Saturday, December 12, 2015

കണ്ടിരിക്കാൻ നല്ലൊരു സിനിമ; "വൺ ഡേ" നിരാശപ്പെടുത്തിയില്ല

കണ്ടിരിക്കാൻ നല്ലൊരു സിനിമ; "വൺ ഡേ" നിരാശപ്പെടുത്തിയില്ല.

"വൺ ഡേ സിനിമ" റിലീസ് ദിവസം തന്നെ കണ്ടു. പ്രഥമ സംരംഭം എന്ന നിലയിൽ വിനയം മൂലം ഒരു വിശ്വോത്തര സിനിമയാണെന്നൊന്നും ഈ സിനിമയുടെ ശില്പികൾ അവകാശപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല, ഈ സിനിമയിൽ നിന്ന് അധികമൊന്നും ആരും പ്രതീക്ഷിക്കരുതെന്ന് ഇതിന്റെ ശില്പികൾ മുൻകൂർ ജാമ്യവും എടുത്തിരുന്നു. അതുകൊണ്ടുതന്നെ അതിന്റേതായ ഒരു മുൻവിധിയോടെതന്നെയാണ് ഈ സിനിമ കാണാനെത്തിയത്. എന്നാൽ എന്റെ മുൻവിധികൾ അസ്ഥാനത്തായിരുന്നു. സിനിമ ഒരു വിനോദ ഉപാധി എന്ന നിലയിൽ സമീപിക്കുമ്പോൾ ഓൺ ഡേ അത്രകണ്ട് നിരാശപ്പെടുത്തിയതായി തോന്നിയില്ല. ഏതാണ്ട് രണ്ട് മണിക്കൂർ സമയം അധികം ബോറടിക്കാതെ തന്നെ കണ്ടിരിക്കാനുള്ള ചേരുവകൾ എല്ലാം ഈ വിനോദ സിനിമയിലുമുണ്ട്. എന്നാൽ കണ്ടു പരിചയിച്ച വൻകിട താരനിരകളുടെ സിനിമകൾ മാത്രം കണ്ടു രുചി പറ്റിയ ഒരു മാനസികാവസ്ഥയുമായി സിനിമയെ സമീപിക്കുന്നവരെ സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെയും നിരവധി പുതുമുഖങ്ങളെ അണിനിരത്തിയും നിർമ്മിച്ച ഈ ചിത്രം അല്പം നിരാശപ്പെടുത്തിയെന്നിരിക്കും.

അവസാനം വരെ പ്രേക്ഷകരിൽ നില നിർത്താൻ കഴിയുന്ന സസ്പെൻസ്, ഒരു ഘട്ടത്തിലും വിരസത തോന്നാനിടവരാത്ത വിധം ഹാസ്യത്തിന്റെ മേമ്പൊടികൾ, അനിവാര്യമായ സന്ദർഭത്തിൽ മാത്രമുള്ള സംഘട്ടനങ്ങൾ, കഥാഗതിയ്ക്ക് ആവശ്യമായ സന്ദർഭത്തിലെ ഗാന ചിത്രീകരണം മുതലായവ ഈ സിനിമയുടെ സവിശേഷ ചേരുവകളായിട്ടുണ്ട്. ഒരു സാധാരണ പ്രേക്ഷകർ ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയാണ്. മുഖ്യ കാഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് നടന്മാരും- മഖ്ബൂൽ സൽ‌മാൻ, ഫവാസ് സയാനി-  (സിനിമയിലെ അനിൽ മേനോൻ, എസ്.ഐ) എന്നിവർ സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമില്ലെങ്കിലും പ്രധാന കഥാപാത്രങ്ങൾക്ക് മികവേകാം എന്ന് തെളിയിച്ചിട്ടുണ്ട്. മഖ്ബൂൽ സൽ‌മാന്റെ  ശരീരഭാഷയ്ക്ക് ശരിയ്ക്കും ഇണങ്ങുന്നതായിരുന്നു അനിൽ മേനോൻ എന്ന കഥാപാത്രം.
കൊച്ചു   പ്രേമൻ, നോബി തുടങ്ങിയവരുടെ ഹാസ്യ വേഷങ്ങളും മോശപ്പെട്ടില്ല. പ്രത്യേകിച്ച് കൊച്ചു  പ്രേമന്റെ ഡയലോഗുകളും അതിന്റെ പ്രസന്റേഷനും ഇടയ്ക്കിടെ നല്ല ചിരിക്ക് വക നൽകുന്നുണ്ട്. ആദ്യ പകുതിയിലെ ചെറിയൊരു ഇഴച്ചിൽ, ഉടനീളം മികവുറ്റ അഭിനയം കാഴ്ച വച്ച പ്രതിനായകന് അവസാന ചില രംഗങ്ങളിൽ വന്ന ഒരു പതർച്ച, അവസാന രംഗങ്ങളിൽ ഡയലോഗുകൾക്ക് പ്രതീക്ഷിച്ചത്ര പഞ്ച് കിട്ടാത്തത് എന്നിവ ചെറിയ വിമർശനങ്ങളായി വേണമെങ്കിൽ ഉന്നയിക്കാം.
സിനിമയുടെ സാങ്കേതികതയെക്കുറിച്ച് പരക്കെ പരിജ്ഞാനമുള്ളവർക്ക് പല കുറ്റങ്ങളും കുറവുകളും ഇതിൽ കണ്ടെത്താൻ കഴിഞ്ഞെന്നിരിക്കും. അതിപ്പോൾ ഏതൊരു ബിഗ് ബജറ്റ് ചിത്രത്തിലും ഭൂതക്കണ്ണാടി വച്ച് നോക്കിയാൽ പല കുറ്റങ്ങളും കണ്ടെത്താൻ കഴിയും. എന്നാൽ ഈ സിനിമ എത്രമാത്രം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാക്ഷാൽകരിച്ച ഒരു പ്രോജക്ട് ആണെന്ന് മനസ്സിലാക്കിയാൽ സാങ്കേതികമായ പോരായ്മകളെ ഗൗരവത്തിലെടുക്കാൻ കഴിയില്ല. വളരെ കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തീകരിക്കാൻ പാകത്തിൽ ഒതുക്കിയെടുക്കാൻ ഇതിന്റെ കലാപാരവും സാഹിത്യപരവും സാങ്കേതികവുമായ വിവിധ മേഖാലകളിൽ പല വിട്ടുവീഴ്ചകളും ഇതിന്റെ ശില്പികൾക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ പരിമിതികളുടെ സമ്മർദ്ദം കണക്കിലെടുക്കുമ്പോൾ ഈ സിനിമ ശരാശരിക്കും മേലെയാണെന്ന് കാണാൻ കഴിയും.

തിയേറ്ററുകളിൽ വന്നുപോകുന്ന നിരവധിചിത്രങ്ങളിൽ പ്രേക്ഷകമനസ്സിൽ സവിശേഷമായ ഒരിടം നേടുന്ന ഒരു കലാ ശില്പം എന്ന നിലയ്ക്കു തന്നെ മലയാള സിനിമാ ചരിത്രത്തിൽ വാൺ ഡേയും അടയാളപ്പെടുത്തപ്പെടും. പ്രേക്ഷകർ ഈ സിനിമയെ വേണ്ടവിധം വരവേൽക്കും എന്നാണ് പ്രതീക്ഷ. ആദ്യ ദിവസത്തെ സൂചന അതായിരുന്നു. എന്നാൽ തിയേറ്ററുകളിൽ എത്ര ദിവസം ഓടുന്നു, എത്ര മേൽ സാമ്പത്തിക വിജയം നേടുന്നു എന്നതിനെ അടിസ്ഥാനമാക്കി മാത്രം ഒരു സിനിമ വിലയിരുത്തപ്പെടുകയുമരുത്. വൻ സാമ്പത്തിക വിജയം നേടിയ എല്ലാ സിനിമകളും നല്ല സിനിമകളോ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രങ്ങളത്രയും മോശപ്പെട്ട ചിത്രങ്ങളോ ആയിരുന്നിട്ടില്ല.

ഈ സിനിമയുടെ സംവിധായകൻ സുനിൽ വി പണിക്കരും, ഇതിന്റെ കഥയും തിരക്കഥയും, സംഭാഷണവും എഴുതിയ ഡോ.ജെയിംസ് ബ്രൈറ്റും, ഈ ചിത്രത്തിനു പണം മുടക്കിയ ഡോ. മോഹൻ ജോർജ്ജും ഒക്കെ നല്ല ബ്ലോഗ്ഗർമാരാണ്. വൻപുലികൾ മേയുന്ന മലയാള സിനിമാ രംഗത്തേയ്ക്ക് അവർ പ്രവേശിക്കുമ്പോൾ അത് ബ്ലോഗ്ഗർമാർക്ക് അഭിമാനവും ആവേശവും ഉണ്ടാക്കുന്നുണ്ട്. അവരെല്ലാം വളരെ നല്ല സിനിമാ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. ഒരു സിനിമയ്ക്ക് വേണ്ട കഥയും തിരക്കഥയും സംഭാഷണവുമൊക്കെ അനായാസം എഴുതാൻ കഴിയുമെന്ന് ഡോ. ജെയിംസ് ബ്രൈറ്റ് തെളിയിച്ചിരിക്കുന്നു. ബ്ലോഗെഴുത്തിൽ നിന്ന് ആർജ്ജിച്ച എഴുത്തിന്റെ ഊർജ്ജം അദ്ദേഹത്തിന് ഇനിയും പ്രചോദനമാകട്ടെ.

സംവിധായകൻ സുനിൽ വി പണിക്കരാകട്ടെ ഇതിനു മുമ്പേ തന്നെ ചില സിനിമാ പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ളതാണ്. എന്നാൽ പിൽക്കാലത്ത് പ്രശസ്തരായ പല നല്ല സംവിധായകർക്കും സംഭവിച്ചിട്ടുള്ളതുപോലുള്ള പല നിർഭാഗ്യങ്ങളാൽ അദ്ദേഹത്തിന് ഒരു എൻട്രി ഇതുവരെ ലഭിക്കാതെ പോയി. എന്നാൽ വൺ ഡേ തിയേറ്ററുകളിൽ എത്തുന്നതുവഴി മലയാള സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുനിൽ വി പണിക്കർ മലയാള സിനിമയ്ക്ക് ഒരു നല്ല പ്രതീക്ഷയാണ്. നല്ല പ്രോജക്ടുകൾ കിട്ടിയാൽ നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മ വിശ്വാസം എത്രയോ നാൾമുതലേ വച്ചു പുലർത്തുന്ന ഒരു യുവാവാണ് അദ്ദേഹം. സിനിമ വലിയ മുതൽ മുടക്കുള്ള ഒരു വ്യവസായമായതിനാൽ പണം മുടക്കുന്നവർ ഒരു പരീക്ഷണത്തിനു നിൽക്കാറില്ല എന്നതാണ് ഇദ്ദേഹത്തെ പോലെ ടാലന്റുള്ള പലർക്കും അവരുടെ കഴിവുകൾ തെളിയിക്കാൻ കഴിയാതെ പോകുന്നത്.

തന്റെ അടുത്ത പടം ഇതിനേക്കാൾ നന്നായിരിക്കും എന്ന് ഈ യുവ സംവിധായകൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വൺഡേ എന്ന തന്റെ കന്നി ചിത്രം വഴി മലയാള സിനിമാ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന സുനിലിന്റെ ആത്മ വിശ്വാസം കുറെക്കൂടി വർദ്ധിച്ചിട്ടുമുണ്ടാകും. ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ ഒരു സിനിമയുടെ ശില്പികൾക്ക് തങ്ങളുടെ കഴിവികൾക്കനുസരിച്ച് അവരുടെ സിനിമാ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ കഴിയുകയുള്ളൂ. അത്തരം വലിയ പ്രോജക്ടുകൾ വൺ ഡേയുടെ ശില്പികൾക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. വൺ ഡേയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും തുടർന്നുള്ള പ്രോജക്ടുകൾക്ക് ഭാവുകങ്ങളും നേരുന്നു.

Saturday, December 5, 2015

ഒരുമയുടെ ഉത്സവമാകട്ടെ നാടിന്റെ വികസനം

ഒരുമയുടെ ഉത്സവമാകട്ടെ നാടിന്റെ വികസനം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു. എങ്കിലും പൊതുവെ സമാധാനപരവും സൗഹാർദ്ദപരവുമയിരുന്നു തെരഞ്ഞെടുപ്പ്. അനിഷ്ട സംഭവങ്ങൾ വളരെയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇത് പക്വമായ ജനാധിപത്യത്തിന്റെ സൂചനയാണ്. പൊതുവെ ഈ തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യ മഹോത്സവമായാണ് ജങ്ങൾ കൊണ്ടാടിയത്. എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. ധാരാളം സ്വതന്ത്രൻമാർ മത്സരിച്ചെങ്കിലും അവരിൽ ചിലരൊക്കെ ജയിച്ചിട്ടുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് പൊതുവെ രാഷ്ട്രീയ മത്സരമായിരുന്നു. എൽ.ഡി.എഫിനാണ് മൊത്തത്തിൽ ഇപ്പോൾ മേൽക്കൈ നേടനായിരിക്കുന്നത്. യു.ഡി.എഫ് രണ്ടാം സ്ഥാനത്തും. സീറ്റുകളുടെ എണ്ണത്തിൽ ഈ രണ്ടു കൂട്ടരോടും അടുത്തെത്താനായിട്ടില്ലെങ്കിലും ബി.ജെ.പി മുന്നണിയും അവരുടേതായ സാന്നിദ്ധ്യം അറിയിച്ച് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
 
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അതിന്റെ കടുത്ത രഷ്ട്രീയമാത്സര്യം ഇല്ലാതാകണം. ഭൂരിപക്ഷം നേടിയവർ പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കണം. പ്രതിപക്ഷത്തുള്ളവർ ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുകയും വികസനപ്രവർത്തനങ്ങൾക്ക് ഭരണ പക്ഷത്തിന് ഉറച്ച പിന്തുണ നൽകുകയും വേണം. ഭരണ സ്തംഭനം ഉണ്ടാക്കുന്ന വിധത്തിലുള്ള രഷ്ട്രീയ കിടമത്സരങ്ങൾക്കുള്ള വേദിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മാറാതിരിക്കാൻ പരമവധി വിട്ടു വീഴ്ചകൾക്ക് രാഷ്ട്രീയകക്ഷികൾ തയ്യാറാകണം. കാരണം ജനങ്ങളോട് ഏറ്റവും അടുത്തു നിൽക്കുന്ന ഭരണകൂട സ്ഥാപനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. താഴെ തട്ടിൽ നടിന്റെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. പരമ്പരാഗതമായ വികസന സങ്കല്പങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ കാലാനുസാരിയായ വികസന സങ്കല്പങ്ങൾക്ക് രൂപം നൽകാൻ പുതിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാകുകയും വേണം.

വികസനമെന്നാൽ റോഡ് നിർമ്മാണം മാത്രമാണെന്ന ധാരണ മാറണം. ഗതാഗത രംഗത്ത് പുരോഗതി ഉണ്ടാകേണ്ടെന്നല്ല; എന്നാൽ അതു മാത്രമാകരുത് വികസനം. കരാറുകാർക്കും അഴിമതിയിൽ തല്പരരായ ജന പ്രതിനിധികൾക്കും നേതാക്കൾക്കും ഗുണമുള്ള പ്രോജക്ടുകൾക്ക് മാത്രം മുൻതൂക്കം നൽകുന്ന പ്രവണത മാറണം. പല പ്രോജക്ടുകളും കരാറുകാർ കൊണ്ടു വരുന്നതാണെന്നും ജന പ്രതിനിധികൾ അവരുടെ ഉത്തരവാദിത്വങ്ങൾ കരറുകാർക്ക് അടിയറ വയ്ക്കുന്നു‌വെന്നെന്നും ഉള്ള ആക്ഷേപങ്ങൾ പൊതുവേ ഉള്ളതാണ്. വികസന കാര്യങ്ങൾ കരാറുകാർ തീരുമാനിച്ചാൽ റോഡുകൾ മത്രമേ വരൂ. കാരണം അവർക്ക് ഏറ്റവും ലാഭം റോഡുകളാണ്. അഴിമതിക്കാരായ ജനപ്രതിനിധികൾക്ക് അതിന്റെ വിഹിതവും കിട്ടും. രഷ്ട്രീയ പാർട്ടികൾ അവരവരുടെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ജനപ്രതിനിധികൾ അഴിമതിക്കാരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം പർട്ടി ഫണ്ടിന്റെ പേരു പറഞ്ഞാണ് പല ജന പ്രതിനിധികളും കരാറുകാരിൽ നിന്ന് പണം പറ്റുന്നത്.
 
പറഞ്ഞു വന്നത് വികസന പ്രവർത്തനമെന്നാൽ പുതിയ റോഡുണ്ടാക്കലും ടാറു ചെയ്യാത്തവ ടാറുചെയ്യലും മാത്രമാകരുത് എന്നാണ്. ഗതാഗതം, വാർത്താവിനിമയം എന്നിവയ്ക്കു പുറമെ കുടിവെള്ളം, അരോഗ്യം, ശുചിത്വം, പാർപ്പിടം, വിദ്യാഭ്യാസം, കൃഷി, മറ്റ് ക്ഷേമപ്രവർത്തനങ്ങൾ മുതലായവയ്ക്ക് നാളിന്നു വരെ നൽകിയതിനെക്കാൾ കൂടുതൽ പ്രാമുഖ്യം നൽകണം. ആരോഗ്യപരിപാലന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അലകും പടിയും മാറണം. എല്ലാ വിദ്യലയങ്ങളും ആധുനീകരിക്കണം. എല്ലാ പൊതു വിദ്യാലയങ്ങൾക്കും നല്ല കെട്ടിടം, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, വാഹനം, കലാകായിക സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, മുതലായവ ഉണ്ടാകണം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ലഘൂകരിക്കനുതകുന്ന ക്ഷേമ പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും കൊണ്ടു വരണം.

തനതു വരുമാന ലഭ്യതയിൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു പോലെയല്ല. സർക്കാർ ഗ്രന്റുകളാണ് പ്രധന ആശയം. സർക്കാർ ഗ്രാന്റുകൾ, എം.പി, എം.എൽ.എ ഫണ്ടുകൾ തുടങ്ങിയവ വർദ്ധിപ്പിക്കാൻ നടപടികൾ ഉണ്ടാകണം. സർക്കാരിന്റെയും അതിന്റെ എല്ലാ ഏജൻസികളുടെയും ചുമതല പ്രധാനമായും ജനക്ഷേമവും നാടിന്റെ വികസനവുമാണ്. എല്ലാവരും ഒത്തു പിടിച്ചാൽ നടിന്റെയും ജനങ്ങളുടെയും സർവ്വതോൻമുഖമായ വികസനത്തിൽ പ്രവചനതീതമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും. അതിനാകട്ടെ നമ്മുടെ പരിശ്രമം!