Sunday, July 29, 2012

എസ്.എഫ്.ഐ-യിൽ പ്രായപരിധി

എസ്.എഫ്.ഐ-യിൽ പ്രവർത്തിക്കുവാൻ പ്രായപരിധി

എസ്.എഫ്.ഐ-യിൽ പ്രവർത്തിക്കുവാനുള്ള പ്രായം  ഇരുപത്തിയഞ്ചാക്കി എന്നു വാർത്ത. ഇപ്പോൾ അങ്ങനെ ഒരു നിബന്ധന കൊണ്ടുവരുവാനുള്ള സാഹചര്യം എന്താണെന്നറിയില്ല. എന്തായാലും ഉയര്‍ന്ന   പ്രായപരിധി ഒരു മുപ്പതു വയസ്സുവരെയെങ്കിലും ആക്കിയാല്‍ മതിയായിരുന്നുവെന്നു തോന്നുന്നു. എസ്.എഫ്.ഐ ഒരു വിദ്യാർത്ഥി സംഘടനയാണ്. വിദ്യാർത്ഥിയായിരിക്കുക എന്നത് ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുവാനുള്ള മാനദണ്ഡമാകുന്നത് സ്വാഭാവികമാണ്.  എന്നാൽ പഠിക്കുന്നതിന് ഇത്ര പ്രായം വരെയെന്നില്ല. ഏതു പ്രായത്തിലും ആളുകൾക്ക് പഠിക്കാം. പഠിക്കുന്നുമുണ്ട്. പെൻഷൻ പറ്റിയശേഷം പോലും ഏതെങ്കിലും കോഴ്സിനു ചേർന്നു പഠിക്കുന്നവർ ധാരാളമുണ്ട്. ചില കോഴ്സുകൾക്ക് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് പ്രായം നിജപ്പെടുത്തുന്നുണ്ട്. എന്നാൽ സ്വന്തം നിലയിൽ ഒരു കോഴ്സ് മറ്റേതെങ്കിലും മാർഗ്ഗത്തിൽ പഠിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. 

ഒരു നിശ്ചിതപ്രായത്തിനുമുമ്പ് ഇന്ന കോഴ്സ് പഠിച്ചുകൊള്ളണം എന്നൊരു നിബന്ധനവയ്ക്കാൻ കഴിയില്ല. അങ്ങനെ നിബന്ധന വയ്ക്കുന്നത്  ശരിയുമല്ല. ഒരാൾ ഏതു പ്രായത്തിൽ എന്തു പഠിക്കണം എന്നു തീരുമാനിക്കുന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങൾ, കഴിവ്, സൌകര്യം എന്നിങ്ങനെ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കും. ചിലർക്ക് ഒരു ക്ലാസ്സിലും തോൽക്കാതെ പഠിക്കാനുള്ള കഴിവ് ഉണ്ടായെന്നുവരില്ല. അവർ ആഗ്രഹിക്കുന്ന ഉയർന്ന കോഴ്സുകളിൽ എത്തിച്ചേരുവാൻ ചിലപ്പോൾ കൂടുതൽ സമയം എടുത്തെന്നിരിക്കും. പ്രായം അല്പം കടന്നുപോകുന്നതുകൊണ്ട് അവർ വിദ്യാർത്ഥികൾ അല്ലാതാകില്ല. എന്തിന്,  സദാ സമയവും രാഷ്ട്രീയ പ്രവർത്തവവുമായി നടന്ന് യഥാസമയം പരീക്ഷയെഴുതാനും വിജയിക്കുവാനും കഴിയാതെ പോകുന്നവർ  ധാരാളമുണ്ടല്ലോ. ഒരു നിശ്ചിത കോഴ്സിനു പഠിക്കുവാനുള്ള സാധാരണ പ്രായം കടന്നുപോയി എന്നു കരുതി ആ കോഴ്സിനു ചേരുന്നവരെ വിദ്യാർത്ഥികളല്ലാതായി കാണാൻ കഴിയില്ല. 

എങ്ങും തോൽക്കാതെ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് ഇരുപത് വയസാകുമ്പോൾ സാധാരണ നിലയിൽ ഒരു ബിരുദ കോഴ്സ് പൂർത്തീകരിക്കാം. ഏതാണ്ട്  ഇതേ പ്രായത്തിൽ തന്നെ ഏതെങ്കിലും പ്രൊഫഷണൽ കോഴ്സിൽ ബിരുദമോ, പോളി ടെക്നിക്ക് പോലുള്ള ഡിപ്ലോമ കോഴ്സുകളോ പൂർത്തീകരിക്കാം. വർഷത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ ചില്ലറ വ്യത്യാസങ്ങളേ വരികയുള്ളൂ. എസ്.എസ്.എൽ.സി കഴിഞ്ഞ് നേരേ പോളി ടെക്നിക്കിനു പഠിക്കുന്ന ഒരു വിദ്യാർത്ഥിയ്ക്ക് പതിനെട്ട്- പത്തൊൻപത് വയസാകുമ്പോൾ ആ കോഴ്സ് പൂർത്തീകരിച്ചു പോകാം. പ്ലസ് ടൂ കഴിഞ്ഞ് നേരേ അഞ്ചുവർഷ  എൽ.എൽ.ബിയ്ക്ക് ചേരുന്ന ഒരു വിദ്യാർത്ഥിയ്ക്ക് ഏതാണ്ട് ഇരുപത്തിമുന്നു വയസാകുമ്പോൾ ആ കോഴ്സ് പൂർത്തിയാക്കാം. പത്താം തരം കഴിഞ്ഞ് ഐ.ടി.ഐ, റ്റി.റ്റി.സി മുതലായ ചില കോഴ്സുകൾക്ക് പോകുന്നവർക്ക് രണ്ടുവർഷം കൊണ്ട്  ആ കോഴ്സ് പൂർത്തിയാക്കാം. ചില ഐ.റ്റി.ഐ ട്രെയിഡുകൾ ഒരു വർഷത്തേതു മാത്രമാണ്. 

പോളി ടെക്നിക്ക്, ഐ.റ്റി.ഐ, റ്റി.റ്റി.സി മുതലായ കോഴ്സുകൾ പൂർത്തിയാക്കുന്നവർ പിന്നീട് ഒരു പക്ഷെ  സാധാരണ ബിരുദ പഠനത്തിനോ ബി.ടെക്ക് പോലെയുള്ള മറ്റ് പ്രൊഫഷണൽ കോഴ്സുകൾക്കോ ചേർന്നെന്നിരിക്കാം. അവർക്ക് അപ്പോൾ വയസ് കുറച്ചു കടന്നിരിക്കും. ഇനിയും  മറ്റു  ചിലർ കുറേ നാൾ പഠനമൊക്കെ നിർത്തിനിന്നിട്ട് പിന്നീട് എപ്പോഴെങ്കിലും പഠിക്കണമെന്നു വിചാരിച്ച് ഏതെങ്കിലും കോഴ്സിനു ചേർന്നെന്നിരിക്കും. വിവാഹവും പേറും മറ്റും കഴിഞ്ഞ് എത്രയോ പെൺകുട്ടികൾ പിന്നീട് പഠനം തുടരാനിറങ്ങുന്നത് ഉദാഹരണമാണ്. അതുപോലെ ചിലർ വിദേശത്തോ സ്വദേശത്തോ മറ്റോ പോയി എന്തെങ്കിലും തൊഴിലിലൊക്കെ ഏർപ്പെട്ടിട്ട് പിന്നെ വീണ്ടും പഠിക്കണം എന്നുവച്ച്  ഇറങ്ങാറുണ്ട്.


എത്രയോ ഉദ്യോഗസ്ഥർ ഈവനിംഗ് ബാച്ചിൽ എൽ.എൽ.ബിയ്ക്കും  മറ്റുപല കോഴ്സുകൾക്കും ചേരുന്നു. ചിലരാകട്ടെ ജോലിയിൽ നിന്ന് പെൻഷൻ പറ്റിയ ശേഷം വീണ്ടും പഠിക്കാനിറങ്ങുന്നു. പെൻഷൻ പറ്റിയശേഷം നിയമപഠനത്തിനു ചേർന്ന് കോഴ്സ് പൂർത്തിയാക്കി കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന എത്രയോ വക്കീലന്മാർ നമ്മുടെ നാട്ടിലുണ്ട്. ഇനിയും ചിലരാകട്ടെ ജീവിത കാലം മുഴുവൻ പഠനം എന്ന പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുന്നവർ ഉണ്ട്. ഒരു കോഴ്സ് പൂർത്തിയാക്കി വീണ്ടും മറ്റേതെങ്കിലും കോഴ്സുകളിലേയ്ക്ക് അവർ പഠനപരമ്പര
തുടർന്നുകൊണ്ടേയിരിക്കും. മറ്റു ചിലരാകട്ടെ ഏതു പ്രായത്തിലും ഒരേ സമയം പല കോഴ്സുകൾ പഠിച്ചു കൊണ്ടിരിക്കുന്നവരായുണ്ട്. 

ഇവിടെ പറഞ്ഞുവന്നത് ഇതാണ്. പഠനത്തിന് ഇന്ന പ്രായം എന്നൊന്നും ഇല്ല. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതുപ്രായത്തിലും വിദ്യാർത്ഥികൾ ആകാം. അങ്ങനെയിരിക്കെ ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടന ആ സംഘടനയിൽ പ്രവർത്തിക്കുവാനുള്ള പ്രായം സംബന്ധിച്ച് നിബന്ധന വയ്ക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. ഒരു യുവജന സംഘടനയിൽ പ്രവർത്തിക്കുവാനുള്ള പ്രായം മുപ്പത്തെട്ടെന്നോ നാല്പതെന്നോ ഒക്കെ നിജപ്പെടുത്തിയാൽ അതിലൊരു യുക്തിയുണ്ട്. പക്ഷെ വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിക്കുവാനുള്ള  പ്രായം ഇത്രയേ ആകാവൂ എന്നു പറയുന്നതിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല.

തിരുവനന്തപുരത്ത്‌ വച്ച് നടന്ന ഒരു എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിൽ ഞാൻ  പ്രതിനിധിയായിരുന്നു. അന്ന് നമ്മുടെ കൂട്ടത്തിൽ ഒരു പാതിരിയുണ്ടായിരുന്നു. ഫാദർ രാജാ മണി എന്നൊരാളായിരുന്നു അത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം അക്കാലത്ത് കാര്യവട്ടം കാമ്പസിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം  എസ്.എഫ്.ഐയുടെ തിരുവനന്തപുരം  ജില്ലാ കമ്മിറ്റി അംഗവും ആയിരുന്നു. അങ്ങനെയാണ് അദ്ദേഹവും അഖിലേന്ത്യാ സമ്മേളനത്തിൽ പ്രതിനിധിയായത്. ഇംഗ്ലീഷ് നന്നേ വശമുണ്ടായിരുന്ന ആ ഫാദർ രാജാ മണിയായിരുന്നു അന്ന് സമ്മേളനത്തിൽ ഇംഗ്ലീഷിലുള്ള പ്രസംഗങ്ങളും ചർച്ചകളും മറ്റും നമുക്കെല്ലാം മൊഴിമാറ്റി തന്നിരുന്നത്   . അതുപോലെ പ്രായമുള്ള പലരും ഇന്നും വിദ്യാർത്ഥികളായി ഉണ്ടാകും. അവരിൽ പലരും എസ്.എഫ്.ഐ-യിലും അംഗങ്ങളായുണ്ടാകും. ചിലർ സജീവ പ്രവർത്തകരുമായിരിക്കും. പലരും നല്ല പല കഴിവുകളും ഉള്ളവരുമായിരിക്കും. പ്രായത്തിന്റെ നിബന്ധന വരുമ്പോൾ അവരുടെയൊന്നും ചുമതലാപരമായ സേവനങ്ങൾ സംഘടനയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. 

യുവജന സംഘടനകൾക്ക് പ്രായനിബന്ധന വച്ചാൽ പോലും ഒരു വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുന്നതിനോ അംഗത്വമെടുക്കുന്നതിനോ ഭാരവാഹികൾ ആകുന്നതിനോ  പ്രായപരിധി നിശ്ചയിക്കുന്നത് ബുദ്ധിപരമായിരിക്കില്ല. പ്രായം കടന്ന വിദ്യാർത്ഥികളൊക്കെ പ്രായ നിബന്ധനയില്ലാത്ത വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിച്ചാൽ മതിയെന്നാണോ? എന്തായാലും ഈ അബദ്ധം എസ്.എഫ്.ഐ നേതൃത്വം തിരുത്തുമെന്ന് പ്രത്യാശിക്കുന്നു.

ഇ.എം.എസ് ഒരിക്കൽ പറഞ്ഞത്, കോളേജ്  വിദ്യാർത്ഥികൾ പ്രായപൂർത്തിയായവരും വോട്ടവകാശമുള്ളവരും എന്ന നിലയിൽ  കോളേജുകളിൽ വിദ്യാർത്ഥി സംഘടനയ്ക്ക് പകരം പാർട്ടിയുടെ തന്നെ ഘടകങ്ങൾ ഉണ്ടാക്കി പ്രവർത്തിക്കുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണെന്നാണ്. ഇത് അക്കാലത്ത് കുറച്ചുനാൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്ര വിദ്യാർത്ഥി സംഘടനകൾ അല്ല, രാഷ്ട്രീയവും, പാർട്ടിതന്നെയും ആകാമെന്നാണ് ഇ.എം.എസ് അന്ന് സൂചിപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥർക്ക് പരസ്യമായ രാഷ്ട്രീയ പ്രവർത്തനം അനുവദനീയമല്ലാത്തതിനാൽ അവർക്ക് സർവീസ് സംഘടനകൾക്കു പകരം പാർട്ടി ഘടകങ്ങൾ ഉണ്ടാക്കി പ്രവർത്തിക്കുവാൻ പ്രയാസമുണ്ട്.


എന്നാൽ വിദ്യാർത്ഥി സംഘടനകൾക്കും സ്വകാര്യ മേഖലയിലും മറ്റും ഉള്ള ടേഡ് യൂണിയനുകൾക്കും മറ്റും വേണമെങ്കിൽ  പാർട്ടി എന്ന നിലയ്ക്കുതന്നെ ഘടകങ്ങളുണ്ടാക്കി  പ്രവർത്തിക്കുവാൻ കഴിയും. യൂണിയനുകൾക്ക് പകരം തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഘടകങ്ങൾ തന്നെ ഉണ്ടാക്കി പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇ.എം.എസ് ഒരിക്കൽ ചർച്ചയ്ക്കു വച്ചിരുന്നു.  വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തൊഴിലാളികൾക്കുമൊക്കെ കക്ഷിരാഷ്ട്രീയത്തിനതീതമായി  ഒരേയൊരു യൂണിയൻ എന്ന ആശയവും ഒരിക്കൽ ഇ.എം.എസ് ചർച്ചയ്ക്കു വച്ചിരുന്നതാണ്.  സാന്ദർഭികമായി ഇക്കാര്യങ്ങൾ കൂടി ഇവിടെ ഞാൻ  സൂചിപ്പിക്കുന്നുവെന്നേയുള്ളൂ.

പറഞ്ഞുവന്ന വിഷയത്തിൽ ഇനി മറ്റു ചിലതുകൂടി പറയാനുണ്ട് . ആരാണ് വിദ്യാർത്ഥി? അംഗീകൃത സ്കൂളുകളിലും കോളേജുകളിലും (സർക്കാരോ എയിഡഡോ അൺ എയിഡഡോ ആകട്ടെ), പ്രൊഫഷണൽ കോളേജുകളിലും ഐ.റ്റികളിലും പോളി ടേക്നിക്കുകളിലും പഠിക്കുന്നവർ മാത്രമാണോ വിദ്യാർത്ഥികൾ? എത്രയോ തരം പഠനപദ്ധതികൾ ഇവിടെയുണ്ട്. തൊഴിലധിഷ്ഠിതമായവയും. അല്ലാത്തവയും. ഇവയിൽ സർക്കാർ സ്ഥാപനങ്ങളും സർക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന കോഴ്സുകൾ ഉണ്ട്. എത്രയോ പേർ അതിലൊക്കെ വിദ്യാർത്ഥികളായുണ്ട്. ഒരു മോട്ടോർവർക്ക്ഷോപ്പിൽ കരിപുരണ്ട വസ്ത്രവുമായി നിന്ന് മോട്ടോർ മെക്കാനിസം  പഠിക്കുന്നവരും,  ഏതെങ്കിലും കമ്പ്യൂട്ടർ സെന്ററിൽ പോയി കമ്പ്യൂട്ടർ പഠിക്കുന്നവരും , റബ്ബർ ടാപ്പിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ  പഠിക്കുന്നവരും,  അംഗനവാടി ടീച്ചർമാരാകാൻ പഠിക്കുന്നവരും, ഏതെങ്കിലും ഏതെങ്കിലും ടൈലറിംഗ് ഷോപ്പിലിരുന്ന് തയ്യൽ പഠിക്കുന്നവരും  ഒക്കെത്തന്നെ വിദ്യാർത്ഥികളാണ്. അവരും പഠിക്കുകയാണ്. ഓരോരോ തൊഴിലുകൾ ആണെന്നു മാത്രം. ഇവിടെയൊന്നും പ്രായപരിധിയില്ല.

ഇത്തരത്തിൽ   വിദ്യാർത്ഥികൾ എന്ന നിർവചനത്തിൽ ഇനിയും അംഗീകരിക്കപ്പെടാതെ പോകുന്ന എത്രയെങ്കിലും വിദ്യാർത്ഥികളും  അവരുടെ വ്യത്യസ്തമായ  പഠന മേഖലകളും  ഉണ്ട്. ഇതൊക്കെ വിദ്യാർത്ഥി സംഘടനകൾ ഗൌരവമായി കണക്കിലെടുക്കേണ്ടതാണ്. പാരലൽ കോളേജുകളിൽ പഠിക്കുന്നവർ പോലും പലപ്പോഴും വിദ്യാർത്ഥികളായി പരിഗണിക്കപ്പെടുകയോ അവർക്ക് റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ലഭിക്കുകയോ ചെയ്യുന്നില്ല. ഉദാഹരണത്തിന് സ്വകാര്യ ബസുകളിലും കെ.എസ്.ആർ.റ്റി സി ബസുകളിലും പാരലൽ കോളേജുകാർക്ക് റെഗുലർകർക്ക് ലഭിക്കുന്ന കൺസെഷൻ ഇല്ല. ഹാഫ് ടിക്കറ്റിന്റെ  ആനുകൂല്യമാണ് അവർക്കു കിട്ടുന്നത്. അതുതന്നെ പലപ്പോഴും ലഭിക്കാറില്ല. മിക്കപ്പോഴും തർക്കവും വഴക്കുമുണ്ടാക്കിയാലാണ് പാരലൽ കോളേജ് വിദ്യാർത്ഥികൾ അവർക്ക് അർഹമായ കൺസെഷൻ പോലും ലഭിക്കുന്നത്.  ഇതുതന്നെ ഒരു അനീതിയാണ്. 

പഠിക്കുന്നവരെയെല്ലാം വിദ്യാർത്ഥികളായി പരിഗണിക്കണം. ഇങ്ങനെ പല കാര്യങ്ങളിലും വിദ്യാർത്ഥി സംഘടനകൾ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിദ്യാർത്ഥി എന്നത് അല്പം അർത്ഥവ്യാപ്തിയുള്ള പദമാണ്. അവിടെ വലിപ്പച്ചെറുപ്പമോ പ്രായഭേദമോ കല്പിക്കുന്നത് ഭൂഷണമായിരിക്കില്ല. വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിക്കുന്നതിനോ  അംഗത്വ മെടുക്കുന്നതിനോ ചുമതലകൾ വഹിക്കുന്നതിനോ പ്രായപരിധിവയ്ക്കുന്നത്   ഉചിതമാണോ എന്നത് ഇനിയും ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നു.   അല്ലെങ്കിൽ തന്നെ പൊതു പ്രവർത്തനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമൊന്നും പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ  ഏർപ്പെടുത്തുന്നതിൽ  ഞാൻ യോജിക്കുന്ന ആളല്ല. ആരോഗ്യമുള്ള കാലത്തോളം അയാൾ നിരക്ഷരനും പ്രായാധിക്യവുമുള്ള ആളാണെങ്കിൽ പോലും അവർക്ക് കർമ്മരംഗത്ത് തുടരാൻ അവസരമുണ്ടാകണം. 

Saturday, July 28, 2012

അപകടങ്ങൾ ഉണ്ടാകുമ്പോൾ

അപകടങ്ങൾ ഉണ്ടാകുമ്പോൾ

ഇന്നലെ തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ബൈക്കും  കെ.എസ്.ആർ.ടി.സിയും കൂട്ടിയുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന സഹോദരങ്ങൾക്ക് പരിക്കേൽക്കുകയും ഒരാൾ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. ഒരു വീട്ടിലെ സഹോദരനും സഹോദരിയുമണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ സഹോദരി വീണയാണ് മരണപ്പെട്ടത്. സഹോദരൻ വിഷ്ണു ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയുമാണ്. ഈ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് വഴിയാത്രക്കാരനായ ഒരു ഡോക്ടർ ആണ്. തിരുവനന്തപുരം എസ്.യു.റ്റി ആശുപത്രിയിലെ ഡോക്ടർ രമേശൻ പിള്ളയാണ് ഈ ഡോക്ടർ. യാത്രയ്ക്കിടയിൽ തന്നെ ഡോക്ടർ എസ്.യു.റ്റിയിൽ  വിളിച്ചു പറഞ്ഞ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിച്ചിരുന്നു. എന്നാൽ നന്നേ പരിശ്രമിച്ചിട്ടും വീണയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇവിടെ ഈ കുറിപ്പെഴുതാൻ കാരണം ഈ ഡോക്ടറുടെ ദീനാനുകമ്പയെ ശ്രദ്ധയിൽ കൊണ്ടു വരാനാണ്. ഇപ്പോഴും നമ്മുടെ നാട്ടിൽ റോടപകടങ്ങൾ ഉണ്ടായാൽ പരിക്കേൽക്കുന്നവരെ ആശുപത്രിൽ എത്തിക്കുന്നതിൽ കാഴ്ചക്കാർ നല്ലൊരു പങ്ക് വിമുഖത കാണിയ്ക്കാറുണ്ട് ഇപ്പോൾ ഒരു അപകടത്തിൽ പെടുന്നവരെ എടുത്ത് ആശുപത്രിയിൽ എത്തിച്ചാൽ മുൻ‌കാലങ്ങളിലെ പോലെ രക്ഷകരായി എത്തുന്നവർക്ക് റിസ്കൊന്നുമില്ല. പരിക്കേറ്റവരെ ഏതെങ്കിലും ടാക്സിക്കാരോ ആട്ടോക്കാരോ മറ്റാരെങ്കിലുമോ   യഥാസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാൽ വണ്ടിച്ചാർജ്ജ് അവിടെ നിന്നും നൽകുന്ന സംവിധാനം പോലും ഇപ്പോൾ ഉണ്ട്. എന്നിട്ടു പോലും പലരും മനുഷ്യത്വം കാണിക്കാറില്ല എന്നതാണ് കഷ്ടം. 

ഒരു അപകടം കണ്ടാൽ  പലരും കണ്ടു നിൽക്കുകയോ ഒഴിഞ്ഞുപോകുകയോ അല്ലാതെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാ‍കാറില്ല. പ്രത്യേകിച്ചും “വി.ഐ.പി ലവലിൽ ഉള്ളവർ”. എന്നുവച്ചാൽ അല്പം ഉയർന്ന ജീവിത നിലവാരം പുലർത്തുന്നവർ. ഒരിക്കൽ ഒരു അപകടസ്ഥലത്ത് പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ഒരാളെ എടുക്കാൻ ഒരു കാഴ്ചക്കരനെ സഹായത്തിനു വിളീച്ചപ്പോൾ കൈയ്യിൽ ചോര പുരളുമെന്നു പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറുന്ന അനുഭവത്തിന് ഞാൻ സാക്ഷ്യം വഹിച്ചത് ഇത്തരുണത്തിൽ ഓർക്കുന്നു. ഒരു  അപകടം നടക്കുന്ന വഴിയിൽ അതുവഴി കടന്നു വരുന്ന മറ്റ്  വാഹനങ്ങൾ തടഞ്ഞു നിർത്തി പരിക്കേറ്റവരെ ഒന്ന് ആശുപത്രിയിൽ എത്തിക്കൂ എന്നു യാചിച്ചാൽ പോലും പലരും അവരവരുടെ വണ്ടിയുമെടുത്തു വന്നതിനേക്കാൾ വേഗത്തിൽ സ്ഥലം വിടുകയാണു പതിവ്. ചിലർ നിർത്താതെ ലൈറ്റിട്ട് പൊയ്ക്കളയും. അങ്ങനെയൊക്കെയുള്ള സാഹചര്യങ്ങൾ ഉള്ളപ്പോൾ മേൽ പറഞ്ഞ ഡോക്ടർ കാണിച്ച മനുഷ്യത്വം എടുത്തു പറയേണ്ടതുതന്നെയാണ്.

ആ ഡോക്ടർക്ക് വേണമെങ്കിൽ മറ്റുള്ളവരെ പോലെ കാണാതെ പോകാമായിരുന്നു. കണ്ടാൽതന്നെ ഗൌനിക്കാതെ പോകാമായിരുന്നു.വലിയ തിരക്കു നടിച്ച് പോകാമായിരുന്നു.  മറ്റ് പലരെയും പോലെ  അപകടത്തിൽ പെട്ടത് ആരായാൽ നമുക്കെന്ത് എന്ന മട്ടിൽ പോകാമായിരുന്നു. പക്ഷേ അദ്ദേഹം അതു ചെയ്തില്ല. അദ്ദേഹത്തിന്റെ മനുഷ്യത്വം അതിനനുവദിച്ചില്ല. അപകടം നമ്മളിൽ ആർക്കും എപ്പോഴും എവിടെവച്ചും  സംഭവിക്കാം.  പരിക്കേറ്റവർ അപരിചിതരാണെന്നു കരുതി അതു കാണാതെ പോയില്ല. മനുഷ്യത്വമുള്ള ഈ  ഈ ഡോക്ടർ  പരിക്കേറ്റവരെ  ആശുപത്രിയിൽ കൊണ്ടു പോയി. ഈ ഡോക്ടർ എല്ലാവർക്കും ഒരു മാതൃകയാണ്. ഡോക്ടർമാർക്കുതന്നെയും ഒരു മാതൃകയാണ്.  

മനുഷ്യനെ രോഗാവസ്ഥകളിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധനായ ഒരു ഡോക്ടർതന്നെ ഇത്തരത്തിൽ ഒരു മാതൃക സൃഷ്ടിക്കുമ്പോൾ അദ്ദേഹത്തെപറ്റി രണ്ട് നല്ല  വാക്കുകൾ പറയാതിരിക്കുന്നതെങ്ങനെ? എങ്കില്പിന്നെ നമ്മളെന്തു മനുഷ്യർ?  ഇതൊന്നും വലിയ കാര്യമല്ലെന്ന് ഇതു വായിക്കുന്ന നിങ്ങളിൽ പലർക്കും തോന്നിയേക്കാം. പക്ഷെ ഇതിലൊക്കെ കാര്യങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു മനുഷ്യജീവനെ രക്ഷിക്കാൻ കഴിയുന്നതിലും വലിയ പുണ്യം മറ്റൊന്നുമില്ല. ഇവിടെ  വീണയുടെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും അവരെ യഥാസമയം അശുപത്രിയിൽ എത്തിക്കുകയും  ആ ജിവൻ രക്ഷിക്കാൻ  കഴിയുംവിധം  ശ്രമിക്കുകയും ചെയ്ത ഡോ. രമേശൻ പിള്ളയുടെ  ദീനാനുകമ്പയ്ക്കും മനുഷ്യത്വത്തിനും മുന്നിൽ നമസ്കരിക്കുന്നു.

Sunday, July 22, 2012

വി.എസിനു പരസ്യശാസനമാത്രം

വി.എസിനു പരസ്യശാസനമാത്രം

നിർണ്ണായകമായ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സമാപിച്ചു. വി.എസ്. അച്യുതാനന്ദനെതിരെ  കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സി.പി.ഐ.എം ഇല്ലാതാകുമെന്നും  ആഗ്രഹിച്ചവർക്കും  അങ്ങനെ പ്രചരിപ്പിച്ചവർക്കും  ഇതൊരു തിരിച്ചടിയാണ്.  ഇനിയും അത്തരക്കാർ കാത്തുതന്നെ ഇരിക്കണം. പ്രതീക്ഷ കൈവിടരുത്. ആഗ്രഹിക്കാനുള്ള അവകാശം  എല്ലാവർക്കുമുണ്ട്. ആഗ്രഹങ്ങളാണല്ലോ മനുഷ്യനു ജീവിക്കാനുള്ള പ്രചോദനം തന്നെ. വി.എസിനെ മുൻനിർത്തി ചില  മാധ്യമങ്ങളടക്കം  പാർട്ടിയുടെയും ചില സി.പി.ഐ.എം നേതാക്കളുടെയും  ശത്രുക്കൾ (അങ്ങനെ കാണുന്നവർ)   സി.പി.ഐ.എമ്മിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇതോടെ അവസാനിച്ചുവെന്നൊന്നും കരുതേണ്ടതില്ല. വി.എസ് അതിനു നിന്നു കൊടുക്കുന്നിടത്തോളം അത് ഇനിയും തുടരുകതന്നെ ചെയ്യും. അതവിടെ നിൽക്കട്ടെ.

ഈയുള്ളവൻ വി.എസിന്റെ ചില നിലപാടുകളെയും സമീപനങ്ങളെയും പ്രവർത്തികളെയും വിമർശിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ  ഇനിയും വിമർശിച്ചെന്നിരിക്കും. എന്നാൽ അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന എല്ലാ ആശയങ്ങളും തെറ്റാണെന്ന് കരുതിയിട്ടില്ല. മറിച്ച് ചില നേതാക്കളോടുള്ള വ്യക്തി വിദ്വേഷങ്ങളെ മുൻനിർത്തി സ്വന്തം പ്രസ്ഥാനത്തെയും അതിന്റെ പൊതുവായ  താല്പര്യങ്ങളെയും തീരുമാനങ്ങളെയും കണക്കിലെടുക്കാതെ പാർട്ടി ശത്രുവിനെ പോലെ പെരുമാറുന്നതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തെ പരസ്യമായി തന്നെ വിമർശിക്കേണ്ടി വന്നിട്ടുള്ളത്. അദ്ദേഹത്തിനു പരസ്യ വിമർശനങ്ങൾ ആകാമെങ്കിൽ നമുക്കും അതാകാമല്ലോ. പാർട്ടി നിലപാടുകൾക്കെതിരെ ആരെങ്കിലും പരസ്യമായി ഒരു അഭിപ്രായം പറയുന്നതിനെ അത്ര തെറ്റായ കാര്യമായി ഈയുള്ളവൻ കരുതുന്നില്ല എന്നുകൂടി പറയട്ടെ.

പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുവാനുള്ള ചുമതല എല്ലാ പാർട്ടി അംഗങ്ങൾക്കും ഉണ്ട്. എന്നാൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടെങ്കിൽ അത് ഒന്നു പരസ്യമായി പറഞ്ഞു പോയി എന്നുവച്ച് വലിയ അപകടമൊന്നുമില്ല. പക്ഷെ അത് പാർട്ടി എടുക്കുന്ന തീരുമാനങ്ങളും പരിപാടികളും നടപ്പിലാക്കിക്കൊണ്ടുതന്നെയാകണം പറയേണ്ടത്. പാർട്ടി നിലപാടുകളുടെ തെറ്റും ശരിയും പിന്നീടാണ് ബോദ്ധ്യപ്പെടുക. അപ്പോൾ  പാർട്ടിയ്ക്ക് തെറ്റുപറ്റിയാൽ പാർട്ടി തിരുത്തണം. വ്യക്തിയ്ക്ക് തെറ്റു പറ്റിയാൽ വ്യക്തി തിരുത്തണം. പാർട്ടിയ്ക്ക് അതീതനാകാനോ പാർട്ടിയ്ക്ക് മീതേ പറക്കാനോ ശ്രമിക്കുന്നത് ഒരു ഉത്തമ കമ്മ്യൂണിസ്റ്റിനു ചേർന്നതല്ല. വ്യക്തി താല്പര്യങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും കുറച്ചൊക്കെ മാറ്റിവച്ചുകൊണ്ടു മാത്രമേ ഏതൊരു പ്രസ്ഥാനത്തിലും ആർക്കും പ്രവർത്തിക്കനാകൂ.

ഞാൻ പറഞ്ഞുവന്നത് അതൊന്നുമല്ല. പരമാവധി പാർട്ടിയിൽ നിന്ന് ആരെയും പുറത്താക്കാതെ അകത്തു നിർത്തി തന്നെ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നതാണ് ഈയുള്ളവന്റെ നിലപാട്. പരമാവധി ആരെയും പുറത്താക്കരുത്. വല്ല കൊലപാതകമോ  സ്ത്രീപീഡനമോ ഗുരുതരമായ ധനാപഹരണമോ മറ്റോ നടത്തുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കാം. ഇനി കുറ്റം ഏതാണെങ്കിലും ശിക്ഷയേറ്റുവാങ്ങി  തെറ്റുതിരുത്തി പാർട്ടിയെ അംഗീകരിച്ച്  ഒരു നല്ല മനുഷ്യനായി വന്നാൽ അവരെ പാർട്ടിയിൽ തിരിച്ചെടുക്കണം. പ്രത്യേകിച്ചും കൊലപാതകം,   സ്ത്രീ‍പീഡനം, ഗുരുതരമായ ധനാപഹരണം, മോഷണം, പിടിച്ചുപറി,  മുതലായവയൊഴിച്ച് എന്തെങ്കിലും ആശയപരമായോ മറ്റോ ഉള്ള  അഭിപ്രായ വ്യത്യാസങ്ങളുടെയോ സംഘടനാപരമായ  ഏതെങ്കിലും തീരുമാനങ്ങളിലുള്ള അതൃപ്തികളുടെയോ ഫലമായി പോകുന്നവരൊക്കെ തെറ്റുതിരുത്തി മടങ്ങിവന്നാൽ സ്വീകരിക്കണം.

ഇപ്പോൾ വി. ബി. ചെറിയാനും മറ്റും പാർട്ടിയിലേയ്ക്ക് അടുക്കുന്നത് നല്ല സൂചനയാണ്. ഗൌരിയമ്മയിലും മാനസാന്തരം കാണുന്നുണ്ട്. സി.എം.പിയ്ക്കും മനം മാറ്റം ആകാം. കാലാകാലങ്ങളിൽ പാർട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് നല്ലതാണ്. കലാകാലങ്ങളിൽ ഏതെങ്കിലും അച്ചടക്ക ലംഘനത്തിന്റെ പേരിൽ  നടപടിയ്ക്ക് വിധേയമാകുന്നവർക്ക് പിന്നീട് തെറ്റു തിരുത്തി മടങ്ങിവരാനുള്ള സാഹചര്യം ഉണ്ടാകണം.( ചിലകുറ്റങ്ങൾ പൊറുത്തുകൂടാത്തതാകാറുണ്ടെന്നത് കാണാതെയല്ല). സി.പി.ഐ.എമ്മിൽ നിന്ന് ഒരിക്കൽ പുറത്തുപോകുന്നവർക്ക് പിന്നീട് ഒരിക്കലും പാർട്ടിയിലേയ്ക്ക് മടങ്ങി വരാനാകില്ലെന്ന സ്ഥിതി മാറണം.  

ഇന്നിപ്പോൾ  വി.എസ് അച്യുതാനന്ദൻ വിഷയത്തിൽ അടക്കം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഔദ്യോഗികമായി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയ്ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളും മറ്റു ചില നടപടികളും പാർട്ടി അച്ചടക്കത്തിനു നിരക്കുന്നതല്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ. വി.എസിനെ പരസ്യമായി ശാസിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. വി.എസ് പാർട്ടിയ്ക്ക് നൽകിയ സേവനങ്ങളും പാർട്ടിയിൽ അദ്ദേഹത്തിനുള്ള പ്രാധാന്യവും കണക്കിലെടുത്ത് കടുത്ത നടപടികൾ ഒന്നും ഉണ്ടായില്ല. വി.എസ് തനിക്കു പറ്റിയ തെറ്റുകൾ സ്വയം വിമർശനപരാമായി കേന്ദ്ര കമ്മിറ്റിയിൽ സമ്മതിച്ചിട്ടുമുണ്ട്.  മറിച്ച് വി.എസ് കടുത്ത നടപടി വാങ്ങി പുറത്തുവന്ന് പാർട്ടിയുണ്ടാകുമ്പോൾ അതിൽ ചേരാനിരുന്ന ചില മാധ്യമ പുംഗവന്മാരും  ചാനൽ വീരന്മാരും നിരാശരായി. ഇനിയും അവർ വി.എസിനെ ചെത്തമരത്തിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതിൽ വി.എസ് പെട്ടു പോകാതിരുന്നാൽ പാർട്ടിയ്ക്കും വി.എസിനും നല്ലത്.

വി.എസിന്റെ പോരാട്ടങ്ങൾ അദ്ദേഹം തുടരട്ടെ. അത് പാർട്ടിയുടെ  ഏതെങ്കിലും നേതാക്കളെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയും  പാർട്ടിയെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടും പാർട്ടിയെ നശിപ്പിക്കും വിധത്തിലും ആകരുത് എന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്. ഫൈറ്റ് എല്ലാം കഴിയുന്നത്ര പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ നടത്താവുന്നതേയുള്ളൂ.  അതിനുള്ള ജനാധിപത്യമൊക്കെ പാർട്ടിയ്ക്കുള്ളിൽ ഉണ്ട്.  അത്യാവശ്യം പരസ്യപ്രസ്താവനയൊക്കെ നടത്താമെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് എത്ര സ്വീകാര്യത ലഭിക്കും എന്നത് വേറെ കാര്യം. കോൺഗ്രസിനോളം അൺലിമിറ്റഡ് ജനാധിപത്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വീകരിക്കനാകില്ലെങ്കിലും  കാലത്തിനനുസരിച്ച് കുറച്ചുകൂടി ജനാധിപത്യം സി.പി.ഐ.എമ്മിൽ ആകാം. അതുകൊണ്ട് പാർട്ടി തകരുകയൊന്നുമില്ല. അപ്പോൾ പിന്നെ പരസ്യപ്രസ്താവനകളുടെ പേരിൽ നടപടികളും വേണ്ടി വരില്ല. 

Tuesday, July 17, 2012

പെൻഷൻ പ്രായവും മറ്റും

പെൻഷൻ പ്രായവും മറ്റും


(ഫെയ്സ് ബൂക്കിൽ ഡി.വൈ.എഫ്.ഐ നേതാവ് റിയാസിന്റെ പോസ്റ്റിലിട്ട കമന്റ് )

ഒരാൾ  സർവീസിൽ   കയറുന്നതു മുതൽ ഇരുപത്തിയഞ്ചു വർഷമോ അറുപതു വയസോ ഇതിൽ ഏതാണോ ആദ്യം പൂർത്തിയാ‍ക്കുന്നത് ആ സമയം സർവീസിൽ നിന്നും വിരമിക്കണം. ഒരാൾക്ക് ഇരുപത് വർഷത്തെ സർവീസായി പരിമിതപ്പെടുത്തിയാലും കുഴപ്പമൊന്നുമില്ല. എല്ലാവർക്കും അവസരം വേണം. അതുപോലെ ടെസ്റ്റ് എഴുതാനുള്ള ഉയർന്ന പ്രായ പരിധി അൻപത് ആക്കണം. അൻപത് വയസിൽ ടെസ്റ്റ് എഴുതി ജോലി വാങ്ങുന്ന ഒരാൾക്ക്  ഒരുപക്ഷേ   അഞ്ചോ ആറോ വർഷത്തെ സർവീസേ കിട്ടുകയുള്ളൂവെങ്കിൽ പോലും  അതു മതി.   എല്ലാവർക്കും ആഗ്രഹം കാണും ഒരു സർക്കാർ ജോലി കിട്ടാൻ. പെൻഷൻ പ്രായം അറുപതോ അതിൽ താഴെയോ എന്നതല്ല, കൂടുതൽ പേർക്ക് അവസരം നൽകാൻ ഉള്ള മാർഗങ്ങളാണ് കണ്ടെത്തേണ്ടത്. ടെസ്റ്റ് എഴുതാനുള്ള കുറഞ്ഞ പ്രായം പതിനാറാക്കണമെന്നും ( പത്താം ക്ലാസ്സ് ജയിച്ചുടൻ) ഈയുള്ളവന് അഭിപ്രായമുണ്ട്. ഉയർന്ന പ്രായ പരിധി അൻപതും. സർവീസിൽ നിന്നും പതിനഞ്ച് വർഷത്തിനു ശേഷം സ്വയമേവ വിരമിക്കുന്നവർക്ക് ചില ആനുകൂല്യങ്ങൾ നൽകാവുന്നതാണ്. അതായത് അവർക്ക് തുടർന്ന് വല്ല സ്വയംതൊഴിലും ചെയ്യാനുള്ള സഹായവും വായ്പയും മറ്റും. (പ്രതിമാസ പെൻഷനു പുറമേ). ഇതൊന്നുമല്ലാതെ വെറും പെൻഷൻ പ്രായത്തിൽ മാത്രം കയറി പിടിച്ച് പ്രതിഷേധമുയർത്തുന്നതിൽ വലിയ  കാര്യമില്ല. എത്ര  പ്രതിഷേധിച്ചാലും ഇടതു വലതു യൂണിയനുകൾ സാർദ്ദം ചെലുത്തിയും പല തന്ത്രങ്ങൾ ഉപയോഗിച്ചും പെൻഷൻ പ്രായം അറുപതിലെത്തിക്കും. അതിനുമുമ്പ് മറ്റ് ബദൽ മാർഗ്ഗങ്ങൾ നടപ്പിലാക്കാൻ ഉതകുന്ന ചർച്ചകളാണ് സംഘടിപ്പിക്കേണ്ടത്. സർവീസ് സംഘടനകൾക്ക് അവരുടെ താല്പര്യങ്ങളാണ് വലുത്. അവർ ഏതു പാർട്ടിക്കാരായാലും പാർട്ടിയില്ല്ലാത്തവരായാലും. ശമ്പളവും മറ്റാനുകൂല്യങ്ങളും  കൂട്ടുക, പെൻഷൻ പ്രായം ഉയർത്തുക, (ചിലർക്ക്  പരമാവധി ജോലി ചെയ്യാതിരിക്കുക, ജനങ്ങളെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കുക) എന്നതൊക്കെ   അവരുടെ സ്വാഭാവികതാല്പര്യങ്ങളായി  എല്ലാക്കാലത്തുമുണ്ടാകും. സർവീസിൽ എത്തുന്നതുവരെ മാത്രമാണ് യുവാക്കൾ പെൻഷൻ പ്രായം കൂട്ടുന്നതിൽ പ്രതിഷേധിക്കുക. സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ അവരും തൊഴിലില്ലാത്ത ചെറുപ്പക്കാരെ മറക്കും. പിന്നെ അവർക്ക് അവരുടെ താല്പര്യങ്ങളായി.    ഒരു കാലത്ത് യുവാക്കളായി തൊഴിൽ അന്വേഷിച്ച് നടക്കുന്നവരാണ് പിന്നീട് സർവ്വീസിൽ എത്തുമ്പോൾ തൊഴിലില്ലാത്തവരെ നോക്കി കൊഞ്ഞണം  കുത്തുന്നത്. കൂട്ടത്തിൽ അതും ഒക്കെ പറയണമല്ലോ!

Friday, July 13, 2012

ജെയിംസ് സണ്ണി പാറ്റൂരിന് അഭിനന്ദനങ്ങൾ

ബ്ലോഗർ ജെയിംസ്  സണ്ണി പാറ്റൂരിന് അഭിനന്ദനങ്ങൾ

സൈബർ ലോകത്ത് നിന്ന് ഒരു എഴുത്തുകാരന് കേരള  സർക്കാരിന്റെ  ഔദ്യോഗിക അംഗീകാരം; സാംസ്കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വട്ടിയൂർ കാവ് ആസ്ഥാനമാക്കി  പ്രവർത്തിക്കുന്ന  ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെ സെക്രട്ടറിയായി ബ്ലോഗറും കവിയുമായ ജെയിംസ് സണ്ണി പാറ്റൂർ നിയമിതനായി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വന്നത്. ഈ വരുന്ന  ഞായറാഴ്ച അദ്ദേഹം ചുമതലയേൽക്കും. യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ ഏതെങ്കിലുമൊരു സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്ത് എൻ.ജി.ഒ യൂണിയന്റെ മുൻസംസ്ഥാന പ്രസിഡണ്ടു കൂടിയായ ജെയിം സണ്ണി പാറ്റൂർ നിയമിതനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് അദ്ദേഹത്തെ തേടി ഈയൊരു അംഗീകാരം എത്തിയത്.  

ബൂലോഗത്തിനും സൈബർ ലോകത്തിന്  ആകെയും അഭിമാനിക്കാവുന്ന ഒരു  സന്ദർഭമാണിത്..  ബ്ലോഗിലും ഫെയ്സ് ബൂക്കിലും മറ്റ് സൈബർ ഇടങ്ങളിലും സജീവ സാന്നിദ്ധ്യമാണ്    ജെയിംസ് സണ്ണി പാറ്റൂർ.   തീഷ്ണമായ കവിതകളിലൂടെ ബ്ലോഗിൽ സജീവമായ അദ്ദേഹം കവി എന്ന നിലയ്ക്കാണ് കുടുതൽ അറിയപ്പെടുന്നത്. അച്ചടിരൂപത്തിലും അദ്ദേഹത്തിന്റെ കവിതകൾ പുറത്തുവന്നിട്ടുണ്ട്. മുഖ്യധാരാ എഴുത്തുകാർക്ക് മാത്രമല്ല ഇ-എഴുത്തുകാർക്കും സംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തൊക്കെ നിയമിക്കപ്പെടാൻ അർഹതയുണ്ട്. ഇത് ഒരു നല്ല തുടക്കമാകട്ടെ.  ബൂലോഗത്തിന്   പ്രത്യേകമായിത്തന്നെ അഭിമാനിക്കാവുന്ന ഈ സന്തോഷ വാർത്ത ഞാൻ ഇവിടെ നിങ്ങൾ എല്ലാവരുമായും  പങ്കുവയ്ക്കുന്നു. 

ജെയിംസ് സണ്ണിസാറും ഞാനും തിരുവനന്തപുരത്തുകാരാണ്. എന്നാൽ  ഞങ്ങൾ പരിചയപ്പെടുന്നത് ബ്ലോഗിലൂടെയാണ്. ആദ്യമായി നമ്മൾ  തമ്മിൽ നേരിൽ  കാണുന്നത്   തിരൂർ തുഞ്ചൻപറമ്പിൽ  ബ്ലോഗ്‌മീറ്റിനു  പോയപ്പോൾ   തലേദിവസം താമസിച്ച ഹോട്ടൽ മുറിയിൽ വച്ചാണ്. ഞാനും തബാറക്ക് റഹ്‌മാനും  താമസിച്ച മുറിയിലേയ്ക്ക്   അതേ ലോഡ്ജിൽ താമസിച്ചിരുന്ന ജെയിംസ് സാർ  വന്ന്   നമ്മളെ പരിചയപ്പെടുകയായിരുന്നു.  സാബു കൊട്ടോട്ടി നൽകിയ വിവരമനുസരിച്ചാണ് അദ്ദേഹം നമ്മളെ തേടി  മുറിയിൽ  എത്തിയത്. ബ്ലോഗ്‌മീറ്റ്  കഴിഞ്ഞ്  തിരുവനന്തപുരത്തേയ്ക്ക്  ഞങ്ങൾ മൂവരുമൊരുമിച്ച്  പല ബസുകളിലും  കയറിയിറങ്ങിയുള്ള ആ   രാത്രിയാത്രയുടെ ഓർമ്മകൾ ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.  

അങ്ങനെ  ബ്ലോഗിലൂടെ പരിചയപ്പെട്ട് എന്റെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായി മാറിയ ജെയിംസ് സാറിന് അദ്ദേഹത്തിന്റെ  ഔദ്യോഗിക ജീവിതത്തിൽ ലഭിക്കുന്ന ഈ പുതിയ നിയോഗം ഭംഗിയായി നിർവഹിക്കുവാൻ കഴിയട്ടെയെന്ന്  ആശംസിക്കുന്നതോടൊപ്പംതന്നെ  അദ്ദേഹത്തെപറ്റി ഇങ്ങനെ ചില നല്ല വാക്കുകൾ പറയാനുംകൂടി  ഞാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു. സൈബർലോകത്തിനാകെയെന്നപോലെ  വ്യക്തിപരമായും  എനിക്ക് വളരെയേറെ സന്തോഷം നൽകുന്ന ഒന്നാണ് ജെയിംസ് സാറിനു ലഭിച്ചിരിക്കുന്ന ഈ അംഗീകാരം.  ആ സന്തോഷം അങ്ങനെതന്നെ   ഞാൻ എല്ലാവരുമായും പങ്കു വയ്ക്കുന്നു. ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന്റെ  ഭരണ  സാരഥ്യം ഏറ്റെടുക്കുന്ന ജെയിം സണ്ണി പാറ്റൂരിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!