Friday, June 1, 2012

നെയ്യാറ്റിൻ‌കരയിൽ പോയിരുന്നു

നെയ്യാറ്റിൻ‌കരയിൽ പോയിരുന്നു

മിനിയാന്ന് (30-05-2012) നെയ്യാറ്റിൻ‌കരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു പോയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ  ഇടതുപക്ഷം മറ്റ് പ്രദേശങ്ങളിലുള്ള പ്രവർത്തകർക്ക് ഇത്തരം ചുമതല നൽകുന്ന പതിവുണ്ട്. ഞങ്ങൾ ഒരു ട്യൂറിസ്റ്റ് ബസ്സിൽ രാവിലെ തന്നെ  പുറപ്പെട്ട് നെയ്യാറ്റിൻ‌കര നിയമസഭാ നിയോജക മണ്ഡലത്തിലുൾപ്പെട്ട   ഒരു ഉൾ ഗ്രാമത്തിലാണെത്തിയത്. അവിടെ ആ കവലയിൽ  ബസിറങ്ങുമ്പോൾ രാവിലെതന്നെ മൂന്നു സ്ഥാനാർത്ഥികളുടെയും പ്രചരണ വാഹങ്ങൾ അടുത്തടുത്തിട്ട് ഉച്ചഭാഷിണി വഴി അന്തരീക്ഷം ശബ്ദമുഖരിതമാക്കിയിരുന്നു. ഒരേ കവലയിൽ മൂന്നു വാഹനങ്ങളും അടുത്തടുത്ത് ചേർത്ത് നിർത്തി റിക്കോർഡ് ചെയ്ത ശബ്ദപ്രക്ഷേപണം  അത്യുച്ചത്തിൽ ഇട്ടിരിക്കുന്നതിനാൽ  ആരുടെ പ്രക്ഷേപണവും   വ്യക്തമായി വേർതിരിച്ചു കേൾക്കാൻ കഴിയാതെ അതൊക്കെ അന്തരീക്ഷത്തിൽ വിക്ഷേപണം ചെയ്ത് പോകുകയായിരുന്നുവെന്നു പറഞ്ഞാൽ മതിയല്ലോ! അവിടെ കവലയിൽ നിൽക്കുന്ന ഞങ്ങളടക്കം ആളുകൾക്ക്  പരസ്പരം സംസാരിക്കുന്നതുപോലും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അല്പസമയത്തിനുള്ളിൽ പ്രചരണവാഹനങ്ങൾ ഓരോന്നായി ആ കവലയിൽ നിന്ന് വിവിധ ദിശകളിലേയ്ക്ക് പോയിക്കഴിഞ്ഞപ്പോഴാണ്  സ്വബോധം വീണു കിട്ടിയത്. പ്രചരണച്ചൂടെന്നാൽ ഈ ഈ ഉച്ചഭാഷിണിപ്രയോഗം തന്നെയെന്നു തോന്നും.ഇലക്ഷൻ കഴിയുംവരെ ഇത് ജനങ്ങൾ സഹിച്ചേ മതിയാകൂ. കാരണം ഇത് ജനാധിപത്യരാജ്യമാണ്. ഇതൊക്കെ സ്വാഭാവികവും ഒഴിവാക്കാനാകാത്തതുമാണ്.  മൂന്നു പാർട്ടികളും കവലകളിലും വഴികളിലും മത്സരിച്ച് ബോർഡുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച് ഇലക്ഷന് മോഡി പിടിപ്പിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പാകുമ്പോൾ ഒരു മണ്ഡലത്തിന്റെ മാത്രം ശ്രദ്ധയിലൊതുങ്ങുന്നതല്ലല്ലോ അത്. അതിന്റെയൊരു ആവേശം മണ്ഡലത്തിലെങ്ങും അലതല്ലുന്നുണ്ട്.

എൽ.ഡി.എഫിന്റെ അവിടുത്തെ തെരഞ്ഞെടുപ്പ്   കമ്മിറ്റി ഓഫീസിൽ എത്തിയ ഞങ്ങൾ അവിടെ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. ഞങ്ങളുടെ എൽ.സിയിൽ നിന്നും അവിടെയെത്തിയ സഖാക്കൾ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞ്  ഓരോ  ബൂത്ത് പ്രദേശങ്ങളിലേയ്ക്ക് പോയി. തദ്ദേശവാസികളായ സഖാക്കൾ ഓരോ സ്ക്വാഡിനെയും നയിച്ചു. ഓരോ സ്ക്വാഡിലും ഇരുപതും ഇരുപത്തഞ്ചിനുമിടയിൽ  അംഗങ്ങൾ  ഉണ്ടായിരുന്നു. ഞാൻ പങ്കെടുത്ത സ്ക്വാഡിൽ വനിതാ സഖാക്കൾ അടക്കം ഇരുപത്തിനാല് പേർ ഉണ്ടായിരുന്നു. അവിടെ നിന്ന് അധികം ദൂരെയല്ലാതെ വിഴിഞ്ഞം എൽ.സിയിൽ നിന്നുള്ള ഏതാനും സഖാക്കൾ കൂടി ഞങ്ങളുടെ സ്ക്വാഡിൽ ഉണ്ടായിരുന്നു.  തദ്ദേശവാസിയും സി.പി.ഐയുടെ ഒരു എൽ.സി. അംഗവും ആ ബൂത്തിന്റെ ചുമതലക്കാരനുമായ ഒരു സഖാവായിരുന്നു നമ്മെ നയിച്ചത്. ഞങ്ങളുടെ സ്ക്വാഡിൽ നമ്മുടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുൻ‌പ്രസിഡന്റ്, ഏതാനും ഗ്രാമപഞ്ചായതത്തംഗങ്ങൾ പാർട്ടി എ.സി, എൽ.സി അംഗങ്ങൾ തിരുവനന്തപുരം നഗരസഭയിലെ ഒരു വനിതാ കൌൺസിലർ എന്നിവരും പാർട്ടി അംഗങ്ങളും അനുഭാവികളും ഉൾപ്പെട്ടിരുന്നു.

രാവിലെ പത്ത് മണിയോടെ വീടുകൾ കയറിയിറങ്ങി സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. നമ്മുടെ പ്രദേശത്തെ അപേക്ഷിച്ച് വ്യത്യസ്തമായ ഒരു ഭൂമിശാസ്ത്രവും ജീവിത പരിസരവുമൊക്കെയാണ് ആ ബൂത്തിൽ കാണാൻ കഴിഞ്ഞത്. നല്ല നിരപ്പുള്ള ഭൂമി. ഏതാണ്ട് തീരപ്രദേശവുമായി അടുത്ത് വരുന്ന പ്രദേശമാണ്. എന്നാൽ പൊതുവിൽ പുറമേയ്ക്ക് കാണുന്ന ഒരു തെരഞ്ഞെടുപ്പാവേശം വീടുകൾ കയറിയിറങ്ങുമ്പോൾ കാണാൻ കഴിഞ്ഞില്ല. ഭൂരിപക്ഷം വീടുകളിലും ആണുങ്ങൾ ഇല്ല. അവരൊക്കെ രാവിലെതന്നെ  അവരുടെ തൊഴിലുകൾക്കായി പോയിരുന്നു. വീടുകളിൽ മിക്കതിലും സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. വളരെ അപൂർവ്വം വീടുകളിൽ മാത്രമാണ് ആണുങ്ങൾ പകൽ ഉണ്ടാകുക എന്നു മനസിലായി. എല്ലാ വീടുകളിലും ആടുകളും കോഴികളും താറാവുകളും ഉണ്ട്. ചിലയിടങ്ങളിൽ പശുക്കളും. എല്ലാ കുടുംബങ്ങൾക്കും തുണ്ടു ഭൂമികളാണുള്ളതെന്ന് തോന്നിച്ചു. എന്നാൽ ഉള്ള ഭൂമിയിലൊക്കെ നല്ല ഫല വൃക്ഷങ്ങളും അലങ്കാര സസ്യങ്ങളും കാണാം. ഒരു കറിക്കൂട്ടിനുള്ള സാധനങ്ങൾ എല്ലാം അവരവരുടെ വീട്ടുവളപ്പുകളിൽത്തന്നെയുണ്ട്. കയ്ഫലമുള്ള നല്ല തെങ്ങുകൾ ശരിക്കുണ്ട്.  പ്ലാവ്, ശീമപ്ലാവ്, പുളിമരം, കറിവേയ്പിലമരം, തെങ്ങ്, തുടങ്ങിയവ   മിക്ക വീടുകളീലുമുണ്ട്. റബ്ബർ കൃഷിയുടെ അതിപ്രസരം   ഇവിടെ കാണാൻ കഴിഞ്ഞില്ല. ഏതോ ഒരിടത്തുമാത്രം  കുറച്ച് റബ്ബർ  നട്ടിരിക്കുന്നതായി  ശ്രദ്ധയിൽ‌പ്പെട്ടു. റബ്ബർ മരങ്ങൾ ഇല്ലാത്തത് ഒരു പ്രത്യേകതയായാണ് നമുക്ക് തോന്നിയത്. കാരണം  നമ്മുടെ നാടൊക്കെ ഏതാണ്ട് റബ്ബർ മരങ്ങൾ കീഴടക്കിയിരിക്കുകയാണല്ലോ. കുളിർമ്മയുള്ള ഒരു അന്തരീക്ഷമാണ് പൊതുവിൽ നമുക്ക് അവിടെ  അനുഭവപ്പെട്ടത്. ചെറുമരങ്ങളുളെയും സസ്യലതാദികളുടെയും തണൽപറ്റിയുള്ള നടത്തത്തിൽ  നമ്മളിൽ ആർക്കും ഒരു ക്ഷീണവും തോന്നിയില്ല. 

പൊതുവേ ശാന്തമാണ് വീടുകളും  കുടുംബങ്ങളും. ആണുങ്ങൾ വീട്ടിലെത്തിയാലും അങ്ങനെയാണോ എന്നറിയില്ല. പോയ വഴിയിൽ ഒരിടത്ത് മാത്രമാണ് കുറെ ഒഴിഞ്ഞ മദ്യകുപ്പികൾ കാണാനായത്. വെറും കുടിയൻ‌മാരുടെ ഏരിയ അല്ലെന്നു തോന്നി. പൊതുവേ വൃത്തിയുള്ള ചുറ്റുപാടുകളാണ്. വീടുകളും  പരിസരങ്ങളും എല്ലാം നല്ല വൃത്തിയുണ്ട്. ചുവപ്പ് കലർന്ന നല്ല ഫലഭൂയിഷ്ഠമെന്നു കരുതാവുന്ന മണ്ണാണ്. വളരെ സാധാരണക്കാരായ ആളുകളാണ് ഭൂരിപക്ഷം. തട്ടിമുട്ടി ജീവിക്കുന്ന പാവങ്ങൾ. വീടുകൾ എല്ലാം ഇടത്തരമാണ്. ഭൂരിപക്ഷം  വീടുകളും തീരെ കുടിലുകളുമല്ല, എന്നാൽ വളരെ  വലിയവയുമല്ല.  പല പഴയ വീടുകളും  ഏതാണ്ട് അതേ രീതിയിൽ മെയിന്റനൻസ് ചെയ്ത് നിലനിർത്തിയിരിക്കുകയാണ്. മറ്റ് മിക്ക വീടുകളും   ടെറസാണെങ്കിലും താരതമ്യേന ചെറിയ വീടുകളാണ്. ഇരു നില വീടുകൾ ഇടയ്ക്കിടെ ഒറ്റപ്പെട്ടു മാത്രം കാണപ്പെട്ടു. വലിയ ധനികർ കുറച്ചേ ആ ബൂത്തിൽ ഉള്ളൂവെന്ന് തോന്നുന്നു.  സർക്കാർ ഉദ്യോഗസ്ഥരും എണ്ണത്തിൽ വളരെ കുറവാണ് ആ ബൂത്തിൽ എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ കുട്ടികളൊക്കെ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്.  അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ് കൂടുതലും. സ്ത്രീകൾ നല്ലൊരു പങ്കും വീട്ടുകാര്യം  നോക്കി കഴിയുന്നവരാണെന്ന് തോന്നുന്നുന്നു. സാമുദായികമായി ഈ ബൂത്തിൽ ക്രിസ്തീയ വിശ്വാസികളായ നാടാർ സമുദായക്കാരാണ് ബഹുഭൂരിപക്ഷവും. മറ്റ് സമുദായക്കാർ വളരെ കുറച്ചേ ഉള്ളൂ. കുറച്ച് നായർ കുടുംബങ്ങൾ ഉണ്ട്. മുസ്ലിം കുടുംബങ്ങൾ വിരലിലെണ്ണാവുന്നവർ മാത്രം. മറ്റ് ദളിദ് വിഭാഗങ്ങളും വിരളം.  എന്തായാലും ഈ പ്രദേശത്തെ ഈ തെരഞ്ഞെടുപ്പ് പ്രവർത്തനം. നല്ലൊരു അനുഭവമായിരുന്നു.

പുറത്തു കണ്ട ഇലക്ഷൻ ചൂടൊന്നും അകമേയ്ക്ക് ഇല്ല. ആളുകളിൽ എല്ലാം ഒരു നിസംഗ ഭാവമാണ്. ഇതിനൊന്നും നമ്മൾ അത്ര പ്രാധാന്യം നൽകുന്നില്ലെന്ന മട്ട്. ഇടതുപക്ഷത്തിന്റെ ഉറച്ച അനുഭാവികളുടെയും പ്രവർത്തകരുടെയും വീടുകളിൽ ചെല്ലുമ്പോൾ മാത്രമാണ് തെരഞ്ഞെടുപ്പിന്റെ ഒരു ആവേശം കാണപ്പെട്ടത്. സ്ത്രീകൾ പൊതുവേ ശാന്ത പ്രകൃതരാണെന്നും തോന്നി.  കേരളമാകെ അലയടിച്ചുയരുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും ഈ സാധാരണ മനുഷ്യർ അറിഞ്ഞിട്ടുണ്ടെന്നു കൂടി തോന്നിയില്ല. ഇനി ഉള്ളിലിരിപ്പ് എന്താണോ ആവോ! വോട്ട് തരില്ലെന്ന് ആരും പറഞ്ഞില്ല. അത് ആരോടും പറയില്ലല്ലോ. പൊതുവേ ഈ ബൂത്തിൽ ആരും വലിയ പരാതികളും  ഉന്നയിച്ചു കണ്ടില്ല. പറഞ്ഞിട്ടൂം കാര്യമില്ലെന്നു കരുതിയാണോ എന്തോ!  ഒരു പ്രധാന പ്രശ്നമുള്ളത് കുടിവെള്ളത്തിന്റേതാണ്. പൈപ്പ് ലെയിൻ ഈ ബൂത്തിൽ വന്നിട്ടുണ്ട്. എങ്കിലും  ജലക്ഷാമം രൂക്ഷവും  ഗൌരവതരവുമാണ് എന്ന് മനസിലാക്കാം. ഇവിടെ കിണറുകൾ എല്ലാം അത്യഗാധതയുള്ളവയാണ്. മുകളിൽ നിന്നു നോക്കിയാൽ കിണറിനെ ഏറ്റവും താഴെയുള്ള ഭാഗം ഒട്ടുംതന്നെ കാണാനാകില്ല. വെള്ളമുണ്ടോ ഇല്ലയോ എന്നറിയാൻ തൊട്ടിയിറക്കി നോക്കിയാലേ കഴിയൂ. അത്രയ്ക്കും ആഴമാണ്. കിണറ്റിലുള്ളിലേയ്ക്ക് നോക്കിയാൽ പേടിയാകും.

വോട്ടഭ്യർത്ഥിക്കുകയല്ലാതെ മറ്റൊരു രാഷ്ട്രീയ ചർച്ചയ്ക്കും താല്പര്യം ജനിക്കുന്ന ഒരു പ്രതികരണം ഇവിടെ ഒരു വീട്ടിലും ആരിൽ നിന്നും ഉണ്ടായില്ല. പിന്നെ ചില രസകരമായ അനുഭവങ്ങൾ ഉണ്ടാകാതെയുമിരുന്നില്ല. വളരെ ശാന്തമായി പ്രവർത്തനം നടത്തിയിട്ടും   ഒരു വീട്ടിൽ ചെന്നപ്പോൾ ഒരു സ്ത്രീ നിങ്ങളെന്താ എലാവരും കൂടി ഭീഷണിപ്പെടുത്താൻ വരികയാണോ എന്നു ചോദിച്ചു. അതും പരിചയമില്ലാത്ത ആളുകൾ വന്നിട്ട്. അവർക്ക് അവരുടെ ജോലിയെന്തോ മുടക്കി പുറത്തേയ്ക്ക് വരേണ്ടി വന്നതിന്റെ ദ്വേഷ്യമായിരുന്നിരിക്കാം. മറ്റൊരിടത്തു ചെന്നപ്പോൾ ഒരാൾ അല്പം മൊട. കാറ് തുടച്ചുകൊണ്ടു നിൽക്കുകയായിരുന്നു കാഴ്ചയിൽ മാന്യനും ഉദ്യോഗസ്ഥനുമെന്നു തോന്നിയ ഈ മൊട. നോട്ടീസും ലഖുലേഖകളുമൊക്കെ നൽകി എന്തെങ്കിലും നമ്മളിൽ ചിലർ സംസാരിക്കാൻ തുടങ്ങുമ്പോൾ ഒന്നും പറയേണ്ട വോട്ടു മാത്രം ചോദിച്ചാൽ മതിയെന്നായി അദ്ദേഹം. അഥവാ മറ്റുവല്ലതും  പറഞ്ഞാൽ തനിക്കും പലതും പറയേണ്ടി വരും; കൊലപാതകമുൾപ്പെടേ (ഒഞ്ചിയമായിരിക്കും) എന്ന് പറഞ്ഞായിരുന്നു പുള്ളിയുടെ മുരൾച്ച. കേരളത്തിൽ നടന്ന എല്ലാ കൊലപാതങ്ങളും  മറ്റും  ചർച്ച ചെയ്യാൻ ഞങ്ങൾ താല്പര്യം പ്രകടിപ്പിച്ചെങ്കിലും മാർക്സിസ്റ്റക്രമം  മാത്രം ചർച്ചചെയ്യാനായിരുന്നു പുള്ളിയ്ക്ക് താല്പര്യമെന്നു മനസിലാക്കി നോട്ടീസും ലഖുലേഖകളും മറ്റും  കൊടുത്ത് നമ്മൾ നമ്മുടെ വഴിയ്ക്കു പോയി. കൂടെ വന്ന തദ്ദേശീയ സഖാവിൽ നിന്നും അയാൾ ഒരു പോലീസ് ഡ്രൈവറാണെന്നു മനസിലായി. ചുമ്മാതല്ല ഒരു മുരൾച്ചയും മുഖത്തൊരു വരൾച്ചയും. പോലീസ് വണ്ടിയോടിച്ച് ജീവിതമേ  മുരടിച്ചുപോ‍യതായിരിക്കും.പക്ഷെ നമ്മുടെ നാട്ടിലെ പോലീസ് ഡ്രൈവർമാർക്ക് ഈ ഒരു സ്വഭാവമില്ലല്ലോ. അപ്പോൾ സംഗതി യു.ഡി.എഫ്കാരൻ തന്നെയാകണം.  പാവം.

പിന്നെ മൂന്നുനാല് സ്ത്രീകൾ ഒരുമിച്ചു നിന്നിടത്ത് ചെന്നു വോട്ടു ചോദിച്ചപ്പോൾ അവർ ആ നെയ്യാറ്റിൻ‌കരഭാഷയിൽ പറഞ്ഞത് രസകരമായി തോന്നി. അതായത് നമ്മള്  ഈ പാർട്ടിയാണ്,  നമ്മള്  പറഞ്ഞാൽ വാക്ക് വാക്കാണ്, വോട്ട് ചെയ്യുമെന്നുപറഞ്ഞാൽ ചെയ്യും.  നേതാക്കന്മാരാണ് വാക്കുപാലികാത്തവരും   കുഴപ്പാക്കരും എന്നായിരുന്നു ആ മഹിളാമണികളുടെ വെട്ടിത്തുറന്ന അഭിപ്രായം. എല്ലാ പാർട്ടിയുടെയും നേതാക്കൾ കുഴപ്പക്കാരാണെന്നായിരുന്നു അവരുടെ പക്ഷം. പക്ഷെ സാധാരണ മനുഷ്യർ നിഷ്കളങ്കരും വാക്കു പാലിക്കുന്നവരും ആണ്. ആ മഹിളകളിൽ പണ്ടേ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരി ഉണ്ടായിരുന്നു. അവർക്കും ഒരു പാർട്ടിയുടെയും  നേതാക്കളെ ഉൾക്കൊള്ളാനാകുന്നില്ല. ജനജീവിതം ദു:സഹമാക്കുന്ന‌വർ നേതാക്കളത്രേ! പക്ഷെ വോട്ട് ആരും പറയാതെ തന്നെ ഇടതുപക്ഷത്തിനു ചെയ്യും. അത് കാര്യം വേറെ. കൂടെയുള്ള മറ്റു സ്ത്രീകളും അതിനെ സാക്ഷ്യപ്പെടുത്തി. ആ സ്ത്രീയുടെ അപനപ്പൂപ്പന്മാരൊക്കെ കമ്മ്യൂണിസ്റ്റുകാരായിരുന്നുവത്രേ. അവരിൽ ബാക്കിയുള്ളവരൊക്കെ വോട്ട് ഇടതുപക്ഷത്തിനു ചെയ്യും. പക്ഷെ കടുത്ത രാഷ്ട്രീയമൊന്നും അവർക്കില്ല്ല. 

മറ്റൊരിടത്ത് ചെന്നപ്പോൾ അല്പം പ്രായമുള്ള ഒരു മനുഷ്യൻ താൻ യു.ഡി.എഫ് ആണെന്നും എൽ.ഡി.എഫിന് വോട്ടു തരില്ലെന്നും മരണംവരെ യു.ഡി.എഫിനേ ചെയ്യൂ എന്നും തുറന്നു പറഞ്ഞു. ചുമ്മാ വോട്ടു തരാമെന്ന് കള്ളം പറയാൻ താനില്ലെന്നും താൻ പണ്ടേ യു.ഡി.എഫണെന്നും അദേഹം സൌഹാർദ്ദ പൂർവ്വം വെളിപ്പെടുത്തുകയായിരുന്നു. മറ്റൊരു വീട്ടിൽ ചെന്നപ്പോൾ ഒരു മനുഷ്യൻ വീട്ടു മുറ്റത്തിരുന്ന് കോഴിക്കൂട് പണിയുന്നു. അദ്ദേഹത്തോട് വോട്ട് ചോദിച്ചിട്ട് വനിതാ സഖാക്കൾ അദ്ദേഹത്തിന്റെ ഭാര്യയോട് വോട്ടു ചോദിക്കാൻ അടുക്കള ഭാഗത്തേയ്ക്ക് പോയത് അദ്ദേഹത്തിനിഷ്ടമായില്ല.കാരണം ഭാര്യയ്ക്ക് ചെലവിനു കൊടുക്കുന്നത് താനാണെന്നും തന്റെ ഭാര്യ താൻ പറയുന്നതേ കേൾക്കൂ എന്നും പ്രത്യേകിച്ച് ഭാര്യയോട് വോട്ട് ചോദിക്കേണ്ടതില്ലെന്നുമായിരുന്നു ആ  മനുഷ്യന്റെ  പക്ഷം. നിങ്ങളുടെയൊക്കെ ഭാര്യമാർ നിങ്ങൾക്കിഷ്ടമില്ല്ലാത്ത പാർട്ടിയ്ക്ക് വോട്ട് ചെയ്യുമോ എന്ന നിലയ്ക്കൊരു  ചോദ്യം അദ്ദേഹം നമുക്കു നേരേ ഉയർത്തി. അത് ഒരു തർക്കവിഷയമാക്കാനൊന്നും നമ്മൾ നിന്നില്ല. അങ്ങനെ നിന്നാൽ ഒരുപാട് പറയേണ്ടി വരും. 
 
ഇത്തരം രണ്ടുമൂന്ന് അനുഭവങ്ങൾ ഒഴിച്ചാൽ ഇ ബൂത്തിലെ ആളുകൾക്ക് ഈ തെരഞ്ഞെടുപ്പിനോടെല്ലാം ഒരു നിസംഗഭാവം തന്നെ. അർക്ക് വോട്ടുചെയ്യുമെന്ന് പ്രവചിക്കുക അസാധ്യം! ആരു ജയിക്കുമെന്ന പ്രവചിക്കാൻ കഴിയില്ല. എങ്കിലും ആത്മവിശ്വാസമുണ്ട്.  ചുമതല നൽകിയ ബൂത്തിലെ സ്ക്വാഡ് പ്രവർത്തനം നമ്മൾ ഉച്ചയ്ക്ക് രണ്ട് മണിയോടടുപ്പിച്ചുതന്നെ പൂർത്തിയാക്കി. ആ ബൂത്തിലെ ഏതാണ്ട് മുഴുവൻ  വീടുകളും കയറിയിറങ്ങിയിരുന്നു.  നമ്മൾ ചെന്നിറങ്ങിയ ആ ജംഗ്ഷനു സമീപത്തുതന്നെ  ഉച്ചഭക്ഷണം അറേഞ്ച് ചെയ്തിരുന്നു. നമ്മൾ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ അവിടെ കവലയിൽ നിർത്തിയിട്ട പ്രചരണ വാഹനത്തിലെ ഉച്ചഭാഷീണി വഴി ഒരു യു.ഡി.എഫ് നേതാവ് ഘോരഘോരം പ്രസംഗിക്കുന്നു. അന്വേഷിച്ചപ്പോൾ മുമ്പ് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത്  എന്തോ പാർട്ടി വിരുദ്ധപ്രവർത്തനത്തിന് പുറത്താക്കപ്പെട്ട ഒരു മുൻ സി.പി.ഐ.എം പ്രാദേശിക നേതവാണ് ആ പ്രസംഗിക്കുന്നത്. ശ്രദ്ധിച്ചപ്പോൾ  സി.പി.ഐ.എമ്മിന്റെ സംഘടനാ സംവിധാനത്തെപ്പറ്റിയൊക്കെ പുള്ളി തന്റെ പ്രസംഗത്തിൽ കത്തിക്കയറുന്നുണ്ട്. സെൽ‌വരാജ് എം.എൽ.എ സ്ഥാനം മാത്രമേ രാജി വച്ചിരുന്നുള്ളൂ. പാർട്ടി അംഗത്വം രാജിവച്ചിരുന്നില്ല. എന്നാൽ എം.എൽ.എ സ്ഥാനം രജിവച്ച അദ്ദെഹത്തെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കടകമ്പള്ളി സുരേന്ദ്രൻ പുറത്താക്കിക്കളഞ്ഞുവത്രേ. അങ്ങനെ ഒരാളെ പുറത്താക്കാൻ ഈ കടകമ്പള്ളി സുരേന്ദ്രൻ ഇവിടുത്തെ ആരാണെന്നാണ് നേതാവ് അലറി ചോദിക്കുന്നത്. പാർട്ടി നൽകിയ എം.എൽ.എ പട്ടം പാർട്ടി പറയാതെ രാജിവച്ച ഒരാളെ പാർട്ടി പുറത്താക്കിയത് പാർട്ടിയുടെ സംഘടനാ രീതിയ്ക്ക് വിരുദ്ധമെന്നു പ്രസംഗിച്ച ആ പുള്ളിക്കാരന്റെ  പാർട്ടി ജ്ഞാനം സ്വയം വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം മുമ്പേ തന്നെ പാർട്ടിയിൽ നിന്നും വെളിയിലായതിൽ അദ്ഭുതപ്പെടാനില്ല.   ആ നേതാവിന്റെ പ്രസംഗവും നമ്മുടെ ഉച്ചഭക്ഷണവും സമം ചേർത്ത് കഴിച്ച് ഏതാണ്ട്  മൂന്നു മണിയൊടെ നമ്മൾ  അവിടെനിന്നും മടക്കയാത്രയായി. 

12 comments:

Anonymous said...

ചുരുക്കത്തില്‍ സംഗതി പോക്കാണ് അല്ലെ സജീമേ? നെയ്യാടിന്‍ കര ഉറച്ച യു ഡീ എഫ് മണ്ഡലമാണ് അത് ശെല്‍വ രാജന്റെ വ്യക്തി പ്രഭാവം കൊണ്ടാണ് കഴിഞ്ഞ തവണ എല്‍ ഡീ എഫ് പിടിച്ചെടുത്തത് , ശെല്‍വ രാജന്‍ പാര്ട്ടിക്കതീതമായി ആള്‍ക്കാരുമായി ഇടപഴകുന്ന ആളാണ് , അയാളുടെ വീടില്‍ കേറി ചെല്ലാന്‍ പണ്ടേ ലോക്കല്‍ കമ്മടീടെ കത്തൊന്നും വേണ്ട , ആള്‍ അല്‍പ്പം മുരടന്‍ ആയെ സംസാരിക്കു , പക്ഷെ ചെയ്യാവുന്ന കാര്യം ചെയ്യും ചെയ്യാന്‍ പറ്റില്ലെങ്കില്‍ അതും പറയും, ഈ കടകം പള്ളിയെ പറ്റി ആര്‍ക്കും യാതൊരു മതിപ്പും ഇല്ല ഒരു വൈറ്റ് കോളര്‍ കമ്യൂണിസ്റ്റ് ആണ് , പണ്ട് തയ്യല്‍ക്കടയോ മറ്റോ ആയിരുന്നു ഇന്ന് മണിമാളികയില്‍ ആണ് കഴിയുന്നത് , കടകം പള്ളി ആനാവൂര്‍ അച്ചുതണ്ടാണ് ശെല്‍വ രാജനെ പാര്‍ടിയില്‍ നിന്നും ചാടാന്‍ പ്രേരിപ്പിച്ചത് , ശെല്‍വ രാജന്‍ സാധാരണക്കാരന്‍ അടിയുറച്ച ഒരു സഖാവ്, പക്ഷെ പുത്തന്‍ കൂറുകാര്‍ വന്നു മേയാന്‍ വരുമ്പോള്‍ അത് അംഗീകരിക്കാന്‍ പുള്ളിയെ കിട്ടില്ല, ഇത്തവണ ആര്‍ക്കും ഈ കൊലപാതക രാഷ്ട്രീയത്തോട് അടുപ്പമില്ല ഒരു രക്ഷയും ഇല്ല സജീമേ , വളരെ വലിയ മാര്‍ജിനില്‍ ശെല്‍വ രാജന്‍ വിജയിക്കും, ഇപ്പോള്‍ ശെല്‍വ രാജന്‍ സ്പിരിറ്റ്‌ കടതായിരുന്നു, കോടികള്‍ വാങ്ങി എന്നൊക്കെ ഉള്ള പ്രചരണം ജനം പു ച്ചിച്ചു തള്ളും , സ്പിരിറ്റ്‌ കച്ചവടം ആയിരുന്നെങ്കില്‍ അത് പാര്‍ട്ടി ഇപ്പോള്‍ ആണോ അറിയുന്നത് ? ഇങ്ങിനെയുള്ള വ്യക്തി ഹത്യ എവിടെ വിലപ്പോകും , തികച്ചും നെഗടീവായ പ്രചരണം ആണ് എല്‍ ഡീ എഫിന്റെ അതിന്റെ കൂടെ ചന്ര ശേഖരന്റെ കൊലപാതകവും , എത്ര ഭൂരിപക്ഷം എന്ന് മാത്രം അറിഞ്ഞാല്‍ മതി.

ചാർ‌വാകൻ‌ said...

സജിമിന്റെ ഗതികേട് സ്വയം ബോധ്യപെട്ടനിലക്ക് എന്തുപറയാൻ.പക്ഷേ,ആചങ്കൂറ്റം സമ്മതിക്കണം.

അനില്‍ഫില്‍ (തോമാ) said...

ദുശ്ശീലന്‍ ചേട്ടന്‍ വന്നല്ലോ?

ചേട്ടന്‍ ഒരു കാര്യം മനസിലാക്കുക വിളിച്ചാലും ഇല്ലെങ്കിലും കല്യാണ വീട്ടില്‍ പോയി നക്കിയും ഒരുപരിചയവുമില്ലാത്ത മരണവീട്ടിലും പോയി വാവിട്ടു നിലവിളിച്ചും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തും ജന സേവനം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ താറു താങ്ങി നടക്കുന്ന താങ്കള്‍ക്കൊന്നും സാമൂഹ്യ പ്രതിബദ്ധതയോടെ പൊതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനാവില്ല. ഒരു സെല്വരാജന്‍ മാത്രമല്ല കേരളത്തില്‍ പത്തുലക്ഷത്തിലധികം വരുന്ന സജീവ മാര്‍സിസ്റ്റ് പ്രവര്‍ത്തകര്‍ എല്ലവരും തന്നെ താന്താങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ജനങ്ങളുമായി വളരെ അടുത്ത് ഇടപകഴകുന്നവര്‍ തന്നെ, എന്നാല്‍ എപ്പോഴും ഉടയാത്ത ഖദറുമിട്ട് പ്രതിദിനം അഞ്ഞൂറും ബിരിയാണിയും പ്രതിഫലം പറ്റുന്ന വാടക അണികളുടെ അകമ്പടിയോടെ വെളുക്കെ ചിരിച്ച് വിദേശ നിര്‍മ്മിത ആഡംബര കാറില്‍ നടക്കുന്നവരല്ല എന്നു മാത്രം.

Anonymous said...

സംഗതി പോക്കാണ് അല്ലെ?

എന്നാലും അവിടെയും ഇവിടെയും തൊടാതെ എഴുതാനുള്ള ആ അതിനെ സമ്മതിക്കുന്നു.
സഖാക്കന്മാര്‍ ഇനി എന്തു കാരണമാണാവൊ ഈ തോല്‍വിക്ക് കണ്ടെത്തുക ;)

ajith said...

ജനാധിപത്യം ജയിക്കുമോ, നീതി ജയിക്കുമോ, ധാര്‍മികത ജയിക്കുമോ...ഇവയൊക്കെയാണ് യഥാര്‍ത്ഥചോദ്യങ്ങള്‍

Anonymous said...

കേരളത്തില്‍ പത്തുലക്ഷത്തിലധികം വരുന്ന സജീവ മാര്‍സിസ്റ്റ് പ്രവര്‍ത്തകര്‍ എല്ലവരും തന്നെ താന്താങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ജനങ്ങളുമായി വളരെ അടുത്ത് ഇടപകഴകുന്നവര്‍ തന്നെ
ഇപ്പോള്‍ ചാക്കാലക്കും കല്യാണത്തിനും എല്ലാ എം എല്‍എ യും പോകേണ്ടി വരുന്നു വ്രതികെട്ട പ്രവണത തന്നെ, ഫില്‍ തോമയെ പോലെ കുറെ ചിന്തിക്കാന്‍ കഴിവില്ലാത്ത അടിമകള്‍ ഈ പാര്‍ട്ടിയില്‍ ഉള്ളത് കൊണ്ടാണല്ലോ പാര്‍ട്ടി നില നില്‍ക്കുന്നത് , കൊണ്ഗ്രസുകാര്‍ മഹാന്മാര്‍ ആണെന്ന് സുശീലന് യാതൊരു അഭിപ്രായവും ഇല്ല അവര്‍ ഫ്രാങ്ക് ആണ് വെള്ളമടിക്കും പെണ്ണ് പിടിക്കും കൈക്കൂലി കിട്ടിയാല്‍ വാങ്ങും, പക്ഷെ അവരുടെ പാര്‍ട്ടിയില്‍ അല്ല അല്ലെങ്കില്‍ കോണ്ഗ്രസ് വിട്ടു എന്നൊക്കെ പറഞ്ഞാല്‍ തല്ലാനും കൊല്ലാനും ഒന്നും പോകില്ല , സീ പീ എം മഹത്തായ ആദര്‍ശങ്ങള്‍ പറയും പക്ഷെ തരം കിട്ടുമ്പോള്‍ തറ പരിപാടികള്‍ കാണിക്കും , കണ്ടാല്‍ കളി കണ്ടില്ലെങ്കില്‍ കാര്യം , കള്ള വോട്ടിടാനും സ്പിരിറ്റ്‌ കടത്താനും ഒക്കെ ഇവരെ പോലെ എക്സ്പര്‍ത്സ് വേറെ ഇല്ല , തെമ്മാടിത്തരം കാണിച്ചു അത് ന്യായീകരിക്കാന്‍ എന്തൊരു മിടുക്കന്മാര്‍ , ഇത് അവരുടെ നേതാക്കള്‍ മാത്രമല്ല ഫില്‍ തോമയെ പോലെയുള്ള അണികളും അങ്ങിനെ തന്നെ , എസ എഫ് ഐ ക്കാരന്‍ തോറ്റ ഇതേ പരിപാടി ആണ് , ഒരു കെ എസ് യു ക്കാരന്‍ ഉണ്ടെങ്കില്‍ അവനെ അടിച്ചു കാലൊടിക്കുക അതാണ്‌ ആദ്യ അജണ്ട, ഇതിനു ബദലാണ് എ ബി വി പി അവനും വെട്ടും തിരികെ അതുകൊണ്ട് അവന്‍ പിടിച്ചു നില്‍ക്കുന്നു , ഇതേ സമീപനം തന്നെ എവിടെയും , സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയാലും ഇതുപോലെ ഉന്മൂലനം ആണ് പണി , അസ്സല്‍ ഫാസിസം ആണ് മനസ്സില്‍

Anonymous said...

സംഗതി പോക്കാണ് സുശീലാ....ശെല്‍ വന്റെ..........4000-ഇല്‍ കവിയാത്ത വോട്ടിന് തോക്കും........അതിന് ശേഷം ചിലപ്പോള്‍ അകത്താവുകയും ചെയ്യും....അത് വോട്ടര്‍ക്ക് പണം കൊടുത്ത കേസിലായിരിക്കില്ല, ടി.പി.വധത്തിലായിരിക്കും.......... അടിയുറച്ച കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ ഇന്ന് ഞങ്ങളുടെ ആഫീസില്‍ വന്നിരുന്നു. കോണ്‍ഗ്രസ്സ് കോട്ടകളില്ലേ....കാരോട് പോലുള്ള സ്ഥലങ്ങള്‍....എണ്ണുമ്പോള്‍ ഞെട്ടും ശെല്‍ വന്‍.....വെറുതേയല്ല....രാജ്യ സഭാ സീറ്റ് തനിക്ക് തരണം എന്ന് ഇന്നലെ ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചത്........

ഇ.എ.സജിം തട്ടത്തുമല said...

സി.പി.ഐ.എം എന്നാൽ ഏതാനും നേതാക്കളും അവരുടെ കൂലിപ്പടയും അല്ല. പാർട്ടി അണികൾ എന്നാൽ നേതാക്കളുടെ കൂലിയ്ക്ക് പണിയെടുക്കുന്നവരുമല്ല. സി.പി.ഐ.എം എന്നാൽ കേരളത്തിലെ പൊതുസമൂഹത്തിന്റെ രക്ഷാകവചമാണ്. പലകാര്യങ്ങളിലും. അത് നില നിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച ആരുമറിയില്ല.

Anonymous said...

this is quite an informative and frank blog...as for the political content it is obviously a slanted view...to form a balanced opinion one should read the following link too which gives the other extreme ....

http://hameedtv.blogspot.in/2012/05/blog-post_31.html

sm sadique said...

രാഷ്ട്രീയത്തിൽ രാഷ്ട്രീയക്കാരുടെ “ചില പ്രയോഗങ്ങൾ” മടുപ്പ് ഉളവാക്കുന്നു. എങ്കിലും, എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും എന്റെ സ്വാതന്ത്ര്യമാണ് രാഷ്ട്രീയം. അത്കൊണ്ട് അത്കൊണ്ട് മാത്രം രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കുന്നു... വായിക്കുന്നു... അനുഭവിക്കുന്നു.

ജ്വാല said...

കേരളത്തില്‍ "താമര" വിരിയാന്‍ അവസരം നല്കിയ എല്ലാവര്ക്കും അഭിനന്ദനങള്‍

Anonymous said...

ജ്വാലക്ക് വട്ടായോ.....പിച്ചും പേയും പറയുന്നു !