Friday, November 9, 2012

വിശ്വമലയാള മഹോത്സവം എന്തിനുവേണ്ടിയായിരുന്നു?

വിശ്വമലയാള മഹോത്സവം എന്തിനുവേണ്ടിയായിരുന്നു?

ഇവിടെ അടുത്തിടെ ഒരു വിശ്വമലയാള മഹോത്സവം നടന്നു. സംഘാടനത്തിലെ വീഴ്ചകൾ കൊണ്ട് അത് ഏറെ വിവാദങ്ങളിൽ അകപ്പെടുകയും ചെയ്തു. അതിന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെട്ടു. എന്തിനുവേണ്ടിയായിരുന്നു ആ സമ്മേളനമെന്നതും അതുകൊണ്ട് എന്ത് നേട്ടമുണ്ടായി, അഥാവാ ഉണ്ടാകാൻ പോകുന്നു എന്നുമുള്ള  ചോദ്യം ഇപ്പോഴും ഉയർന്നു കേൾക്കുകയാണ്. ഈ സമ്മേളനം നടത്താനുള്ള ധാർമ്മികമായ ചുമതല കേരള സാഹിത്യ അക്കാഡമിക്കായിരുന്നെങ്കിലും അതിന്റെ നടത്തിപ്പിൽ അക്കാഡമിക്ക് വേണ്ടത്ര പങ്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ഏതോ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെ ആയിരുന്നു അതിന്റെ സംഘാടനം ഏല്പിച്ചിരുന്നതെന്നാണ് മനസില്ലാക്കാൻ കഴിഞ്ഞത്. അല്ലെങ്കിൽ ഭാഷയും സാഹിത്യവുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത ചില “തല്പര” കക്ഷികളെ!  ഭാഷയും സാഹിത്യവുമായിട്ട് ബന്ധപ്പെട്ട ഇത്തരം സമ്മേളനങ്ങളുടെ നടത്തിപ്പ് ഒരു ഇവന്റ് മാനേജ്മെന്റിനെ ഏല്പിക്കുന്നതുതന്നെ ഏറ്റവും വലിയ അബദ്ധമാണ്. അവർക്ക് ഭാഷയും സാഹിത്യവുമായിട്ടൊക്കെ എന്തു ബന്ധം? അതുകൊണ്ടല്ലേ സി.വി. രാമൻപിള്ളയുടെ  പ്രതിമയ്ക്കുപകരം സി.വി.രാമന്റെ  പ്രതിമ സ്ഥാപിച്ചതും ചെറുപ്പത്തിലേ മരണപ്പെട്ട കവി ചങ്ങമ്പുഴയുടെ വൃദ്ധരൂപത്തിലുള്ള പ്രതിമ സ്ഥാപിച്ചതും ഒക്കെ. അവർ ഇന്റെർ നെറ്റിൽ  സെർച്ച് നടത്തിയപ്പോൽ കിട്ടിയ റിസൾട്ടുകളിൽ നിന്നു കിട്ടിയതാകാം ഒരു പക്ഷെ ചിത്രങ്ങൾ. അവ തിരിച്ചറിയാൻ വിവരം വേണ്ടേ? അത് അവരുടെ കുറ്റമല്ല. അവരെ ഇതിന്റെയൊക്കെ ചുമതല ഏല്പിച്ചവരുടെ കുറ്റമാണ്.  സി.വി.രാമൻപിള്ളയ്ക്കു പകരം സാക്ഷാൽ ശ്രീരാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നെങ്കിലും അദ്ഭുതമില്ലായിരുന്നു. അതാണ് ഇവന്റ് മാനേജ്മെന്റ്.

ഇവന്റ് മാനേജുമെന്റുകാർക്ക് സംഘടിപ്പിക്കാൻ കഴിയുന്ന പല പരിപാടികളും ഉണ്ടായിരിക്കാം. അത് ഔദ്യോഗിക തലത്തിൽ സംഘടിപ്പിക്കുന്ന  വിശ്വമലയാളമഹോത്സവം പോലെയുള്ള  അത്യന്തം ഗൌരവമേറിയ പരിപാടികളല്ല. വല്ല സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ നടത്തുന്ന ആഘോഷങ്ങളും മറ്റുമൊക്കെ ഇവന്റ് മാനേജ്മേന്റുകളെ ഏല്പിക്കാറുണ്ട്. അത് ഏല്പിക്കുന്നവർ ആരോ അവർക്ക് സംതൃപ്തി നൽകും വിധം ഇവന്റു മാനേജുമെന്റുകർ അത് നടത്തിക്കൊടുത്ത് പ്രതിഫലം അവരുടെ കൂലി  വാങ്ങിയെന്നുമിരിക്കും.  പക്ഷെ സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി നടത്തുന്ന ഇത്തരം പരിപാടികൾ ഇവന്റ് മാനേജുമെന്റുകാരെ  ഏല്പീക്കുന്നത് ശരിയല്ല. ഈയിടെ നടന്ന ആ വിശ്വമഹാസമ്മേളനം യഥാർത്ഥത്തിൽ വെറും ധൂർത്തായിരുന്നു. അതും സർക്കാർ ഖജനാവിലെ പണം. കുറേ പണം ഇവന്റുകാർക്കു കിട്ടിക്കാണും. കുറെ അതുമായി ബന്ധപ്പെട്ടും ചുട്ടിപറ്റിയും നിന്നവർ അടിച്ചുമാറ്റി കൊണ്ടു പോയിരിക്കും. നക്കാ പിച്ചാ അതിൽ പങ്കെടുത്ത സാഹിത്യകാർക്കും കൊടുത്തുകാണും. കവികളെയൊക്കെ ഗ്രേഡ് തിരിച്ചായിരുന്നല്ലോ പ്രതിഫലം  നൽകിയിരുന്നത്. എ. ഗ്രേഡു കവികൾ ബി ഗ്രേഡു കവികൾ എന്നൊക്കെയുള്ള ചില പുതിയ ഭാഷാ പ്രയോഗങ്ങൾ നമ്മുടെ ഭാഷയ്ക്ക് “മുതൽക്കൂട്ടാ”യി. എത്ര അപമാനമാണിത്. കവികളുടെ ഗ്രേഡ് കണക്കാക്കുന്നതിന്റെ മാനദണ്ഡം എന്താണോ ആവോ! കഷ്ടം എന്നല്ലാതെ എന്തു പറയാൻ. മറ്റ് വല്ല സാഹിത്യകാരൻ‌മാരെയും ഗ്രേഡ് തിരിച്ചിരുന്നോ ആവോ! സാഹിത്യകാരൻ‌മാരെ ഗ്രേഡ് തിരിക്കുന്നത് ഒരിക്കലും  ശരിയല്ല.    നമ്മൾ ആദ്യമായി കേൾക്കുന്ന പല കവികളും സാഹിത്യകാരനൻ‌മാരുമൊക്കെ  അതിൽ ഉണ്ടായിരുന്നു. അതേതായാലും നന്നായി. അങ്ങനെയും ചില കവികളും സാഹിത്യകാരൻ‌മാരും അംഗീരിക്കപ്പെട്ടല്ലോ.  കേരളത്തിലെ സാംസ്കാരത്തിലായിപ്പോയി നായകർ നല്ലൊരു പങ്കിന്റെയും പ്രതിഷേധത്തിനു പാത്രീഭവിച്ച ഒരു സംസ്കാരമായിപ്പോയി വിശ്വമലയാള മഹോത്സവത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സംഘാടനം. ഇനി അതൊക്കെ പോട്ടെ. നടന്നത് നടന്നു? ഇത്തരം സമ്മേളനങ്ങൾ കോണ്ട് മലയാളത്തിനെന്ത് പ്രയോജനം? ഇനിയുള്ള ഖണ്ഡികയിൽ അതെപറ്റി പറയുന്നുണ്ട്.

മലയാളം വേണ്ടാത്തവർ കേരളം വിടുക

ഒരു വിശ്വമലയാള മഹാസമ്മേളനം നടത്തിയതുകൊണ്ടോ   ഒരു മലയാള സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ മലയാളഭാഷ രക്ഷപ്പെടില്ല. അതിന് ആദ്യം മലയാളികൾ മലയാളഭാഷ ഇഷ്ടപ്പെടണം. അതുപോലെ മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇച്ഛാശക്തിയും ഭാഷയോട് താല്പര്യവും വേണം.  ഇവിടെ കുറേ നാളായി ഭരണഭാഷ മലയാളമാക്കും സ്കൂളുകളിൽ  മലയാളം ഒന്നാം ഭാഷയാക്കും എന്നൊക്കെ പറയുന്നു. പക്ഷെ ഭരണഭാഷ ഇന്നും അതു കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കു പോലും മനസിലാകാത്ത ഇംഗ്ലീഷിൽ തന്നെ. ഒരു സാധാരണക്കാരൻ എന്തിനെങ്കിലുമുള്ള ഒരു അപേക്ഷയോ പരാതിയോമറ്റോ മലയാളത്തിൽ കൊടുത്താൽ അത് നിരസിക്കുകയോ അതുകണ്ട് നെറ്റി ചുളിക്കുകയോ ചെയ്യുന്നവരാണ് പല ഉദ്യോഗസ്ഥരും. എന്തുകൊണ്ട് നമ്മുടെ സർക്കാർ ഫയലുകളിൽ മലയാളത്തിൽ എഴുതിതിക്കൂട? എന്തുകൊണ്ട് നമ്മുടെ  സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ അപേക്ഷാ ഫോമുകളെല്ലാം മലയാളത്തിലാക്കിക്കൂട? അല്പം വിദ്യാഭ്യാസം സിദ്ധിച്ചവർക്കുപോലും മനസിലാകാത്ത വിധമുള്ള ഇംഗ്ലീഷിലല്ലേ പല അപേക്ഷാ ഫോമുകളും  അടിച്ചിറക്കുന്നത്? എന്തികൊണ്ട് പ്ലസ് ടൂ തലം വരെ നമ്മുടെ പഠനമാധ്യമം നിർബന്ധമായും മലയാളമാക്കുന്നില്ല?എന്തിനു  പ്ലസ് ടൂ വരെയാക്കുന്നു? അതിനു മുകളിലോട്ടുള്ള വിവിധ  ഉപരി പഠനങ്ങളുടെയും പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ വരെയും ഒക്കെ പഠനമാധ്യമം എന്തുകൊണ്ട് മാതൃഭാഷയിൽ ആക്കിക്കൂട? മെഡിക്കൽ വിദ്യാഭ്യാസംപോലും പല വിദേശ രാജ്യങ്ങളിലും അവരുടെ മാതൃഭാഷയിൽ തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് കൊണ്ടും കൊടുത്തും അവരുടെയൊക്കെ ഭാഷ നിലനിൽക്കുകയും വകസിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ എന്തുകൊണ്ട്  സ്കൂളുകളെ  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം എന്ന് തരം തിരിച്ച് രണ്ടുതരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതി നിറുത്തലാക്കിക്കൂട?  മലയാളം ഒന്നാം ഭാഷ എന്നത് എതുകൊണ്ട് നിർബന്ധമാക്കിക്കൂട? സ്വകാര്യ- അൺ എയ്ഡഡ് സ്കൂളുകളിലേ കാശുള്ളവർ കുട്ടികളെ അയക്കൂ എങ്കിൽ അവർ അതു ചെയ്യട്ടെ. പക്ഷെ എവിടെയും ഇംഗ്ലീഷ് മീഡിയം വേണ്ട. മലയാളം മീഡിയം മതി. അത് നടപ്പിലാക്കുവാനുള്ള ആർജ്ജവം ഗവർണ്മെന്റിനുണ്ടാകണം. ഇല്ലെങ്കിൽ സാംസ്കരികനായകർ സ്കാരിക നായകർ അതിനായി പൊരുതണം.
 
സ്കൂളുകളിൽ  മലയാളം ഒന്നാം ഭാഷ എന്നത് എന്തുകൊണ്ട്  നിർബന്ധമാക്കിക്കൂട?  എല്ലാ പ്രാദേശിക ഭാഷകളും സംരക്ഷിക്കപ്പെടണം. നമ്മുടെ ഭാഷയും സംരക്ഷിക്കപ്പെടണം. ഒരു ലോക ഭാഷയെന്ന നിലയിൽ ഇംഗ്ലീഷും ദേശീയ ഭാഷ എന്ന നിലയിൽ ഹിന്ദിയും മുന്തിയ പ്രാധാന്യത്തോടെ പഠിക്കേണ്ടതുതന്നെ. പക്ഷെ അത് മലയാളത്തെ  കൈവിട്ടുകൊണ്ടാകരുത്. മാത്രവുമല്ല, ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി സംസാരിക്കാനും തെറ്റില്ലാതെ എഴുതാനുമാണ് വിദ്യാർത്ഥികൾ പഠിക്കേണ്ടത്. നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ ഡിഗ്രി വരെയും അതിനു മുകളിലോട്ടും ഇംഗ്ലീഷ് പഠിച്ചാലും അവരിൽ ബഹുഭൂരിപക്ഷത്തിനും ഇംഗ്ലീഷ് സംസാരിക്കാൻ തീരെ കഴിയില്ല. അക്ഷരത്തെറ്റും ഗ്രാമർതെറ്റും ഇല്ലാതെ എഴുതാനും കഴിയില്ല. ഇംഗ്ലീഷ് ലിറ്ററേച്ചർ ഐച്ഛികമായി എടുത്തു പഠിക്കുന്നവരിൽ പോലും ഭൂരിപക്ഷത്തിന്റെ സ്ഥിതി ഇതാണ്.  ഹിന്ദിയുടെ കാര്യവും മറിച്ചല്ല. പിന്നെ ഈ അന്യഭാഷകൾ പഠിച്ചതുകൊണ്ട് എന്ത് പ്രയോജനം? അവർ ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ പരീക്ഷയിൽ നല്ല മാർക്ക് നേടും. വിജയിക്കും. പക്ഷെ ഉപയോഗിക്കാനറിയില്ല. അതാണ് ആ ഭാഷകൾ പഠിപ്പിക്കുന്ന നാളിതുവരെയുള്ള രീതിയുടെ കുഴപ്പം. മാറിമാറി വന്ന പാഠ്യ പദ്ധതികൾക്കൊന്നും ഇതിനു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് മലയാളവുമില്ല, ഇംഗ്ലീഷുമില്ല, ഹിന്ദിയുമില്ല. എല്ലാത്തിലും അല്പജ്ഞാനികളാകുന്നു. മലയാളം ഒന്നാം ഭാഷയാക്കുക എന്നത് നിയമമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവരവരുടെ ഭാഷയെ സംരക്ഷിക്കാൻ അവരവർക്കു തന്നെയേ കഴിയുകയുള്ളൂ. മലയാളത്തെ രക്ഷിക്കാൻ മറുനാട്ടിൽ നിന്നും ആരും വരില്ല. അതുകൊണ്ട് മലയാളം വേണ്ടാത്തവർ മലയാളികളുടെ മാതൃഭൂമിയായ  കേരളം വിടുക എന്നു പറയാനുള്ള ആർജ്ജവം മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക് ഉണ്ടാകണം. കേരളത്തിലെ സർക്കാരുകൾക്കുമുണ്ടാകണം ഈ ആർജ്ജവം. അതെ മലയാളം വേണ്ടാത്തവർ  കേരളം വിടുക!

6 comments:

പ്രതികരണൻ said...

അവര്‍ കേരളം വിടണോ? ഭാഷയുടെ പേരില്‍ അങ്ങനെ മലയാളി ആവശ്യപ്പെടണമോ? സമീപനങ്ങളിലെ തിരുത്തലുകളല്ലേ നമുക്കാവശ്യം?

ഇ.എ.സജിം തട്ടത്തുമല said...

പ്രതികരണൻ,

മലയാളത്തെ സ്നേഹിക്കാത്ത മലയാളികളോടുള്ള പ്രതിഷേധം ശക്തമായി വെളിപ്പെടുത്തുവാനാണ് അത്രയും കടുത്ത വാക്ക്പ്രയോഗംതന്നെ നടത്തിയിട്ടുള്ളത്.

Anonymous said...

അഗ്രഗേടര്‍ കിട്ടാത്തതിനാല്‍ ഇപ്പോള്‍ ആണ് വായിക്കുന്നത് , നമ്മുടെ പഴയ ലിപി തിരികെ കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത് , ലിപി പരിഷ്കരിക്കുമ്പോള്‍ അത് വായിക്കാന്‍ മാത്രം ആകണം സ്കൂളില്‍ പഴയ ലിപി തന്നെ പഠിപ്പിക്കണം എന്നായിരുന്നു നിബന്ധന പക്ഷെ പുസ്തകം പ്രിന്റ്‌ ചെയ്തത് പുതിയ ലിപി ആയി പഴയ ലിപി ആളുകള്‍ പഠിക്കാതെ ആയി , എം ടി ഒക്കെ പല തവണ ആവശ്യപ്പെട്ടതാണ് ഈകാര്യം പക്ഷെ ആരും താല്‍പ്പര്യം എടുക്കുന്നില്ല , സയന്‍സ് വിഷയങ്ങള്‍ അഞ്ചാം ക്ലാസുമുതല്‍ ഇംഗ്ലീഷിലും നാലുവരെ എല്ലാം മലയാളത്തിലും പഠിക്കുന്നതാണ് അഭികാമ്യം , കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലതായി എന്നതാണ് ഇന്നത്തെ അവസ്ഥ

Jomy said...

കേരള സർക്കാർ അടിയത്തിരമായി കേരളത്തിലെ എല്ലാ സാങ്കേതിക -തൊഴില്‍പര പാഠ്യ -പഠനാനന്തരപരിശീലനത്തിൽ മലയാള ഭാഷ ഉൾപെടുത്തണം .താമസിക്കുന്ന സ്ഥലത്തെ ഭാഷ പഠിക്കാതെ പിന്നെ എങ്ങനെ പുതു തലമുറ സംസ്ഥാനത്തെ ആളുകളുമായി ഇടപഴകും എന്നിട്ട് വിദേശത്തെക്ക് പറന്നു മാതൃ രാജ്യത്തെ വികസനമില്ലയ്മ കുറ്റം പറഞ്ഞു കൊണ്ടിരിക്കും ....എല്ലാ വികസിത രാജ്യങ്ങളിലും അവരുടെ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും പഠിപ്പിക്കുന്നത് മാതൃഭാഷഭാഷകളിലൂടെയാണ്. ലോകം മുഴുവനുമുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠനവും പ്രോത്സാഹിക്കപ്പെടുന്നു. മാതൃഭാഷ യിൽ വിദ്യാഭ്യാസവും ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠനവും ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതി കൊണ്ട് മാത്രമേ ഇന്ത്യ രക്ഷപെടു

Jomy said...

ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും മറ്റും.മാതൃഭാഷയിലൂടെയല്ലാത്ത വിദ്യാഭ്യാസം നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ജീവിതനിലവാരസൂചികയില്‍ പിറകില്‍നില്‍ക്കുന്നത് . രണ്ടു നൂറ്റാണ്ടോളം ഫ്രഞ്ച് ആധിപത്യത്തിന് കീഴിലായിരുന്ന ഇംഗ്ലണ്ടു കോടതികളിലെ ഭരണഭാഷ ഫ്രഞ്ചും ലാറ്റിനുമായിരുന്നു. ഇത് സാധാരണക്കാരുടെ മാതൃഭാഷയായ ഇംഗ്ലീഷാക്കി മാറ്റാന്‍ അവര്‍ക്ക് സമരം ചെയ്യേണ്ടിവന്നു. ഇംഗ്ലീഷ് അല്ലാത്ത ഭാഷ കോടതിയില്‍ സംസാരിക്കുന്നവര്‍ക്ക് അന്‍പത് പവന്‍ പിഴ ചുമത്തുന്ന നിയമം 1731-ല്‍ ജോര്‍ജ് രണ്ടാമന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് അവിടുത്തെ കോടതികളില്‍ മാതൃഭാഷ നടപ്പിലായത്.
http://www.deshabhimani.com/periodicalContent1.php?id=958

Jomy said...

ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും മറ്റും.മാതൃഭാഷയിലൂടെയല്ലാത്ത വിദ്യാഭ്യാസം നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ജീവിതനിലവാരസൂചികയില്‍ പിറകില്‍നില്‍ക്കുന്നത് . രണ്ടു നൂറ്റാണ്ടോളം ഫ്രഞ്ച് ആധിപത്യത്തിന് കീഴിലായിരുന്ന ഇംഗ്ലണ്ടു കോടതികളിലെ ഭരണഭാഷ ഫ്രഞ്ചും ലാറ്റിനുമായിരുന്നു. ഇത് സാധാരണക്കാരുടെ മാതൃഭാഷയായ ഇംഗ്ലീഷാക്കി മാറ്റാന്‍ അവര്‍ക്ക് സമരം ചെയ്യേണ്ടിവന്നു. ഇംഗ്ലീഷ് അല്ലാത്ത ഭാഷ കോടതിയില്‍ സംസാരിക്കുന്നവര്‍ക്ക് അന്‍പത് പവന്‍ പിഴ ചുമത്തുന്ന നിയമം 1731-ല്‍ ജോര്‍ജ് രണ്ടാമന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് അവിടുത്തെ കോടതികളില്‍ മാതൃഭാഷ നടപ്പിലായത്.
http://www.deshabhimani.com/periodicalContent1.php?id=958