Sunday, July 21, 2013

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

(തരംഗിണി ഓൺലെയിൻ മാഗസിന്റെ 2013 ജൂലൈ ലക്കത്തിൽ ഞാൻ എഴുതിയ ലേഖനം)

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ

ഈ അടുത്ത സമയത്ത് കേരളത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ഒരു വിവാദ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രായപൂർത്തിയാകാതെ നടന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നതായിരുന്നു ആ സർക്കുലർ. ഇത് വലിയ വിവാദമായി. പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമ സാധുതനൽകുന്നതാണ് ആ സർക്കുലറെന്ന് ആക്ഷേപമുണ്ടായി.  അതു സംബന്ധിച്ച ചർച്ചകളിൽ പലതും  ഒരു പ്രത്യേകസമുദായത്തിലേയ്ക്ക് മാത്രം വിരൽ ചൂണ്ടുന്നതായും കണ്ടു. പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ ആ സർക്കുലർ പിന്നീ‍ട്  പിൻ‌വലിക്കുകയുണ്ടായി. എങ്കിലും ആ വിവാദ ഉത്തരവ്‌  ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് സജീവമായ ചർച്ചകൾക്ക് കാരണമായി. മൊത്തം വായിക്കാൻ സമയമില്ലാത്തവർക്കായി ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം ആദ്യമേതന്നെ പറയാം; പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമല്ല. അത് തടയാൻ  നിലവിലുള്ള നിയമങ്ങൾ കർശനമയി നടപ്പിലാക്കണം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമോ പ്രായോഗിക വൈഷമ്യങ്ങൾ ഉള്ളവയോ ആണെങ്കിൽ കൂടുതൽ ശക്തവും പ്രായോഗികവുമായ പുതിയ നിയമങ്ങൾ കോണ്ടുവരണം. നിയമങ്ങൾ അവ പാലിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതാണെന്ന്  പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമൂഹത്തിന്റെ ജഗ്രതയും വളരെ പ്രധാനമാണ്.

പ്രായപൂർത്തിയാകാത്തവർ  തമ്മിലുള്ള വിവാഹം കേരളത്തിലോ ഏതെങ്കിലും പ്രത്യേക പ്രദേശങ്ങളിലോ  മാത്രം  നടന്നുവരുന്ന ഒന്നല്ല. അത് ഏതെങ്കിലും ഒരു സമുദായത്തിലോ സവിശേഷസമൂഹത്തിലോ മാത്രം നടക്കുന്നതുമല്ല. ചില ഗോത്രവർഗ്ഗ സമുദായങ്ങൾക്കിടയിൽ അത് സർവ്വ സാധാരണമായി കാണപ്പെടുന്നുണ്ട്. ഏതെങ്കിലും  പ്രത്യേക പ്രദേശങ്ങളിലോ  പ്രത്യേക സമുദായങ്ങൾക്കിടയിലോ  സവിശേഷസമൂഹങ്ങൾക്കിടയിലോ  അത് ആപേക്ഷികമായി കുറച്ച് കൂടുതൽ നടക്കുന്നുണ്ടാകാം. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും  എല്ലാ സമുദായങ്ങളിലും പെട്ടവർക്കിടയിൽ സർവ്വവ്യാപകമായിത്തന്നെ അത്തരം വിവാഹങ്ങൾ ഏറിയും കുറഞ്ഞും നടന്നുവരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അല്ലാതെ  അത്തരം വിവാഹങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണത  എന്ന തരത്തിലുള്ള  പ്രചരണം വസ്തുതകൾക്ക് നിരക്കുന്നതല്ല.  എന്നാൽ കേരളത്തിലെന്നല്ല,  ഇന്ത്യയിൽ എവിടെയും  പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുവാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. പ്രായപൂർത്തിയകാ‍ത്ത വിവാഹങ്ങൾ തടയാൻ പര്യാപ്തമായ നിയമങ്ങൾ നിലവിൽ ഇവിടെ ഇല്ലാഞ്ഞിട്ടല്ല; ഉള്ള നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രായോഗികമായി പരാജയപ്പെടുകയാണ് ചെയ്യുന്നത്. അതിനു പല കാരണങ്ങളുമുണ്ട്. 

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ അഭിലഷണീയമായ കാര്യമല്ല. അത്തരം വിവാഹങ്ങൾക്ക് നിയമപ്രാബല്യം നൽകാൻ ശ്രമിക്കുന്നത് ന്യായീകരിക്കാവുന്നതുമല്ല. മുമ്പേ നടന്നുപോയ വിവാഹങ്ങൾക്ക് മാനുഷിക പരിഗണന വച്ച് നിയമസാധുത നൽകാൻ ഉദ്ദേശിച്ച് ഏതെങ്കിലും സർക്കുലറുകൾ പുറപ്പെടുവിക്കുന്നതിലോ  നിയമം ഉണ്ടാക്കുന്നതിലോ അപാകതയില്ല. എന്നൽ ഇക്കാര്യത്തിൽ വളരെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. അത്തരം താൽക്കലികമായ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ഭാവിയിലും പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾക്ക് പ്രേരണയോ നിയമസാധുതയോ ലഭിക്കാൻ ഇടവരുന്ന വിധത്തിൽ ഉള്ളതാകരുത്. കേരളത്തിൽ ഈയിടെ തദ്ദേശസ്വയംഭരണവകുപ്പ് ഇതുവരെ നടന്നുപോയ പ്രയപൂർത്തിയാകാതെയുള്ള വിവാഹങ്ങൾക്ക് നിയമസാധുത നൽകാനെന്ന നിലയിൽ  ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അത് ഭാവിയിലും പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതായി വ്യാഖ്യാനിക്കപ്പെടാമെന്നു കണ്ടാണ് വിവാദമായത്. പിന്നീട് സർക്കാർ ആ വിവാദ സർക്കുലർ പിൻ‌വലിക്കുകയുണ്ടായി.

വിവാഹം കഴിക്കാൻ പെൺകുട്ടികൾക്ക് പതിനെട്ടും ആൺകുട്ടികൾക്ക് ഇരുപത്തിയൊന്നും പ്രായം വേണമെന്ന് അനുശാസിക്കുന്ന നിയമം നിലവിൽത്തന്നെ ഇവിടെയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷനുമേൽ ബലാത്സംഗത്തിനു കേസെടുക്കാൻ പോലും വകുപ്പുണ്ട്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രക്ഷകർത്താക്കൾക്കെതിരെയും കേസെടുക്കാൻ നിയമത്തിനു കഴിയും. മാത്രമല്ല പ്രായപൂർത്തിയാകത്ത പെൺകുട്ടികളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേരിൽപോലും കേസെടുക്കാൻ വകുപ്പുണ്ട്. പക്ഷെ എന്നിട്ടും നമ്മുടെ നാട്ടിൽ പ്രായപൂർത്തിയാകതെയുള്ള വിവാഹങ്ങൾ നടനു വരുന്നു. പ്രായപൂർത്തിയാകതെയുള്ള വിവാഹം നടക്കുന്നതിന് മതപരം ഗോത്രപരം എന്നിവയിലുപരി സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ  കാരണങ്ങൾ ഉണ്ട്. ചില വിശ്വാസങ്ങൾ ആചാരങ്ങൾ എന്നിവ ശൈശവ വിവാഹങ്ങൾക്ക് കാരണമകുന്നുണ്ട്. രാജ്യവ്യാപകമായി എല്ലാ സമുദായങ്ങൾക്കിടയിലും പ്രായപൂർത്തിയാകതെയുള്ളവരുടെ വിവാഹം നടക്കുന്നുണ്ട്. അതിനു കാരണം സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാണ്. കുറച്ചേറെ അന്ധ വിശ്വാസങ്ങളും അത്തരം  വിവാഹങ്ങൾക്ക് കാരണമാകുന്നുണ്ട്.

അപക്വമായ പ്രായത്തിലെ പ്രേമബന്ധങ്ങളുടെയും മറ്റും തുടർച്ചയായി ഒളിച്ചോടി ജീവിക്കുന്നവരുണ്ട്.  ചില പ്രത്യേക സാഹചര്യങ്ങളിൽപെട്ട് നിയമപരമായി വിവാഹം നടക്കുന്നതിനുമുമ്പുതന്നെ രക്ഷകർത്താക്കളുടെ അറിവോടെയും അല്ലാതെയും ഒരുമിച്ചു ജീവിക്കുന്നവരുണ്ട്. എന്നാൽ നമ്മുടെ ഈ സാക്ഷരകേരളത്തിൽത്തന്നെ സാധാരണ ഏതൊരു വിവാഹവും നടക്കുന്നതുപോലെ   പ്രായപൂർത്തിയകാ‍തെയുള്ള കുട്ടികളുടെ  വിവാഹങ്ങൾ ഒരുപാട് നടക്കുന്നുണ്ട്.  ബന്ധുക്കളും  നാട്ടുകാരും പൊതു പ്രവർത്തകരും എന്തിന്, നിയമപാലന രംഗത്ത് സേവനമനുഷ്ഠിക്കുന്നവർ കൂടി  പരസ്യമായുള്ള അത്തരം വിവാഹങ്ങളിൽ പങ്കെടുക്കുകയും സദ്യയുണ്ട് മടങ്ങുകയും ചെയ്യുന്നുണ്ട്. നിയമങ്ങളുടെ ദൌർബല്യംകൊണ്ടും സമൂഹത്തിന്റെ ജാഗ്രതക്കുറവുകൊണ്ടും ആണ് ഇത്തരം തിന്മകൾ സമൂഹത്തിൽ നില നിൽക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് എന്തു വേണം?  നമ്മുടെ പൊതു പ്രവർത്തകരെങ്കിലും നിയമവിധേയമല്ലാത്ത അത്തരം വിവാഹച്ചടങ്ങുകലിൽനിന്നും വിട്ടുനിന്ന് സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകാൻ തയ്യാറാകേണ്ടതല്ലേ? പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം ചെയ്യിക്കുന്ന വിവരം അറിഞ്ഞ് ഏതെങ്കിലും രഷ്ട്രീയ സംഘടനകളോ  സന്നദ്ധസംഘടനകളോ സാമൂഹ്യ സേവകരോ അത് നിയമപാലകരെ അറിയിക്കാറുണ്ടോ? അറിയിച്ചാൽ തന്നെ രക്ഷകർത്താക്കളുടെ അനുഗ്രഹാശിസുകളോടെ നടക്കുന്ന അത്തരം വിവാഹങ്ങൾ നടക്കാതിരിക്കാൻ നിയമ നടപടി സ്വീകരിക്കാൻ നിയമ പാലകർ തയ്യാറാകുമോ? നിയമമുണ്ട്, പക്ഷെ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നു സാരം.

പ്രായപൂർത്തിയാകാത്ത വിവാഹങ്ങളിൽ പെൺകുട്ടികൾക്കാണ് സാധാരണയയി പ്രായംതികയാതെ വരുന്നത്. വിവാഹം കഴിക്കുന്ന ചെറുക്കൻ മിക്കവാറും ഇരുപത്തൊന്നു കഴിഞ്ഞ ആൾ തന്നെ ആയിരിക്കും. വേണമെങ്കിൽ ഒരു രഹസ്യപരാതി ലഭിച്ചാൽപോലും അതിൻപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച പുരുഷനെതിരെ ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച കേസെടുക്കാം. പക്ഷെ ചെയ്യുന്നുണ്ടോ? ഇവിടെ പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്നം. എല്ലാവരും അനീതികൾക്കെതിരെ വാതോരാതെ സംസാരിക്കും. പക്ഷെ സ്വന്തം നിലയിൽ പ്രായോഗികമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുകയുമില്ല. അനീതികൾക്കെതിരെ ശബ്ദിക്കുന്നവർതന്നെ അവർ ഏത് അനീതികൾക്കെതിരെ സംസാരിക്കുന്നുവോ അതേ അനീതികൾ  അവർതന്നെ നടത്തുന്നതും നമുക്ക് കാണാം.ഏത് അനീതികൾ തടയുന്നതിനും സമൂഹത്തിന്റെ ജാഗ്രത  ആവശ്യമാണ്. ഇവിടെ ചർച്ചചെയ്യുന്ന കാര്യത്തിനും അതെ!

പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താൻ സമൂഹത്തിനു പലതും ചെയ്യാൻ കഴിയും. കഴിയണം.  ബോധ വൽക്കരണം ഇതിൽ ഒരു ഘടകം തന്നെ. എന്നാൽ അതിലുപരി പ്രായോഗികമായും ഫലപ്രദമായും   ചെയ്യാവുന്ന മറ്റ് പലതുണ്ട്. നിയമ പാലകർക്ക് നിലവിലുള്ള നിയമങ്ങൾ വച്ചുതന്നെ ഇത് തടയാൻ  കഴിയും എന്നതും ഇവിടെ ഊന്നിപ്പറയുന്നു. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ നടക്കാൻ പോകുന്നത് ശ്രദ്ധയിൽ പെട്ടാൽ സാമൂഹ്യ ബോധമുള്ളവർ ഇടപെടണം. അത് നിയമവൃത്തങ്ങളെ യഥാസമയം അറിയിച്ച് നിയമനടപടികൾക്ക്  അവസരമൊരുക്കണം.വ്യക്തികൾക്കും സംഘടനകൾക്കും ചെയ്യാം. ഇനി അങ്ങനെയുള്ള  പൊല്ലാപ്പുകൾക്കൊന്നും  പോകാൻ താല്പര്യമില്ലാത്തവർക്ക് അത്തരം വിവാഹങ്ങളിൽ നിന്നും പ്രതിഷേധ സൂചകമായി വിട്ടുൽക്കുകയെങ്കിലും ചെയ്യാം. പ്രത്യേകിച്ചും നമ്മുടെ പൊതു പ്രവർത്തകരും ജനപ്രതിനിധികളും. അവർക്ക്  അത്തരം വിവാഹച്ചടങ്ങുകളിൽനിന്ന്  നിർബന്ധമായും വിട്ടു നിൽക്കുകയെങ്കിലും വേണം. സർക്കാർ ഉദ്യോഗമുള്ളവർ പ്രായപൂർത്തിയാകാത്തവരുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നത് കർശനമയി തടയുന്ന നിയമം വരണം.

നിയമപാലകരും  സമൂഹത്തിന്റെ ഭഗമാണെന്നും മറക്കേണ്ട. പ്രായ പൂർത്തിയാകാത്ത വിവാഹം സംബന്ധിച്ച് പരാതി കിട്ടിയാൽ നിയമപാലകർ  ഉടൻ നടപടി എടുക്കണം. അത്തരം  വിവാഹത്തിൽ ഏർപ്പെടുന്നവർക്കും അതിനു ഒത്താശ ചെയ്യുന്നവർക്കും എതിരെ കേസെടുക്കണം.  അത്തരം വിവാഹങ്ങളിൽ  പങ്കെടുത്ത് വിജയിപ്പിക്കുവാൻ വരുന്ന ക്ഷണിതാക്കൾകെതിരെയും “കൂട്ടക്കേസ്“ എടുക്കണം. അത്തരത്തിൽ  ഒരു  സംഭവം   റിപ്പോർട്ട് ചെയ്താൽമതി അത്തരം വിവാഹങ്ങൾ ഏറെയും  നിലയ്ക്കും. ഒരു കല്യാണത്തിനു പങ്കെടുത്ത്  കേസിൽ പ്രതിയാകൻ ആരും തയ്യാറാകില്ല. നിയമം ഉണ്ടായിരുന്നാൽ മാത്രം  പോരാ. അത് നടപ്പിലാക്കാമുള്ള ആർജ്ജവവും കൂടി വേണം. അതിനാകട്ടെ സമൂഹത്തിന്റെ ശക്തമായ പിന്തുണയും വേണം. പ്രായ പൂർത്തിയാകാതെയുള്ള വിവാഹങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ പുതിയ നിയമങ്ങൾ ഉണ്ടാകുകയും വേണം. സത്യത്തിൽ പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സിൽപോലും  വിവാഹം കഴിക്കാൻ വേണ്ട പക്വത എത്തുന്നുല്ല. ആണിനും ഇരുപത്തൊന്നിലൊന്നും പക്വത വരണമെന്നില്ല്ല. എന്നിരുന്നാലും   ഏത് മതത്തിൽ‌പ്പെട്ടവരായാലും ആണിനും പെണ്ണിനും ഒരേ മിനിമം പ്രായം- മിനിമം ഇരുപത് വയസ്സ്- വിവാഹപ്രായമായി നിശ്ചയിക്കണം. പ്രായത്തിന് ഇളയതിനെ കിട്ടാൻ ആൺ പിള്ളേർ ഇരുപത് കഴിഞ്ഞ് അല്പം കൂടി കാത്തിരിക്കട്ടെ! ആണിനൊരു നിയമം പെണ്ണിനൊരു നിയമം എന്നതിൽ സമത്വമില്ല.

5 comments:

ajith said...

വായിയ്ക്കട്ടെ

ajith said...
This comment has been removed by the author.
Unknown said...

സർ, എഴുത്ത് നന്നായിട്ടുണ്ട്. ആശംസകൾ!

lishana said...

ettum pottum thiriyatha kuttikale kalyanam kazhippikkan manassu varunna mathapithakkal!!
kuttikalkku swathanthryam nalkaam enn chinthikkunna mathapithakkale ennekkum lajjippikkunna kuttikalum!!

Randumnd.

ഇ.എ.സജിം തട്ടത്തുമല said...

കമന്റുകൾക്കു നന്ദി!