Sunday, July 22, 2012

വി.എസിനു പരസ്യശാസനമാത്രം

വി.എസിനു പരസ്യശാസനമാത്രം

നിർണ്ണായകമായ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും സമാപിച്ചു. വി.എസ്. അച്യുതാനന്ദനെതിരെ  കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സി.പി.ഐ.എം ഇല്ലാതാകുമെന്നും  ആഗ്രഹിച്ചവർക്കും  അങ്ങനെ പ്രചരിപ്പിച്ചവർക്കും  ഇതൊരു തിരിച്ചടിയാണ്.  ഇനിയും അത്തരക്കാർ കാത്തുതന്നെ ഇരിക്കണം. പ്രതീക്ഷ കൈവിടരുത്. ആഗ്രഹിക്കാനുള്ള അവകാശം  എല്ലാവർക്കുമുണ്ട്. ആഗ്രഹങ്ങളാണല്ലോ മനുഷ്യനു ജീവിക്കാനുള്ള പ്രചോദനം തന്നെ. വി.എസിനെ മുൻനിർത്തി ചില  മാധ്യമങ്ങളടക്കം  പാർട്ടിയുടെയും ചില സി.പി.ഐ.എം നേതാക്കളുടെയും  ശത്രുക്കൾ (അങ്ങനെ കാണുന്നവർ)   സി.പി.ഐ.എമ്മിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇതോടെ അവസാനിച്ചുവെന്നൊന്നും കരുതേണ്ടതില്ല. വി.എസ് അതിനു നിന്നു കൊടുക്കുന്നിടത്തോളം അത് ഇനിയും തുടരുകതന്നെ ചെയ്യും. അതവിടെ നിൽക്കട്ടെ.

ഈയുള്ളവൻ വി.എസിന്റെ ചില നിലപാടുകളെയും സമീപനങ്ങളെയും പ്രവർത്തികളെയും വിമർശിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ  ഇനിയും വിമർശിച്ചെന്നിരിക്കും. എന്നാൽ അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന എല്ലാ ആശയങ്ങളും തെറ്റാണെന്ന് കരുതിയിട്ടില്ല. മറിച്ച് ചില നേതാക്കളോടുള്ള വ്യക്തി വിദ്വേഷങ്ങളെ മുൻനിർത്തി സ്വന്തം പ്രസ്ഥാനത്തെയും അതിന്റെ പൊതുവായ  താല്പര്യങ്ങളെയും തീരുമാനങ്ങളെയും കണക്കിലെടുക്കാതെ പാർട്ടി ശത്രുവിനെ പോലെ പെരുമാറുന്നതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തെ പരസ്യമായി തന്നെ വിമർശിക്കേണ്ടി വന്നിട്ടുള്ളത്. അദ്ദേഹത്തിനു പരസ്യ വിമർശനങ്ങൾ ആകാമെങ്കിൽ നമുക്കും അതാകാമല്ലോ. പാർട്ടി നിലപാടുകൾക്കെതിരെ ആരെങ്കിലും പരസ്യമായി ഒരു അഭിപ്രായം പറയുന്നതിനെ അത്ര തെറ്റായ കാര്യമായി ഈയുള്ളവൻ കരുതുന്നില്ല എന്നുകൂടി പറയട്ടെ.

പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കുവാനുള്ള ചുമതല എല്ലാ പാർട്ടി അംഗങ്ങൾക്കും ഉണ്ട്. എന്നാൽ വ്യത്യസ്ത നിലപാടുകൾ ഉണ്ടെങ്കിൽ അത് ഒന്നു പരസ്യമായി പറഞ്ഞു പോയി എന്നുവച്ച് വലിയ അപകടമൊന്നുമില്ല. പക്ഷെ അത് പാർട്ടി എടുക്കുന്ന തീരുമാനങ്ങളും പരിപാടികളും നടപ്പിലാക്കിക്കൊണ്ടുതന്നെയാകണം പറയേണ്ടത്. പാർട്ടി നിലപാടുകളുടെ തെറ്റും ശരിയും പിന്നീടാണ് ബോദ്ധ്യപ്പെടുക. അപ്പോൾ  പാർട്ടിയ്ക്ക് തെറ്റുപറ്റിയാൽ പാർട്ടി തിരുത്തണം. വ്യക്തിയ്ക്ക് തെറ്റു പറ്റിയാൽ വ്യക്തി തിരുത്തണം. പാർട്ടിയ്ക്ക് അതീതനാകാനോ പാർട്ടിയ്ക്ക് മീതേ പറക്കാനോ ശ്രമിക്കുന്നത് ഒരു ഉത്തമ കമ്മ്യൂണിസ്റ്റിനു ചേർന്നതല്ല. വ്യക്തി താല്പര്യങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും കുറച്ചൊക്കെ മാറ്റിവച്ചുകൊണ്ടു മാത്രമേ ഏതൊരു പ്രസ്ഥാനത്തിലും ആർക്കും പ്രവർത്തിക്കനാകൂ.

ഞാൻ പറഞ്ഞുവന്നത് അതൊന്നുമല്ല. പരമാവധി പാർട്ടിയിൽ നിന്ന് ആരെയും പുറത്താക്കാതെ അകത്തു നിർത്തി തന്നെ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നതാണ് ഈയുള്ളവന്റെ നിലപാട്. പരമാവധി ആരെയും പുറത്താക്കരുത്. വല്ല കൊലപാതകമോ  സ്ത്രീപീഡനമോ ഗുരുതരമായ ധനാപഹരണമോ മറ്റോ നടത്തുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കാം. ഇനി കുറ്റം ഏതാണെങ്കിലും ശിക്ഷയേറ്റുവാങ്ങി  തെറ്റുതിരുത്തി പാർട്ടിയെ അംഗീകരിച്ച്  ഒരു നല്ല മനുഷ്യനായി വന്നാൽ അവരെ പാർട്ടിയിൽ തിരിച്ചെടുക്കണം. പ്രത്യേകിച്ചും കൊലപാതകം,   സ്ത്രീ‍പീഡനം, ഗുരുതരമായ ധനാപഹരണം, മോഷണം, പിടിച്ചുപറി,  മുതലായവയൊഴിച്ച് എന്തെങ്കിലും ആശയപരമായോ മറ്റോ ഉള്ള  അഭിപ്രായ വ്യത്യാസങ്ങളുടെയോ സംഘടനാപരമായ  ഏതെങ്കിലും തീരുമാനങ്ങളിലുള്ള അതൃപ്തികളുടെയോ ഫലമായി പോകുന്നവരൊക്കെ തെറ്റുതിരുത്തി മടങ്ങിവന്നാൽ സ്വീകരിക്കണം.

ഇപ്പോൾ വി. ബി. ചെറിയാനും മറ്റും പാർട്ടിയിലേയ്ക്ക് അടുക്കുന്നത് നല്ല സൂചനയാണ്. ഗൌരിയമ്മയിലും മാനസാന്തരം കാണുന്നുണ്ട്. സി.എം.പിയ്ക്കും മനം മാറ്റം ആകാം. കാലാകാലങ്ങളിൽ പാർട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് നല്ലതാണ്. കലാകാലങ്ങളിൽ ഏതെങ്കിലും അച്ചടക്ക ലംഘനത്തിന്റെ പേരിൽ  നടപടിയ്ക്ക് വിധേയമാകുന്നവർക്ക് പിന്നീട് തെറ്റു തിരുത്തി മടങ്ങിവരാനുള്ള സാഹചര്യം ഉണ്ടാകണം.( ചിലകുറ്റങ്ങൾ പൊറുത്തുകൂടാത്തതാകാറുണ്ടെന്നത് കാണാതെയല്ല). സി.പി.ഐ.എമ്മിൽ നിന്ന് ഒരിക്കൽ പുറത്തുപോകുന്നവർക്ക് പിന്നീട് ഒരിക്കലും പാർട്ടിയിലേയ്ക്ക് മടങ്ങി വരാനാകില്ലെന്ന സ്ഥിതി മാറണം.  

ഇന്നിപ്പോൾ  വി.എസ് അച്യുതാനന്ദൻ വിഷയത്തിൽ അടക്കം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഔദ്യോഗികമായി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയ്ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളും മറ്റു ചില നടപടികളും പാർട്ടി അച്ചടക്കത്തിനു നിരക്കുന്നതല്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ. വി.എസിനെ പരസ്യമായി ശാസിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. വി.എസ് പാർട്ടിയ്ക്ക് നൽകിയ സേവനങ്ങളും പാർട്ടിയിൽ അദ്ദേഹത്തിനുള്ള പ്രാധാന്യവും കണക്കിലെടുത്ത് കടുത്ത നടപടികൾ ഒന്നും ഉണ്ടായില്ല. വി.എസ് തനിക്കു പറ്റിയ തെറ്റുകൾ സ്വയം വിമർശനപരാമായി കേന്ദ്ര കമ്മിറ്റിയിൽ സമ്മതിച്ചിട്ടുമുണ്ട്.  മറിച്ച് വി.എസ് കടുത്ത നടപടി വാങ്ങി പുറത്തുവന്ന് പാർട്ടിയുണ്ടാകുമ്പോൾ അതിൽ ചേരാനിരുന്ന ചില മാധ്യമ പുംഗവന്മാരും  ചാനൽ വീരന്മാരും നിരാശരായി. ഇനിയും അവർ വി.എസിനെ ചെത്തമരത്തിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതിൽ വി.എസ് പെട്ടു പോകാതിരുന്നാൽ പാർട്ടിയ്ക്കും വി.എസിനും നല്ലത്.

വി.എസിന്റെ പോരാട്ടങ്ങൾ അദ്ദേഹം തുടരട്ടെ. അത് പാർട്ടിയുടെ  ഏതെങ്കിലും നേതാക്കളെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയും  പാർട്ടിയെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടും പാർട്ടിയെ നശിപ്പിക്കും വിധത്തിലും ആകരുത് എന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത്. ഫൈറ്റ് എല്ലാം കഴിയുന്നത്ര പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ നടത്താവുന്നതേയുള്ളൂ.  അതിനുള്ള ജനാധിപത്യമൊക്കെ പാർട്ടിയ്ക്കുള്ളിൽ ഉണ്ട്.  അത്യാവശ്യം പരസ്യപ്രസ്താവനയൊക്കെ നടത്താമെന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് എത്ര സ്വീകാര്യത ലഭിക്കും എന്നത് വേറെ കാര്യം. കോൺഗ്രസിനോളം അൺലിമിറ്റഡ് ജനാധിപത്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വീകരിക്കനാകില്ലെങ്കിലും  കാലത്തിനനുസരിച്ച് കുറച്ചുകൂടി ജനാധിപത്യം സി.പി.ഐ.എമ്മിൽ ആകാം. അതുകൊണ്ട് പാർട്ടി തകരുകയൊന്നുമില്ല. അപ്പോൾ പിന്നെ പരസ്യപ്രസ്താവനകളുടെ പേരിൽ നടപടികളും വേണ്ടി വരില്ല. 

19 comments:

ajith said...

വീയെസിനെ പുറത്തുകളയാന്‍ പൊളിറ്റ് ബ്യൂറോ ഒന്നൂടെ ജനിക്കേണ്ടിവരും

Baiju Elikkattoor said...

വീണത്‌ വിദ്യ ആക്കുന്നൂ തട്ടത്തുമല........!

Pheonix said...

വി.എസിനെ പുറത്തു കളഞ്ഞാല്‍ കേരളത്തിലും പാര്‍ട്ടി കുത്തുപാള കാശുകൊടുത്തു വാങ്ങിയപോലെ ഇരിക്കും എന്ന് നല്ല ബോധമുണ്ട് പി.ബി.ക്ക്. ആ മൂന്നു ജയരാജ ത്രിമൂര്‍ത്തികളെ ആദ്യം പുറത്തു കളയണം. കേരളത്തില്‍ പാര്‍ട്ടിക്ക്‌ ഇനിയും തളര്‍ച്ച ഒഴിവാക്കനമെന്കില്‍ അത് ചെയ്തെ പറ്റൂ. യാഥാര്‍ത്ഥ്യം എന്നും പാര്‍ട്ടി ചരിത്രപരമായ മണ്ടതരങ്ങള്‍ക്ക് ശേഷമല്ലേ മനസ്സിലാക്കൂ.

ഇ.എ.സജിം തട്ടത്തുമല said...

ബിജു എലിക്കാട്ടൂർ,
അതിന് ഞാൻ വീണില്ലല്ലോ ബിജു. എന്നിട്ടുവേണ്ടേ അതു വിദ്യയാക്കാൻ.
എന്താ താങ്കളും വി.എസ് ഉണ്ടാക്കുന്ന പുതിയ പാർട്ടിയിൽ ചേരാനിരിക്കുകയായിരുന്നൊ? കഷ്ടം!

Anonymous said...

പ്രതിപക്ഷ നേതാവായി ഏറ്റവും ശോഭിച്ച നേതാവാണ്‌ വീ എസ് , ഉമ്മന്‍ ചാണ്ടി യുമായി തട്ടിച്ചു നോക്കിയാല്‍ അത് തികച്ചും ബോധ്യമാകും, യു ഡീ എഫ് ഭരണത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന അഴിമതി , ജാതി മത ശക്തികള്‍ക്കു കീഴടങ്ങല്‍ ഇവയ്ക്കെതിരെ ജന നന്മക്കു വേണ്ടി ചെറുത്‌ നില്‍ക്കാന്‍ വീ എസിനെ കഴിയു , അതിനാല്‍ വീ എസ് പാര്‍ട്ടിയിലും പ്രതിപക്ഷ നേതാവായും തുടരണം

kanakkoor said...

വി എസ്സിന് അഭിവാദനങ്ങള്‍ . താങ്കള്‍ക്കും .

kaalidaasan said...

>>>വി.എസ്. അച്യുതാനന്ദനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സി.പി.ഐ.എം ഇല്ലാതാകുമെന്നും ആഗ്രഹിച്ചവർക്കും അങ്ങനെ പ്രചരിപ്പിച്ചവർക്കും ഇതൊരു തിരിച്ചടിയാണ്. <<<

വി എസിനെതിരെ കര്‍ശന അച്ചടക്ക നടപടി വേണമെന്നും  അദ്ദേഹത്തിനു ക്യാപിറ്റല്‍ പണീഷ്മെന്റ് നല്‍കണമെനും വാദിച്ചവര്‍ക്കോ സജീമേ? തീര്‍ച്ചയായും അവര്‍ക്കിത് തിരിച്ചടിയല്ല. പൊന്‍തൂവല്‍. നൂറ്റൊന്നാവര്‍ത്തിക്കുന്ന ക്ഷീരബലയുടെ ആസ്വാദ്യത. അല്ലേ?

kaalidaasan said...

>>>ഇപ്പോൾ വി. ബി. ചെറിയാനും മറ്റും പാർട്ടിയിലേയ്ക്ക് അടുക്കുന്നത് നല്ല സൂചനയാണ്. ഗൌരിയമ്മയിലും മാനസാന്തരം കാണുന്നുണ്ട്. സി.എം.പിയ്ക്കും മനം മാറ്റം ആകാം. കാലാകാലങ്ങളിൽ പാർട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് നല്ലതാണ്. <<<

എങ്കില്‍ പിന്നെ സി പി എമ്മിനും ആയിക്കൂടെ? സി പി ഐ വിട്ടു പോന്ന സി പി എമ്മിനും  മനം മാറ്റം ആയിക്കൂടെ?

ഗൌരി അമ്മ ഇന്നലെ പറഞ്ഞത് ഇങ്ങനെ.

താന്‍ സിപിഎമ്മിലേക്കു പോവില്ലെന്നും എല്‍ഡിഎഫിലെ ഘടകകക്ഷിയാകാന്‍ ജെഎസ്എസ് ഉദ്ദേശിച്ചിട്ടില്ലെന്നും ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ. പാലം വച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുപോലെ പാര്‍ട്ടി മാറാനാവില്ല. ഒരു പാര്‍ട്ടിയില്‍ നിന്നാല്‍ പാര്‍ട്ടിയുടെ അച്ചടക്കത്തിനനുസരിച്ചു നില്‍ക്കണമെന്നു വി.എസ്. അച്യുതാനന്ദനെതിരായ നടപടിയെക്കുറിച്ചു ഗൌരിയമ്മ പറഞ്ഞു.

പാര്‍ട്ടിക്ക് അതീതനാകാന്‍ പാടില്ല. അച്ചടക്കലംഘനം നടത്താത്ത തന്നെ വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇഎംഎസ് പുറത്താക്കിയതെന്നും ഗൌരിയമ്മ പറഞ്ഞു. ഇപ്പോള്‍ സിപിഎമ്മിലുള്ളതു ഗൌരവമുള്ള നേതൃത്വമാണോയെന്ന് അറിയില്ല. വിഎസിനെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ സമ്മാനം കൊടുക്കുകയോ ചെയ്യുന്നതിനെപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല. വയസ്സുകാലത്തു വിഎസിനെതിരെ പറഞ്ഞു പഴികേള്‍ക്കാന്‍ തയാറല്ല. ഇന്നയിന്ന ആളുകള്‍ എന്തു പറഞ്ഞാലും നടപടിയെടുക്കില്ലെന്നായിരിക്കും ഇപ്പോള്‍ ആ പാര്‍ട്ടിയുടെ ഭരണഘടന.



ഇതാണോ സജീം മനം മാറ്റം എന്നൊക്കെ പറയുന്നത്?

ഇ.എ.സജിം തട്ടത്തുമല said...

സി.പി.ഐ.എം, സി.പി.ഐ ലയനം അടഞ്ഞ അദ്ധ്യായമൊന്നുമല്ല. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം.

kaalidaasan said...

>>>വീയെസിനെ പുറത്തുകളയാന്‍ പൊളിറ്റ് ബ്യൂറോ ഒന്നൂടെ ജനിക്കേണ്ടിവരും<<<


അജിത്,

വി എസിനെ പുറത്തുകളയാന്‍ ആണായി പിറന്ന ആരും ഇന്ന് സി പി എമ്മിലില്ല. പിണറായി വിജയനും അതിനു ധൈര്യമില്ല. വി എസിനെ പാര്ട്ടിയില് നിന്നും പുറത്താക്കാന് വിജയന് ആഗ്രഹിക്കുന്നില്ല. പക്ഷെ ഏറനാടന് ശൈലി കടമെടുത്ത് പറഞ്ഞാല് എടങ്ങേറ്, ഒഴിവായി കിട്ടണം. പുറത്താക്കണം എന്നു വാദിച്ചാലല്ലേ കേന്ദ്ര കമ്മിറ്റിയില് നിന്നും പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും എങ്കിലും ഒഴിവാക്കി കിട്ടൂ. അതാണിപ്പോഴത്തെ ആവശ്യം. സംസ്ഥാന സമിതിയില് എത്തിച്ചു കിട്ടിയാല് പിന്നെ കാര്യങ്ങള് എളുപ്പമാണല്ലോ.

വി എസിനെ ഇപ്പോള് ശരിയാക്കി കളയാം എന്നു കരുതി നടന്നവരൊക്കെ പട്ടി ചന്തക്ക് പോയ പരുവത്തിലായി. അവര് പറഞ്ഞതൊന്നും കേന്ദ്ര കമ്മിറ്റി കാര്യമായെടുത്തിട്ടുമില്ല. വി എസ്. തന്റെ ശൈലി തുടര്ന്നും മുന്നോട്ടുകൊണ്ടുപോകുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. പാര്ട്ടിക്ക് അകത്തു നിന്നുകൊണ്ടു തന്നെ അദ്ദേഹം പോരാട്ടം തുടരും. വി എസിനെ കളയാന് കഴിയില്ലെന്ന വലിയ തിരിച്ചറിവാണ്, കേന്ദ്ര കമ്മിറ്റി തീരുമാനംവഴി വിജയനുണ്ടാകേണ്ടത്. ചന്ദ്രശേഖര വധത്തിനു ശേഷം ഉണ്ടായ അച്ചടക്കരാഹിത്യത്തെക്കാള് വലുത് ഇനി ഉണ്ടാകാനും പോകുന്നില്ല. വി.എസിനെ ഒഴിവാക്കി ഒറ്റയാള് ഭരണം നടത്താമെന്ന ആഗ്രഹം ഒക്കെ മാറ്റി വച്ച് വി എസിനേക്കൂടി ഉള്ക്കൊണ്ടു പോകാനുള്ള വിവേകം വിജയനുണ്ടായാല് അത് പാര്ട്ടിക്കും കേരളത്തിലെ ജനങ്ങള്ക്കും ഗുണം ചെയ്യും. യു ഡി എഫ് ഇപ്പോള് നടപ്പാക്കി കൊണ്ടിരിക്കുന്ന അനേകം ജനദ്രോഹനടപടികളുണ്ട്. വി എസിന്റെ അധികാരം കുറച്ചിട്ടില്ല. കൂടുതല് ഊര്ജസ്വലമായി മുന്നോട്ടുപോകാന് അത് അദ്ദേഹത്തിന് കൂടുതല് ധൈര്യം നല്കും. പാര്ട്ടി സെക്രട്ടറി സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും പാര്ട്ടി തീരുമാനം എന്ന പേരില് നടപ്പാക്കുന്നതു ശരിയല്ലെന്ന വ്യക്തമായ നിലപാടാണ് വി എസ് എടുത്തതും കേന്ദ്ര കമ്മിറ്റി സമ്മതിച്ചതും.

ഇ.എ.സജിം തട്ടത്തുമല said...

വി.എസ് പലപ്പോഴും തന്റെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നു.അതും ചില വ്യക്തി വിദ്വേഷങ്ങളിൽ കേന്ദ്രീകരിച്ച്. നിലവിലുള്ള സംസ്ഥാന നേതൃത്വം അങ്ങനെയല്ല. കഴിയുന്നത്ര പാർട്ടി താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് പരമാവധി വിട്ടുവീഴ്ചകൾ ചെയ്ത് മുന്നോട്ടു പോകാൻ ശ്രമിക്കുന്നു. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ലെന്ന മട്ടിൽ വി.എസും. അതാണിതുവരെയുമുള്ള സ്ഥിതി. പിന്നെ നടപടി. വി.എസിനെതിരെ കർശന നിലപാടൊന്നുമെടുക്കാത്തതുതന്നെ ഒരു വിട്ടുവീഴ്ചയാണ്. വി.എസിനു വേണ്ടിയല്ല, പാർട്ടിയ്ക്കുവേണ്ടിത്തന്നെ.പാർട്ടി വലിയ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ഏതു പ്രശ്നവും അവധാനതയോടെ കൈകാര്യം ചെയ്യുക എന്ന നയമാണ് കേന്ദ്ര കമ്മിറ്റി കൈക്കൊണ്ടിട്ടൂള്ളത്. അത് ഒരു ദൌർബല്യമല്ല. ശക്തിയാണ്. പാർട്ടിയുടെ മൊത്തം താല്പര്യങ്ങൾക്കുവേണ്ടി ഒരു വ്യക്തിയുടെ താല്പര്യങ്ങളെ വെറുതെ വിടുക. എന്തിനും ചില പ്രത്യാഘാതങ്ങൾ ഉണ്ട്. ചെറുതായാലും വലുതായാലും. അത് മനസിലാക്കാനുള്ള വിവേകം കേന്ദ്രകമ്മിറ്റിയ്ക്ക് അങ്ങേയറ്റം ക്ഷമയേകി.ക്ഷമയുടെ നെല്ലിപ്പലക ഇളകുന്ന ഘട്ടത്തിൽ പോലും. വി.എസിനെതിരെ കടുത്ത നടപടി എടുക്കാത്തതിനെ ഈ രീതിയിലൊക്കെ നോക്കിക്കാണാനാണെനിക്കിഷ്ടം. വി.എസിന്റെ കരുനീക്കങ്ങളെ ഇന്നലെ വരെ സംസ്ഥാന നേതൃത്വം എങ്ങനെയൊക്കെ നേരിട്ടോ അങ്ങനെയൊക്കെ നേരിട്ട് പാർട്ടി സംസ്ഥാന ഘടകത്തെ രക്ഷിക്കും. പ്രശ്നങ്ങൾ അതിജീവിക്കും. അതിൽ ആർക്കും സംശയമൊന്നും വേണ്ട.

kaalidaasan said...

>>>ഇനിയും അവർ വി.എസിനെ ചെത്തമരത്തിൽ കയറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതിൽ വി.എസ് പെട്ടു പോകാതിരുന്നാൽ പാർട്ടിയ്ക്കും വി.എസിനും നല്ലത്.<<<

വി എസിനെ ആരൊക്കെയോ ചെത്തമരത്തില്‍ കയറ്റുന്നു എന്നതൊക്കെ പിണറായി വിജയന്റെയും താങ്കളുടെയും തോന്നലാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും പ്രശ്നമില്ല എന്ന ഉറച്ച ബോധ്യത്തോടെയാണദ്ദേഹം അച്ചടക്ക ലംഘനം നടത്തിയതും. ഡാംഗേ എന്ന് പരസ്യമായി പാര്‍ട്ടി സെക്രട്ടറിയെ വിളിച്ചിട്ടും ഒരു ശാസനയില്‍ അതൊതുക്കേണ്ടി വന്നു. അത് പാര്‍ട്ടിയുടെ ഗതികേട്.

ഇ.എ.സജിം തട്ടത്തുമല said...

പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പ്രത്യേകിച്ച് വീണ്ടും ലാവ്‌ലിൻ കേസിൽ കയറിപ്പിടിച്ചുമുള്ള അനാവശ്യകമന്റുകൾ ഇവിടെ പ്രസിദ്ധീകരിക്കില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നു.

kaalidaasan said...

>>>വി.എസ് തനിക്കു പറ്റിയ തെറ്റുകൾ സ്വയം വിമർശനപരാമായി കേന്ദ്ര കമ്മിറ്റിയിൽ സമ്മതിച്ചിട്ടുമുണ്ട്. <<<

വി എസ് തെറ്റ് സമ്മതിച്ചു. എത്രാമത്തെ തവണയാണെന്ന് പ്രശ്നം വച്ച് നോക്കേണ്ടി വരും. പക്ഷെ ഇതു വരെ തെറ്റ് സമ്മതിക്കാത്ത പലരും ഉണ്ടല്ലോ. സ്വയം അപ്രമാദിത്തം കല്‍പിച്ചു നടക്കുന്ന ചിലര്‍., സജീമിന്, ആളെ അറിയാമെന്നു കരുതുന്നു.

kaalidaasan said...

>>>സി.പി.ഐ.എം, സി.പി.ഐ ലയനം അടഞ്ഞ അദ്ധ്യായമൊന്നുമല്ല. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. <<<

സി.പി.ഐ.എം, സി.പി.ഐ ലയനം അടഞ്ഞ അദ്ധ്യായമൊന്നുമല്ല എന്ന് വെറുതെ ആവര്‍ത്തിക്കുന്നതില്‍ എന്തു കാര്യം? 40 വര്‍ഷമായി ആവര്‍ത്തിക്കുന്ന ഒരു തമാശയല്ലേ ഇത്? ലയനത്തിനു തയ്യാറാണെന്ന് സി പി ഐ എത്ര വട്ടം പറഞ്ഞു? എന്താണതിനു തടസം?

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻൾ “വി.എസിനെ ഒഴിവാക്കി ഒറ്റയാള് ഭരണം നടത്താമെന്ന ആഗ്രഹം ഒക്കെ മാറ്റി വച്ച് വി എസിനേക്കൂടി ഉള്ക്കൊണ്ടു പോകാനുള്ള വിവേകം വിജയനുണ്ടായാല് അത് പാര്ട്ടിക്കും കേരളത്തിലെ ജനങ്ങള്ക്കും ഗുണം ചെയ്യും.“

പിണറായി വിജയൻ വി.എസിനെയടക്കം എല്ലാവരെയും ഉൾക്കൊണ്ടു പോകാനേ എക്കാലത്തും തയാറായിട്ടുള്ളൂ. പക്ഷെ വി.എസ് ആണ് അതിനു വിപരീതമായി പ്രവർത്തിച്ചുപോരുന്നത് എന്നതാണ് സത്യം എന്നാണ് പാർട്ടിയിലെ മറ്റ് നേതാക്കൾ പറയുന്നത്. വി.എസ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ പലപ്പോഴും പാർട്ടിയ്ക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ചിലരെകൂടി പല തട്ടുകളിലും കൂടെ നിർത്തി കൊണ്ടുപോകേണ്ടി വരുന്ന ഗതികേടിനെപ്പറ്റിയും പല സംസ്ഥാ‍ന നേതാക്കളും വിലപിക്കുന്നത് ഞാൻ കേട്ടിട്ടുണ്ടെന്ന സത്യം ഞാൻ ഇവിടെ പറഞ്ഞുപോകുകയാണ്. പിണറായി സംസ്ഥാന നേതൃത്വത്തിൽ ചിലരോടുള്ള വ്യക്തിവിദ്വേഷം കളഞ്ഞ് ഒരുമിച്ചു നിൽക്കാൻ തയ്യാറായിരുന്നെങ്കിൽ പിന്നീട് പുറത്താക്കേണ്ടി വന്ന പല അപകടങ്ങളെയും മുമ്പേതന്നെ സംസ്ഥാന നേതൃത്വത്തിന് ഒഴിവാക്കാൻ കഴിഞ്ഞേനേ. ഗ്രൂപ്പിസത്തിന്റെ സൌകര്യത്തിൽ ഇരുപക്ഷത്തും ചില അരുതായ്മക്കാർ കടന്നുകൂടി പലസ്ഥാനങ്ങളും വഹിക്കുന്നുണ്ട് എന്ന സത്യം ഞാൻ മറച്ചു വയ്ക്കുന്നില്ല. എന്നാൽ ഇത് ഔദ്യോഗിക പക്ഷത്ത് മാത്രമല്ല ഉള്ളത്. വി.എസ് പക്ഷത്തുമുണ്ട് ഒരുപാട് അരുതായ്മക്കാർ. അവരിൽ ചിലരുടെ അരുതായ്മകൾ പരസ്യപ്പെടുമ്പോൾ ഇരുപക്ഷവും അവരെ ഒഴിവാക്കുന്നുമുണ്ട്. എങ്ങനെ നോക്കിയാലും സ. വി.എസിന്റെ കാർക്കശ്യമാണ് പാർട്ടി നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നം. അത് വി.എസ് സ്വയം തിരുത്താതിരിക്കുന്നിടത്തോളം പാർട്ടി ഇനിയും വലിയ വില നൽകേണ്ടി വരും. അഭിപ്രായ വ്യത്യാസങ്ങൾ പലതുമുള്ളപ്പോഴും വി.എസ് പാർട്ടിയുടെ സ്വത്താണെന്ന് പർസ്യമായി പറയുന്ന പിണറായി വിജയന്റെ ഹൃദയ വിശാലത അംഗീകരിക്കാനും വേണം ഒരു ഹൃദയ വിശാലത.

ഇ.എ.സജിം തട്ടത്തുമല said...

കാളിദാസൻ: “സ്വയം അപ്രമാദിത്തം കല്‍പിച്ചു നടക്കുന്ന.... “

താങ്കൾ ഉദ്ദേശിക്കുന്ന വ്യക്തി ഒരിക്കലും അങ്ങനെയല്ല!

Nishpakshan said...

eaay... ALLE ALLAAA......

Baiju Elikkattoor said...

"VS has stood for the people. the working class, trade unions, really a peoples man. AKG or EMS has never faced such challenges during their time. VS is fighting a lone battle against these attrocities, even if the party is not with him the people are with him. He may have short comings but his fight against such causes have made him a true model for the later generation."

Good....!