Sunday, November 2, 2014

പ്രതിഷേധ ചുംബനം; ഫസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഒരദ്ധ്യായം

പ്രതിഷേധ ചുംബനം; ഫസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഒരദ്ധ്യായം.

ഇന്ന് കൊച്ചിയിൽ നടന്നത് ചുംബന സമരമല്ല. ഫാസിസ്റ്റ് വിരുദ്ധ സമരമാണ്. അക്രമ വിരുദ്ധ സമരമാണ്. വർഗ്ഗീയ ഫാസിസ്റ്റുകളുടെ സംഘടിത ആക്രമണം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും ഈ സമരത്തിൽ പങ്കെടുത്ത ചുണക്കുട്ടികൾക്കും ചുണക്കുട്ടത്തികൾക്കും എന്റെ സ്നേഹാഭിവാദനങ്ങൾ. നിങ്ങളുടെ ജീവൻ പണയപ്പെടുത്തി നടത്തിയ ഈ സമര ചങ്കൂറ്റത്തിൽ അഭിമാനിക്കുന്നു. സദാചാരം സംബന്ധിച്ച എന്റെ നിലപാടുകളെ ഇതുമായി ബന്ധപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സദാചാരം പലർക്കും പലതാണ്. പരസ്യമായി ചുംബിക്കാമോ ഇണചേരാമോ എന്നതൊക്കെ സദാചാരം സംബന്ധിച്ച വേറെ ബൗദ്ധിക വ്യായാമങ്ങളിൽ ചർച്ച ചെയ്യാം.

ചുംബനത്തേക്കാൾ വലിയ സദാചാര ലംഘനം  അക്രമമാണ്. ഫാസിസമാണ്. അക്രമം ആരു നടത്തിയാലും അത് അംഗികരിക്കാനാകില്ല. ഇനി അഥവാ ഈ പരസ്യ ചുംബനം സദാചാര വിരുദ്ധമാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ നിയമ ലംഘന സമരം പോലെ സദാചാര ലംഘന സമരം നടത്താൻ പ്രേരകമായ സാഹചര്യം എന്ത് എന്നതാണ് ഇവിടെ പരമ പ്രധാനം. ഈ സമരത്തിൽ പങ്കെടുത്തവരുടെ എണ്ണം കൊണ്ട് അളക്കേണ്ടതല്ല ഇതിന്റെ പ്രാധാന്യം. ഈ സമരത്തിന്റെ സന്ദേശം സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുകതന്നെ ചെയ്യും. ഈ സംഭവത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്ന  മറ്റൊരു കാര്യം ഇവിടെ സംഘ പരിവാറുകാർക്കും പോപ്പുലർ ഫ്രണ്ടുകാർക്കും യോജിക്കാവുന്ന ഒരു മേഖലയെങ്കിലുമുണ്ട്. അതാണ് സദാചാരം. ഓ! അത്രയും ആശ്വാസം.

ഹിന്ദു-മുസ്ലിം വർഗ്ഗീയ സംഘടനകൾക്ക് മാത്രമാണല്ലോ ഈ സദാചാരാവേശം. അവർക്ക്  സദാചാര സംരക്ഷണമല്ല, അതിനു പിന്നിൽ വർഗ്ഗീയ സംഘടനകൾക്ക്  വ്യക്തമായ രാഷ്ട്രീയമാണു‌ള്ളത്. മാത്രവുമല്ല  സമൂഹത്തെ പേടിപ്പിച്ചു മാത്രമേ വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് നില നിൽക്കാൻ കഴിയുകയുള്ളൂ. അല്ലാതെ അവരുടെ ആശയങ്ങൾക്കൊന്നും സമൂഹത്തിൽ വലിയ ആക്രഷണത്വമുണ്ടാകില്ല. അതുകൊണ്ടുതന്നെ അക്രമത്തിലൂടെ  സമൂഹത്തെ ഭയപ്പെടുത്താൻ കിട്ടുന്ന ഒരു സന്ദർഭവും അവർ പാഴാക്കില്ല.

നാട്ടിൽ സദാചാര ലംഘനം ആരോപിച്ച് പലയിടത്തും പലപ്പോഴും എത്തിനോട്ടവും പിടിച്ചു കെട്ടിയടിയും നടക്കാറുണ്ട്. ഇത് വർഗ്ഗീയ ഫാസിസ്റ്റുകൾ മാത്രമല്ല, ജാതി-മത- കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചെയ്യാറുള്ളതാണ്. എന്നാൽ അതുപോലെയല്ല സ്വന്തം വിലാസം അടയളപ്പെടുത്തി വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ നടത്തുന്ന സദാചാര പോലീസിംഗ്. മുൻകൂട്ടി തീരുമാനിച്ച് സംഘടിത ശക്തി ഉപയോഗിച്ച് ബോധപൂർവ്വം നിയമം കൈയ്യിലെടുത്ത് നടത്തുന്ന അക്രമങ്ങളെ എന്ത് സദാചാരത്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല.

വിവിധ വിശ്വാസങ്ങളുടെ പേരിൽ ഇവിടെ നടക്കുന്ന അശ്ലീലങ്ങൾ പരസ്യ ചുംബനത്തേക്കാൾ എത്രയോ ലജ്ജാവഹമാണ്. വിശ്വാസങ്ങളുടെ പേരിൽ എത്രയോ തട്ടിപ്പുകളും ക്രൂരതകളും കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും  ഇവിടെ നടമാടുന്നു. അതിനെയൊന്നും ആർക്കും എതിർക്കേണ്ട. ഏതെങ്കിലും മത വിശ്വാസത്തിന്റെയോ ആചാരങ്ങളുടെയോ പേരു പറഞ്ഞാണ് ഈ പരസ്യ ചുംബനം നടത്തിയിരുന്നതെങ്കിൽ ആരെങ്കിലും എതിർ‌ക്കുമായിരുന്നോ?

എന്തായാലും നമ്മുടെ വാർത്താ മാധ്യങ്ങൾ ചുംബന സമരത്തിന് നല്ല കവറേജ് നൽകി. പല മാധ്യമങ്ങളും സദാചാര പോലീസിംഗിനും ഫാസിസ്റ്റ് അക്രമങ്ങൾക്കുമെതിരെ ചെറു വിരലെങ്കിലും അനക്കിയിട്ടുണ്ട്. ഇത് ആശാവഹമാണ്. ചുംബന സമരത്തിന്റെ സദാചാര പ്രശ്നങ്ങളെക്കാൾ അതിനു പ്രേരകമായ കാരണങ്ങക്ക്  പ്രാധാന്യം നൽകാൻ ചില മാധ്യമങ്ങളെങ്കിലും തയ്യാറായി. ഇപ്പോൾ  സദാചാര പോലീസിംഗിനും അതിനെതിരെ ഈ ചുംബാ സമരം നടത്തുന്നതിനും കാരണമായ സദാചാര വിഷയം കുത്തിപ്പൊക്കിയതും ഒരു ടി.വി ചാനലാണ്.അനുചിതമായ ഒളിഞ്ഞു നോട്ടവും അതിന്റെ റിപ്പോർട്ടിംഗും മാന്യമായ പത്ര പ്രവർത്തന രീതിയല്ല.


ചുംബന സമരം സോഷ്യൽ മീഡിയകളുടെ സാദ്ധ്യതകൾക്ക്  പുതിയൊരു ദൃഷ്ടാന്തം കൂടിയയി. സാമൂഹ്യ പ്രശ്നങ്ങൾ ഏറ്റെടുക്കാനും സംഘടിക്കാനും സമരം ചെയ്യാനും സന്നദ്ധമായ ഒരു ജനശക്തി സോഷ്യൽ മീഡിയ വഴി വളർന്നു വരാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന്  ലോകത്തെ പല സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.  ഇപ്പോഴിതാ കേരളത്തിലും. ചിലയിടത്ത് അത്  മുല്ലപ്പൂ വിപ്ലവവും വാ‌ൾ സ്ട്രീറ്റ് സമരവുമൊക്കെ ആയിരുന്നെങ്കിൽ ഇവിടെയിതാ കാമകേളീ ചിന്തകൾക്കപ്പുറമുള്ള ചുംബന വിപ്ലവം പുതിയൊരു ചരിത്രം സൃ‌ഷ്ടിച്ചിരിക്കുന്നു. 


ഫാസിസത്തിനെതിരെ നടത്തിയ ചുംബന സമരത്തിന്റെ സംഘാടകർക്കും അതിൽ പങ്കെടുത്തവർക്കും  കാമവികാരം ഒട്ടുമില്ലാത്ത എന്റെ  സ്നേഹ ചുംബനങ്ങൾ. നിങ്ങൾ സിംഹക്കുട്ടികൾ. നിങ്ങൾ നടത്തിയ ചുംബനങ്ങൾ  വലിയ ഗർജ്ജനങ്ങളാണ്.  കപടസദാചാര വാദികളുടെയോ വർഗ്ഗീയ ഫാസിസ്റ്റുകളുടേയോ ബധിര കർണ്ണങ്ങളിൽ അത് ചെന്നു പതിക്കില്ലെങ്കിലും ചെന്നു പതിച്ചാൽ തന്നെ അതുകൊണ്ട് പ്രയോജനമുണ്ടാകില്ലെങ്കിലും പൊതു സമൂഹത്തിൽ പ്രതിഷേധ ചുംബനത്തിന്റെ അലയൊലികൾ മുഴങ്ങിക്കൊണ്ടിരിക്കും.

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ചുംബന സമരം
സോഷ്യൽ മീഡിയകളുടെ
സാദ്ധ്യതകൾക്ക് പുതിയൊരു
ദൃഷ്ടാന്തം കൂടിയയി. സാമൂഹ്യ
പ്രശ്നങ്ങൾ ഏറ്റെടുക്കാനും സംഘടിക്കാനും സമരം ചെയ്യാനും സന്നദ്ധമായ ഒരു ജനശക്തി
സോഷ്യൽ മീഡിയ വഴി വളർന്നു വരാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന്
ലോകത്തെ പല സംഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലും.
ചിലയിടത്ത് അത് മുല്ലപ്പൂ വിപ്ലവവും വാ‌ൾ സ്ട്രീറ്റ് സമരവുമൊക്കെ ആയിരുന്നെങ്കിൽ
ഇവിടെയിതാ കാമകേളീ ചിന്തകൾക്കപ്പുറമുള്ള ചുംബന വിപ്ലവം പുതിയൊരു ചരിത്രം സൃ‌ഷ്ടിച്ചിരിക്കുന്നു

കുഞ്ഞൂസ് (Kunjuss) said...

സോഷ്യൽ മീഡിയയുടെ ശക്തി തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു....
നല്ല കാര്യങ്ങൾക്കായി അവയെ പ്രയോജനപ്പെടുത്തിയെങ്കിൽ ....!

Thabarak Rahman Saahini said...

കലക്കി മാഷെ, അഭിനന്ദനങ്ങള്‍.

Vinodkumar Thallasseri said...

My signature.