സെൽവരാജിനെ അഭിനന്ദിക്കുന്നില്ല
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. ആരു ജയിച്ചാലും വിജയം അംഗീകരിക്കാതെ പറ്റില്ലല്ലോ. തൊട്ടുമുമ്പ് പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് വിജയിച്ചപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഞാൻ പോസ്റ്റ് എഴുതിയിരുന്നു.വിജയികൾ ഏതു പക്ഷക്കാരനാണെങ്കിലും എന്റെ എഴുത്തിലും പ്രവൃത്തിയിലും ഞാൻ അവരെ അഭിനന്ദിക്കുകയാണ് പതിവ്. യു.ഡി.എഫ് നെയ്യാറ്റിനകരയിൽ നേടിയത് രാഷ്ട്രീയ വിജയമാണ്. അതിന് യു.ഡി.എഫിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ വിജയിച്ച സ്ഥാനാർത്ഥി എന്ന നിലയിൽ സെൽവരാജിനെ എനിക്ക് അഭിനന്ദിക്കാൻ കഴിയില്ല. കാരണം അദ്ദേഹം അഭിനന്ദനം അർഹിക്കുന്നില്ല. വിജയിച്ചതുകൊണ്ട് സെൽവരാജ് വിശുദ്ധനാക്കപ്പെടുന്നില്ല.അദ്ദേഹം സ്വന്തം നേട്ടങ്ങൾക്കുവേണ്ടി കാലുമാറിയവ്യക്തിയാണ്. കൂറുമാറിയ വ്യക്തിയാണ്. അദ്ദേഹം സി.പി.ഐ.എമ്മിനെ വഞ്ചിച്ചു പുറത്തു പോയി യു.ഡി.എഫിനു രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുത്ത വ്യക്തിയാണ്. പാർട്ടിമാറാനും മുന്നണിമാറാനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഈ പാർട്ടിയെ ചതിച്ചിട്ട് പോകുന്നവരെ വർഗ്ഗവഞ്ചകരായി മാത്രമേ കാണാൻ കഴിയൂ.
ഒരു തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നതുകൊണ്ട് ഒരു വ്യക്തി മുമ്പ് നടത്തിയ അധാർമ്മിക പ്രവർത്തനങ്ങൾ ന്യായീകരിക്കപ്പെട്ടുകൂട. സ്വന്തം പാർട്ടിയിൽ നിന്ന് അർഹിക്കുന്നതിൽ അധികം അംഗീകാരവും സ്ഥാന മാനങ്ങളും നേടിയിട്ട് ആ പാർട്ടിയെ ചതിച്ച് ശത്രുപാളയത്തിലേയ്ക്ക് പോകുന്നത് തികച്ചും അധാർമ്മികമാണ്. തെരഞ്ഞെടുപ്പുകളിൽ ഓരോ ട്രെന്റുകൾ വരും. ആ ട്രെന്റാണ് വിജയപരാജയങ്ങളെ പലപ്പോഴും സ്വാധീനിക്കുന്നത്. നെയ്യാറ്റിൻകരത്തെ ട്രെന്റ് ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫിന് അനുകൂലമായി തോന്നിയിരുന്നു. എന്നാൽ പിന്നീടുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങൾ എൽ.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചു. എൽ.ഡി.എഫിനെ സംബന്ധിച്ച് തികച്ചും പ്രതികൂലമായ ഒരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അ സാഹചര്യങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ അല്പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടാകണം.
പാർട്ടിയ്ക്ക് പങ്കില്ലാത്ത ടി.പി. ചന്ദ്രശേഖരൻ വധവും തുടർന്നുള്ള സംഭവങ്ങളും ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾക്ക് ഇടവന്നിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ അതുകൊണ്ടു മാത്രമാണ് യു.ഡി.എഫ് വിജയിച്ചതെന്നു ഞാൻ കരുതുന്നില്ല. എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും നേരിയ വ്യത്യാസത്തിലെങ്കിലും യു.ഡി.എഫ് തന്നെ വിജയിക്കുമായിരുന്നു. തുടക്കത്തിൽ ഒരു വിജയപ്രതീക്ഷ പുലർത്താനായിരുന്നു എന്നേയുള്ളൂ. പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് ഞാൻ ആ തെരഞ്ഞെടുപ്പിനു മുമ്പേ പറഞ്ഞിരുന്നു. എന്നാൽ നെയ്യറ്റിൻകരയിൽ എൽ.ഡി.എഫ് പരാജയപ്പെടുമെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കാരണം ആദ്യഘട്ടത്തിൽ എൽ.ഡി.എഫിന് വിജയിക്കാൻ അനുകൂലമായ ചില സാഹചര്യങ്ങൾ കണ്ടിരുന്നു. അവസാനവും നേരിയ വിജയ പ്രതീക്ഷ ഇല്ലാതിരുന്നില്ലതാനും. ഒരു കാലുമാറ്റക്കാരനെ ജനം വീണ്ടും വിജയിപ്പിക്കില്ലെന്നുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ കാലുമാറ്റം, അഴിമതി, സാമ്പത്തിക നേട്ടം കൈവരിക്കൽ എന്നിവയേക്കാളൊക്കെ അക്രമം, കൊലപാതകം എന്നിവയേക്കാൾ പൊറുക്കാവുന്ന കാര്യമാണെന്നും ഒരു വിഭാഗം ആളുകൾ ചിന്തിച്ചിരിക്കാം.
അഴിമതിക്കാരും കാലുമാറ്റക്കാരും, കൊലയാളികലും സ്ത്രീപിഡകരും ഒക്കെ വളരെ ഈസിയായി തെരഞ്ഞെപ്പുകളിൽ ജയിച്ചു വരുന്നത് ഇത് അദ്യമായൊന്നുമല്ല. എന്തായാലും സി.പി.ഐ.എമ്മിനു ക്ഷീണമുട്ടാക്കിയ സെൽവരാജ് എന്ന മുൻ സി.പി.ഐ.എം നേതാവിനോട് ഒന്നേ പറയനുള്ളൂ. ഒക്കെ വളരെ മോശമായിപ്പോയി. ഞങ്ങളെ പോലെ ആയിരങ്ങൾ താങ്കളെ പോലെ പഞ്ചായത്ത് പ്രസിഡന്റോ പലവട്ടം എം.എൽ.എയോ ജില്ലാ കമ്മിറ്റി അംഗമോ ഒന്നുമായിട്ടില്ല. പാർട്ടിയ്ക്കുള്ളിൽ നല്ല പിള്ളകളായി എപ്പോഴും നിന്നിട്ടുമില്ല. പലപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയെയും നേതാക്കളെയുമൊക്കെ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും വിമർശിക്കുന്നുണ്ട്. പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുമ്പോഴും പാർട്ടിയുടെ പല നിലപാടുകളോടും പ്രതിഷേധം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാകും. പാർട്ടിയുടെ പല നേതാക്കളോടും സ്നേഹം നിലനിൽക്കുമ്പോഴും പലപ്പോഴും പല കാരണങ്ങളാൽ അമർഷവും തോന്നാറുണ്ട്. ഇനിയും അങ്ങനെയൊക്കെത്തന്നെയുണ്ടാകാം. മനുഷ്യരല്ലേ? എന്തിനധികം നമ്മളൊക്കെ പലപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന് ചെറിയ ചെറിയ കലാപങ്ങൾ തന്നെ നടത്തിയിട്ടുണ്ട്. അതൊന്നും പാർട്ടിയെ നശിപ്പിക്കാനല്ല.സദുദ്ദേശത്തോടെ മധുരമായി ചില ഭിന്നസ്വരങ്ങളുയർത്തി പാർട്ടിയെയും നേതാക്കളെയും ചിന്തിപ്പിക്കുക എന്നതിനപ്പുറം അതൊന്നും പാർട്ടിയെ നശിപ്പിക്കാനുള്ള ശ്രമങ്ങളല്ല.
ഒരിക്കൽ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിലെ ചില അപാകതകൾ ചൂണ്ടിക്കാട്ടി നമ്മുടെ ഒരു ലോക്കൽ സമ്മേളനം ഒന്നാകെ അലങ്കോലമാക്കി, അത് പിന്നീട് വീണ്ടും നടത്തിച്ച് പാർട്ടി നേതൃത്വത്തെ ശരിയായ നിലപാടിലേയ്ക്ക് കൊണ്ടുവരാൻ നമ്മൾ ഒരിക്കൽ നടത്തിയ ശ്രമവും അതിന്റെ വിജയവും ഇത്തരുണത്തിൽ ഓർക്കുകയാണ്. ഇതിന്റെയൊക്കെ പേരിൽ പലപ്പോഴും പാർട്ടി നേതൃത്വത്തിൽ നിന്ന് പലർക്കും ചില “ഒതുക്കലുകളും” നേരിടേണ്ടി വന്നിട്ടുണ്ട് (ഈയുള്ളവനും....ഹഹഹ!). പല ചുമതലകളിൽ പലരും, അകറ്റി നിർത്തപ്പെട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിയുടെ നന്മകൾക്കുവേണ്ടിയാണെങ്കിലും “കുലംകുത്തുമ്പോൾ” (തെറ്റായി വ്യാഖ്യാനിക്കേണ്ട. തമാശയാണ്) അങ്ങനെയൊക്കെ സംഭവിക്കാം. അതിനെയൊക്കെ പാർട്ടിയ്ക്കുള്ളിൽ നിന്ന് നേരിടണം. ഫൈറ്റ് ചെയ്യണം. അതൊക്കെ പണ്ടുമുണ്ട്. ഇപ്പോഴുമുണ്ട്. എപ്പോഴുമുണ്ടാകും. സി.പി.ഐ.എമ്മും ഒരു ജനാധിപത്യ പാർട്ടിയാണ്. ഇവിടെ ഞൻ മറ്റൊരു കാര്യം ഓർക്കുകയാണ്. നമ്മുടെ നാട്ടിൽ പാർട്ടി സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായ ദൌർഭാഗ്യകരമായ ചെറിയൊരു അക്രമ സംഭവം ഒഴിവാക്കാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ നമ്മളിൽ ചില പാർട്ടി അംഗങ്ങളെ ഒരിക്കൽ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട് . അക്രമം നടത്തിയതിനല്ല അതൊഴിവാക്കാനുള്ള ഇടപെടൽ ഫലപ്രദമായില്ലാ എന്നതിന്റെ പേരിൽ! പക്ഷെ കുറ്റക്കാരല്ലാതെ ശിക്ഷ കിട്ടിയിട്ടും ഞങ്ങളാരും പാർട്ടി വിട്ടില്ല. ഏതാനും നാൾ കഴിഞ്ഞ് തിരിച്ചെടുത്തു. ഈ പാർട്ടിയിൽ നിൽക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമാണ്. ഇങ്ങനെ പലതും ഉൾപാർട്ടി വിഷയങ്ങളാകാറുണ്ട്.
ഇതൊന്നുമല്ലാതെ ആർ.എം.പിക്കാരെ പോലെ ആദ്യം കുലംകുത്തി പിന്നെ കുലംവിട്ടു പുറത്തുപോയി പുറത്തുനിന്നും കുത്തി പാർട്ടിയെ വെല്ല്ലുവിളിക്കുകയും പാർട്ടി സഖാക്കളുടെ വീടുകൾ ആക്രമിക്കുകയും പാർട്ടി കുടുംബങ്ങൾക്ക് ഊരുവിലക്കേർപ്പെടുത്തുകയും മറ്റും ചെയ്യുന്നതല്ല പാർട്ടിയ്ക്കു വേണ്ടിയുള്ള ഫൈറ്റ്. (ആർ.എം.പിയെ ഇവിടെ പരാമർശിച്ചതുകൊണ്ട് പറയുകയാണ്. ടി.പി. വധം പാർട്ടി ചെയ്തതല്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ഇനി അത് പാർട്ടിബന്ധമുള്ളവരോ, മറ്റ് ആരുതന്നെ ചെയ്താലും അതിന് ഒരു ന്യായീകരണവുമില്ലെന്ന് ഇത്തരുണത്തിലും ആവർത്തിക്കുന്നു).
പാർട്ടിക്കുള്ളിൽ നിന്ന് ഫൈറ്റ് ചെയ്യുമ്പോഴും പല കഷ്ടനഷ്ടങ്ങളുമുണ്ടാകുമ്പോഴും ഞങ്ങൾക്കൊന്നും ഒരിക്കൽ പോലും ഈ പാർട്ടിയുടെ വലയം വിട്ടു പുറത്തുപോകാനോ ശത്രുപാളയത്തിൽ ചെന്നു നിന്ന് സ്വന്തം പാർട്ടിയ്ക്കുനേരേ മുണ്ടുപൊക്കി കാണിക്കനോ തോന്നിയിട്ടില്ല. ഒരിക്കലും പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിഞ്ഞിട്ടില്ല. പാർട്ടിവിട്ട സെൽവരാജ് കോൺഗ്രസ്സുകാരന്റെ കുപ്പായമിട്ട് അർഹിക്കുന്നതിനുമപ്പുറം സ്ഥാനമാനങ്ങൾ നൽകിയ പാർട്ടിയെ വെല്ലുവിളിച്ചു. സെൽവരാജ്, നിങ്ങൾ വീണ്ടും ഒരു അധികാര മത്സരത്തിനു നിന്നിരുന്നില്ലെങ്കിൽ അല്പമെങ്കിലും മതിപ്പു തോന്നിയേനേ! പാർട്ടി തന്ന എം.എൽ.എ ടേൺ പൂർത്തിയാക്കി പാർട്ടിവിട്ട് പോയിരുന്നെങ്കിൽ അതിന് ഒരു അന്തസൊക്കെ ഉണ്ടായിരുന്നു. സെൽവരാജ്, താങ്കളിപ്പോൾ ജയിച്ചുവെന്നു കരുതേണ്ട . താങ്കൾ തോറ്റു കൂപ്പുകുത്തിപ്പോയി. ഞങ്ങളുടെ മുൻസഖാവേ, താങ്കൾക്ക് ജീവിതകാലം മുഴുവൻ ഒരു കമ്മ്യൂണീസ്റ്റുകാരനായി കഴിയാനായില്ലാ എന്നതിനപ്പുറം താങ്കൾക്ക് എന്ത് പരാജയമാണ് വരാനുള്ളത്? ഞങ്ങളതിൽ ദു:ഖിക്കുന്നു. താങ്കൾ വിജയിച്ചുവെന്നുകരുതി അഘോഷിക്കുന്ന ഈ വേളയിലും ഒന്നുകൂടി ആവർത്തിക്കട്ടെ. ഒക്കെ മോശമായി പോയി.
പിൻകുറിപ്പ്: ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ടൊന്നും പതറുന്നവരല്ല, ഞങ്ങൾ സി.പി.ഐ.എമ്മുകാർ. അല്ലപിന്നെ!