തട്ടത്തുമല, 2013 ഒക്ടോബർ 3: തട്ടത്തുമലയിലെ പ്രശസ്ത കർഷകത്തൊഴിലാളിയും “മീൻവെട്ടുവിദഗ്ദ്ധനും” നാട്ടുകാർക്ക് ഏറെ സുപരിചിതനും പ്രിയങ്കരനുമായിരുന്ന വെളുത്തിരൻ 2013 ഒക്ടോബർ 3-നു രാവിലെ മരണപ്പെട്ടു. ജീവിതത്തിലുടനീളം നാട്ടുകാരുടെ ഉൾനിറഞ്ഞ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി ജീവിച്ച പരേതന്റെ പ്രായം അത്രമേൽ ആർക്കും നിശ്ചയമില്ല. നൂറുവയസ്സിനു മുകളിൽ പ്രായമുണ്ടാകുമെന്ന കാര്യത്തിൽ അധികമാരും തർക്കിച്ചു കാണുന്നില്ല. അപൂർവ്വം മാത്രം ഉടുപ്പിട്ടു കാണുന്ന വെളുത്തിരൻ എന്ന ഈ ദളിദ് വൃദ്ധൻ മുട്ടിനുമേൽ ഇത്തിരിതുണ്ടം തുണിയുമുടുത്ത് ഇളിയിൽ ഒരു വെട്ടുകത്തിയുമായി ഒരു ചെറുവടിയും കുത്തി നടന്നു നീങ്ങുന്നത് ഏവർക്കും കൌതുകമുള്ള കാഴ്ചയായിരുന്നു. ഒരു വട്ടക്കണ്ണടയും അല്പം കൂടി പൊക്കവും ഉണ്ടായിരുന്നെങ്കിൽ സാക്ഷാൽ ഗാന്ധിജിയെപ്പോലെ തന്നെയിരുന്നേനെ! സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരുടെയും കുശലാന്വേഷണങ്ങൾക്ക് കാതുകൊടുത്ത് മുച്ചുണ്ടു നീട്ടി നിഷ്കളങ്കമയി ചിരിച്ചുനിന്ന് മറുപടിയേകാൻ ഇനി വെളുത്തിരനില്ല. നാട്ടുകാരുടെ പ്രിയപ്പെട്ട വെളുത്തിരൻ ഇനി ഓർമ്മകളിൽ മാത്രം. പേരു വെളുത്തിരൻ എന്നാണെങ്കിലും ആളു “കറുത്തിരനായിരുന്നു“. കുള്ളനല്ലെങ്കിലും അധികം ഉയരമില്ലാത്ത ഈ മനുഷ്യന്റെ മൊത്തത്തിലുള്ള ശരീരഘടന ഓർമ്മയിൽ എപ്പോഴും തങ്ങിനിൽക്കും വിധമായിരുന്നു.
ജന്മനാ മുച്ചുണ്ട് എന്ന ദൌർഭാഗ്യം ബാധിച്ചിരുന്നതിനാൽ അദ്ദേഹം സംസാരിക്കുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമായിരുന്നു. മുച്ചുണ്ട് എന്നാൽ ചുണ്ടിന്റെ ഒരുവശം കീറി വായ് പൂർണ്ണമായുമടച്ചുവയ്ക്കനാകാത്ത അവസ്ഥ; സംസാരിക്കാനും അല്പം പ്രയാസമുണ്ടാകും. ശബ്ദം മൂക്കിൽ നിന്നും വരുമ്പൊലെ തോന്നും. അതുകൊണ്ടാകാം ആവശ്യത്തിലധികം സംസാരിക്കുന്ന പ്രകൃതം വെളുത്തിരനുണ്ടായിരുന്നില്ല. വെളുത്തിരൻ മുന്നിൽ വന്നു നിന്നാൽ അദ്ദേഹത്തിന്റെ ഇംഗിതമെന്തെന്ന് പറയാതെതന്നെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാമായിരുന്നു. പൈസയാണു വേണ്ടതെങ്കിൽ വീട്ടിന്റെ മുൻവശത്തു വന്നു നിൽക്കും. അല്ല വിശന്നിട്ടാണു വരവെങ്കിൽ നേരെ വീടിന്റെ അടുക്കള ഭാഗത്ത് ചെന്ന് ഒരു ചെറുസദ്യയുണ്ണാനുള്ള തയ്യാറെടുപ്പോടെ ചമ്രം പടഞ്ഞിരിക്കും. തമ്പ്രാക്കൾ കോരനു കഞ്ഞി കുമ്പിളിൽ നൽകിയിരുന്ന പണ്ടത്തെ ദളിതരുടെ ആ ദുരിതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ തറയിലെവിടെയെങ്കിലുംതന്നെ വെളുത്തിരന്റെ ആ ഇരിപ്പ്! വെളുത്തിരനു ഒരു ചെറുതുകയോ ഒരു നേരത്തെ ആഹാരമോ മിക്ക വീടുകളിലും ഒരു അവകാശം പോലെ ആയിരുന്നു. ആവുന്ന കാലത്ത് അവരുടെയൊക്കെ നിലങ്ങളിലും കരപ്പുരയിടങ്ങളിലും എല്ലാം എല്ലുമുറിയെ പണിചെയ്തിട്ടുള്ളതാണ് വെളുത്തിരൻ. അതുകൊണ്ടുതന്നെ അത് അദ്ദേഹത്തിന്റെ അവകാശവും സ്വാതന്ത്ര്യവുമായിരുന്നു. തട്ടത്തുമല കവലയിൽ വച്ച് വെളുത്തിരനെ കാണുന്ന പരിചയക്കാർ പലരും ഇടയ്ക്കിടെ ചോദിക്കാതെതന്നെ ചെറുതുകകൾ സംഭാവനകൾ നൽകിയിരുന്നു.
ആരോഗ്യമുള്ളകാലമത്രയും വയലായ വയലുകളും കരയായ കരകളും ഉഴുതുമറിച്ച് മണ്ണൊരുക്കി മണ്ണിൽ പൊന്നു വിളയിച്ച ഈ കർഷകത്തൊഴിലാളിയെ അത്രവേഗം ആർക്കും മറക്കാനാകില്ല. കാളപൂട്ടിയും മൺവെട്ടികൊണ്ടും ഉഴുതുമറിച്ച് പച്ചപ്പു വിരിച്ച് സ്വർണ്ണവ്വർണ്ണത്തിൽ നെൽമണികൾ വിളയിച്ചിരുന്ന കൃഷിനിലങ്ങളിൽപോലും കോൺക്രീറ്റ്കൃഷികൾ ആകാശത്തോളം വളർന്നു പരിലസിച്ചു നിൽക്കുമ്പോഴും ഒരു തുണ്ടു ഭൂമി സ്വന്തമായില്ലാതെ, തല ചായ്ക്കാൻ സ്വന്തമായി ഒരു കുടിൽക്കൂരയെങ്കിലുമില്ലാതെ മണ്മറഞ്ഞുപോയ എത്രയോ “കറുത്തിരന്മാർക്ക്“ പിന്നാലെ പേരുകൊണ്ടു വെളുത്തിരനായ ഒരു കറുത്തിരൻ കൂടി ഓർമ്മയായി. വയലുകളിലാണ് വെളുത്തിരൻ കൂടുതലും പണിയെടുത്തിരുന്നത്. നിലമൊരുക്കലിന്റെയും നെൽകൃഷിയുടെയും കാര്യത്തിൽ പരിണിതപ്രജ്ഞനായിരുന്നു വെളുത്തിരൻ. പ്രത്യേകിച്ച് മറ്റ് പണികളൊന്നുമില്ലാത്ത സമയങ്ങളിലും മിക്കവാറും ഏതെങ്കിലും വയൽ വരമ്പിലോ തോട്ടുവരമ്പിലോ കുത്തിയിരുന്ന് വെളുത്തിരൻ ചൂണ്ടയിടുന്നതു കാണാം. ചിലപ്പോൾ വെട്ടുകത്തിയുമായി മീൻ വെട്ടാൻ വാക്കുനോക്കി വയലിലും തോട്ടിലുമൊക്കെ ഇറങ്ങി നടക്കുന്നുണ്ടാകും. എപ്പോഴുമിങ്ങനെ വയൽനിലങ്ങളെ ചുറ്റിപ്പറ്റി കഴിഞ്ഞുകൂടുന്നതുകൊണ്ട് വെളുത്തിരം പോയാൽ അങ്ങേ കണ്ടം അല്ലെങ്കിൽ ഇങ്ങേകണ്ടം എന്നൊരു ചൊല്ലുതന്നെ നാട്ടിലുണ്ടായി.
വർദ്ധക്യത്തിന്റെ അനാരോഗ്യം മൂലം മണ്ണിൽ അദ്ധ്വാനിക്കുവാനുള്ള ശേഷി തീരെ ഇല്ലാതായശേഷവും തന്റെ ഇഷ്ടവിനോദവും “അഡീഷണൽ” തൊഴിലുമായിരുന്ന തോട്ടു മീൻ പിടിക്കൽ വെളുത്തിരൻ അടുത്തകാലം വരെയും തുടർന്നിരുന്നു. നടക്കാൻ തീരെ പ്രയാസമനുഭവപ്പെട്ടു തുടങ്ങിയിട്ടേ തന്റെ ഇഷ്ട വിനോദം കൂടിയായ തോട്ടുമീൻപിടിത്തം അദ്ദേഹം നിർത്തിയുള്ളൂ. തോട്ടു മീനുകളെ വെട്ടിപ്പിടിക്കുന്നതിലും ചൂണ്ടയിട്ട് പിടിക്കുന്നതിലും അതീവ സാമർദ്ധ്യമായിരുന്നു അദ്ദേഹത്തിന്. കൊണ്ടു വച്ചിരുന്നത് എടുക്കുന്നതുപോലെയാണ് തോടുകളിൽ ആ ഈ മനുഷ്യൻ മീൻപിടിക്കുന്നത്! തരപ്പെട്ടാൽ മീൻവെട്ടാനാണ് സദാ ഒരു വെട്ടുകത്തി ഇളിയിൽ തൂക്കി നടക്കുന്നത്. എപ്പോഴും ശാന്തനും സമാധാന പ്രിയനുമായിരുന്ന വെളുത്തിരനു പക്ഷെ മിൻവെട്ടുന്ന സമയത്ത് വല്ലാത്തൊരാവേശവും വെപ്രാളവുമൊക്കെയാണ്. നിമിഷങ്ങൾക്കുള്ളിൽ കനത്തു നീണ്ട എത്രയോ നെടുമീനുകൾ തന്റെ വെട്ടുകത്തിക്കിരയായും ചൂണ്ടനൂലിൽ കുരുങ്ങിയും വെളുത്തിരന്റെകൈകളിലായിരിക്കുന്നു! വെട്ടുകത്തിയോ ചൂണ്ടയോ ഒന്നുമില്ലാതെ ഫ്രീഹാൻഡിൽത്തന്നെ മീൻപിടിക്കുന്നതിലും വിരുത് കാട്ടിയിരുന്ന വെളുത്തിരൻ. മണിക്കൂറുകളോളം ചൂണ്ടയുമിട്ട് പലരും നിരാശരായിരിക്കുമ്പോഴാകും വെളുത്തിരന്റെ പെർഫോമൻസ്. ഇത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. മഴക്കലാമായാൽ അദ്ദേഹം കിലോമീറ്ററുകൾ താണ്ടി വിവിധ സ്ഥലങ്ങളിൽ പോയി തോട്ടുമീൻ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തിയിരുന്നു. മഴക്കാലമായിരുന്നു അദ്ദേഹത്തിന്റെ ആഘോഷകാലം എന്നുതന്നെ പറയാം.
പക്ഷെ താൻ പിടിക്കുന്ന വിലപിടിപ്പുള്ള നെടുമീനുകളെ വിലപേശി വിൽക്കാൻ മാത്രം ഈ പാവം നിരക്ഷരന് അറിയില്ലായിരുന്നു. ഒന്നോ രണ്ടോ ചെറിയ നോട്ടുകൾ നൽകിയാൽ വെളുത്തിരൻ പിടിച്ച മീനുകളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത് പലരും ചൂഷണം ചെയ്തിരുന്നു. തട്ടത്തുമലക്കാരല്ല, തട്ടത്തുമലയ്ക്ക് പുറത്തുള്ള ആളുകളാണ് അങ്ങനെ ആ പാവത്തിനെ പറ്റിച്ചിരുന്നത്. സ്വന്തം നാട്ടുകാർക്ക് വെളുത്തിരനെ അങ്ങനെ പറ്റിയ്ക്കാൻ ഒരിക്കലും മനസ്സനുവദിക്കില്ല. തട്ടത്തുമല പ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ വച്ച് വെളുത്തിരനെ പറ്റിച്ചും വിരട്ടിയും മീൻ കൈക്കലാക്കാൻ ശ്രമിക്കുന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെടുന്ന തട്ടത്തുമലക്കാർ ഇടപെട്ട് പറ്റിപ്പുകാരിൽ നിന്ന് വെളുത്തിരനെ രക്ഷപ്പെടുത്തിയ സന്ദർഭങ്ങൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. വെളുത്തിരന്റെ അദ്ധ്വാനഫലത്തെ പറ്റിച്ചുവാങ്ങുന്നത് കണ്ടു നിന്നാൽ തട്ടത്തുമലക്കാരുടെ ധാർമ്മികരോഷം ഉണരാതിരിക്കില്ലല്ലോ! തട്ടത്തുമലയിൽ ത്തന്നെ എം.സി റോഡിനരികിൽ വെളുത്തിരൻ പിടിച്ച മീനുകളെ പ്രദർശനം-കം- വില്പനയ്ക്കു വയ്ക്കുമ്പോൾ മീൻ കാണാനും വാങ്ങാനുമായി അതുവഴി പോകുന്ന വാഹനങ്ങൾ നിർത്തി യാത്രക്കാരിറങ്ങിയിരുന്നു. അപ്പോൾ വെളുത്തിരൻ പറ്റിയ്ക്കപ്പെടാതിരിക്കാൻ മീനിന്റെ വില നിശ്ചയിക്കുന്നത് നാട്ടുകാരായിരുന്നു.
അനാരോഗ്യം മൂലം കാർഷികജോലികളും തോട്ടുമീൻ പിടിത്തവും ഉൾപ്പെടെ എല്ലാജോലികളിൽ നിന്നു വിരമിച്ചശേഷം നാട്ടിലെ ഓരോ വീടുകളിലും കയറിയിറങ്ങിയും തട്ടത്തുമലക്കവലയിൽനിൽക്കുമ്പോൾ ആളുകൾ അറിഞ്ഞു നൽകുന്ന ചെറുസംഭാവനകൾ കൊണ്ടും അന്നന്നത്തെ വിശപ്പിന്റെ പ്രശ്നം ഭക്ഷണപ്രിയനായ വെളുത്തിരൻ പരിഹരിച്ചു പോന്നു. വെളുത്തിരൻ വളരെ സമാധാനത്തിലിരുന്ന് രുചിയോടെ ഭക്ഷണം കഴിക്കുന്നതു കണ്ടു നിൽക്കുന്നവർ ഭക്ഷണത്തോട് ആദരവുള്ളവരായി മാറും. വാർദ്ധക്യത്തിന്റെ അത്യുച്ചാവസ്ഥയിലും വഴിയായ വഴികളിലും വീടായ വീടുകളിലും നിരന്തര സാന്നിധ്യമായിരുന്നു വെളുത്തിരൻ. പ്രായത്തിന്റെ അവശതകൾ കുറച്ചേറെ അലട്ടിത്തുടങ്ങിയിട്ടും ഏതാനും നാളുകൾക്കു മുമ്പുവരെയും അദ്ദേഹം ഇറങ്ങി നടന്നിരുന്നു. ഏതാണ്ട് മൂന്നു മാസത്തിനിപ്പുറമാണ് ദീർഘായുഷ്മാനായ വെളുത്തിരൻ തീരെ കിടപ്പിലായത്. വെളുത്തിരന്റെ ഭാര്യ വർഷങ്ങൾക്കുമുമ്പേ മരിച്ചു. പകൽ മുഴുവൻ ഊരു ചുറ്റിയശേഷം മക്കളുടെയും ചെറുമക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ മാറിമാറിയായിരുന്നു വെളുത്തിരന്റെ അന്തിയുറക്കം.
എത്രയോ വർഷങ്ങളായി എന്റെ വീട്ടിലും അത്ര ദൈർഘ്യമില്ലാത്ത ഇടവേളകൾവച്ച് സന്ദർശനം നടത്തിയിരുന്ന ആളാണ് വെളുത്തിരൻ. വെളുത്തിരന്റെ സന്ദർശനങ്ങളും അദ്ദേഹത്തിനു ചെറുകൈമടക്കും ഭക്ഷണം നൽകലുമെല്ലം നാട്ടിൽ മറ്റ് പലരെയുമെന്നപോലെ എനിക്കും എന്റെ കുടുംബത്തിനും ഏറെ സന്തോഷമുള്ള കാര്യങ്ങളായിരുന്നു. വെളുത്തിരനെ സ്നേഹിക്കാനും വെളുത്തിരനാൽ സ്നേഹിക്കപ്പെടാനും കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ മരണം അകാലത്തിലല്ല, വാർദ്ധക്യത്തിലാണെങ്കിലും ദു:ഖമാണ്. എന്റെ ഓർമ്മകളിൽ നിന്ന് അദ്ദേഹം അത്രവേഗം മറഞ്ഞു പോവുകയുമില്ല. മനുഷ്യായുസിന്റെ പരിമിതികൾ അറിയാവുന്നതിനാൽ വെളുത്തിരനും മരിച്ചുവെന്നയാഥാർത്ഥ്യം അത്യന്തം ദു:ഖപൂർവ്വം ഉൾക്കൊണ്ടുകൊണ്ടുതന്നെ ദീർഘകാലം മണ്ണിനോട് മല്ലടിച്ച് മണ്ണിൽ ധാന്യം വിളയിച്ച കർഷകത്തൊഴിലാളിയും നിഷ്കളങ്കനും നിരുപദ്രവകാരിയുനായിരുന്ന ആ നല്ലമനുഷ്യന് എന്റെ ആദരാഞ്‌ജലികൾ!