Thursday, October 10, 2019

ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകണം

 ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകണം

വിദ്യാഭ്യാസത്തിന് ആവോളമായി. ഇനി വാരിക്കോരി ചെലവഴികേണ്ടത് ആരോഗ്യ മേഖലയ്ക്കാണ്. ചോരാത്ത ഒരു മേൽക്കൂരയും ഇരിക്കാൻ കുറച്ചു ബഞ്ചുകളും വച്ചെഴുതാൻ കുറച്ചു മേശകളും ബ്ലാക്കോ വൈറ്റോ ബോർഡുകളും കാറ്റു കിട്ടാനും പ്രത്യേകിച്ച് കൊതുക് കയറാതിരിക്കാനും വേണ്ടുന്ന ഫാനുകളും ഏതാനും പ്രൊജക്ടറുകളും ലാപ്ടോപ്പുകളുമായാൽ തന്നെ പഠനത്തിനുള്ള സൗകര്യങ്ങളായി. എന്നാൽ സർക്കാർ ആശുപത്രികളുടെ കാര്യം അങ്ങനെയല്ല. എണ്ണിപ്പറഞ്ഞാൽ തീരാത്തത്ര അപര്യാപ്തതകൾ സർക്കാരാശുപത്രികൾക്കുണ്ട്. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും അതേ അളവിലും അതേ വേഗത്തിലും സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കണം. അല്ലെങ്കിലെന്ത് ധർമ്മാശപത്രി? 

കാലാനുസൃതം കേവലം ആപേക്ഷിമായ നേരിയ പുരോഗതികൾക്കപ്പുറം സത്യത്തിൽ ആധുനിക ചികിത്സാ സംവിധാനങ്ങളുടെയും രോഗനിർണ്ണയ സംവിധാനങ്ങളുടെയും വളർച്ചയ്ക്ക് ആനുപാതികമായി എന്ത് വികസനമാണ് ആരോഗ്യ മേഖലകളിൽ ഉണ്ടായിട്ടുള്ളത്? സർക്കാർ ആശുപത്രികളിൽ എത്തുന്ന പാവങ്ങൾ അനുഭവിക്കുന്ന ബഹുവിധ പ്രയാസങ്ങൾ ഇന്നും വിവരണാതീതമാണ്. ഇത്രയധികം ഡോക്ടർമാർ പഠിച്ചിറങ്ങുന്ന നാട്ടിൽ ഒരു ഡോക്ടറെ കാണാൻ എത്രയോ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്? വെളുപ്പാൻ കാലത്തേ പോയി തുണ്ടെടുത്ത്  വൈകുവോളം.രോഗികൾ ഊഴം കാത്തിരിക്കേണ്ടി വരുന്ന ഗതികേടിന് ഇനിയും പരിഹാരം കാണാൻ കഴിയാത്തതെന്തുകൊണ്ട്? 

പല ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങളും സർക്കാർ ആശു പത്രികളിൽ ഇനിയുമെത്തിയിട്ടില്ല. ഉള്ളവയിലാകട്ടെ ഒരു രോഗി ബുക്ക് ചെയ്തിട്ട് മാസങ്ങളോളം ഊഴം കാത്ത് കഴിയണം. ഇനി ഊഴം വന്ന് ഒരു ടെസ്റ്റ് കഴിഞ്ഞാലോ റിസൾട്ടിനായി മാസങ്ങൾ തന്നെ ചിലപ്പോൾ കാത്തിരിക്കേണ്ടി വരും. ഇതിനിടയിൽ സീരിയസായ രോഗങ്ങൾ ഉള്ളവർ മരിച്ചു പോയെന്നും വരാം. സർക്കാർ ആശുപത്രികളിലും പുറത്തും സർക്കാർ ചെലവിൽ രോഗനിർണ്ണയ സംവിധാനങ്ങൾ നാടൊട്ടുക്ക് സ്ഥാപിക്കണം. സർക്കാർ നിയന്ത്രണത്തിലുള്ള ഡയഗ്‌നോസിസ് സെന്ററുകളുടെ സ്ഥാപനത്തിനും നടത്തിപ്പിനും മേൽനോട്ടത്തിനുമായി ഒരു പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ച് അതിനാവശ്യമായ ഫണ്ടിംഗും നടത്തേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ആയുർദൈർഘ്യം സമ്പന്നന്റെ മാത്രം അവകാശമാകുന്നിടത്ത് സമത്വമില്ല. സമത്വമെന്നാൽ പാവപ്പെട്ടവർക്കു കൂടി അസുഖങ്ങളെ കുറച്ച് ആയുസ് നീട്ടാനുള്ള അവകാശങ്ങൾ കൂടി ലഭ്യമായിരിക്കുക എന്നതാണ്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സർക്കാർ ചെലവിൽ രോഗനിർണ്ണയ സംവിധാനങ്ങൾ നാടൊട്ടുക്ക് സ്ഥാപിക്കണം. സർക്കാർ നിയന്ത്രണത്തിലുള്ള ഡയഗ്‌നോസിസ് സെന്ററുകളുടെ സ്ഥാപനത്തിനും നടത്തിപ്പിനും മേൽനോട്ടത്തിനുമായി ഒരു പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ച് അതിനാവശ്യമായ ഫണ്ടിംഗും നടത്തേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ആയുർദൈർഘ്യം സമ്പന്നന്റെ മാത്രം അവകാശമാകുന്നിടത്ത് സമത്വമില്ല. സമത്വമെന്നാൽ പാവപ്പെട്ടവർക്കു കൂടി അസുഖങ്ങളെ കുറച്ച് ആയുസ് നീട്ടാനുള്ള അവകാശങ്ങൾ കൂടി ലഭ്യമായിരിക്കുക എന്നതാണ്.