സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്‌ജലികൾ!
സൈമൺ ബ്രിട്ടോ അന്തരിച്ചു. ഇതിഹാസമായി, വിസ്മയമായി ജീവിച്ചിരുന്ന രക്തസാക്ഷി. ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു നോവായും കനലായും ആവേശമായും വെളിച്ചാമയും ജ്വലിച്ച ചെന്താരകം. സവിശേഷമായ സഹനത്തിന്റെയും അതിജീവനത്തിന്റെയും അനുഭവസാക്ഷ്യമായി ജീവിച്ച ഒരു മെഡിക്കൽ സർപ്രൈസ്. തന്റെ ആയുഷ്കാല ശാരീരിക അവശതകൾക്ക് കാരണക്കാരായവരോടു പോലും ക്ഷമിച്ച് ദയാവായ്പ് കാട്ടിയ ഹൃദയവിശാലതയോടെ രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹാദരങ്ങളും അനുതാപവും ഏറ്റുവാങ്ങിയ ജീവിതമാതൃക. സഖാവിന് ആദ്രാഞ്‌ജലികൾ!
തിരുവനന്തപുരത്തു വച്ചു നടന്ന എസ് എഫ് ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ വച്ചാണ് സൈഅംൺ ബ്രിട്ടോയെ ആദ്യമായി കണ്ടതെന്നാണെന്റെ ഓർമ്മ. അതോ അതിനു മുമ്പോ. പിന്നീട്ട് എറണാകുളത്ത് എസ്.എഫ്.ഐയുടെ ഒരു പഠനക്ലാസ്സിൽ പങ്കെടുക്കാൻ പോയപ്പോൾ വിശ്രമസമയത്ത് മഹാരാജാസ് കോളേജിന്റെ മുറ്റത്തൊരു മരത്തണലിൽ ഒരാൾക്കൂട്ടം കണ്ട് അങ്ങോട്ട് ചെന്നപ്പോൾ അവിടെ മരത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഒരാൾ ശാന്തനായി കിടന്ന് എസ് എഫ് ഐ പ്രവർത്തകരോട് കുശലം പറയുന്നു. അടുത്തു ചെന്നപ്പോൽ സൈമൺ ബ്രിട്ടോ. അവിടെ പഠനക്ലാസ്സിനെ അഭിവാദ്യം ചെയ്യാൻ വന്നാതായിരുന്നു.
അതിനൊക്കെ ശേഷം പിന്നെ കാണുന്നത് തട്ടത്തുമലയി എന്റെ വീടിനോട് ചേർന്ന വീട്ടിൽ തട്ടത്തുമല സ്കൂളിലെ സത്യഭമ ടീച്ചറുടെ മകൻ ഹരിലാലിന്റെ (ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ജീവനക്കാരൻ) അതിഥിയായി എത്തിയപ്പോൾ. പത്തനം തിട്ട കോന്നി സ്വദേശികളായിരുന്നു സത്യഭാമ ടീച്ചരും കുടുംബവും. ടീച്ചർക്ക് സ്കൂളിൽ പോകാൻ സൗകര്യത്തിന് എടുത്ത വാടക വീടായിരുന്നു ഇത്. (പിന്നീട് അവർ അത് വിലയ്ക്കു വാങ്ങി. ടീച്ചർ പെൻഷനായ ശേഷം അവർ കോന്നിയ്ക്കടുത്ത് വീടുവച്ച് തമാസം മാറ്റി)) . ഹരിയുമായി ബ്രിട്ടോ വളയെ വലിയ അടുപ്പത്തിലായിരുന്നു എന്ന് അന്നാണ് ഞങ്ങൾ അറിയുന്നത്. തിരുവനതപുരത്ത് ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴിയിലാണ് ഇവിടെ ഒരു രാത്രി തങ്ങിയത്.
പിന്നീട് ഹരിയുടെ വിവാഹത്തിനന്റെ തലേദിവസം ഹരിയുടെ വീട്ടിലെത്തിയ ബ്രിട്ടോയുടെ ജീവിത സഖി സീനാ ഭാസ്കർ അവിടെ സ്ഥലസൗകര്യമില്ലാത്തതിനാൽ ഞങ്ങൾ താമസിക്കുന്ന കൊച്ചു വീട്ടിൽ വന്ന് എന്റെ ഉമ്മയുടെ കൊച്ചു മുറിയിൽ താമസിച്ചതും ഏറെ രാത്രിയാകുവോളം ബ്രിട്ടോയുടെ കഥയൊന്നും അത്രമേൽ അറിയാത്ത ഉമ്മയുടെ ബ്രിട്ടോയെ കുറിച്ചുള്ള അനുതാപപൂർവമായ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതും ഇത്തരുണത്തിൽ ഞാൻ ഓർക്കുന്നു. വെഞ്ഞാറമൂട് സ്വദേശിനിയായ സീനാ ഭാസ്കർ ബ്രിട്ടോയെ വിവാഹം കഴിക്കുന്നതിനു മുമ്പേ എനിക്കറിവുള്ളതാണ്. ഞങ്ങൾ ഒരേസമയം എസ്.എഫ് ഐയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്നു.
ബ്രിട്ടോയോടൂള്ള അനുതാപ പ്രണയം മാത്രമായിരുന്നില്ല ബ്രിട്ടോയെ പരിചരിക്കാൻ ഒരു പെൺകൂട്ടിന്റെ ആവശ്യം ബോദ്ധ്യപ്പെട്ടതുകൊണ്ടു കൂടിയാണ് അരയ്ക്ക് താഴെ സ്തംഭിച്ച് ഒരേ കിടപ്പിൽ കഴിയുന്ന ബ്രിട്ടോയെ സീന വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അങ്ങനെ തീഷ്ണമായ യുവതവത്വത്തെ മനുഷ്യസ്നേഹത്തിന്റെ പരമോന്നതിയ്ക്ക് കീഴ്പെടുത്തി ഒരു വിപ്ലവം കുറിക്കുകയായിരുന്നു സീനാ ഭാസ്കർ എന്ന ഞങ്ങളുടെ പഴയ സഹപ്രവർത്തക.
കാലന്തരെ നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് സന്ദർഭങ്ങളുണ്ടായിരുന്നില്ലെങ്കിലും പഴയകലാ ബന്ധങ്ങളുടെ ഓർമ്മകൾക്ക് ഒരുക്കലും മരണമുണ്ടായിരുന്നില്ല. ഇനി സൈമൺ ബ്രിട്ടോ നമ്മളിലൊരാളായി ഇല്ലെന്ന് വരുമ്പോൾ ഒരു ഇതിഹാസം നമ്മോടൊപ്പമില്ല എന്ന യാഥാർത്ഥ്യവുമായാണ് നമ്മൾ പൊരുത്തപ്പെടേണ്ടി വരിക. അങ്ങയുടെ ദേഹം വിയോഗിയായെങ്കിലും അങ്ങയെക്കുറിച്ചുള്ള ഓർമ്മകൾക്കോ അങ്ങയുടെ ചിന്തകൾക്കോ ആശയങ്ങൾക്കോ അങ്ങെഴുതിയ രചനകൾക്കോ അങ്ങ് നൽകിയ സ്നേഹവായ്പുകൾക്കോ വിയോഗമില്ല. റെഡ് സല്യൂട്ട് സൈമൺ ബ്രിട്ടോ. റെഡ് സല്യൂട്ട്!