Wednesday, March 4, 2015

സ്കൂൾ കലോത്സവങ്ങൾ അപ്പീൽ മഹോത്സവങ്ങളാകരുത്

സ്കൂൾ കലോത്സവങ്ങൾ അപ്പീൽ മഹോത്സവങ്ങളാകരുത്

ഈ കുറിപ്പ് എഴുതുമ്പോൾ കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പരിപാടിയാണ് ഇത്. എന്നാൽ ഈ മഹാമേളയുടെ തിളക്കം കെടുത്തുന്ന ചില പ്രവണതകൾ ഇതിന്റെ കൂടെപ്പിറപ്പാണ്. ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടായില്ല. സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും റവന്യൂ ജില്ലാതലത്തിലും മത്സരിച്ച് ഏ ഗ്രേഡും വാങ്ങി വിജയിച്ചെത്തുന്ന കുട്ടികളാണ് സംസ്ഥാന കലോത്സവത്തിൽ എത്തുന്നത്. അതുകൊണ്ടു തന്നെ എല്ലാ മത്സര ഇനങ്ങളിലും ഭേദപ്പെട്ട നിലവാരമുള്ള കലാ-സാഹിത്യ പരിപാടികളാകും സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കപ്പെടുക. പരിപാടികൾ എത്ര ഉയർന്ന നിലവാരം പുലർത്തിയാലും എല്ലാവർക്കും ഒന്നാം സമ്മാനം ലഭിക്കുക എന്നത് ഒരു മത്സരത്തിലും സാധ്യമല്ല. എന്നാൽ ഇപ്പോൾ കലോത്സവത്തിൽ അപ്പീലുകളുടെ പ്രളയമാണ്. പലരും സ്കൂൾ-ഉപജില്ലാ- റവന്യൂ ജില്ലാ തലങ്ങളിൽ തന്നെ അപ്പീൽ നൽകിയും കോടതി വിധികൾ വാങ്ങിയും മറ്റും ഒക്കെയാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തുന്നതുതന്നെ. ഇതെഴുതുന്ന സമയത്തെ വാർത്തകൾ അനുസരിച്ച് സംസ്ഥാന കലോത്സവത്തിൽ ഇത്തവണ ആയിരത്തിനു മുകളിൽ അപ്പീലുകൾ ലഭിച്ചിട്ടുണ്ടത്രേ! . എന്നുവച്ചാൽ മത്സരിക്കൻ വരുന്നവർ ആരും തോൽക്കാൻ തയ്യാറല്ല. എല്ലാവർക്കും ഒന്നാം സ്ഥാനം വേണം! കുട്ടികളെ ഇതിൽ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്കൂൾ കലോത്സവങ്ങളിൽ കുട്ടികളെ മുൻനിർത്തി രക്ഷകർത്താക്കൾ തമ്മിലാണ് മത്സരമെന്ന് മുമ്പേ തന്നെ ആക്ഷേപമുണ്ട്.

കലയോടുള്ള താല്പര്യമല്ല; ചില രക്ഷകർത്താക്കൾക്ക് ഇതൊരു പൊങ്ങച്ചമാണ്. ചിലർക്ക് ഗ്രേസ് മാർക്ക് എന്ന പ്രചോദനവും. പല മത്സരങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾ അവർ മത്സരിക്കുന്ന കലാവിഭാഗത്തിൽ ഉള്ള കഴിവോ അഭിരുചിയോ കൊണ്ട് മത്സരിക്കൻ എത്തുന്നവരല്ല. പണം ചെലവാക്കി തല്ലിപ്പഴിപ്പിച്ചു കൊണ്ടു വരുന്നതാണ് അവരെക്കൾ കഴിവുള്ള പല കുട്ടികൾക്കും നല്ല പരിശീലനത്തിന്റെയും പണത്തിന്റെയും കുറവുമൂലം സ്കൂൾ തലത്തിൽ പോലും മത്സരിച്ച് ജയിക്കൻ കഴിയുന്നില്ല. ഈ കലോത്സവങ്ങൾ പണക്കൊഴുപ്പിന്റെ ഉത്സവം എന്ന ആരോപണം ഉയരുന്നത് ഈ സാഹചര്യത്തിലാണ്. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു കലാമേള വേണോ എന്ന ചോദ്യം ചിലരെങ്കിലും ഉയർത്തുന്നത്. കുട്ടികൾ അവരുടെ കഴിവുകൾ മാറ്റുരച്ച് സംസ്ഥാന തലം വരെ എത്തുന്നതുതന്നെ വലിയ ഒരു മികവും അംഗീകാരവു‌മാണ്. അവിടെയും തങ്ങൾക്കു തന്നെ ഒന്നാം സ്ഥാനം ലഭിച്ചേ പറ്റൂ എന്ന് മത്സരിക്കുന്നവരെല്ലാം ശാഠ്യം പിടിച്ചാൽ പിന്നെ ഈ കലയും സാഹിത്യവുമൊക്കെ സംസ്കാരത്തിന്റെ ഭാഗമാകുന്നതെങ്ങനെ? കലോത്സവത്തിൽ മാർക്കിടുന്ന വിധികർത്താക്കൾ ആരും മോശക്കാരകാൻ ഇടയില്ല. പരീക്ഷയ്ക്ക് മാർക്കിടുന്നതുപോലെ കലാമത്സരങ്ങൾക്ക് മാർക്കിടാനാകില്ല. ഒരാൾ മാത്രമാണ് മാർക്കിടുന്നതെങ്കിൽ വലിയ പിഴവുകൾ സംഭവിക്കാം. ഇതിപ്പോൾ അങ്ങനെയല്ലല്ലോ. ഇനി നിലവിലുള്ള വിധിനിർണ്ണയ രീതി ശരിയല്ലെങ്കിൽ അതിൽ മാറ്റങ്ങൾ വരുത്തണം.

മൂന്നുപേരടങ്ങുന്ന ഒരു ജഡ്ജിംഗ് പാനലിനുപകരം മൂന്നുപേർ വീതമുള്ള മൂന്നോ അഞ്ചോ ടീമിനെക്കൊണ്ട് വെവ്വേറെ വിധിനിർണ്ണയം നടത്തുന്ന രീതി അനുവർത്തിക്കാം. ഓരോ ടീമിലെയും ഓരോ അംഗങ്ങൾ ഇടുന്ന മാർക്കുകൾ കൂട്ടി ടോട്ടൽ ടീം മാർക്കും, എല്ലാ ടീമിന്റെയും ടോട്ടൽ ടീം മാർക്കുകൾ കൂട്ടി ആകെ മാർക്കും നിർണ്ണയിച്ച് ആദ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്. വിധിനിർണ്ണയത്തിന് കുറച്ചു കൂടി വിശ്വാസവും സ്വീകാര്യതയും കൈവരാൻ ഇത് സഹായിക്കും. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ മാതിരിയുള്ള അപ്പീൽ പ്രളയം കുറഞ്ഞേക്കും. വിധി നിർണ്ണയം വേണ്ടവിധം വിശ്വാസയോഗ്യമാക്കിയാൽ അപ്പീൽ നൽകാനുള്ള അവസരം നൽകാതെയുമിരിക്കാം. നാട്ടിൽ നടക്കുന്ന ഏതൊരു മത്സരത്തിലും വിധികർത്താക്കളുടെ തീരുമാനം അന്തിമമയിരിക്കും എന്നു പറഞ്ഞിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അതിൽ പിന്നെ അപ്പീലില്ല. എല്ലാവർക്കും സംതൃപ്തി അൽകുന്ന ഒരു വിധിപ്രസ്താവം അസാധ്യമാണ്. എങ്കിൽ അത് മത്സരമകില്ലല്ലോ. എന്തായാലും കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും അപ്പീൽ മത്സരങ്ങൾക്കു വേണ്ടി പരക്കം പായുന്ന സ്ഥിതി ഓഴിവാക്കാനുതകുന്ന പരിഷ്കരണങ്ങൾ സ്കൂൾ കലോത്സവങ്ങളുടെ കാര്യത്തിൽ ഉണ്ടാകണം.

കലാ പ്രവർത്തനങ്ങൾ സംസ്ഥാന സ്കൂൾ കലോത്സം കൊണ്ട് അവസാനിക്കുന്ന ഒന്നല്ലെന്ന കാര്യം എല്ലാവരും ഓർക്കണം. കലോത്സവങ്ങൾക്കും മത്സരങ്ങൾക്കുമപ്പുറം കലയുടെ ലോകം അതിവിശാലമാണ്. സ്കൂൾ കലോത്സവങ്ങളിൽ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല ഒരു കുട്ടിയുടെ കലാപരമായ കഴിവുകളെ ആത്യന്തികമായി നിർണ്ണയിക്കുന്ന ഘടകം. കലാ-സാഹിത്യ രംഗത്ത് പ്രശസ്തിയുടെ കൊടുമുടികളിലേയ്ക്ക് ഉയർന്നവർ എല്ലാവരും സ്കൂൾ കലോത്സങ്ങളിൽ വി‌ജയിച്ചു മുന്നേറിയവരല്ല. ചിലർ യാതൊരു മത്സരങ്ങളിലും പങ്കെടുത്തവർ തന്നെയല്ല. കഴിവുള്ളവർക്ക് അവരവരുടെ കഴിവുകൾ തെളിയിച്ച് കലാലോകം കിഴടക്കാൻ ഒരു കലോത്സവത്തിന്റെയും വി‌ജയപ്രചോദനം ആവശ്യമില്ല. കലോത്സവങ്ങൾക്കു പുറത്താണ് അവസരങ്ങളുടെ വലിയ ലോകം തുറന്നു കിടക്കുന്നത്. ആ അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ ആർക്കും കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ ശൈലശൃംഗങ്ങൾ കീഴടക്കാം. മറിച്ച് തങ്ങളുടെ കുട്ടി സംസ്ഥാന കലോത്സവത്തിൽ തോറ്റാൽ എല്ലാം അവസാനിച്ചു പോകും എന്നു കരുതുന്നി‌ടത്തു നിന്നാണ് അപ്പീലുകളുടെ പ്രളയം സൃഷ്ടിക്കപ്പെടുന്നത്.

(തരംഗിണി ഓൺലെയിൻ, 2015 ജനുവരി ലക്കത്തിൽ എഴുതിയത്)

No comments: