Sunday, October 25, 2020

ചില പച്ചപരമാർത്ഥങ്ങൾ


(മന:ശാസ്ത്രം: ഈ പോസ്റ്റ് പാതി വഴിക്ക് വായന അവസാനിപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ അഹങ്കാരികളായിരിക്കും)

ചില പച്ചപരമാർത്ഥങ്ങൾ

കഴിഞ്ഞയാഴ്ച എഴുതി വച്ചതാണ്. പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.  വൈകിയോ എന്നറയില്ല. എല്ലാവർക്കും പൊതുവിൽ അറിയാവുന്നതാണെങ്കിലും  ഇക്കാര്യങ്ങൾ ഈയുള്ളവൻ്റെ കണക്കായി ഇവിടെ ഒന്ന് രേഖപ്പെടുത്തി വയ്ക്കുന്നുവെന്നു മാത്രം. പൊതുവിൽ പാർട്ടികളിലെ എPന്തെങ്കിലും തട്ടുമുട്ട് സ്ഥാനമാനങ്ങളോ വല്ല മെമ്പർ സ്ഥാനമോ മറ്റോ കൈവന്നാൽ ഞാൻ ഒരു വലിയ സംഭവമാണെന്നു കരുതി ആരുടെയും മെക്കിട്ട് കയറാമെന്നു കരുതുന്നവരും, എല്ലാവരും തൻ്റെ കാൽകീഴിലാണെന്നും ഞാൻ കൈകൊട്ടിയിൽ ലക്ഷം ലക്ഷം പിന്നാലെയെന്നുമൊക്കെ വ്യഥാ തെറ്റിദ്ധരിക്കുന്നവരുമായ എല്ലാ പാർട്ടികളിലെയും എല്ലാവർക്കുമായി- വർഷങ്ങളുടെ അനുഭവപാഠമുള്ള ഒരു തുക്കടാ ലോക്കൽ രാഷ്ട്രീയക്കാരൻ സമർപ്പിക്കുന്നത്. 

അർഹതയുണ്ടെങ്കിലും അംഗീകരിക്കപ്പെടാത്തവരുടെ കൂടി അദ്ധ്വാനവും വിയർപ്പുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ . സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്നതുപോലെ ദുർലഭങ്ങളായ വിഭവങ്ങളും എണ്ണമറ്റ ആവശ്വങ്ങളും എന്നതുപോലെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അവസരങ്ങളുടെ കാര്യവും. പരിമിതമായ അവസരങ്ങളും അർഹതയുള്ളവരും ഇല്ലാത്തവരുമായ നിരവധി ആവശ്യക്കാരും എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥ. അപൂർവ്വം ചിലർക്ക് മാത്രം  സ്വയമേവ  പരിശ്രമിക്കാതെ തന്നെ അവസരങ്ങൾ വന്നു ചേരും. കുറച്ചേറെ പേർ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെ തന്നെ  അവസരങ്ങളിലൊന്നും താല്പര്യമില്ലാതെ ഒഴിഞ്ഞുമാറിനിൽക്കും. എന്നാൽ കൂടുതലും അങ്ങനെയല്ല. പാർട്ടികളിലെ സ്ഥാനമാനങ്ങൾക്കും തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്വത്തിനും വേണ്ടി നിരവധി പേർ നെട്ടോട്ടമോടും. ഉപായങ്ങളും  ഉപചാപകങ്ങളും നടത്തും. കുറച്ചു പേർക്ക് അവസരങ്ങൾ ലഭിക്കും. കുറച്ചു പേർ പിന്തള്ളപ്പെടും. അതൊക്കെ സ്വാഭാവികം. 

ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും മാറ്റി നിർത്തി അവസരങ്ങളുടെ കലയായി മാത്രം രാഷ്ട്രീയത്തെ കണ്ടാൽ രാഷ്ട്രീയം ഒരു  ചൂതുകളിയാണ്. ഭാഗ്യപരീക്ഷണമാണ്. പക്ഷെ രാഷ്ട്രീയത്തിൽ ഒരു പ്രത്യേകതയുള്ളത് കഴിവുള്ളവരോ അർഹതയുള്ളവരോ തന്നെ നേടണമെന്നില്ല. പണം കൊടുത്തു നേടുന്നവരും ഉണ്ട്. എന്തായാലും അവസരങ്ങൾ നേടുന്നതിൽ വിജയിക്കുന്നവർ അതിൽ പിന്തള്ളപ്പെടുന്നവരെയും അവസരങ്ങൾക്കായി ഉപായങ്ങളോ ഉപചാപങ്ങളോ നടത്താതെ പല കാരണങ്ങളാൽ മാറി നിൽക്കുന്നവരെ നോക്കി കൊഞ്ഞനം കുത്തകയോ പരിഹസിക്കുകയോ ചെയ്യുന്നത് അഹങ്കാരമായിരിക്കും. പാർട്ടികളിൽ സ്ഥാനമാനങ്ങൾ ഉണ്ടായിരിക്കുകയോ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജനപ്രതിനിധികൾ ആകുകയോ ചെയ്താലേ ജനങ്ങളെ സേവിക്കാനാകൂ എന്നൊന്നുമില്ല. മാത്രവുമല്ല  പൊതുവെ ഈ സ്ഥാനമാനങ്ങൾ ഒരു നീലക്കുറുക്കൻ പരിപാടിയാണ്. സ്ഥാനമാനങ്ങളുള്ളപ്പോൾ പലരും മാനിക്കുകയും പലരും  മാനിക്കുന്നതായി അഭിനയിക്കുകയും ചെയ്യും. അതില്ലാതാകുമ്പോൾ ബഹുഭൂരിപക്ഷവും തഥൈവ. നീലം മുങ്ങി നിൽക്കുമ്പോൾ വേറിട്ട കുറുക്കനായിരിക്കും. നീലം മാഞ്ഞു പോകുമ്പോൾ വെറും സാധാ കുറുക്കൻ! 

മഹാത്മാഗാന്ധി തെരഞ്ഞെടുപ്പുകളിലൊന്നും മത്സരിച്ചിട്ടില്ല. മറ്റുള്ളവരുടെ ഔദാര്യത്തിൽ കിട്ടുന്ന സ്ഥാനമാനങ്ങളൊന്നുമില്ലാതെ തന്നെ സ്വന്തം കഴിവു കൊണ്ടും സമൂഹത്തോടുള്ള ആത്മാർത്ഥത കൊണ്ടും ജനങ്ങൾക്കിടയിൽ അംഗീകാരം നേടുന്നതിലാണ് കൂടുതൽ മ ഹത്വം. അഥവാ കിട്ടുന്ന അവസരങ്ങൾ അങ്ങനെ ഉപയോഗിക്കുന്നതും മഹത്തരം തന്നെ. അവരും അംഗീകരിക്കപ്പെടും. മറ്റൊരു പ്രധാനപ്പെട്ട കാര്യം കഴിവുള്ള ധാരാളം പേർ രാഷ്ട്രീയത്തിൽ പ്രവേശിക്കാത്തതു കൊണ്ടും പ്രവേശിക്കുന്നവരിൽ പലരും പാതി വഴിക്ക് കളഞ്ഞിട്ടു വേറെ വഴിക്ക് പോകുന്നതിനാലും (ഗൾഫിലടക്കം :) ) ചിലരാകട്ടെ ഒന്നും  നേടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് കരുതി മാറി നിൽക്കുന്നതിനാലും  ചിലർ ചീഞ്ഞ് ഒഴിയുന്നതിനാലും ചിലർ ചത്തൊഴിയുന്നതിനാലും ഒക്കെയാണ് ഇവിടെ പലർക്കും പലതും  ആകാൻ കഴിയുന്നതെന്നും എല്ലാവരും ഓർക്കുക. 

ഇവിടെ ഓരോ പാർട്ടികൾ സ്ഥാനാർത്ഥികളായി തീരുമാനിക്കുന്നതു കൊണ്ടു മാത്രം ജനപ്രതിനിധികളാകുന്നവരാണ് മഹാ ഭൂരിപക്ഷം ജനപ്രതിനിധികളും.  പാർട്ടികളിലെ സ്ഥാനാർത്ഥിത്തം താനേ ഒഴുകി വരുന്നതല്ല. ജനങ്ങൾ ഇന്ന മഹാനെത്തന്നെ നമുക്ക് വേണമെന്ന് പറഞ്ഞ് പൊക്കിയെടുത്ത് ജനപ്രതിനിധിയാക്കുന്നതുമല്ല. പാർട്ടികളുടെ ഔദാര്യത്തിൽ സ്ഥാനാർത്ഥികളാകുന്നു. അല്ലാതെ  സ്വതന്ത്രരായിട്ടൊക്കെ മത്സരിച്ചു ചിലർ ജയിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. സ്വതന്ത്രമായിട്ടൊക്കെ മത്സരിച്ചാൽ പ്രബല സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കാമെന്നല്ലാതെ സാധാരണ നിലയക്ക് ജയിക്കാനൊന്നും കഴിയുകയില്ല.

ഇനി എല്ലാ കടമ്പകളും കടന്ന് അല്ലെങ്കിൽ കടമ്പകൾ വന്നേടത്തു കിടക്കട്ടെ എന്നു കരുതി സ്ഥാനാർത്തിത്വം ലഭിക്കുന്ന ഭാഗ്യവാന്മാരെക്കുറിച്ച്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളല്ല ഒരു വ്യക്തിയുടെ കഴിവിന്റെയും കഴിവുകേടിന്റെയും അളവുകോൽ. കാരണം ഒന്ന് ഇത് രാഷ്ട്രീയമാണ്. വ്യത്യസ്ത ചിന്താഗതിക്കാരാണ് വോട്ടർമാർ. അവരുടെ ചിന്തകളൂം തീരുമാനങ്ങളുമാകട്ടെ പല സ്വാധീനങ്ങളിൽ പെട്ട് മാറിയും മറിഞ്ഞും വരും.  

സ്ഥാനാർത്ഥികളുടെ ഗുണവിശേഷങ്ങൾ തെരഞ്ഞെടുപ്പുകളിൽ ഒരു ഘടകമാണെങ്കിലും മത്സരിക്കുന്നയിടത്തെ രാഷ്ട്രീയബലാബലമാണ് പ്രധാന ഘടകം. കൂടാതെ ജാതി, മതം, ബന്ധുബലം, പണബലം ഇതെല്ലാം ഒരു ഘടകമായി വരും. അപ്പോൾ ഓരോ തെരഞ്ഞെടുപ്പുകാലത്തെയും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസൃതമായിരിക്കണമെന്നില്ല ജയപരാജയങ്ങൾ. എല്ലാ ഘടകങ്ങളും ഒരുമിച്ചു ചേരുമ്പോൾ സൽഗുണങ്ങളുള്ള സ്ഥാനാർത്ഥികൾ പരാജയപ്പെട്ടെന്നും ദുർഗുണങ്ങൾ മാത്രമുള്ളവർ ജയിച്ചെന്നുമൊക്കെ ഇരിക്കും. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ ജയിക്കുന്നു എന്നതോ തോൽക്കുന്നു എന്നതോ  ഒരാളുടേ മേന്മയുടെയോ മേന്മക്കുറവിന്റെയോ ജനപിന്തുണയുടെയോ സൂചകമല്ല. പൊതുവിലുള്ള രാഷ്ട്രീയ ട്രെന്റുകൾ ചിലപ്പോൾ എല്ലാം പാടേ മാറ്റി മറിച്ചെന്നും വരാം. അപ്പോൾ പിന്നെ കഴിവുള്ളവരും സൽഗുണസമ്പന്നരൊന്നും അതിജീവിച്ചു വരണമെന്നില്ല. 

ഓരോ തെരഞ്ഞെടുപ്പിലും ജനങ്ങൾ  സ്വീകരിക്കുന്ന നിൽകപാടുകൾ പ്രബുദ്ധതയുടെ അടയാളമായും കാണാൻ കഴിയില്ല. അങ്ങനെയൊരു പ്രബുദ്ധതയൊന്നും ഇവിടെയില്ല. തീരെ നെഗറ്റീവായി ജനങ്ങൾ ചിന്തിക്കുന്നുവോ എന്ന് സംശയിക്കത്തക്ക തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. ജനങ്ങളീൽ ഒരു പങ്കിന്റെ വിദ്യാഭ്യസമില്ലായ്മ  മാത്രമല്ല   അഭ്യസ്ത വിദ്യരിലെ നിരക്ഷരതയും തെരഞ്ഞെടുപ്പുകകളിൽ ശരിയായ ജനവിധിയുണ്ടാകാൻ തടസ്സമാകാറുണ്ട്.  ചുരുക്കത്തിൽ  കുത്തിത്തിരിപ്പിൽ പറയുന്ന കാര്യങ്ങളുടെ ആകെ മൊത്തം ടോട്ടലാണ് ജാധിപത്യ വ്യവസ്ഥിതിയിലെ രാഷ്ട്രീയം!  

(വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എല്ലാ സ്ഥാനാർത്ഥി മോഹികൾക്കും തദ്വാരാ അവസരം ലഭിക്കുന്നവർക്കും  ലഭിക്കാത്തവർക്കുമുള്ള വിചിന്തനത്തിനായി ഒരു പൊതുവി ജ്ഞാനമെന്ന നിലയിൽ  ഈ പച്ചപ്പരമാർത്ഥങ്ങൾ സമർപ്പിക്കുന്നു. ഇ.എ.സജിം തട്ടത്തുമല)