുമ്പോള്‍ സീ ബി എസ്‌ സി പഠിച്ചവരും ഒരു കൊല്ലം റിപ്പീറ്റ്ചെയ്തവരും നല്ല റങ്ക്‌ വാങ്ങിക്കും എത്റ മിടുക്കന്‍ ആയാലും എണ്ട്രന്‍സ്‌ ക്വാളിഫൈ ചെയ്യാന്‍ പോലും സാദ സറ്‍ക്കാറ്‍ എയിഡഡില്‍ കേരള സിലബസ്‌ ഇംഗ്ളീഷ്‌ മീഡിയം പഠിച്ച കുട്ടിക്ക്‌ പറ്റില്ല മലയാളം മീഡിയം അതില്‍ ശാസ്ത്റം പഠിച്ചിട്ട്‌ എന്തു പ്റയോജനം പ്രവേഗം എന്നു പ്‌ അറയുന്നത്‌ വെലോ സിറ്റി ആണെന്നു അറിയുമ്പോഴേക്കും അവണ്റ്റെ പ്ളസ്‌ ടു തീരും

Anonymous said...

ഇനി ആര്‍ക്കെങ്കിലും സ്വന്തം മക്കളുടെ ഭാവി തുലയ്ക്കണമെന്നു തോന്നുന്നെങ്കില്‍ സജീമിനെ പോലെ ചെയ്യുക മക്കള്‍ എന്‍ ജിനീയര്‍ ആകണമെങ്കില്‍ ആദ്യം തന്നെ വ്യക്തമായ പാഠ്യ പധതി ഉള്ള സീ ബി എസ്‌ സിക്കു വിടുക ആര്‍ ടി ഐ അനുസരിച്ചു ഈ ഗ്രേഡിംഗ്‌ പധതി ഉണ്ടാക്കിയവണ്റ്റെ ഒക്കെ പേരും മേല്‍ വിലാസവും പ്രസിധീകരിക്കുക അവണ്റ്റെ സ്വന്തം മക്കള്‍ എവിടെ ആണു പഠിച്ചതെന്നു തിരക്കുക കേരള ഗ്രേഡിംഗ്‌ സമ്പ്രദായം കൊണ്ടുവന്ന ആരുടെ എങ്കിലും മക്കള്‍ കൊച്ചു മക്കള്‍ സീ ബി എസ്‌ സി ക്കു പഠിച്ചതായി കണ്ടാാല്‍ അവനെ ജനകീയ വിചാരണ നടത്തി ചെരുപ്പ്‌ മാല കഴുത്തില്‍ ഇടുക ചാണകത്തില്‍ കുളിപ്പിക്കുക

Anonymous said...

ഒന്നു കൂടി പറഞ്ഞു നിര്‍ത്താം രണ്ടാമത്തെ മകനെ ഞാന്‍ നല്ല നിലവാരമുള്ള ഒരു അണ്‍ എയിഡഡ്‌ സ്കൂളില്‍ സീ ബി എസ്‌ സിക്കു ചേര്‍ത്തു എല്ലാ പുസ്തകവും നല്ല ക്ളീയര്‍ ആയി എഴുതിയിട്ടുണ്ട്‌ പഠിക്കേണ്ട ക്വസ്റ്റ്യന്‍ ഉണ്ട്‌ മോഡല്‍ ക്വ്സ്റ്റയ്ന്‍ ഉണ്ട്‌? ചോദിക്കുന്നതും ഡയറക്ട്‌ ആണൂ? കുട്ടി ഏഴാം ക്ളാസ്‌ ആയി എന്നെക്കാള്‍ നന്നായി ഇം ഗ്ളീഷ്‌ സംസാരിക്കും, എഴുത്തു പോര, ഇപ്പോള്‍ എണ്റ്റെ മൂത്ത മകന്‍ വെളിയില്‍ ആണു പഠിക്കുന്നത്‌ അവനും ഇംഗ്ളീഷ്‌ നന്നയി സംസാരിക്കും (കേരള സിലബസിണ്റ്റെ മെച്ചം അല്ല ലണ്ടനില്‍ കൊണ്ട്‌ വിട്ടാല്‍ നമ്മല്‍ടെ ഏതു കുട്ടിയും നന്നായി ഇംഗ്ളീഷ്‌ പറയും കാരണം അതി ജീവനം) എന്നാലും അക്സണ്റ്റ്‌ സ്പെല്ലിംഗ്‌ ഒക്കെ രണ്ടാമന്‍ ആണു മിടുക്കന്‍ ഇനി വിവരം ഉള്ള നിങ്ങള്‍ തീരുമാനിക്കു ഏട്ടിലെ പശു പുല്ലു തിന്നില്ല കുട്ടികളുടെ ഭാവി തുലയ്ക്കരുത്‌

Unknown said...

Sushil സാറിനു നല്ലനമസ്ക്കാരം.

ഇ.എ.സജിം തട്ടത്തുമല said...

എതിർത്തും അനുകൂലിച്ചും അഭിപ്രായം പറഞ്ഞവർക്കെല്ലാം നന്ദി. ഓരോരുത്തരെയും മറുപടി പറഞ്ഞ അടയ്ക്കാനൊന്നും ഇപ്പോൾ നിൽക്കുന്നില്ല.

ഇ.എ.സജിം തട്ടത്തുമല said...

ചിലരോട് ഒന്നു കൂടി. മോഷണവും പിടിച്ചു പറിയും ഒന്നും വശമില്ലാത്തതുകൊണ്ട് അറിയാവുന്നതും ഇഷ്ടപ്പെടുന്നതുമായ ഒരു തൊഴിൽ ചെയ്യുന്നു. അതൊന്നും മറച്ചു വച്ചിട്ട് അനോണിയായി എഴുതുന്ന ആളൊന്നുമല്ല ഞാൻ.ഞങ്ങൾക്ക് പൊതുപ്രവർത്തനത്തിന്റെ ഭാഗമാണ് ട്യൂട്ടോറിയൽ പ്രവർത്തനവും. അത് ഗ്രാമീണ മേഖലകളിലെ പാരലൽ കോളേജുകളുടെ ചരിത്രം പഠിച്ചിട്ടുള്ളവർക്ക് അറിയാം. ഇന്ന് ഉന്നത മേഖലകളിൽ വിരാചിക്കുന്നവർ നല്ലൊരു പങ്ക് തെണ്ടി തിരിയുന്ന കാലത്ത് ഒരു ദിവസമെങ്കിലും പാരലൽ കോളെജിന്റെ തീണ്ണ നിരങ്ങിയവരാണ്.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

“അപ്പോഴാണു എനിക്കു മനസ്സിലായത്‌ ഈ ടെക്സ്റ്റില്‍ പഠിപ്പിക്കാന്‍ ഒന്നും തന്നെ ഇല്ല ടെക്സ്റ്റില്‍ കുറെ ചോദ്യങ്ങള്‍ മാത്രമേ ഉള്ളു സോഡിയം ക്ളോറൈഡ്‌ വെള്ളത്തില്‍ പെട്ടെന്നു ലയിക്കുന്നു കാത്സ്യം ക്ളോറൈഡ്‌ ലയിക്കാന്‍ താമസം വരുന്നു എന്താണു കാരണമെന്നു നിങ്ങള്‍ തന്നെ മനസ്സിലാക്കുക എന്ന രീതിയില്‍ ആണു ചാപ്റ്ററുകളുടെ പോക്കു, എന്താണു റീസണ്‍ എന്നു മനസ്സിലാക്കണമെങ്കില്‍ ഒന്നുകില്‍ നമ്മള്‍ ഗൂഗിള്‍ ചെയ്യണം അല്ലെങ്കില്‍ ലേബര്‍ ഇന്ത്യ വാങ്ങിക്കണം അല്ലെങ്കില്‍ സ്കൂള്‍ മാസ്റ്റര്‍ വാങ്ങിക്കണം മാ ത്‌ സ്‌ മാത്രം കുറെ ഉണ്ട്‌, ശാസ്ത്രവിഷയം എല്ലാം ഈ കണക്കില്‍ ആണു പുസ്തക രചന, ഈ കാത്സ്യം ക്ളോറൈഡ്‌ എന്താ ലയിക്കാന്‍ താമസം എന്നു കുട്ടി കണ്ട്‌ പിടിച്ചു അസൈന്‍ മെണ്റ്റ്‌ എഴുതി അതു അധ്യാപകന്‍ ഇവാലുവേറ്റ്‌ ചെയ്ത്‌ ഇണ്റ്റേണല്‍ അസ്സസ്‌ മെണ്റ്റ്‌ നല്‍കുമ്പോള്‍ കുട്ടി തന്നത്താന്‍ പഠിച്ചു എന്നാണു കണ്‍സെപ്റ്റ്‌? പീ ജിക്കാരനായ എനിക്കു മനസ്സിലാക്കാത്ത ഈ സംഭവം ഗൂഗിളും ഹാന്‍ഡ്‌ ബുക്കും ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടി എവിടെ നിന്നു കണ്ടുപിടിക്കും?“

സുശീൽ, താങ്കളോട്എനിക്കും താങ്കൾക്ക് എന്നോടും കൂടുതലും വിയോജിപ്പുകളാണുള്ളതെങ്കിലും ഈ കാര്യത്തിൽ എനിക്കു പൂർണ്ണ യോ‍ജിപ്പാണ്. ഇത് ഞാൻ എന്റെ മുൻ പോസ്റ്റുകളിൽ തുറന്നെഴുതിയിട്ടുണ്ട്. വേണമെങ്കിൽ ഓൾഡർ പോസ്റ്റുകൾ പരിശോധിക്കുക. താങ്കളെ പോലെ മൃദുവായിട്ടല്ല; ശക്തമായി പറഞ്ഞിരുന്നു. ആളുകളോട് നേരിൽ പളായിട്ടാണ് ഞാനിത് പറയാറ്. അതായത് ചോദ്യങ്ങൾ നൽകിയിട്ട് ഉത്തരം അറിയണമെങ്കിൽ മുണ്ടു പൊക്കി നോക്കൂ എന്ന മട്ടിൽ. ഇത് എന്റെ കെ.സ്.റ്റി.എ സുഹൃത്തുക്കൾ പലരും അംഗീകരിച്ചവയാണ്.പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഞാൻ പറഞ്ഞല്ലോ. ഗ്രേഡിംഗും പുതിയ പാഠ്യപദ്ധതി ലക്ഷ്യങ്ങളും ഒക്കെ കൊള്ളാം. പുസ്തകം, പരീക്ഷാ ചോദ്യങ്ങൾ എന്നിവ ശരിയല്ല. പുസ്തകങ്ങൾ പഴയതു തന്നെ നല്ലത്. ഉത്തരങ്ങൾ തേടിയെത്തുന്ന കുട്ടികളെ ചോദ്യങ്ങൾ ചോദിച്ച് വിരട്ടി പായിക്കുന്ന സമ്പ്രദായം ശരിയല്ല. പക്ഷെ അത് ആരു ഭരിച്ചിട്ടും മാറിയില്ലല്ലോ!

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

സുശീൽ,
റിബൽ വിത്തൌട്ട് കാസ് ആണെങ്കിലും കാസ് ഉള്ള ചിലതിലും സുശീൽ റിബൽ ആകുന്നുണ്ട്. സന്തോഷം. താങ്കൾക്ക് ഈ മേഖലയിലെ നടപടിക്രാമങ്ങളെക്കുറിച്ച് നനായി അറിയാമെന്നു മനസിലാക്കുന്നു. എങ്കിലും ഏകജാലകം തുടങ്ങിയവയോടുള്ള എതിർപ്പുകളെ എന്റെ അനുഭവങ്ങൾ വച്ച് എതിർക്കാൻ തോന്നുന്നില്ല. കാരണം മുമ്പ് സർക്കാർ സ്കൂളുകളിലും മാർക്കുള്ള കുട്ടികൾ വെളിയിലും പി.റ്റി.എ പ്രമുഖരുടെയും, അദ്ധ്യാപക പ്രമുഖരുടെയും, രാഷ്ട്രീയ പ്രമുഖരുടെയും മക്കൾ മാർക്ക്യോഗ്യതയില്ലാതെ തന്നെ സ്കൂളുകളിൽ കയറി പറ്റുകയും ചെയ്തിരുന്നു. ഇപ്പൊൾ അതു നടക്കില്ല. താമസങ്ങൾ വരുന്നു എന്നത് നേര്!

ഇ.എ.സജിം തട്ടത്തുമല said...

സ്വാശ്രയ സ്ഥാപനങ്ങളുടെ അന്യായമായ കൈ കടത്തൽ പൊതു വിദ്യാലയങ്ങളെ തകർക്കുന്നു. എന്നാൽ പാരലൽ കോളേജുകളുടെ സാന്നിദ്ധ്യം പൊതു വിദ്യാലയങ്ങളെ നിലനിർത്താനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. പരിമിതമായ ഫീസു വാങ്ങുന്നു എന്നതുകൊണ്ട് ട്യൂട്ടോറിയൽ കോളേജുകൾ വിദ്യാഭ്യാസ കച്ചവടക്കാരാകുന്നില്ല. വിദ്യ്യാഭ്യാസകച്ചവടകകരെയും ട്യൂഷൻ സെന്ററുകളെയും ഒരേപോലെ താരതമ്മ്യപ്പെടുത്തുന്നത് അത്യന്തം ക്രൂരവും പൈശാചികവും... ആയ .....എന്നലലതെ എന്തു പറയാൻ! സമ്പൂർണ്ണ സോഷ്യലിസം വന്നാലും ട്യൂഷൻ അനിവാര്യതയായിരിക്കും.ഫീസ് വാങ്ങിയിട്ടായാലും അല്ലാതെ ആയാലും!

Anonymous said...

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം കുട്ടിച്ചോറാക്കിയ എം.എ.ബേബി തന്നെ ഇതിനുത്തരവാദി. പരീക്ഷയെഴുതുന്ന എല്ലാപേരെയും ജയിപ്പിച്ച തന്റെ സ്വന്തം കഴിവാണെന്ന് കാണിക്കാന്‍ അയാള്‍ നടത്തിയ വൃത്തികെട്ട നയം കാരണം കേരളത്തിന്റെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് ജയിച്ചു വരുന്നവര്‍ക്ക് മറ്റെവിടയും ഒരു വിലയും ഇല്ല. സര്‍ക്കാര്‍ സ്കൂള്‍ നല്ലതാണെങ്കില്‍ പിന്നെ എന്തിന് ഈ ‘കൊള്ളക്കാരുടെ’ അടുത്ത് പോകണം? സ്വയം ചിന്തിക്കൂ.

Jomy said...

ഇംഗ്ലീഷ് , ഹിന്ദി ഭാഷകള്ക്ക് പ്രാധാന്യം നൽകി മലയാളം മീഡിയം മാത്രമായി നിലനിൽക്കുന്ന വിധത്തിൽ വിദ്യാഭ്യാസം നല്ക്കുക . ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്ന തരം തിരിവാണ് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നത്. എല്ലാം മലയാളം മീഡിയം ആക്കുക. ഇംഗ്ലീഷ് മീഡിയം ഇല്ലാതാക്കുക