എം.എഫ്.ഹുസൈനെക്കുറിച്ച് അഭിമാനിക്കുമ്പോൾ..........
വിശ്വവിഖ്യാത ചിത്രകാരൻ എം.എഫ് ഹുസൈൻ 2011 ജൂൺ 11 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണ വാർത്തയുടെ അന്നോ പിറ്റേന്നോ എഴുതേണ്ട പോസ്റ്റാണിത്. എന്നാൽ ചില തിരക്കുകളാൽ അതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മരണത്തിൽ ആദ്യംതന്നെ അനുശോചിക്കുന്നു. അതോടൊപ്പം അല്പം ചില കാര്യങ്ങൾ ഇവിടെ കുറിച്ചിടുന്നു.
രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ എല്ലാം നൽകി ആദരിച്ച എം.എഫ്. ഹുസൈൻ എന്ന വിഖ്യാത ഇന്ത്യൻ ചിത്രകാരനെ ഇന്ത്യയിൽ നിന്ന് ഒരു കൂട്ടം വർഗ്ഗീയ വാദികൾ നാടുകടത്തുകയായിരുന്നു. വന്ദേമാതരം എന്ന പേരിൽ അദ്ദേഹം വരച്ച ഒരു ചിത്രത്തെ ചൊല്ലിയാണ് ഹിന്ദു വർഗ്ഗീയ വാദികൾ അദ്ദേഹത്തിനെതിരെ ഭീഷണി ഉയർത്തിയത്. രാഷ്ട്രത്തിന് അദ്ദേഹത്തിനു വേണ്ട സംരക്ഷണം നൽകാൻ കഴിയാത്തതിനാൽ നാട് വിട്ട് ഖത്തറിൽ ചെന്ന് അവിടുത്തെ പൌരത്വം എടുക്കുകയായിരുന്നു. മരണപെട്ടത് ലണ്ടനിൽ വച്ചും. ഇന്ത്യയിലേയ്ക്ക് മടങ്ങി വരാൻ അതിയായി ആഗ്രഹിച്ചിരുന്ന ഈ അനുഗ്രഹീത കാലാകാരനെ സ്വന്തം രാജ്യത്ത് മടക്കി കൊണ്ടു വരുന്നതിൽ നമ്മുടെ ഭരണ കൂടം വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. എം.എഫ്.ഹുസൈന് രാജ്യം വിടേണ്ടിവന്നത് ഇന്ത്യൻ ജനാധിപത്യത്തിനേറ്റ തീരാകളങ്കമാണ്.
ഹിന്ദു വർഗ്ഗീയ വാദികൾ മാത്രമല്ല, മുസ്ലിം വർഗ്ഗീയ വാദികളും മുമ്പ് അദ്ദേഹത്തിനെതിരെ ഭീഷണി ഉയർത്തിയിരുന്നു. ഒരു കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേൽ നടന്ന ഈ അതിക്രമം ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ യശസിനു കളങ്കം ചാർത്തി. ഇന്ത്യൻ പിക്കാസോ എന്നറിയപ്പെട്ടിരുന്ന എം.എഫ്.ഹുസൈൻ എന്ന വരയുടെ മാന്ത്രികൻ ഇന്ത്യക്കാരനായിരുന്നു എന്ന് നെഞ്ചിൽ കൈവച്ച് അഭിമാനിക്കുവാനുള്ള ധാർമ്മികമായ അവകാശം ഓരോ ഇന്ത്യക്കാരനും നഷ്ടപ്പെട്ടു എന്നു വേണം പറയാൻ. താൻ ഹൃദയത്തിലേറ്റി നടന്ന മാതൃരാജ്യത്ത് ജീവിത സായന്തനം ചെലവഴിക്കാനോ ഇവിടെത്തന്നെ മരിച്ച് പിറന്ന ഈ മണ്ണിൽ തന്നെ ലയിച്ചു ചേരാനോ കഴിയാതെ പോകുന്നത് ഒരു രാജ്യസ്നേഹിയെ സംബന്ധിച്ചിടത്തോളം അഗാധമായ ഹൃദയ വേദനയുണ്ടാക്കും. എന്നാൽ എം.എഫ്.ഹുസൈന്റെ കാര്യത്തിൽ അതു തന്നെ സംഭവിച്ചു പോയതിൽ നാം ഓരോ ഇന്ത്യക്കാരനും ഉള്ളുരുകി പശ്ചാത്തപിക്കെണ്ടതാണ്. അതിനപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ!
ഒരു കലാകാരന്റെ എല്ലാ സൃഷ്ടികളും കുറ്റമറ്റതോ എല്ലാവർക്കും ഇഷ്ടപ്പെടുന്നതോ ആയിക്കൊള്ളണം എന്നില്ല. സൃഷ്ടിയോട് എതിർപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കുവാൻ ജനാധിപത്യപരമായ ധാരാളം മാർഗ്ഗങ്ങൾ ഉണ്ട്. വിയോജനക്കുറിപ്പുകൾ ഇറക്കാം, ചർച്ചകൾ സംഘടിപ്പിക്കാം, ജാഥകളും പ്രകടനങ്ങളും നടത്താം. സൃഷ്ടികർത്താവിനെ തന്നെ പങ്കെടുപ്പിച്ച് സംവാദങ്ങൾ സംഘടിപ്പിക്കാം. അങ്ങനെ എത്രയോ മാർഗ്ഗങ്ങൾ. ഒരു സൃഷ്ടി നിയമ വിരുദ്ധമോ സമൂഹത്തിൽ ആർക്കെങ്കിലും പ്രയാസം ഉണ്ടാക്കുന്നവയോ ആണെങ്കിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതികൾ വഴി തന്നെ അതിനു പരിഹാരം കാണാൻ ശ്രമിക്കാം. പലപ്പോഴും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതുമാണ്. എന്നാൽ ഒരു രാജ്യത്തെ പൌരനെ താൻ ആവിഷ്കരിച്ച ഒരു കാലാ-സാഹിത്യ സൃഷ്ടിയുടെ പേരിൽ (എന്തിന്റെ പേരിൽ ആയാലും) നാടു കടത്തുന്നത് അത്യന്തം പൈശാചികമാണ്.
ഒരാളുടെ കലാ സാഹിത്യ സൃഷ്ടികളെ സംബന്ധിച്ച് എല്ലാവർക്കും ഒരേ അഭിപ്രായം ആയിക്കൊള്ളണം എന്നില്ല. കാരണം ഓരോരുത്തരും അവരവരുടേതായ ആസ്വാദന തലങ്ങളിൽ നിന്നു കൊണ്ടാകും അവയെ സമീപിക്കുക. ബോധ പൂർവ്വം ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുവാൻ ഒരു കലാകാരൻ സാധാരണ തയ്യാറാകില്ല. പ്രത്യേകിച്ചും എം.എഫ്. ഹുസൈനെ പോലെ ഒരാൾ. പലപ്പോഴും നിർദ്ദോഷമായി ചെയ്യുന്ന ഒരു സൃഷ്ടി വിവാദത്തിൽ ആകുമ്പോഴായിരിക്കും അതിന്റെ കർത്താവ് അതേ പറ്റി ആലോചിക്കുന്നതു പോലും. ഒരു കലാസൃഷ്ടിയെ ദോഷൈക ദൃഷ്ടിയോടെ സമീപിച്ചാൽ അതിൽ പല കുഴപ്പങ്ങളും ഉണ്ടെന്നു തോന്നും. ഇനി അഥവാ ആയിരക്കണക്കിനു അർത്ഥവത്തും മനോഹരവുമായ ചിത്രങ്ങൾ വരച്ച ഒരു ചിത്രകാരനിൽ നിന്ന് എന്തെങ്കിലും ചെറിയ പിഴവുകൾ ഉണ്ടായാലും അതെ പറ്റി പ്രതിഷേധം അറിയിച്ച് ക്ഷമിക്കാനും പൊറുക്കാനും കഴിയണ്ടേ? പ്രത്യേകിച്ചും അതിരു കവിഞ്ഞ ദേശീയതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്നവർക്ക്!
ചിത്രകല വളരെയേറേ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും എം.എഫ്.ഹുസൈന്റെ ചിത്രങ്ങൾ വളരെയൊന്നും കാണാനോ ആസ്വദിക്കാനോ ഈയുള്ളവനു കഴിഞ്ഞിട്ടില്ല. വന്ദേമാതരം, മാധുരി ദീക്ഷിത്ത് വിഷയങ്ങളിൽ അല്പം ചില വിയോജിപ്പുകൾ ഉണ്ട് എന്നത് തുറന്നു പറയാതെയും ഇരിക്കുന്നില്ല. ചിത്രകലയെ മുടിനാരു കീറി അറിഞ്ഞ് ആസ്വദിക്കാൻ മാത്രം അതു സംബന്ധിച്ച എന്തെങ്കിലും അവബോധം ഇല്ലാത്തതുകൊണ്ടാകാം. എന്നാൽ ഒരു ചിത്രകാരനെ വിരട്ടി ഓടിക്കാൻ മാത്രം പ്രകോപനമൊന്നും അതിലില്ല. കാരണം നമ്മുടെ പുരാതന കാലം മുതലുള്ള ചിത്രകലാ പാരമ്പര്യം വച്ച് നോക്കുമ്പോൾ ആ ചിത്രത്തിന്റെ പേരിൽ ഇത്രയധികം പ്രകോപനമുണ്ടാകുന്നതിനു യാതൊരു ന്യായീകരണവും ഇല്ല. ഇനി അദ്ദേഹത്തിനെതിരെ വാളോങ്ങിയവരുടെ വികാരങ്ങളെ മാനിച്ചും ന്യായീകരിച്ചും പറഞ്ഞാൽ തന്നെയും, ഇങ്ങനെ ഒരു നഗ്ന ചിത്രം ആലേഖനം ചെയ്ത് ഭാരത മാതാവിനെ ആക്ഷേപിക്കേണ്ടിയിരുന്നില്ലെന്ന് അദ്ദേഹത്തോട് നേരിട്ട് ചെന്നു സൌമ്യമായി പറഞ്ഞ് ഒരു ചായയും കുടിച്ച് കെട്ടിപ്പിടിച്ച് പിരിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ചിത്രത്തോടല്ല , ചിത്രകാരനോടാണ് അസഹിഷ്ണുതയെങ്കിൽ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ!
ഇവിടെ ഏറ്റവും പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചു കൊണ്ട് ഞാൻ കുറിപ്പ് അവസാനിപ്പിക്കുകയാണ്. സ്വന്തം രാജ്യത്ത് ജീവന് ഭീഷണി ഉയർന്നപ്പോൾ ജീവഭയം മൂലം എം.എഫ്.ഹുസൈൻ പിടിച്ചി നിൽക്കാനാകാതെ രാജ്യം വിട്ടു പോയി. അദ്ദേഹം ചെന്നെത്തിയ മറ്റൊരു രാജ്യത്ത് അവിടുത്തെ പൌരത്വം നിരുപാധികം ലഭ്യമാകുകയും ചെയ്തു. പണ്ട് പത്തു രൂപയ്ക്ക് മുംബേയിൽ ചിത്രം വിറ്റു നടന്ന എം.എഫ്. ഹുസൈന്റെ ചിത്രങ്ങൾക്ക് പിൽക്കാലത്ത് കോടികൾ വില മതിപ്പുണ്ടായി. സ്വന്തം ചിത്രങ്ങൾകൊണ്ട് സാമ്പത്തികമായി അദ്ദേഹം ഭേദപ്പെട്ട നിലയിലുമായി. ഒപ്പം വിഖ്യാത ചിത്രകാരൻ എന്ന പ്രശസ്തിയും ലോകാദരവും. അങ്ങനെയുള്ള ഒരു അസാധാരണ പൌരന് സ്വന്തം രാജ്യത്ത് ജീവന് ഭീഷണി ഉയർന്നാൽ മറ്റൊരു രാജ്യത്തിലേയ്ക്ക് പോകാൻ ബുദ്ധിമുട്ടൊന്നുമില്ല. മറ്റേതെങ്കിലും ഒരു രാജ്യത്തെ പൌരത്വം ലഭിക്കാനും പ്രയാസമില്ല. എന്നാൽ നാം ചിന്തിക്കേണ്ട വിഷയം, എം.എഫ്. ഹുസൈന്റെ അനുഭവം അത്രത്തോളം പ്രശസ്തിയോ ധനസ്ഥിതിയോ ഇല്ലാത്ത ഒരാൾക്കാണ്, ഒരു സാധാരണ പൌരനാണ് സംഭവിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു? ഇവിടെയാണ് നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളെ നാം തിരിച്ചറിയേണ്ടത് !
14 comments:
ഏറ്റവും ദുഃഖകരമായ ഒരു തമാശ ഈ എക്സ്ട്രീം ചിന്താഗതിക്കാരും ഫനാറ്റിക്സും പൊതുവായി ചില കാര്യങ്ങളില്‍ കാണിക്കുന്ന ഏകസ്വഭാവം തന്നാണ്.അസഹിഷ്ണുതക്ക് മരുന്നുണ്ടോ? അതിനി ഏത് ‘ഇസ’ ത്തിന്റെ ആളായാലും,തങ്ങള്‍ക്ക് അനഭിമതമായതെല്ലാം ഇല്ലാതായിരിക്കണം എന്ന ചിന്ത കൂടി വരുന്നു.കഷ്ടം !
അമ്പലത്തിലെ ചുവര്ചിത്രകലയും കൊത്തുപണികളും ഹുസൈന്റെ ചിത്രങ്ങളേക്കാള്‍ നഗ്നമാണ് എന്ന നഗ്നസത്യം മനസ്സിലാക്കാന്‍ ഈ ത്രിശൂലം പിടിച്ചു നടക്കുന്ന ടീമ്സോന്നും അമ്പലത്തില്‍ കയരാരില്ലേ?
"എം.എഫ്. ഹുസൈന്റെ അനുഭവം അത്രത്തോളം പ്രശസ്തിയോ ധനസ്ഥിതിയോ ഇല്ലാത്ത ഒരാൾക്കാണ്, ഒരു സാധാരണ പൌരനാണ് സംഭവിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു? ഇവിടെയാണ് നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളെ നാം തിരിച്ചറിയേണ്ടത് !"
correct,തിരഞ്ഞെടുപ്പ് കാലത്ത് ചില സിനിമ താരങ്ങള്‍ക്കെതിരെ കുട്ടി സഖാക്കള്‍ ഇറങ്ങിയപ്പോള്‍ തട്ടതുമല സാര്‍ ഇവിടെ എങ്ങും ഇല്ലായിരുന്നോ?
തിരൂര്‍ സാര്‍, ഹുസൈന് ഒരു ചലച്ചിത്രം ഇറക്കാന്‍ നോക്കിയതും പിന്‍വലിച്ചതും എങ്ങനെ എന്ന് അറിയാമോ?
ആവിഷ്ക്കാര സ്വതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ Oliver Wendell Holmes, Jr. ന്റെ "your right to swing your fist ends where my nose begins" എന്ന സുപ്രസിദ്ധമായ ആ വാക്യങ്ങള്‍ ഓര്‍ക്കുക. ഒരു വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ് ഈ വചനങ്ങള്‍
നമ്മുടെ നാട്ടിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ മൂപ്പർക്കുണ്ടായ ഏറ്റവും മെച്ചം ലോകപ്രശസ്തനാകാൻ പറ്റി എന്നുള്ളതാണ് കേട്ടൊ മാഷെ
ഒരു “സാധാരണക്കാരനും“ അയല്‍-വക്കക്കാരന്റെ അമ്മയുടെ നഗ്ന ചിത്രം വരച്ചിട്ട് അതിന്റെ അടിയില്‍ പേരും എഴുതി വച്ച് നടക്കില്ല എന്റെ മാഷേ.. ഇതിലും വലിയ ഭീക്ഷണിയുണ്ടായിട്ടും എത്രയോ ആളുകള്‍ ഈ നാറ്റില് തന്നെ കഴിയുന്നു. പണ്ടൊരു മഹാന് പറഞ്ഞതു പോലെ ഞങ്ങളെ സ്വീകരിക്കാന്‍ 10-40 രാജ്യങ്ങളുണ്ട് നിങ്ങള്‍ എന്ന്ഗ്ഗൊട്ടു പോകും എന്നു.പോകാനിടമുള്ള ബിസിനെസ്സുകാര്‍ ഇങ്ങനെ പല നമ്പരും കാണിക്കും.
അപ്പോള്‍ ഈ കലാസ്രുഷ്ടികളോ തട്ടത്തുമലേ?
http://www.humanevents.com/article.php?id=12146
അതുമാവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ശ്രേണിയില്‍ വരില്ലേ?
ഹുസൈന് മതേതരാതരന്റെ ആവിഷ്കാര സ്വാതത്ര്യം ഗവ.സ്കൂളിന്റെ അടുത്ത് ട്യൂഷന് സെന്റര്‍ നടത്തി ഗവ.സ്കൂളിലെ പിള്ളാരുടെ വിജയത്തിനു പിന്നില ഞമ്മന്റെ ട്യൂട്ടോറിയലാ എന്നു പറയുന്നതു പോലെയെയുള്ളൂ സാറെ...
സഹിഷ്ണതയുടെ ബാക്കിപത്രം...........http://punnakaadan.blogspot.com/2011/06/blog-post.html
ഒരു അനോണി അനാവശ്യമായി എന്റെ തൊഴിലിനെ അധിക്ഷേപിക്കുന്നതായി കാണുന്നു. ട്യൂഷൻ സെന്റർ എന്നത് വിദ്യാഭ്യാസ കച്ചവടം ഒന്നുമല്ല. ജീവിക്കാൻ ഗതിയില്ലാത്തവർ ചെയ്യുന്ന ചെറിയ ചെറിയ ഉപജീവനമാർഗ്ഗങ്ങളിൽ ഒന്നുമാത്രമാണ്. ഇത് വലിയ അപരാധമായി കാണുന്ന ഒരാളുടെ മനോഭാവം വച്ച് അകാരണമായ എന്തെങ്കിലും അസഹിഷ്ണുത വച്ചു പുലർത്തുന്ന ഒരാളായിരിക്കണം ഈ അനോണീ എന്നു ഞാൻ കരുതുന്നു. പാരലൽ കോളേജ് നടത്തുന്നവർ നല്ല ആശയങ്ങളും അഭിപ്രായങ്ങളും വച്ചു പുലർത്തിക്കൂടാത്തവരല്ല. എന്റെ തൊഴിലിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യൂന്നു. ആകയാൽ ഒരു എളിയ ബ്ലോഗ്ഗർ എന്ന നിലയ്ക്കല്ലാതെ കൂടെകൂടെ എന്റെ തൊഴിലിനെ ആക്ഷേപിക്കുന്ന തരത്തിൽ ഈ ഊരുമ്പേരും വയ്ക്കാത്ത അനോണിയുടേ കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടും. ഞാൻ ആദ്യമായാണ് ഏതെകിലും ഒരു കമന്റ് ഇത്തരത്തിൽ ഡിലീറ്റ് ചെയ്യുന്നത്. എന്റെ തൊഴിൽ സ്ഥാപനത്തെ പരാമർശിക്കുന്ന കമന്റുകൾക്ക് മാത്രമായിരിക്കും ഈ ഊരു വിലക്ക്. അതേസമയം ഊരും പേരും വെളിപ്പെടുത്തിയാണ് എഴുതുന്നതെങ്കിൽ ചിലപ്പോൾ അത്തരം കമന്റുകളും ചിലതെങ്കിലും ഇവിടെ കാണും. ഈ അനോണിയ്ക്ക് വ്യക്തിപരമായി എന്തോ വിദ്വേഷം ഉള്ളതുപോലെ തോന്നുന്നതുകൊണ്ടു കൂടിയാണ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. എന്റെ ബ്ലോഗിൽ ഒരാളുടെ കമന്റ് കിടക്കുകയോ ഡിലീറ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നത് കമന്റിടുന്ന ആളെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല. എങ്കിലും സ്വാശ്രയവിദ്യാഭ്യാസ കച്ചവടക്കാരെയും ഉപജീവനാർത്ഥം ട്യൂഷൻ സെന്റർ നടത്തുന്നവരെയും അധിപ്ക്ഷേപിക്കുന്ന ആൾ ഒന്നുകിൽ ഒരു സർക്കാർ ഉദ്യോഗമോ മറ്റോ നേടിയതിന്റെ അഹങ്കാരം ഉള്ള ആൾ ആയിരിക്കണം. അല്ലെങ്കിൽ ഒരു വലിയ ധനികൻ. നമ്മൾ പാവപ്പെട്ടവരാണ്. ട്യൂഷൻ സെന്ററും നടത്തും വിദ്യാഭ്യാസ രംഗത്തെ തിന്മകൾക്കെതിരെ സംസാരിക്കുകയും ചെയ്യും! ടൂഷൻ സെന്ററിനെ കുറിച്ച് ചർച്ച വയ്ക്കുമ്പോൾ അതേ പറ്റി എന്തും പറയാം. ഏതു പോസ്റ്റിട്ടാലും ട്യൂഷൻ സെന്ററിനെ അനോണിയായി വന്ന് അധിക്ഷേപിക്കുന്നത് എന്തോ എനിക്കത്ര സുഖകരമായി തോന്നുന്നില്ല. എന്നാൽ അനോണി ഓപ്ഷൻ അടയ്ക്കില്ല. അതിൽ അർത്ഥമില്ല. ആർക്കും ഏതു ഊരും പേരും വച്ച് ബ്ലോഗ് ചെയ്യാമല്ലോ!
അനോണി: "ഹുസൈന് മതേതരാതരന്റെ ആവിഷ്കാര സ്വാതത്ര്യം ഗവ.സ്കൂളിന്റെ അടുത്ത് ട്യൂഷന് സെന്റര്‍ നടത്തി ഗവ.സ്കൂളിലെ പിള്ളാരുടെ വിജയത്തിനു പിന്നില ഞമ്മന്റെ ട്യൂട്ടോറിയലാ എന്നു പറയുന്നതു പോലെയെയുള്ളൂ സാറെ..."
വിഷയവുമായി യാതൊരു ബന്ധവുമില്ലാതെ ട്യൂഷൻ സെന്ററിനെ പരാമർശിച്ചിരിക്കുന്നു. തൽക്കാലം ഈ കമന്റ് ഞാനായിട്ടു നീക്കുന്നില്ല. ഇട്ട ആൾ മാറ്റുന്നെങ്കിൽ മാറ്റട്ടെ. ഈ കമന്റിട്ട ആളുടെ തൊഴിൽ എന്തെന്നെനിക്കറിയില്ല.അറിഞ്ഞാലും അതിനെ ഞാൻ കമന്റുകളിൽ വലിച്ചിഴക്കില്ല. എന്റെ സ്ഥാപനത്തിൽ കോൺഗ്രസ്സുകാരും, കമ്മ്യൂണിണിസ്റ്റ് കാരും, ബി.ജെ.പിക്കാരും ഒക്കെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നു. അവരുടെ ആരുടെയും രാഷ്ട്രീയാശയങ്ങൾക്ക് പാരലൽ കോളേജ് അദ്ധ്യാപനം തടസമാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അത് ആദർശ വിരുദ്ധമായ ഒന്നാണെന്നും പറഞ്ഞുകേട്ടിട്ടില്ല. ഈ അനോണി ബ്ലോഗ്ഗർ ഒഴികെ!
ഒരു തെറി കമന്റായാൽ കൂടി അത് ഡിലീറ്റ് ചെയ്യാൻ ഇഷടപ്പെടുന്ന ആളല്ല ഞാൻ. എന്റെ ജനാധിപത്യ ബോധം അതല്ല. എന്റെ തൊഴിലുമായി ബന്ധപ്പെട്ടാണ് ഞാൻ കമ്പ്യൂട്ടറിലും, ബ്ലോഗിലും എത്തിയതു തന്നെ. അതുകൊണ്ട് എന്റെ തൊഴിൽ എനിക്ക് മഹത്തരമാണ്. കാശുകൊടുത്ത് ഡോക്ടറൊ ഇഞ്ചിനീയോ ആക്കാനുള്ള ശേഷി രക്ഷിതാക്കൾക്കില്ലാതെ പോയി. അതിൽ നിരാശ ഇല്ലതാനും!
സർക്കാർ സ്കൂളീനടുത്ത് ചാരായ ഷാപ്പൊന്നുമല്ലല്ലോ നടത്തുന്നത്. ട്യൂഷൻ സെന്ററല്ലേ? സാരമില്ല.
Post a Comment