Sunday, July 14, 2013

കമ്പിസന്ദേശം നിർത്തലാക്കി

കമ്പിസന്ദേശസേവനം നിർത്തലാക്കി 

അങ്ങനെ കമ്പിയടി നിർത്തി. ഇന്നും കുടേ ഒള്ളാരുന്ന്! 2013 ജൂലായ് 14 ഞായർവരെ. കമ്പിയടി അഥവാ ടെലഗ്രാം സേവനം തപാൽ വകുപ്പ്  അവസാനിപ്പിക്കുന്ന ഇന്നത്തെ ഈദിവസം അവസാനമായി കമ്പിയടിച്ച് ചരിത്രത്തിന്റെ ഭാഗമാകൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ധാരാളം ആളുകൾ വിവിധ തപാലഫീസുകളിൽ എത്തിയത്രേ!  മുമ്പ് നമ്മുടെ തപാൽ വകുപ്പിന്റെ പേരുതന്നെ കമ്പി-തപാൽ വകുപ്പെന്നായിരുന്നു. അങ്ങനെ കമ്പി സന്ദേശം ഇനി  ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

നമ്മുടെ നാട്ടിൽ തട്ടത്തുമല പോസ്റ്റ് ഓഫീസിൽ കമ്പിയടിക്കാൻ  സൌകര്യമുണ്ടായിരുന്നില്ല. അതിന് അടുത്തുള്ള ടൌണായ കിളീമാനൂരിലെ പ്രധാന പോസ്റ്റ് ഓഫീസിൽ പോകണമായിരുന്നു. ആരെങ്കിലും ആർക്കെങ്കിലും ഇങ്ങോട്ട് കമ്പിയടിച്ചാൽ ആ സന്ദേശം കിളിമാനൂർ പോസ്റ്റ് ഓഫീസ് വഴിയാണ് വന്നു കൊണ്ടിരുന്നതും. അടിയന്തിര കമ്പിസന്ദേശവുമായി കിളിമാനൂർ പോസ്റ്റ് ഓഫീസിൽ നിന്നും സൈക്കിളും ചവിട്ടി തട്ടത്തുമലഭാഗത്തുള്ള  വിലാസക്കാരെ തേടിയെത്തുന്ന പോസ്റ്റുമാന്റെ ചിത്രം  ഇന്നും ഓർമ്മയിലുണ്ട്.

ഒരിക്കൽ എന്റെ ജ്യേഷ്ഠൻ ജവാദ് (വലിയുമ്മയുടെ മകൻ)  മഞ്ഞക്കാമല പിടിച്ച് വളരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ  സ്വന്തം ജ്യേഷ്ഠനായ നൌഷാദ്ക്കയ്ക്ക്  സൌദിയിലേയ്ക്ക് കമ്പിയടിയ്ക്കാൻ പോയത് ഇപ്പോൾ ഓർമ്മിക്കുന്നു.  എന്റെ  മറ്റൊരു വലിയുമ്മയുടെ മകനാണ് (ഈയിടെമരണപ്പെട്ട അദ്ദേഹം പട്ടാളക്കാരനായിരുന്നു) അന്ന്  എന്നെയും കൂട്ടി മെഡിക്കൽ കോളേജിനടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയത്. അദ്ദേഹമാണ് കമ്പിസന്ദേശം അയക്കേണ്ട വാചകവും മേൽവിലാസവും ഒക്കെ പറഞ്ഞുകൊടുത്തത്.

ഏറ്റവും കുറച്ചു വാക്കുകളിലാണല്ലോ കമ്പി സന്ദേശം അയക്കുക. വാക്കൊന്നിന് ഇത്ര രൂപയെന്നായിരുന്നു ചാർജ്. അതുകൊണ്ട് എത്രയും ചുരുങ്ങിയ വാചകങ്ങളിലാണ് കമ്പി സന്ദേശങ്ങൾ  അയച്ചിരുന്നത്.  അന്ന് നമ്മൾ അയച്ച ആ സന്ദേശം  ഇതായിരുന്നു: Javad in serious. come sharp. പക്ഷെ ജവാദ്ക്കയുടെ ജ്യേഷ്ഠന് ആ സമയത്ത് സൌദിയിൽ നിന്ന് വരാനൊന്നും കഴിഞ്ഞില്ല. ഭാഗ്യത്തിന് അന്നുപിന്നെ ഏതാനും ദിവസങ്ങൾ  കഴിഞ്ഞപ്പോൾ ജാവദ്ക്ക അദ്ഭുതകരമായി സുഖം പ്രാപിച്ചുവന്നു. അദ്ദേഹം പിന്നീട് വിവാഹിതനായി ഇപ്പോൾ ഒരു കുട്ടിയുടെ അച്ഛനുമായി കഴിയുന്നു.

തിരുവനന്തപുരത്തേയ്ക്കോ ഗൽഫിലേയ്ക്കോ മറ്റോ ടെലഫോൺ ചെയ്യണമെങ്കിലും നമ്മുടെ നാട്ടുകാർക്ക് അന്നൊക്കെ  കിളിമാനൂരിലെ പ്രധാന പോസ്റ്റ് ഓഫീസിൽ എത്തേണ്ടിയിരുന്നു. തട്ടത്തുമല പോസ്റ്റ് ഓഫീസിൽ ഫോൺ ഉണ്ടായിരുന്നെങ്കിലും ലോക്കൽ കാളുകളേ വിളിക്കാൻ പറ്റിയിരുന്നുള്ളൂ.  ട്രങ്ക്കാൾ ബൂക്ക് ചെയ്ത് വിളിക്കാൻ കിളിമാനൂർ പോസ്റ്റ് ഓഫീസിൽ തന്നെ പോകേണ്ടിയിരുന്നു. അവർ ആറ്റിങ്ങൽ വിളിച്ച് ട്രങ്ക് കാൾ ബൂക്ക് ചെയ്യും. നമുക്ക് ലെയിൻ കിട്ടുമ്പോൾ ചിലപ്പോൾ വൈകുന്നേരമാകും.

തിരുവനന്തപുരത്തേയ്ക്കാണ് കാൾ എങ്കിൽപോലും നമ്മൾ ട്രങ്ക് കാൾ ബൂക്ക് ചെയ്ത് കാത്തിരുന്ന് നമുക്ക് മറുതലയ്ക്കലേയ്ക്ക് ഫോൺ  കണക്ട് ചെയ്ത് കിട്ടുന്ന  സമയം കൊണ്ട്  തിരുവനന്തപുരത്ത് പോയി  കാര്യം   പറയേണ്ട ആളോട് നേരിട്ട്   കാര്യം പറഞ്ഞു മടങ്ങി വരാമായിരുന്നുവെന്നർത്ഥം. ഇനിയിപ്പോൾ എന്നാണാവോ ഇതുപോലെ  ആ ലാൻഡ് ഫോൺസേവനം  അവസാനിപ്പിക്കുന്നത്? എന്നാണാവോ മൊബെയിൽ ഫോൺ സേവനം നിർത്തലാക്കുന്നത്? ഇന്റെർനെറ്റിന്റെയും ബ്ലോഗിന്റെയും ഫെയ്സ് ബുക്കിന്റെയുമൊക്കെ ആയുസ്സ് ഇനിയും എത്രകാലമുണ്ടാകും?കാത്തിരുന്ന് കാണുക!

5 comments:

ajith said...

വരുമോരോ വിദ്യ, വന്നപോലെ പോം!!

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ട് ടൌണിലെ റ്റെലഗ്രാം ഓഫീസിൽ നിന്നും സൈക്കിളിൽ പാഞ്ഞെത്തുന്ന പ്യൂണിന്റെ പിന്നാലെ ആ കമ്പിയില്ലാകമ്പിസന്ദേശം അറിയുവാൻ നാട്ടുകാരൊക്കെ മൂപ്പരുടെ പിന്നാലെ വിലാസക്കാരുടെ വീടോളം അനുഗമിക്കുന്ന ആ കാഴ്ച്ചകൾ ഇപ്പോഴും മനസ്സിലുണ്ട്..
പിന്നെ ഇവിടെ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ യൂറോപ്പിലെ രാജ്യങ്ങൾ കമ്പി സന്ദേശങ്ങൾക്ക് വിരാമമിട്ടിരിന്നൂ...!

ഷാജു അത്താണിക്കല്‍ said...

ഹൊ ഒരു യുഗം, ഇന്ന് അത് അറിയുന്നില്ല, നാളെ തപാലിന്റെ അവസ്ഥയും ഇത് തന്നെ

Pradeep Kumar said...

ഒരു യുഗം അവസാനിച്ചു ......

TOMS KONUMADAM said...

നാളെ നമ്മുടെ ഈ തപാൽ തന്നെ നിന്ന് പോകാതിരുന്നാൽ മതി