Thursday, May 23, 2019

ഇനിയെങ്കിലും ഉണരൂ


ഇനിയെങ്കിലും ഉണരൂ


ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ പ്രാദെശിക വിഷയം മാത്രം. ഇതിപ്പോൾ എഴുതാതെ വയ്യ. ചില നിലപാടുകൾ എടുക്കുമ്പോൾ രാഷ്ട്രീയത്തിൽ വലിയ വില കൊടുക്കേണ്ടി വരും. കേരളത്തിലെ എൽ ഡി എഫിന്റെ കനത്ത പരാജയത്തിന്റെ കാരണങ്ങളിൽ മുഖ്യം ശബരിമല വിഷയത്തിൽ സ.പിണറായി വിജയൻ സ്വീകരിച്ച നിലപാടാണെങ്കിൽ ഈ പരാജയത്തെ അഭിമാമ്പൂർവ്വം ഏറ്റെടുക്കുന്നു. പിണറായിയുടെ ആ ചങ്കുറച്ച നിലപാടിനെ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി സ്വന്തം നിലപാടുകൾ മറച്ചു വച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയ കുടിലതന്ത്രം കാട്ടാതെ , സ്വന്തം ആദർശങ്ങളും അതിലുറച്ച ശരിയെന്ന് തോന്നുന്ന നിലപാടുകളും സ്വീകരിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതം എന്തു തന്നെയായാലും അത് ഏറ്റു വാങ്ങാൻ തയ്യാറാകുന്ന ആർജ്ജവത്തെ മോശപ്പെട്ട കാര്യമായി കണക്കാക്കുന്നില്ല. ഒരു കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു കെണിയിൽ വീണുപോയതാണെന്ന് കരുതിയാൽ പോലും ഈ പരാജയത്തിൽ അത്രമേൽ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല.രാഷ്ട്രീയത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും. 

യു ഡി എഫും ഇതുപോലുള്ള പരാജയങ്ങൾ ഇവിടെ ഏറ്റു വാങ്ങിയിട്ടുണ്ട്. പക്ഷെ ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സി പി എമ്മും എൽ ഡിഎഫ് ഒന്നാകെയും മറ്റ് ചില പാഠങ്ങൾ പഠിക്കാനുണ്ടു താനും. അത് സി പി എമ്മും എൽ ഡി എഫും വേറെ പരിശോധിക്കട്ടെ. ചില മണ്ഡലങ്ങളിൽ പരാജയപ്പെടുമായിരുന്നെങ്കിലും ദയനീയ പരാജയത്തിനു വേറെയും കാരണങ്ങളുണ്ട്. പാർട്ടി അച്ചടക്കം കണക്കിലെടുത്ത് അത്തരം കാര്യങ്ങൾ പരസ്യമായി പറയുന്നില്ല. ദേശീയതലത്തിൽ ഇപ്പോൾ ഇത്തിരിപ്പോന്ന ഒന്നു മാത്രമായ ( സി പി എമ്മിന്റെ സ്ഥിതിയും മോശം തന്നെ. അത് പറഞ്ഞ് കളിയാക്കാൻ വരണ്ട.) കോൺഗ്രസ്സ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് അധികാരം പിടിക്കുമെന്ന് പ്രതീക്ഷിച്ച് ഒടുവിൽ നാണം കെട്ടതിലും വലുതായൊന്നും കേരളത്തിലെ എൽ ഡി എഫിന്റെ പരാജയത്തെ കാണേണ്ടതില്ല. മൂന്നക്കം സീറ്റിന്റെ അടുത്തു പോലും വന്നില്ലല്ലോ കോൺഗ്രസ്സ്. (ഇതിൽ ഈയുള്ളവന് സന്തോഷമല്ല, ആത്മാർത്ഥമായ നിരാശ തന്നെയാണുള്ളത്.ഒരു നല്ല പ്രതിപക്ഷമാകാൻ പോലും കഴിയാത്ത തരത്തിൽ കോൺഗ്രസ്സ് ക്ഷീണിക്കരുതായിരുന്നു). രാജ്യം നേരിടുന്ന പൊതുവായ അപകടത്തെ അധികാരക്കൊതികൾ മാറ്റി നിർത്തി ഒരുമിച്ചു നിന്ന് നേരിടാൻ കഴിയാത്തതിൽ ഇടതുപക്ഷമടക്കം ഇന്ത്യയിലെ എല്ലാ മതേതര കക്ഷികളും ലജ്ജിക്കുകതന്നെ വേണം. 

ശബരിമല വിഷയം ഇത്രയൊക്കെ ആളിക്കത്തിച്ചിട്ടും ബി ജെ പിക്ക് ഒരു സീറ്റുപോലും നൽകാതിരുന്ന കേരളജനതയുടെ മതേതര ബോധത്തെയും വില മതിക്കണം. പക്ഷെ ഇടതിനും വലതിനും ശക്തമായ അടിത്തറയുള്ള "പ്രബുദ്ധ"(?) കേരളത്തിൽ മിക മണ്ഡലങ്ങളിലും രണ്ട് ലക്ഷത്തിലധികം വോട്ടുകൾ ബി ജെ പി പിടിച്ചിട്ടുണ്ട് എന്ന കാര്യം എൽ ഡി എഫും യു ഡി എഫും മറക്കേണ്ട. എന്തായാലും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. വീണ്ടും ശക്തമായ പ്രതിപക്ഷമില്ലാത്തതിന്റെ പേരിൽ വീണ്ടും അധികാരം കിട്ടിയ ബി ജെ പിക്കും സഹജമായ ചില ദുഷ്ടബുദ്ധികൾ വെടിഞ്ഞ് സൽബുദ്ധികൾ ഉണ്ടാകണേ എന്നും ആശംസിക്കുന്നു. എല്ലാ ഇന്ത്യക്കാരെയും അവർക്ക് മനുഷ്യരായി കാണാൻ കഴിയണേ എന്ന് സാരം! 

വെറുതെ ബി ജെ പി വിരോധവും പ്രസംഗിച്ചു നടന്നതുകൊണ്ടു മാത്രം ബി ജെ പിയെ അധികാരത്തിൽ നിന്നിറക്കാൻ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കിയ സ്ഥിതിക്ക് തുടക്കം മുതൽ തന്നെ ശക്തമായ ഒരു ബദൽ മുന്നണി പാർളമെന്റിനകത്തും പുറത്തും ഐകമത്യത്തോടെ കെട്ടിപ്പടുത്താൽ അടുത്ത തവണയെങ്കിലും നോക്കാം. അല്ലാതെ എല്ലാവർക്കും പ്രധാന മന്ത്ർഇയാകണമെന്നും പറഞ്ഞ് നടന്നാൽ നിങ്ങളുടെയൊക്കെ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരാകാൻ പോലും ബി ജെ പി സമയം തരില്ലെന്നു കൂടി ഓർമ്മിപ്പിക്കുന്നു. കാരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പി ഇന്നത്രയ്ക്ക് ശക്തമാണ്. അത് നിഷേധിക്കുന്നത് സ്വയം ആശ്വസിക്കാൻ മാത്രമേ ഉപകരിക്കൂ. 

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

വെറുതെ ബി ജെ പി വിരോധവും പ്രസംഗിച്ചു നടന്നതുകൊണ്ടു മാത്രം ബി ജെ പിയെ അധികാരത്തിൽ നിന്നിറക്കാൻ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കിയ സ്ഥിതിക്ക് തുടക്കം മുതൽ തന്നെ ശക്തമായ ഒരു ബദൽ മുന്നണി പാർളമെന്റിനകത്തും പുറത്തും ഐകമത്യത്തോടെ കെട്ടിപ്പടുത്താൽ അടുത്ത തവണയെങ്കിലും നോക്കാം. അല്ലാതെ എല്ലാവർക്കും പ്രധാന മന്ത്ർഇയാകണമെന്നും പറഞ്ഞ് നടന്നാൽ നിങ്ങളുടെയൊക്കെ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരാകാൻ പോലും ബി ജെ പി സമയം തരില്ലെന്നു കൂടി ഓർമ്മിപ്പിക്കുന്നു. കാരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പി ഇന്നത്രയ്ക്ക് ശക്തമാണ്. അത് നിഷേധിക്കുന്നത് സ്വയം ആശ്വസിക്കാൻ മാത്രമേ ഉപകരിക്കൂ...!