Wednesday, November 12, 2014

വോട്ടവകാശവിനിയോഗം

വോട്ടവകാശവിനിയോഗം
    
ഗുജറാത്തിൽ വോട്ട്‌ ചെയ്യാൽ നിർബന്ധമാക്കി നിയമം വരുന്നു. ജനാധിപത്യത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്‌ വോട്ട്‌ ചെയ്യുക എന്നത്‌. സ്വന്തം ഭരണാധികാരികളെ നിശ്ചയിക്കാൻ ജനങ്ങൾക്കുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്‌. അതില്ലെങ്കിൽ ജനാധിപത്യം എന്ന വാക്കിന്‌ അർത്ഥം തന്നെയില്ല. വോട്ട്‌ ചെയ്യാനുള്ള അവകാശത്തോടൊപ്പം ജനാധിപത്യം പൗരന്‌ മറ്റ്‌ നിരവധി അവകാശങ്ങളും പ്രദാനം ചെയ്യുന്നു. ആ അവകാശങ്ങളൊക്കെ ജനങ്ങൾ അനുഭവിക്കുന്നുമുണ്ട്‌. എന്നാൽ തന്റെ അവകശങ്ങൾ ഉപയോഗിക്കണമോ, ഉപയോഗിക്കണ്ടയോ,  ഏതളവു വരെ ഉപയോഗിക്കണം എന്നൊക്കെയുള്ളത്‌ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്‌ നിർവ്വഹിക്കുന്ന  കാര്യങ്ങളാണ്‌.

രാഷ്ട്രം പ്രദാനം ചെയ്യുന്ന എല്ലാ അവകശങ്ങളും പൂർണ്ണാർത്ഥത്തിൽ സദാ അനുഭവിച്ചുകൊള്ളണം എന്ന് ഗവർൺ‌മന്റിനോ നീതിപീഠങ്ങൾക്കോ നിർബന്ധിക്കാനാകില്ല. ആ നിലയിൽ ഒരു പൗരൻ വോട്ടവകാശം നിർവ്വ‌ഹിച്ചേ പറ്റൂ എന്നും നിഷ്കർഷിക്കുവാനാകില്ല. വോട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെ വോട്ട് ചെയ്യാതിരിക്കാനും പൗരന് അവകാശമുണ്ട്. ജനാധിപത്യത്തെക്കുറിച്ചും പൗരന്റെ അവകാശങ്ങളെക്കുറിച്ചും ധർമ്മങ്ങളെക്കുറിച്ചും  വോട്ട് ചെയ്യേണ്ട ആവശ്യത്തെ‌ക്കുറിച്ചും ഒക്കെയു‌ള്ള ബോധവൽക്കരണം ആവശ്യമാണ്. വോട്ട് ചെയ്യാനുള്ള പ്രേരണയും ആവശ്യമാണ്‌. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ കക്ഷികളൂം സ്ഥാനാർത്ഥികളും അവരുടെ അനുയായികളും  നടത്തുന്ന പ്രചരണം വോട്ട് ചെയ്യേണ്ട ആവശ്യകത സംബന്ധിച്ച ബോധവൽക്കരണവും പ്രേരണയുമാണ്. അത് കാലാ കാലങ്ങളായി നടന്നുവരുന്നുമുണ്ട്.

ഗവർണ്മെന്റിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നേരിട്ടും പരോക്ഷമായും ഇടപെടുന്നവരുടെയും ബോധപൂർവ്വവും അല്ലാതെയുമുള്ള പ്രവർത്തനങ്ങൾ തന്നെയാണ് കൂടുതൽ ജനങ്ങളെ പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നത്. അതിവിടെ കാലങ്ങളായി നടന്നുപോരുന്നുമുണ്ട്. അതിനപ്പുറം വോട്ട് ചെയ്യുന്നത് നിർബന്ധിത നിയമമാക്കുകയും ആ നിയമം പാലിച്ചില്ലെങ്കിൽ ശിക്ഷിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കോ മൂല്യങ്ങൾക്കോ നിരക്കുന്നതല്ല. എല്ലാവരെയും കൊണ്ട് വോട്ട് ചെയ്യിക്കുക എന്നത് വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത് പ്രായോഗികവുമല്ല. വോട്ട് ചെയ്യാനുള്ള അകവാശവും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും പൗരനുണ്ടാകണം.

പല കാരണങ്ങളാൽ ഒരു പൗരന് വോട്ട് ചെയ്യാൻ കഴിയാതെ വരാം. സ്ഥലത്തില്ലാതെ വരിക, അസുഖബാധിതനായിരിക്കുക തുടങ്ങിയ കാരണങ്ങളാൽ വോട്ട് ചെയ്യാൻ കഴിയാതെ വരാം. പല കാരണങ്ങളാൽ വോട്ട് ചെയ്യാൻ ഒരാൾ താല്പര്യപ്പെടാതെ വരാം. ആരുടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ കൊണ്ട് ഭയന്ന് വോട്ട് ചെയ്യാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളും ഉണ്ടാകാം.  മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ആരെയും അംഗീകരിക്കാനാകാത്ത സന്ദർഭങ്ങൾ ഉണ്ടാകാം. അപ്പോൾ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ ആർക്കെങ്കിലും വോട്ട് ചെയ്യാൻ എല്ലാവരും താല്പര്യപ്പെട്ടെന്നു വരില്ല. അങ്ങനെ അവരവരുടേതായതും അവരവരുടേതല്ലാത്തതുമായ  പലകാരണങ്ങളാൽ ഒരു പൗരന് വോട്ട് ചെയ്യാൻ കഴിയാതെ വരാം. വോട്ട് ചെയ്യാൻ താല്പര്യപ്പെടാതെ വരാം. അപ്പോഴൊക്കെ വോട്ടറെ ശിക്ഷിക്കുക എന്നത് ഒരിക്കലും നീതീകരിക്കാനാകുന്ന കാര്യമല്ല. നമ്മുടെ രാജ്യത്തെ ഭരണ ഘടനാ തത്വങ്ങൾക്ക് നിരക്കുന്നതുമല്ല അത്.

വോട്ട് ചെയ്യുകയെന്നത്  ഒരു പൗരന്റെ കടമയാണ്. പക്ഷെ അത് നിയമമോ നിർബന്ധിത കടമയോ ആക്കുന്നത് ശരിയല്ല. അത് അടിച്ചേൽപ്പിക്കലാണ്.  പൗരാവകാശ നിയമങ്ങൾക്ക് വിരുദ്ധമാണ്. ജനാധിപത്യ വിരുദ്ധമാണ്. എന്റെ വോട്ട് അത് എന്ത് ചെയ്യണമെന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. എല്ലാവരും രാഷ്ട്രീയത്തിൽ ഇടപെടണമെന്ന് രാഷ്ട്രത്തിന് കല്പിക്കാനാകുമോ? ഇല്ലല്ലോ. അതുപോലെ തന്നെ വോട്ട് ചെയ്യുന്ന കാര്യവും. ജനാധിപത്യത്തിൽ ഒരു പൗരന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ എല്ലാ കാര്യങ്ങളിലും ഒരാൾ അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന് നിയമം കൊണ്ടു വരാൻ പറ്റുമോ? ഇല്ലല്ലോ. എല്ലാ പൗരൻമാർക്കും സഞ്ചാര സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് നിങ്ങൾ സദാ സഞ്ചരിച്ചേ പറ്റൂ എന്ന് നിയമം കൊണ്ടു വരാൻ സാധിക്കുമോ? ഇല്ലല്ലോ.

വ്യക്തികൾക്ക് സ്വകാര്യ സ്വത്തവകാശമുണ്ട്. അതിനാൽ ഒരാൾ ഇത്രമേൽ സ്വത്ത് സമ്പാദിക്കണം എന്നൊരു നിയമം കൊണ്ടു വ്അരാനാകുമോ? ഇല്ലല്ലോ. ഇന്ത്യയിൽ പതിനാലു വയസ്സുവരെയുള്ള കുട്ടികൾക്ക്  നിർബന്ധിതവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നൽകാൻ നിയമമുണ്ട്. അതാവശ്യവുമാണ്. എന്നാൽ പ്രായ പൂർത്തിയായ ഒരാൾ ഇത്രമേൽ വിദ്യാഭ്യാസം ചെയ്യണം എന്ന് നിയമം കൊണ്ടുവരാനാകുമോ? ഇല്ലല്ലോ. അപ്പോൾ അതുപോലൊക്കെത്തന്നെയാണ് വോട്ടവകാശ വിനിയോഗവും. അത് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് വിനിയോഗിക്കുകയോ വിനിയോഗിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ടാകണം.

സമൂഹത്തിന്റെ ആരോഗ്യകരംആയ നില നില്പിനും വികാസത്തിനും ധാരാളം നിയമങ്ങൾ വേണം. അവ ലംഘിച്ചാൽ മതിയായ ശിക്ഷ വേണം. ഒരാൾ ഒരു നിയമം പാലിക്കാതിരുന്നാൽ മറ്റാർക്കെങ്കിലുമോ  സമൂഹത്തിനോ രാഷ്ട്രത്തിനോ എന്തെങ്കിലും ബുദ്ധിമുട്ടുട്ടെങ്കിലാണ് ശിക്ഷ വേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് ഒരു തരത്തിലും ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടാക്കാത്ത, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനോ അവകാശങ്ങൾക്കോ തടസ്സമാകാതെയുള്ള ഒരു വ്യക്തിയുടെ ചിന്തയ്ക്കോ പ്രവർത്തനങ്ങൾക്കോ നിയമ നിഷ്കർഷയോ ശിക്ഷയോ ഏർപ്പെടുത്തുന്നത് ശരിയേ അല്ല. വോട്ടവകാശവിനിയോഗത്തിന്റെ കാര്യം അതുപോലെ‌യാണ്. ഒരാൾ വോട്ട് ചെയ്തില്ലെന്നു കരുതി അത് മറ്റൊരാൾക്ക് ശാരീരികമോ മാനസികമോ ആയ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനോ അവകാശങ്ങൾക്കോ മേൽ ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. അതുകൊണ്ടു തന്നെ ഒരു പൗരന്റെ വോട്ടവകാശം വിനിയോഗിക്കാനോ വിനിയോഗിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അയാൾക്ക്  ഉണ്ടാകണം.

മറ്റൊന്ന്,  സാധാരണ ഗതിയിൽ വളരെ ചെറിയൊരു പങ്ക് ആളുകൾ മാത്രമേ വോട്ട് ചെയ്യാതിരിക്കുന്നുള്ളൂ. മറിച്ചൊരനുഭവം ഉണ്ടാകാനിടയില്ല.  ഇനി അതല്ല, ബഹുഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യാതിരിക്കുകയോ ജനാധിപത്യ പ്രക്രിയയുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥിതി വന്നാൽ അപ്പോൾ അത് പരിഹരിക്കാൻ  ഉചിതമായ കാര്യങ്ങൾ ചെയ്യാം. അങ്ങനെ  വരാനുള്ള സാദ്ധ്യതകൾ വളരെ വളരെക്കുറവാണ്.  ഇനി അഥവാ എപ്പോഴെങ്കിലും അങ്ങനെയെങ്ങാനും വന്നാൽ  പോലും  വോട്ട് ചെയ്യുക എന്നത് ഒരു നിയമമായി അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല. പരമാവധി പ്രബുദ്ധവും പക്വവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ജനാധിപത്യത്തെ സജീവവും സാക്രികവും ശക്തവുമാക്കാനുള്ള ആത്യന്തികമായ മാർഗ്ഗം. അല്ലാതെ നീതീകരിക്കാനാകാത്തതും ഭരണഘടനാ തത്വങ്ങൾക്ക് നിരക്കാത്തതും അപ്രായോഗികവുമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. 

Sunday, November 2, 2014

പ്രതിഷേധ ചുംബനം; ഫസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഒരദ്ധ്യായം

പ്രതിഷേധ ചുംബനം; ഫസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഒരദ്ധ്യായം.

ഇന്ന് കൊച്ചിയിൽ നടന്നത് ചുംബന സമരമല്ല. ഫാസിസ്റ്റ് വിരുദ്ധ സമരമാണ്. അക്രമ വിരുദ്ധ സമരമാണ്. വർഗ്ഗീയ ഫാസിസ്റ്റുകളുടെ സംഘടിത ആക്രമണം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും ഈ സമരത്തിൽ പങ്കെടുത്ത ചുണക്കുട്ടികൾക്കും ചുണക്കുട്ടത്തികൾക്കും എന്റെ സ്നേഹാഭിവാദനങ്ങൾ. നിങ്ങളുടെ ജീവൻ പണയപ്പെടുത്തി നടത്തിയ ഈ സമര ചങ്കൂറ്റത്തിൽ അഭിമാനിക്കുന്നു. സദാചാരം സംബന്ധിച്ച എന്റെ നിലപാടുകളെ ഇതുമായി ബന്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സദാചാരം പലർക്കും പലതാണ്. പരസ്യമായി ചുംബിക്കാമോ ഇണചേരാമോ എന്നതൊക്കെ സദാചാരം സംബന്ധിച്ച വേറെ ബൗദ്ധിക വ്യായാമങ്ങളിൽ ചർച്ച ചെയ്യാം.

ചുംബനത്തേക്കാൾ വലിയ സദാചാര ലംഘനം  അക്രമമാണ്. ഫാസിസമാണ്. അക്രമം ആരു നടത്തിയാലും അത് അംഗികരിക്കാനാകില്ല. ഇനി അഥവാ ഈ പരസ്യ ചുംബനം സദാചാര വിരുദ്ധമാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ നിയമ ലംഘന സമരം പോലെ സദാചാര ലംഘന സമരം നടത്താൻ പ്രേരകമായ സാഹചര്യം എന്ത് എന്നതാണ് ഇവിടെ പരമ പ്രധാനം. ഈ സമരത്തിൽ പങ്കെടുത്തവരുടെ എണ്ണം കൊണ്ട് അളക്കേണ്ടതല്ല ഇതിന്റെ പ്രാധാന്യം. ഈ സമരത്തിന്റെ സന്ദേശം സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുകതന്നെ ചെയ്യും. ഈ സംഭവത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്ന  മറ്റൊരു കാര്യം ഇവിടെ സംഘ പരിവാറുകാർക്കും പോപ്പുലർ ഫ്രണ്ടുകാർക്കും യോജിക്കാവുന്ന ഒരു മേഖലയെങ്കിലുമുണ്ട്. അതാണ് സദാചാരം. ഓ! അത്രയും ആശ്വാസം.

ഹിന്ദു-മുസ്ലിം വർഗ്ഗീയ സംഘടനകൾക്ക് മാത്രമാണല്ലോ ഈ സദാചാരാവേശം. അവർക്ക്  സദാചാര സംരക്ഷണമല്ല, അതിനു പിന്നിൽ വർഗ്ഗീയ സംഘടനകൾക്ക്  വ്യക്തമായ രാഷ്ട്രീയമാണു‌ള്ളത്. മാത്രവുമല്ല  സമൂഹത്തെ പേടിപ്പിച്ചു മാത്രമേ വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് നില നിൽക്കാൻ കഴിയുകയുള്ളൂ. അല്ലാതെ അവരുടെ ആശയങ്ങൾക്കൊന്നും സമൂഹത്തിൽ വലിയ ആക്രഷണത്വമുണ്ടാകില്ല. അതുകൊണ്ടുതന്നെ അക്രമത്തിലൂടെ  സമൂഹത്തെ ഭയപ്പെടുത്താൻ കിട്ടുന്ന ഒരു സന്ദർഭവും അവർ പാഴാക്കില്ല.

നാട്ടിൽ സദാചാര ലംഘനം ആരോപിച്ച് പലയിടത്തും പലപ്പോഴും എത്തിനോട്ടവും പിടിച്ചു കെട്ടിയടിയും നടക്കാറുണ്ട്. ഇത് വർഗ്ഗീയ ഫാസിസ്റ്റുകൾ മാത്രമല്ല, ജാതി-മത- കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചെയ്യാറുള്ളതാണ്. എന്നാൽ അതുപോലെയല്ല സ്വന്തം വിലാസം അടയളപ്പെടുത്തി വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ നടത്തുന്ന സദാചാര പോലീസിംഗ്. മുൻകൂട്ടി തീരുമാനിച്ച് സംഘടിത ശക്തി ഉപയോഗിച്ച് ബോധപൂർവ്വം നിയമം കൈയ്യിലെടുത്ത് നടത്തുന്ന അക്രമങ്ങളെ എന്ത് സദാചാരത്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല.

വിവിധ വിശ്വാസങ്ങളുടെ പേരിൽ ഇവിടെ നടക്കുന്ന അശ്ലീലങ്ങൾ പരസ്യ ചുംബനത്തേക്കാൾ എത്രയോ ലജ്ജാവഹമാണ്. വിശ്വാസങ്ങളുടെ പേരിൽ എത്രയോ തട്ടിപ്പുകളും ക്രൂരതകളും കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും  ഇവിടെ നടമാടുന്നു. അതിനെയൊന്നും ആർക്കും എതിർക്കേണ്ട. ഏതെങ്കിലും മത വിശ്വാസത്തിന്റെയോ ആചാരങ്ങളുടെയോ പേരു പറഞ്ഞാണ് ഈ പരസ്യ ചുംബനം നടത്തിയിരുന്നതെങ്കിൽ ആരെങ്കിലും എതിർ‌ക്കുമായിരുന്നോ?

എന്തായാലും നമ്മുടെ വാർത്താ മാധ്യങ്ങൾ ചുംബന സമരത്തിന് നല്ല കവറേജ് നൽകി. പല മാധ്യമങ്ങളും സദാചാര പോലീസിംഗിനും ഫാസിസ്റ്റ് അക്രമങ്ങൾക്കുമെതിരെ ചെറു വിരലെങ്കിലും അനക്കിയിട്ടുണ്ട്. ഇത് ആശാവഹമാണ്. ചുംബന സമരത്തിന്റെ സദാചാര പ്രശ്നങ്ങളെക്കാൾ അതിനു പ്രേരകമായ കാരണങ്ങക്ക്  പ്രാധാന്യം നൽകാൻ ചില മാധ്യമങ്ങളെങ്കിലും തയ്യാറായി. ഇപ്പോൾ  സദാചാര പോലീസിംഗിനും അതിനെതിരെ ഈ ചുംബാ സമരം നടത്തുന്നതിനും കാരണമായ സദാചാര വിഷയം കുത്തിപ്പൊക്കിയതും ഒരു ടി.വി ചാനലാണ്.അനുചിതമായ ഒളിഞ്ഞു നോട്ടവും അതിന്റെ റിപ്പോർട്ടിംഗും മാന്യമായ പത്ര പ്രവർത്തന രീതിയല്ല.


ചുംബന സമരം സോഷ്യൽ മീഡിയകളുടെ സാദ്ധ്യതകൾക്ക്  പുതിയൊരു ദൃഷ്ടാന്തം കൂടിയയി. സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കാനും സംഘടിക്കാനും സമരം ചെയ്യാനും സന്നദ്ധമായ ഒരു ജനശക്തി സോഷ്യൽ മീഡിയ വഴി വളർന്നു വരാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന്  ലോകത്തെ പല സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.  ഇപ്പോഴിതാ കേരളത്തിലും. ചിലയിടത്ത് അത്  മുല്ലപ്പൂ വിപ്ലവവും വാ‌ൾ സ്ട്രീറ്റ് സമരവുമൊക്കെ ആയിരുന്നെങ്കിൽ ഇവിടെയിതാ കാമകേളീ ചിന്തകൾക്കപ്പുറമുള്ള ചുംബന വിപ്ലവം പുതിയൊരു ചരിത്രം സൃ‌ഷ്ടിച്ചിരിക്കുന്നു. 


ഫാസിസത്തിനെതിരെ നടത്തിയ ചുംബന സമരത്തിന്റെ സംഘാടകർക്കും അതിൽ പങ്കെടുത്തവർക്കും  കാമവികാരം ഒട്ടുമില്ലാത്ത എന്റെ  സ്നേഹ ചുംബനങ്ങൾ. നിങ്ങൾ സിംഹക്കുട്ടികൾ. നിങ്ങൾ നടത്തിയ ചുംബനങ്ങൾ  വലിയ ഗർജ്ജനങ്ങളാണ്.  കപടസദാചാര വാദികളുടെയോ വർഗ്ഗീയ ഫാസിസ്റ്റുകളുടേയോ ബധിര കർണ്ണങ്ങളിൽ അത് ചെന്നു പതിക്കില്ലെങ്കിലും ചെന്നു പതിച്ചാൽ തന്നെ അതുകൊണ്ട് പ്രയോജനമുണ്ടാകില്ലെങ്കിലും പൊതു സമൂഹത്തിൽ പ്രതിഷേധ ചുംബനത്തിന്റെ അലയൊലികൾ മുഴങ്ങിക്കൊണ്ടിരിക്കും.