Sunday, December 29, 2019

ഗവർണ്ണർക്കെതിരായ പ്രതിഷേധം

ഗവർണ്ണർക്കെതിരായ പ്രതിഷേധം

ഒരു വ്യക്തിയെ ഒരു വേദിയിലേക്ക് ക്ഷണിച്ചു വരുത്തിയിട്ട് അത് ആ വ്യക്തിക്കോ ആ വ്യക്തിയുടെ അഭിപ്രായപ്രകടനങ്ങൾക്കോ എതിരെയുള്ള ഒരു പ്രതിഷേധ വേദിയാക്കുന്നതിനോട് യോജിപ്പില്ല. അതു കൊണ്ടു തന്നെ കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ്സിൽ ഗവർണ്ണർക്കെതിരെ നടന്ന പ്രതിഷേധങ്ങൾ അല്പം അതിരുകടന്നതായി പോയില്ലേ എന്നൊരു സംശയമുണ്ട്. ഗവർണ്ണറുടെ നിലപാടുകൾക്കെതിരെ ചരിത്ര കോൺഗ്രസ്സിൽ തന്നെ അഭിപ്രായങ്ങൾ പറയാം. സംവദിക്കാം. സംവാദത്തിന്റെ മേഖലകൾ കൊട്ടിയടക്കേണ്ട കാര്യമില്ല. ഗവർണ്ണർ വരുമ്പോൾ പുറത്ത് വച്ച് സമാധാനപരമായി പ്ലക്കാഡു പിടിച്ചോ മുദ്രാവാക്യം വിളിച്ചോ പ്രതിഷേധിക്കുന്നതിൽ  തെറ്റില്ല. പക്ഷെ  ഒരതിഥി എന്ന നിലയിൽ ആ പരിപാടിയിൽ പങ്കെടുക്കാൻ വന്ന വ്യക്തി എന്ന നിലയ്ക്ക് ആ പ്രതിഷേധങ്ങൾക്ക് അത്രയും തീവ്രത വേണ്ടിയിരുന്നില്ല. ഗവർണ്ണറാക്കുന്നതിന്റെ മാനദണ്ഡങ്ങളും മാർഗ്ഗങ്ങളുമെല്ലാം എല്ലാവർക്കും അറിയാം.

ആരിഫ് മുഹമ്മദ് ഖാനെക്കാൾ എത്രയോ മടങ്ങ് വലിയ അപകടകാരികളായ കേരളത്തിൽ തന്നെയുള്ള പലരുടെയും പേരുകൾ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. അവരാരും തൽസ്ഥാനത്ത് വരാതിരുന്നത് ആശ്വാസകരം!  ബി.ജെ.പിയുടെ നോമിനിയായി വന്ന ഒരു ഗവർണ്ണർ സ്വാഭാവികമായും ആ പാർട്ടിയോടും അവരുടെ നയങ്ങളോടും അവർ നിർമ്മിക്കുന്ന നിയമങ്ങളോടുമൊക്കെ വിധേയപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഇപ്പോൾ വിവാദവിഷയമായിരിക്കുന്ന പൗരത്വ ഭേദഗതിബില്ലിനെ സംബന്ധിച്ചും അദ്ദേഹം ഒരഭിപ്രായം പറഞ്ഞാൽ അത് അദ്ദേഹത്തെ ഈ സ്ഥാനത്തിരുത്തിയവർ കൊണ്ടുവന്ന നിയമത്തെ അനുകൂലിക്കുന്നതാകാനേ തരമുള്ളു. ഒരു വ്യകതി എന്ന നിലയിൽ ഗവർണ്ണർക്കും അഭിപ്രായങ്ങൾ പറയാമെന്നിരിക്കിലും ആ ഒരു സ്ഥാനത്തിരുന്നു കൊണ്ട് രാഷ്ട്രീയ പക്ഷപാതിത്വം പുലർത്തുന്ന അഭിപ്രായങ്ങൾ പറയുന്നത് ഉചിതമോ അനുചിതമോ എന്ന് ചിന്തിക്കേണ്ടത് അദ്ദേഹത്തിന്റെ ഔചിത്യബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇപ്രകാരമൊക്കെ പറഞ്ഞ് ഈ ഗവർണ്ണറെ ന്യായീകരിക്കാൻ കഴിയുമെങ്കിലും  അല്ലയോ ആരാദ്ധ്യനായ ഗവർണ്ണർ,  ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ സ്ഥലകാലബോധമൊന്നുമില്ലാത്ത വിധം പ്രതികരിക്കുന്നതിൽ ജനങ്ങളെ കുറ്റം പറയാനാകില്ല. കാരണം അത്രമേൽ ഭയാനകമായ ഒരു നിയമത്തിന്റെ കരിനിഴലിലാണ് ജനങ്ങൾ. നമ്മുടെ ഭരണഘടനാ തത്വങ്ങളെ തന്നെ അട്ടിമറിക്കുന്ന നിയമമാണ് ഈ പൗരത്വ ഭേദഗതി നിയമം എന്നു വരുമ്പോൾ, രാജ്യത്തെ ജനങ്ങളിൽ ഒരു വിഭാഗം സ്വന്തം രാജ്യത്ത് അവരന്യരാകുമോ എന്ന് ഭയം കൊള്ളുമ്പോൾ അത്യാവശ്യം പഠിപ്പും വിവരവുമൊക്കെയുള്ള ആരിഫ് മുഹമ്മദ് ഖാനെ പോലൊരു വൃക്തി സ്വന്തം പദവി മറന്ന് സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ ജനങ്ങൾ പ്രകോപിതരാകുക സ്വാഭാവികം. അങ്ങ് ഏതാണ്ടൊക്കെ നല്ല രീതിയിൽ ജീവിതം സാർത്ഥകമാക്കി സായന്തനത്തിൽ എത്തി നിൽക്കുന്ന ആളാണ്. അങ്ങയെ പറ്റിയോ അങ്ങയുടെ ഭാവി തലമുറകളെ പറ്റി അങ്ങേയ്ക്ക് ഉൾക്കണ്ഠകൾ ഇല്ലായിരിക്കാം. പക്ഷെ എല്ലാവർക്കും അതങ്ങനെയല്ല. ഇന്നലെയെക്കുറിച്ചോ ഇന്നിനെക്കുറിച്ചോ മാത്രം ചിന്തിച്ചാൽ പോര. നാളെയെക്കുറിച്ചും ചിന്തിക്കണം. അതല്ല അങ്ങേയ്ക്ക് ഇത്തരം വിഷയങ്ങളിൽ പരസ്യമായി സംവദിക്കണമെങ്കിൽ, രാഷ്ട്രീയ നിലപാടുകൾ മറച്ചുവയ്ക്കാനാകില്ലെങ്കിൽ ഗവർണ്ണർ പദവി ഉപേക്ഷിച്ച് വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങണം.

ഇവിടെ അങ്ങേയ്ക്ക് തൊട്ടുമുമ്പ് ജസ്റ്റിസ് പി.സദാശിവം ഗവർണ്ണർ ആകുമ്പോൾ ജസ്റ്റിസ് പദവിയിലിരുന്നൊരാൾ രാഷ്ട്രീയമായി ലഭിക്കുന്ന ഒരു പദവിയിലെത്തുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി ചില പ്രതിഷേധ ശബ്ദങ്ങൾ ഉയർത്തിയിരുന്നെങ്കിലും ഗവർണ്ണറായശേഷം അദ്ദേഹം നല്ലൊരു ഗവർണ്ണറായിത്തന്നെ ആ പദവിയുടെ അന്തസ്സ് നിലനിർത്തിയിരുന്നു. അങ്ങയെ നിയമിച്ചതാരാണെങ്കിലും അങ്ങയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ചായ്‌വ് എന്താണെങ്കിലും നല്ലൊരു ഗവർണ്ണറെ അങ്ങയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന യോഗ്യതകളൊക്കെ അങ്ങേയ്ക്കുണ്ട് എന്നതു മറക്കരുത്. അതുകൊണ്ട് അങ്ങ് പി. സദാശിവത്തെ പോലെയോ അതിലും മേലെയോ ഒരു നല്ല ഗവർണ്ണറായിരിക്കാൻ ശ്രമിക്കുക. ഗവർണ്ണർ എന്ന പദവി തന്നെ വേണോ എന്നതു പോലും എക്കാലത്തും ഒരു സംവാദ വിഷയമാണ് എന്നിരിക്കിലും ആ പദവി ഉള്ളിടത്തോളം അതിന്റെയൊരു അന്തസ്സും നിഷ്പക്ഷ സ്വഭാവവും കളഞ്ഞു കുളിക്കരുത്!

Monday, December 2, 2019

തൃപ്തി കല്യാണിയും സൗജന്യ ഭക്ഷണവിതരണവും


തൃപ്തി കല്യാണിയും സൗജന്യ ഭക്ഷണവിതരണവും


തട്ടത്തുമല തൃപ്തി കല്യാണി സദ്യാലയം തുടങ്ങിയിട്ട്  ഒൻപത് മാസം പിന്നിടുകയാണ്. തൃപ്തി കല്യാണി സദ്യാലയം ഒരു ചെറിയ സംരംഭമാണ്. ഇവിടെ നിന്നും കിടപ്പുരോഗികളടക്കമുള്ള നിർദ്ധനരും നിരാലംബരുമായവർക്കുള്ള  ഒരു നേരത്തെ സൗജന്യ ഭക്ഷണപ്പൊതി വിതരണം തുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു. തുടക്കത്തിൽ 15 പേർക്കായിരുന്നു സൗജന്യ ഭക്ഷണം നൽകിയിരുന്നത്.  ഇപ്പോൾ  മുപ്പത് പേർക്കാണ് ഇവിടെ നിന്നും നിലവിൽ സൗജന്യ ഭക്ഷണപ്പൊതി നൽകുന്നത്. ഈ പദ്ധതി അതിന്റെ പരീക്ഷണ ഘട്ടം പിന്നിട്ട് വിജയകരമായി മുന്നോട്ട് പോകുന്നു. തൃപ്തി കല്യാണിയുടെ ബ്യിസിനസ് പുരോഗതിയിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഈ സ്ഥാപനം നിലനിൽക്കുന്നിടത്തോളം ഇത് തുടർന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പ്രവർത്തനം  എങ്ങനെ നടക്കുന്നുവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഈ സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ ചരിത്രവും വർത്തമാനവും ഇവിടെ പങ്ക് വയ്ക്കുന്നു.
തൃപ്തി കല്യാണി സദ്യാലയം തുടങ്ങുമ്പോൾ നിർദ്ധനരായ പത്ത് പേർക്കെങ്കിലും  സൗജന്യമായി ഒരു നേരത്തെ ഭക്ഷണം നൽകണമെന്ന ആശയം മനസിലുണ്ടായിരുന്നു. അപ്പോഴാണ് ഇതേ ആശയവുമായി പ്രവാസികളായ ചില അ ഭ്യുദയകാംക്ഷികൾ നമ്മളെ സമീപിക്കുന്നത്. പത്ത് പേർക്കല്ല കുറച്ചുപേർക്കുകൂടി സജന്യ ഭക്ഷണം നൽകാൻ കഴിയും വിധം  ഒരു ക്രമീകരണം ഉണ്ടാക്കി അതിനായി തങ്ങളാൽ കഴിയുന്ന ചെറിയൊരു സാമ്പത്തിക സഹായം നൽകാമെന്നും അവർ അറിയിച്ചു. അങ്ങനെയാണ് "കനിവ്" എന്ന പേരിൽ മുഖ്യമായും ഏതാനും പ്രവാസികൾ ഉൾപ്പെട്ട ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഇരുപത് പേർക്ക് സൗജന്യഭക്ഷണം നലകാമെന്നാണ് ആദ്യം ധാരണയായത്. എന്നാൽ ഇപ്പോൾ മുപ്പത് പേർക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നുണ്ട്. കിടപ്പ് രോഗികളും നിരാലംബരും തീരെ നിർദ്ധനരുമായവർക്കാണ് സൗജന്യ പൊതി നൽകുന്നത്. അത്രത്തോളം ബുദ്ധിമുട്ടില്ല്ലാത്ത ചിലർക്കും മറ്റ് ചില മാനദണ്ഡങ്ങൾ കണക്കിലെടുത്ത് കൂട്ടത്തിൽ സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. അങ്ങനെയാണ് എണ്ണം മുപ്പത് ആയത്. 

"കനിവ്" പ്രവർത്തകർ പ്രതിമാസം 5000 രൂപ സ്വരൂപിച്ച് നൽകും. ഇതിനായി മറ്റ് തരത്തിലുള്ള അഭ്യർത്ഥനകളോ പിരിവുകളോ ഒന്നുമില്ല. എന്നാൽ ചില വ്യക്തികളും സംഘടനകളും ഏതെങ്കിലും വിശേഷാവസരങ്ങളിൽ സൗജന്യ ഭക്ഷണം സ്പോൺസർ ചെയ്യുന്നത് നിരാകരിക്കാറില്ല. ഒരു മാസം 5000 രൂപ മാത്രമേ ഈ ആവശ്യത്തിലേക്ക് സാധാരണ ഗതിയിൽ സ്വീകരിക്കുകയുള്ളൂ. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഒരു മാസം 5000 രൂപ നൽകിയാൽ ആ മാസം പിന്നെ ആരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുകയില്ല. ഉദാഹരണത്തിന് നവംബർ മാസത്തിലെ സൗജന്യ ഭക്ഷണത്തിനുള്ള 5000 രൂപ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ഒരു സജീവ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ‘നെസ്റ്റ്’ (2001 ബാച്ച്) നൽകിയിരുന്നു. അതുകൊണ്ടുതന്നെ കനിവിന്റെ സഹായം നവംബറിൽ ആവശ്യമായി വന്നില്ല. കനിവിൽ നിന്നും നവംബർ മാസത്തിലേക്ക് 1000 രൂപ മുമ്പേ  ലഭിച്ചെങ്കിലും അത് അടുത്ത മാസത്തേക്ക് മാറ്റി വച്ചിട്ടുണ്ട്. 

ചില പ്രത്യേക ദിവസങ്ങളിൽ വ്യക്തികൾ ഭക്ഷണപ്പൊതിക്കുള്ള ചെലവ്  സ്പോൺസർ ചെയ്യുന്നത് സ്വീകരിക്കാറുണ്ട്.  ഉദാഹരണത്തിന് തട്ടത്തുമലയിൽ റേഷൻ കട നടത്തുന്ന അനിൽ കുമാർ തന്റെ ഇളയ മകളുടെ ജന്മ ദിനം പ്രമാണിച്ച് അന്നേ ദിവസം അഞ്ച് പേർക്ക് ഭക്ഷണം നൽകാനുള്ള തുക നൽകിയിരുന്നു. മറ്റൊരു ദിവസം ഹെൽത്ത് ഇൻസ്പെക്ടറായ റാഫി സാറിന്റെ പിതാവിന്റെ ചരമ ദിനം പ്രമാണിച്ച് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക സ്പോൺസർ ചെയ്തിരുന്നു. പ്രവാസിയായ അസിം സിപ്പി ലീവിൽ നാട്ടിൽ വന്നപ്പോൾ ഒരു ദിവസം അഞ്ചു പേർക്കുള്ള ഭക്ഷണം നൽകാനുള്ള തുക നൽകിയിരുന്നു. ഇതെല്ലാം അവർ സ്വമേധയാ വന്ന് നൽകിയതാണ്. അത്തരം പ്രത്യേക സ്പോൺസറിംഗ് ഉള്ളപ്പോൾ അവർ നൽകുന്ന തുകയ്ക്കനുസരിച്ച്  സ്പെഷ്യൽ പൊതിയാണ് നൽകുന്നത്.  ഇതിനും പുറമെ പ്രവാസിയായ മാവിള നിസാം തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക്  ഒരു ദിവസം നൂറ് പേർക്ക് ഭക്ഷണം സ്പോൺസർ ചെയ്യുകയും പറഞ്ഞ ദിവസം ഞങ്ങൾ അത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തികുകയും ചെയ്തു. 

ഇനി  മറ്റൊരു കാര്യം ഏതെങ്കിലും ഒരു മാസം കനിവ് ഉൾപ്പെടെ ആർക്കും  ഒരു തുകയും നൽകാൻ കഴിയാതെ വന്നുപോയാലും സൗജന്യ ഭക്ഷണം തൃപ്തി കല്യാണി നൽകും. ഇതെങ്ങനെ സാധിക്കുന്നു എന്ന് അദ്ഭുതം കൊള്ളുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. നഷ്ടമില്ലാതെ ദാനമില്ല. അല്പം നഷ്ടം സഹിച്ചു തന്നെയാണ് തൃപ്തി കല്യാണി ഈ പ്രവർത്തനം നടത്തുന്നത്.  തൃപ്തി കല്യാണിയിൽ ഒരു സാധാരണ ഊണിന്റെ വില നിലവിൽ 50 രൂപയാണ് (മീനില്ലാതെ 50 രൂപയും മീനുണ്ടെങ്കിൽ 70 രൂപയുമാണ് നിലവിലെ വില്പനവില). അതു വച്ചു കണക്കുകൂട്ടിയാൽ  മുപ്പത് പേർക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം നൽകുന്നതിന് 1500 രൂപയാകും. പതിവായി ആഴ്ചയിൽ നാല് ദിവസമാണ് സൗജന്യ ഭക്ഷണം  നൽകാൻ തീരുമാനമെങ്കിലും ഇപ്പോൾ അഞ്ചു ദിവസം നൽകുന്നുണ്ട് (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം വെള്ളി).ശനി ഞായർ ദിവസങ്ങളിലും കടയിലെത്തുന്ന കുറച്ചു പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ചിലർക്ക് ഈ ദിവസങ്ങളിലും കഴിയുമെങ്കിൽ  ഭക്ഷണം കൊണ്ടു കൊടുക്കുന്നുണ്ട്. 
  
ചുരുക്കത്തിൽ പ്രതിമാസം 10000 നു മേൽ രൂപാ ചെലവ് കണക്കാക്കാവുന്ന സേവനമാണ് ചെയ്യുന്നതെങ്കിലും ഈ പ്രവർത്തനം നിലച്ചുപോകാതെ കൊണ്ടുപോകാൻ സന്മനസ്സുള്ളവർ സ്വമേധയാ നൽകുന്ന ചെറിയ കൈത്താങ്ങുകൾ മാത്രം വാങ്ങി ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാനാണ് ഞങ്ങളുടെ ആഗ്രഹം. മാത്രവുമല്ല ഇത് തൃപ്തി കല്യാണിയുടെ കച്ചവടത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇവിടെ വന്ന് വില നൽകി ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും ഈ ചെറിയ കാരുണ്യപ്രവർത്തനത്തിൽ അറിഞ്ഞും അറിയാതെയും പങ്കാളിയാകുകയാണ്. ഞങ്ങളുടെ സ്ഥാപനം വളരുകയാണെങ്കിൽ സൗജന്യ ഭക്ഷണം ഇനിയും കൂടുതൽ ആളുകൾക്ക് നൽകണം എന്നുതന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പലരും ചോദിച്ചിരുന്നു ഇപ്പോൾ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ നാട്ടിൽ ഉണ്ടോയെന്ന്. ഈ സംശയം ഞങ്ങൾക്കുമുണ്ടായിരുന്നു. എന്നാൽ സൗജന്യ ഭക്ഷണത്തിന് അർഹതപ്പെട്ടവരെ കണ്ടെത്താനിറങ്ങിയപ്പോൾ ഞങ്ങളുടെ ഈ സംശയം മാറി. രോഗ പീഡകളാലും ഭാരിച്ച ചികിസ്താ ചെലവുകളാലും ബുദ്ധിമുട്ടുന്നവരും ഒരു നേരത്തെ അന്നത്തിനു തന്നെ വക കണ്ടെത്താൻ പ്രയാസപ്പെടുന്നവരും നമുക്കിടയിൽ ധാരാളമുണ്ട്.   ഞങ്ങൾ ഭക്ഷണം കൊടുക്കുന്നവരിൽ എല്ലാവരും അത്രമേൽ പട്ടിണിയുള്ളവരല്ല. എന്നാൽ ഞങ്ങൾ ഭക്ഷണം നൽകുന്നവരിൽ ഭൂരിപക്ഷം ആളുകളെക്കുറിച്ചും നിങ്ങൾ അന്വേഷിച്ചാൽ മനസ്സിലാകും ഓരോരോ മനുഷ്യരുടെ ദയനീയമായ ജീവിത സാഹചര്യങ്ങൾ!

ഞങ്ങൾ നടത്തുന്നത് അത്ര വലിയ ഒരു ജീവകാരുണ്യ പ്രവർത്തനമായൊന്നും കണക്കാക്കുന്നില്ല. ഭക്ഷണമാണ് മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യം. അതിനു ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ അവർക്ക് ഒരു നേരമെങ്കിലും ഭക്ഷണം നൽകുന്ന ഒരു മാതൃക ഞങ്ങൾ കാണിക്കുന്നുവെന്ന് മാത്രം. ഞങ്ങൾ ഇപ്പോൾ ഭക്ഷണം നൽകുന്നവർക്ക് ഉൾപ്പെടെ പഞ്ചായത്തോ വ്യക്തികളോ മറ്റ് സംഘടനകളോ ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകാൻ തയ്യാറായാൽ ഞങ്ങൾ കനിവുൾപ്പെടെയുള്ള സംഘടനകളുമായും മറ്റ് സുമനസ്സുകളുമായും കൈകോർത്തുകൊണ്ട് ഈ പ്രവർത്തനം നിർത്തി ഇതിനു പകരം മറ്റെന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും. 

ദോഷൈക ദൃഷ്ടിയുള്ളവർക്ക് ഞങ്ങളുടെ ഉദ്ദേശശുദ്ധിയെയും സംശയിക്കാം. ഞങ്ങളുടെ ബ്യിസിനസിന്റെ പരസ്യമല്ലേ ഇതൊക്കെയെന്ന്. അവർക്കുള്ള മറുപടി ഇതാണ്. അതെ, തൃപ്തി കല്യാണി ഒരു ബ്യിസിനസ് സംരഭവും സ്വയം തൊഴിൽ സംരംഭവും തന്നെയാണ്. വരുമാനം തന്നെ അതിന്റെ ലക്ഷ്യം. പണച്ചെലവുള്ള ഏത് നല്ല പ്രവർത്തനങ്ങൾ നടത്തണമെങ്കിലും അർക്കായാലും വരുമാനമുണ്ടായാലേ പറ്റൂ. ഞങ്ങൾക്ക് ജീവിക്കാനും ഒപ്പം ജീവിതക്ലേശങ്ങളുള്ള കുറച്ചുപേർക്കെങ്കിലും ആശ്വാസമേകാനും  സമൂഹത്തിന് ഉപകാരപ്പെടുന്ന മറ്റെന്തെങ്കിലും ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലെന്ന വിശ്വാസമാണ് ഞങ്ങൾക്കുള്ള സ്വയം പ്രചോദനം. ഞങ്ങൾ ചെയ്യുന്നതിനെക്കാൾ എത്രയോ വലിയ പല സാമൂഹ്യസേവന പ്രവർത്തനങ്ങളും നടത്തുന്ന, നടത്താൻ സഹായിക്കുന്ന വേറെയും സഹോദര സ്ഥാപനങ്ങൾ നാട്ടിൽ ഉണ്ട്.  അവരും നമുക്ക് പ്രചോദനമാണ്. ചെറുതെങ്കിലും ഞങ്ങളെക്കൊണ്ട് പറ്റുന്നത് ഞങ്ങളും ചെയ്ത് കാണിക്കുന്നുവെന്ന് മാത്രം. വേണമെന്ന് മനസ്സുവച്ചാൽ ഇതൊക്കെ ചെയ്യാൻ എല്ലാവർക്കും  സാധിക്കും. അതെ, ഞങ്ങളുടേത് ഒരു മാതൃക മാത്രം!