പട്ടികജാതി-പട്ടികവർഗ്ഗ വീടുകളിൽ പഠന മുറി
പുതിയ എൽ.ഡി.എഫ് ഗവർണ്മെന്റ് ശ്രദ്ധാർഹവും
ഏറെ അഭിനന്ദനാർഹവുമായ ഒരു പല തീരുമാനങ്ങളും ഇതിനോടകം എടുക്കുകയും അതിൽ പലതും ഈ ചുരുങ്ങിയ
നാളുകൾക്കുള്ളിൽ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് എന്നത് എൽ.ഡി.എഫിന്റെ രാഷ്ട്രീയ എതിരാളികൾ
പോലും പരക്കെ സമ്മതിക്കുന്ന കാര്യമാണ്. അക്കൂട്ടത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന ഏറ്റവും
വിപ്ലവകരമായ ഒരു തീരുമാനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രചോദനം. ഇതിൽ രാഷ്ട്രീയമില്ല.
തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവർണ്മെന്റിന്റെ നല്ല പ്രവർത്തനങ്ങളൊടുള്ള ഒരു ക്രിയാത്മക
പ്രതികരണം മാത്രമാണ്.
പട്ടിക ജാതി ക്ഷേമ വകുപ്പ് മുഖാന്തരം സാമ്പത്തികമായി പിന്നോക്കം
നിൽക്കുന്ന പട്ടികജാതി-പട്ടിക വർഗ്ഗ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അവരുടെ വീടിനോട്
ചേർന്ന് പഠന മുറികൾ നിർമ്മിച്ചു നൽകാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഒരു
പക്ഷെ അടുത്ത കാലത്തൊന്നും മാറി മാറിവന്ന ഒരു സർക്കാരും ഇത്രയധികം ശ്രദ്ധാർഹമായ ഒരു
ജനക്ഷേമ പ്രവർത്തനം നടത്തിയിട്ടുണ്ടാകില്ല.
പൊതുവിദ്യാലയങ്ങളിലെ
ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും
അക്കാഡമിക നിലവാരം ഉയർത്തുന്നതിനും ഏറെ ഫണ്ടുകൾ വിനിയോഗിച്ചു വരുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾ ഉൾപ്പെടെ സാമൂഹ്യമായും
സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
സംവരണവും അവരുടെ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ
അടക്കമുള്ള പല സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും മുമ്പേ തന്നെ നൽകിപ്പോരുന്നുണ്ട്.
എന്നാൽ ഈ കുട്ടികൾ നല്ലൊരു പങ്കും പഠനത്തിൽ
പിന്നോക്കം പാതി വഴിയിൽ പഠനം ഉപേക്ഷിക്കാനും
ഉള്ള കുടുംബപരമായും സാമൂഹ്യമായുമുള്ള കാരണങ്ങൾ വേണ്ടവിധം മനസ്സിലാക്കാനോ അതിന് പരിഹാരം
കാണാനോ ശ്രമിച്ചിരുന്നില്ല.
സ്കൂളിൽ വന്നാൽ പഠിക്കാം. വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ
സംവരണമുണ്ട്. ഉദ്യോഗങ്ങൾക്കുമുണ്ട് സംവരണം. എന്നാൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു നല്ല
വീടുണ്ടോ, വീട്ടിൽ വെളിച്ചമുണ്ടോ, കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ നല്ലൊരു കസേരയുണ്ടോ,
വച്ചെഴുതാൻ പറ്റിയ ഒരു മേശയുണ്ടോ, വീട്ടിലെ മറ്റ് ഒച്ചയും ബഹളവും അധികം കേൾക്കാതെ ഇരുന്ന്
പഠിക്കാൻ പറ്റുന്ന ഒരു പഠനമുറിയോ ഹാളോ വീട്ടിലുണ്ടൊ എന്നൊന്നും ആരും ഇതുവരെ വേണ്ടവിധം
അന്വേഷിക്കുകയോ പരിഹാരം കാണാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ ഇപ്പോഴിതാ കേരളത്തിലെ പിണറായി സർക്കാർ സാമൂഹ്യമായും
സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യങ്ങൾ കൂടി
മനസ്സിലാക്കാനും കുട്ടികളുടെ പഠനത്തിന് തടസമാകുന്ന പ്രശ്നങ്ങളും പരാധീനതകളും കണ്ടറിഞ്ഞ് പരിഹാരം കാണാനുമുള്ള ധീരമായ നടപടികൾ എടുത്ത് തുടങ്ങിയിരിക്കുന്നു. പാവപ്പെട്ട ധാരാളം കുട്ടികൾ അവരുടെ വീടുകളിലെ കുടുസ്സു
മുറികളിൽ ശ്വാസം മുട്ടിയാണ് കഴിയുന്നത് പ്രത്യേകിച്ചും കോളനി പ്രദേശങ്ങളിലെ ജനങ്ങൾ.
ഈ കുട്ടികളുടെ വീടുകളിൽ കൂടി സ്വസ്ഥമായിരുന്ന് പഠിക്കാൻ
ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും,
പൊതു സമൂഹത്തിനും കഴിഞ്ഞാൽ അത് വലിയൊരു അനുഗ്രഹം തന്നെ ആയിരിക്കും. ഇപ്പോഴിതാ എൽ.ഡി.എഫ്
സർക്കാർ അതിനൊരു മാതൃകയായിരിക്കുന്നു. കക്ഷി രാഷ്ട്രീയം മറന്ന് ഇതിൽ നാം സന്തോഷിക്കുകതന്നെ
വേണം. പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
ഇനി അവരുടെ വീടുകളിലെ സ്വന്തം പഠന മുറികളിലിരുന്ന്
സസന്തോഷം പഠിക്കാം. ഈ പദ്ധതി അതിവേഗം നടപ്പിലാകട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും
മതിയായ സൗകര്യമുള്ള വീടും പഠന മുറിയുമൊന്നുമില്ലാത്തതുമായ എല്ലാ സമുദായത്തിലും പെട്ട
കുട്ടികളുടെയും വീടുകളിലേയ്ക്കും കൂടി ഈ പദ്ധതി
വ്യാപിപ്പിക്കാൻ ശ്രമിക്കണമെന്നു കൂടി അഭ്യർത്ഥിക്കുന്നു. ഇത് ഒരു നല്ല തുടക്കമാകട്ടെ!