ഈ പോസ്റ്റ് വായിക്കുന്നതിനു മുമ്പോ ശേഷമോ ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:
മലയാളത്തിന്റെ കാര്യം എന്തൊക്കെയായി?
മലയാളഭാഷാസ്നേഹികളെ ഏറെ സന്തോഷിപ്പിച്ച രണ്ടുകാര്യങ്ങൾ അടുത്തകാലത്ത് സംഭവിച്ചു. ഒന്ന് മലയാളസർവ്വകലാശാലയുടെ രൂപീകരണം. മറ്റൊന്ന് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത്. മലയാള സർവകലാശാല പ്രവർത്തനമാരംഭിക്കുന്നതോടെ ഭാഷയ്ക്ക് ഏറെ ഗുണങ്ങൾ സ്വാഭാവികമായും പ്രതീക്ഷിക്കാവുന്നതുതന്നെ. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചാലുള്ള നേട്ടങ്ങളെപ്പറ്റിയും ഏറെ വായിച്ചറിഞ്ഞിരുന്നു. ഇവ രണ്ടിന്റെയും ഫലങ്ങൾ വല്ലതും കണ്ടുതുടങ്ങിയോ? അതേപറ്റി പൊതുജനങ്ങൾക്ക് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് ലഭിച്ചുകാണുന്നില്ല. അറിയാനുള്ള ആഗ്രഹം പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് ഭാഷാസ്നേഹികൾക്ക് ഉണ്ടാകും. കാര്യങ്ങൾ യഥാസമയം അറിയാൻ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്നത് വാർത്താമാധ്യമങ്ങളെയാണ്. മലയാളസർവ്വകലാശാല രൂപീകരിച്ച് അതിന് കൊള്ളാവുന്ന ഒരു വൈസ് ചാൻസലറെയും നിയമിച്ചു. ആവശ്യത്തിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടാകും എന്നു കരുതാം. എന്നിട്ടിപ്പോൾ എന്തൊക്കെയായി? മലയാളത്തിന്റെ വളർച്ചയ്ക്കും വികാസനത്തിനും ഉതകുന്ന വല്ല പരിപാടിയും ആലോചിച്ചോ? തീരുമനിച്ചോ? നടപ്പിലാക്കിയോ? എന്തെല്ല്ലാം കോഴ്സുകൾ ഇതിനകം അരംഭിച്ചു? എന്തൊക്കെ ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു? എന്തുണ്ട് മലയാള സർവ്വകലാശാലാവിശേഷങ്ങൾ? ബാലാരിഷ്ടതകൾ ഉണ്ടാകും. എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങാനുള്ള സമയം ഇതിനകം ആയിക്കഴിഞ്ഞല്ലോ. അപ്പോൾ ജനങ്ങൾക്ക് അതേപ്പറ്റി തിരക്കിത്തുടങ്ങാമല്ലോ. അതുപോലെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചാൽ ഉണ്ടാകുന്ന വല്ല നേട്ടവും കൈവന്നു തുടങ്ങിയോ? വാർത്തകളില്ലൊന്നും ഇപ്പോൾ മലയാളസർവ്വകലശാലയോ ശ്രേഷ്ഠഭാഷാ പദവിയോ സംബന്ധിച്ച കാര്യങ്ങൾ ഒന്നുംതന്നെ കാണുന്നില്ല. അതേപറ്റിയെല്ലാം അറിയാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് ഭാഷാസ്നേഹികളുടെ കൌതുകം അദ്യംതന്നെ പങ്കുവയ്ക്കുകയാണ് ഈ കുറിപ്പിൽ.
ഒരു മലയാള സർവ്വകലാശാല രൂപീകരിച്ചതുകൊണ്ടോ മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതുകൊണ്ടോ മാത്രം നമ്മുടെ ഈ ഭാഷ രക്ഷപ്പെട്ടുകൊള്ളും എന്നൊരു മിഥ്യാധാരണ ആർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഭാഷയെ സംരക്ഷിക്കുവാൻ സ്വീകരിക്കാവുന്ന നിരവധി നടപടികളിൽ സർകലാശാലാരൂപീകരണവും ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കലുമൊക്കെ ഉൾപ്പെടുമെന്നുമാത്രം. ആ വഴിയും ഏറെ നേട്ടങ്ങൾ ഉണ്ടാക്കാം. ഭരണതലത്തിലും സാമൂഹ്യതലത്തിലും മറ്റും പല ഇടപെടലുകളും ഉണ്ടെങ്കിൽ മാത്രമേ ഒരു ഭാഷയ്ക്ക് നിലനിൽക്കാനാകൂ. വളരാനും വികസിക്കാനും ആകൂ. ഒക്കെയുണ്ടെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കുവാനും തല്പരരായ ഒരു ജനസമൂഹവുമുണ്ടാകണം. ഒരു ഭാഷ ഒരു ജനസമൂഹത്തിന് ആവശ്യമയിരിക്കുകയും വേണം. ഇവിടെ മലയാളഭാഷ ആവശ്യമില്ലെന്നും ഇംഗ്ലീഷ് മതിയെന്നുമുള്ള മനോഭാവക്കാരുടെ എണ്ണം കൂടിവരുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പല കാര്യങ്ങളിലും ജനങ്ങൾക്കുമേൽ നിയമസംവിധാനങ്ങളും ഭരണകൂടവും പല നിബന്ധനകളും ഏർപ്പെടുത്തപ്പെടുന്നുണ്ട്. അതുപോലെ മാതൃഭാഷയും പലകാര്യത്തിലും ഒരു നിബന്ധനയാകണം. ഉദാഹരണത്തിന് പി.എസ്.സി ജോലികൾ ലഭിക്കാൻ മലയാളഭാഷ നിർബന്ധമാക്കുന്ന നിബന്ധന ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതുപോലെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തിന് ആർജ്ജവമുണ്ടാകണം.
മറുനാട്ടിലുള്ള മലയാളികൾ ഇതരഭാഷകൾ മാധ്യമമായിട്ടുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ പ്രത്യേകമായിത്തന്നെ മലയളം പഠിപ്പിക്കുവാൻ സൌകര്യം ചെയ്യാറുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളിസമാജങ്ങൾ പോലുള്ള സംഘടനകൾ ഇക്കാര്യങ്ങളിൽ നേതൃത്വം വഹിക്കാറുണ്ട്. അതുപോലെ മക്കളുടെ പഠനമാധ്യമം ഏതായാലും വീട്ടിൽ നിർബന്ധമായും മലയാളം സംസാരിക്കണമെന്ന് മറുനാടൻ മലയാളി രക്ഷകർത്താക്കളിൽ ചിലരെങ്കിലും നിബന്ധന വയ്ക്കാറുണ്ട്. അതുകൊണ്ടണ് മറ്റ് സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ പ്രവാസത്തിൽ കഴിയുന്നവരുടെ മക്കൾ നന്നായി മലയാളം സംസാരിക്കുകയും എഴുതുകയും മറ്റും ചെയ്യുന്നത്. മറുനാടൻസ്കൂളുകളിൽ മിക്കതിലും മലയാളം പഠിപ്പിക്കുന്നില്ലെങ്കിലും അവിടങ്ങളിൽ പഠിച്ചുവളരുന്ന കുട്ടികൾ മലയളത്തിൽ സാഹിത്യസൃഷ്ടികൾ പോലും രചിക്കുന്നത് അത്തരം ഇടപെടലുകൾ ഉള്ളതുകൊണ്ടാണ്. അല്ലാതെ മറുനാട്ടിൽ അവരുടേതല്ലാത്ത ഒരു ഭാഷ നിർബന്ധമായും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടാനാകില്ലല്ലോ. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്ത് മലയാളം സംസാരിക്കാൻ അനുവദിക്കാത്ത, മലയാളം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനിഷ്ടപ്പെടാത്ത സ്കൂളുകൾക്കുപോലും അംഗീകാരം ലഭിച്ചെന്നുവരും!
കേരളത്തിൽ ചില പൊങ്ങച്ചകുടുംബങ്ങളിൽ കുട്ടികളെ കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന രക്ഷകർത്താക്കളെ നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിൽപോലും കാണാം. ഭാവിയിൽ ഇംഗ്ലീഷ് പഠിക്കാൻ പ്രയാസം തോന്നാതിരിക്കാനാണ് ഈ മുറി ഇംഗ്ലീഷ് പരിശീലനം. അല്ലാതെ ഭാവിയിൽ മലയാളം എഴുതാനും പറയാനും കഴിയാതെ പോകുന്നതിലല്ല, അവരുടെ ഉൽക്കണ്ഠ! മലയാളം നിലനിൽക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മലയാളികളാണ്. അവർ വേണ്ടെന്നു വച്ചാൽ എത്ര മലയാള സർവ്വകലാശാലകൾ വന്നാലും എത്ര ശ്രേഷ്ഠഭാഷാ പദവികൾ ലഭിച്ചാലും മലയാളം നിലനിൽക്കില്ല. മലയാള സർവ്വകലശലാരൂപീകരണം, ശ്രേഷ്ഠഭാഷാലഭ്യത, പി.എസ്.സി നിയമനങ്ങൾക്ക് മലയാളപഠനം നിർബന്ധമാക്കുന്നത് തുടങ്ങിയവയെല്ലാം ഭാഷയുടെ കാര്യത്തിൽ ഭരണകൂട ഇടപെടലുകൾക്കുദാഹരണങ്ങളാണ്. അതാകട്ടെ ഭാഷാസ്നേഹികളുടെ ഇടപെടലുകളുടെയും സമ്മർദ്ദങ്ങളുടെയും ഫലവുമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രതിജ്ഞാബദ്ധരും ജാഗരൂകരുമാകേണ്ടത് ഭാഷാ സ്നേഹികളും സർക്കാരുമാണ്. മലയാളസർവകലശാലയുടെ സാന്നിദ്ധ്യം, ശ്രേഷ്ഠഭാഷ എന്നതിലുള്ള അഭിമാനം എന്നതിലപ്പുറം നമ്മുടെ ഭാഷയെ സംരക്ഷിക്കുവാനും വികസിപ്പിക്കുവാനും ഭാഷാ സ്നേഹികളും ഭരണകൂടവും മേലിലും ശ്രദ്ധാലുക്കളായിരിക്കണം എന്ന് ഓർമ്മപ്പെടുത്തുവാൻകൂടിയാണ് ഈ കുറിപ്പ്.
(ഈ ലേഖനം ഇതിനു മുമ്പ് തരംഗിണിയി ഓൺലെയിൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്)
ഇനി ഇതുസംബന്ധിച്ച് ഈയുള്ളവനവർകൾ മുമ്പെഴുതിയ ഒരു ലേഖനം കൂടി താല്പര്യമുണ്ടെങ്കിൽ വായിക്കാം. അതിന്റെ ലിങ്ക് ഇതാണ്:
1 comment:
മലയാളം അതിജീവിക്കുമായിരിക്കും. പക്ഷെ അത് ഭരണകൂടത്തിന്റെ ഉത്സാഹം കൊണ്ടായിരിക്കില്ല!
Post a Comment