Tuesday, September 29, 2015

ഇരിക്കും കൊമ്പ് മുറിക്കരുത്


ഇരിക്കും കൊമ്പ് മുറിക്കരുത്


ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണ്. നാളെയും അങ്ങനെതന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷ. ഏതെങ്കിലും തരത്തിലുള്ള  രാജവഴ്ചയുമായോ പട്ടാള ഭരണവുമായോ പൊരുത്തപ്പെടാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയില്ല. കാരണം ജനാധിപത്യവുമായി  നമ്മുടെ രാജ്യത്തെ ജനങ്ങൾ അത്രയ്ക്ക് പരിചയിച്ചു കഴിഞ്ഞതാണ്. സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഇന്ത്യൻ ജനാധിപത്യം പൂർണ്ണമായും പക്വമായി എന്ന് പറയാനാകില്ല. എന്നാൽ ലോകത്ത് ജസംഖ്യയിൽ രണ്ടാം  സ്ഥാനത്തുള്ള ഇന്ത്യയിലെ ജനാധിപത്യ പരീക്ഷണം നാളിതുവരെ പരാജയപ്പെട്ടു എന്നും  ആർക്കും പറയാനാകില്ല. ഒരു ചെറിയ കാലയളവിൽ സംഭവിച്ച  അടിയന്തരാവസ്ഥ എന്ന അപവാദം ഒഴിച്ചു  നിർത്തിയാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ തുടർച്ച ഒരു ചെറുകാലയളവിലേയ്ക്ക് പോലും നഷ്ടപെട്ടിട്ടില്ല. ദൗർബല്യങ്ങൾക്കതീതമായി ഇവിടെ ജനാധിപത്യം പുലർന്നു പോന്നു എന്നല്ല;  പക്ഷെ ദൗബർല്യങ്ങളുടെ അർത്ഥം പരാജയം എന്നല്ല! പോരായ്മകളില്ലാത്ത ഒരു  രാഷ്ട്രീയ വയവ്യവസ്ഥിതി സ്ഥാപിക്കുക എന്നത് സാദ്ധ്യവുമല്ല.

ഇവിടെ ഇത് പറയുന്നത് നമ്മുടെ ജനധിപത്യം കൂടുതൽ ശക്തമായും പോരായ്മകൾ പരമാവധി ലഘൂകരിച്ചും മുന്നേറേണ്ടതിന്റെ ആവശ്യകത സാമാന്യേന ഓർമ്മപ്പെടുത്തുവാൻ വേണ്ടിമാത്രമാണ്. നമുടെ ജനധിപത്യം ചില ഭീഷണികളെ നേരിടുന്നുണ്ട്. അതിലൊന്ന് ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നൊക്കെ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ വാർത്താമാധ്യമങ്ങൾക്കുള്ള പങ്ക് പ്രത്യേകം പറയേണ്ടതില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ കടമ കൂടിയാണ്. മുൻകാലത്ത് അച്ചടി മാധ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ കൂടി പ്രചാരത്തിലായതോടെ മാധ്യമ രംഗം കുറെക്കൂടി ശക്തമയി. ഏറ്റവും ഒടുവിലിപ്പോൾ നവമധ്യങ്ങൾ കൂടി പ്രചാരത്തിലായതോടെ മാധ്യമപ്രവർത്തനം കൂടുതൽ ജനകീയവുമായി. പൗരമാധ്യമ പ്രവർത്തനം അഥവാ  സിറ്റീസൺ ജേർണലിസം എന്നത് ഇന്ന് സാധാരണ പൗരന്മാരിൽ നല്ലൊരു പങ്കിന്റെയും ദൈനം ദിന പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഒരു കാര്യത്തിൽ  നമ്മുടെ മധ്യമലോകം ഒന്നടങ്കം ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന  ചില നിഷേധാതമക സ്വഭാവം ബോധപൂർവ്വമോ അല്ലാതെയോ പ്രകടമക്കുന്നു എന്നത് വിനയ പുരസ്സരം ചൂണ്ടിക്കാണിക്കുവാനാണ് ഈ കുറിപ്പ് എഴുതുന്നത്.

നമ്മുടെ ജനധിപത്യം ബഹുകക്ഷി രഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. ജനാധിപത്യത്തിന്റെ ജീനാഡികളാണ്  രഷ്ട്രീയ പ്രവർത്തനം. അല്ലെങ്കിൽ ഹൃദയതാളം! നമ്മുടെ ജനധിപത്യത്തെ സാക്രികമാക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. അതും ബഹുകക്ഷി സമ്പ്രദായമാകുമ്പോൾ വളരെ വിപുലീകൃതമായ ഒരു ജനാധിപത്യ സംവിധാനമായി അത് മാറുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് വ്യത്യസ്തമായ പല ലക്ഷ്യങ്ങളും ഉണ്ടാകും. എന്നാൽ എല്ലാറ്റിലുമുപരി രാഷ്ട്രീയ പാർട്ടികളുടെ  ലക്ഷ്യം അധികാരലബ്ധിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണകൂട രൂപീകരണമോ ഭരണ പങ്കാളിത്തമോ ഒരു രാഷ്ട്രീയ പാർട്ടിയുടെ ലക്ഷ്യമാകുന്നത് ഒരു കുറ്റവുമല്ല. അതിനായി അവർ പല വിധത്തിലുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കും. എന്നാൽ അതൊക്കെ ഭരണഘടനാ  വിധേയവും രാജ്യതല്പര്യങ്ങളുമായി സർവ്വാത്മനാ പൊരുത്തപ്പെട്ടുപോകുന്നതും ആയിരിക്കണമെന്നുമാത്രം. അഴിമതി വിമുക്തവും ജനക്ഷേമത്തെ  മുൻനിർത്തിയുള്ളതുമായ  നിഷ്കാമ കർമ്മമാകണം  രാഷ്ട്രീയപ്രവർത്തനം. മറിച്ചുള്ളത് മാധ്യമ വിമർശനങ്ങൾക്ക് വിധേയമകണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യത്തിനു വിരുദ്ധമായ ആശയങ്ങൾ ഉയർത്തിപ്പിടിക്കുകയോ ഹിതകരമല്ലാത്ത ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ അത് മധ്യമ വിചാരണയ്ക്ക് വിധേയമാക്കണം. ചിലതിനെയൊക്കെ ശക്തമായി പ്രതിരോധിക്കുകയും വേണം. അതൊക്കെ മാധ്യമ ധർമ്മമാണ്. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ മാധ്യമ ലോകം ജനാധിപത്യത്തിന്റെ ഗോചരരൂപങ്ങളായ രാഷ്ട്രീയ പാർട്ടികളോട് ഒരുതരം നിഷേധാത്മകഭാവം വച്ചു പുലർത്തുന്ന പ്രവാണത  അടുത്തിടെ വർദ്ധിച്ചു വരികയാണ്.

രാഷ്ട്രീയ പർട്ടികളുടെ ക്രിയാത്മകമായ വശം അവഗണിച്ച് അവയുടെ കുറ്റങ്ങളെ മാത്രം പർവ്വതീകരിച്ച് രാഷ്ട്രീയമേ കുഴപ്പമാണെന്ന് വരുത്തി തീർക്കാനുള്ള ഒരു പ്രവണത ഇപ്പോൾ  മാധ്യമങ്ങൾ കാണിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം കുഴപ്പക്കാരെന്ന് ധ്വനിപ്പിക്കുന്ന പ്രചരണം മാധ്യമപക്ഷത്തു നിന്ന് ഉണ്ടാകുന്നത് ജനാധിപത്യത്തോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കും. എല്ലാ കുഴപ്പങ്ങൾക്കും കാരണം രഷ്ട്രീയക്കാരാണെന്നു വരുത്തിത്തീർക്കുന്ന പ്രചാരവേലകൾ ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തും. ക്രിയാത്മകമായ വിമർശനങ്ങളിലൂടെ രാഷ്ട്രീയ പർട്ടികളെ നേർവഴിയ്ക്ക് നയിക്കുകയാണ് പത്രധർമ്മം. അല്ലാതെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും കുഴിച്ചു മൂടലല്ല രാജ്യത്തെ പ്രശ്നങ്ങൾകുള്ള പരിഹാരം. രാഷ്ട്രീയ പ്രവർത്തനം ഒരു മോശപ്പെട്ട കാര്യമാണെന്ന രീതിയിലുള്ള സന്ദേശം ജനങ്ങൾക്ക് പ്രത്യേകിച്ച് പുതു തലമുറയ്ക്ക് നൽകുന്നത് നന്നല്ല. രാഷ്ട്രീയത്തെ ശുദ്ധീകരിക്കലാണ് മാധ്യമധർമ്മം. മുച്ചൂടും നശിപ്പിക്കലല്ല. ഇന്ത്യൻ ജനധിപത്യത്തെ നാളിതുവരെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ വഹിക്കുന്ന പങ്ക് മാധ്യമങ്ങളുടെ പങ്കിനേക്കാൾ എത്രയോ വലുതാണ്. കാരണം രഷ്ട്രീയ പർട്ടികൾ നേരിട്ട് ജനാധിപത്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. മാധ്യമ പ്രവർത്തകർ ജനാധിപത്യത്തെ ഉത്തേജിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. കാരണം രണ്ടുപേരുടെയും കർമ്മം രണ്ട് തരത്തിലുള്ളതണ്. എന്നാൽ അവ പരസ്പര പൂരകവുമാണ്.

ഇപ്പോൾ ഇതെഴുതാൻ പ്രേരകമായ പല സംഭവങ്ങളും സമീപകാലത്ത് ഉണ്ടയിട്ടുണ്ട്. അതിൽ ഒരുദാഹരണം മത്രം പറഞ്ഞ് ഈ  കുറിപ്പ് ചുരുക്കാം. മൂന്നാറിൽ ഈയടുത്ത്  രാഷ്ട്രീയ പാർട്ടികളുടെയോ ട്രേഡ് യൂണിയനുകളുടെയോ പിന്തുണയില്ലാതെ സ്ത്രീ തൊഴിലാളികൾ ഒരു സമരം നടത്തി വിജയിപ്പിച്ചു. അവരുടെ ആവശ്യങ്ങൾ ന്യായമായിരുന്നു; അവരുടെ സമരം വിജയിച്ചത് സന്തോഷകരവും തന്നെ. ഒറ്റപ്പെട്ട ആ ഒരു സംഭവത്തിന്റെ  പശ്ചാത്തലത്തിൽ ഈ നാട്ടിലെ സകല ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയ പർട്ടികളെയും കളിയാക്കാനും അടച്ചാക്ഷേപിക്കാനും ഇവിടുത്തെ മാധ്യമലോകം തയ്യാറായി. ഇവിടെ പ്രബലമായ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ടേഡ് യൂണിയനുകൾ ഉണ്ട്.  വ്യത്യസ്തമയ അശയങ്ങൾ വച്ചു പുലർത്തുന്നവരാണ് രാഷ്ട്രീയ പാർട്ടികളെങ്കിലും തൊഴിലാളികളുടെ പൊതുവായ പ്രശ്നങ്ങളിൽ  മിക്കവാറും യൂണിയനുകൾക്ക് ഒരേ നിലപാടുകളാണ് ഉണ്ടാവുക. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലളികളുടെ ന്യയമായ  അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനും  ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും   ട്രേഡ് യൂണിയനുകൾ വഹിച്ചിട്ടുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല.

തൊഴിലെടുക്കുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട വേതനവും മറ്റ് അനുകൂല്യങ്ങളും ഇവിടെ ലഭ്യമാകുന്നുണ്ടെങ്കിൽ അതിൽ ട്രേഡ് യൂണിയനുകൾക്കുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല. തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവരുടെ അവകാശങ്ങളെ സംബന്ധിച്ച് അവർക്ക് അവബോധമുണ്ടക്കുവാനും അവരെ നയിക്കുവാനും ടേഡ് യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും ഒക്കെ വേണം. അല്ല്ലാതെ എപ്പോഴും തൊഴിലാളികൾക്ക്  സ്വയമേവ സംഘടിക്കാനോ  അവകാശസമരങ്ങൾ നടത്താനോ കഴിഞ്ഞെന്നു വരില്ല. ഇന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നെല്ലാം ധാരളം തൊഴിലാളികൾ കേരളത്തിലെത്തുന്നത് ഇവിടെ മറ്റ് സംസ്ഥാനങ്ങളെക്കാൾ അകർഷകമയ വേതനവും തൊഴിലന്തരീക്ഷവും നില നിൽക്കുന്നതുകൊണ്ടാണ്. അതാകട്ടെ ഇവിടെ തൊഴിലാളിവർഗ്ഗ സംഘടനകളുടെയും സംഘാടനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലമായി നേടിയതാണ്. അല്ലാതെ ആരുടെയും ഉദാരമനസ്കതയിൽ നേടിയതല്ല.

നേട്ടങ്ങളെ കാണാതെ കോട്ടങ്ങളെ മത്രം ആഘോഷമാക്കുന്ന മാധ്യമ സമീപനം തിരുത്തപ്പെടേണ്ടതാണ്. രഷ്ട്രീയ പാർട്ടികളുടെ കാര്യത്തിലായലും ട്രേഡ് യൂണിയനുകളുടെ കാര്യത്തിലായാലും ഏത് കാര്യത്തിലായാലും കോട്ടങ്ങളെ  ഉയർത്തിക്കാട്ടണം; പക്ഷെ നേട്ടങ്ങളെ താഴ്ത്തിക്കെട്ടരുത്. രാഷ്ട്രീയ പർട്ടികളെ വിമർശിക്കാം. നേർവഴിക്കു നയിക്കാം. പക്ഷെ അവയെ പൂർണ്ണമായും നിരാകരിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്തരുത്. അതിന്റെ പേർ മധ്യമ പ്രവർത്തനം എന്നല്ല. ജനധിപത്യത്തെ ദുർബലപ്പെടുത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണെന്നാണ് അരാഷ്ട്രീയതയുടെ മൂടുപടമണിയുന്ന മാധ്യമശ്രേഷ്ഠന്മാരോട് ഉൾപ്പെടെ  പറയനുള്ളത്. ഓർക്കുക; ജനാധിപത്യത്തിൽ  അരാഷ്ട്രീയത അരാജകത്വത്തിലേയ്ക്കാകും നയിക്കുക. അത് ജനധിപത്യത്തിന്റെ തകർച്ചയിലേയ്ക്കാകും ചെന്നെത്തുക. അതെ, ഒന്നുകൂടി ഊന്നി പറയട്ടെ;  ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. അത്രതന്നെ!

(തരംഗിണി ഓൺലെയിൻ മാഗസിനിൽ എഴുതിയത്)

4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

രാഷ്ട്രീയ പർട്ടികളുടെ ക്രിയാത്മകമായ വശം
അവഗണിച്ച് അവയുടെ കുറ്റങ്ങളെ മാത്രം പർവ്വതീകരിച്ച്
രാഷ്ട്രീയമേ കുഴപ്പമാണെന്ന് വരുത്തി തീർക്കാനുള്ള ഒരു പ്രവണത
ഇപ്പോൾ മാധ്യമങ്ങൾ കാണിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളും രാഷ്ട്രീയ
നേതാക്കളും ഒന്നടങ്കം കുഴപ്പക്കാരെന്ന് ധ്വനിപ്പിക്കുന്ന പ്രചരണം മാധ്യമപക്ഷത്തു
നിന്ന് ഉണ്ടാകുന്നത് ജനാധിപത്യത്തോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ
ഇടയാക്കും. എല്ലാ കുഴപ്പങ്ങൾക്കും കാരണം രഷ്ട്രീയക്കാരാണെന്നു വരുത്തിത്തീർക്കുന്ന
പ്രചാരവേലകൾ ജനാധിപത്യത്തെ ദുർബ്ബലപ്പെടുത്തും.

അന്നൂസ് said...

പോസ്റ്റ്‌ ഇഷ്ടമായി....ആശംസകള്‍. ബ്ലോഗില്‍ ഫോളോ ചെയ്തിട്ടുണ്ട്. വീണ്ടും വരാം

മുബാറക്ക് വാഴക്കാട് said...

ശരിയാണ് പറഞ്ഞത്..
പോരാഴ്മകളെ മാത്രം ഉയര്‍ത്തിക്കാണിക്കരുത്..
മേന്മകളെയും നോക്കണം..
പക്ഷെ, ഇന്നാര്‍ക്കാണ് ആധിപത്യം..
എവിടെയാണീ ജനാധിപത്യം.. എത്രയെത്ര നിരപരാധികളാണ് ഒരു തെറ്റും ചെയ്യാതെ ഇരുട്ടില്‍ രാപകലെണ്ണുന്നത്.. എത്രയെത്ര പാവങ്ങളാണ് നിശ്ഢൂരം പീഡിപ്പിക്കപ്പെടുന്നത്..
പണമുള്ളവനാണ് ഇന്നിവിടെ ആധിപത്യം..
അധികാരമുള്ളവനാണ് ഇന്നിവിടെ ആധിപത്യം..

പി. വിജയകുമാർ said...

കുറ്റങ്ങൾ മാത്രം പർവ്വതീകരിക്കുന്ന പ്രവണത ഇന്നത്തെ മാധ്യമപ്രവർത്തനത്തിന്റെ മുഖമുദ്രയായിരിക്കുന്നു. ഇത്‌ തിരുത്തേണ്ടത്‌ നമ്മുടെ അപൂർവ്വമായ ജനധിപത്യ വ്യവസ്ഥിതിയുടെ നിലനിൽപ്പിനും ആരോഗ്യകരമായ ഭാവിക്കും ആവശ്യം.
നന്നായി എഴുതി. പ്രസക്തമായ വിഷയം.
ആശംസകൾ.