
കണ്ണൻ സൂരജ് സംവിധാനം ചെയ്ത "യാനം മഹായാനം" സിനിമ 2016 ജനുവരി 8 വെള്ളിയാഴ്ച റിലീസായി. ആദ്യ ഷോ തന്നെ കണ്ടു. ഇടതു തീവ്രവാദം പ്രമേയമാക്കി പി. സുരേന്ദ്രൻ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നോവലിസ്റ്റ് തന്നെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൂല കൃതിയോട് കൂടുതൽ നീതി പുലർത്താനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിനോദ മൂല്യത്തേക്കാൾ കലാമൂല്യത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയെ വിലയിരുത്താൻ കഴിയുക. എങ്കിലും എല്ലാത്തരം പ്രേക്ഷർക്കും കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമാണ്. മാത്രവുമല്ല ഇത് വ്യക്തമായ ഒരു സന്ദേശം സമൂഹത്തിനു നൽകുന്നുണ്ട്.
ഇടതു തീവ്രവാദം പ്രമേയമാക്കി മലയാളത്തിലും മറ്റു ഭാഷകളിലും ധാരാളം ആർട്ട് സിനിമകളും കൊമേഴ്സ്യൽ സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഉണ്ടായിരുന്നിട്ടുണ്ട്. അക്കൂട്ടത്തിൽ സവിശേഷമായ ഒരു സിനിമകൂടി. അതാണ് യാനം മഹായാനം. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പുതുമുഖങ്ങൾ അണിനിരന്നിരിക്കുകയാണ്.
പറയാൻ വേണ്ടി പറയാനാണെങ്കിൽ പല കുറ്റങ്ങളും കുറവുകളും കണ്ടെത്താമെങ്കിലും ഈ ചിത്രം ശരാശരിക്കു മുകളിൽ മാർക്കിടാവുന്ന നിലവാരം പുലർത്തുന്നുണ്ട്. ബഡ്ജറ്റിന്റെ പരിമിതികളിൽ ഒരു സിനിമാ നിർമ്മിതിയുടെ വിവിധ തലങ്ങളിലും വീർപ്പുമുട്ടി പൂർത്തീകരിക്കപ്പെടുന്ന ഒരു സിനിമ ശരാശരിയായാൽ പോലും ആ സിനിമ വിജയിച്ചു എന്നാണർത്ഥം. ചിത്രത്തിൽ അല്പം ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. ഒളിവിലേയ്ക്കുള്ള യാത്രയിലാണ് ഈ ഇഴച്ചിൽ കൂടുതലായി തോന്നുക. പക്ഷെ ആ യാത്ര അനിവാര്യവുമാണ്. ശേഷമുള്ള കുറെ ഭാഗങ്ങൾ ഒരു നാടക സമാനമായി തോന്നി. ലൊക്കേഷനുകൾ അധികമില്ലല്ലോ. അതൊന്നും സംവിധായകന്റെ കൈപ്പിഴകളല്ല. നിർമ്മാണച്ചെലവും പ്രമേയത്തിന്റെ ഗൗരവവും തമ്മിൽ വേണ്ടത്ര പൊരുത്തപെടാത്ത പരിതസ്ഥിതികളുടെ സമ്മർദ്ദത്തിലും സംവിധായകൻ സിനിമയെ അധികം പതർച്ചയില്ലാതെ വിജയത്തിലെത്തിക്കുന്നുണ്ട്. ഛായാഗ്രഹണവും ഏറെക്കുറെ കുറ്റമറ്റ രീതിയിൽ നിർവ്വഹിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അതിൽ ഗ്രാഹ്യമുള്ളവർകൂടി അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഇതിലെ മുഖ്യ കഥാപാത്രത്തെ (അഭിമന്യു) അവതരിപ്പിച്ച നടൻ മികവുറ്റ അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത്. അദ്ദേഹം ആദ്യമായി കാമറയ്ക്കു മുന്നിൽ എത്തിയതാണെന്നാണ് ഈ സിനിമയുടെ കാമറാമാൻ കപിൽ റോയ് പറഞ്ഞത്. എന്നാൽ ആദ്യം കാമറയ്ക്കു മുന്നിൽ വരുന്ന ഒരാളാണെന്ന് ഒരിക്കലും തോന്നുകയില്ല. പരിചയ സമ്പന്നനായ ഒരു നടന്റെ എല്ലാ ലക്ഷണ മികവും ഈ നടനിൽ ഉണ്ടായിരുന്നു. ആ കഥാപാത്രം എന്താണോ അതായി അങ്ങ് ജീവിക്കുകയായിരുന്നു ഈ നടൻ. മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾക്ക് കഴിയുന്നത്ര ഭാവം പകർന്നിട്ടുണ്ട്. എല്ലാവരും പുതുമുഖങ്ങളാണെങ്കിൽ കൂടിയും അത് സിനിമയുടെ കച്ചവടമൂല്യങ്ങൾക്കല്ലാതെ കലാമേന്മയ്ക്ക് ഒട്ടും കുറവു വരുത്തിയിട്ടില്ല.
സംഭാഷണങ്ങളുടെ ബാഹുല്യം ഈ സിനിമയിലില്ല. എന്നാൾ ഉള്ളവയൊക്കെ ഉൾക്കാമ്പുള്ള വാക്കുകളാണ്. അനിവാര്യമായ സംഭാഷണങ്ങൾ മാത്രം. സംഭാഷണങ്ങൾ അതതു ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത് എഴുതിക്കാണിക്കാതെ തന്നെ ഒരു സിനിമ ഏതു ഭാഷക്കാരനും മനസ്സിലാക്കാൻ കഴിഞ്ഞാൽ ആ സിനിമ ഭാഷാതിവർത്തിയും ദേശാതിവർത്തിയും ആകും. പ്രമേയത്തെക്കുറിച്ച് ഒരു ചെറിയ സൂചന നൽകിയാൽ യാനം മഹായാനം എന്ന ഈ ചിത്രത്തിലെ ദൃശ്യ ഭാഷയും അഭിനയ ഭാഷയും കൊണ്ടുതന്നെ ഏത് ഭാഷക്കാരനും ഈ സിനിമ മനസ്സിലാകും എന്നത് ഏടുത്തു പറയാവുന്ന ഒരു സവിശേഷതയാണ്.
ഒരു കാലാ രൂപത്തിന് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ സ്വാധീനിക്കാനാകും എന്നു തന്നെ ഉത്തരം. അല്ലെങ്കിൽ പല കലാരൂപങ്ങളും നില നിൽക്കുമായിരുന്നില്ല. ഓരോ കാലത്തും ഓരോരോ കലാരൂപങ്ങൾ അതതു കാലത്തെ ജനങ്ങളെ സ്വാധീനിച്ചിരുന്നു. സിനിമയ്ക്ക് ഇത്രയും പ്രചാരം ലഭിക്കുന്നതിനു മുമ്പ് നാടകങ്ങൾ കേരളീയ സമൂഹത്തെ ഗണ്യമായി സ്വാധീനിക്കുകയും പല സാമൂഹ്യ മാറ്റങ്ങൾക്കും കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്തിന് ഒരു കാലത്ത് കഥാപ്രസംഗങ്ങൾ പോലും-പ്രത്യേകിച്ച് വി.ശിവന്റെ-കേരള സമൂഹത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. സിനിമയാകട്ടെ ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ കലയാണ്. അത് ജങ്ങളെ ബഹുവിധം സ്വാധീനിക്കും എന്നതിൽ ആരും തർക്കിക്കും എന്ന് തോന്നുന്നില്ല.
എന്നാൽ സമൂഹത്തിനു ആശാസ്യവും അനാശാസ്യവുമായ വിധത്തിൽ ഈ ദൃശ്യകല ജനങ്ങളെ സ്വാധീനിക്കും. ആശാസ്യമല്ലാത്ത വിധം സിനിമ ജനങ്ങളെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സ്വാധീനിക്കും എന്ന് ആരോപിക്കുമ്പോഴാണ് സിനിമയുടെ ചില വക്താക്കൾ സിനിമ കേവലം വിനോദോപാധിയാണെന്നും അത് ആരിലും അത്രമേൽ തെറ്റായോ ശരിയായോ ഒരു പ്രേരണയും ചെലുത്തില്ലെന്നും വാദിക്കുന്നത്. കുട്ടികളിൽ കുറ്റവാസനയുണ്ടാക്കുന്നതിൽ സിനിമ പ്രേരകമാകുന്നുണ്ട് എന്ന ആരൊപണങ്ങൾ പലപ്പോഴും ഉയർന്നു വരാറുള്ളതാണ്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും സിനിമയുൾപ്പെടെ അവർ ആസ്വദിക്കുന്ന കലാ രൂപങ്ങൾ പല സ്വാധീനങ്ങളും ചെലുത്തും. സിനിമകളിൽ കാണുന്ന കാര്യങ്ങൾ പലതുമാണ് ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്നത്. അതിൽ അഭിലഷണീയമായതും അനഭിലഷണീയമായാതും കാണും.
പറഞ്ഞു വന്നത് കലാ സാഹിത്യ സൃഷ്ടികാൾക്ക് ജനങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും പെരുമാറ്റങ്ങളെയും ഒക്കെ സ്വാധീനിക്കാൻ കഴിയും എന്നുതന്നെയാണ്. പരസ്യങ്ങൾ ജനങ്ങളെ സ്വാധീനിക്കുന്നില്ലെ? അല്ലെങ്കിൽ പരസ്യങ്ങളെന്തിന്? അതുപൊലെ കലയും സാഹിത്യവും മറ്റും. ദോഷവശങ്ങൾ ഏതിലുമുണ്ട്. ജീവിതം തന്നെ ഒരു അനുകരണമാണ് എന്നിരിക്കെ കലയ്ക്കും സാഹിത്യത്തിനുമൊക്കെ ജനങ്ങളിൽ ഒരുപാട് പ്രേരണകളും കുറച്ചൊക്കെ ദുഷ്പ്രേരണകളും സൃഷ്ടിക്കാനാകും എന്ന് സാമാന്യമായി പറയാം. പ്രത്യേകിച്ച് സിനിമ, സീരിയൽ പോലുള്ള ദൃശ്യാ കലകൾ ജനങ്ങളുടെ ജീവിതത്തിൽ പല അനുരണനങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്ന യാതാർത്ഥ്യം നാം എത്രയോ കാലമായി കാണുന്നു. അതുകൊണ്ടുതന്നെ സിനിമയിൽ ഒരു നല്ല സന്ദേശമുണ്ടെങ്കിൽ അത് കാണുന്നവരെ സ്വാധീനിക്കുകതന്നെ ചെയ്യും.
യാനം മഹായാനം എന്ന സിനിമ സമൂഹത്തിന് പ്രത്യേകിച്ച് രാഷ്ട്രീയപ്രവർത്തകർക്കും രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും വ്യക്തമായ ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ഗുണപാഠങ്ങൾ നൽകുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലെ നക്സലിസം പ്രമേയമാക്കി മുമ്പും പല ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചില പുതിയ ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്. കാരണം തമുറകൾ മാറി മാറി വരുമ്പോൾ ചാരിത്രത്തിലെ അനുഭവ പാഠങ്ങളും പകർന്നു നൽകിക്കൊണ്ടിരിക്കണം.
ലോകത്ത് വിവിധ തരം തീവ്രവാദവും പൊട്ടിത്തെറികളും തുടർന്നുകൊണ്ടിരിക്കുമ്പോൾ ഏതൊരു ചെറു സമൂഹത്തിനും സമാധാനത്തിന്റെ ഒരു സന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അത് മഹത്തരം തന്നെ. മാത്രവുമല്ല ദേശീയ- സാർവ്വ ദേശീയ രംഗങ്ങലിലുള്ള കൊടിയ വർഗ്ഗീയ തീവ്രവാദ ഭീകരതകൾക്കിടയിൽ വാർത്തകളിൽ അത്രകണ്ട് പ്രാധാന്യം ലഭിക്കുന്നില്ലെങ്കിലും എല്ലാത്തരം തീവ്രവാദങ്ങളുമെന്ന പോലെ ഇടതു തീവ്രവാദവും കേരളത്തിലും ഇന്ത്യയിലും അത്രമേൽ അന്യം നിന്നു പോയിട്ടില്ല എന്നുകൂടി നമ്മൾ തിരിച്ചറിയണം. തീർച്ചയായും സ്ഥിരം ചലച്ചിത്രാസ്വാദകർ മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകാരും രാഷ്ട്രീയ വിദ്യാർത്ഥികളും ചരിത്ര വിദ്യാർത്ഥികളും നിർബന്ധമായും ഈ ചിത്രം കാണണം.
2 comments:
വായിച്ചപ്പോൾ നിർബന്ധമായും കാണണം എന്ന് തോന്നുന്നു
നല്ല അവലോകനം...
‘ഇടതു തീവ്രവാദം പ്രമേയമാക്കി മലയാളത്തിലും
മറ്റു ഭാഷകളിലും ധാരാളം ആർട്ട് സിനിമകളും കൊമേഴ്സ്യൽ
സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഓരോന്നിനും അതിന്റേതായ സവിശേഷതകളും
ഉണ്ടായിരുന്നിട്ടുണ്ട്. അക്കൂട്ടത്തിൽ സവിശേഷമായ ഒരു സിനിമകൂടി. അതാണ്
യാനം മഹായാനം. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പുതുമുഖങ്ങൾ അണിനിരന്നിരിക്കുകയാണ്.‘
Post a Comment