തൊടുപുഴ ബ്ലോഗ്ഗേഴ്സ് മീറ്റ്
ആദ്യം ഈ പോസ്റ്റിന്റെ ചുരുക്കം
2011 ജൂലൈ 31 ഞായറാഴ്ച തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന മീറ്റിൽ ഈയുള്ളവനവർകളും പങ്കെടുത്തു. മൊത്തം അറുപതില്പരം ബ്ലോഗ്ഗർമാർ പങ്കെടുത്തുവെന്നാണ് മനസിലാക്കുന്നത്. വ്യക്തമായ കണക്കുകൾ സംഘാടകരുടെ ബ്ലോഗുകളിൽ പ്രതീക്ഷിക്കാം. തൊടുപുഴ മീറ്റും ഈറ്റും പാട്ടും പരിചയപ്പെടലും പരിചയപ്പെടുത്തലും എല്ലാം എല്ലാം മൊത്തത്തിൽ ഗംഭീരമായിരുന്നു. പങ്കെടുത്ത എല്ലാവരിലും സന്തോഷം കാണപ്പെട്ടു. നേരത്തെ കണ്ട പരിചയങ്ങൾ പുതുക്കാനും ആദ്യമായി കാണുന്നവർക്ക് പരസ്പരം പരിചയപ്പെടാനും കഴിഞ്ഞു. പഴയ സൌഹൃദങ്ങൾ ‘അപ്ഡേറ്റ്’ ചെയ്യാനും പുതിയ സൌഹൃദങ്ങൾ തളിരിടാനും മറ്റ് മുൻ മീറ്റുകളെ പോലെതന്നെ ഇതും സഹായിച്ചു. അതിനൊക്കെ ആവശ്യാനുസരണം സമയവും ലഭിച്ചു. മീറ്റ് വിജയകരമാക്കിയ സംഘാടകർക്ക് ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു കൂടുതൽ വായിക്കാൻ സമയവും താല്പര്യവും ഇല്ലാത്തവർ മേൽവരികൾ വായിച്ചെങ്കിൽ കമന്റിടുക . സമയവുമില്ല താല്പര്യവുമില്ലെങ്കിൽ കമന്റും വേണ്ട. വായിച്ചിട്ട് വന്ന വഴിയേ പൊയ്ക്കൊള്ളുക. അത്രതന്നെ!
താല്പര്യവും സമയവും ഉള്ളവര്‍ക്ക് ഇനിയും തുടർന്ന് വായിക്കാം
പക്ഷേങ്കിൽ ഈയുള്ളവനവർകൾ തൊടുപുഴ ബ്ലോഗ് മീറ്റിലും പങ്കെടുത്ത സ്ഥിതിയ്ക്ക് നീട്ടിപ്പരത്തി ഒരു പോസ്റ്റ് എഴുതി ഇടാതിരിക്കാൻ കഴിയില്ല. കാരണം മീറ്റ് കഴിഞ്ഞാൽ ഒരു പോസ്റ്റ് ഇതിനകം ഒരു കീഴ്വഴക്കമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനകം അനേകം ബ്ലോഗ് മീറ്റുകൾ നടന്നിട്ടുണ്ട്. ഇനിയും നടക്കും. അവയൊക്കെ ഭാവിയിൽ എപ്പോഴെങ്കിലും തോന്നിയാൽ ഒന്ന് ഓർമ്മിക്കുവാൻ ബ്ലോഗിൽ ഒരു പോസ്റ്റുണ്ടാകുന്നത് നല്ലതാണ്. അവരവരുടെ അനുഭവം അവരവർക്കല്ലേ എഴുതുവാനാകൂ. മീറ്റുകൾ ബൂലോക ചരിത്രത്രിന്റെ ഒരു ഭാഗമാണ്.
ഇതുവരെ നടന്ന മീറ്റുകൾക്കെല്ലാം ഈയുള്ളവനവർകൾ തലേദിവസമേ പോയി മീറ്റ് നടക്കുന്ന സ്ഥലത്ത് മുറിയെടുത്ത് താമസിച്ചിട്ട് രാവിലെ യഥാസമയം മീറ്റിനെത്തുകയായിരുന്നു പതിവ്. പിതാശ്രീയുടെ രോഗാവസ്ഥ കണക്കിലെടുത്തും രാവിലെ തിരിച്ചാൽ യഥാസമയം എത്താവുന്ന ദൂരമേ ഉള്ളു എന്നതിനാലും ആ പതിവ് തെറ്റിച്ചു. അഞ്ച് മണിയ്ക്ക് പുറപ്പെടാനിരുന്നതാണ്. പക്ഷെ ഇറങ്ങിയപ്പോൾ അഞ്ചേമുക്കാലായി. ഹരീഷ് തൊടുപുഴ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സമയദൂരം ഒക്കെ ഒന്നു ചോദിച്ചറിഞ്ഞിരുന്നു. കോട്ടയത്ത് നിന്ന് ഉദ്ദേശം ഒന്നര മണിക്കൂർ സമയദൂരമാണ് തൊടുപുഴയ്ക്ക്. തട്ടത്തുമല നിന്ന് കോട്ടയത്തെത്താൻ പക്ഷെ പല സമയത്തും പല സമയദൂരം വരും. പകലാണെങ്കിൽ റോഡിലെ തിരക്കും മറ്റും കാരണം മൂന്നും ചിലപ്പോൾ മൂന്നരയും മണിക്കൂർ എടുക്കും കോട്ടയത്തെത്താൻ. രാത്രിയോ രാവിലെയോ ആണെങ്കിൽ രണ്ടരമണിക്കൂറിനുള്ളിൽ എത്തും.
അപ്പോ എങ്ങനെയായാലും രാവിലെ ഇറങ്ങിയാൽ സമയത്ത് എത്താം. അങ്ങനെയാണ് യാത്ര അതിരവിലെ ആക്കിയത്. കൃത്യം ആറുമണിയ്ക്ക് തട്ടത്തുമലയിൽ നിന്നും കോട്ടയം സൂപ്പർ ഫാസ്റ്റിൽ കയറി. സൂപ്പർ ഫാസ്റ്റിനു നമ്മുടെ ജംഗ്ഷനിൽ സ്റ്റോപ്പൊന്നുമില്ല. പക്ഷെ എന്റെ ആ ഒരു നില്പും കൈകാണിയ്ക്കലും ഒക്കെ വളരെ വിദഗ്ദ്ധമായിട്ടായിരുന്നു. ഡ്രൈവറെ ഹിപ്നോട്ടിസ് ചെയ്തെന്നും വേണമെങ്കിൽ പറയാം. വണ്ടി നിന്നതോ ഞാൻ കയറിയതോ ഒന്നും ഡ്രൈവർ അറിഞ്ഞിരിക്കാൻ ഇടയില്ല.കോട്ടയം വരെയും പോകാനുള്ള ഒരാളുടെ എല്ലാ ദേഹഭാവാദികളും പ്രകടിപ്പിക്കുന്ന തരത്തിൽ ആധുനിക ഹിപ്നോട്ടിസവും മാന്ത്രിക വിദ്യകളും സമം ചേർത്ത് ശാസ്ത്രത്തിൽ ചാലിച്ച് അവതരിപ്പിച്ച തികച്ചും നൂതനമായൊരു ഐറ്റമായിരുന്നു ആ ഒരു കൈകാണിക്കൽ.
ആ രഹസ്യം ഞാൻ വെളിപ്പെടുത്താം. നിങ്ങൾ ബൂലോകർ ഇതാരോടും പറയരുത്. അത്യാവശ്യത്തിന് ഈ അടവ് പുറത്തെടുക്കുക. വളരെ വിനയത്തോടേ ദൂരേയ്ക്കാണ് നമ്മുടെ യാത്രയെന്ന് തോന്നത്തക്കവിധം ഒന്നു ഒതുക്കത്തിൽ കൈകാണിക്കുക. മുഖത്ത് ഒരു നറു പുഞ്ചിരി വേണം. എന്നാൽ ഗൌരവം വിടുകയും അരുത്. വേഷം വെള്ള മുണ്ടും ഷർട്ടും ആണെങ്കിൽ വളരെ നല്ലത്. ഇത് മന്ത്രിയുടെ ആളാണെന്ന് ഒരു സംശയം ജനിപ്പിക്കും. അതുമല്ലെങ്കിൽ സ്വന്തം യൂണിയന്റെ ആളാണെന്ന് തോന്നിപ്പിക്കും. ഇത് രണ്ടായാലും വണ്ടി നിർത്താൻ ഇടയുണ്ട്. തോളിൽ തൂങ്ങുന്ന ഒരു ബാഗ് ഉള്ളതും ഗുണം ചെയ്യും. പാന്റ്സ് ആണ് ധരിച്ചിരിക്കുന്നതെങ്കിൽ ആ ബാഗായിരിക്കും താരമാകുന്നത്. പി.എസ്.സി ടെസ്റ്റിനോ, അതുമല്ലെങ്കിൽ അവധി കഴിഞ്ഞ് ദൂരെ ഉദ്യോഗത്തിനോ പോകുന്നതാണെന്നാകും അപ്പോൾ ധരിക്കുക.
എന്തായാലും ആകെക്കൂടി ആ രണ്ടുമൂന്നു നിമിഷങ്ങൾ കൊണ്ട് ഡ്രൈവർ മഹാന് നമ്മളോട് ഒരു ദയയും ഭയവും ആരാധനയും ഒക്കെ സമം ചേർന്ന് വരണം. ഇത്രയൊക്കെയേ വേണ്ടൂ. ഇത് മുമ്പും ഞാൻ പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. യാത്ര തെക്കോട്ടാണെങ്കിലാണ് അടവുകൾ ഉത്തമം. കാരണം സെക്രട്ടറിയേറ്റിലേയ്ക്കുള്ള പോക്കാണെന്ന് കരുതി വണ്ടി ആഞ്ഞു ചവിട്ടി നിർത്തും. ജോലി കളയാൻ ഒരു ഡ്രൈവറും ഇഷ്ടപ്പെടില്ലല്ലോ! ഇതിപ്പോൾ യാത്ര വടക്കോട്ടാണ്. വടക്കോട്ട് സെക്രട്ടറിയേറ്റ് ഇല്ലല്ലോ. എങ്കിലും കുഴപ്പമില്ല. വേഷ ഭൂഷാദി ദേഹഭാവാദികൾ കണ്ട് എന്തെങ്കിലുമൊക്കെ ധരിച്ചുകൊള്ളും. അങ്ങനെ എന്തായാലും വണ്ടി സമയത്ത് കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലൊ!
ഒരു ബസ് മിസ് ആയാൽ പിന്നെ ഒരു പക്ഷെ പത്തു മണിയ്ക്കെത്തേണ്ടത് പന്ത്രണ്ടുമണിയായാലും എത്തിയില്ലെന്നു വരും. എന്തായാലും ഈ സൂപ്പർ ഫാസ്റ്റ് പിടിച്ചതുകാരണം എട്ടര മണിയ്ക്ക് കോട്ടയം ബസ്സ്റ്റാൻഡിൽ എത്തി. അവിടെനിന്നും അപ്പോൾ തന്നെ ആദ്യം കണ്ട ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ തൊടുപുഴയ്ക്ക് പോയി. തൊടുപുഴ ടൌണിലിറങ്ങി അവിടെ നിന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോട് മീറ്റ് നടക്കുന്ന അർബൻ ബാങ്ക് ഹാൾ ഇരിക്കുന്ന സ്ഥലം ചോദിച്ചറിഞ്ഞ് ഒരു ആട്ടോ പിടിച്ച് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ എത്തി. അപ്പോൾ തന്നെ മിക്കവാറും ബ്ലോഗ്ഗർമാർ എത്തിയിരുന്നു. പലരും എത്തിക്കൊണ്ടിരുന്നു. ചെന്നിറങ്ങുമ്പോൾ ആദ്യം കണ്ടത് നൌഷാദ് വടക്കേലിനെയാണ്. നമ്മൾ ആദ്യമായി കാണുകയാണ്. യാത്രാക്ഷീണവും ഒരു ചായ കുടിക്കാനുള്ള പരക്കം പാച്ചിലിനുമിടയിൽ അല്പം സംസാരിച്ചുവെന്നല്ലാതെ നേരെ പരിചയപ്പെടാൻ കഴിഞ്ഞില്ല. പിന്നെ വിശദമായി പരിചയപ്പെടാൻ തിരക്കിയപ്പോൾ അദ്ദേഹം ഉച്ചയ്ക്കു മുമ്പ് പോയതായി അറിഞ്ഞു. എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നിരിക്കണം.
അൻപതിലധികം ബ്ലോഗ്ഗർമാർ പങ്കെടുത്തുവെന്നാണ് ലഭിച്ച വിവരം. ഏതൊരു മീറ്റിലെയും പോലെ ഈ മീറ്റിലും ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത പലരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അതൊക്കെ തന്നെ മീറ്റുകളിലെ വലിയ കാര്യം! ഇതിപ്പോ തൊട്ടു മുമ്പ് നടന്ന എറണാകുളം മീറ്റിന്റെ ഒരു തുടർച്ചയാണെന്നും തോന്നി പോയി. കാരണം തൊടുപുഴയിൽ മീറ്റിനു വന്നവരിൽ മിക്കപേരും എറണാകുളം മീറ്റിൽ പങ്കെടുത്തവരായിരുനു. എന്നാൽ ഡോ. ജയൻ ദാമോദരൻ അടക്കം ചിലരുടെ അസാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കണ്ടവരെ വിണ്ടും കാണാനും മുമ്പ് കണ്ടിട്ടും നേരേ പരിചയപ്പെടാൻ കഴിയാത്തതു പരിഹരിക്കാനും അതുവരെ കണ്ടിട്ടേയില്ലാത്തവരെ പുതുതായി കാണാനും ഒക്കെയുള്ള ഒരു പ്രേരണ ഓരോ മീറ്റുകൾക്കു പിന്നിലും ഉണ്ട്. ഈ മീറ്റും എനിക്ക് അങ്ങനെ തന്നെ ആയിരുന്നു. ഇക്കാര്യത്തിൽ ഈ മീറ്റും നല്ല വിജയം തന്നെ ആയിരുന്നു.
ഈ മീറ്റിലെ അവതാരകൻ സാക്ഷാൽ വാഴക്കോടൻ അബ്ദുൽ മജീദ് ആയിരുന്നു. ഒരു ബ്ലോഗ് എഴുത്തുകാരൻ മാത്രമല്ല, നല്ല ഗായകനും മിമിക്രി ആർട്ടിസ്റ്റും മറ്റും മറ്റും ആയ ഒരു സർവ്വകലാ വല്ലഭനാണ് വാഴക്കോടനെന്ന് തെളിയിക്കുന്ന മികച്ച പ്രകടനങ്ങളാണ് പരിചയപ്പെടുത്തലിന്റെ മറവിൽ അദ്ദേഹം തെളിയിച്ചത്. ഉച്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ കരോക്കേ ഗാന മേളയും ഉണ്ടായിരുന്നു. എല്ലാവരെയും വിശദമായി പരിചയപ്പെടുന്ന നിലയിൽ ആയിരുന്നു പരിപാടിയുടെ ക്രമീകരണം. ഒക്കെ നന്നായിട്ടുണ്ടായിരുന്നു.
എറണാകുളം മീറ്റിൽ വച്ചും തിരൂർ മീറ്റിൽ വച്ചും അത്ര വിശദമായി എനിക്ക് സംസാരിക്കാൻ പറ്റാത്ത പലരുമായും ഈ മീറ്റിൽ വച്ച് നന്നായിട്ട് പരിചയപ്പെടാനും സംസാരിക്കാനും കൂടുതൽ അറിയാനും കഴിഞ്ഞു. അതിൽ ഒരാളാണ് പുണ്യാളൻ! അദ്ദേഹം കൊല്ലം സ്വദേശിയാണെന്ന് അവിടെ വച്ചാണ് മനസിലായത്. കൊല്ലം നമുക്ക് ഒരു മണിക്കൂർ സമയ ദൂരമാണല്ലോ. പുണ്യാളൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലം മുതൽ വിവാഹം വരെയുള്ള വീര ശൂര പരാക്രമങ്ങളെക്കുറിച്ചും നീണ്ടവർഷത്തെ സംഭവ ബഹുലമായ പ്രവാസ ജീവിതത്തെ പറ്റിയും ഒക്കെ ഉള്ള കാര്യങ്ങൾ വളരെ രസകരമായും വിശദമായും നമുക്ക് ചിലർക്ക് പറഞ്ഞു തന്നു.
അതുപോലെ തിരൂർ മീറ്റിൽ വച്ച് ബ്ലോഗ്ഗർ കൂടിയായ ലതികാ സുഭാഷിനെ കണ്ട് സംസാരിച്ചെങ്കിലും അത് ഒരു പരിചയത്തോളം എത്തിയിരുന്നില്ല. അതിൽ അന്ന് വലിയ നിരാശ തോന്നിയിരുന്നു. ഇനി ഒരവസരം കിട്ടും എന്ന് അന്നുതന്നെ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. അത് തൊടുപുഴയിൽ സഫലീകൃതമായി. ബൂലോകത്തിനു പുറത്തും പ്രശസ്തരായ വ്യക്തികൾ മറ്റു ജാഡകൾ ഇല്ലാതെ ബ്ലോഗ് മീറ്റിനെത്തുമ്പോൾ അവരുമായി ഒരു നല്ല സൌഹൃദം ലഭിക്കുന്നത് വലിയ സന്തോഷമാണ്. കേരള രാഷ്ട്രീയത്തിലെ വനിതാ നേതാക്കളിൽ മുൻ നിരയിൽ ഉൾപ്പെടുന്ന ലതിക ചേച്ചിയെ പോലുള്ള ഒരാൾ സമയം കണ്ടെത്തി ബ്ലോഗ് മീറ്റുകളിൽ എത്തുകയും തുടക്കം മുതൽ ഒടുക്കം വരെ അവയിൽ പങ്കെടുക്കുകയും ചെയ്യുന്നതിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്.
അല്പം പ്രശസ്തരായാൽ പിന്നെ മിക്കവരും ആവശ്യത്തിനും അനാവശ്യത്തിനും തിരക്കുകൾ അഭിനയിക്കുന്ന ഒരു ലോകത്ത് ലതിക ചേച്ചിയെ പോലുള്ളവരെ കുറിച്ച് നാം അഭിമാനിക്കുകതന്നെ വേണം. ഇതൊന്നും ഞാൻ അവരെ പുകഴ്ത്താൻ വേണ്ടി മാത്രം എഴുന്നള്ളിക്കുന്ന വെറും വാക്കുകളല്ല. ഉള്ളിൽ തട്ടി പറയുന്നതുതന്നെ. പ്രത്യേകിച്ചും വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ട ചെറുതും വലുതുമായ നേതാക്കളിൽ പലരുടെയും ജാഡകൾ അരോചകമായി അനുഭവപ്പെട്ടിട്ടുള്ള ഒരാളാണ് ഞാൻ. രാഷ്ട്രീയമായി നേരിട്ടുള്ള ബന്ധമുള്ളതുകൊണ്ട് നമുക്ക് അത് സദാ അനുഭവിക്കേണ്ടി വരുമല്ലോ. അവർ അറിയുന്നില്ല അവർ ജനങ്ങളാൽ പരിഹസിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമൊന്നുമില്ല.
ഉച്ചയ്ക്ക് ഊണു കഴിക്കുന്ന സമയത്താണ് ലതിക ചേച്ചിയെ ഞാൻ ചെന്നു പരിചയപ്പെടുന്നത്. അവരുടെ മകനും കൂടെ ഉണ്ടായിരുന്നു. നമ്മ ഒരു സി.പി.എമ്മുകാരൻ എന്നു പറഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ സാംസാരിച്ചു തുടങ്ങിയത്. പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് ഏതെങ്കിലും ബോർഡ് ചെയർമാൻ സ്ഥാന മോ മറ്റോ ഉണ്ടോ എന്നായിരുന്നു എന്റെ ആദ്യ അന്വേഷണം. ഒരു ബ്ലോഗ്ഗർ അങ്ങനെ വല്ല സ്ഥാനത്തും ഇരിക്കുന്നത് നമുക്ക് ഒരു അഭിമാനമാണല്ലോ.
ഒരു മുഖ്യമന്ത്രിയോട് മത്സരിച്ച് പരാജയപ്പെടുന്ന ഒരാൾക്ക് അങ്ങനെ എന്തെങ്കിലും ഒരു അവസരം ലഭിക്കുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കാർക്കും ചെയർമാൻ പദവികൾ നൽകേണ്ടതില്ലെന്നാണ് അവരുടെ പാർട്ടി തീരുമാനമെന്ന് ലതിക ചേച്ചിയിൽ നിന്നും അറിയാൻ കഴിഞ്ഞു. സത്യത്തിൽ സുരക്ഷിതമായ ഒരു സീറ്റിൽ നിന്ന് ജയിച്ചിരുന്നെങ്കിൽ ഇപ്പോൾ മന്ത്രിസ്ഥാനത്തിരിക്കേണ്ട ആളാണ് ലതികാ സുഭാഷ് എന്ന് അല്പം നഷ്ടബോധത്തോടെ ഓർക്കാൻ എന്റെ രാഷ്ട്രീയ വിശ്വാസം എനിക്കൊരു തടസമായില്ല.
ചേച്ചിയുടെ പത്തൊൻപതുകാരനായ മകനും കൂടെ ഉണ്ടായിരുന്നു. മോന് വൈകിട്ട് ക്രിക്കറ്റ് കളി ഉള്ളതിനാൽ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ്, കൊണ്ടുവന്ന ക്യാമറയും മറ്റും ബാഗിൽ ഭദ്രമായി വച്ച് അത് അമ്മയെ ഏല്പിച്ച് അതൊന്നും എടുക്കാൻ മറക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിച്ച് അമ്മയ്ക്കൊരുമ്മയും നൽകി ബസിൽ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് മീറ്റിൽ നിന്ന് മുമ്പേ മുങ്ങി. പിന്നെ മകനെ പറ്റിയായി നമ്മുടെ അല്പനേരത്തെ സംഭാഷണം.
എറണാകുളം ബ്ലോഗ്മീറ്റിൽ നമ്മുടെ ബൂലോകവും, ബൂലോകം ഓൺലെയിനും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശന മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ലതികാ സുഭാഷും മാണിക്യവും ഈയുള്ളവനും കൂടി ജോയുടെയും ജിക്കുവിന്റെയും മറ്റും നേതൃത്വത്തിൽ നൽകി. വിക്കി ഹബീബ് ഉൾപ്പെടെയുള്ള വിജയികളും അവരുടെ പ്രതിനിധികളും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
പലരും ഈ മാണിക്യം എന്ന ബ്ലോഗ്ഗറെക്കുറിച്ച് എന്നോടും ആരാഞ്ഞിട്ടുണ്ട്. മുമ്പ് വളരെ സജീവമായിരുന്ന ആളാണ്. അന്ന് നമ്മളൊന്നും സജീവമല്ല താനും. ഒരിക്കൽ അവരെയും നേരിൽ കാണണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അത് സാധിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം വന്നതുമുതൽ അവർ മറ്റുള്ള പല ബ്ലോഗേഴ്സുമാരുമായും നല്ല തിരക്കിലായിരുന്നു. ബ്ലോഗ്ഗേഴ്സ് ഒഴിഞ്ഞു പോകുമ്പോഴാകട്ടെ ലതിക ചേച്ചി അവരെ വിടാതെ പിടിച്ചു വച്ചിരിക്കുകയുമായിരുന്നു. അവരും ആദ്യമായി നേരിൽ കാണുന്നതാണെന്നു തോന്നുന്നു. എന്തായാലും സീനിയർ ബ്ലോഗ്ഗറായ മാണിക്യം ചേച്ചി ഈ മീറ്റിലെ ഒരു താരം തന്നെയായിരുന്നു. മീറ്റ് തീരുന്നതുവരെയും അവർ ഉണ്ടായിരുന്നു.
ഇത്തവണയും ഞാൻ ചെല്ലുമ്പോൾ ബൂലോകത്തിന്റെ സ്വന്തം ഷെരീഫ്ക്കാ (ഷെരീഫ് കൊട്ടാരക്കര) കൌണ്ടറിനു മിന്നിൽ മീറ്റിനു റെഡിയായി വന്നിരിക്കുന്നു. ഇതൊക്കെ എങ്ങനെ രാവിലെ എഴുന്നേറ്റ് റെഡിയാകുന്നു എന്നായിരുന്നു എന്റെ ചിന്ത. ഞാൻ രാവിലെ എഴുന്നേറ്റ് വന്ന പാട് എനിക്കറിയാം. ബ്ലോഗ് മീറ്റെന്നു കേട്ടാൽ പിന്നെ മനുഷ്യർക്ക് ഊണുമില്ല ഉറക്കവുമില്ല. എറണാകുളത്തു നിന്നും കൊണ്ടു വന്നു പ്രദർശിപ്പിക്കുന്ന പതിവു മീറ്റ് ദൃശ്യങ്ങളായ നന്ദൻ, മനോരാജ്, പ്രവീൺ വട്ടപ്പറമ്പത്ത്, പിന്നെ ജോ, യൂസഫ് പാ തുടങ്ങിയവരൊക്കെ തൊടുപുഴയിലും പ്രത്യക്ഷരായി. അവരൊന്നുമില്ലെങ്കിൽ പിന്നെ എന്തര് മീറ്റ്! പിന്നെ നമ്മുടെ ഡോക്ടർ ജയൻ ദാമോദരനും ആ കണ്ണൂർ കുമാരനും ഇല്ലാത്ത ഒരു മീറ്റിൽ ഞാൻ ആദ്യമായി പങ്കെടുക്കുകയാണെന്ന് തോന്നുന്നു. അവരുടെ അഭാവം അഭാവം തന്നെയാണ്.
പൊന്മളക്കാരനും, വരില്ലാ വരില്ലാ എന്നു പറഞ്ഞിട്ടൊടുവിൽ സൂത്രത്തിലെത്തുന്ന സൂത്രം ഡോട്ട് കോം സാബു കൊട്ടോട്ടിയും കണ്ടാൽ കൂതറ ലൂക്ക് ഒട്ടുമില്ലാത്ത കൂതറ ഹാഷിമും ഒക്കെ മീറ്റെന്നു കേട്ട് ഇരിക്കപ്പൊറുതിയില്ലാതെ മലബാറിൽ നിന്നും വണ്ടി കയറി മീറ്റിലെത്തി. പൊന്മളയും ഹാഷിമും തലേന്നേ തൊടുപുഴയിൽ വന്ന് ക്യാമ്പടിച്ചിരുന്നു. എവിടെ മിറ്റുണ്ടോ അവിടെയൊക്കെ പൊന്മള തലേന്നേ വന്നിരിക്കും. ഞാനും ഇതൊഴിച്ച് എല്ലാ മീറ്റിലും അങ്ങനെ ആയിരുന്നു. ഈ മീറ്റിൽ രാവിലെ എത്താവുന്ന ദൂരമേ എനിണ്ടായിരുന്നുള്ളുവല്ലോ. ഇപ്പോൾ എറണാകുളത്ത് ജോലിയുള്ള എന്റെ നാട്ടുകാരനും പ്രീഡിഗ്രി സഹപാഠിയും ഇപ്പോൾ തൃപ്പൂണിത്തുറയിൽ സിറ്റീഷൻ ഷിപ്പും ഉള്ള അനൂപ് കിളിമാനൂർ എറണാകുളം മീറ്റുമുതൽ ഇനി എല്ലാ മീറ്റിലും പങ്കെടുക്കും എന്ന പ്രതിജ്ഞയിലാണ്. തൊടുപുഴയിലും അദ്ദേഹം അശോകൻ തുടങ്ങിയ കൂട്ടുകാർക്കൊപ്പം എത്തി.
തിരൂർ മീറ്റിന്റെ തലേന്ന് പാവത്താൻ താമസിച്ച് ഒഴിഞ്ഞ മുറിയിലാണ് ഞാനും തബാറക്ക് റഹ്മാനും അന്ന് താമസിച്ചത്. അന്ന് പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇവിടെ തൊടുപുഴയിൽ വച്ച് പാവത്താനെയും പരിചയപ്പെട്ടു. കമന്റും പോസ്റ്റുകളുമായുള്ള പരിചയം മാത്രമുണ്ടായിരുന്ന റെജി പുത്തൻപുരയ്ക്കലിനെയും പട്ടേപ്പാടം റാംജിയെയും ഖാദർ പട്ടേപ്പാടത്തെയും ഒക്കെ നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ഈ മീറ്റിൽ വച്ചാണ്. ഒടിയനെ എറണാകുളത്തേ പരിചയപ്പെട്ടത് ഇപ്പോൾ വീണ്ടും പരിചയം പുതുങ്ങി. തിരുവനന്തപുരത്ത് ദേശാഭിമാനിയിൽ ജോലിയുള്ള രഞ്ജിത്ത് വിശ്വത്തെ ഞാൻ ഈ മീറ്റിൽ വച്ച് പുതുതായി പരിചയപ്പെടുകയാണ്. പിന്നെ എറണാകുളം മിറ്റിൽ വച്ച് തന്നെ കണ്ടിരുന്ന ദിമിത്രോവുമായും അല്പനേരം സംസാരിക്കുവാൻ കഴിഞ്ഞു. ദിമിത്രേവ് നല്ലൊരു ഗായകൻ കൂടിയാണ്. എഴുതിക്കൊണ്ടിരിക്കിമ്പോൾ ഒർമ്മ വന്ന പേരുകൾ മാത്രമാണ് ഇവിടെ എഴുതുന്നത്. അതുപോലെ ഒരുപാട് പേരെ പരിചയപ്പെട്ടു. ചിലരുടെ പേരുകൾ ഓർമ്മകിട്ടുന്നുമില്ല. നെടുംകണ്ടത്തും എറണാകുളത്തും ഉള്ള ഓരോ പോലീസുകാരായ ബ്ലോഗ്ഗർമാരെ പരിചയപ്പെട്ടിരുന്നു. ഈ മീറ്റിനു വന്നവരല്ലെങ്കിലും തിരുവനന്തപുരത്തുള്ള രണ്ട് പോലീസ് ബ്ലോഗ്ഗർമാരുമായി എനിക്ക് നേരത്തേ സൌഹൃദമുണ്ട്. ഇപ്പോൾ ഇവരും കൂടി ആയി. അവരുടെ പേരും നമ്പരും ഞാൻ എഴുതി വച്ചിട്ടുണ്ട്. പേരുകൾ ഇപ്പോൾ ഓർക്കുന്നില്ല.
ഇനിയും ആലോചിച്ചിരുന്നാൽ പലരെക്കുറിച്ചും ഓർമ്മിച്ചെഴുതാൻ കഴിയും. തൽക്കാലം ഇനി അതിനു മുതിരുന്നില്ല. തൊടുപുഴമീറ്റിന്റെ സംഘാടനത്തിന് ഹരീഷിനൊപ്പം നിന്നവർ ആരൊക്കെയെന്ന് അറിയില്ല. എന്തായാലും അധികം ആരും ഉണ്ടായിരുന്നിരിക്കില്ല. ഈ റിസ്ക് ഏറ്റെടുത്ത് വിജയകരമാക്കി തീർത്തതിലുള്ള അഭിനന്ദനവും നന്ദിയും പ്രത്യേകം അറിയിക്കുന്നു. തൊടുപുഴയിൽ ഇനിയും കുറെ നാൾ കഴിയുമ്പോൾ ഹരീഷ് മീറ്റ് നടത്തുമെന്നുറപ്പാണ്. നമ്മുടെ ജയൻ ഡോക്ടറെയും മറ്റും പോലെ. കൂടെക്കൂടെ അവർക്ക് ഉൾവിളി ഉണ്ടാകും. അതാകട്ടെ ബൂലോകത്തെ മറ്റു പലരുടെയും ഉൾവിളികളുടെ പ്രകമ്പനമാണു താനും! ഇതൊക്കെ ഓരോ നിയോഗങ്ങളാണ്. (അതുകൊണ്ട് വല്ല നഷ്ടവും വന്നാലും സഹിച്ചോളണം കേട്ടോ).
മുമ്പ് ഇടപ്പള്ളിയിൽ ചില നിയോഗങ്ങൾ അങ്ങനെ സഹിച്ചതിനെ മാതൃകയാക്കാവുന്നതാണ്. അന്ന് കൈപൊള്ളിയെങ്കിലും മീറ്റുകൾ അവർക്കൊക്കെ ഇന്നും ഒരു ആവേശമാണെന്നറിയുന്നത് നമുക്കും ഒരാവേശമാണ്. കൂടുതൽ ആവേശം എല്ലാവർക്കും വരാൻ വേണ്ടി തൊടുപുഴ മീറ്റിൽ ആരോ നിർദ്ദേശിച്ചതുപോലെ രജിസ്ട്രേഷൻ ഫീസ് എന്ന മൂരാച്ചി ഇടപാട് എടുത്തു കളയുന്നതിൽ ആർക്കും എതിർപ്പുണ്ടാകുമെന്നു തോന്നുന്നില്ല. അല്ല, തിരുവനന്തപുരത്ത് ഒരു മീറ്റിനെ പറ്റി ചിന്തിക്കുന്നുണ്ട്. അതും കൂടി കഴിഞ്ഞിട്ട് രജിസ്ട്രേഷൻ ഫീസ് നിർത്താവുന്നതാണ്. എന്തായാലും ഇനി കണ്ണൂരത്തേത് ഒന്നു കഴിയട്ടെ.
മീറ്റ് കഴിഞ്ഞ് ഞാനും ഷെരീഫ്ക്കയും റെജി പുത്തൻപുരയ്ക്കലും കൂടി പോകാൻ ഇറങ്ങുമ്പോൾ മഴ ചാറുന്നു. ചാറ്റലല്ല അല്പം ചീറ്റൽ തന്നെയാണെന്ന് കണ്ട് ഞങ്ങൾ മഴ തോരാൻ വെയ്റ്റ് ചെയ്തു. അപ്പോഴാണ് കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന മൂന്നു പേർക്ക് ഒരു ഫ്രീ ലിഫ്റ്റ് ഉണ്ടെന്ന് അനൌൺസ് ചെയ്തതായി ആരോ ഇറങ്ങി വന്ന് പറഞ്ഞത്. ഒറ്റക്കുതിപ്പിന് മുകളിൽ ചെന്ന് തിരക്കുമ്പോൾ അത് സാക്ഷാൽ ലതിക ചേച്ചിയുടെ കാറിലാണ്. ഒരാൾ ആയി. അത് ജിക്കുവായിരുന്നു. പിന്നെ എനിക്കും ഷെരീഫ് സാറിനും കൂടി ലിഫ്റ്റ് കിട്ടി. കാർ ഓടിക്കുന്നത് എറണാകുളം മീറ്റിലെ ഫോട്ടോ ഗ്രാഫി അവാർഡ് വിന്നർ കൂടിയായ വിക്കി ഹബീബ്. റെജി പുത്തൻ പുരയ്ക്കൽ ഒറ്റയാക്കാകുമോ എന്ന് സംശയിച്ചപ്പോൾ അദ്ദേഹം വേറൊരു ദിശയിലെയ്ക്കായതുകൊണ്ടും കുറച്ചുകൂടി അടുത്തായതുകൊണ്ടും നമ്മളെ കയറി പോകാൻ നിർബ്ബന്ധിക്കുകയായിരുന്നു.
അങ്ങനെ ഞാനും ഷെരീഫ്ക്കായും ജിക്കു വർഗ്ഗീസും ഹബീബും ലതികച്ചേച്ചിയും കൂടി കാറിൽ കോട്ടയം ഭാഗത്തയ്യ്ക്ക് യാത്രയായി. കാറിലെ യാത്രയ്ക്കിടയിൽ മലമ്പുഴ അസംബ്ലി മണ്ഡലത്തിലെ ദുരിതഭാരം ചുമക്കുന്ന ആദിവാസി സെറ്റിൽമെന്റുകൾ മുതൽ അമേരിക്കൻ ജനതയുടെ സെന്റിമെൻസുകളില്ലാത്ത യാന്ത്രിക ജീവിതം വരെ ലതിക ചേച്ചി ചർച്ചാവിഷയമാക്കി. അങ്ങനെ അന്തർദ്ദേശീയവും ദേശീയവും പ്രാദേശികവും സാമൂഹ്യവും പാരിസ്ഥിതികവുമായ പല വിഷയങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ ചർച്ചയ്ക്കെടുത്ത് ചർച്ചയ്ക്കെടുത്ത് ഞങ്ങൾ ഏറ്റുമാനൂർ എത്തിയത് അറിഞ്ഞില്ല. ഇടയ്ക്കിടെ ഹബീബിന് ചേച്ചി വഴി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ഒരു പൊതു പ്രവർത്തകയുടെ സമൂഹത്തോടും പാരിസ്ഥിതിയോടും മറ്റും ഉള്ള സ്നേഹവും ഉൽക്കണ്ഠകളും ഒക്കെ ലതിക ചേച്ചിയുടെ സംസാരത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.
ജിക്കു പാലായിൽ ഇറങ്ങിയിരുന്നു. ലതിക ചേച്ചിയ്ക്ക് കുമാരനെല്ലൂരിലേയ്ക്കാണ് പോകേണ്ടതെന്നതിനാൽ ഞാനും ഷെരീഫ്ക്കായും ഏറ്റുമാനൂരിൽ ഇറങ്ങി അവരുമായി പരസ്പരം യാത്ര പറഞ്ഞു. കോട്ടയത്ത് കൊണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും നമ്മൾ വേണ്ടെന്നു പറഞ്ഞു. എന്നോട് യാത്ര പറയുമ്പോൾ സഖാവേ എന്നു വിളിക്കാൻ ലതികച്ചേച്ചി മറന്നില്ല. എന്തായാലും ബ്ലോഗ് മീറ്റിനെ തുടർന്ന് കാറിൽ നമ്മൾ ഒരു മിനി ബ്ലോഗ് മീറ്റ് നടത്തി എന്നു പറഞ്ഞാൽ മതിയല്ലോ. ഏറ്റുമാനൂർ കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ നിന്നും ഒരു ഫാസ്റ്റ് പാസഞ്ചറിൽ കോട്ടയത്തേയ്ക്കും അവിടെ നിന്ന് മറ്റൊരു ഫാസ്റ്റ് പാസഞ്ചറിൽ കൊട്ടാരയ്ക്കരയ്ക്കും ഉള്ള യാത്രകളിൽ ടിക്കറ്റെടുക്കനുള്ള മത്സരത്തിൽ ഞാൻ സ്വയം തോൽവി ഏറ്റുവാങ്ങിയതിനാൽ ഷെരീഫ്ക്കാ തന്നെ ടിക്കറ്റെടുത്തത് എന്റെ ഈ യാത്രച്ചെലവിൽ കുറവും ഷെരീഫ്ക്കയ്ക്ക് നേരിയ നഷ്ടവും ഉണ്ടാക്കി. അല്ലെങ്കിലും അതൊന്നും ഒരു നഷ്ടമല്ലല്ലോ. മറ്റുള്ളവരുടെ സന്തോഷം ആണല്ലോ നമ്മുടെ സന്തോഷം. അല്ലപിന്നെ!
കോട്ടയത്ത് നിന്നും കൊട്ടാരയ്ക്കരയ്ക്കുള്ള യാത്രയ്ക്കിടയിൽ എവിടെയോ വച്ച് എന്റെ അരികിൽ വന്നിരുന്ന ഒരു യാത്രക്കാരനുമായി അല്പം തർക്കിക്കേണ്ടി വന്നു. ആൾ അല്പം മദ്യപിച്ചിട്ടുണ്ട്. പുള്ളിയ്ക്ക് എന്റെ കൈയ്യിൽ തീപ്പെട്ടി ഉണ്ടോന്നറിയണം. ഞാൻ പറഞ്ഞു ബസിനുള്ളിൽ സിഗരറ്റ് വലിക്കാൻ പറ്റില്ലല്ലോ എന്ന്. അതൊന്നും സാരമില്ലെന്നും പുറകിലത്തെ സീറ്റായതിനാൽ ശല്യമില്ലാതെ വലിക്കാൻ കഴിയുമെന്നുമായി അദ്ദേഹം. കണ്ടക്ടർ സമ്മതിക്കില്ലല്ലോ എന്നായി ഞാൻ. ഏതു കണ്ടക്ടർ പുവാൻ പറയെന്നായി എന്നായി മദ്യവാഹിയായ മാന്യദേഹം! എന്നാലും സിഗരറ്റ് വലിച്ചേ പറ്റുവോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതേ, വലിച്ചിരിക്കും എന്നു പറഞ്ഞ് മദ്യവാഹി അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു.
അപ്പുറത്തെ സീറ്റിലിരുന്ന് ഷെരീഫ്ക്കായും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തീപ്പെട്ടി എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അയാൾ ഷെരീഫ് ക്കയുടെ അടുത്തിരിക്കുന്ന ആളോടായി കുശലാന്വേഷണങ്ങൾ. തീപ്പെട്ടി തന്നെ ലക്ഷ്യം! ഞാൻ പറഞ്ഞതുപോലൊക്കെത്തന്നെ ആ മനുഷ്യനും പറഞ്ഞപ്പോൾ അഥവാ ഇനി കണ്ടക്ടർ ഇറക്കി വിട്ടാലും തനിക്കൊന്നുമില്ല. ഇറങ്ങി സിഗരറ്റ് വലിക്കുക മാത്രമല്ല എവിടെ നിന്നെങ്കിലും തൊണ്ണൂറു മരുന്നും കൂടി വാങ്ങി കഴിച്ചിട്ട് വീണ്ടും ഒരു സിഗരറ്റ് വാങ്ങി വലിച്ചിട്ട് അടുത്ത വണ്ടിയിൽ കയറുമെന്നും അല്ലെങ്കിൽ നടന്നു പോകുമെന്നും മദ്യവാഹിയാൽ പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ ഇപ്പോൾ വേണ്ടതു തീപ്പെട്ടിയും വലിക്കേണ്ടത് സിഗരറ്റും ആണ്! അതിൽ വിട്ടുവീഴ്ചയില്ലത്രേ!
ഇയാൾ ആരിൽ നിന്നെങ്കിലും തീപ്പെട്ടി സംഘടിപ്പിച്ചാൽ ഇരുന്ന് വലിക്കാൻ ഞാൻ ഇരിക്കുന്ന സൈഡ് സീറ്റ് ചോദിക്കും. ഏറ്റവും പുറകിലത്തെ സീറ്റാണ്. എന്റെ സൈഡ് സീറ്റ് ചോദിച്ചാൽ കൊടുക്കില്ലെന്നു മാത്രമല്ല, എന്റെ അടുത്തിരുന്ന് വലിച്ചാൽ സംഗതി ഉടക്കാക്കണമെന്നും കണക്കു കൂട്ടി ഇരിക്കുകയാണ് ഞാൻ. ചിലപ്പോൾ ഇയ്യാൾക്കിട്ട് രണ്ട് പെട കൊടുക്കേണ്ടി വരുമോ എന്ന ചിന്തയും തെല്ലൊന്നലട്ടാതിരുന്നില്ല. സംഗതി നമ്മൾ സമാധാന പ്രിയനാണല്ലോ. പിന്നെ ഒരു പക്ഷെ ഇയാൾ തീപ്പെട്ടി ബസിൽ ആരിൽ നിന്നെങ്കിലും സംഘടിപ്പിച്ച് (കിട്ടില്ല എന്നാലും) വലിച്ചാലും അത് എങ്ങനെ ക്ഷമിക്കാം എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. പെട്ടെന്നു തന്നെ എനിക്ക് ഞാനാൽ തന്നെ സമാധാനം ലഭിച്ചു.
എന്റെ മനസിലേയ്ക്ക് പൊടുന്നനേ ചാടിക്കയറിയ ഞാൻ എന്നോട് ചോദിക്കുകയാണ് , ഇരുന്നു സിഗരറ്റ് വലിക്കുന്ന ഒരു മനുഷ്യൻ വല്ല കൊട്ടേഷൻ സംഘത്തിൽ പെട്ടവനോ, തടി മിടുക്കും കണ്ടാൽ പേടിയും തോന്നുന്ന വല്ല ഭീകര രൂപികളോ മറ്റോ ആയിരുന്നെങ്കിലോ? നീയെന്നാടാ പുളുത്തുമോ? തീപ്പെട്ടി ചോദിക്കുമ്പോൾ തന്നെ നീ വിറച്ചോണ്ട് തീപ്പെട്ടി എടുത്ത് കൊടുക്കില്ലായിരുന്നോ? അഥവാ തീപ്പെട്ടി കൈയ്യിൽ ഇല്ലെങ്കിൽ ബസ് നിർത്തിച്ച് നീ പുറത്തിറങ്ങി തീപ്പെട്ടി വാങ്ങി ഇന്നാ പൊന്നണ്ണാന്നും പറഞ്ഞ് കൊടുക്കില്ലായിരുന്നോ? തിരി കത്തിച്ച് വേണമെങ്കിൽ വായിൽ വച്ച് കൊടുക്കില്ലായിരുന്നോ?
ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ വയ്യാത്ത ഒരുത്തൻ അല്പം കഴിച്ചിട്ട് അറിവില്ലായ്മ കൊണ്ട് ഒരു സിഗരറ്റ് വലിച്ചാൽ നീ ഇയാളെ പെടയ്ക്കണമെന്നു വിചാരിക്കും അല്ലേടാ? അല്ലെങ്കിലും ദുർബലന്മാരോടാണല്ലോ നീയൊക്കെ പ്രതികരണ ശേഷി പ്രകടിപ്പിക്കുന്നത്. ദുർബലന്മാരുടെ തലയിൽ കയറിയാണല്ലോ പലരും ചട്ടമ്പികളാകുന്നത്. നിനക്ക് ഇയാളെ തല്ലി ചട്ടമ്പിയാകണൊടാ ഡാഷ് മോനേ എന്നായി ഞാൻ എന്നോട്! അതോടെ എന്നിലെ ഞാൻ അടങ്ങി. ഇനി ഇയാൾ അടുത്തിരുന്ന് ബീഡി വലിച്ചാലും ഞാൻ മിണ്ടില്ല. ഞാൻ ലോക സമാധാനം കാംക്ഷിക്കുന്നവനാ! ഒരു മദ്യപനു മുന്നിൽ പതറി ആദർശം വെടിയാൻ (അഥവാ തടി കളയാൻ) പാടില്ല. ഗാന്ധിജി പോലും എന്റെ അടുത്ത് വരില്ല. പിന്നല്ലേ!
എന്തായാലും ഭാഗ്യത്തിന് ആ മദ്യദേഹിയ്ക്ക് പിന്നെ തീപ്പെട്ടി കിട്ടിയതുമില്ല, അയാൾ വലിച്ചതുമില്ല. അഥവാ തീപ്പെട്ടി ചോദിക്കാനുള്ള ശക്തികൂടി പുള്ളിയിൽ നിന്നും ക്രമേണ മദ്യം ചോർത്തിക്കൊണ്ടിരുന്നു എന്നതാണ് സത്യം. കുറച്ച് കഴിഞ്ഞ് കണ്ടക്ടറുടെ അടുത്ത് ചെന്നിരുന്ന് ലോഹ്യം പറയുന്നതുകണ്ടു. പിന്നെ ഒരു മയക്കത്തിനിടയിൽ ഞാൻ അയാളുടെ കാര്യം അങ്ങ് മറന്നും പോയി. ഓരോ യാത്രകളിലും ഓരോരോ അനുഭവങ്ങൾ; അത്രതന്നെ!
കൊട്ടാരക്കരയിലിറങ്ങി ഷെരീഫ്സാർ വീട്ടിലേയ്ക്കു പോയി. ഞാൻ നമ്മുടെ സ്വന്തം നാട്ടു ബസ്സ്റ്റാൻഡായ കിളിമാനൂരിലേയ്ക്ക് പിടിച്ചിട്ടിരുന്ന ഒരു ഫാസ്റ്റ് പാസഞ്ചർ വണ്ടി പിടിച്ചു. വീണ്ടും ചെറിയ ഒരു ഉറക്കമൊക്കെ ഉറങ്ങി മുക്കാൽ മണിക്കൂറിനുള്ളിൽ തട്ടത്തുമല ജംഗ്ഷനിൽ വന്നിറങ്ങി രാത്രി ഒൻപതര ഒൻപതേമുക്കാൽ മണിയോടെ വീട്ടിലെത്തി. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്ത ലാഘവത്തോടെ പതിവു ജീവിതവുമായി വീണ്ടും പൊരുത്തപ്പെട്ടു.
തൊടുപുഴ ബ്ലോഗ് മീറ്റിന്റെ തലേന്ന് ഡോ. ജെയിംസ് ബ്രൈറ്റ് ചാറ്റിൽ വന്ന് എറണകുളം മീറ്റിൽ നടന്ന ഫോട്ടോഗ്രഫി മത്സരത്തിന് വന്ന ചിത്രങ്ങളുൾക്കൊള്ളുന്ന ആൽബം ജോയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് കോവളം ബ്ലോഗ് സെന്ററിൽ എത്തിക്കണമെന്ന് പറഞ്ഞിരുന്നു. മീറ്റ് കഴിഞ്ഞുടൻ ആ അതിമനോഹരമായ ആൽബം ജോ എന്നെ ഏല്പിക്കുകയും ചെയ്തു. അതിൻപ്രകാരം പ്രസ്തുത ആൽബവും ഈയിടെ തിരുവനന്തപുരത്ത് സൌഹൃദം മീറ്റിൽ വച്ച് പ്രകാശിതമായ ബ്ലോഗ്ഗർ രാജേഷ് ചിത്തിരയുടെ ‘ഉന്മത്തതയുടെ ക്രാഷ് ലാൻഡിംഗുകൾ’ എന്ന കവിതാ സമാഹാരത്തിന്റെ രണ്ട് കോപ്പികളും 2011 ജൂലായ് 2 ചൊവ്വാഴ്ച ഞാനും കപിൽ എന്നു പേരായ നമ്മുടെ ഒരു ശിഷ്യനവർകളും കൂടി ബൈക്കിൽ കോവളത്ത് ബ്ലോഗ് സെന്ററിൽ പോയി ശ്രീ സുനിൽ അവർകളെ ഏല്പിക്കുകയുണ്ടായിട്ടുണ്ട്. അത് നമ്മുടെ ബ്ലോഗ് സെന്ററിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടും.
ഒരു അനുബന്ധം കൂടി
ഈ പോസ്റ്റിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം ഇത് പബ്ലിഷ് ചെയ്യുന്ന ഈ ദിവസത്തിന്റെ തലേന്ന് തന്നെ എഴുതി ഡ്രാഫ്റ്റ് ചെയ്തിരുന്നതാണെങ്കിലും എന്റെ കമ്പെട്ടി പണിമുടക്കിയതിനാൽ രാവിലെ ബാക്കി കൂടി എഴുതി എഡിറ്റ് ചെയ്ത് പബ്ലിഷ് ആക്കാൻ കഴിഞ്ഞില്ല. സിസ്റ്റം ഒന്നാകെ എടുത്ത് കഴക്കൂട്ടത്ത് അത് അസംബ്ലി ചെയ്തു തന്ന പയ്യന്മാരുടെ കടയിൽ കൊണ്ടു പോയി കൊടുത്തിട്ട് അതു വഴിയണ് കോവളത്ത് പോയത്. തിരിച്ച് കഴക്കൂട്ടത്തു വന്ന് കമ്പെട്ടി പരിശോധിച്ചപ്പോൾ അതിന്റെ മദർ ബോർഡ് കമ്പനിയിൽ അയച്ച് റീപ്ലെയിസ് ചെയ്യേണ്ടിയിരിക്കുന്നു എന്ന് ആ ഹാർഡ് വെയർ പയ്യന്മാർ പറഞ്ഞു. അപ്പോൾ കമ്പെട്ടി ഇനി അടുത്ത ആഴ്ചയേ കിട്ടൂ.
അതുകൊണ്ട് ഒരാഴ്ചലത്തേയ്ക്ക് രക്ഷപ്പെട്ടുവെന്ന് ഇത് വായിക്കുന്ന നിങ്ങൾ ആരെങ്കിലും കരുതുന്നുവെങ്കിൽ നിങ്ങൾക്കു തെറ്റി. അതുവരെ നിങ്ങളുടെ ക്ഷമകളെ പരീക്ഷിയ്ക്കാതെ നോം എങ്ങനെ സഹിച്ചിരിക്കും ? ഒരാഴ്ചലത്തേയ്ക്ക് മുൻ പറഞ്ഞ കപിലിന്റെ ലാപ് ടോപ്പ് വാഗ്ദാനം ചെയ്യപ്പെടുകയും ആയതു നോം സ്വീകരിക്കുകയും ആ കമ്പെട്ടിയിലാണ് ഈ പോസ്റ്റിന്റെ ഈ അവസാനവരികൾ കോറിയിടുന്നതെന്നും ചുമ്മാ അറിയിച്ചു കൊള്ളുന്നു. അതായത് ഒരാഴ്ച പോയിട്ട് ഒരു ദിവസം കൂടി അടങ്ങിയിരിക്കാതെ നെറ്റകത്തെത്തി നിങ്ങളുടെ ഏവരുടെയും ക്ഷമയെ പരീക്ഷിക്കുന്നത് തുടർന്നുകൊണ്ടിരിക്കുമെന്നു തന്നെ പ്രഖ്യാപിച്ച് ഉത്തരവായിക്കൊള്ളുന്നു!
ഈ പോസ്റ്റിനു കമന്റെഴുതാൻ താല്പര്യമില്ലാത്തവർ പകരം കമന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേവലം അഭിപ്രായങ്ങൾ മാത്രം എഴുതിയാൽ മതിയെന്നും ഇതിനാൽ അറിയിക്കുന്നു. തൊടുപുഴ മീറ്റിന്റെ ചിത്ര സാക്ഷ്യങ്ങൾ ഇവിടെ ഞെക്കിയാൽ ഈ ബ്ലോഗിൽ ഈ ലിങ്കിലും കൂടാതെ ഇവിടെ ചിത്രബ്ലോഗം 2 എന്ന എന്റെ മറ്റൊരു ബ്ല്ലോഗിലും ദൃശ്യമാകും. നോം ഫോട്ടോകൾ എടുത്തില്ല. മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ കിട്ടുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിക്കും. സമയവും താല്പര്യവും പോലെ അങ്ങോട്ടും ഒക്കെ ചെന്നു നോക്കുക.
33 comments:
ഞാനിനെ ഞാനിനെക്കൊണ്ടു തന്നെയങ്ങു ഒതുക്കി. അല്ലേ. (മദ്യപൻ കേസ്). മീറ്റുകൾനടക്കട്ടെ. പോട്ടംസ് ഇടാത്തതെന്താണ്?
മാഷ് വിശദ്ധമായി തന്നെ എഴുതിയിട്ടുണ്ടല്ലോ? അഭിനന്ദനങള്‍....
ഓരോ മീറ്റും ഓരോ അനുഭവങ്ങളാണ്.അപ്പോള്‍ കണ്ണൂര്‍ മീറ്റില്‍ കാണാം.
മാഷെ, മീറ്റില്‍ കൂടുതല്‍ സംസാരിക്കാന്‍ പറ്റിയില്ലാ
പുതിയവരെ കത്തി വെച്ച് ഒരു വഴിക്കാക്കിയപ്പോഴേക്കും ഈറ്റാറായി
ഈറ്റികഴിഞ്ഞ് ഉടനെ പൊന്മുളേട്ടന്റെ കൂടെ നാട്ടീക്ക് വണ്ടി പിടിച്ചു.
ഇക്കുറി വളരെ വിശദമായി തന്നെയെഴുതിയല്ലോ.. മാഷൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്ത് മീറ്റ്. നമുക്കിനിയും കാണാം.
തിരുവനന്തപുരത്ത് ദേശാഭിമാനിയിൽ ജോലിയുള്ള ദിനേശ് വർമ്മയെ ഞാൻ ഈ മീറ്റിൽ വച്ച് പുതുതായി പരിചയപ്പെടുകയാണ്.
അത് രഞിത്ത് വിശ്വം അല്ലേ :) ദിനേശ് വര്‍മ്മ അല്ലല്ലോ
തകര്‍ത്തു ട്ടോ..വിശദമായി തന്നെ പറഞ്ഞു..റെജി ചേട്ടനും ഞാനും കൂടിയാണ് പോയത്..നമ്മളും ഒരു സഖാവാണ്,ഇപ്പോള്‍ വെറുപ്പാണ്,പാര്‍ട്ടിയോടല്ലാ..പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുന്ന ചില മൂരാചികലായ ഭൂര്‍ഷാസികളോട്.. ഞാനും പോസ്റ്റു ഇട്ടിട്ടുണ്ട് മീറ്റിനെ കുറിച്ച്..http://odiyan007.blogspot.com/
സജീം, തൊടുപുഴ ഞാന്‍ പോയി വന്ന പോലെ തന്നെ ഉണ്ട്ട്. ഷെരീഫിക്കയും ഉണ്ടായിരുന്നു അല്ലെ. തട്ടത്തുമലയില്‍ എന്നാണാവോ ഒരു ബ്ലോഗ് മീറ്റ് ഉണ്ടാകുക? ലതിക സുഭാഷിനെ പറ്റി നിങ്ങ്ങ്ങള്‍ സഖാക്കള്‍ അപവാദം പലതും പറഞ്ഞ്ഞു പരത്തുന്നുണ്ടായിരുന്നു. അതിനു വിരുദ്ധമായ അഭിപ്രായം താങ്കള്‍ പറഞ്ഞ്ഞ്ഞാല്‍ പാര്‍ട്ടി താക്കീത് തരില്ലേ എന്ന് ഒരു സംശയം ഉണ്ട്ട്
എന്നും എന്നും ബ്ലോഗ് മീറ്റ് ആയാല്‍ ചിലപ്പോള്‍ ബോറടിക്കും എന്നാണു എനിക്ക് തോന്നുന്നത്. ഏതായാലും തട്ടത്ത് മല ഇപ്പോള്‍ താങ്കള്‍ കാരണം ബ്ലോഗ പ്രസിദ്ധമായ ഒരു സ്ഥലം ആയി മാറി. അവിടത്തെ ബ്ലോഗ് മീറ്റില്‍ ഞാനും പങ്കെടുക്കാന്‍ ശ്രമിക്കും.
ബസ് നിര്‍ത്തിക്കാന്‍ ഇത്ര പ്രയാസം ഒന്നും ഇപ്പോള്‍ ഇല്ല. ചാലകന്മാര്‍ ഒക്കെ ഇപ്പോള്‍ മര്യാദ കാണിക്കുന്നു എന്നാണു തോന്നുന്നത്. പാമ്പ്‌കളെ കണ്ടാല്‍ മാത്രമേ ചവിട്ടാതെ ഉള്ളു.
മദ്യപിക്കാതെ ബസില്‍ പോകുന്നത് ഒരു ഫാഷന്‍ അല്ലാതെ ആയി
പണ്ടെന്നോ തിക്കുറിശി ദക്ഷിണാമൂര്‍ത്തി ഭഗവദ് ഗീതക്കോ മാറോ സംഗീതം കൊടുത്തത് കേട്ടപ്പോള്‍ ഇങ്ങ്ങ്ങിനെ അഭിനന്ദിച്ചു പോലും "എടോ ദ്രോഹീ ഒരു വിലയാധാരം കിട്ടിയാലും അത് താന്‍ പാട്ടാക്കി കളയുമല്ലോ
" അത് പോലെ ആണ് വെറും ഒരു ചെറു ബ്ലോഗ് മീറ്റ് സജേം ഒരു ആഫ്രിക്കന്‍ പര്യടനം ആക്കി മാറ്റിയിരിക്കുന്നത്
എറണാകുളത്തു നിന്നും കൊണ്ടു വന്നു പ്രദർശിപ്പിക്കുന്ന പതിവു മീറ്റ് ദൃശ്യങ്ങളായ നന്ദൻ, മനോരാജ്, പ്രവീൺ വട്ടപ്പറമ്പത്ത്, പിന്നെ ജോ, യൂസഫ് പാ തുടങ്ങിയവരൊക്കെ തൊടുപുഴയിലും പ്രത്യക്ഷരായി.
hahahahha.....:)
വേദവ്യാസൻ,
താങ്കൾ പറഞ്ഞത് ശരിയാണ്. രഞ്ജിത്ത് വിശ്വം തന്നെ! മാറി പോയതാണ്! ചൂണ്ടിക്കാട്ടിയതിനു നന്ദി!
പരിചയപ്പെടുത്തലില്‍ ബ്ലോഗിനെ കുറിച്ച് താങ്കള്‍ പറഞ്ഞ വാക്കുകള്‍ വളരെ ശ്രദ്ധേയമാണ് ...
"എന്റെ അഭിപ്രായമാണ് എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതുന്നത് .അത് മാറില്ലെന്ന് നിര്‍ബന്ധമില്ല .കമന്റ് കല്‍ വഴി ചര്‍ച്ച നടക്കുമ്പോള്‍ ഒരു പക്ഷെ എന്റെ അഭിപ്രായം മാറിയേക്കാം "
ബ്ലോഗില്‍ ഞാന്‍ എഴുതുന്നതിനോട് എല്ലാവരും യോജിക്കണം .അല്ലാത്തവരെ ഞാന്‍ പുശ്ചിക്കും എന്ന സമീപനതിനെതിരില്‍ വളരെ തുറന്നു തന്നെയുള്ള ഒരു പ്രഖ്യാപനമായി അത് ...
.തൊടുപുഴയില്‍ നടന്ന ഒരു ബ്ലോഗ് മീറ്റ് ആയതു കൊണ്ടാണ് അവിചാരിതമായി വന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പങ്കെടുക്കുവാന്‍ കഴിഞ്ഞത് ...കൂടുതല്‍ പരിചയപ്പെടാന്‍ ഇനിയോരവസരത്ത്തില്‍ കഴിയും എന്ന് കരുതുന്നു ...:)
തൊടുപുഴ മീറ്റ്‌നായിരുന്നു പേര് കൊടുത്തിരുന്നത്. അവസാന നിമിഷം ഏറണാകുളം മീറ്റ് കൊണ്ട് തൃപ്തി പ്പെടെണ്ടി വന്നു :) സജിം ജി ഇല്ലാത്ത മീറ്റ് ഇല്ലല്ലോ ല്ലേ :)
ഹഹഹ രസികന്‍. ആ ബസ്സ് ഡ്രൈവറെ ഹിപ്നോട്ടൈസ് ചെയ്യുന്നത് രസിച്ചു.
സത്യം പറയാലോ സീരിയസ്സ് എന്ന രീതിയില്‍ മാഷ് എഴുതിയ ഈ നര്‍മ്മം ശരിക്കും രസിപ്പിച്ചു. വിശദമായിത്തന്നെ.
സജീം മാഷും ആ വെളുത്ത കുപ്പായവുമില്ലാതെ മീറ്റോ? അസംഭവ്യം!! ;) :)
വിശദമായി വിശകലനം ചെയ്ത നല്ലൊരു മീറ്റവലോകനം കേട്ടൊ മാഷെ
സജീം മാഷേ.. വിവരണം മുഴുവന്‍ കുത്തിയിരുന്നു വായിച്ചു. നന്നായി. എറണാകുളത്ത് വീഡിയോ പിടിച്ച് നടന്നതിനാല്‍ അധികം ആരെയും വിശദമായി പരിചയപ്പെടാന്‍ ഒത്തില്ല. ഇപ്പോ നാട്ടിലില്ലാതിരുന്നതിനാല്‍ തൊടുപുഴ എത്താനും പറ്റീല. ങാ. ഇനീം എന്നേലുമൊക്കെ എല്ലാരേം കാണാം..
മാഷേ,
എല്ലാ കാര്യങ്ങളും ഒട്ടും വിട്ടുപോവാതെ നന്നായി വിശദീകരിച്ചിട്ടുണ്ടല്ലോ..
അഭിനന്ദനങ്ങള്‍ !
നല്ല വായനാനുഭവം....
ആശംസകളോടെ..!
മാഷേ..
നിങ്ങൾക്ക് ഇത്രയെങ്കിലും സാധിക്കുന്നുണ്ടല്ലോ..
ഇതുവരെ നാലു മീറ്റുകൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട്..
പലരുമായും ഇന്നും ഫോണിൽ കൂടിയുള്ള ബന്ധമല്ലാണ്ട് മീറ്റിൽ വരുമ്പോൾ ഒരു കവിൾ മിണ്ടിപ്പറഞ്ഞ് പരിചയപ്പെട്ടിരുന്നു വെടി പറഞ്ഞിരിക്കണമെന്ന് വല്ലാത്തൊരു പൂതിയുണ്ടെനിക്ക്..
അതു കൊണ്ടു തന്നെയാണീപ്രാവശ്യമാദ്യം കാമെറ ഞാൻ കൈയ്യിലെടുക്കാതിരിന്നതും..
ഇനിയും മീറ്റുകൾ വരട്ടെ..
ഫ്രീയായി പ്പോയിരുന്ന് ഒരു കവിൾ സംസാരിച്ച് സന്തോഷിക്കാനുള്ള അവസരം കാത്തിരിക്കുന്നു ഞാൻ..
മിക്കവാറും കണ്ണൂർക്ക് വരുന്നുണ്ട്..
തൊടുപുഴയില്‍ മീറ്റില്‍ പങ്കെടുത്ത പ്രതീതി....
വീണ്ടും ചില ആശുപത്രി കാര്യങ്ങളുമായി എറുണാകുളത്ത് ആയതിനാല്‍ എന്റെ പതിവ് ബ്ലോഗ് മീറ്റ് പോസ്റ്റ് അല്‍പ്പം വൈകും, ചിലപ്പോള്‍ വേണ്ടെന്നും വെക്കും; എല്ലാ കാര്യങ്ങളും സജീമിന്റെ പോസ്റ്റില്‍ ഉണ്ട്താനും...
ഈ പോസ്റ്റ് ഞാന്‍ ഭൂലോകം ഓണ്‍ലൈനില്‍ വായിച്ചായിരുന്നു... രസകരമായി അവതരൈപ്പിച്ചിട്ടുണ്ടട്ടോ... കണ്ണൂരു കാണാം..
അവതരിപ്പിച്ചിട്ടുണ്ടട്ടോ. എന്നാണെ. ഈ അക്ഷര പിശാച്
mashe kalakkan report!
Iniyum oru meetundenkil koodaan njaan ready! :)
നന്നായി സജീം. ഇപ്പോഴാണ് ഓരോ ലിങ്ക് തപ്പി മീറ്റ് റിപ്പോര്‍ട്ടുകള്‍ വായിച്ചു തുടങ്ങിയത് . ഞാന്‍ കിളിമാനൂര്‍ വരുമ്പോള്‍ വിളിയ്ക്കാം.മിക്കവാറും അടുത്ത മാസം കാണും
ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി അറിയിക്കുന്നു!
മാണിക്യം എന്ന ബ്ലോഗ്ഗര്‍ മുമ്പ് വളരെ സജീവമായിരുന്ന ആളാണ്.:) ഇന്ന് ഞാന്‍ മാത്രമല്ല വളരെ കാര്യമായി എഴുതിയിരുന്ന പലരും ഫേസ്ബുക്കിലും ബസ്സിലും ഒക്കെ പെട്ടു പോയി.
പുഴുങ്ങിയ കപ്പയും കാന്താരിചമ്മന്തിയും ആയി പ്രസിദ്ധമായ ആദ്യ"തൊടുപുഴമീറ്റ്"നടന്നതു മുതല്‍ വല്യആഗ്രഹമായിരുന്നു ഒരു മീറ്റില്‍ പങ്കെടുക്കാന്‍ ഏതായാലും അത് വീണ്ടും തൊടുപുഴയില്‍ വച്ച് തന്നെ സാധിച്ചതില്‍ സന്തോഷം...
സൗഹൃദം പുതുക്കലും കുറെ നല്ല ഓര്‍മ്മകളും പേറി ഞാന്‍ ഇന്നലെ തിരികെ ക്യാനഡയില്‍ എത്തി. ഒരു പോസ്റ്റ് എഴുതാന്‍ ആഗ്രഹമുണ്ട്. എന്നെക്കാള്‍ നന്നായി എഴുതുന്ന താങ്കളെ പോലുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു തീരുമ്പോള്‍ എന്റെ എഴുത്ത് പിന്നത്തേയ്ക്ക് മാറ്റി വയ്ക്കപ്പെടുന്നു.
രസകരമായി അവതരിപ്പിച്ചു.
മാണിക്യം ചേച്ചീ,
ചേച്ചീ എന്താ ഈ പറയുന്നത് “എന്നെക്കാള്‍ നന്നായി എഴുതുന്ന താങ്കളെ പോലുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു തീരുമ്പോള്‍ എന്റെ എഴുത്ത് പിന്നത്തേയ്ക്ക് മാറ്റി വയ്ക്കപ്പെടുന്നു.“ എന്നോ?
ഞാൻ ചേച്ചിയേക്കാൾ നന്നായി എഴുതുമെന്നോ? ചേച്ചിയെ പോലെ ഒരാൾക്ക് ഇത്രയും വിനയം വേണോ? ചേച്ചിയുടെ മഹത്വം എന്നല്ലാതെ എന്തുപറയാൻ! മാണിക്യം ചേച്ചിയെ പോലുള്ളവർ നമുക്ക് ഗുരുതുല്യരാണ്. നമ്മുടെ പോസ്റ്റൊന്നും കണക്കാക്കേണ്ട. ചേച്ചി എഴുതണം. നല്ല എഴുത്തുകാർ ബസിലും ഫെയിസ് ബൂക്കിലും മാത്രം പോയി കുടുങ്ങിക്കിടക്കുന്നതിൽ ഈയുള്ളവന് നിരാശയുണ്ട്. ബ്ലോഗെഴുത്തും ബ്ലോഗ് വായനയും ബ്ലോഗിലെ കമന്റെഴുത്തും പോലെയുള്ള ഒരു സുഖം എനിക്കെന്തോ മറ്റൊരിടത്തും ലഭിക്കുന്നില്ല. ഞാൻ ഒരു അരസികൻ ആയതുകൊണ്ടാണോ എന്നറിയില്ല. എന്തായാലും ഇടയ്ക്കെങ്കിലും ചേച്ചിയെ പോലുള്ളവർ ബ്ലോഗിൽ എഴുതുന്നത് ബ്ലോഗിൽ മാത്രം കുടുങ്ങിക്കിടക്കാൻ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഒരു പ്രചോദനമായിരിക്കും. എന്റെ പോസ്റ്റിൽ വന്ന് കമന്റെഴുതിയതിനു നന്ദി!
thakarppan post!
varaan kazhinjnjilla enna dukhame ullu..
നല്ല വിവരണം ..താങ്ക്സ്
ബൂലോക മീറ്റിന്റെ ഏറ്റവും ഡീറ്റെയിൽഡ് റിപ്പോർട്ട്. വായിച്ചവർക്കൊക്കെ തൊടുപുഴയിൽ വന്നു വാഴക്കോടന്റെ പാട്ടു കേട്ട് ബിരിയാണി തിന്ന പ്രതീതി.
വളരെ വിശദമായി എഴുതിയിരിക്കുന്നു.അന്നു വരാത്തവർക്കു പ്രയോജനപ്പെടും. ഈ പോസ്റ്റിൽ എന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി.
കോട്ടയം വരെയും പോകാനുള്ള ഒരാളുടെ എല്ലാ ദേഹഭാവാദികളും പ്രകടിപ്പിക്കുന്ന തരത്തിൽ ആധുനിക ഹിപ്നോട്ടിസവും മാന്ത്രിക വിദ്യകളും സമം ചേർത്ത് ശാസ്ത്രത്തിൽ ചാലിച്ച് അവതരിപ്പിച്ച തികച്ചും നൂതനമായൊരു ഐറ്റമായിരുന്നു ആ ഒരു കൈകാണിക്കൽ..
ഹാ ഹാ ഹാാ.
Post a Comment